Monday, January 27, 2014

AKSHARAJALAKAM, LAKKAM 12, PAGE 1/jan 26-feb 2/2014























The greatest religion is to be true to your own nature. Have faith in yourselves.
  Swami Vivekananda













Popular culture is a place where pity is called compassion, flattery is called love, propaganda is called knowledge, tension is called peace, gossip is called news, and auto-tune is called singing.
Criss Jami, അമേരിക്കൻ എഴുത്തുകാരൻ

സംസ്കാരം,ജീവരാഷ്ട്രീയം, സെക്സ്, കർത്തവ്യനിരപേക്ഷത

സംസ്കാരം ഇന്നു ഒരു പ്രത്യേകകലയുടെയോ, മതാചാരത്തിന്റെയോ ,കാലഘട്ടത്തിന്റെയോ ഭാഗമല്ല; അതു കൂടുതൽ അർത്ഥവൈപുല്യം നേടിയിട്ടുണ്ട്.എല്ലാ ദിശയിലും, ചരിത്ര വസ്തുക്കളിലും കാലത്തിലും  അതുണ്ട്. സംസ്കാരം ഒരു പ്രകൃതി വിഭവമാണ്.അത് ജീവിക്കുന്ന ഏതൊരാൾക്കും അവകാശപ്പെട്ടതാണ്. ഒഴിവാക്കപ്പെട്ട സാഹിത്യപരവും സാഹിത്യേതരവുമായ കൃതികളുണ്ട്.ഇതെല്ലാം വായിക്കേണ്ടതാണ്.സംസ്കാരം ഒരു വായനയ്ക്കുള്ളതുമാണ്.
ഏതു വസ്തുവിനെയും വായിക്കാം. അത് സാഹിത്യമാകണമെന്നില്ല. ഏതിനെയും വായിച്ച് സാഹിത്യമാക്കാം.






ഒരു ക്ലാസിക് കലയുടെ ഉപയോഗത്തിലൂടെയേ സംസ്കാരം നേടാനാകൂ എന്നത് പഴകി റദ്ദായ  ആശയമാണ്.ചിത്രപ്പണികളോടുകൂടിയ ഒരു കുടം മാർക്കറ്റിൽ നിന്നു വാങ്ങിയാൽ നമുക്ക് അതിന്റെ സംസ്കാരം ലഭിക്കും.അതിന്റെ അർത്ഥമല്ല , പ്രതിനിധാനമാണ് നമ്മുടെ അസ്തിത്വത്തെ നിർവ്വചിക്കുന്നത്.
ഇറ്റാലിയൻ ചിന്തകനായ റോബർട്ടോ എസ്പോസിറ്റോ (Roberto Esposito)'ബയോസ് (Bios)എന്ന കൃതിയിൽ ജീവരാഷ്ട്രീയം (Biopolitics)എന്ന ഒരാശയം അവതരിപ്പിക്കുന്നുണ്ട്.പുതിയൊരു രാഷട്രീയം ഉണ്ടായിരിക്കുന്നു; അത് ശരീരത്തിന്റേതാണ്.ശരീരമാണ് ഇന്ന് വിശ്വസിക്കാവുന്ന ഡേറ്റയായി രാഷ്ട്രങ്ങൾ അംഗീകരിക്കുന്നത്. ബയോമെട്രിക് പരിശോധനകൾ, സ്കാനിംഗുകൾ, നിരീക്ഷണക്യാമറകൾ, എന്നിവ ഉപയോഗിച്ച് ശരീരത്തെ രാഷ്ടശരീരമാക്കുന്നു.


ഇവിടെയാണ് കർത്തവ്യനിരപേക്ഷത(Immunity)യിലൂടെ വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നത്.വ്യക്തികൾ അവരെ വലയം ചെയ്തിരിക്കുന്ന നൂറുകൂട്ടം മേൽനോട്ട ശ്രംഖലകളിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവർ അവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുക്കാതെ നോക്കും. ഇത് ഇമ്മ്യൂണിറ്റിയും കമ്മ്യൂണിറ്റിയും തമ്മിലുള്ള സംഘർഷത്തിനു വഴിവയ്ക്കാം.ഒരാൾ ഇമ്മ്യൂൺ ആകുക എന്നാൽ എല്ല ആശയ കൈമാറ്റങ്ങളിൽ നിന്നും മാറിനിൽക്കുക എന്നാണർത്ഥം.താൻ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണെന്ന് സ്ഥാപിക്കാനാവും ഇമ്മ്യൂൺ ആയ വ്യക്തി തീരുമാനിക്കുക.സ്വയം സംരക്ഷണാർത്ഥം മറ്റെല്ലാ അതിർത്തികളും അടച്ചുകെട്ടുന്നു.സ്വന്തം ജീവശാസ്ത്രം ഒരു രാഷ്ട്രരേഖയായി മാറുമ്പോൾ ഈ നിലവാരപ്പെടലിനു ബദലായി വ്യക്തികൾ അവരുടേതായ സ്വകാര്യതകൾ നിർമ്മിക്കുന്നു. മറ്റെല്ലാറ്റിനോടും വിട പറഞ്ഞുകൊണ്ട് വ്യക്തി അവന്റെ ഒഴിഞ്ഞ ഇടം സംരക്ഷിക്കുന്നു.
നമ്മുടെ നാട്ടിൽ കൂറ്റൻ വീടുകളുടെ നിർമ്മാണത്തിൽ മുതൽ സെക്സ് അതിക്രമത്തിൽ വരെ ഈ ഇമ്മ്യൂണിറ്റി പാരഡൈം (Immunity Paradigm) കാണാവുന്നതാണ്.
സെക്സ് ഇന്നു എത്ര ക്രൂരമായി പുറത്തുവന്നിരിക്കുന്നു! എല്ലാ പരിഷ്കാരങ്ങളും നേടിയ മനുഷ്യൻ മൃഗരതിയിലേക്ക് കാലുകുത്തിയിരിക്കുന്നു.എണ്ണമറ്റ നിയമങ്ങളും ശിക്ഷാവിധികളും ഈ അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും മനുഷ്യനു അവന്റെ സ്വാതന്ത്ര്യത്തിന്റെയും വികാരവിമോചനത്തിന്റെയും ആവശ്യത്തിനുവേണ്ടി എതു വിധത്തിലും അധഃപതിക്കാൻ മടിയില്ല.കാരണം ഇങ്ങനെ സ്വയം നശിപ്പിക്കുന്നതിലൂടെ അവനു കിട്ടുന്ന വ്യക്തിജീവിതത്തിന്റെ ഒരു തുണ്ട് , മറ്റെല്ലാ അപമാനത്തേക്കാളും  മികച്ചതാണത്രേ!.

 



ഈ ലോകം വ്യക്തിയെ എല്ലായിടത്തും കൂച്ചു വിലങ്ങിട്ട് പരിശോധിക്കുകയാണ്.കിടപ്പറയിലൊഴിച്ച് മറ്റെല്ലായിടത്തും ക്യാമറയാണ്.ഒരു പക്ഷേ, ഏറ്റവും മാന്യവും സ്വതന്ത്രവും സ്വകാര്യവുമായ ഇടം കിടപ്പറയായിരിക്കും.ഇങ്ങനെ എല്ലാം അടക്കിപ്പിടിക്കുന്നവർ , അതിൽ നിന്നു മുക്തി നേടാൻ പലവഴികൾ തേടുന്നു; അവനേറ്റവും സുഖസൗകര്യമുള്ള ,  വാസസ്ഥലമുണ്ടാക്കുന്നു; പണം കൊടുത്തു വാങ്ങാൻ കഴിയുന്ന എല്ലാ പകിട്ടും കൈവശപ്പെടുത്തുന്നു.പക്ഷേ ,ഒന്നിലും സമാധാനം കിട്ടുന്നില്ല. കാരണം ,പുറത്തിറങ്ങിയാൽ അവനെയും ക്യാമറകളും ബയോ ടെസ്റ്റുകളും ഐഡന്റിറ്റി പരിശോധനകളും പിന്തുടരും. ഒരു പഴുത് കിട്ടിയാലുടനെ , ഈ അടക്കിവച്ചതെല്ലാം കിരാതമായി പുറത്തു ചാടുന്നു!. അവൻ ഒരു ക്രിമിനൽ ആയി തന്റെ പ്രാചീനവും, സ്വാതന്ത്ര്യത്തെ  ദാഹിക്കുന്നതുമായ സ്വഭാവത്തെ  ഒരു പേപ്പട്ടിയെ എന്നപോലെ  പുറത്തേക്ക്  അഴിച്ചു വിടുന്നു!

കൈരളിയുടെ കാക്കയും
ചങ്ങമ്പുഴയുടെ വിവർത്തനങ്ങളും

ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രത്തെപ്പറ്റി പ്രിയ നായർ എഴുതിയ (ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രം, 'കൈരളിയുടെ കാക്ക; ത്രൈമാസിക,
 ജനു.മാർച്ച് 20140, pho: +91 9820556869, email: mumbaikaakka@gmail.com) നല്ലൊരു വിളവെടുപ്പായി. ലേഖിക ഈ വിഷയത്തെ നല്ലപോലെ ഗവേഷണം ചെയ്തു മനസ്സിലാക്കിയിട്ടൂണ്ട്.
യുവാവായിരിക്കെ ചങ്ങമ്പുഴ  അഞ്ഞൂറിലേറെ ഇംഗ്ലീഷ് കൃതികൾ വായിച്ചു തീർത്തതായി വിവരിച്ചിട്ടുണ്ട്.
വായന,  അദ്ദേഹത്തിനു ലഹരിയായിരുന്നു. ഇന്നാണെങ്കിൽ ഗോദ്ഫാദർമാരെ ഉണ്ടാക്കാനാണ് ഓട്ടം. അവാർഡു മുതലാളിമാരെ ചാക്കിട്ടു പിടിക്കാനുള്ള പാച്ചിലിനിടയിൽ വായിക്കാനൊക്കെ നേരമുണ്ടോ?
അതുകൊണ്ട് ഇന്നത്തെ എഴുത്തുകാർ നാണംകെട്ട് , പൊതുവേദിയിൽ പോലും , ഒന്നും വായിക്കരുതെന്ന് ഉപദേശിക്കുന്നു!.

ചങ്ങമ്പുഴ നേടിയ പദസമ്പത്തും സാഹിത്യാവബോധവും ധീരമായ ഭാഷാപ്രയോഗവും വായനയിൽ നിന്നു ഉണ്ടായതാണ്.
പ്രിയാനായർ എഴുതുന്നു:ആനന്ദകുമാരസ്വാമിയുടെ
യും സിസ്റ്റർ നിവേദിതയുടെയും സംയുക്തസംരംഭമായ മിത് സ് ഓഫ് ദ് ഹിന്ദൂസ് ആൻഡ് ബുദ്ധിസ്റ്റ്സ്  എന്ന കൃതിയുടെ ഒരു സ്വതന്ത്രവിവർത്തനമാണ് ചങ്ങമ്പുഴയുടെ ' മാനസേശ്വരി'. കല്ലോലമാല,ആകാശഗംഗ,മഞ്ഞക്കിളികൾ എന്നിവയും വിവർത്തന കൃതികളാണ്.കല്ലോലമാലയിൽ ഇരുപത്തിയേഴ് വിവർത്തന കൃതികളുണ്ട്. പതിമൂന്നു ചൈനീസ് കവിതകളും രണ്ടു  ഫ്ലെമിഷ് കവിതകളും
ചൈനീസ് കവിയായ ചൊ വെൻ ചൂണിന്റെ  കവിത- ദുരന്തരാഗം-യാണ് തന്റെ വിവർത്തനശൈലിയെ ഉദാഹരിക്കാൻ സുധാംഗതയുടെ മുഖവുരയിൽ കവി സ്വീകരിച്ചിട്ടുള്ളത് .കല്ലോലമാലയിലെ മുഴുവൻ കവിതകളും പ്രേമത്തെക്കുറിച്ചുള്ളവയാണ്. ഷെല്ലിയുടെ ഓഡ് ടു സ്കൈലാർക്ക് എന്ന കവിത ഒരു വാനമ്പാടിയോട് എന്ന് വിവർത്തനം ചെയ്തിരിക്കുന്നു.
സ്വാഗതമാനന്ദാത്മൻ,വിണ്ണിലോ തദുപാന്ത-
ഭാഗത്തോനിന്നുംകൊണ്ടു നിൻപൂർണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോദിവ്യ-
കാവ്യത്തിൻ ഗാനാമൃതപുണ്യനിർത്ധരികയായ്
ഇക്ഷിതിയിങ്കലൊഴുകുന്നല്ലൊ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!
മോഹൻ കാക്കനാടൻ നേതൃത്വം നൽകുന്ന 'കാക്ക' ത്രൈമാസിക സാഹിത്യത്തിനു ഉണർവ്വു പകരുകയാണ്.മുംബൈ വായനക്കാർക്കു ദിശാബോധം നൽകാനും സാഹിത്യപ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും മാസികയ്ക്ക് കഴിഞ്ഞിരിക്കുന്നു.സാഹിത്യം ,കല,വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ  കാക്ക ജാഗ്രത പാലിക്കുന്നതോടൊപ്പം പുതിയ അന്വേഷണങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.

രാജീവ് സേഥി

ദക്ഷിണേഷ്യയിലെ പ്രമുഖ ഡിസൈനറായ രാജീവ് സേഥിയുടെ ഒരു പ്രസ്താവന വായിച്ചു:മ്യൂസിയം ഒരു സ്ഥാപനം എന്ന നിലയിൽ ഒതുങ്ങാനുള്ളതല്ല. അതു നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാകണം. നമ്മൾ കണ്ടത്, കേട്ടത് എല്ലാം അതിനോടു ചേർന്നു പോകണം.നാം ജീവിച്ച ഇടങ്ങളിൽ അതുണ്ടായിരിക്കണം. കലയെ നമ്മൾ ജീവിച്ച ഇടങ്ങളിലേക്ക് - ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, പാർക്കുകൾ- മടക്കികൊണ്ടുവരണം.

വളരെ അനിവാര്യമായ ഒരു നിലപാടാണിത്.
ഫ്രഞ്ച് കലാ ചിന്തകനായ നിക്കോളാസ് ബോറിയ പറഞ്ഞത് കേൾക്കൂ: മ്യൂസിയങ്ങൾ രാത്രിയും പ്രവർത്തിക്കണം. അതു രാവിലെ പത്തു മുതൽ അഞ്ചുവരെ എന്ന നിലയിലല്ല ഉണ്ടാകേണ്ടത്. ആളുകൾക്കു വരാൻ പറ്റുന്ന സമയത്ത് മ്യൂസിയം തുറന്നിരിക്കണം. സിനിമാതീയേറ്ററുകൾ  വൈകിട്ടു അഞ്ചു മണിക്ക് അടയ്ക്കുകയാണെങ്കിലോ ? അതുകൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടാകുമോ?

കലാകാരൻ/എഴുത്തുകാരൻ

ദൈവത്തെപ്പോലെ ശൂന്യതയിൽ നിന്നു സൃഷ്ടി നടത്തുന്നവനാണ് കലാകാരനെന്ന ധാരണ അസ്തമിച്ചിരിക്കുന്നു. അങ്ങനെയൊരു അചുംബിത ലോകം ഇനി എവിടെയുമില്ല. നിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, പല കാലങ്ങളിലുടെ നമുക്ക് ലഭിച്ചത് എങ്ങനെ ഉപയോഗിക്കാമെന്നാണ് നാം പരിശോധിക്കേണ്ടത്.

സംസ്കാരം

നാലതിരുകളുള്ള, വളരെ സ്വകാര്യവും, പവിത്രവുമായ, ഭദ്രമായ, ഒരു കലയേയോ കാലത്തെയോ മാത്രം ഓർമ്മിപ്പിക്കുന്ന സംസ്കാരം ഇനിയില്ല. എല്ലാ സംസ്കാരങ്ങളും ആർക്കും ആർജിക്കാം. എല്ലാം ഒരു പൊതു വിപണിയിലാണുള്ളത്.സംസ്കാരം സാധ്യതകളുടെ അറയാണ്.

എല്ലാ കുത്തകയും തകർന്നു
വേദം, ഉപനിഷത്ത് തൂടങ്ങിയ അശയസംഹിതകളൊക്കെ ആർക്കും ഇന്നു പഠിക്കാൻ അവസരമുണ്ട്. ഇത്തരം പുസ്തകങ്ങൾ എവിടെയും ലഭ്യമാണ്.അതു വായിക്കാനുള്ള സമയവും മനസ്സുമാണ് വേണ്ടത്.സമയമില്ലാത്ത ഒരാളെ നമുക്കു കുറ്റപ്പെടുത്താൻ കഴിയില്ല.എന്നാൽ എല്ലാവർക്കും കിട്ടുന്ന, എല്ലാവരുടെയും കൈവശമുള്ള ഈ ചിന്തകൾ അതേപടി കവിതയോ കഥയോ ആക്കി മാറ്റി അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല.പുതുതായി എന്തെങ്കിലും വേണം. ഈ പ്രാചീന ചിന്തകൾ ഉപയോഗിച്ച് നമുക്ക് എങ്ങോട്ടെങ്കിലും സഞ്ചരിക്കാൻ കഴിയണം.ഒരു പണ്ഡിതനും ഇനി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയില്ല.ഒരു നല്ല 'കുക്ക്'ആകാൻ പറ്റുമോ എന്നാണ് നോക്കേണ്ടത്.

അക്കാദമികൾ
 കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു ഒരവാർഡും കൊടുത്തില്ല. നല്ലൊരു പുസ്തകം വല്ലപ്പോഴുമാണ് ഉണ്ടാകുന്നത്. അപ്പോൾ ഈ സ്ഥാപനങ്ങൾ ഉറങ്ങിപ്പോയാലോ? ഈ നോവൽ മനസ്സിലാക്കാൻ ശേഷിയുള്ളവർ അക്കാദമികളിൽ ഇല്ലായിരുന്നോ?
എന്നാൽ  അക്കാദമികൾക്ക് അസാധ്യമായിരുന്ന കാര്യം , കേവലം യുവാവായിരുന്ന ഞാൻ എൺപതുകളിൽ ചെയ്തു.
ബി.എ.അവസാന വർഷം പഠിക്കുമ്പോൾ മുതൽ ഞാൻ ഈ നോവലിനെപ്പറ്റി ഒരു ആസ്വാദനം എഴുതാൻ ശ്രമമാരംഭിച്ചിരുന്നു. അതു എം.എ രണ്ടാം  വർഷമായപ്പോൾ പുസ്തകമായി പുറത്തു വന്നു- ആത്മായനങ്ങളുടെ ഖസാക്ക്.

എന്റെ ഖസാക്ക് പഠനം വായിച്ചാൽ മനസ്സിലാകുന്നില്ലെന്നു പറയുന്നവരുണ്ട്.എഴുതുമ്പോൾ  എല്ലാം വ്യക്തമാവണമെന്നില്ല. പലതും അബോധത്തിൽ നിന്നാണ്  വരുന്നത്. ഒരു പെയിന്റിംഗ് പൂർണമായി അറിയുന്നത് , ചിലപ്പോൾ സധ്യമായെന്നു വരില്ല. എന്നാൽ അതു നമ്മുടെ മുൻപിലുണ്ട്.അവ്യക്തമായതും കലയാണ്.അവ്യക്തതയെ തേടാനുള്ള ഭാഷയാണ് വേണ്ടത്.നമുക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്  എഴുതേണ്ടത്. എല്ലാം അറിയാമെങ്കിൽ എഴുതേണ്ടതുണ്ടോ?

പി എ അനീഷ്
പി എ അനീഷിന്റെ' തണുപ്പിനോട്' എന്ന കവിത ' ഇ കവിതകളുടെ സമാഹാരത്തിൽ നിന്നാണ് വായിച്ചത്.ഒരു വസ്തുവിനെ അതായിത്തന്നെ നിലനിർത്തുന്നതിനാണ് അനീഷിന്റെ ശ്രമം.

ടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്
ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്
എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

സുഗതകുമാരി

അധർമ്മത്തിനെതിരെ പ്രവർത്തിക്കാൻ ആരുമില്ലാതായി; പ്രവർത്തിച്ചിട്ടും കാര്യമില്ല. അത്രമേൽ തിന്മയുടെ ശക്തികൾ അധിപത്യം നേടുകയാണ്. നമുക്ക് ആൾബലം മാത്രമേയുള്ളു; അധികാരബലമില്ല. സുഗതകുമാരിയുടെ കവിത(എഴുന്നള്ളത്ത്, 'പ്രസാധകൻ'  മാസിക, ജനുവരി) യിൽ വയിക്കാം:
അമ്മേ, പുണ്യം പുലർന്നൊരീ
മണ്ണിൽ വീണ്ടുമനന്തമാം
ധർമവും ജയവും വെന്നി
വീശുവാൻ വരമേകുക

ശുദ്ധി നൽകുക, സത്യത്തിൽ
ദീപം കത്തിച്ചു കാട്ടുക
നിത്യമാം സ്നേഹകാരുണ്യ
ധാര ഹ്ര്ത്തിൽ നിറയ്ക്കുക
'പ്രസാധകന്റെ' ആദ്യലാക്കമാണിത്.
സണ്ണിക്കുട്ടി എബ്രഹാം, ചെറിയാൻ ഫിലിപ്പ്, പി പരമേശ്വരൻ, വി ആർ സുധീഷ്, ഹരീഷ് വാസുദേവ്, ഗീതാർത്ഥ, വി.കെ.ജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ എഴുതിയിരിക്കുന്നു.

ശ്രീനാരായണഗുരുവും കുമാരനാശാനും

ശ്രീനാരായണഗുരു ബഹുമുഖമായ സ്വരങ്ങളുടെ ഒരു സമുച്ചയമാണ്. ഗുരു കവിതയും ഗദ്യവും ഉപയോഗിച്ചാണ് സംസാരിച്ചത്. ഗുരുവിനു കവിത്വമുണ്ട്.  ഒരു കവിയായും ഗുരുവിനെ വിലയിരുത്താം.
 ഗുരുവിന്റെ 'ജനനീനവരത്നമഞ്ജരി'യിലെ ഈ ശ്ലോകം നോക്കൂ:
മീനായതും ഭവതി മാനായതും ജനനി!
     നീ നാഗവും നഗഖഗം-
താനായതും ധരനദീനാരിയും നരനു-
    മാ നാകവും നരകവും-
നീ നാമരൂപമതിൽ നാനാവിധ പ്രകൃതി-
   മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും.



കുമാരനാശാന്റെ 'ലീല'യിലെ ഈ വരികൾശ്രദ്ധിക്കൂ:
ആരും തോഴീ! യുലകിൽ മറയു-
   ന്നില്ല;മാംസം വെടിഞ്ഞാൽ
തീരുന്നില്ലി പ്രണയജടിലം
ദേഹിതൻ ദേഹബന്ധം;
പോരും ഖേദം ; പ്രിയസഖി, ചിരം
വാഴ്ക മാഴ്കാതെ; വീണ്ടും
ചേരും നാം കേൽ;-വിരതഗതിയാ-
യില്ല സംസാരചക്രം.

എന്നാൽ ഈയിടെയായി കവിതയുടെ കാര്യത്തിൽ ഗുരുവിനെയും ആശാനെയും താരതമ്യം ചെയ്തുവരുന്നതായി കാണുന്നു. ഈ ഉപഭോഗത്തിന്റെ അതിപ്രസരകാലത്ത് അതും സംഭവിക്കാവുന്നതേയുള്ളു. അതിലൊരു കുഴപ്പമുണ്ട്.
ഗുരു ഋഷികവിയാണ്.ഉപനിഷത്തൊക്കെ എഴുതിയവരെപ്പോലെ.
ആശാനാകട്ടെ, ലൗകികനും ആത്മീയാന്വേഷകനുമാണ്.സന്യാസം ആശാന്റെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അതുകൊണ്ടാണ് എല്ലാ രചനകളിലും പരിവ്രാജകത്വം പ്രത്യക്ഷമാകുന്നത്.

ഗുരുവും ശിഷ്യനും താരതമ്യം വേണോ?അനുചിതമാണിത്. ചിലരെങ്കിലും തെറ്റായി വ്യാഖ്യാനിക്കും.അങ്ങനെയൊരു താരതമ്യത്തിന്റെ പ്രസക്തി  എന്താണ്?അതിനു നൈതികമായി നിലനിൽപ്പില്ല.ആശാൻ ഒരു കവിയുടെ സകല നാടകീയതയും ആത്മീയതയുംകൊണ്ടു നിറയുകമാത്രമല്ല ചെയ്തത്; അത് ഒരു കാലത്തിന്റെ മനസ്സാക്ഷിയുടെ ഉയർത്തെഴുന്നേൽപ്പായി മാറുകയും ചെയ്തു.രോഗത്തിനു മരുന്ന് എന്നപോലെ ഒരു പ്രോട്ടഗോണിസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്.ഒരു ശൈലീശാസ്ത്രം തന്നെ പിറവിയെടുക്കുന്നു.നവീനതയിൽ വിലയം പ്രാപിക്കുന്ന ധൈഷണികത.

എന്തിനാണ് ഇതിനെ  ഗുരുവിന്റെ ഋഷിപദപ്രബോധനങ്ങളുമായി തുലനം ചെയ്യുന്നത്.?
ഒരു ഉപഭോഗതാല്പര്യമായിരിക്കാം അത്; ആരും മനപ്പൂർവ്വം തെറ്റു ചെയ്യുന്നില്ലായിരിക്കാം. എന്നാൽ ദോഷൈകദൃക്കുകൾ ഇതെടുത്ത് ഉപയോഗിക്കും; അർത്ഥമറിയാതെ.

'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ പതിനേഴ് പ്രസാധകർ തള്ളികളഞ്ഞ പുസ്തകം!

പത്ത്‌ പ്രസാധകരെങ്കിലും നിരസിച്ച പുസ്തകങ്ങൾ എങ്ങനെയാണ്‌ , പിന്നീട്‌ ക്ലാസിക്കായി പരിണമിക്കുന്നത്‌? അമേരിക്കൻ ഗ്രന്ഥകാരനായ റിച്ചാർഡ്‌ ബാക്‌ (Richard Bach) എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' പ്രശസ്തമാണല്ലോ. ഒരു കടൽകാക്ക പറക്കുക എന്ന ആനന്ദിനുവേണ്ടി അലഞ്ഞ്‌ ആത്മീയമായ ലോകം സൃഷ്ടിക്കുന്ന നോവലാണത്‌. ഇത്‌ പതിനെട്ട്‌ പ്രസാധകർ തള്ളിക്കളഞ്ഞ കൃതിയാണ്‌. ആ പ്രസാധകരുടെ പൊങ്ങച്ചം പിടിച്ച മാനേജർമാർ പറഞ്ഞത്‌, ഒരു കാക്ക ജീവസന്ധാരണത്തിനു വേണ്ടി പറക്കുന്ന കഥയാണെങ്കിൽ വായിക്കപ്പെടുമെന്നായിരുന്നു; മണ്ടത്തരം. എന്നാൽ പതിനെട്ടാമത്‌ ഒരു പ്രസാധകൻ-മാക്മില്ലൻ പബ്ലിഷേഴ്സ്‌ -അത്‌ അച്ചടിച്ചു. 1972ൽ! എന്താണ്‌ സംഭവിച്ചത്


ആ വർഷംതന്നെ  ദശലക്ഷം കോപ്പി വിറ്റഴിഞ്ഞു. ഇന്നും അതിനു സമാനമായ ഒരു പുസ്തകം വേറെയില്ല. 1973 ൽ ഈ നോവൽ ചലച്ചിത്രമാകുകയും ചെയ്തു. മാക്മില്ലനും അത്‌ തഴയുകയായിരുന്നെങ്കിലോ? നമുക്ക്‌ ഒരു ലോകക്ലാസിക്‌ നഷ്ടപ്പെടുമായിരുന്നു.

ലക്കം രണ്ട്  ഇവിടെ വായിക്കാം

AKSHARAJALAKAM

AKSHARAJALAKAM/