Sunday, January 19, 2014

aksharajalakam, lakkam 11, page 1/jan 19-26/2014

അക്ഷരജാലകം എല്ലാ ഞായറാഴ്ചയിലും
















You realize that our mistrust of the future makes it hard to give up the past.
Chuck Palahniuk, അമേരിക്കൻ നോവലിസ്റ്റ്




To choose doubt as a philosophy of life is akin to choosing immobility as a means of transportation.
Yann Martel,കനേഡിയൻ നോവലിസ്റ്റ്

 ആം ആദ്മി എഴുത്തുകാരെ പുറത്താക്കി എന്ന വാർത്ത കേൾപ്പിക്കരുത്!

ആം ആദ്മി പാർട്ടിയിലേക്ക് എഴുത്തുകാർ ചേർന്നുകൊണ്ടിരിക്കുകയാണ്.നല്ല കാര്യം. ഒരു നല്ല   പാർട്ടി ഉണ്ടാകണമെന്നും അതിൽ ചേരണമെന്നും ആഗ്രഹിക്കാത്തവർ , ഇക്കാലത്ത് കുറവായിരിക്കും. ആം ആദ്മി എന്തായാലും ഒരു പുതിയ സന്ദേശം നൽകിയിരിക്കയാണ്:ഇന്നത്തെ പാർട്ടികളുടെ ശൈലിയും സമീപനവും അജണ്ടയും മാറേണ്ട സമയമായിരിക്കുന്നു.


ഒരു പാർട്ടി ഇല്ലാത്തതു കൊണ്ടാണ് പ്രവർത്തിക്കാത്തത് എന്നു തൊടുന്യായം പറഞ്ഞവർക്ക് ഇനി മടിച്ചിരിക്കാനാവില്ല. എന്താണ് എഴുത്തുകാരന്റെ രാഷ്ട്രീയം  ?
അയാൾക്ക് പാർട്ടി ഇല്ലാതിരിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടോ?
ഒരു രാഷ്ട്രീയ നേതാവിനെ അയാൾക്ക് എവിടെവരെ അംഗീകരിച്ച് മുന്നോട്ടു പോകാൻ കഴിയും?
എഴുത്തുകാരൻ ഏതെങ്കിലും ഘട്ടത്തിൽ അയാളിലെ അനുരഞ്ചനപ്പെടാത്ത മനോനിലയെ കയ്യൊഴിഞ്ഞ് പാർട്ടി വ്യവസ്ഥയ്ക്കകത്ത് താൽക്കാലിക ടെന്റുണ്ടാക്കി , എല്ലാ സമരങ്ങളോടും ഔദ്യോഗികമായി വിടപറയുന്ന നിമിഷം , ഒരു രചയിതാവ് എന്ന നിലയിലുള്ള സ്തംഭനാവസ്ഥയല്ലേ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ സമരങ്ങളും അല്ലെങ്കിൽ കലഹങ്ങളും , ഒരു രസശൂന്യമായ ചതുരംഗക്കളിയായി പരിണമിക്കുന്ന സാഹചര്യം ഉണ്ടാകാം.പോരാട്ടങ്ങൾക്ക്  റിട്ടയർമെന്റ് വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ കുറ്റം പറയാൻ പറ്റില്ല! ആം ആദ്മിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരുന്ന എഴുത്തുകാരെ വെറുതെ വിമർശിക്കുന്നതിൽ അർത്ഥമില്ല. കാരണം ഇത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ബ്യൂറോക്രസിയും ആരും ഇനി തങ്ങൾക്ക് വേണ്ടാ എന്ന ധ്വനിയും  വൈകാരികമായി തളർത്തിക്കളയുന്നതാണ്. പാർട്ടികൾ സ്വകാര്യ സംഘങ്ങളാണെന്നും അവ സ്വയം  സമ്പൂർണമാണെന്നും ബുദ്ധിപരമായി അവ എല്ലാതരത്തിലും  തികഞ്ഞ അവസ്ഥയിലാണെന്നും എല്ലാ എഴുത്തുകാർക്കും വിശ്വസിക്കാൻ കഴിയുമോ?
വിചാരപരമായി പൂർണത നേടിയെന്നു തോന്നിയാൽ പിന്നെ മറ്റാരുടെയും ചിന്തകൾ വായിക്കാതിരിക്കാൻ ശ്രമിക്കും.ഇതാണ് അപകടം.



എന്നാൽ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ ചർച്ചക്കാരും മിക്ക എഴുത്തുകാരെയും അരക്ഷിതാവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ് . ഒരു നോവൽ കലാകാരനോ, കഥാകാരനോ സ്വന്തം മാധ്യമത്തിൽ പര്യവേക്ഷണം നടത്താൻ പറ്റാത്തതായ ഒരു സാഹചര്യമാണു ഇവിടെയുള്ളത്. അന്നന്നത്തെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതികരിക്കുന്നതിനെ ആശ്രയിച്ച് മാത്രം കൈവരുന്ന ഒരു പ്രശസ്തി  ,ഒരു പ്രതിച്ഛായ എഴുത്തുകാരന്റെ മേൽ വന്നു വീഴുന്നു. നമ്മൾ എഴുതിയിട്ടൊന്നും കാര്യമില്ല, പാർട്ടികൾക്കും അവരുടെ നിലപാടുകൾക്കും ഒപ്പം സർക്കസുകളിക്കാരനെപ്പോലെ പെരുമാറണം.
എഴുത്തുകാർ അവരുടെ കലാമാധ്യമപരമായ പരീക്ഷണങ്ങളിൽ നിന്നു ഇത്രയും അകന്നുപോയ കാലമുണ്ടായിട്ടില്ല. സി.ജെ.തോമസും മറ്റും രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ട്.എന്നാൽ ഒരു നാടകത്തിന്റെ മികവിനു വേണ്ടതായ അവബോധം ആർജിക്കുന്നതിലും അതു പ്രചരിപ്പിക്കുന്നതിലും സി .ജെ താല്പര്യമെടുത്തുപോന്നു.
ഇന്ന് അങ്ങനെയുള്ള ചിന്ത ഇല്ലാതായിരിക്കുന്നു.
ഒരു പുതിയ കഥ എങ്ങനെ വേണമെന്ന കാര്യം കഥാകൃത്തിന്റെപോലും ചിന്തയിലില്ല.
ഏത് പാർട്ടിയിലാണ് ചേരേണ്ടതെന്ന ആലോചനയിലാണ് പലരും.

ടി.പി.ചന്ദ്രശേഖരന്റെ പാർട്ടിയോട് കേരളത്തിലെ എഴുത്തുകാർക്ക് മമത തോന്നാത്തത് എന്തുകൊണ്ടാണ്?
ആ പാർട്ടിക്ക് അധികാരമോ ദേശീയ പ്രശസ്തിയോ ഇല്ലാത്തതു കൊണ്ടായിരിക്കില്ലല്ലൊ.
ആ പാർട്ടിയുടെ നിലപാടിനു പിന്തുണ അറിയിച്ചു കൊണ്ട് എത്രയോ പേർ ലേഖനമെഴുതി!ഒരു വാരികയിൽ സമീപകാലത്ത് അതായിരുന്നു മുഖ്യവിഷയം.എനിക്ക് തോന്നുന്ന ഭയം ഇതാണ്: നമ്മുടെ എഴുത്തുകാരെ നിസ്സാരകാര്യങ്ങളുടെ പേരിൽ കെജ്രിവാളിന്റെ ആളുകൾ പുറത്താക്കി എന്ന വാർത്ത മാധ്യമങ്ങൾ ആഘോഷിക്കുന്നത് ! അതുണ്ടാകാതിരിക്കട്ടെ.
എത് പ്രസ്ഥാനവും അധികാരത്തിൽ വരുന്നതോടെ  ദുഷിക്കും.സോവിയറ്റ് യൂണിയനിൽ വിപ്ലവത്തിനും അതിനു ശേഷം ഉണ്ടായ ഭരണകൂടത്തിനും സാധാരണ തൊഴിലാളികളുടെ സഹകരണം ഉണ്ടായിരുന്നല്ലൊ. പാർട്ടിയിൽ ചേരുന്നതായിരുന്നു അന്ന് വിപ്ലവം. ഇന്നു ആ പാർട്ടിയിൽ ചേരുന്നത് ഒരു വിപ്ലവമാണെന്ന് ആരും പറയില്ല.

 പാർട്ടികൾക്കു എന്തുകൊണ്ട് പച്ചക്കറി , ആശുപത്രി, ഹോട്ടൽ, മെഡിക്കൽ രംഗത്ത് സേവനം ചെയ്തുകൂടാ.

പാർട്ടികൾ സമരത്തിനു പോയിട്ട് ഒരു കാര്യവുമില്ല. കാരണം ഏത് സർക്കാരിനും അധികാരത്തിന്റെ ഗർവ്വുണ്ടായിരിക്കും.
സമരത്തെ അവർ അടിച്ചൊതുക്കും, അല്ലെങ്കിൽ ഗൗനിക്കാതെ തള്ളിക്കളയും.



മാത്രമല്ല്, കുട്ടികളെ അതിരാവിലെ സ്കൂളിൽ അയയ്ക്കേണ്ട, ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ട, രക്ഷിതാക്കൾ എങ്ങനെ സമരപ്പന്തലിൽ പോയിരിക്കും?


അതുകൊണ്ട് പാർട്ടികൾ, ഇടതാകട്ടെ, വലതാകട്ടെ പച്ചക്കറി തോട്ടങ്ങൾ വച്ചു പിടിപ്പിക്കണം, എല്ലാ ജില്ലകളിലും മൂന്നു വീതം കേന്ദ്രങ്ങളിൽ.കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് വിൽക്കാൻ കഴിയും. പാർട്ടി ഔട്ട്ലെറ്റുകളും വേണം.
സർക്കാർ സബ്സിഡിയോടെ  കുറഞ്ഞ വിലയ്ക്ക് അരി വാങ്ങി പാർട്ടികൾ ഹോട്ടൽ തുടങ്ങണം. ഒരൂണിനു പതിനഞ്ച് രൂപയിൽ കൂടരുത്. നെൽപ്പാടങ്ങൾ പാർട്ടി നേരിട്ട് നോക്കി നടത്തണം.ഒരു ചായയ്ക്കും വടയ്ക്കും ദോശയ്ക്കും ന്യായമായ വില ഈടാക്കാൻ പാർട്ടി നിർബന്ധിതമാവും. സാധാരണക്കാർക്കു ഗുണകരമാവും.
മെഡിക്കൽ സ്ടോർ തുടങ്ങിയാൽ രോഗികൾക്ക് എന്തു സഹായകരമാവും. !പാർട്ടികൾക്കു ആളും അർത്ഥവും ഉള്ളതുകൊണ്ട് എന്തു വിചാരിച്ചാലും  നടക്കും. മാത്രമല്ല, കൂടുതൽ പേർക്കു തൊഴിലും കിട്ടും. കുത്തക കോർപ്പറേറ്റ് ഭീമന്മാരെ നിയന്ത്രിക്കാനും കഴിയും.
ഇനി ഇങ്ങനെയൊക്കെയേ രാഷ്ട്രീയ പ്രവർത്തകർക്ക് നിൽക്കാൻ കഴിയൂ. കാരണം വികസനത്തിനു നേതാക്കന്മാർ വേണമെന്നില്ല. അതു സാങ്കേതിക ,ധനവിപ്ലവത്തിന്റെ അനിവാര്യഫലം മാത്രമാണ്. സ്വാതന്ത്ര്യം കിട്ടി അറുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിലെ എറ്റവും വലിയ നഗരമായ കൊച്ചിയിൽ ഒരു പൊതു ടോയ്ലെറ്റ് ഇല്ലായിരുന്നു.
എന്നാൽ ഒന്നിനു പിറകെ ഒന്നായി മാളുകൾ വന്നതോടെ ടൊയ്ലറ്റുകൾ എ.സി  സൗകര്യത്തോടെ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഒരു ഫീസും കൊടുക്കാതെ ,മാളുകളിൽ എത്തുന്ന ആർക്കും നല്ല വൃത്തിയുള്ള ടോയ്ലറ്റ് ഉപയോഗിക്കാം. ഇതു രാഷ്ട്രീയക്കാരുടെ സംഭാവനയല്ല. കാലം കൊണ്ടുവരുന്ന സൗജന്യമാണ്. പാർട്ടി  നേതാക്കൾ ഇതു മനസ്സിലാക്കി പുതിയ ജനപക്ഷ മേഖലകൾ കണ്ടെത്തണം. അല്ലെങ്കിൽ ജനം തിരസ്കരിക്കും.
കെജ്രിവാളിനേക്കാൾ വലിയ നേതാക്കൾ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളു.കാലമാണ് അത് സൃഷ്ടിക്കുന്നത്.


ആത്മശരീരങ്ങൾ
ആത്മാക്കൾക്ക് വേർപെടാൻ എന്തിരിക്കുന്നു!.ശരീരങ്ങൾക്കോ?ഒരിക്കലും ഒന്നാകേണ്ടി വന്നിട്ടുമില്ല.

 കേശവദേവ് 'എതിർപ്പ്' എന്ന ആത്മകഥയിൽ  എഴുതുന്നു:



റഷ്യൻ വിപ്ലവത്തെപ്പറ്റി കേശവൻ ആദ്യമായി വായിച്ച പുസ്തകം , ജോൺ റീഡിന്റെ ടെൻ ഡേയ്സ് താറ്റ് ഷൂക്ക് ദ് വേൾഡ് ( ലോകത്തെ വിറകൊള്ളിച്ച പത്തുദിവസങ്ങൾ) എന്ന പുസ്തകമാണ്.ലെനിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ച ആ പുസ്തകം , റഷ്യൻ വിപ്ലവത്തെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ പ്രസിദ്ധീകരണവുമാണ്.ആ പുസ്തകത്തിൽ ജോൺ റീഡ്  പറയുന്നു, '' ലെനിൻ വിപ്ലവത്തിന്റെ തലയാണ്;ഗോർക്കി വിപ്ലത്തിന്റെ പേനയാണ്''എന്ന്. മാത്രമല്ല,വിപ്ലവം നടത്തിയ ചെമ്പടയുടെയുടെ സംഘാടകനും ട്രോട്സ്കിയാണെന്ന് ജോൺ റീഡ് ഊന്നിപ്പറഞ്ഞിട്ടുണ്ട്.അങ്ങനെ വിപ്ലവത്തിന്റെ നാവും, വിപ്ലവസൈന്യത്തിന്റെ സംഘാടകനുമായ  ട്രോട്സ്കിയെഎന്തിനു നാടുകടത്തി?

സൗന്ദര്യം

സൗന്ദര്യം ഉണ്ടാകുന്നത് ആകാശത്ത് നിന്നീ, ഭൂമിക്ക് വെളിയിൽനിന്നോ അല്ല, മനുഷ്യന്റെ അസാധാരണവും തലതിരിഞ്ഞതും ഭീഭൽസവുമായ അവസ്ഥയ്കളിൽ നിന്നാണ്
കവിത
ഒരു ഛന്ദസ്സ് കവിത എഴുതുമ്പോൾ ജീവിതത്തിന്റെ ഏറ്റവും വിരക്തവും അന്ധാളിപ്പിക്കുന്നതും തല കുമ്പിട്ടു നിൽക്കുന്നതുമായ മാനവികാനുഭവങ്ങൾ പരിഹസിക്കപ്പെടാതെ നോക്കണം.കാമുകനാൽ വഞ്ചിക്കപ്പെട്ട പെണ്ണ് കവിത എഴുതുമ്പോൾ വഞ്ചിപ്പാട്ട് വേണോ?
രതി
അത് നമ്മുടെ തന്നെ ഹതാശമായ മാനവികാനുഭവങ്ങളുടെ പൊള്ളയായ അകവശം , എറ്റവും നഗ്നമായി, ഒരു പക്ഷേ അസ്ഥികൂടസദൃശമായി പ്രകടമാകുന്നതിനുള്ള ഗൂഢമായ യത്നമാണ്.

സച്ചിദാനന്ദന്റെ 'എന്നെ തിന്നൂ'

 

സച്ചിദാനന്ദന്റെ 'തഥാഗതം' എന്ന സമാഹാരത്തിൽ 'എന്നെ തിന്നൂ'എന്നൊരു കവിതയുണ്ട്.
അതിലെ ചില വരികൾ ഉദ്ധരിക്കുകയാണ്.
''കരൾ, കുടൽ ,വൃക്ക: ഒന്നും വിടേണ്ട.
അവയിലൂടെ കടന്നുപോയ ദുഃഖങ്ങൾ
അവയെല്ലാം കഴുകി ശുദ്ധമാക്കിയിരിക്കുന്നു.
ഗ്രന്ഥികൾ പൊള്ളുന്നെങ്കിൽ
കാര്യമാക്കേണ്ടാ,അവ വേവുകയായിരുന്നു,
ആഗ്രഹങ്ങളുടെ അഗ്നിയിൽ.
പിന്നെ ആ പുരുഷന്റെ അടയാളങ്ങൾ
അവയുടെ ഔദ്ധത്യം എപ്പോഴേ ശമിച്ചു.
ഇപ്പോഴവയ്ക്ക് ചാമ്പപ്പൂക്കളുടെ രസവും രുചിയും.
സുഷുമ്ന വിട്ടുകളയരുതേ.
സ്വപ്നങ്ങൾ നടന്നു നടന്നു അത്
ലോലമായിരിക്കുന്നു.

ഒരുമയുടെ മുഖചിത്രവും പത്തു പുസ്തകങ്ങളും

 













പുതിയ വർഷത്തിന്റെ വരവറിയിച്ചുകൊണ്ട് ഒരുമ മാസിക(orumamonthly@gmail.com,9496259473) തയ്യാറാക്കിയ മുഖചിത്രം പുതുമ നിറഞ്ഞതായി.
ബലിഷ്ടമായ ഒരു ഭൂതകാലത്തിൽ സാർപ്പികമായ ചലനാത്മകവീര്യത്തോടെ നവപ്പുലരി വരുകയാണ്. അത് ധീരമാണ്. ആരു വിചാരിച്ചാലും വ്യതിചലിപ്പിക്കാനാവാത്ത ദാർഢ്യം അതിനുണ്ട്.അതിന്റെ സന്ദേശം പരിഷ്കൃതമായ മാനവികതയുടെ നിർമമതയും ലക്ഷ്യബോധവും പ്രകടിപ്പിക്കുന്നു.

എന്നാൽ മറ്റൊരു സുപ്രധാന കാര്യവും ഒരുമ ചെയ്തു. പത്രാധിപർ സുധാകരൻ ചന്തവിള , അത്യസാധാരണമെന്നു പറയെട്ടെ , നവകാലത്തെ സ്വാഗതം ചെയ്തുകൊണ്ട് എഴുതിയ എഡിറ്റോറിയലിൽ പോയ വർഷത്തെ മികച്ച പത്തു പുസ്തകങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.എഡിറ്റർമാർ നേരിട്ട് ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നത് പതിവില്ല. ഇത് ഒരു നല്ല തുടക്കമായി കണക്കാക്കാം. പത്രാധിപർ ഇക്കാലത്ത് പുസ്തകങ്ങളെ സ്നേഹിക്കേണ്ടവനാണെന്നും എന്നാൽ ഒരു ക്ലിക്കിലും പെടാതെ നോക്കണമെന്നും ഉള്ള ഒരു ധ്വനി അതിലുണ്ട്.ഞാൻ ഒരുമയുടെ  ലിസ്റ്റ് അതേപടി ഇവിടെ അവതരിപ്പിക്കുന്നു.
1) എം.കെ.ഹരികുമാറിന്റെ സാഹിത്യത്തിന്റെ നവാദ്വൈതം(ദർശനം) -ഗ്രീൻ ബുക്സ്
2)ഇ.പി.ശ്രീകുമാറിന്റെ മാംസപ്പോര്(നോവൽ)-ഡി.സി.ബുകസ്
3)നിസ്സാമുദ്ദീൻ റാവുത്തരുടെ അറേബ്യയിലെ അടിമ(നോവൽ)-ഗ്രീൻ ബുക്സ്
4)എ.ജെ.മുഹമ്മദ് ഷഫീറിന്റെ കീമിയ(നോവൽ)-ഡി.സി.ബുക്സ്
5)നീല പത്മനാഭന്റെ സമർ അനുഭവങ്ങൾ യാത്ര(നോവല്ലകൾ)-പ്രിയത ബുക്സ്
6)എം.പി.വീരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷി(യാത്ര)- മാതൃഭൂമി ബുക്സ്
7)പി.ജി: സാഹിത്യം, സംസ്കാരം,  ദർശനം(ലേഖനങ്ങൾ)-ചിന്ത പബ്ലിഷേഴ്സ്
8)സച്ചിദാനന്ദന്റെ തഥാഗതം(കവിത)- മാതൃഭൂമി ബുക്സ്
9)ബി മുരളിയുടെ 100 കഥകൾ(കഥകൾ)-ഡി.സി.ബുക്സ്
10)മനോരാജിന്റെ ജീവിതത്തിന്റെ ബാൻഡ് വിഡ്തിൽ ഒരു കാക്ക(കഥകൾ)-കൃതി ബുക്സ്

സഹീറാ തങ്ങളുടെ കഥകൾ

കവിയും കഥാകാരിയും നോവലിസ്റ്റുമായ സഹീറാ തങ്ങളുടെ കഥാസമാഹാരമാണ് 'പ്രാചീനമായ ഒരു താക്കോൽ'(ഒലിവ്).

 

സഹീറ ദീർഘകാലം ദുബായിയിൽ അഡ്വർടൈസിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ സഹീറയുടെ കഥകളിൽ നിറയുന്നത് ഈ  കൊച്ചു മലയാളക്കരയിലെ അശരണരായ മനുഷ്യരാണ്.വരണ്ട ജീവിതങ്ങളോട് ഒരു പ്രതിപത്തി ഈ കഥകളിൽ തിടം വച്ചു വരുന്നതു കാണാം.അരികുകളിലെക്ക് ഒരിറ്റു ജലവുമായി പോകാനുള്ള മനസ്സാണ് കഥാകൃത്തുക്കൾക്ക് വേണ്ടത്. സഹീറയുടെ എല്ലാ കഥകളും നഗ്നമായ ജീവിതത്തോട് സത്യസന്ധത പ്രഖ്യാപിക്കുന്നതാണ്. പട്ടിപിടുത്തക്കാരൻ എന്ന കഥ ഇതു വ്യക്തമാക്കും.

സുന്ദരിയായ പട്ടിയെയും  അവളുടെ ലോകത്തെയും  മനസ്സിലാക്കാൻ  എഴുത്തുകാരിക്കു കഴിഞ്ഞു.വിഷം നിറച്ച ഭക്ഷണം കൊടുത്ത് അവളെയും അവളുടെ ആറുമക്കളെയും കൊന്നത് മനുഷ്യത്വത്തെ എങ്ങനെ ചെറുതാക്കിയെന്ന് ഇവിടെ കുറച്ചു വാക്കുകളിൽ പകർന്നു തരുന്നു.
ഇതുപോലെയാണ്, പ്രാചീനമായ ഒരു താക്കോൽ, സ്ത്രീയേ നീ വീഴിന്നിടം, കുമ്പസാരം, കല്ലുവമ്മ, ഇദ്ദ തുടങ്ങിയ കഥകളിലും ആവിഷ്കൃതമാവുന്ന വികാരം. ജീവിതത്തെ വിമലീകരിക്കാൻ കഴിയുമെങ്കിൽ അത് സാഹിത്യത്തിന്റെ വലിയൊരു നേട്ടമായിരിക്കും. സഹീറയുടെ കഥകൾക്ക്  ആ ഗുണവുമുണ്ട്.
ഒരുക്കു്
ഒഴുകിക്കൊണ്ടിരിക്കെ മരിക്കേണ്ടിവരുമ്പോഴും വെള്ളം സ്വയം നിരസിക്കുന്നു


 ഒലിവേറിയ ഹിരോന്ദോ

അർജന്റൈൻ കവി ഒലിവേറിയ ഹിരോന്ദോ(Oliverio Girondo)യുടെ കവിതകൾ പരീക്ഷണാത്മകമാകാൻ കാരണം അദ്ദേഹത്തിന്റെ യൂറോപ്യൻ ബന്ധമാണ്. പാരീസിലും ഇംഗ്ലണ്ടിലും താമസിച്ചതുകൊണ്ട് നഗരജീവിതത്തിന്റെ ഭയാശങ്കകളാണ്   ഈ കവിയെ പിടികൂടിയത്. നഗരങ്ങൾ നൽകിയ മായികവും വിഭ്രാമകവുമായ ചിത്താവസ്ഥകൾ കവിയെന്ന നിലയിൽ കൂടുതൽ ജാഗരൂകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.സ്കെയർക്രോ ആൻഡ് അതർ അനോമലീസ് എന്ന സമാഹാരം അർജന്റൈൻ യുവതയെ ആവേശം കൊള്ളിച്ചു.
നാഗരികതയും മനോവ്യഥകളും ഇടകലരുന്ന, ഹിരോന്ദോയുടെ 'ജോയിൻ യുവർ  ഹാൻഡ്സ്' എന്ന കവിത ഇങ്ങനെ നീങ്ങുന്നു:
JOIN YOUR HANDS   The people say:
Dust
Celestial
Sepulchral,
and are left calm,
mollified,
satisfied.
But listen to this cricket,
that wisp of night,
of a lunatic existence.
No is the time for it to sing.
Now
and not tomorrow.
Right now.
Here.
At our side…
as if there were nowhere else it could.
Do you understand?
Me neither.
I don’t understand a thing.
It’s not just your hands that are pure miracle.
A misstep,
a lost thought,
and you might have been a fly,
lettuce,
a crocodile.
And then…
that star.
Don’t ask.
Mystery!
The silence.
Your hair.
And the passion,
the acquiescence
of the whole universe,
it took to make your pores
that nettle,
that rock.
Join your hands.
Amputate your braids.
                                  In the meantime I’ll turn three somersaults.* * *

ഓസ്കാർ വൈൽഡ് സെക്സിനെക്കുറിച്ച്


ലോകത്തിലുള്ളതെല്ലാം സെക്സിനെ കേന്ദ്രീകരിച്ചിരിക്കുന്നു; സെക്സ് ഒഴിച്ച്.
സെക്സിലുള്ളത് അധികാരമാണ്.

AKSHARAJALAKAM

AKSHARAJALAKAM/