Monday, January 6, 2014

AKSHARAJALAKAM/LAKKAM 9, PAGE 1/ DEC 29-JAN 5/ 2014

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും






ലക്കം 9,പേജ് ഒന്ന്




















The writer’s job is to write with rigor, with commitment, to defend what they believe with all the talent they have. I think that’s part of the moral obligation of a writer, which cannot be only purely artistic

 Mario Vargas Llosa  പെറൂവിയൻ -സ്പാനീഷ് എഴുത്തുകാരൻ



















The future's already here but it's unevenly distributed
William Gibson  അമേരിക്കൻ -കനേഡിയൻ എഴുത്തുകാരൻ


ഫേസ്ബുക്കർമാർ, ഭാവുകത്വത്തിന്റെ മരണം,യോഗാത്മകത, ഉത്തര-ഉത്തരാധുനികത

 







പുതിയൊരു പരിവർത്തനം സംഭവിച്ചിരിക്കുകയാണ്.ഫേസ്ബുക്ക് അതിന്റെ പ്രത്യക്ഷതയും പ്രായോഗികമായ വിജയവുമായി നിൽക്കുന്നു.
ഫേസ്ബുക്കർക്ക് ഒരു പ്രത്യേക ഭാവുകത്വമില്ല. അങ്ങനെ സംഭവിച്ചാൽ അയാൾ പഴയ ബുക്കിഷ്, ക്ലാസിക് ഭാവുകത്വത്തിന്റെ തടവറയിലായിപ്പോകും.ഒരു പുസ്തകം ഇപ്പോഴും ക്ലാസിക് അനുഭവകേന്ദ്രീകരണത്തെയും ആദിമദ്ധ്യാന്തത്തെയുമാണ്  സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.അതിനു ഒരു തുടർച്ചയും കേന്ദ്രവും ഉണ്ടായിരിക്കും. അത് വ്യക്തി ,സംസ്കാരം എന്നീ കേന്ദ്രങ്ങളെയാണ് എപ്പോഴും വലയം ചെയ്യുന്നത്.അതുകൊണ്ട് ഈ കേന്ദ്രങ്ങളെ അപനിർമ്മിക്കുക എന്നത് ഇന്നത്തെ ഭാവുകത്വരഹിതമായ ലോകത്ത് അനിവാര്യമായിത്തീരുകയാണ്.



 ഭാവുകത്വം വ്യക്തിയുടെ വികാരവും സ്വകാര്യമായ അവബോധവുമാണ്.കവിതയിലുടെ കവി ശ്രമിക്കുന്നത് തനിക്ക് സ്വന്തം വൈകാരിക അനുഭൂതിയും അറിവും ഉണ്ടെന്ന് സ്ഥാപിക്കുന്നതിനാണ്.ഫേസ്ബുക്ക് ഈ സവിശേഷതകളുടെ ആധിപത്യത്തെ പ്രതിരോധിച്ചുകൊണ്ട് ഏതൊരാൾക്കും ഒന്നിന്റെയും അടിമയാകാതെ , ഒന്നിലും തങ്ങി നിൽക്കാതെ, എപ്പോഴും നവീകരിച്ച് സ്വാതന്ത്ര്യം നേടാനുള്ള അവസരമൊരുക്കുന്നു.ഇത് ഒരു കാലഘട്ടത്തിലെ ഭാവുകത്വത്തെ , അതിന്റെ മേധാവിത്വത്തെ നിരാകരിച്ചുകൊണ്ട് അനേകം ആൾകൂട്ട വികാരങ്ങൾക്ക് ഒരിടത്ത്, ഒരേസമയം മുഖാമുഖം നിൽക്കാനും വലിപ്പച്ചെറുപ്പഭേദമില്ലാതെ സംവാദത്തിൽ ഇടപെടാനും സാധ്യത തെളിക്കുന്നു.







ഇന്ന് ഒരു സാഹിത്യകൃതിക്ക് അതിന്റെ ഭാവുകത്വത്തിന്റെ അധീശത്വം ഉറപ്പിക്കാൻ പ്രയാസമാണ്. കാരണം അത് ഒരു ഭാവുകത്വം എന്ന നിലയിൽ സ്വയം അവതരിപ്പിക്കുമ്പോൾ തന്നെ ക്ലാസിക് അനുഭവത്തിന്റെ അവിഭാജ്യതയിലേക്കും ഏക കേന്ദ്രം എന്ന സാങ്കൽപ്പിക കലാതത്വത്തിലേക്കും വീണു കഴിഞ്ഞിരിക്കും.
കാരണം പുസ്തകം  ഒരു അനുഭവസഞ്ചയം എന്ന നിലയിൽ സമ്പൂർണതയെ പ്രതിനിധീകരിക്കുന്നു.
സത്യജിത് റായ്

ഇതിനു നേരെ വിപരീതമാണ് ഭാവുകത്വരഹിതമായ ഫേസ്ബുക്ക്.
ഇവിടെ ഒരു കേന്ദ്രമില്ല.ഒരു മേൽത്തട്ടോ കീഴ്ത്തട്ടോ ഇല്ല. ജാതിയുടെയോ മതത്തിന്റെയോ തനിമകൾക്ക് ഇവിടെ പ്രസക്തിയുമില്ല. പകരം വ്യക്തിപരമായ ശുദ്ധീകരണത്തിനും ,തുറന്നു പറയലിനും ,സമുഹത്തിന്റെ ഒരു പൊതു സ്ഥലത്തും കിട്ടാത്ത സ്നേഹപ്രകാശനത്തിനും ചിറകുവിരിച്ച് പറക്കാനുള്ള തുറന്ന ആകാശം ലഭിക്കുന്നു.ആരുടെയും വൈകാരികത ഒരു കാലഘട്ടത്തെ സൃഷ്ടിക്കുന്നില്ല. മഹാശ്വേതാദേവിക്കോ(സാഹിത്യം) എ ആർ റഹ് മാനോ (സംഗീതം) ഗണേഷ് പൈനോ (ചിത്രകല) ശ്യാം ബനഗലിനോ(സിനിമ) ഇന്ന് ഒരു ജനതയുടെ ലാവണ്യാനുഭവത്തിന്മേലും ആധിപത്യമില്ല. കാരണം ഏത് കുട്ടിക്കും ഇന്നു അവന്റെ സ്വന്തം കലാവിഷ്കാരത്തിനും ഭ്രാന്തമായ ഇടപെടലിനും അവസരമുണ്ട്.
മഹാശ്വേതാ ദേവി

മുപ്പതു വർഷങ്ങൾക്ക് മുൻപ് സത്യജിത് റായ് ഇന്ത്യൻ സിനിമയിലെ നവതരംഗത്തെ മുഴുവനായും സ്വാധീനിച്ച സാഹചര്യം ഇനി ഒരു ഘട്ടത്തിലും എവിടെയും പ്രതീക്ഷിക്കരുത്.അതേസമയം എല്ലാവർക്കും കലയുടെ മേഖലയിൽ ഒരു പ്രവേശനം ലഭിക്കുന്നു.ഒരാളുടെ കവിത ഫേസ്ബുക്കിൽ വരുന്നത് ആ വ്യക്തിയുടെ സാന്നിധ്യമായി തിരിച്ചറിയാം. കാരണം ആ കവിതയെപ്പറ്റിയുള്ള ഏത് പ്രതികരണവും ശ്രദ്ധിച്ചുകൊണ്ട് കവി അപ്പുറത്ത് ഇരിപ്പുണ്ട്.വേണമെങ്കിൽ വായനക്കരുടെ ചർച്ചക്കിടയിൽ  അദ്ദേഹം ഇടപെടും.


എവിടെയാണ് ഇങ്ങനെയൊരു തൽസമയ പങ്കാളിത്തം വേറെ ഉള്ളത്? അച്ചടി മാധ്യമത്തിൽ കവികൾക്കും മറ്റും ഒരു പെരുമാറ്റച്ചട്ടം അവർതന്നെ ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നു.
കാരണം അവരുടെ രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങളോട് അവർ പ്രതികരിക്കാറില്ല. അവരെ നേരിൽ കാണാൻ കഴിയില്ല. അവരുടെ ഫോട്ടോ പോലും എങ്ങും ലഭ്യമല്ല. വാരികകൾ കവികളുടെ ചിത്രങ്ങൾ അച്ചടിക്കാത്തത് വളരെ പഴയ ഈ കേന്ദ്രീകൃത, ഭാവുകത്വപരമായ  യാഥാസ്ഥിതിക സമീപനത്തിനു ഉദാഹരണമാണ്.
ഫേസ്ബുക്ക് പേജ് ,ലൈക്ക്,കമന്റ് എന്നിവയൊക്കെ ഇന്ന് വ്യക്തിയുടെ അഭിമാനത്തിന്റെ പ്രശ്നമാകുകയാണ്.
ഒരാൾക്ക് സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും ആവിഷ്കാരത്തിന്റെയും പ്രതികരണക്ഷമതയുടെയും മൂർത്തിമദ്ഭാവമാകാൻ ഈ പേജ് അതുല്യമെന്ന രീതിയിൽ സഹായകമാണ്.എന്നാൽ സൗഹൃദത്തെ മാനിക്കാത്തവരെ, മൽസരിക്കാൻ വരുന്നവരെ, ചീത്ത ചിന്തകൾ പ്രചരിപ്പിക്കുന്നവരെ ഒഴിവാക്കാനുള്ള  സ്വാതന്ത്ര്യവും  ഇവിടെയുണ്ട്.എത്രയോ നല്ല സുഹൃത്തുക്കളെ കിട്ടുന്നു!ഇതില്ലായിരുന്നെങ്കിൽ ഈ മനസ്സുകളെ കാണാൻ പോലും സാധിക്കില്ല.

 യാഥാർത്ഥ്യത്തെ  ഇൻഫർമേഷൻ ഗ്രാഫിക്സ്  എന്ന നിലയിൽ ഫേസ്ബുക്ക് പുനരവതരിപ്പിക്കുകയാണ്.മനസ്സിനുള്ള യോഗയാണ് ഫേസ്ബുക്ക് .മനസ്സിന്റെ മുഷിഞ്ഞ പരിസരത്തു നിന്ന് നമ്മെ അത് വഴിതിരിച്ചു വിടുന്നു. കൂടുതൽ ഉൽസാഹം തരുന്ന , ഊർജ്ജത്തെ ധനാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന ഒരു സൗന്ദര്യശാസ്ത്രമാണിത്.വികേന്ദ്രീകൃതവും  ആദിമധ്യാന്തങ്ങളില്ലാത്തതും വൈരുദ്ധത്തെ അനുവദിക്കുന്നതും   തുടർച്ചയ്ക്ക് പകരം സംവാദത്തെയും സ്വച്ഛന്ദമായ വിടവാങ്ങലിനെയും സഹായിക്കുന്നതും ആയ ഒരു ഇൻഫർമേഷൻ മാർക്കറ്റാണിത്. 


ഒരാൾ ഒരു വീഡിയോ കണ്ട് ഞെട്ടിയുണരുമ്പോഴേക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സുഹൃത്തിന്റെ മകൾ പാടിയ പാട്ടോ , അകലെയുള്ള കൂട്ടുകാരിയുടെ വീട്ടിലെ പൂച്ചക്കുട്ടിയോ നമ്മുടെ മുൻപിലേക്ക് വന്നു കഴിഞ്ഞിരിക്കും.ലോകം നമ്മുടെ മുൻപിലാണ് . ആധുനികതയുടെ കാലത്തേപ്പോലെ  നിലവിലുള്ള നിയമങ്ങളെ ധിക്കരിച്ചുകൊണ്ട് നമുക്ക് ഒരു റിപ്പബ്ലിക്ക് ഉണ്ടാക്കാൻ കഴിയില്ല.ഉത്തരാധുനികരെപ്പോലെ പ്രാദേശിക ഐഡന്റിറ്റിയെ സൂക്ഷ്മായി അനുധാവനം ചെയ്തതുകൊണ്ട് നമ്മുടെ തൊട്ടു മുൻപിലുള്ള ഈ സജീവത ലഭിക്കില്ല. ഇത് ഒട്ടും ബുക്കിഷ് അല്ല. വ്യക്തിക്ക് അവന്റെ  ഇഷ്ടത്തിനൊത്ത് സംസ്കാരവൽക്കരിക്കാൻ  കഴിയുന്ന ഈ പ്രതിഭാസമാണ് ഉത്തര-ഉത്തരാധുനികത.
പലർ ചേർന്ന് എഴുതി ഉണ്ടാക്കുന്ന ഒരു മൾട്ടി മീഡിഅ പുസ്തകത്തിൽ എങ്ങനെയാണ് ഒരു ഭാവുകത്വത്തിനു സ്ഥാനം ഉണ്ടാകുന്നത്?

ചവിട്ടടി
ഓരോ ചവിട്ടടിയിലും ഞെരുക്കാൻ , മറയാൻ ഒതുങ്ങാൻ എത്രയെത്ര ജീവിതങ്ങൾ!.

സി എൻ കരുണാകരൻ

സി എൻ കരുണാകരൻ ഒരു ശൈലി സൃഷ്ടിച്ച കലാകാരനാണെന്ന് പറഞ്ഞാൽ ആരും തന്നെ വിയോജിക്കുമെന്ന് തോന്നുന്നില്ല. ഭാരതീയമായ ചുവർചിത്രകലയെയും കൃഷ്ണൻ-രാധ പ്രണയത്തിലെ ഗീതാത്മകതയെയും ഉപയോഗിച്ചാണ് കരുണാകരൻ തന്റെ ശൈലി രൂപീകരിച്ചത്.
പലപ്പോഴും ഇ ഗീതാത്മകതയും സ്ത്രൈണതയും രചനകളിലുടനീളം അദ്ദേഹം നിലനിർത്തുകയായിരുന്നു.
ശൈലിയിൽ ആഴത്തിൽ നങ്കൂരമിട്ടതുകൊണ്ട് മറ്റൊരു കാഴ്ചപ്പാടിൽ  ലോകത്തെ നോക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന വസ്തുതയും ബാക്കി നിൽക്കുകയാണ്.കരുണാകരൻ തന്റെ വസതിയിൽ വച്ച് എനിക്ക് വരച്ചുതന്ന പല ചിത്രങ്ങളിൽ ഒന്ന് ഇവിടെ പ്രദർശിപ്പിക്കുന്നു. 

 ഡി. ബാബുപോൾ

മലയാളി സമൂഹത്തിൽ ഒരു സാംസ്കാരിക നായകനെന്ന നിലയിൽ ഡി ബാബുപോളിന്റെ ഇടപെടലുകൾ സാർത്ഥകമായിത്തീരുകയാണ്. അദ്ദേഹം ഒരു മതനിരപേക്ഷ ചിന്തകനും ചരിത്രകാരനും സാമൂഹ്യ നിരീക്ഷകനുമാണ്.ഇന്നത്തെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന രോഗങ്ങൾ എന്തൊകെയാണെന്ന് അദേഹത്തിനറിയാം. ബാബുപോളിന്റെ ലോകം വിശാലമാണ്.ക്രൈസ്തവ ദർശനവും കസൻ ദ്സാക്കിസും മുതൽ ആം ആദ്മിയും കെ.പി അപ്പനും വരെ അത് വ്യാപിച്ച് കിടക്കുന്നു.നിരന്തരമായ ആലോചനയും ഉത്തരവാദിത്വവുമാണ് അദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
വൈശാഖൻ

കഴിഞ്ഞ ദിവസം ശിവഗിരിയിലെ സാഹിത്യസമ്മേളനത്തിൽ   കഥാകൃത്ത് വൈശാഖനെ കണ്ടു. അദ്ദേഹം രോഗത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും  സംസാരിച്ചു. ഇപ്പോൾ എഴുതാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:എഴുത്തിന്റെ ഒരു തലത്തിനപ്പുറം കടക്കുന്ന ചില സമയങ്ങളുണ്ട്.അപ്പോൾ മനസ്സ് മൗനത്തിലകപ്പെടുകയാണ് ചെയ്യുന്നത്. ഒന്നും വിശദീകരിക്കാനാവാത്ത അവസ്ഥ.മറ്റൊന്ന്, നമ്മെ വെല്ലുവിളിക്കുന്ന പ്രമേയങ്ങൾ വരുന്നില്ല.  സൈലൻസർ എന്ന കഥ എനിക്ക് ഒരു വെല്ലുവിളി ഉയർത്തി. അതുകൊണ്ട് എഴുതാൻ ഉത്സാഹം തോന്നി.

സുന്ദരം ധനുവച്ചപുരം

ടാഗോറിന്റെ 
വിശ്രുതകൃതികൾ(ഉദ്യാനപാലകൻ, ഗീതാഞ്ജലി, അഗ്നിശലഭങ്ങൾ, പറന്നകലുന്ന പക്ഷികൾ, കർണനും കുന്തിയും മറ്റുകവിതകളും, ഗാന്ധാരി പറയുന്നു) മലയാളത്തിലേക്ക്  മൊഴിമാറ്റിയ സുന്ദരം ധനുവച്ചപുരം സൂക്ഷ്മഗ്രാഹിയായ കവിയുമാണ്.അദ്ദേഹത്തിന്റെ ട്വിൻസ്(പ്രിയദർശിനി പബ്ലിക്കേഷൻസ്)എന്ന സമാഹാരം എന്റെ മുന്നിലുണ്ട്.
എന്റെ 'അക്ഷരജാലകം' വായിച്ച് പലപ്പോഴും അഭിനന്ദിച്ചിട്ടുള്ള കവിയുടെ പുസ്തകം ഇറങ്ങിയിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. ഇതിനെപ്പറ്റി എന്തെങ്കിലും എഴുതാൻ അവസരം ലഭിച്ചത് ഇപ്പോൾ മാത്രമാണെന്നതാണ് സത്യം. ഈ പുസ്തകത്തിന്റെ ആദ്യപേജിൽ കവി സ്വന്തം കൈയ്യക്ഷരത്തിൽ എനിക്കായി കുറിച്ചിട്ടിരിക്കുന്ന കവിത ഇങ്ങനെയാണ്:
അക്ഷരജാലകപ്പക്ഷീ!ഇവി-
ടെത്രപേരെത്രപേരെന്നോ,
വിസ്മയം പോലെ വന്നെത്തും-നിന്റെ
ശബ്ദവും കാത്തിരിക്കുന്നു!

ഇത് അദ്ദേഹത്തിന്റെ സന്മനസ്സ്. ഒരു കരടും വീഴാത്ത   ആത്മാവിൽ നിന്നുമാത്രമേ ഇത്ര ശുദ്ധമായ വാക്കുകൾ ഉത്ഭവിക്കുകയുള്ളു.

 ഈ സമാഹാരത്തിൽ ഇരുപത് കവിതകളുണ്ട്.അസ്തിത്വത്തിന്റെ രഹസ്യം തേടുന്ന കവിതകൾ എന്ന് പൊതുവിൽ  വിളിക്കാം.
മിഴിച്ചു മൗനമായി എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കൂ:
അടച്ചിട്ടുനേരേ
പുറത്തിറങ്ങുമ്പോൾ
അടച്ചിടാത്തപോ-
ലകത്തായീടുന്നു..!
തുറന്നിട്ടു നേരേ
യകത്തു കേറുമ്പോൾ
തുറക്കാത്തപോലെ
പുറത്തായിടുന്നു...!

വാൽഡൻ

ഞാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും  വായിക്കുന്ന ഒരു പുസ്തകമുണ്ട്.
രാവിലെ ജോലി തുടങ്ങുന്നതിനുമുൻപോ , വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപോ അതിലെ ഒരു വാചകം വായിച്ചിരിക്കും.
അതുപോലെ , രാത്രി ഉറങ്ങാൻ തീരുമാനിക്കുന്ന സമയം ഒരു വാചകം സേവിക്കും. അതു ഹെൻറി ഡേവിഡ് തോറോയുടെ 'വാൽഡൻ' എന്ന കൃതിയാണ്. ഇതു മലയാളത്തിലേക്ക് മൊഴിമാറ്റിയത് എം. കമറുദ്ദീനാണ്.(കറന്റ് ബുക്സ് , തൃശ്ശുർ)


ജയവിജയ



ദിവസവും രാവിലെ ഉണരുമ്പോൾ   ഉടനെയും, ഉറങ്ങുന്നതിനു തൊട്ടു മുൻപും ഞാൻ കേൾക്കുന്നത് ജയവിജയ പാടിയ 'പാദാരവിന്ദ  ഭക്തലോക' എന്ന സ്തുതിയാണ്. എന്റെ മൊബൈലിൽ അത് ഭദ്രമായുണ്ട്. അത് ഇവിടെ കേൾക്കാം

കവി, കവിത

ഐറിഷ് കവി ലൂയി മക്നീസി(Louis MacNeice)ന്റെ ഐ ആം നോട്ട് യെറ്റ് ബോൺ(I am Not Yet Born )എന്ന കവിത കവിയാകാൻ ആഗ്രഹിക്കുന്നവർ എല്ലാം വായിക്കണം. ഒരു കവിയുടെ ആരാലും അപകീർത്തിപ്പെടുത്താത്ത, ആന്തരികസത്ത ഇതിൽ വിവരിക്കുന്നു. എന്റെ പേരിൽ ലോകം പാപം ചെയ്യുമ്പോൾ  ഞാൻ എങ്ങനെ ജനിക്കും?ഈ കവിത നിത്യവും പാരായണം ചെയ്യേണ്ടതാണ്.
ചില വരികൾ വായിക്കൂ:
I  am not yet born; forgive me
For the sins that in me the world shall commit, my words
     when they speak me, my thoughts when they think me,
        my treason engendered by traitors beyond me,
           my life when they murder by means of my
              hands, my death when they live me.

I am not yet born; rehearse me
In the parts I must play and the cues I must take when
     old men lecture me, bureaucrats hector me, mountains
        frown at me, lovers laugh at me, the white
            waves call me to folly and the desert calls
              me to doom and the beggar refuses
                 my gift and my children curse me.
:

ഡോ. അജയ്ശേഖർ

സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ ഡോ.എസ് അജയ്ശേഖറുടെ ' സംസ്കാരം പ്രതിനിധാനം പ്രതിരോധം 'എന്ന കൃതി(ഫേബിയൻ ബുക്സ്, മാവേലിക്കര) ഈ രംഗത്ത്  ആദ്യ ചുവടു വയ്പ് എന്ന നിലയിൽ പ്രസക്തമാവുകയാണ്. സംസ്കാരത്തിനു ഒരു രാഷ്ട്രീയമുണ്ട്. പലതരത്തിലുള്ള പോരാട്ടങ്ങളിലൂടെയാണ് ചരിത്രത്തിൽ ചെറിയ സമൂഹങ്ങൾ ഇടം നേടുന്നത്.അതാകട്ടെ ശരിയായ രീതിയിൽ വിലയിരുത്തപ്പെടുന്നില്ല.
ഇതിനെപ്പറ്റി അജയ്ശേഖർ  പറയുന്നത് ഇതാണ്:സംസ്കാര പഠനം എന്നാൽ സംസ്കാര രാഷ്ട്രീയം തന്നെയാണ്.വിവിധ സംസ്കാരങ്ങൾക്കിടിയിലുള്ള സംഘർഷങ്ങളും സമരങ്ങളും അസ്പൃശ്യവും അദൃശ്യവുമായി തുടരുന്നത്, അക്കാദമികമായ സമതുലതാവസ്ഥ പാലിക്കാൻ വേണ്ടി ബോധപൂർവ്വം ശ്രമിക്കുന്നതു കൊണ്ടാണ്.പുറന്തള്ളലിന്റെയും ജനാധിപത്യത്തിന്റെയും ചോദ്യങ്ങൾ ഇപ്പോഴും  നമ്മുടെ സാഹിത്യത്തിനു പുറത്താണുള്ളത്.

അജയ്ശേഖർ സംസ്കൃത യൂനിവേഴ്സിറ്റിയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ഇംഗ്ലീഷ് അധ്യാപകനാണ്.
ഓ വി വിജയനും തലമുറകളും


ഞാൻ ഒ.വി.വിജയനുമായി  ഒടുവിൽ സംസാരിച്ചത് അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു.സംസാരം എന്നാൽ ചോദ്യങ്ങൾ മാത്രമേ ഉണ്ടാവൂ.  അദ്ദേഹം ഉത്തരം എഴുതിക്കാണിക്കും.
 'തലമുറകൾ' എന്ന നോവലിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം സുരക്ഷിതനല്ലാത്തവിധം അസ്വസ്ഥനായി.

 അദ്ദേഹം പറഞ്ഞത് , താൻ ആ നോവൽ വേണ്ടത്ര തിരുത്തൽ വരുത്താതെ അച്ചടിക്കാൻ കൊടുത്തു എന്നാണ്.ഖസാക്കിന്റെ ഇതിഹാസം  പൂർത്തിയാക്കിയശേഷം  അതു തിരുത്താൻ ധാരാളം സമയം കിട്ടിയിരുന്നതായും സൂചിപ്പിച്ചു.തലമുറകൾ അച്ചടിച്ച് കണ്ടതിനുശേഷവും തിരുത്താനുള്ള ഊർജ്ജം ലഭിക്കുന്നില്ലത്രേ.അതിനുള്ള ഉൽസാഹം ഇല്ല.

വിജയൻ എഴുതിക്കാണിച്ച കടലാസ് ഈയിടെ എന്റെ പേപ്പർകെട്ടുകൾക്കിടയിൽ നിന്ന് ലഭിച്ചു. അത് ഇതിനോടൊപ്പം ചേർക്കുന്നു.







  

പോൾ മണലിൽ എഴുതിയ
 മലയാളസാഹിത്യചരിത്രം

'മലയാളസാഹിത്യചരിത്രം എഴുതപ്പെടാത്ത ഏടുകൾ' എന്ന കൃതിയിലുടെ പോൾ മണലിൽ ധിക്കാരിയായ ചരിത്രകാരനാവുകയാണ്. എന്നാൽ ഈ ധിക്കാരം സൗന്ദര്യാത്മകമാണ്.അദ്ദേഹം പ്രാമാണികമായ പല ധാരണകളെയും തിരുത്തുന്നു.
മലയാളത്തിലെ ആദ്യത്തെ നാടകം കല്ലൂർ ഉമ്മൻ ഫിലിപ്പോസ് എഴുതിയ 'ആൾമാറാട്ട'മാണെന്ന് പോൾ കണ്ടെത്തുന്നത് അവതാരികയിൽ സുകുമാർ അഴീക്കോട് ശരിവച്ചിരിക്കുകയാണ്.ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിൽ ഈ കൃതിയെ നോവൽ ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്.പിന്നീട് പല ചരിത്ര ഗ്രന്ഥങ്ങളിലും ഈ തെറ്റ് ആവർത്തിക്കുകയും ചെയ്തു.
പോളിന്റെ ചില കണ്ടെത്തലുകൾ ഇങ്ങനെയാണ്:
ആദ്യത്തെ ബൈബിൾ വിവർത്തനം:കായംകുളം ഫിലിപ്പോസ് റമ്പാന്റെ 'റമ്പാൻ ബൈബിൾ'
ആദ്യത്തെ ആത്മകഥ:യാക്കോബ് രാമവർമ്മൻ എഴുതിയ 'ആത്മകഥ'.

ആദ്യത്തെ യാത്രാവിവരണം: പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം'
താളിയോലയിൽ എഴുതപ്പെട്ട ആദ്യത്തെ കേരള ചരിത്രം:ആറാം മാർത്തോമ്മായുടെ 'നിരണം ഗ്രന്ധാവലി'
ആദ്യത്തെ പുരാണ നിഘണ്ഡു: പൈലോപോളിന്റെ 'പുരാണകഥാ നിഘണ്ഡു'
ആദ്യത്തെ ഗദ്യകാവ്യം:ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസിന്റെ 'ചെങ്കോലും മുരളിയും'
കത്തുകളുടെ ആദ്യത്തെ സമാഹാരം:സി ബി കുമാറിന്റെ 'ലണ്ടൻ കത്തുകൾ'
ആദ്യത്തെ ഡിറ്റക്ടീവ് നോവൽ:
ഒ എം ചെറിയാന്റെ 'മിസ്റ്റർ കെയ്ലി'
ആദ്യത്തെ വിലാപകാവ്യം: അർണ്ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം'

ബലിഷ് ഭാസകറിന്റെ
പ്രണാമം
ബലിഷ് ഭാസകർ എഴുതിയ സമർപ്പണം എന്ന കവിതയുടെ പ്രമേയം കവി അയ്യപ്പനാണ്.
അദ്ദേഹത്തിനു വീടില്ലായിരുന്നു. കുടുംബമില്ലായിരുന്നു. ഒരർത്ഥത്തിൽ ഇന്നത്തെ സകല എസ്റ്റാബ്ലിഷ്മെന്റുകളെയും  അയ്യപ്പൻ നിരാകരിക്കുകയായിരുന്നു. കവിതയാണ്  പ്രാണവായു എന്ന് കരുതിയ അയ്യപ്പനു താമസിക്കാനും ആ വരികൾ തന്നെ അഭയം. ആ വരികളുടെ , ആ വരികൾ ഉണ്ടായി വരുന്നതിന്റെ ലഹരിയിൽ അയ്യപ്പൻ എല്ലാം മറന്നു.

ബലിഷിന്റെ വരികൾ:
വെള്ളം
വെള്ളത്തിന്റെ പ്രാണൻ അനേകം വാസസ്ഥലങ്ങളിലായി വീതിക്കപ്പെട്ടിരിക്കുന്നു
മാളം ഇല്ലാത്ത പാമ്പിന്
ഭൂമി മുഴുവന്‍ മാളം ഉണ്ടെന്നു പറഞ്ഞവന്‍-
വാറു പൊട്ടിയ പാദരക്ഷകള്‍ എന്‍റെ-
വാടക മുറിയില്‍ ഉപേഷിച്ചു പോയീ നീ.
നഗ്നപാതനായ് നടന്നു പോകുമ്പോഴും-
മുള്ളുകൊണ്ടു നൊന്തത്‌ ഞാനല്ലേ-
എന്നു പാടിയ ആത്മ മിത്രം .
സ്നേഹത്തിന്‍റെ ഏറ്റവും തീവ്രമായ ഭാഷ
പച്ചത്തെറികള്‍ ആണെന്നു പറഞ്ഞ സ്നേഹിതന്‍

മദ്യവും വിയര്‍പ്പും മണക്കുന്ന .
വിറക്കുന്ന ശരീരത്തോടു എല്ലാവരെയും
ചേര്‍ത്തു നിര്‍ത്തിയ മനുഷ്യന്‍.!

ഋഷി അല്ലാത്തവന്‍ കവി അല്ലെന്നാണ് ചൊല്ല്.
കവികള്‍ സ്വയം പറഞ്ഞു നടന്ന കള്ളകഥ.
ദൈവത്തെ പോലെ ഞെളിഞ്ഞു നടക്കുവാന്‍-
സൃഷ്ടിച്ച തട്ടിപ്പ്
തെരുവു തെണ്ടിയല്ലാത്തവന്‍ .
കവിയല്ലെന്നു തിരുത്തിയ കവി

ഓരോ വരിയും ഓരോ കവിതയാക്കിയ കവി
ഓരോ കവിതയും പല കവിതകളാക്കിയ കവി
വാക്കുകള്‍ കവിതയുടെ ഓരോ തുള്ളി.
ഒടുവില്‍ സമുദ്ര പ്രവാഹം ആകുന്ന കവിത

ഒരേ സമയം വൃത്താനുസാരിയും-
വൃത്ത ലംഘകനുമായ കവി.
മുന്‍ഗാമികള്‍ ഇല്ലാത്ത എഴുത്തുകാരന്‍.!

വ്യവസ്ഥിതികളോടു കലഹിച്ച-
കവിതയും ജീവിതവും കൈമുതലക്കിയവന്‍.!
അമ്പേറ്റു പിടയുന്ന പറവയെ പോലെ-
വേദനയുടെയും ,ദുരന്തത്തിന്‍റെയും .
പ്രവാചകനായവന്‍
സ്വയം വെട്ടയാടപെടുന്നവനായീ ഭൂമി -
മുഴുവന്‍ ഓടി നന്നാവന്‍

ദേശത്തുടി

പത്തനംതിട്ട ജില്ലയിലെ മുഴുവൻ കവികളെയും ഒരു സമാഹാരത്തിൽ അവതരിപ്പിക്കുകയാണ് 'ദേശത്തുടി 'എന്ന സമാഹാരത്തിലൂടെ അടൂർ ലെൻസ് ബുക്സ്.സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്.നൂറ്റി എൺപത്തിനാല് കവികളെ ഇതിൽ അണിനിരത്തിയിരിക്കുന്നു.എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ശക്തിഭദ്രനിൽ തുടക്കം.പുത്തങ്കാവ് മാത്തൻ തരകൻ, മൂലൂർ, സുഗതകുമാരി, വിഷ്ണുനാരായണൻ    നമ്പൂതിരി  തുടങ്ങി യുവകവികൾ വരെ ഇതിൽ അണിനിരക്കുന്നു.

രമേശൻ നായരും ചായയും
 

പത്തനംതിട്ടയിൽ ശ്രീകൃഷ്ണദാസ് മാത്തൂരിന്റെ 'ഫ്ലവർവേസ് എന്ന കവിതാ സമാഹാരത്തിന്റെ(മെലിൻഡാ ബുക്സ് , തിരുവനന്തപുരം) പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എന്നെയാണ്  ഏല്പിച്ചത്. ആ പുസ്തകത്തിനു അവതാരിക എഴുതിയതും ഞാൻ തന്നെ. പുസ്തകം പ്രകാശനം ചെയ്തത് കവി എസ് രമേശൻ നായരും.
ഞാനും രമേശൻ നായരും ഒരുമിച്ച് കാറിൽ എറണാകുളത്തേക്ക്  പോരുകയായിരുന്നു.
ഇടയ്ക്ക് ഞങ്ങൾ പെരുന്നയിൽ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി.അപ്പോഴാണ് അദ്ദേഹം ചായയുടെ രഹസ്യം വെളിപ്പെടുത്തിയത്.
''ഞാൻ ചായ ധാരാളം കുടിക്കും.ചായ കുടിച്ചാൽ പിത്തം ,വാതം കഫം എന്നീ ശല്യങ്ങൾ ഒഴിവായിക്കിട്ടുമെന്ന് അഷ്ടാംഗഹൃദയത്തിൽ നിന്നാണ് മനസ്സിലാക്കിയത്.'' -
അദ്ദേഹം പറഞ്ഞു.
തുടർന്ന് അദ്ദേഹം രണ്ടു ചായ വരുത്തി കഴിക്കുകയും ചെയ്തു.

AKSHARAJALAKAM

AKSHARAJALAKAM/