Monday, January 27, 2014

AKSHARAJALAKAM, LAKKAM 12, PAGE 2












 Everything comes to us that belongs to us if we create the capacity to receive it .
Rabindranath Tagore













 Sexually progressive cultures gave us literature, philosophy, civilization and the rest, while sexually restrictive cultures gave us the Dark Ages and the Holocaust.
Alan Moore, ഇംഗ്ലീഷ് എഴുത്തുകാരൻ


ആത്മീയവും കലാപരവുമായ എല്ലാ  അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു

 ഡച്ച് സംവിധായകനായ ജോർജ് സ്ലൂസറി(George Sluizer)ന്റെ ഒരു പ്രഭാഷണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അദ്ദേഹം പറയുന്നത് ഇതാണ്:ഈ മുതലാളിത്ത കാലത്ത് പണം മനുഷ്യനെ സ്വതന്ത്രമാക്കുകയല്ല, അടിമയാക്കുകയാണ് ചെയ്യുന്നത്.നമ്മുടെ ജീവിതരീതിയുടെ യുക്തിപരമായ പരിണാമമാണ്  ഈ ധാർമ്മിക തകർച്ച.അതുകൊണ്ട് ഈ അന്യവൽക്കരണത്തെയും ആശയരാഹിത്യത്തെയും ചെറുക്കാൻ നാം ശ്രമിക്കേണ്ടതല്ലേ?നാം ജീവിക്കുന്ന ഈ ലോകത്തെ വിമർശനാത്മകമായി കാണാനെങ്കിലും കഴിയുന്നുണ്ടോ?
കുടുംബങ്ങളും സമൂഹവും അടിച്ചേൽപ്പിക്കുന്ന ധാരണകളോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയുന്നു?

ഈ മൂല്യങ്ങൾ നമ്മുടേതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.വർഷങ്ങളായി നമ്മൾ ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു.ശാസ്ത്രയുക്തിയുടെ എല്ലാ മേഖലകളെയും  , ഭാവിയിൽ നമ്മുടെ തലച്ചോർ തള്ളിക്കളയും.ധാർമ്മിക ചിന്തകൾ, നന്മതിന്മകൾ എല്ലാം അപ്രത്യക്ഷമാകാൻ പോകുകയാണ്.
വ്യക്തിപരമായി,  അന്യരെ കൊല്ലാനായി അനേകം പേർ കടന്നു വരുകയാണ്. തേനീച്ചകളെ നോക്കൂ , അവ ഒരിക്കലും അയൽക്കാരെ കൊല്ലുന്നില്ല. എന്നാൽ അവ മടികൂടാതെ കൊല്ലും , അനേകം റാണിമാർ ഉണ്ടായാൽ!; ഇതു പക്ഷേ , വ്യക്തിപരമായല്ല, തേനീച്ചകളുടെ സമൂഹമായിരിക്കും ആ കൊല ഏറ്റെടുക്കുക.
അദ്ദേഹം ഇങ്ങനെ തുടരുന്നു:
One of the main questions I asked myself when writing this paper was: can we integrate religion, philosophy, arts and science? I doubt it. Science takes a much faster road than the other three, and soon science will take over all power. Probably, in the future, our brain will eliminate everything that is not connected to scientific knowledge. Moral concepts, the idea of good and evil for example, will alter or disappear.


ഇന്നു കല സൃഷ്ടിക്കേണ്ട ആവശ്യമേയില്ലെന്ന് സ്ലൂസർ . കാരണം ആരുടെയും അതിജീവനത്തിനു  കല വേണ്ടല്ലോ.
സർക്കാരുകൾ എന്തിനു കലയ്ക്കു വേണ്ടി പണം മുടക്കണം?
ആത്മീയവും കലാപരവുമായ എല്ല അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു. ഇപ്പോഴും ഇവയെല്ലാം നാമമാത്രമായി ജീവിച്ചിരിക്കുന്നത്, കുറച്ചുപേരെങ്കിലും ഈ വർദ്ധമാനമായ ഉപഭോഗാസക്തിക്കെതിരെ ചിന്തിക്കുന്നതുകൊണ്ടാണ്. ചിന്തിക്കുകയെന്നതാണ് നമ്മുടെ ആകെയുള്ള സമ്പാദ്യം. അത് ഒരു രാഷ്ട്രീയക്കാരനും നശിപ്പിക്കാനാവില്ല.

ക്ലാസിക്കൽ വിദ്യാഭ്യാസത്തിന്റെ സ്വഭാവം വച്ച് അതിനു ഇന്നത്തെ വേഗതയേറിയ സാങ്കേതിക വികാസത്തിന്റെയൊപ്പം നീങ്ങാനാവില്ല. ഇവയ്ക്ക് രണ്ടിനുമിടയിൽ വലിയൊരു വിടവുണ്ടായിട്ടുണ്ട്.ജീവിതം, മരണം, അനശ്വരത തുടങ്ങിയ വിഷയങ്ങളെപ്പറ്റി അന്തിമതീർപ്പു കൽപ്പിക്കുന്നതിനുള്ള ഒട്ടമല്ല വേണ്ടതെന്ന് സ്ലൂസർ പറയുന്നു. ഈ കാലത്തിനനുസരിച്ച് നാം ചിന്തകളെ പുനക്രമീകരിക്കണം.

ഉപദ്ധനിയുടെ കവിതാപതിപ്പ്
എൽ.വി.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഉപദ്ധ്വനി മാസിക ( upadhwani@yahoo.co.in, 9447439717)ഈ ലക്കം മലയാളകവിതാപതിപ്പാണ്.  കവിതാ രംഗത്ത് മുമ്പെങ്ങുമില്ലാത്ത ഒരു കവിപ്രവാഹം ഇന്നു ദൃശ്യമാണ്.എന്താണ് അതു നൽകുന്ന സൂചന?
ഇത്രയും കവികൾ , ഈ ദുഷിച്ച കാലത്ത് എങ്ങനെ മഹത്തായ ഒരു ആദർശത്തെ പ്രതിനിധീകരിക്കും?

ഈ ലോകം പൊതുവേ പ്രാകൃതവും ക്രൂരവുമായി പതഞ്ഞു പൊങ്ങുകയാണ്. എന്നാൽ അതിന്റെ ഉറവിടം തേടാനുള്ള ശ്രമം എങ്ങുമില്ല. വലിയ പാരായണത്തിലേക്കും ചരിത്രപരമായ അറിവിനുവേണ്ടിയുള്ള ആസക്തിയിലേക്കും നീങ്ങേണ്ട ഈ കാലം, പക്ഷേ വളരെ വ്യക്തിപരമായ വിലാപങ്ങളിൽ ഉടക്കി കിടക്കുകയാണ്.അവനവനോട് മാത്രം കവികൾ സംസാരിച്ചാൽ മതിയൊ?
 ഒരു പ്രപഞ്ച സംസാരവും സാമൂഹ്യമായ അപര്യാപ്തതകളെ പൂരിപ്പിക്കുന്നതിനുള്ള ആവേശവും കാണാനില്ല. എല്ലാവരും കവിത എഴുതുന്നത്, മാധ്യമപരമായ അന്വേഷണത്തിലേക്കു എത്തുന്നുണ്ടോ?
കവിത എന്ന മാധ്യമത്തിനു സംഭവിച്ച അർത്ഥച്യുതിയെപ്പറ്റി ആലോചനയുണ്ടോ?

കവിത ആ മാധ്യമത്തെതന്നെ പരിഹസിക്കുന്ന മുഹൂർത്തത്തെപ്പറ്റി അറിവുള്ളവരെ കാണാനില്ല. അവനവന്റെ വിഷമങ്ങൾ അവനവനോടു തന്നെ പറയുന്ന പ്രവണത വർദ്ധിച്ചിരിക്കുന്നു. ഒരു സ്വയം വിമർശനം ഇല്ല.
കവിത എന്ന മാധ്യമത്തിന്റെ അപര്യാപ്തത മനസ്സിലാക്കി അതിനു പരിഹാരം കാണാനുള്ള വായന പലരും വികസിപ്പിക്കുന്നില്ല. ഭാഷാപരമായ അറിവുപോലും വേണ്ട എന്നു ചിന്തിക്കുന്നവരുമുണ്ട്.
കവികൾക്കെല്ലാം ഒരേ അഭിപ്രായം വരുന്നത് ദുരന്തമാണ്. വ്യത്യസ്തത ഒരു വിധിയായി കൊണ്ടുനടക്കേണ്ടതുണ്ട്.
കവികൾ ഒരു സൈന്യമായി, ജാതിയായി, വർഗ്ഗമായി അധഃപതിക്കരുത്.അവർക്ക് സ്വാഭിപ്രായം തുറന്നു പറയാൻ കഴിയാത്ത ഒരു ഭീതിയുടെ  പരിസരം ഇന്നു നിലനിൽക്കുന്നു. സ്വന്തം അഭിപ്രായം പറഞ്ഞാൽ കവിക്കൂട്ടത്തിൽ നിന്നു , എഴുത്തുകാരുടെ കൂട്ടത്തിൽ നിന്നു പുറത്താക്കുമോ എന്നു ഭയന്നു ചിലരെല്ലാം എല്ലാറ്റിനെയും വാഴ്ത്തുകയാണ്.എല്ലാ സംരംഭങ്ങളെയും പിന്തുടർന്നു , ബലേ ഭേഷ് പറയുന്ന അല്പന്മാരും കുറവല്ല. ഇതു എങ്ങോട്ടാണ് നയിക്കുക?


മറ്റൊരു കവിയുടെ രചനയെ വിമർശിക്കാൻ ധൈര്യമില്ലാത്തവർ , എഴുത്തുകാരുടെ കൂട്ടത്തിൽ പോയി  പേടിച്ചു നിന്നശേഷം അതിനു പുറത്തുള്ളവരെ വെറുതെ  ഉടുക്കുകൊട്ടി ഭയപ്പെടുത്താൻ നോക്കുകയാണ്. ഇവിടെയാണ് ഉപദ്ധനി ഇരുനൂറോളം കവികളെ ഒരൊറ്റ വാല്യത്തിലാക്കി നമുക്കു തരുന്നത്.
വലിയ കാര്യമാണ്. നിസ്വാർത്ഥമായ കർമ്മം. ഇതിൽ ഇന്ദിരാ അശോക് എഴുതിയ ഒരു കവിതയിലെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട്  ഈ കുറിപ്പ് ചുരുക്കുന്നു:
വരിയായ്  വന്നു പൂർവ്വികർ
വാക്കു നൽകുന്നു ഗോത്രങ്ങൾ
അണപൊട്ടുന്ന ഗദ്ഗദം
മൈതാന പ്രസംഗമായി
കുടിനീരിന്റെ മാഹാത്മ്യം
ഗംഗയെന്നു സങ്കൽപ്പിച്ചു
കുടിക്കും ജലമാത്രമായാൽ
ഞരമ്പും നദിയാകണം
മറുതീരം കടക്കണം
അവസാനത്തെ ദാഹത്തിൽ
രുചിപോലുമറിയണം


 സാർത്ഥകം ന്യൂസ്
ബംഗ്ളൂരിൽ നിന്ന് ഇന്ദിരാ ബാലന്റെ  പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന  സാർത്ഥകം (newssaarthakamblr@gmail.com)കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വിജയിക്കുന്നു.
സാഹിത്യ സാംസ്കാരിക വാർത്തകൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ദ്വൈമാസ പത്രമാണിത്.
ജനുവരി-ഫെബ്രുവരി ലക്കത്തിൽ  ഡോ.ഉഷാബാലകൃഷ്ണന്റെ രാമായണചിന്തയും, ഉണിക്കൃഷ്ണൻ ചെറുതുരുത്തിയുടെ  സൂചീമുഖി എന്ന കവിതയും, സച്ചിദാനന്ദനുമായി രവികുമാർ തിരുമല നടത്തിയ അഭിമുഖവും ശ്രദ്ധേയമായി.


ഡോ.ഷിൽജിയുടെ 'മാറ്റം അനിവാര്യം' എന്ന ലേഖനം കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യപരിപാലനത്തിൽ കരുതേണ്ട വസ്തുതകൾ ഇങ്ങനെ വിവരിക്കുന്നു:
1)ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുക.ബ്രാഹ്മമുഹൂർത്തം എന്നാൽ ബ്രഹ്മാവിനെ സ്മരിക്കാനും ബ്രഹ്മം അതായത് ജ്ഞാനം അഭ്യസിക്കാനും ഉള്ള സമയം എന്നാണ്  അർത്ഥം.
2)ഭഗവാനെ സ്മരിച്ച് ഉണർന്ന ഉടനെ മലമൂത്രാദികൾ വിസർജിച്ച് പുറത്തു കളയുക.ഈ മലഭാഗങ്ങൾ ശരീരത്തിൽ നിന്ന് പുറത്തുകളയാതെ വേറെയൊരു ജോലിയും ചെയ്യരുത്.
3)രണ്ടു നേരവും പല്ല് തേയ്ക്കണം
4)ശുദ്ധജലത്താൽ മുഖം കഴുകക.
5)സൂര്യദർശനം; ഉദിച്ചുവരുന്ന സൂര്യരശ്മികൾ വളരെ ആരോഗ്യദായകമാണ്.
6) വ്യായാമം ചെയ്യുക.നെറ്റിത്തടം വിയർക്കുമ്പോൾ വ്യായാമം ചെയ്യുന്നത് നിർത്തുക.

വേഡ് ഡേവിസ്

കനേഡിയൻ നരവംശശാസ്ത്രജ്ഞനായ എഡ്മണ്ട് വേഡ് ഡേവിസിന്റെ ഒരു പ്രസ്താവമുണ്ട്.
നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ പ്രതിനിധാനം ആണെന്നു പറയുന്നത് ശരിയാണോ?
അദ്ദേഹം പറയുന്നത് ഇതാണ്:നമ്മൾ ജനിച്ച ലോകം യാഥാർത്ഥ്യത്തിന്റെ ഒരു മാതൃക  മാത്രമാണ്.മറ്റു ലോകങ്ങൾ എല്ലാം പരജയപ്പെട്ട ശ്രമങ്ങളല്ല;
മനുഷ്യചേതനയുടെ അതുല്യമായ പ്രകടനങ്ങളായി അവയെ നോക്കികാണാനുള്ള വിശാലതയും ആഴവും നമുക്കു വേണം.

സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ 'തന്മ'യിൽ.
കോഴിക്കോട് സാമൂതിരി രാജാവ് വിജ്ഞാന സദസ്സ് പുനരുദ്ധരിച്ചപ്പോൾ അഴീക്കോടിനെ മുടക്കം കൂടാതെ പ്രഭാഷണത്തിനു വിളിക്കുമായിരുന്നു.

എന്നാൽ ആറാം തവണ ,അദ്ദേഹം  ചെയ്ത പ്രഭാഷണത്തിൽ യാഗം അസംബന്ധമാണെന്ന് സ്ഥാപിച്ചുകൊണ്ട് , ഉപനിഷത്തിൽ നിന്ന് പട്ടികളുടെ കഥ പറഞ്ഞു.പട്ടികൾ തങ്ങൾക്ക് വിശക്കുന്നു എന്നു പറഞ്ഞുകൊണ്ട് യാഗശാലയിൽ ചെല്ലുന്ന ഭാഗമാണത്.യാഗത്തിനപ്പുറത്ത് ചിന്തയ്ക്കും ദർശനത്തിനുമാണ് പ്രാധാന്യം .മതത്തിൽ നിന്ന് ലഭിക്കുന്ന ദർശനം മനുഷ്യനെ സദ്പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തമാക്കും.എന്നാൽ ഈ പ്രഭാഷണത്തിനു ശേഷം അദ്ദേഹത്തെ വിളിച്ചിട്ടില്ല.
ഇതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതാണ്:തത്ത്വമസി എഴുതിയതിനുശേഷം ,എന്നെ പുറത്താക്കിയതിലൂടെ സത്യത്തിനു വന്നുഭവിച്ച അപചയം  ഇവിടെ എത്ര വലുതാണ് എന്ന് നാം കാണുകയാണ്.സംസ്കൃതവും ഈ രാജ്യത്തിന്റെ പ്രാചീന സംസ്കാരവും യഥാർത്ഥത്തിൽ എന്താണ് എന്ന് ചൂണ്ടിക്കാണിക്കുമ്പോൾ , തീർച്ചയായും ഇവിടെ ഉണർന്നെഴുന്നേൽക്കുന്ന അന്ധകാരത്തിന്റെ ശക്തികൾ ഇന്നും എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.

മുറിവ്

സ്നേഹത്തിൽനിന്നേറ്റ മുറിവ് ഉണങ്ങുകയില്ല;പ്രണയത്തിൽനിന്നേറ്റ മുറിവ് അടുത്ത ജന്മത്തിലും അവതരിക്കും

സേവ്യർ ജെ

സേവ്യർ ജെയുടെ നാലാമത്തെ നോവൽ ശൈലികൊണ്ടും ഭാഷാവിശുദ്ധികൊണ്ടും മികച്ചു നിൽക്കുകയാണ്.അദ്ദേഹം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് നോവൽ എഴുതുന്നത് സാഹസമാണ്.യാഥാർത്ഥ്യത്തിന്റെ ചിത്രീകരണത്തിൽ സ്വാതന്ത്ര്യം കിട്ടുകയില്ല. മറ്റൊരാളുടെ നിലപാടുകൾ ശരിവയ്ക്കേണ്ടിവരും. സേവ്യർ ഇതെല്ലാം സഹിച്ച് എഴുതിയ 'വെയിലിലേക്ക് മഴ ചാഞ്ഞു' എന്ന നോവൽ , സ്വതന്ത്രകൃതി എന്ന നിലയിൽ തന്നെ പ്രസക്തി നേടുകയാണ്.പത്രപ്രവർത്തക ലീലാമേനോന്റെ ജീവിതത്തെ ആധാരമാക്കികൊണ്ട് , ഒരു നോവൽകലാകാരന്റെ ആന്തരികസമസ്യയും ആഖ്യാനസുഖവും സേവ്യർ ഇതിലൂടെ നേടി എന്നു ഞാനറിയുന്നു.
നവാഗതരായ 'ബുക്കർമാൻ'(കൊച്ചി) ആണ്  പ്രസാധകർ.ഫോ:0484 2335622, 9446003750,

ഇ  പുസ്തകം

സുലോച് സുലോ സമാഹരിച്ച     ഈ പുസ്തകത്തിൽ ചിലരുടെ കവിത ഉൾപ്പെടുത്തിയത് തെറ്റ്, മറ്റു ചിലരുടെ രചന ഉൾപ്പെടുത്താമായിരുന്നു എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല.കാരണം ഈ മേഖലയിൽ മിക്കവാറും പേരും നവാഗതരാണ്.അവരിൽ കുറെപ്പേർക്ക് ഒരു പ്രകാശനം  കിട്ടട്ടെ. ബാക്കിയുള്ളവരെ തുടർ ലക്കങ്ങളിൽ ഉൾപ്പെടുത്താവുന്നതേയുള്ളു.  ഇ കവിതകളിൽ നിന്നാണ് അനിൽ കുറ്റിച്ചിറയുടെ 'ശീർഷകമില്ലാതെ' ലഭിച്ചത്.
ഒരു കവിയുടെ പരീക്ഷണം ഇതിൽ കണ്ടു.നമുക്ക് പരിചിതമായ സംഭവങ്ങളിൽ നിന്ന് അദ്ദേഹം മറ്റൊരു നാടകം കണ്ടെത്തുന്നു.





പണ്ടെന്നോ ചിലർ
കഴുത്തു ഞരിച്ച് കൊന്ന
ഈർച്ച മില്ലിന്റെ
കാടു മൂടിയ പണിത്തട്ടിലാണ്
സ്വാതന്ത്ര്യ സമരമെന്ന
ഞങ്ങളുടെ നാടകം

ഇരുമ്പ് തിന്ന ഈർച്ച -
വാളുകൾക്കും
സമാധിയിലായ
യന്ത്രങ്ങൾക്കുമിടയിൽ
ചിതലുകൾ ബാക്കിവച്ച
മരപ്പെട്ടികളിൽ
വാഗണ്‍ട്രാജഡി

ദണ്‍ഡി  യാത്ര നീണ്ടു -
ചെല്ലുന്നിടത്ത്
ഇളകിയാടുന്ന
ശീമകൊന്നകൾ
തോളൊപ്പമുയരുന്ന
തിരമാലകളാവും

സഹന സമരം തുടക്കത്തിലേ
ഉപേക്ഷിച്ച് ,ഒളിപ്പോരിൻ
മാതൃകകൾ
പരീക്ഷിക്കും

2
അന്തിയാകും മുമ്പേ
കസ്തൂർബയേയും  കൂട്ടി
കുഞ്ഞാങ്ങള ജിന്ന -
വയൽ  കടന്നു മാഞ്ഞാൽ
ഞങ്ങൾ
ചീട്ടുകളി  തുടങ്ങും

ഗാന്ധിയുടെ കൈകളിലേക്ക്
നെഹ്‌റു ഒളിഞ്ഞു നോക്കും
പട്ടേലിന്റെ കള്ളക്കളി
ബോസ്   കണ്ടെത്തി
കശപിശയാകും

എന്നും ജയിക്കുന്നവർക്ക് നേരെ
ഓലക്കണ്ണടയിലൂടെ
ഗാന്ധി
ചരിത്രത്തിലില്ലാത്ത
 നോട്ടമെറിയും

കളിയറിയാത്ത
ഗോഡ്സേ മാത്രം
സാരേ ജഹാംസെ എന്നു
നിലാവിലേയ്ക്ക്
 മന:പാഠം ചൊല്ലും

ചരിത്രത്തിൽനിന്ന്
വർത്തമാനത്തിലേക്ക്‌
 നീളുന്ന ഞങ്ങളുടെ
 കളികൾക്ക് മേൽ
ചൂരലുകൾ ഉയർന്നു താഴും
പാരതന്ത്ര്യ ത്തിൻ
അടയാളങ്ങൾ
തുടകൾ തോറും
തിണർത്തു പൊന്തും

മുതിർന്നവരെ
ബ്രിട്ടനാക്കി
പിറ്റേന്നും അതേ നാടകം
അതേ വാഗണ്‍ട്രാജഡി
അതേ ദണ്‍ഡി  യാത്ര....

കൂട്
കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടി പ്രസിദ്ധീകരിച്ച നല്ലൊരു മാസിക കണ്ടു: കൂട്.
പത്രാധിപർ മുരളീധരൻ വി .

മനോഹരമായ ചിത്രങ്ങളും അച്ചടിയും പഴയ സോവിയറ്റ് ലാൻഡ് മാസികകളെ അനുസ്മരിപ്പിച്ചു. ഈ ലക്കത്തിൽ സി ആർ നീലകണ്ഠൻ, ഡോ.പി.എസ് ഈശ, ഡോ എ അച്യുതൻ, ടി.പി.പത്മനാഭൻ, ഡോ. .വി.എസ്.വിജയൻ, ഡോ.ഉണ്ണികൃഷ്ണൻ പുളിക്കൽ, മോഹൻ തോമസ് , തുടങ്ങിയവർ എഴുതിയിരിക്കുന്നു.  കടൽ കടന്നെത്തുന്ന പക്ഷികൾ, കരടികൾ നേരിടുന്ന പ്രശ്നങ്ങൾ, ലഡാക്കിന്റെ പ്രകൃതി ഭംഗി, പീച്ചിയിലെ ഇലപൊഴിയും കാടുകൾ തുടങ്ങിയ വിഷയങ്ങൾ നല്ലൊരു വായനയ്ക്ക് ഉപകരിക്കും.
വിലാസം: കൊരട്ടി, പി.ഒ. തൃശൂർ- 680308ഫോ:9495504602

ലക്കം ഒന്ന്  ഇവിടെ വായിക്കാം

AKSHARAJALAKAM

AKSHARAJALAKAM/