Monday, March 27, 2017

എഴുത്തുകാരന്റെ മനസ്‌


എം.കെ.ഹരികുമാർ

    ഇന്നത്തെ ഏത്‌ നോവലിസ്റ്റിനും ഒരു ബാധ്യതയുണ്ട്‌. അത്‌ സ്വന്തമായി ഒരു രൂപം നിർമ്മിക്കുക എന്നതുതന്നെയാണ്‌. "ഞാൻ നോവലെഴുതാൻ പോകുകയാണ്‌. പക്ഷേ, അതിന്റെ രൂപം പണ്ട്‌ ഉറൂബ്‌ ഉണ്ടാക്കിയതു തന്നെയാണ്‌." എന്നു പറഞ്ഞുകൊണ്ടുവരുന്നവരുണ്ട്‌. അവരുടെ കൃതികൾ തനിയാവർത്തനങ്ങളുടെ ദുർഗന്ധം വമിപ്പിച്ചുകൊണ്ട്‌ പുസ്തകമേളകൾ വരെ എത്തിയെന്നിരിക്കും. അതിനപ്പുറം അതിന്‌  സാംഗത്യമില്ല. നോവലിന്‌ ഏറ്റവും പ്രിയപ്പെട്ടത്‌ രൂപമാണ്‌. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ജോൺ മുല്ലന്റെ (John Mullan)ന്റെ ഒരു പ്രസ്താവന ഇങ്ങനെയാണ്‌: the novel acknowledged its novelty as a type of writing. നോവൽ വ്യത്യസ്തമായ ഒരു രചനാരീതിയാണ്‌. ഒരാളാണ്‌ അതെഴുതുന്നതെങ്കിലും അതിൽ പലർ ഉണ്ടെന്ന്‌ തോന്നും. പല കഥാപാത്രങ്ങളായി നോവലിസ്റ്റിന്‌ ചിതറി നിൽക്കേണ്ടി വരും. അതിനേക്കാൾ പ്രധാനം നോവലിലെ പ്രകൃതിയെ ഇതിനു ഇണങ്ങുന്ന വിധം നിർമ്മിക്കുക എന്നതാണ്‌. നോലിലെ പ്രകൃതി ജീവനുള്ളതുപോലെ സംസാരിക്കുന്നത്‌ ആർക്കുവേണ്ടിയാണ്‌. അത്‌ നോവലിസ്റ്റ്‌ എന്ന വ്യക്തിയുടെ ആവശ്യമല്ല. അയാളുടെ വ്യക്തിത്വത്തിന്റെ അനിവാര്യഘടകമാകണമെന്നില്ല. നോവൽ എഴുതുമ്പോൾ ഒരാൾ തന്റെ തന്നെ വൈരുദ്ധ്യങ്ങളെയും വിരുദ്ധസ്വഭാവങ്ങളുടെ സംഘർഷങ്ങളെയും തന്നിൽ നിന്ന്‌ ഒഴിപ്പിച്ചെടുക്കാനാണ്‌ ശ്രമിക്കുന്നത്‌. അനേകം പേർ ഒരുമിച്ച്‌ സംസാരിച്ചാൽ അയാൾ വേറെന്ത്‌ ചെയ്യും?
    നോവലിന്റെ ആവിർഭാവം കവിതയുടെ മരണത്തിൽ നിന്നാണ്‌. ഒരു മാധ്യമത്തിലുമുൾക്കൊള്ളാൻ പറ്റാത്ത കവിത അന്തരീക്ഷത്തിലുണ്ട്‌. ആ കവിതയെ നോവലിസ്റ്റ്‌ തേടിപ്പിടിക്കാൻ ഉത്തരവാദപ്പെട്ടവനാണ്‌. അതേസമയം കവിതയുടെ ബാഹ്യമായ രൂപവും അതിന്റെ ഭാഷയും ഇന്ന്‌ സ്ഥാപനവത്ക്കരിക്കപ്പെടുകയോ മുൻവിധിയോടെ നിലയുറപ്പിക്കുകയോ ചെയ്യുകയാണ്‌. കവിതയുടെ ഭാഷ പതിറ്റാണ്ടുകൾക്ക്‌ മുൻപുതന്നെ ഒരു പ്രയോഗരീതിയായി ചുരുങ്ങിപ്പോയി. ആളുകൾ നേരത്തേ തന്നെ വിചാരിച്ചതാണ്‌ കവി എഴുതുന്നതെന്ന്‌ പറയേണ്ടി വരുന്നു. ആ മാധ്യമത്തിൽ പുതുതായി ഒന്നും തന്നെ പറയാനോക്കില്ല. അതിൽ എന്ത്‌ തന്നെ പറയാൻ ശ്രമിച്ചാലും, അത്‌ ആവർത്തനവിരസമായ ഒരു ഭാഷയോ വിചാരമോ, ഭാവനയോ ആയി മാറും. ഇത്‌ യൂറോപ്യന്മാർ നേരത്തെ മനസിലാക്കിയതുകൊണ്ടാണ്‌ അവർ നോവൽ എന്ന രൂപം കണ്ടുപിടിച്ചതു. സാഹിത്യചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവം നോവലിന്റെ കണ്ടുപിടിത്തമാണ്‌. നോവൽ പുതിയ കാര്യങ്ങളാണ്‌ വിനിമയം ചെയ്തത്‌. മുമ്പൊരിക്കലുമുണ്ടാകാത്ത സാഹചര്യങ്ങൾ നോവൽ എന്ന കലയിൽ വന്നു. നോവൽ പുതിയതാണ്‌. അല്ലെങ്കിൽ പുതിയതാകണം. വളരെ പ്രശസ്തമായ ഒരു നോവലിന്റെ രൂപം അല്ലെങ്കിൽ കഥപറച്ചിൽ രീതി പൈന്തുടരാൻ പുതിയ നോവലിസ്റ്റിന്‌ അവകാശമില്ല. അങ്ങനെ ചെയ്യുന്നവരാണ്‌ അധികവും. അങ്ങനെ ചെയ്താൽ അതിന്‌ നോവൽ എന്ന കലയിൽ സ്വതന്ത്രമായ നിലനിൽപ്പില്ല. നിലവിലുള്ള ഒരു രൂപം കടമെടുത്ത്‌ താനും ഒരെണ്ണം തല്ലിക്കൂട്ടി എന്ന സമാധാനിക്കാനേ നിവൃത്തിയുള്ളൂ. ഒരു നോവലിന്‌ അതിന്റെ ഗണത്തോട്‌ പോലും പ്രതിബദ്ധതയില്ല. കാരണം അത്‌ പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഇന്ന്‌ സാമ്പ്രദായിക നോവലുകൾ, ആ ശാഖയ്ക്കുതന്നെ ചീത്തപ്പേരുണ്ടാക്കുന്നു. അനുകരണം മാത്രമാണ്‌ നോവലിൽ സംഭവിക്കുന്നതെങ്കിൽ, ആ പദം പോലും അർത്ഥശൂന്യമാകും. അതുകൊണ്ട്‌ നോവൽ എഴുതുക എന്നാൽ പുതിയ രൂപം കണ്ടെത്തുക എന്നതാണർത്ഥം. പുതിയ സാഹിത്യരൂപം ഉണ്ടാകുന്നത്‌ എന്തായാലും, അത്‌ നോവലായിരിക്കും. ഭാവിയിലെ സാഹിത്യരൂപത്തെപ്പോലും സ്വാംശീകരിക്കാൻ നോവലിനു കഴിയും.
    നോവൽ നമ്മുടെ ചരിത്രത്തെയും ചരിത്ര വ്യക്തിത്വങ്ങളെയും ഭാവനകൊണ്ട്‌ പരിഹരിക്കുകയും വികസിപ്പിക്കുകയുമാണ്‌ ചെയ്തത്‌. യഥാർത്ഥ ക്രിസ്തുവിനെ തേടുകയായിരുന്നല്ലോ ടോൾസ്റ്റോയി. അദ്ദേഹം സഭയ്ക്ക്‌ ഇണങ്ങിപ്പോകുന്നതിൽ സന്തോഷം കണ്ടില്ല. വേദപുസ്തകം വായിച്ച ടോൾസ്റ്റായി പുതിയൊരു മനുഷ്യനെ അതിൽ ദർശിച്ചു. യുദ്ധവും സമാധാനവും, അന്നാകരേനിന തുടങ്ങിയ കൃതികൾ ടോൾസ്റ്റായി ബൈബിൾ വായിച്ചതിന്റെ ഫലമായി ഉണ്ടായതാണ്‌. സ്വന്തം നിലയ്ക്ക്‌ ഒരു പുസ്തകത്തെ എങ്ങനെ അപനിർമ്മിക്കണമെന്ന ചിന്ത എഴുത്തുകാരന്‌ പ്രധാനമാണ്‌. ക്രിസ്തീയതയുടെ ചരിത്രത്തിലേക്ക്‌ ടോൾസ്റ്റോയി പ്രവേശിച്ചതു, ലോകചിന്തയിൽ പുതിയൊരു അദ്ധ്യായത്തിനുതന്നെ കാരണമായി. ദസ്തയെവ്സ്കിയുടെ 'കരമസോവ്‌ സഹോദരന്മാർ' വളം സ്വീകരിച്ചിരിക്കുന്നത്‌ ബൈബിളിൽ നിന്നാണ്‌. ബൈബിളിനെ വിമർശിക്കുകയും അതിനെ ന്യായീകരിക്കുകയുമാണ്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌. ഒരു ജീനിയസ്‌ ചരിത്രത്തിൽ കയറിയാൽ, പിന്നീട്‌ ആ ചരിത്രം അങ്ങനെയായിരിക്കില്ല. സമൃദ്ധമായ വീക്ഷണ വ്യതിയാനം സംഭവിക്കും. യഥാതഥമെന്ന്‌ നാം വീക്ഷിച്ചുപോരുന്ന മഹാഗ്രന്ഥങ്ങളോ ചരിത്രപുരുഷന്മാരോ അങ്ങനെയൊന്നുമല്ലെന്ന്‌ നോവലിസ്റ്റിന്‌ വിളിച്ചുപറയാതിരിക്കാനാവില്ല. യാഥാർത്ഥ്യത്തിനകത്ത്‌ മറ്റൊരു യാഥാർത്ഥ്യത്തെ കാണാതിരിക്കാൻ ആ എഴുത്തുകാരന്‌ കഴിയില്ല. ലോകം എങ്ങനെയാണ്‌, അതിനെ സൃഷ്ടിച്ച വ്യക്തികളെ, വസ്തുതകളെ കണ്ടുകൊണ്ടിരിക്കുന്നതെന്ന്‌ പറയുകയല്ല; താൻ എങ്ങനെയാണ്‌ അവയിൽ പ്രവേശിച്ചതെന്ന സത്യസന്ധമായി വെളിവാക്കുകയാണ്‌ നോവലിസ്റ്റ്‌. കസന്ദ്സാക്കിസ്‌ ഉദാഹരണം. ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ്‌, മറ്റൊരുതരം അറിവായി അദ്ദേഹം ഉൾക്കൊള്ളുന്നു. വെറുതെ ബൈബിൾ കഥകൾ സ്ഥൂലമായി വിവരിക്കുന്ന വിരുതന്മാരെ കണ്ടിട്ടുണ്ട്‌. അവർക്ക്‌ സൃഷ്ടിപരമായ സിദ്ധികളില്ലാത്തതുകൊണ്ട്‌, ബൈബിൾ കഥകൾ അതേപടി എടുത്ത്‌ ചേർക്കുകയാണ്‌ പതിവ്‌. ഭാഷ മാത്രമാവും മാറുന്നത്‌. ഒരു സർഗാത്മക കലാകാരന്‌ യഥേഷ്ടം കയറി ഭാവനയിലൂടെ പുനർജനിക്കാൻ കഴിയണം. കസന്ദ്സാക്കിസ്‌ ബൈബിളിൽ പ്രവേശിച്ചപ്പോൾ കുരിശിനുപോലും തളിരിലകളുണ്ടായി. അത്‌ ശരിക്കും ഒരു മരമായി, ടോൾസ്റ്റോയി ബൈബിളിനെ തൊട്ടപ്പോൾ അദ്ദേഹത്തിന്റേതെന്ന്‌ പറയാവുന്ന മറ്റൊരു മതം ഉണ്ടായി. ഒരു എഴുത്തുകാരന്‌ സ്വാതന്ത്ര്യംപോലും ചിലപ്പോൾ അസുഖകരമാകും. അപ്പോൾ പാരതന്ത്ര്യത്തിന്റെ കാര്യം പറയാനുണ്ടോ?
    നോവലിസ്റ്റ്‌ കഥ പറയില്ലെന്ന്‌ വാശിപിടിച്ചാലോ? അങ്ങനെ ചെയ്യുന്നവരുണ്ട്‌. ചിലർ അതുകൊണ്ട്‌ നോവൽ എങ്ങനെ എഴുതും എന്നതിനെക്കുറിച്ച്‌ നോവൽ എഴുതും. ഇതാണ്‌ ​‍ാലമേളശരശ്​‍ി. metafiction. Lawrence Sterne ന്റെ Tristan Shandy ഈ ഗണത്തിൽപ്പെടുന്നു. വായനക്കാരനും എഴുത്തുകാരനും ചേർന്ന്‌ ഒരു കഥ പറയാൻ ഗോ‍ൂഢാലോചന നടത്തുകയാണെന്ന തോന്നൽ ജനിപ്പിക്കാൻ ഇത്തരം നോവലുകൾക്ക്‌ കഴിയുന്നു. ഇറ്റാലോ കാൽവിനോയുടെ  It on a winter's night a traveller  എന്ന നോവൽ ഓർക്കുക.
    എഴുത്തിന്റെ രീതിയൊക്കെ മാറി. ഇതൊന്നുമറിയാതെ, ചിലർ പഴകി, വക്കുപൊട്ടിയ ഭാഷയിൽ കവിതകളും നോവലുകളും എഴുതി തകർക്കുകയാണ്‌. കവിതയുടെ മരണം എന്ന്‌ പറയുന്നത്‌, ലക്ഷക്കണക്കിനു കവികൾ ഉണ്ടായി എന്നിടത്ത്‌ മാത്രമല്ല; അത്‌ ഒരു നിലവാരപ്പെടലിനു വിധേയമായി എന്നിടത്താണ്‌. ഏത്‌ തോന്നലും കവിതയായപ്പോൾ, ആ മാധ്യമത്തിനു പ്രത്യേകിച്ചൊരു ധർമ്മവും ഇല്ലാതായി. കവിത ആരെയാണോ വിമർശിക്കുന്നത്‌, അല്ലെങ്കിൽ എതിർക്കുന്നത്‌, അവർതന്നെ കവിതയുമായി വരുകയാണ്‌. ചെമ്മനം ചാക്കോ കുറേ രാഷ്ട്രീയക്കാരെ വിമർശിച്ചു. ആ രാഷ്ട്രീയക്കാരൊക്കെ ഇപ്പോൾ കവികളായി തിരിച്ചെത്തി ചെമ്മനത്തെ മലർത്തിയടിച്ചിരിക്കുന്നു. ഹാസ്യ കവികളുടെ ഇടം, അതിന്റെ ഇരകൾ തന്നെ കയ്യടക്കിയിരിക്കുന്നു. അങ്ങനെ കവികളുടെ ഇടവും പ്രസക്തിയും പരസ്പരം പോരടിച്ചു നിൽക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു.
    എന്റെ 'ശ്രീനാരായണായ' എന്ന നോവൽ, പുതിയ രൂപത്തെ അന്വേഷിക്കുന്നതിന്റെ ഭാഗമാണ്‌. പതിനഞ്ച്‌ എഴുത്തുകാർ ഒരു സ്പേഷ്യൽ പതിപ്പിനുവേണ്ടി രചനകൾ സംഭാവന ചെയ്യുന്നതിൽ നിന്നാണ്‌ രൂപം ഉണ്ടായിരിക്കുന്നത്‌. ഇന്ന്‌ നമ്മുടെ സാഹിത്യത്തിൽ ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്‌
ഏറ്റവും യാഥാസ്ഥിതികമായ സദ്സംഗവും പ്രഭാഷണവും സംഭവിക്കുന്നത്‌. ഒരു സർഗപ്രക്രിയയുടെ നേരിയ അടയാളംപോലും ഗുരുവിനെക്കുറിച്ചെഴുതുന്ന കൃതികളിൽ കാണാനില്ല. കെ.സുരേന്ദ്രന്റെ 'ഗുരു' തിരുവിതാംകൂറിലെ ഈഴവസ്ത്രീകളുടെ ജീവിതമായി തരം താണു. മറ്റൊരാൾ 'നാരായണം' എന്ന പേരിൽ ഗുരുവിന്റെ 'ആദ്യരാത്രി' അശ്ലീലമായി വിവരിച്ച്‌ നാണംകെട്ടു. സൃഷ്ടിപരമായി എഴുതാൻ അറിയാത്തതുകൊണ്ടാണ്‌ ഈ വീഴ്ചപറ്റിയത്‌. ഒരു കലാകാരന്റെ റോൾ ഇവിടുത്തെ മിക്ക എഴുത്തുകാർക്കും അറിയില്ല. അവർ പേനയെടുക്കുന്നതിനു മുന്നേ അടിമകളായി മാറുകയാണ്‌.

എഴുത്തുകാരനും മീനും


എം.കെ.ഹരികുമാർ
    എഴുത്തുകാരൻ തന്റെ പുസ്തകത്തെ ചത്ത മീനിനെപ്പോലെ കാണണം. മീൻ കുറേ സമയം കഴിഞ്ഞാൽ ചീഞ്ഞുപോകും. അതുകൊണ്ട്‌ ചീയുന്നതിനു മുമ്പ്‌ മീൻ വിറ്റുതീർക്കുന്നവനാണ്‌ നല്ല കച്ചവടക്കാരൻ മീൻ വിൽക്കാൻ നല്ല സമയം രാവിലേയും വൈകിട്ടുമാണ്‌. ഇപ്പോൾ പിടിച്ചുകൊണ്ടുവന്നതാണ്‌ എന്ന്‌ തോന്നിപ്പിക്കാൻ ഈ സമയമാണ്‌ നല്ലത്‌. അതറിയാത്തവൻ നട്ടുച്ചയ്ക്ക്‌ മീനും കൊണ്ടുവരും; പരാജയപ്പെടും. എഴുത്തുകാരൻ വിമർശകനാണോ നോവലിസ്റ്റാണോ എന്നൊക്കെയുള്ള ചോദ്യം ബാലിശമാണ്‌. മലയാളത്തിന്റെ ഇത്തിരിവട്ടത്തിൽ ചിന്തിക്കുന്നവരാണ്‌ ഒരാൾ ഏതെങ്കിലുമൊരു മാധ്യമത്തിൽ മാത്രം തളംകെട്ടി കിടക്കണമെന്ന്‌ പറയുന്നത്‌. കൂടുതൽ പ്രതിഭയുള്ളവർ ഒന്നിലധികം രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിക്കാവുന്നതാണ്‌. പ്രമുഖ നിരൂപകനായ സൂസൻ സൊണ്ടാഗ്‌, ജോർജ്‌ സ്റ്റീനർ തുടങ്ങിയവർ നിരൂപണത്തിലും കഥാസാഹിത്യത്തിലും ഒരുപോലെ പ്രവർത്തിച്ചവരാണ്‌. നോവലിസ്റ്റ്‌ ഒർഹാൻ പാമുഖ്‌ ണല്ലോരു നിരൂപകനാണ്‌. പ്രസിദ്ധ കഥാകാരൻ ബോർഹസ്‌ വലിയ ചരിത്ര ചിന്തകനും വിമർശകനുമാണ്‌. എലിയറ്റ്‌ കവിയും നിരൂപകനുമാണ്‌. തത്ത്വചിന്തകനും സംഗീതചിന്തകനുമായ തിയോഡർ അഡോർണോ വിമർശകനുമാണ്‌. ഒരു പ്രതിഭയ്ക്ക്‌, ഉള്ളിൽ നിന്ന്‌ ശാഖികൾ പുറത്തെടുക്കാൻ വിവിധ മാധ്യമങ്ങൾ ആവശ്യമാണ്‌. ഇന്നത്തെ ബോധത്തിന്റെ സ്വഭാവം നോക്കിയാൽ ഒരു മാധ്യമത്തിൽ തന്നെ ഒതുങ്ങുന്നതാണ്‌ അപരിഷ്കൃതത്വം. അയാളുടെ കയ്യിലുള്ള വിഭവം പരിമിതമാണെന്ന സൊ‍ാചനയാണിത്‌ തരുന്നത്‌.
    നിരൂപകനാകാൻ വെറും പ്രചോദനം മാത്രം മതിയാവുകയില്ല. ഓരോ സാഹിത്യകൃതിയും പ്രവണതയും എന്താണ്‌ പ്രതിനിധീകരിക്കുന്നതെന്ന്‌ വിവേചിച്ചറിയാൻ കഴിയണം. നമ്മുടെ സാംസ്കാരിക രംഗത്തുള്ള ബഹുഭൂരിപക്ഷത്തിനും നിരൂപക മനസില്ല. വേർതിരിച്ച്‌ മനസിലാക്കാൻ കഴിവില്ലാത്തതു കൊണ്ട്‌ ഏത്‌ കൃതികണ്ടാലും ഉത്തമമാണെന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ചവർ ചവറായിട്ട്‌ കാണാനുള്ള ബോധം വേണം. അവാർഡുകളിലൂടെയല്ല മൂല്യനിർണയം ഉണ്ടാകേണ്ടത്‌. ഒരു സാഹിത്യരചന, ചരിത്രത്തിൽ എവിടെ നിൽക്കുന്നു? ഇതുവരെയുള്ള സാഹിത്യാവബോധത്തിൽ അത്‌ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളെങ്കിലും ചിന്തിക്കാൻ കഴിയുമ്പോഴാണ്‌ നിരൂപക മനസ്‌ പ്രവർത്തിച്ചു തുടങ്ങുന്നത്‌. ഇത്‌ സ്ഥിരം കുറ്റികളായ പുസ്തക റിവ്യൂ എഴുത്തുകാർക്കും ബാധകമാണ്‌. ഏത്‌ പുസ്തകം കണ്ടാലും റിവ്യൂ ചെയ്ത്‌, പുകഴ്ത്തി, മാർക്കറ്റുണ്ടാക്കി കൊടുക്കുന്നവരെ നിരൂപകരായി കാണാൻ കഴിയില്ല.
    നമ്മുടെ പരിമിതമായ സാഹിത്യചിന്തയെ മറികടക്കാനുതകുന്ന പുസ്തകങ്ങൾ വായിച്ചാൽ, കുറച്ചൊക്കെ വികസിക്കാം. അബദ്ധ ധാരണകൾ മാറിക്കിട്ടും. സ്റ്റീനറുടെ 'ലിറ്ററേച്ചർ ആൻഡ്‌ സെയിലൻസ്‌' എന്ന പുസ്തകം വായിച്ചാൽ, സാഹിത്യത്തെ നിശ്ശബ്ദത എങ്ങനെയാണ്‌ ഭരിക്കുന്നതെന്ന്‌ കാണാം. അയ്യപ്പപ്പണിക്കരെക്കുറിച്ചും വൈലോപ്പിള്ളിയെക്കുറിച്ചും വേണമെങ്കിൽ, നമ്മുടെ സാഹിത്യ അക്കാദമി ഭാരവാഹികൾ പ്രസംഗിച്ചുകളയും. പക്ഷേ, ഒരു കുഴപ്പമേ ഉണ്ടാകൂ; അയ്യപ്പപ്പണിക്കരും വൈലോപ്പിള്ളിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ മാത്രം അറിയില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം ഉണ്ടായ കഥയും മുളന്തുരുത്തിയിലെ മാവുമെല്ലാം വിവരിച്ച്‌ ഇത്തരക്കാരുടെ ബോറൻ പ്രസംഗങ്ങൾ നിഷ്ക്രമിക്കും.
    നേരത്തെ പറഞ്ഞുവന്നത്‌ മീൻ വിൽക്കുന്നതിനെക്കുറിച്ചാണ്‌. നല്ല വിൽപനക്കാരനാകാൻ എഴുതത്തുകാരൻ തയ്യാറായില്ലെങ്കിൽ, മാധ്യമങ്ങൾ അയാളെ ശ്രദ്ധിക്കുകയില്ല. പുസ്തകം വിൽക്കാനുണ്ടേ എന്ന്‌ അയാൾ അലറി വിളിച്ച്‌, ഒരു പുസ്തകം പോലും വായിക്കുകയില്ലെന്ന്‌ ശപഥം ചെയ്തിട്ടുള്ളവന്റെ അടുക്കലേക്ക്‌ നീങ്ങണം. ഒന്നും വായിക്കാത്തവൻ അവന്റെ വിഡ്ഢിത്തം മറച്ചുവയ്ക്കാനായി, ചിലപ്പോൾ നിങ്ങളെ വിമർശിച്ചേക്കാം; നിശ്ശബ്ദത പാലിക്കുക. വിൽപനയിൽ മാത്രം ശ്രദ്ധിക്കുക. മീൻ വേണോ എന്ന്‌ ചോദിക്കുന്നതിന്‌ മീൻകച്ചവടക്കാരൻ നാണിച്ചാൽ പറ്റില്ലല്ലോ. അവന്റെ നാണമൊക്കെ എന്നേ പോയതാണ്‌. അവനെപ്പോലെ എഴുത്തുകാരനും നാണം കെട്ട്‌ വിളിച്ചുകൂവണം. അപ്പോൾ ഒരു നല്ല ഉപഭോക്താവിനെയെങ്കിലും കിട്ടും.
    ഇപ്പോൾ മഹത്തായത്‌, ശരാശരി, ചീത്ത എന്നിങ്ങനെയുള്ള വേർതിരിവുകൾ സാഹിത്യത്തിൽ ഇല്ലാതായിരിക്കയാണ്‌. എല്ലാത്തിനും അതാതിന്റെ വിപണിയുണ്ട്‌. നല്ല വിൽപനക്കാരന്‌ ഏത്‌ മോശം വസ്തുവും വിറ്റഴിക്കാവുന്നതാണ്‌. ഒരു പുസ്തകത്തെ ഇന്ന്‌ നിർണയിക്കുന്നത്‌ അതിന്റെ കവറും പ്രസാധകന്റെ സ്വാധീനവുമാണ്‌. കൗശലമുള്ള പ്രസാധകനാണെങ്കിൽ, അയാൾക്കും മീൻവിൽപനക്കാരനാവാം. അയാൾ തന്റെ ഉൽപന്നത്തെ നന്നായി വിളിച്ചുകൂവി വിൽക്കും; അവാർഡ്‌ വാങ്ങിക്കൊടുക്കും.
    പൊൻകുന്നം വർക്കി തന്റെ ചെറിയ പുസ്തകവുമായി വീടുകൾ തോറും കയറിയിറങ്ങി വിറ്റിട്ടുണ്ട്‌. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഒരു മീറ്റിംഗിൽ അദ്ദേഹം ഇത്‌ വിവരിച്ചതു ഞാനോർക്കുന്നു. അന്ന്‌ കവർചിത്രമല്ലായിരുന്നു വിൽപനയുടെ ഘടകം; വർക്കി എന്ന ഉത്സാഹിയായിരുന്നു. ഇപ്പോൾ പുസ്തകം വായിക്കാനുള്ളതല്ല; കാണാനും സൂക്ഷിക്കാനുമുള്ളത്‌ എന്ന അർത്ഥത്തിലേക്ക്‌ തരം താണിരിക്കയാണ്‌. എഴുത്തുകാരനാവാൻ പ്രതിഭ എന്തിനെന്ന്‌ ചോദിക്കുന്ന ധാരാളം എഴുത്തുകാർ തന്നെ ഉദയം ചെയ്തിരിക്കുന്നു. പ്രസാധകന്മാർ ആളെവച്ച്‌ എഴുതികൊടുക്കുന്ന നോവൽ വാങ്ങി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച്‌ ഞെളിഞ്ഞു നടക്കുന്നവർ വരെയുണ്ട്‌.
    നല്ല കൃതി എഴുതിയാൽ, അത്‌ സ്വാഭാവികമായി ശ്രദ്ധിക്കപ്പെടുന്ന കാലം പോയി. അതിന്റെ നന്മ എവിടെയോ മറഞ്ഞിരിക്കുകയാണ്‌. എല്ലാവരുടെ മനസിലും നന്മകളുണ്ട്‌. പക്ഷേ, അത്‌ പുറത്തുവരാനോ വളരാനോ അനുവദിക്കില്ല. നാം തന്നെ അതിനെ നശിപ്പിക്കും. അത്‌ ഉറവിടത്തിൽ തന്നെ സംസ്കരിക്കപ്പെടുകയാണ്‌. അതുകൊണ്ട്‌, നന്മകളെ പുറത്തെങ്ങും കാണാനില്ല. വർഷങ്ങളുടെ തപസുകൊണ്ട്‌ ഒരാൾ നേടുന്ന അറിവിനെ അംഗീകരിക്കാനുള്ള നീതിബോധം എവിടേക്കോ അപ്രത്യക്ഷമായിരിക്കുന്നു.
    മാധ്യമങ്ങൾ എല്ലാത്തരം ജ്ഞാനത്തിനും ചിന്തയ്ക്കും എതിരാകുന്നത്‌ ഇതിന്റെ ഭാഗമായി കാണണം. മാധ്യമങ്ങളിലും നന്മയുണ്ട്‌. പക്ഷേ, അത്‌ ഉറവിടത്തിൽവച്ചു തന്നെ നശിപ്പിച്ചുകളയുകയാണ്‌. മാധ്യമങ്ങളും രാഷ്ട്രീയവും ചേർന്ന്‌ എന്തിനെയും നിസ്സാരവത്കരിക്കുകയും കാലികമായി ചുരുക്കുകയുമാണ്‌. ജ്ഞാനമുകുളങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുക എന്ന പ്രക്രിയ തുടരുകയാണ്‌. ഇതാണ്‌ ഭാവനയുടെ മരണം. സാർവത്രികമായ ദുരന്തത്തിന്റെ ഒരു ബാഹ്യ അടയാളമാണിത്‌. ഓരോ പച്ചിലയെയും നന്മയുടെ നാമ്പിനെയും അവിടെവച്ചുതന്നെ പിഴുതെറിയുന്ന ദുരന്താത്മകതയെക്കുറിച്ചാണ്‌ എഴുത്തുകാർ എഴുതേണ്ടത്‌. ഒരു പൂവ്‌ വിടർന്നു വന്നയുടനെ അതിനെ കായിലേക്കും തണ്ടിലേക്കും പിന്നെ തടിയിലേക്കും പറഞ്ഞയയ്ക്കുന്ന ഈ ദുരന്തബോധത്തെപ്പറ്റി, ഇവിടെ ആരാണ്‌ എഴുതാനുള്ളത്‌? ഇങ്ങനെ തന്നെ വേണമെന്ന്‌ പറയുന്നതാണ്‌ മരണാഭിമുഖ്യമാകുന്നത്‌. ഇതാണ്‌ ഭീഷണിയെന്ന്‌ മനസിലാക്കി, ഇതിനെതിരെ എഴുതാനാണ്‌ തുനിയേണ്ടത്‌.
    ഉള്ളിൽ നന്മയുണ്ട്‌; പക്ഷേ പുറത്തേക്ക്‌ വരുന്നത്‌ കഫവും അഴുക്കുമാണ്‌. സത്ത്‌, ജ്ഞാനം, ധർമ്മം എല്ലാം എവിടെയാണോ ഉണ്ടാകുന്നത്‌ അവിടെവച്ചുതന്നെ അവസാനിക്കുന്നു. ഈ ക്രൂരതയാണ്‌ ഇന്നത്തെ സാംസ്കാരികജീവിതത്തിന്റെ കാതൽ.
    പക്ഷേ, ഒരു മഹത്തായ തത്ത്വം നല്ല എഴുത്തുകാർക്ക്‌ എന്നും ആശ്വാസം പകരും. യഥാർത്ഥ കൃതികൾക്ക്‌ ലക്ഷം വായനക്കാരുടെ ആവശ്യമില്ല. ഒരു നല്ല വായനക്കാരൻ ഉണ്ടാകുന്നതുപോലും വൻ വിജയമാണ്‌. ചില പുസ്തകങ്ങൾക്ക്‌ ഒരു തിടുക്കവുമില്ല. ആ പുസ്തകം വായനക്കാരെ വായിക്കുന്നുവേന്ന്‌ പ്രസിദ്ധ ചിന്തകനായ വാൾട്ടർ ബഞ്ചമിൻ പറഞ്ഞതോർക്കുകയാണ്‌.
    ഉത്തര-ഉത്തരാധുനികത എന്ന്‌ പറയുന്നത്‌ ഈ ഭാവനയുടെ മരണമാണ്‌ അന്തർവഹിക്കുന്നത്‌. തീറ്റയും ആഘോഷവും മാത്രം ബാക്കിയാവുന്നു. ഓർമ്മയും സ്നേഹവും ഉത്തരവാദിത്തവും എവിടേക്കോ ഉൾവലിയുന്നു. ശബ്ദഭംഗിയിലും ദൃശ്യഭംഗിയിലുമാണ്‌ അത്‌ വ്യക്തിത്വത്തെ അറിയാൻ ശ്രമിക്കുന്നത്‌. ഏത്‌ വ്യക്തിത്വവും അതിന്‌ വെറുതെ ഉപയോഗിക്കാനുള്ളതാണ്‌; പിന്നീട്‌ മറന്നുകളയുന്നു. പ്രണയത്തെ ഉപയോഗിക്കുകമാത്രമാണ്‌; മനസിനുള്ളിലേക്ക്‌ കയറ്റുകയില്ല.
    ഇന്ന്‌ സൗന്ദര്യത്തിന്റെ, ഭാഷയുടെ, രൂപത്തിന്റെ തലത്തിൽ വെല്ലുവിളി ഉയർത്തുന്ന കൃതികൾ ഉണ്ടാകുന്നില്ലല്ലോ. എല്ലാം ഇന്നലേകളിൽ കേട്ടതു മാത്രം. ഇത്തരം കൃതികളെക്കുറിച്ച്‌ ലേഖനങ്ങൾ എഴുതുന്നതുകൊണ്ട്‌ ആർക്കും പ്രയോജനമുണ്ടാവില്ല. വിമർശനം ഇല്ലാതാകുന്നുവേന്നതിനെ തെറ്റായി കാണേണ്ടതില്ല; അത്‌ ഈ കാലത്തോടുള്ള ഒരു പ്രതികരണമായി കണ്ടാൽ മതി.
    ഇവിടെ ചില അക്കാദമിക്‌ വിമർശകർ, കുട്ടികളെ പഠിപ്പിക്കുന്ന പോലെ എഴുതുന്നത്‌ കാണാം. യാഥാസ്ഥിതിക സാമൂഹ്യ സങ്കൽപങ്ങളിലും സാംസ്കാരിക ഫ്യൂഡലിസത്തിലും ആണ്ടിറങ്ങി നിന്നശേഷം ഇവർ ഉത്തരാധുനികതയെഴുതുന്നു. മാനവികതയുടെ ഒരംശംപോലും ഇവരുടെ രചനകളിലില്ല. സാഹിത്യവിമർശനം എന്ന പേരിൽ ഗവേഷണ ഫലങ്ങൾ ഇറക്കുന്നവരുണ്ട്‌. സ്വന്തം പി.എച്ച്‌.ഡി പ്രബന്ധം സാഹിത്യവിമർശനമാണെന്ന്‌ തെറ്റിദ്ധരിച്ചിട്ടുള്ള അദ്ധ്യാപകരും കുറവല്ല. വിമർശകന്‌ ഏറ്റവും അത്യാവശ്യം വേണ്ടത്‌ കലാബോധവും ദാർശനികഭാവവുമാണ്‌. ഓരോ വാക്യത്തിലും കലയുണ്ടാകണം. യന്ത്രത്തെപ്പോലെ നിർവ്വികാരമായാണ്‌ ചിലർ സാഹിത്യമെഴുതുന്നത്‌! ഇവരുടെയുള്ളിൽ ഒരു മനുഷ്യജീവിപോലുമില്ല; വരണ്ട ഭൂമിയാണ്‌ അവിടെയുള്ളത്‌. ഭാഷയിൽ ആത്മാവിന്റെ പച്ചപ്പും ഓർമ്മകളുടെ അറയും ചിന്തയുടെ സ്നിഗ്ദ്ധമായ ലോകങ്ങളും സൃഷ്ടിക്കണം. അപ്പോഴാണ്‌ അത്‌ വിമർശകന്റെ രചനയാകുന്നത്‌. അങ്ങനെയൊരു ഗദ്യം സൃഷ്ടിക്കാൻ ഇന്നത്തെ അദ്ധ്യാപകർക്കോ ഗവേഷകർക്കോ കഴിയുന്നില്ല.

ശ്രീനാരായണായ' - ആത്മീയവിപ്ലവത്തിന്റെ വഴികാട്ടി നക്ഷത്രം

 ശൈലേഷ്‌നായർ


    ഗുരുവിനെക്കുറിച്ച്‌ എഴുതപ്പെട്ട കൃതികളിൽ സർഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ്‌ 'ശ്രീനാരായണായ' എന്ന്‌ നോവലിന്റെ പിൻകുറിപ്പിൽ ചേർത്തത്‌ പൂർണ്ണമായും ശരിയാണ്‌. ഈ നോവൽ ശ്രീനാരായണ ചിന്തയിലും നോവൽ നിർമ്മിതിയിലും ഒരു പുതിയ ഘട്ടം കുറിക്കുകയാണ്‌. ഗുരുദർശനത്തെ ഇന്ന്‌ ആളുകൾ രണ്ടുതരത്തിൽ ചുരുക്കികളഞ്ഞിരിക്കയാണ്‌. ഒന്ന്‌, വേദാന്തചർച്ച. രണ്ട്‌, ജാതിചിന്ത. ഇതിൽ രണ്ടിലും ഗുരു ഉൾപ്പെടാതിരിക്കുന്നില്ല. ഗുരു പ്രത്യക്ഷത്തിൽ തന്നെ വേദാന്തപരമായ ആശയങ്ങളെ നേരിടുന്നുണ്ട്‌. ജാതിക്കെതിരായി ഗുരുവലിയ ഉദ്ബോധനം നടത്തിയല്ലോ.
    ഗുരുവിനെ പലകോണുകളിൽ നിന്നും ആക്രമിക്കുന്ന കാലമാണിത്‌. തൈക്കാട്‌ അയ്യാസ്വാമികളെയും വൈകുണ്ഠസ്വാമികളെയും ഉയർത്തിക്കൊണ്ടുവന്ന്‌ ഗുരുവിന്റെ പ്രാധാന്യം കുറച്ചുകാണാൻ പലരും ശ്രമിക്കുന്നുണ്ട്‌. അയ്യാസ്വാമികളോടും വൈകുണ്ഠസ്വാമികളോടും നേരിട്ട്‌ സംസാരിച്ച്‌ വിവരം ശേഖരിച്ചു എന്ന മട്ടിൽ ചിലർ അസംബന്ധം നിരത്തുകയാണ്‌. ശങ്കരാചാര്യരുടെ അദ്വൈതം തന്നെയാണ്‌ നമുക്കും പറയാനുള്ളതെന്ന്‌ ഗുരു വെളിപ്പെടുത്തിയെന്നതും ശുദ്ധ നുണയാണ്‌. ശങ്കരാചാര്യർ ഒരു മതവിശ്വാസിയും ചാതുർവർണ്ണ്യ സൈദ്ധാന്തികനും പണ്ഡിതനുമായിരുന്നു. ഒരു മനുഷ്യനിലെ ചിന്താപരമായ മാലിന്യം നീക്കികളയാൻ ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. പ്രമുഖ തമിഴ്‌ കവി സുബ്രഹ്മണ്യഭാരതി പറഞ്ഞത്‌ ശങ്കരാചാര്യരിൽ തനിക്കൊരു പ്രതീക്ഷയുമില്ലെന്നാണ്‌.
    എം.കെ.ഹരികുമാറിന്റെ ശ്രീനാരായണായ ഒരു പുനരുത്ഥാനമാണ്‌. ദർശനത്തെയും സമസ്ത പ്രകൃതിയെയും അന്തര്യാമിയായ ഉണർവ്വിനെയും ഗുരു സങ്കൽപത്തിന്റെ വ്യാഖ്യാനത്തിലൂടെ ഹരികുമാർ കാണിച്ചു തരുന്നു.
    അഞ്ഞൂറ്റി ഇരുപത്തെട്ട്‌ പുറങ്ങളുള്ള ഈ നോവൽ നമ്മുടെ സാഹിത്യത്തിന്റെ പരിവർത്തനത്തിന്റെ ശക്തമായ അടയാളമാണ്‌. ആശയപരവും ദാർശനികവുമായ പൊളിച്ചെഴുത്തിലൂടെ ഹരികുമാർ  നമുക്ക്‌ നഷ്ടപ്പെട്ട ഗുരുവിനെ ഇവിടെ വീണ്ടെടുത്തു തരുന്നു. ബുദ്ധിശൂന്യമായി ചർച്ച ചെയ്ത്‌ ചെറുതാക്കി കളഞ്ഞതിനെയെല്ലാം ഹരികുമാർ വിപ്ലവകരമായി തെളിച്ചെടുക്കുന്നു. ശ്രീനാരായണായ വിശ്വ വ്യാപകമായി ചർച്ച ചെയ്യേണ്ടതാണ്‌. ഇത്രയും അഗാധവും സൗന്ദര്യചിന്തകൾ കൊണ്ട്‌ നിബിഡവുമായ ഒരു കൃതി സമീപകാലത്ത്‌ വായിച്ചിട്ടില്ല.
    പതിനഞ്ച്‌ സാങ്കൽപിക എഴുത്തുകാരാണ്‌ ഈ നോവൽ 'രചിച്ചി'രിക്കുന്നത്‌. വിവേകചൂഡാമണി എന്ന മാസിക പുറത്തിറക്കിയ ഗുരുപതിപ്പിനു വേണ്ടി ആ എഴുത്തുകാർ അവരുടെ രചനകൾ നൽകിയിരിക്കുകയാണ്‌. ആ ഗുരുപതിപ്പാണ്‌ നോവൽരൂപമാർജിച്ച്‌ നമ്മുടെ മുമ്പിൽ നിൽക്കുന്നത്‌. മോഹനാംഗൻ പാഠശാല എന്ന സാങ്കൽപിക എഡിറ്ററാണ്‌ ആമുഖമെഴുതി ഈ എഴുത്തുകാരെയും അവരുടെ രചനകളെയും അവതരിപ്പിക്കുന്നത്‌. ഈ പതിനഞ്ച്‌ എഴുത്തുകാരും എഡിറ്ററും ഈ നോവലിൽ അവരുടെ സ്വന്തം ഗുരു സങ്കൽപവും ഗുരു അനുഭവവും പകർത്തിക്കാണിക്കുകയാണ്‌. ഇവിടെ ഹരികുമാർ ചെയ്തത്‌ തന്നിലെ എഴുത്തുകാരനെ പലരായി സങ്കൽപിക്കുകയും അവരിലൂടെ ഏകാധിപതിയായ എഴുത്തുകാരൻ എന്ന സങ്കൽപത്തെ ചിതറിച്ചുകളയുകയുമാണ്‌. ഇതിലെ എല്ലാ എഴുത്തുകാരും ഹരികുമാറിൽത്തന്നെ ജീവിക്കുന്നു. തന്റെ ബഹുസ്വരങ്ങളെ ഒരു ചരടിൽ കോർത്തിരിക്കുകയാണ്‌ നോവലിസ്റ്റ്‌.
    'ദൈവം അധികാരമല്ല; അത്‌ സന്തുലിതാവസ്ഥയുടെ സർവ്വവ്യാപൃതമായ അവസ്ഥയാണ്‌.'
"ജ്ഞാനതൃഷ്ണ ഒരാഖ്യാനമാണ്‌"
"കാറ്റിന്റെ തന്മാത്രകളിൽ ഗുണങ്ങൾ തുറന്ന്‌, ആത്മാവുകളുടെ പുനർജനികളായി തളിർക്കുന്നു."
    ഇതുപോലുള്ള അനേകം വാക്യങ്ങൾ ഹരികുമാർ തന്റെ ജ്ഞാനമേഖലയുടെ സാരം എന്ന മട്ടിൽ വിതറിയിട്ടുണ്ട്‌.
    ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ചർച്ചകൾ 'ശ്രീനാരായണായ'യെ മുൻനിർത്തിയേ നടക്കുകയുള്ളൂ. ഇവിടെ ഒരു വലിയ ലോകം ഹരികുമാർ തുറന്നിട്ടിരിക്കുകയാണ്‌. ഗുരു അന്വേഷിച്ച ദൈവം ഏതാണ്‌? ഗുരു എങ്ങനെയാണ്‌ ജ്ഞാനിയായത്‌? എന്താണ്‌ ആജ്ഞാനം? എന്താണ്‌ പ്രകൃതി? നാം പ്രകൃതിയെ ഉപാസിക്കേണ്ടതുണ്ടോ? എന്താണ ശിവം? പ്രകൃതിയിലോ, സ്വന്തം ജീവിതത്തിലോ മഹത്തായതെന്നതരത്തിൽ നാം മനസിലാക്കേണ്ടതുണ്ടോ? എന്താണ്‌ അറിവ്‌? എന്താണ്‌ സംഗീതം? സൗന്ദര്യം യഥാർത്ഥത്തിൽ എവിടെയാണുള്ളത്‌? തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ഈ കൃതി ശ്രമിച്ചിരിക്കുന്നു. വൈദിക രംഗത്തുള്ളവർപോലും ഇതിനു ഉത്തരം കിട്ടാതെ വിഷമിക്കുകയാണെന്നോർക്കണം.
    പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യ വിചാരത്തെ അനുഭൂതിയായി സ്വാംശീകരിക്കുകയാണ്‌ നോവലിസ്റ്റ്‌.
"കണ്ണുകളടയുന്നതോടെ ലോകം ഉൾവലിയുന്നു. തിളച്ചുമറിയുന്ന ആസക്തിയുടെ കടൽ എവിടെയോ അപ്രത്യക്ഷമാകുന്നു. കടലുകളുടെ ഇരമ്പൽ കേൾക്കാനേ കഴിയില്ല. നാം തനിച്ചാകുകയാണ്‌. സ്വന്തം ലോകം അവിടെ ആരംഭിക്കുകയാണ്‌. അവിടെ ശരീരം, മനസ്‌, ലോകം എന്നിവ ഒന്നായി മാറുന്നു. എല്ലാ രോഗങ്ങളും ദുഃഖങ്ങളും ഈത്രയത്തിൽ വന്ന്‌ ഒന്നായി ലയിച്ചുചേരുന്നു. അടഞ്ഞ കണ്ണുകൾക്കുള്ളിലാണ്‌ ഭൂമിയും ജീവനും ഉള്ളത്‌." ഇതാണ്‌ ഹരികുമാറിന്റെ രചനയുടെ ശൈലി. ഇവിടെ ഉയർന്നുവരാവുന്ന സംശയം പതിനഞ്ച്‌ എഴുത്തുകാരുടെ രചനകൾ സമാഹരിക്കുമ്പോൾ നോവൽ എന്ന നിലയിൽ ഒരു തുടർച്ച ഉണ്ടാകുമോ എന്നതാണ്‌.
ഇത്‌ ബാഹ്യസംഭവങ്ങളുടെ തുടർച്ച തേടിപ്പോകുകയല്ല, ഗുരുവിന്റെ ആന്തരലോകങ്ങളുടെ തുടർച്ചയാണ്‌. ഒരു ജീനിയസിനു മാത്രം എടുത്താൽ പൊങ്ങാത്ത ഇതുപോലുള്ള വിഷയങ്ങളുടെ ആന്തരിക ചലനങ്ങൾ അതീവഹൃദ്യമായി, ഏകാഗ്രതയോടെ നോവലായി ആവിഷ്കരിക്കാൻ കഴിയൂ.
    ഹരികുമാർ തന്റെ നിരൂപണ ലേഖനങ്ങളിലൂടെയും നവാദ്വൈത ദർശനപരമായ എഴുത്തുകളിലൂടെയും പ്രസിദ്ധമായ കോളത്തിലൂടെയും നമുക്ക്‌ പകർന്നുതന്നിട്ടുള്ളത്‌ ഉയർന്ന ഒരു സൗന്ദര്യാവബോധവും തത്ത്വചിന്താപരമായ സമീപനവുമാണ്‌. അതിന്റെ പക്വമായ തലമാണ്‌ 'ശ്രീനാരായണായ'യിലുള്ളത്‌. ഹരികുമാറിന്‌ ഇണങ്ങുന്ന വിചാരരീതി തന്നെ.
    ഹരികുമാർ ഒരു ദർശനത്തിന്റെയും പിന്നാലെപോകാതെ, സ്വന്തം ദർശനമായ നവാദ്വൈതത്തിൽ എത്തിച്ചേർന്നതും എഴുത്തുകാരന്റെ സ്വാതന്ത്ര്യദാഹത്തിന്റെ ഭാഗമാണ്‌. തനിക്ക്‌ ഒന്നിന്റെയും വാലാകാൻ കഴിയില്ല; തനിക്ക്‌ തന്നെയായി മാത്രമേ നിൽക്കാൻ കഴിയൂ എന്ന പ്രഖ്യാപനം.
    ഇളംകാറ്റുപോലെ, ആനന്ദത്തിന്റെ രമ്യതപോലെ, ഹൃദയഹാരിയായ വസന്തംപോലെ, സമാധാനത്തിന്റെ സന്ദേശംപോലെ. പ്രാർത്ഥനാഭരിതമായ പ്രഭാതംപോലെ, പക്ഷിക്കലമ്പലുകളുടെ നിഷ്കളങ്കതപോലെ ഒരാത്മീയത 'ശ്രീനാരായണായ'യിൽ നിറയുന്നു. നമ്മുടെ കാലഘട്ടത്തിൽ ഒരിടത്തുനിന്നും കിട്ടാത്ത ഒരു ലയവും തിരിച്ചറിവുമാണത്‌. നമുക്ക്‌ ലക്ഷ്യം പിഴച്ചുവേന്ന്‌ അർത്ഥപൂർണമായ ഒരു വഴിതിരിയൽ അനിവാര്യമാണെന്നും ഓർമ്മിപ്പിക്കുന്ന കൃതിയാണ്‌. ഒരു മതത്തിലും പെടാത്ത ശ്രീനാരായണഗുരുവിനെ ഇവിടെ കാണാം. അതാകട്ടെ മറ്റൊരു മതമാണ്‌. പ്രപഞ്ചഭാവങ്ങളിൽ ഉണ്ടായിരുന്നതെന്തോ, അതുതന്നെയല്ലേ നമ്മളും എന്ന്‌ പുതിയ ഭാഷയിലൂടെ കാണിച്ചുതരുന്ന കൃതിയാണിത്‌. ബൗദ്ധികവും ചിന്താപരവുമായ സാഹിത്യചിന്തയുടെ ഒരു വഴികാട്ടി നക്ഷത്രമാണിത്‌.
    ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ ഇതുപോലൊരു കൃതി ഇന്ത്യയിൽ എഴുതപ്പെട്ടിട്ടില്ല. ഇത്‌ പുതിയ ആകാശവും ഭൂമിയും അന്വേഷിച്ച കൃതിയാണ്‌. 'ശ്രീനാരായണായ'യിലെ അവസാന അധ്യായത്തിൽ റഷ്യൻ പുരോഹിതൻ ദിമിത്രി അടിനിയേവ്സ്കി എഴുതിയ റഷ്യൻ ബാലെയായ ഹാൻഡ്ഫുൾ തോട്സ്‌ ഓഫ്‌ ഗോഡി'നെപ്പറ്റി വിവരിക്കുന്നത്‌. ഈ പുരോഹിതനും ഈ ബാലെയും സാങ്കൽപികമാണ്‌. അതേസമയം അതിനെ യാഥാർത്ഥ്യമാക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു. കാരണം ആ പുരോഹിതൻ ഒരു ദൈവശാസ്ത്രം തന്നെ പരിചയപ്പെടുത്തുന്നു. 'ദൈവം ആനന്ദിപ്പിക്കുന്നു, നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല' എന്ന വാക്യം ഗുരുദർശനത്തിലേക്ക്‌ കടക്കാനുള്ള വാതിലായി പുരോഹിതൻ കണ്ടെത്തുന്നു. ദിമിത്രി ബാലെയിലുടെ തിരിയുന്നത്‌ ഗുരുവിന്റെ സംഗീതാനുഭവമാണ്‌. എല്ലാ ഭിന്നതകളെയും റദ്ദുചെയ്യുന്ന നിരഹങ്കാരമായ രമ്യതയിൽ ആ സംഗീതമുള്ളതായി അദ്ദേഹം വിവരിക്കുന്നു. ഇങ്ങനെ അത്യന്തം നവീനമാണ്‌ നോവലിന്റെ പ്രമേയം. ഇത്‌ കേവലം നോവലിനപ്പുറം ഒരു മതഗ്രന്ഥമായി രൂപാന്തരം പ്രാപിക്കുകയാണ്‌. എപ്പോഴും വായിക്കാവുന്ന ഗ്രന്ഥം.
    ജലഛായയ്ക്ക്‌ ശേഷം എഴുതുന്ന നോവലാണ്‌ 'ശ്രീനാരായണായ'. ഹരികുമാറിന്റെ 21-​‍ാമത്തെ കൃതിയും.

നവാദ്വൈതമാണ്‌ ഹരികുമാറിന്റെ ദർശനം

 ശൈലേഷ്‌നായർ

പുതിയൊരു ദർശനവും നോവൽ രൂപവും സൃഷ്ടിച്ച എഴുത്തുകാരനാണ്‌ എം.കെ.ഹരികുമാർ. നവാദ്വൈതമാണ്‌ ഹരികുമാറിന്റെ ദർശനം. ജലഛായ, ശ്രീനാരായണായ എന്നീ നോവലുകളാണ്‌ അദ്ദേഹത്തിന്റെ സാഹിത്യദർശനത്തിന്റെ പരീക്ഷണവും വെളിപാടുമായി നിൽക്കുന്ന കൃതികൾ. സർഗാത്മക രചനയുടെ മണ്ണിൽ അത്ഭുതകരമായ വിളവെടുപ്പായി തീർന്നിരിക്കുകയാണ്‌ ഈ രചനകൾ. മൂന്ന്‌ പതിറ്റാണ്ടിലേറെയായി ഹരികുമാർ എഴുതുന്നു. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യകോളമായ അക്ഷരജാലകത്തിന്റെ രചയിതാവുകൂടിയായ ഹരികുമാർ ഇവിടെ സ്വന്തം ദർശനങ്ങളിലേക്ക്‌.
ശൈലേഷ്‌ തൃക്കളത്തൂർ: താങ്കൾക്ക്‌ സ്വന്തമായി ഒരു ദർശനം വേണമെന്ന്‌ തോന്നാൻ കാരണമെന്താണ്‌?
എം.കെ.ഹരികുമാർ: അത്‌ ഉള്ളിൽ നിന്നുള്ള നിർബന്ധമാണ്‌. പഠിക്കുന്ന കാലത്തുതന്നെ ഞാൻ സ്വന്തം ദർശനം വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ബി.എയ്ക്ക്‌ പഠിക്കുമ്പോൾ ഒരു ദർശനത്തിന്‌ ഭാഗികമായി രൂപം നൽകിയിരുന്നു. പതിറ്റാണ്ടുകളുടെ പഠനത്തിനും മനനത്തിനും ശേഷമാണ്‌ അത്‌ നവാദ്വൈതം എന്ന സ്വന്തം കാഴ്ചയായത്‌.
ശൈലേഷ്‌: മലയാളത്തിൽ സ്വന്തം ദർശനം സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രചന നടത്തുകയും ചെയ്തവരുണ്ടോ?
എം.കെ: എന്റെ അറിവിലില്ല. ഇവിടെ എഴുത്തുകാർ മറ്റുള്ളവരുടെ ദർശനങ്ങൾ കടമെടുക്കുകയാണ്‌ പൊതുവേ ചെയ്തത്‌. എം.ഗോവിന്ദൻ എം.എൻ.റോയിയുടെ ദർശനം, ആശാൻ ബുദ്ധദർശനവും ശ്രീനാരായണദർശനവും, ഒ.വി.വിജയൻ വൈദികദർശനം, അയ്യപ്പപ്പണിക്കർ ആധുനികതാവാദം, തകഴി തൊഴിലാളിവർഗ സിദ്ധാന്തം, അങ്ങനെ പലരും.
ശൈലേഷ്‌: ഒരെഴുത്തുകാരന്‌ സ്വന്തം ദർശനം വേണമെന്നുണ്ടോ? ജീവിതാനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിച്ചാൽ പോരേ?
എം.കെ: അതുമതി, പക്ഷേ, സൂക്ഷ്മതകൾ നമ്മെ വന്ന്‌ വിളിക്കുകയാണ്‌. അത്‌ ഒരു ആന്തരികവിധിയാണ്‌. മൗലികമായതെന്തെങ്കിലും വേണമെന്ന്‌ ചിന്തിക്കുന്നതു കൊണ്ടാണ്‌ ഇതുണ്ടാകുന്നത്‌. എഴുത്തുകാരൻ വെറുമൊരു ആവിഷ്കർത്താവ്‌ മാത്രമല്ല; ഒരു ദാർശനികനുമാണ്‌ എന്നാണ്‌ എന്റെ മതം.
ശൈലേഷ്‌: താങ്കൾ എഴുതിയ 'ജലഛായ' രചനാപരമായ ഒരു പൊളിച്ചെഴുത്താണെന്ന്‌ ഒരാൾ എഴുതിക്കണ്ടു. ഇത്‌ എത്രത്തോളം ശരിയാണ്‌?
എം.കെ: ആ നോവൽ വിപ്ലവകരമായ രൂപമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. ഞാൻ ബോധപൂർവ്വം സൃഷ്ടിച്ചതല്ല ഇത്‌. തനിയേ സംഭവിച്ചതാണ്‌. അതിലെ അദ്ധ്യായങ്ങളിൽ നിന്ന്‌ കഥ വികസിക്കുന്നത്‌ ചോളമലർ ചൂടേറ്റ്‌ വികസിക്കുന്നതുപോലെയാണ്‌. ഒരു അന്തർധാരയുടെ പൊരുൾ പ്രസരിക്കുകയാണ്‌. എനിക്കു തന്നെ അത്ഭുതമാണ്‌, അതിലെ സർപ്പങ്ങളുടെ കഥകളി, കാഫ്കയുടെ അപ്രകാശിത കഥ, നസീറും ഷീലയും തുടങ്ങിയ അദ്ധ്യായങ്ങൾ എങ്ങനെ ഉണ്ടായെന്ന്‌ ഈ ജീവിതത്തിനുള്ളിൽ വേറെയും യാഥാർത്ഥ്യങ്ങളുണ്ട്‌. നമുക്ക്‌ പിടിതരാതെ അവ ഒഴിഞ്ഞുമാറുന്നു. സ്വപ്നത്തിൽ നാം അടുത്തിടപഴകുന്ന സുന്ദരിയെ പിന്നെ കാണാനോക്കില്ല. അവൾ എവിടെയാണുള്ളത്‌? ഇത്‌ എല്ലാവർക്കും കുറെയൊക്കെ പരിചിതമാണ്‌. ഇത്‌ സ്വപ്നമാണല്ലോ. എന്നാൽ ഇതിനോട്‌ സാമ്യമുള്ള യാഥാർത്ഥ്യവുമുണ്ട്‌. നമ്മൾ ട്രെയിൻ യാത്രയിലോ ബസ്‌ യാത്രയിലോ യാദൃച്ഛികമായി ഒരു സുന്ദരിയെ കാണുന്നു. അവളോട്‌ നമുക്ക്‌ ബഹുമാനം തോന്നുന്നു. എന്നാൽ ആ യാത്ര കഴിയുന്നതോടെ അവൾ ഇല്ലാതാവുന്നു. അവൾ എവിടെയാണ്‌? നേരത്തെ പറഞ്ഞ സ്വപ്നത്തിലെ സുന്ദരിയും യാത്രയിലെ സുന്ദരിയും രണ്ടാളുകളായിരിക്കാം. പക്ഷേ, രണ്ടുപേരും രണ്ടു രീതിയിൽ നമ്മെ കബളിപ്പിച്ചു. ഒരുവൾ സ്വപ്നത്തിൽ യാഥാർത്ഥ്യമാണ്‌. മറ്റവൾ യഥാർത്ഥ ജീവിതത്തിലെ സ്വപ്നമാണ്‌. രണ്ടും ഒരുപോലെ നമ്മെ ഉന്മാദത്തിലെത്തിക്കുന്നു; തകർക്കുന്നു. രണ്ടിലും ജീവിത സൗന്ദര്യമുണ്ട്‌.
ശൈലേഷ്‌: ഈ സൗന്ദര്യത്തിന്റെ സമസ്യയാണോ താങ്കളുടെ പ്രമേയം?
എം.കെ: ഇതു മാത്രമല്ല. സൗന്ദര്യത്തെപ്പറ്റിയുള്ള മുൻധാരണകളെ വേണ്ടെന്ന്‌വയ്ക്കേണ്ടതുണ്ട്‌. പാഠപുസ്തകങ്ങളിലെ സൗന്ദര്യം ഗണിതശാസ്ത്രമാണ്‌. അതാർക്കും അനുഭവിക്കാനാവില്ല. ഓരോ അനുഭവവും വ്യത്യസ്തമാണ്‌. നാം സ്ഥിരമായി കാണുന്ന തെരുവുപട്ടിയെ ഞാൻ 'ജലഛായ'യിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ആ പട്ടി ശരിക്കും ഒരു വ്യക്തിത്വമാണെന്ന്‌ അത്‌ വായിച്ചാൽ മനസിലാകും. നാം മൂടിവയ്ക്കുന്നതിനേക്കാൾ പതിന്മടങ്ങ്‌ യാഥാർത്ഥ്യത്തിന്റെ തുണ്ടുകൾ അവൻ ഒരുക്കുന്നുണ്ട്‌. അവനുപോലും താൻ പെട്ടെന്ന്‌ തുറന്നുകാണിക്കപ്പെടുമോ എന്ന്‌ ഭയമുണ്ട്‌. അതുകൊണ്ട്‌ സൂക്ഷ്മതകൾ ഏത്‌ വഴിക്ക്‌ വരുന്നുവേന്ന്‌ പറയാനാവില്ല.

ശൈലേഷ്‌: താങ്കളെ മുഖ്യധാരയിൽ ചിലയിടങ്ങളിലൊന്നും കാണാറില്ലല്ലോ?
എം.കെ: ഞാൻ പലയിടത്തും എഴുതിയിട്ടുണ്ട്‌. വർഷങ്ങൾക്ക്‌ മുന്നേ തന്നെ. എനിക്കിപ്പോൾ എഴുത്തുജോലികൾ ഏറ്റവും കൂടുതൽ ഉള്ള സമയമാണ്‌. അക്ഷരജാലകത്തിനു പുറമേ നാല്‌ മാഗസിനുകൾക്ക്‌ കോളം എഴുതണം. പുതിയ നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനു പുറമേ കഥകളും ലേഖനങ്ങളും എഴുതേണ്ടിവരും. പ്രസംഗങ്ങൾക്കും പോകണമല്ലോ. ഞാൻ എവിടെയാണോ അവിടെയാണ്‌ മുഖ്യധാര. എന്നേക്കാൾ വലിയ ഒരു നോവലിസ്റ്റോ, കോളമിസ്റ്റോ, വിമർശകനോ ഇന്നില്ലല്ലോ' ഇത്‌ ഒരു ഗൾഫ്‌ വായനക്കാരൻ കത്തിൽ അറിയിച്ചതാണ്‌. ഞാൻ സ്വന്തമായി ദർശനം-നവാദ്വൈതം-നിർമ്മിച്ചിട്
ടുണ്ടല്ലോ.
ശൈലേഷ്‌: എന്താണ്‌ നവാദ്വൈതം? എങ്ങനെയാണ്‌ അതിൽ എത്തിപ്പെട്ടത്‌?
എം.കെ: മുപ്പതു വർഷത്തെ ചിന്തയാണ്‌ നവാദ്വൈതത്തിലെത്തിച്ചതു. അത്‌ മറ്റെല്ലാ മതങ്ങളിൽ നിന്നും തത്ത്വചിന്തകളിൽ നിന്നും വിഭിന്നമാണ്‌. ഒരു ഉദാഹരണത്തിലൂടെ അത്‌ ചെറുതായി വ്യക്തമാക്കാം. ശിവരൂപം എന്ന്‌ പ്രയോഗിക്കണമെങ്കിൽ ശിവവും രൂപവും ഒന്നാകണമല്ലോ. ശിവത്തിന്‌ രൂപമില്ല. പിന്നെങ്ങനെ അത്‌ രൂപമാകും? അപ്പോൾ ശിവം സ്വയം നിരസിക്കണം. ശിവം എന്നാൽ ശിവം മാത്രമാണ്‌. അതിന്‌ രൂപമില്ല. അത്‌ ആ ഭാവത്തെ നിരസിക്കുമ്പോൾ രൂപത്തിലേക്ക്‌ വരാം. രൂപം എന്ന വാക്കിൽ ഏത്‌ രൂപവുമുണ്ട്‌. രൂപത്തിന്‌ മറ്റെല്ലാ രൂപങ്ങളെയും ഉപേക്ഷിച്ചിട്ട്‌ വേണം ശിവത്തെ സ്വീകരിക്കാൻ. അതുകൊണ്ട്‌ രൂപത്തിനും സ്വയം നിരസിക്കേണ്ടിവരും. ഇങ്ങനെ ശിവവും രൂപവും സ്വയം നിരസിച്ചാൽ, അവയ്ക്ക്‌ സ്വയം നിർമ്മിക്കാൻ കഴിയും. അങ്ങനെയാണ്‌ സ്വയം നിരാസവും സ്വയം നിർമ്മാണവും സംഭവിക്കുന്നത്‌. ഇത്‌ പുതിയൊരു ആശയമായി മാറുന്നു. ശിവവും രൂപവും സ്വയം നിരസിച്ച്‌ ശിവരൂപം എന്ന പുതിയ ആശയമുണ്ടാകുന്നു. ഇതാണ്‌ നവാദ്വൈതത്തിന്റെ കാതൽ. ഇത്‌ ശങ്കരാചാര്യരുടെ അദ്വൈതമല്ല. ശങ്കരാചാര്യരുടേത്‌ ബ്രഹ്മ പദമാണ്‌. എന്റെ നവാദ്വൈതം ബ്രഹ്മവുമായി ബന്ധമുള്ളതല്ല.
ശൈലേഷ്‌: താങ്കൾ എന്തിനാണ്‌ ഈ സ്വയം നിരാസ നിർമ്മാണത്തെ നവാദ്വൈതം എന്ന്‌ വിശേഷിപ്പിച്ചതു?
എം.കെ: രണ്ട്‌ കാരണങ്ങളുണ്ട്‌. തത്ത്വചിന്തയുടെ ചരിത്രത്തിൽ, തുടർച്ചകൾക്കുവേണ്ടി ഇങ്ങനെ നാമകരണം ചെയ്യാറുണ്ട്‌. റിയലിസം, നിയോറിയലിസം എന്നൊക്കെ പറയുന്ന പോലെ. മറ്റൊന്ന്‌ ഇതും അദ്വൈതമാണ്‌. ഇവിടെ വേറൊന്നില്ല. ശിവരൂപം എന്ന ഉദാഹരണം തന്നെയെടുക്കാം. ശിവരൂപത്തിൽ നിരാസവും നിർമ്മാണവുമുണ്ടല്ലോ. അവിടെയുണ്ടാകുന്നത്‌ ഒരു പുതിയചിന്തയാണ്‌. അതല്ലാതെ മറ്റൊന്നില്ല. വസ്തുക്കളെ, വാക്കുകളെ ഇങ്ങനെ കൂട്ടിച്ചേർത്താൽ പുതിയത്‌ ഉണ്ടാകും. അതല്ലാതെ വേറൊന്നും ഇല്ല.
ഇത്‌ വാക്കുകളുടെ കാര്യത്തിൽ മാത്രമല്ല, വസ്തുക്കളുടെ, മനസിന്റെ ചിന്തയുടെ കാര്യത്തിലും.
ശൈലേഷ്‌: 'ശ്രീനാരായണായ' എഴുതാനുണ്ടായ സാഹചര്യം എന്താണ്‌?
എം.കെ: ഇവിടെ ഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും മറ്റു രചനകളുമെല്ലാം ഒരേമട്ടിലുള്ളതാണ്‌. വേദാന്ത വ്യാഖ്യാനം ഒന്നു തന്നെയാണ്‌. അത്‌ ആരു വ്യഖ്യാനിച്ചാലും പാമ്പും കയറും തന്നെയാണ്‌. ഇത്‌ അതിരുവിട്ട്‌ ശ്രീശങ്കരാചാര്യരുടെ പിൻഗാമിയാണ്‌. ഗുരു എന്നും മറ്റു ചിലർ തട്ടിമൂളിക്കുകയാണ്‌. ഇതെല്ലാം തിരുത്താനാണ്‌ ഞാൻ ശ്രീനാരായണായ എഴുതിയത്‌. എന്നാൽ എഴുതിത്തുടങ്ങിയപ്പോൾ മുതൽ സ്വയം പ്രവഹിക്കുന്നതായി അനുഭവപ്പെട്ടു. കഥാപാത്രങ്ങളും സന്ദർഭങ്ങളും ഭാഷയും എവിടെ നിന്നോ വരുകയാണ്‌.
ശൈലേഷ്‌: ഇതിൽ താങ്കൾ കാണുന്ന പ്രത്യേകതകൾ എന്തെല്ലാമാണ്‌?
എം.കെ: ഒരു രചയിതാവേന്ന നിലയിൽ ഞാൻ പിൻവാങ്ങി നിൽക്കുകയാണ്‌. ഇന്ത്യൻ നോവലുകളിൽ ഒരിടത്തുപോലും ചർച്ച ചെയ്തിട്ടില്ലാത്ത പല വിഷയങ്ങളും ഇതിൽ കടന്നുവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ഭാരതീയ സാഹിത്യത്തിൽ എങ്ങനെയാണ്‌ ഇത്ര പ്രാധാന്യമുണ്ടായത്‌? ഇതിനെപ്പറ്റി ആരും എഴുതിയിട്ടില്ല. ഞാൻ താമരയെ വ്യാഖ്യാനിച്ച്‌ അത്‌ കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെ പ്രകൃതിയുടെ നിരുപാധികമായ സൗന്ദര്യത്തെ തേടുകയാണ്‌ ഞാൻ ചെയ്തത്‌. ഏത്‌ സൗന്ദര്യമുള്ള മരത്തിലും ഇടിവെട്ടും. ഏത്‌ മൃഗവും മരണവെപ്രാളത്തിൽ പ്രകടിപ്പിക്കുന്ന ശബ്ദത്തിലും സംഗീതമുണ്ട്‌.
ശൈലേഷ്‌: ഈ നോവൽ വഴിത്തിരിവാകുമോ?
എം.കെ: ഗുരുവിനെക്കുറിച്ച്‌ ഇതുപോലൊരു രചന അത്യപൂർവ്വമായിരിക്കും. ഇത്‌ എനിക്കു മാത്രമേ എഴുതാകൂ. കാരണം ഇതിൽ ഫിക്ഷനും നവീനതയും ദർശനവും വേദാന്തവും സൗന്ദര്യവും ലയിച്ച്‌ ഒന്നായിരിക്കുകയാണ്‌. എന്റെ സർഗശേഷിയുടെ പരമാവധി ഞാനിതിൽ വിനിയോഗിച്ചിട്ടുണ്ട്‌.

ഗുരു ഒരു ദൈവമാകണമെങ്കിൽ ഗുരുധർമ്മം പുതിയൊരു മതമാകണം'/എം.കെ.ഹരികുമാർശ്രീനാരായണ ഗുരുവിന്റെ ധർമ്മത്തെ പൈന്തുടരുന്നവർ ഒരു വേറിട്ട മതമായി നിൽക്കുകയാണ്‌ വേണ്ടിയിരുന്നത്‌. ഇക്കാര്യം ഗുരുവിന്റെ കാലത്ത്‌ തന്നെ കുമാരനാശാനും ബോധാനന്ദ സ്വാമിയുമൊക്കെ ചർച്ച ചെയ്തിരുന്നു. ഒരു മതമുണ്ടാകുന്നതിനോട്‌ ഗുരു എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ ഈഴവർ മറ്റു മതങ്ങളിലേക്ക്‌ ചേക്കേറിക്കൊണ്ടിരുന്നപ്പോൾ നമുക്ക്‌ സ്വന്തമായി ഒരു മതമുണ്ടെന്നും ഒരു ഗുരുവുണ്ടെന്നും ആശാൻ 'മതപരിവർത്തന രസവാദം' എന്ന ലേഖനത്തിലൂടെ ഓർമ്മിപ്പിച്ചതു. ഗുരുവിന്റേത്‌ ഒരു പുതിയമതമാണ്‌. അതിനു ബുദ്ധമതവുമായി ബന്ധമില്ലെന്ന്‌ ആശാൻ വ്യാഖ്യാനിക്കുന്നത്‌ ഇങ്ങനെയാണ്‌. ബുദ്ധമതത്തിൽ ദൈവം തന്നെയില്ല. ഗുരുമതത്തിൽ 'ഒരു ദൈവ'മുണ്ട്‌. 
ഗുരുവിന്റെ ധർമ്മം വളരെ സുഘടിതവും ആഴമുള്ളതുമാണ്‌. ഒരാൾ ജനിക്കുന്നതു മുതൽ മരിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും എങ്ങനെ ഉദാത്തമായി നിറവേറ്റണമെന്ന്‌ ആ ധർമ്മ വ്യവസ്ഥയിൽ കാണാം. പഞ്ചേന്ദ്രിയങ്ങളുടെ ശുദ്ധി, ജാതിനിരാസം, ആത്മസാഹോദര്യം, ഏക മാനവമഹത്വം എന്ന ജാതി, വിശ്വപ്രകൃതിയെന്ന മതം, അന്തരംഗത്തിലെ സത്യബോധമായ ദൈവം എന്നിങ്ങനെ ഗുരു ഒരു സമ്പൂർണമതത്തിനാവശ്യമായ എല്ലാ ചേരുവകളും ഉപയോഗിച്ചിരിക്കുകയാണ്‌. 
ഗുരുവിന്റെ ജാതി ശ്രേഷ്ഠമായ ഗുണമാണ്‌. അത്‌ അനുകമ്പ എന്ന അറിവാണ്‌. ഗുരുവിന്റെ മതം എല്ലാ മതാനുയായികൾക്കും ഇടം കൊടുക്കുന്നു. ഏത്‌ മതവിശ്വാസിക്കും ഒരു ശ്രീനാരായണധർമ്മപാത പൈന്തുടരാം. ഏതൊരാളും തന്റെയുള്ളിലെ ദൈവത്തെ ആരായണം. തെറ്റ്‌ ചെയ്തുകൊണ്ടിരുന്നാൽ, രക്തം ചിന്തിക്കൊണ്ടിരുന്നാൽ നമ്മുടെ ദൈവവും ചീത്തയായിപ്പോകും. കാരണം നമ്മെ അതിൽ നിന്ന്‌ പൈന്തിരിപ്പിക്കാൻ ആ ദൈവത്തിനു കഴിയുന്നില്ലല്ലോ. അതുകൊണ്ട്‌ ദൈവത്തെ കളങ്കപ്പെടാതെ നോക്കാൻ നാം ബാധ്യതപ്പെട്ടവരാണ്‌. ഈ അറിവാണ്‌ ദൈവമെന്ന്‌ ഗുരു പറയുന്നു. 
ഗുരുവിന്റെ മതം സ്വായത്തമാക്കേണ്ടത്‌ ഇന്നല്ലെങ്കിൽ നാളെ ആവശ്യമായി വരും. കാരണം, ശ്രീനാരായണധർമ്മാനുസാരിക്ക്‌ ഹിന്ദു മതത്തിലാണ്‌ ഇന്ന്‌ ഇടം കിട്ടിയിരിക്കുന്നത്‌. ഹിന്ദുമതമാകട്ടെ ആ ധർമ്മാനുസാരിക്ക്‌ തുല്യപദവി നൽകിയിട്ടില്ല. ഒരു പിന്നോക്കക്കാരനായി തുടരേണ്ടി വരുന്നു. ഗുരുമന്ദിരങ്ങളെ കോടതിയും മറ്റും എപ്പോഴും അവഹേളിക്കുന്നു. ഗുരു ദൈവമല്ലെന്ന്‌ ആവർത്തിച്ചുകൊണ്ട്‌ അരുവിപ്പുറം പ്രതിഷ്ഠയുടെ കാലത്തേതിനു സമാനമായ അവസ്ഥയിലേക്ക്‌ കേരളത്തെ കൊണ്ടുപോകുന്നു. ദൈവമായി കരുതി ആരാധിക്കുന്നതിന്‌ നിയമപരമായ സാധുത വേണമെന്ന ധ്വനിയാണ്‌ കോടതി വിധി ഉയർത്തുന്നത്‌.
എന്നാൽ കോടതിവിധിക്ക്‌ അതിന്റേതായ ന്യായം ഉണ്ടാവാം. കാരണം ഹിന്ദുമതത്തിനുള്ളിൽ തന്നെ ഒരിടം തിരിച്ചെടുത്ത്‌ അവിടെ ഗുരുവിനെ ദൈവമായി ഇരുത്താനാണ്‌ ധർമ്മാനുസാരികൾ ശ്രമിക്കുന്നത്‌. ഇത്‌ അപ്രായോഗികമാണ്‌. എന്നാൽ ഹിന്ദുമതത്തിൽ നിറയെ പുരാണ ദൈവങ്ങളാണുള്ളത്‌. അവിടെ ചരിത്രത്തിൽ നിന്നൊരു ദൈവത്തെ ഇരുത്താൻ ഇനി ഇടമില്ല. ഹിന്ദുമതം അങ്ങനെയൊരു ദൈവത്തെ അംഗീകരിക്കില്ല. കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ പുതുതായി ഒരു ദൈവത്തെയും ഹിന്ദുമതം അംഗീകരിച്ചിട്ടില്ല. ഹിന്ദുമതത്തിനകത്ത്‌ നിൽക്കുന്ന കാലത്തോളം ഗുരുവിനു ഒരു ദൈവപദവി കോടതിയോ ഹിന്ദു സംഘടനകളോ നൽകുകയില്ല. അതിനവർക്ക്‌ കഴിയില്ല. ആൾ ദൈവമായിരുന്നിട്ട്‌ കാര്യവുമില്ല. ഒരു മതത്തിനകത്ത്‌ മറ്റൊരു ദൈവത്തിനു ഇടം കിട്ടുകയില്ല. ക്രിസ്തുമത്തിൽ വേറൊരു ദൈവം സാധ്യമല്ലല്ലോ. വാഴ്ത്തപ്പെട്ടവർ ഉണ്ടായേക്കാം. ക്രിസ്തുവിനു തുല്യമായി ഒരു ദൈവം അവിടെ ആരും സമ്മതിക്കുകയില്ല. ഇതാണ്‌ ഗുരുവിന്റെ ദൈവികത നേരിടുന്ന സമകാലിക സാഹചര്യം. 
എന്തിനാണ്‌ കോടതികളിൽ നിന്ന്‌ എന്നും പഴികേൾക്കുന്നത്‌? ഒരിക്കലും ഈ അപമാനം അവസാനിക്കുകയില്ല. കോടതികൾ ഉള്ള കാലത്തോളം ഇത്‌ ആവർത്തിക്കുകയും ചെയ്യും. ഹിന്ദുമതത്തിൽ ഇതേ സാധ്യമാവൂ. അതുകൊണ്ട്‌ ശ്രീനാരായണ ധർമ്മ പാതയിൽ ജീവിക്കുന്നവർ അവരുടേതായ മതമുണ്ടാക്കുകയാണ്‌ വേണ്ടത്‌. അപ്പോൾ ഗുരു ആരുടെയും പ്രത്യേക സമ്മതപത്രമില്ലാതെ ദൈവമായി സ്വീകാര്യതനേടും. കോടതിക്ക്‌ മതത്തെ ചോദ്യം ചെയ്യാനാകില്ല. കാരണം ഒരു മതത്തിനു അതിന്റെ ദൈവമുണ്ടാകും. ക്രിസ്തുമതത്തിനു അതിന്റെ ദൈവമാകാം. എന്നാൽ യഹൂദമത്തിൽ ക്രിസ്തുവിന്റെ ദൈവികത ചേരില്ല: ഹിന്ദുമതത്തിൽ ബുദ്ധൻ ചേരാത്തതുപോലെ. എന്തിനാണ്‌ ഗുരുധർമ്മം പാലിക്കുന്നവർ എന്നും 'പിന്നോക്ക'മായിരിക്കുന്നത്‌? വിദ്യകൊണ്ടുള്ള സ്വാതന്ത്ര്യമല്ലേ വേണ്ടൂ. ലോകം വിശാലമാണ്‌. സർക്കാർ സേവനമേഖലയല്ല ഒരാളുടെ ജീവിതത്തിന്റെ അതിർത്തി. പിറന്നുവീഴുന്ന കുഞ്ഞിനെപ്പോലും എന്തിനാണ്‌ പിന്നോക്കമെന്ന മുദ്രചാർത്തി അപകർഷതാബോധത്തിലേക്ക്‌ തള്ളിവിടുന്നത്‌? ദളിതരും അവരുടേതായ മതമായി മാറിയാൽ വിവേചനം ഇല്ലാതാകും. ഹിന്ദുമതത്തിന്റെ അവശിഷ്ടമായി നിന്നാൽ അയിത്തം തുടരും. പുരാതനമായ വച്ചുസേവകളും ആരാധനാ രീതികളും ഭക്തിയുടെ സാംസ്കാരിക കലാചിഹ്നമായി കൊണ്ടു നടക്കുകയുമാവാം. 
പുലിയാമ്പിള്ളി, മറുത തുടങ്ങിയ പ്രാകൃത ദൈവങ്ങളെ സാംസ്കാരിക കലാമുദ്രകളായി വീണ്ടെടുക്കുകയാണ്‌ വേണ്ടത്‌. ഒരാൾ വർഗപരമായി, മതപരമായി ചരിത്രത്തിന്റെ ആഴങ്ങളിലും ജീവിക്കുന്നുണ്ട്‌.
ഇപ്പോൾ തന്നെ ഈഴവർ വേറിട്ട മതാചാരം പുലർത്തുന്നുണ്ട്‌. കല്യാണത്തിനും മരണത്തിനുമൊക്കെ ദൈവദശകം പ്രാർത്ഥന, ഗുരുപൂജ, ഗുരുജയന്തി, സമാധി ആചരണം, ഗുരുമന്ദിര നിർമ്മാണം, ഗുരുപ്രതിമ പ്രതിഷ്ഠിക്കൽ, ഗുരുദേവദർശന പ്രഭാഷണം, എല്ലാം നടക്കുന്നു. ഇതൊന്നും ഹൈന്ദവമല്ല.
എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഒരാൾക്ക്‌ ഏത്‌ ദൈവത്തെ ആരാധിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഗുരുവിന്റെ മതത്തിൽ ഏത്‌ മതവിശ്വാസിക്കും പ്രവേശനമുണ്ടാകണം. വ്യവസ്ഥാപിതമായ ഗുരുമതം ഉണ്ടാകുമ്പോഴും, അതിൽ ഒരു സാംസ്കാരികാവസ്ഥയുണ്ടായിരിക്കണം. അത്‌ ഒരു മതവിശ്വാസിക്കും എതിരാകരുത്‌. എല്ലാ മതവിശ്വാസികളുടെയും സദ്ചിന്തകളാണ്‌ ഇവിടെ സംഗമിക്കേണ്ടത്‌. ഇവിടെ ആശയവും ധർമ്മവുമാണ്‌ മുഖ്യം. മതപരമായ അന്ധവിശ്വാസവും മിഥ്യാധാരണകളുമാണ്‌ അസ്തമിക്കുന്നത്‌. നല്ലതു വരുത്തുന്ന ദൈവങ്ങൾക്ക്‌ സ്തുതി. 
ഗുരുവിന്റെ മതത്തത്ത്വത്തിന്റെ സാരമിതാണ്‌: അനുകമ്പയ്ക്ക്‌ നാശമില്ല. മരിച്ചാലും അത്‌ നിലനിൽക്കും. 
'ഉരുവാമുടൽ വിട്ടുകീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും. ' 
ഒരാൾക്ക്‌ വെള്ളം കൊടുത്തിട്ട്‌, കൊടുക്കുന്നയാൾ മരിച്ചാലും വാങ്ങിയയാൾ ജീവിച്ചേക്കാം. ഒരു മരത്തിനു പതിവായി വെള്ളം ഒഴിച്ചുകൊടുത്തയാൾ പിന്നീട്‌ മാറിതാമസിച്ചാലും ആ മരം വളരുന്നു. അനുകമ്പ കാലങ്ങളിലൂടെ പടരുകയാണ്‌. അത്‌ നിരാകരിക്കപ്പെടുകയില്ല. 
ശ്രീനാരായണഗുരുവിന്റെ ദൈവത്തിനു മുകളിൽ കാണുന്നവരുണ്ട്‌. ഇവിടെ ഉയരാവുന്ന ചോദ്യം, എന്തിന്‌ അങ്ങനെയൊരു ദൈവത്തെ ഹിന്ദുമതത്തിൽ ഒതുക്കി നിർത്തുന്നു എന്നതാണ്‌. ഇന്നത്തെ നിലയ്ക്ക്‌ ചിന്തിച്ചാൽ പരോപകാര പ്രവണതയും അനുകമ്പയും തിങ്ങിനിറയുന്ന ഒരു ഗുരുമതമുണ്ടാകാൻ നൂറുവർഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

m k harikumar