Monday, January 6, 2014

AKSHARAJALAKAM,LAKKAM 9, PAGE 2/DEC 29-JAN5/2014



ലക്കം 9, പേജ് 2















To be a vegetarian is to disagree - to disagree with the course of things today... starvation, cruelty - we must make a statement against these things. Vegetarianism is my statement. And I think it's a strong one.
Isaac Bashevis Singer ,ജ്യൂവിഷ് -അമേരിക്കൻ എഴുത്തുകാരൻ












I'm not afraid of death; I just don't want to be there when it happens.”
Woody Allen, അമേരിക്കൻ ചലച്ചിത്രകാരൻ

സകലതിനെയും കോർത്തെടുക്കുന്ന 
ഇന്ത്യൻ മനസ്സ്

ബംഗാളി എഴുത്തുകാരിയായ സാവിത്രിറോയി(1918-1985)യുടെ 'തുരുത്ത് ' എന്ന കൃതി വായിച്ചപ്പോൾ പരിഭാഷകനായ എം .എൻ സത്യാർത്ഥിയെ അഭിനന്ദിക്കണമെന്ന് തോന്നി.
ധാക്കയിലാണ് സാവിത്രിയുടെ അവരുടെ ജനനം.
എം. എൻ സത്യാർത്ഥി

ഫറിദ്പൂരിലെ ഗ്രാമാന്തരീക്ഷത്തിലാണ് വളർന്നത്.അച്ഛൻ ഗാന്ധിയനായിരുന്നു. അമ്മയുടെ കുടുംബക്കാർ കമ്മ്യൂണിസ്റ്റ്കാരും. ഭർത്താവിന്റെ പാതയിൽ സാവിത്രിയും കമ്മ്യൂണിസ്റ്റായി.
 ആദ്യനോവൽ സൃജൻ (1964) രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒരുക്കങ്ങളും ഇന്ത്യൻ രാഷ്ട്രീയവും ചർച്ച ചെയ്യുന്നു.നദിയോരങ്ങളിലെ  ജീവിതം ചിത്രീകരിക്കുന്ന നോവലാണ് ത്രിസോത(1950)സ്വരലിപി(1953),മാ
ൽശ്രീ(1955)നെല്ലിന്റെ ഗീതം(1958),പത്മാ-മേഘന എന്നിവയാണ് മറ്റു നോവലുകൾ. 'നൂതൻ കിച്ചുനയി'  കഥാസമാഹാരമാണ്.
 

തുരുത്ത് എന്ന നോവലിന്റെ പരിഭാഷയുടെ ആമുഖമായി സാവിത്രിയുടെ ഒരു കവിതാശകലം ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്.
''ലോകമേ ,വിശ്വസിച്ചാലും ശരി ഇല്ലെങ്കിലും ശരി, ശൈശവം മുതൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം.ഇന്ന് അറുപത്തിയേഴാം വയസ്സിലും എന്റെ ആ സ്നേഹം ഏകനിഷ്ഠമാണ്. അതിനാൽ നിന്റെ സ്നിഗ്ദ്ധമായ മടിയിൽ എന്നെ അല്പം സമാധാനത്തോടെ ഉറങ്ങാൻ അനുവദിക്കൂ!മനുഷ്യരുടെ സർപ്പദംശനത്താൽ ഒരിക്കലും ആ ഉറക്കത്തിനു ഭംഗം വരരുത്."
ഇന്ത്യാ പാക്ക് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അതിമനോഹരമായ നോവലാണ് 'തുരുത്ത്'.എന്നാൽ രാഷ്ട്രീയ കാര്യങ്ങളുടെ തീക്കാറ്റ് നോവലിൽ കുത്തി നിറയ്ക്കുമ്പോഴും,എവിടെയും കാണാത്ത, എന്നും ശരിയെന്ന് വിളിക്കാവുന്ന ഒരു വിവരണകല സാവിത്രി പുറത്തെടുക്കുന്നു.ഇന്ത്യൻ വൈകാരികതയുടെ പൂട്ട് അവർ മനസ്സിലാക്കിയിട്ടുണ്ട്.


ഇന്ത്യൻ മനസ്സ് നമ്മുടെ എഴുത്തുകാർക്ക് നഷ്ടമായി എന്ന  വസ്തുതയും നാം ഓർക്കണം.അവർ വെറും ഭൗതികവാദവും  കണക്കും പശ്ചാത്തലവും കഥാപാത്രങ്ങളുടെ ചിന്തകളും മാത്രം ആവിഷ്കരിച്ചു.ഇന്ത്യൻ മനസ്സ് എവിടെയോ ഒലിച്ചുപോയി.
എന്നാൽ സാവിത്രിറോയിയിൽ ആ മനസ്സ് സ്പന്ദിക്കുന്നുണ്ടായിരുന്നു.അവർ ബോധത്തിന്റെ നാനാവഴികൾ ഒരേസമയം പ്രവർത്തിപ്പിച്ചു. അവരുടെ  ഭാഷ  ശ്രദ്ധിക്കൂ:അച്ഛനിൽ കലാകാരന്റെ അനാസക്തഹൃദയം ഒളിഞ്ഞിരുപ്പുണ്ട്.അല്ലെങ്കിൽ ഈ മോഹഞ്ചദാരോയുടെ മണലിന്നടിയിൽ ജീവിതത്തിന്റെ സകലധ്യാനവും ധനവും അമർന്നുകിടപ്പുണ്ട്.
മറ്റൊരു ഭാഗം:
കുട്ടിക്കാലത്തെ വൃദ്ധഗംഗ ഇന്നു ഏകാകിയായി കരഞ്ഞുകൊണ്ടിരിക്കുന്നു.ആ കിഴവിയുടെ മറ്റൊരു നാമമാണ് സ്മൃതി.കുട്ടിക്കാലത്തേതാണെങ്കിലും അതിന്റെ അടിസ്ഥാനനിറം ധൂസരമാണ്.അത് സ്നായുക്കളെ പീഡിപ്പിക്കുന്നു.എല്ലാ മേഘങ്ങളും, മഴയായി നെല്ലിൻ പാടങ്ങളിൽ പതിക്കുമെന്നറിയാം.സൂര്യൻ ഉയരുമ്പോൾ ഈ മേഘം നീലഗിരി പർവ്വതത്തിലേക്ക് നീങ്ങും.കാറ്റിന്റെ  ചാട്ടയുടെ പ്രഹരത്താൽ ഭയാർത്തമായ മേഘം ചിറാപുഞ്ചിയിലെ അഭയാർത്ഥി കോളനിയിലേക്ക് ഓടും.അതിനാൽ തുരങ്കത്തിലൂടെയല്ല, കട്ടിഹർമെയിൽ ഗംഗാതീരത്തൂടെ ഓടണമെന്നാണ് എന്റെ ആഗ്രഹം.ഓടുന്ന ട്രെയിനിൽ  ഇരുന്നുകൊണ്ട് പായ ഉയർത്തിയ തോണികളും മൽസ്യവലകളും മുക്കുവരുടെ ജീവിതസമരവും കാണണം.


പർവ്വതം തുളച്ചുണ്ടാക്കിയ വിഷണ്ണമായ തുരങ്കത്തേക്കാൾ ജീവിതം തുടിക്കുന്ന ഗ്രാമങ്ങളാണ് മനോഹരം.കർഷകപുത്രി വയൽ വരമ്പിലൂടെ ഭക്ഷണം കൊണ്ടുപോകുന്നത് കാണാം.  അമ്മേ! നിങ്ങളുടെ ശൈശവത്തിലെയും യൗവ്വനത്തിലെയും അതിനുശേഷമുള്ള എല്ലാ ഓർമ്മകളും ദുഃഖിതഹൃദയത്തിൽ  നിന്ന് മായ്ച്ചുകളയൂ.വിഷണ്ണമായ ആത്മവിലാപത്തിന്റെ ആവശ്യമില്ല.ഓർമ്മകളിൽ  മുഴുകുന്നതിനെ അപേക്ഷിച്ച് ബസ്സിന്റെ ചവിട്ടുപടിയിൽ നിന്നുകൊണ്ട് എക്സ്പ്ലനേഡിലോ , കുളുതോല സ്ട്രീറ്റിലോ ,ഭവാനിപൂരിലോ ചിത്പൂരിലോ, പോകുന്നതാണ് നല്ലത്.മനുഷ്യൻ ജീവിക്കാൻ വേണ്ടി നടത്തുന്ന സമരങ്ങൾ കാണാം.''

ഇന്ത്യൻ മനസ്സിന്റെ പ്രത്യേകത സഹജമായി മനസ്സിലാക്കുന്ന ഒരാൾക്കു മാത്രമേ ഇതുപോലെ ആഖ്യാനം നിർവ്വഹിക്കാൻ കഴിയൂ.
ഒരു ചരടിൽ എല്ലാറ്റിനെയും കോർത്തിണക്കുകയാണ്.ഒരു വസ്തു , വലിയ ഒരു മഹാലോകത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന ചിന്തയിൽ അധിഷ്ടിതമാണിത് . മനസ്സ് എല്ലാം ഉൾക്കൊള്ളുന്നു. ഒരു കണ്ണ്, ഒരു ചെവി, ഒരു മനസ്സ്, ഒരു മൂക്ക് , ഒരാകാശം അത് എപ്പോഴും മാറ്റിവയ്ക്കുന്നു.

മണ്ണ്
മണ്ണ് ഓർമ്മകളുടെ പുരാതന നഗരിയാണ്.

 മേരി റൂഫിൾ: ദർശനത്തിന്റെ സ്വകാര്യ ദുഃഖം
 A Little White shadow, apparition Hill തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ അനുവാചകരുടെ പ്രിയത നേടിയ കവിയാണ് മേരി റൂഫിൾ.


അവർക്ക് വളരെ വേറിട്ട അഭിപ്രായങ്ങളുണ്ട്. നിലവിലുള്ള ധാരണയ്ക്ക് മുകളിൽ  എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമ്പോഴാണ് ഒരു കവിയുടെ സ്വരം  യാഥാർത്ഥ്യമാകുന്നത്. മേരിയുടെ ഈ വാക്കുകൾ ശ്രദ്ധിക്കൂ:
എന്നെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഞാൻ വേറൊരു വ്യക്തിയാണ്;എന്നാൽ ഒരു തടാകത്തിൽ ബോട്ട് സവാരി നടത്തുമ്പോൾ എന്നിലെ മറ്റൊരു വ്യക്തി പുറത്തു വരുന്നു.ഏതാണ് ശരി? ഇതിനു രണ്ടിനുമിടയിലുള്ള സംഘർഷമാണ് ഞാൻ എന്ന വ്യക്തി. അതിനു ഒരു കൃത്യമായ അവബോധമില്ല.അവരുടെ വാക്കുകൾ:The world is falling apart! But it has been doing so for thousands of years, and will continue to do so for as long as it lasts. Everything falls apart—rocks, coastlines, nations, bodies, beliefs, marriages, language, books.


ഒരു കലാകാരിക്ക് അല്ലെങ്കിൽ എഴുത്തുകാരിക്ക് വേണ്ടത് എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുക എന്ന വരമാണ്.ഏതൊരു ജീവിയെയും പോലെ നമുക്ക് ചലിക്കണം.എഴുത്തുകാരിക്ക് എഴുതിയാലേ അതിനു കഴിയൂ.അപ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്. അതാണ് ബോണസ്.നമ്മുടെ ആതിഥേയ ആരാണ്?ബോധം. അതിനോട് നമ്മൾ നന്ദി കാണിക്കണം.നമ്മുടെ ഇന്ദ്രിയങ്ങളോട് നന്ദി കാണിക്കണം. നമ്മുടെ പക്കലുള്ള അസാധാരണവും ദുരൂഹവുമായ ശക്തികളോട് നമ്മൾ മമത കാണിക്കണം. കാരണം എപ്പോഴും അവ അവിടെ ഉണ്ടായിരിക്കണമെന്നില്ല.ജീവിതം ഒരു ഉപന്യാസമാണ്. കല ഉപന്യാസമാണ്.ഭാഷയും അതാണ്. ഗദ്യത്തിനു ഭാവാത്മകമാകാൻ കഴിയില്ലെന്ന് ഞാൻ പറയില്ല. അതുപോലെ  കവിത അപരിഷ്കൃതമാകില്ലെന്നും പറയാനാകില്ല.കവിത മേഘത്തെപ്പോലെയാണ് ; ഗദ്യമാകട്ടെ മഞ്ഞിനിടയിലൂടെ നീങ്ങുന്ന തീവണ്ടി പോലെയും.
'ദ് ലെറ്റർ' എന്ന കവിതയിലെ ചില വരികൾ വായിച്ചാലും:
You asked for my innermost thoughts. I wonder will I
ever see a grape again? When I think of the vineyard
where we met in October-- when you dropped a cluster
custom insisted you be kissed by a stranger-- how after
the harvest we plunged into a stream so icy our palms
turned pink. It seemed our future was sealed. Everyone
said so. It is quiet here. Not closing our ranks
weakens us hugely.


സുകുമാർ അഴീക്കോട് അവാർഡ്

സുകുമാർ അഴീക്കോട് ട്രസ്റ്റിന്റെ  അവാർഡ് ഇനി മുതൽ ഒരു മലയാള എഴുത്തുകാരനു നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
എന്റെ പ്രിയ സുഹൃത്ത് പോൾ മണലിലാണ് അതിന്റെ ഭാരവാഹി.അദ്ദേഹം എന്റെ നല്ല ഉദ്ദേശം മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.
അഴീക്കോട് മറ്റെന്ത് ആയിരുന്നാലും , പ്രാഥമികമായി വിമർശകനും പ്രഭാഷകനുമാണ്.അതുകൊണ്ട് അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് സാഹിത്യത്തിന്റെ വിവിധ ശാഖകളിൽപ്പെട്ടവർക്ക് കൊടുക്കണം. കഴിഞ്ഞ വർഷം ഈ അവാർഡ്  ലഭിച്ചത് ടി.ജെ.എസ് ജോർജിനാണ്. അദ്ദേഹത്തിന്റെ യോഗ്യതെയെപ്പറ്റി ആർക്കും സംശയമുണ്ടാകുകയില്ല. ഇന്ത്യയിലെ പ്രഗത്ഭനായ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമാണ്.അതിലൊന്നിലും ആർക്കും തർക്കമില്ല. പക്ഷേ, അഴീക്കോടിന്റെ പേരിലുള്ള അവാർഡുകൊണ്ട് മലയാളസാഹിത്യത്തിനു ഗുണമുണ്ടാകണം.സാഹിത്യവുമായി പ്രത്യക്ഷബന്ധമില്ലാത്ത ആർക്കും ഇതു നൽകരുത്.

പ്രസന്നരാജൻ
ശിവഗിരി സാഹിത്യസമ്മേളനത്തിൽ പ്രസംഗിക്കവേ പ്രസന്നരാജൻ പറഞ്ഞു: കവിതയെക്കുറിച്ച് ലേഖനങ്ങൾ അയച്ചാൽ ആനുകാലികങ്ങൾ തഴയും; എന്നാൽ സിനിമാഗാനത്തെക്കുറിച്ച് എന്തെഴുതിയാലും ഉടൻ അച്ചടിച് വരും.

കവർ ഫീച്ചർ
ചില മാഗസിനുകളുടെ കവർഫീച്ചറായി എഴുത്തുകാരുടെ ഫോട്ടോയും മറ്റും വരണമെങ്കിൽ സിനിമാനടന്മാർ ശുപാർശ ചെയ്യണമെന്ന് ഒരു കവി എന്നോട്പറഞ്ഞു.എന്റെ പ്രതികരണം: വെരി ഗുഡ്!.

ഓർമ്മ

ഓർമ്മകൾ സർവ്വത്ര ശരിയാണെന്ന അബദ്ധ ധാരണയിലാണ് മലയാളസാഹിത്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
ഓർമ്മ ഒരു ഉപരിപ്ലവ സ്ഥിതിവിവരക്കണക്കാണ്.അത് പലപ്പോഴും തെറ്റാണ്. നാം സ്നേഹിച്ചത്, നമ്മെ സ്നേഹിച്ചത്, നമ്മൾ കണ്ടത്, നമ്മെ കണ്ടത് എല്ലാം പൂർണമായും ശരിയല്ല.  അനേകം തവണ ഹരിച്ചും ഗുണിച്ചും കണ്ടുപിടിക്കേണ്ടതാണ് ഓർമകൾ.

സമൂലമായ വീക്ഷണ വ്യതിയാനം

ലോകം ഉത്തര- ഉത്തരാധുനികതയിലേക്ക് മാറിയതോടെ ഒരു സമൂല വീക്ഷണവ്യതിയാനം(paradigm shift) സംഭവിച്ചു എന്നു പറയുമ്പോൾ പലർക്കും അതു വിശ്വസിക്കാൻ കഴിയില്ല. കാരണം അവർ നോക്കുമ്പോൾ  എല്ലാ പഴയ വീട്ടുസാധനങ്ങളും കലാരൂപങ്ങളും തിരിച്ചുവരുകയാണ്.കിണ്ടി, അരകല്ല്, ഓലകെട്ടി മേഞ്ഞ പുര, ഓടുകൾ, തൂക്കുവിളക്കുകൾ, ഭരണികൾ, തുടങ്ങി പഴയതെന്ന് കരുതിയിരുന്നതെല്ലാം ഇപ്പോൾ പുതിയതുമാണ്. മീൻ കറി വയ്ക്കുന്നതിൽ പോലും, നാടൻ എന്ന വിശേഷണം ഒരു പരസ്യ വാചകമായി ഉപയോഗിക്കപ്പെടുന്നു.എന്നാൽ ഇതെല്ലാം ഉത്തര- ഉത്തരാധുനികതയുടെ  ഭാഗം തന്നെയാണ്.

ഇന്ന് ലോകം ക്ലാസിക് കലയുടെയോ സംസ്കാരത്തിന്റെയോ ഭാഗമല്ല. ക്ലാസിക് അനുഭവത്തിൽ നിന്ന് സമ്പൂർണമായ വേർപെടുത്തൽ സംഭവിച്ചിരിക്കുന്നു.ഇന്ന് ശുദ്ധമായ കലയുടെ സ്ഥാനത്ത് വിപണിയുടെ ആവശ്യത്തിനുള്ള സാങ്കേതികതയിൽ അലിഞ്ഞു  ചേർന്ന കലയാണുള്ളത്.

മൊബൈൽ ഫോൺ , ലാപ്ടോപ്പ് തുടങ്ങിയ ഉല്പന്നങ്ങൾ കലാവസ്തു എന്ന നിലയിലും പ്രസക്തമാണ്. എന്നാൽ അതു ആര് ഉണ്ടാക്കി എന്ന കാര്യം ആരും തിരക്കുന്നില്ല. കലാകാരനു സ്വന്തം കർത്തൃത്വം വേണ്ട.കണ്ടു മനസ്സിലാക്കാവുന്ന , തൊട്ടുനോക്കാവുന്ന, ഒരു രചയിതാവ് എന്ന നിലയിൽ അവകാശം ഉന്നയിക്കാവുന്ന , ഒരു ഇടം നിലനിർത്തുന്ന കലാവസ്തുക്കൾ(ശില്പം, നാടകം, അനുഷ്ഠാനകലകൾ...) , പാരമ്പര്യത്തിന്റെ, ക്ലാസിക് അനുഭവത്തിന്റെ തലത്തിൽ ഒതുങ്ങുകയാണ്.പകരം കണ്ടാലും വ്യക്തമാകാത്ത, ഊഹിച്ച് മനസ്സിലാക്കേണ്ട, കണ്ടതുപോലെ തോന്നിപ്പിച്ചശേഷം അദൃശ്യമായിത്തീരുന്ന പുതിയ ലോകം ഉണ്ടായിരിക്കുന്നു (ഹൈടെക് സിനിമ, പരസ്യചിത്രങ്ങൾ, ത്രീ ഡി, അനിമേഷൻ ഗ്രാഫിക്സ്, ).ക്ലാസിക് കലയുടെ ആദർശം എങ്ങും കാണാനില്ല;പകരം എല്ലാം പൂരിപ്പിക്കാനുള്ള വസ്തുക്കൾ മാത്രമായി. അതായത്, ഓരോന്നൊന്റെയും ചരിത്രപരമായ സ്ഥാനമോ, അർത്ഥമോ ഒന്നും പരിഗണിക്കാതെ സ്ഥാനം തെറ്റി ഉദയം ചെയ്യുകയാണ്. 

കഥകളിയുടെ കിരീടം ചിലപ്പോൾ സ്വർണക്കടയിലും കള്ളുഷാപ്പിലും നിലയുറപ്പിക്കും.ഓലമേഞ്ഞ കെട്ടിടം , പഞ്ചനക്ഷത്ര ഹോട്ടലിന്റെ തീന്മേശയ്ക്കരികിൽ ആയിരിക്കും പണിതുയർത്തുക. എറണാകുളം ഗെയിറ്റ് വേ(താജ്) ഹോട്ടലിന്റെ മുന്നിൽ ഓലമേഞ്ഞ ഓഡിറ്റോറിയം കാണാം.കെട്ടിടങ്ങളുടെ അകവശം ഇന്നത്തെ ഏറ്റവും  കൂടിയ ഇനം സാങ്കേതികവിദ്യകൊണ്ടാവും നിർമ്മിക്കുക.ക്ലാസിസിസത്തിന്റെ വംശീയ, മതാത്മക, പുരാണാത്മക, ശിലാരൂപപരമായ, വ്യക്തികേന്ദ്രീകൃതമായ , ലക്ഷ്യവേധിയായ, അനശ്വരമായ, ലോകം അവസാനിച്ചു.

ഉള്ളെഴുത്ത് കെ പി അപ്പൻ പതിപ്പ്
കെ. പി. അപ്പൻ അന്തരിച്ചിട്ട്  ഡിസംബർ 15നു അഞ്ചു വർഷം തികഞ്ഞു.അദ്ദേഹത്തിന്റെ മുഖചിത്രവുമായി ഉള്ളെഴുത്ത് മാസിക കണ്ടപ്പോൾ ആഹ്ലാദം തോന്നി.

അപ്പൻ മലയാള വിമർശന ശാഖയെ നവീകരിച്ച എഴുത്തുകാരനാണ്. സ്വാതന്ത്ര്യവും ആലോചനയുമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഡോ.ടി.ജിതേഷ് എഴുതിയ 'ബൈദ്ധികസ്നാനം  ചെയ്യിച്ച സ്നാപകൻ'  എന്ന ലേഖനത്തിന്റെ തലവാചകത്തിൽ പോലും ഒരു അപ്പനിസമുണ്ട്.അപ്പൻ സൃഷ്ടിച്ച ഒരു ഭാഷാസംസ്കാരമുണ്ട്.അതിനൊരു സൗന്ദര്യമുണ്ട്. യൂറോപ്യൻ ആധുനികതയെ മുറുകെപ്പിടിച്ച് എഴുതിവന്ന അപ്പൻ , പിന്നീട് സ്വന്തം ചിന്തയുടെ  ആവശ്യം എന്നപോലെ ബൈബിളും ഗുരുദർശനവും കാലവും  ചർച്ചചെയ്ത് അന്തഃകരണത്തിന്റെ വിമോചനം എന്താണെന്ന് വിശദീകരിച്ചു.'ജ്ഞാനസാന്ദ്രമായ ഹിന്ദോളരാഗം' എന്നപേരിൽ എൻ ജയകൃഷ്ണൻ എഴുതിയ ലേഖനത്തിൽ അപ്പന്റെ 'അചുംബിതമായ ദുഃഖം' എന്ന പ്രയോഗത്തെപ്പറ്റി വിവരിക്കുന്നുണ്ട്.'ദുഃഖത്തോടു
ള്ള പ്രണയമാണ് അവിടെ ചുംബനമേൽക്കാതെ വിടരുന്നത്'- ജയകൃഷ്ണൻ നിരീക്ഷിക്കുന്നു.

എന്നാൽ ജീവിച്ചിരുന്ന  കാലത്ത് അപ്പന്റെ ചുറ്റും കൂടിയ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മരണശേഷം ആ സ്നേഹം  പ്രകടിപ്പിക്കുന്നില്ല. ഇന്ന് ഈ നിരൂപകന്റെ പേരിൽ ഒരു സമിതി പോലുമില്ല. അദ്ദേഹത്ത ചുറ്റിപ്പറ്റി പലരും നടന്നു. എന്നാൽ മരണത്തോടെ  അവരെല്ലാം നന്ദികെട്ടവരായി മാറിയിരിക്കയാണ്. എന്നാൽ എം. എൻ വിജയന്റെ ശിഷ്യന്മാരെ നോക്കു. എം. എൻ വിജയന്റെ സമ്പൂർണ കൃതികൾ അവർ പുറത്തിറക്കി.എല്ലാവർഷവും വിവിധ കേന്ദ്രങ്ങളിൽ 'എം എൻ വിജയൻസെമിനാറുകൾ'  സംഘടിപ്പിക്കുന്നു.ഇക്കാര്യത്തിൽ എൻ. പ്രഭാകരൻ, എസ് സുധീഷ് തുടങ്ങിയവരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.കെ.പി.അപ്പന്റെ പേരിൽ ഒരു വലിയ ഫൗണ്ടേഷൻ ആരംഭിക്കാൻ ഈ ശിഷ്യഗണങ്ങൾക്ക് കഴിയാത്തത് പണമില്ലാത്തതുകൊണ്ടോ , സൗകര്യമില്ലാത്തതുകൊണ്ടോ?
കടമ്മനിട്ട

കവിത ശാന്തതയ്ക്കുള്ളിലെ താണ്ഡവമാകുന്ന അനുഭവം തന്നത് കടമ്മനിട്ടയാണ്.
ഒരു ഗ്രാമാംശത്തിന്റെ ലോലപാർശ്വത്തിൽ നിന്ന് പ്രപഞ്ചത്തെ നിർമ്മിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
പദബോധം, താളബോധം, സംസ്കാര
ബോധം  എന്നിവ ഒത്തുചേരുമ്പോഴേ  കടമ്മനിട്ടയിലേക്കുള്ള വഴിയെങ്കിലും തെളിഞ്ഞുകിട്ടുകയുള്ളു.
'വഴിയരികിൽ തളർന്നു നിൽക്കുന്ന
നാട്ടുമാവുകൾ എന്നോടു ചോദിച്ചു: പാന്ഥാ , നീയെങ്ങോട്ടു പോകുന്നു?'

രാത്രി

 







രാത്രിയുടെ നിശ്ശബ്ദതയിൽ പലതരം കീർത്തനങ്ങളുണ്ട്.പലർ പാടിയ പല ആവൃത്തിയിലുള്ള ആ കീർത്തനങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയില്ല.

പ്രകാശൻ മടിക്കൈ
പ്രകാശൻ മടിക്കൈയുടെ ബി പി എൽ എന്ന കവിത ഇന്ത്യയെ കാണിച്ചുതരുന്നു.

ഇന്ത്യ എന്തെന്ന് അറിയാത്തവരാണ് ഭരണാധികാരികൾ.
അധികാരം കിട്ടിയാലുടനെ വൻ സുരക്ഷ ഏർപ്പാടാക്കി, ലക്ഷങ്ങൾ മുടക്കി വീട് മോടി പിടിപ്പിച്ച് മൂട് മറക്കുന്നവർക്കിടയിൽ കെജ്രിവാളും സംഘവുംമാതൃകയാണ്.ചൈനീസ് പ്രധാനമന്ത്രി ഒരു തട്ടുകടയിൽ ക്യു നിന്ന് ഭക്ഷണം കഴിക്കുന്ന പടം കാണാനിടയായി.എങ്കിലും അവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കണം. ഇതൊന്നും എപ്പോഴും സാധിക്കില്ല. കാരണം സമയത്തിനു വിലയുണ്ടല്ലോ.ഇത്തരം പ്രവൃത്തികൾ മാധ്യമശ്രദ്ധ കിട്ടാൻ ആകരുത്. ഒരു മന്ത്രി ചായക്കടയിൽ വന്ന് ചായ കുടിക്കേണ്ട ആവശ്യമൊന്നുമില്ല.ഓട്ടോ റിക്ഷയിൽ പോകേണ്ട കാര്യമില്ല. ഓട്ടോയിൽ നിരങ്ങി നടന്നാൽ സമയത്ത് എത്തി കൂടുതൽ കാര്യങ്ങൾ ചെയ്യാനൊക്കില്ല. മന്ത്രിയുടെ വീക്ഷണത്തിൽ ഇന്ത്യ ഉണ്ടാകണം.ധൂർത്ത് ഒഴിവാക്കുക. പെട്ടെന്ന് തീർപ്പ് ഉണ്ടാകണം. കാരണം അവർ വൃത്തിയായി ഭരിച്ചാൽ മതി. ആവശ്യത്തിനുള്ള സുരക്ഷയും സൗകര്യങ്ങളും വേണം.



''മലമുകളിലെ ചാപ്പയില്‍
ആരുമില്ലാത്ത ഒരമ്മയുണ്ടായിരുന്നു.
അവരെ കാണാന്‍
ആറിനക്കരെ നിന്നും
ഞാന്‍ പോയി.

മഞ്ഞവെയിലിന്റെ വടി ഒടിച്ച്
വടക്കേ ചെരിവില്‍
വെള്ള മേഘങ്ങളുടെ
മുട്ടനാടുകളെ
ഓടിക്കുകയായിരുന്നു അവർ.

എന്നെ കണ്ടപാടെ
“കുന്നുകയറി വന്ന കുഞ്ഞീ
തലച്ചൂട് കുറയ്ക്കാനെന്തെങ്കിലും ചെയ്യാം”
എന്നു പറഞ്ഞ്
ചാപ്പയിലമ്മ
തെക്കേ ചെരിവിലേക്കോടി
കറുത്ത മേഘങ്ങളുടെ
അകിട് കറന്നു വന്നു.

മേഘപ്പാലില്‍
മസ്തകാഭിഷേകം നടത്തി
ഞാനിരിക്കുമ്പോള്‍
ഇല്ലാത്ത റേഷന്‍കാര്‍ഡില്‍
കണ്ണീരിറ്റിച്ചുകൊണ്ട്
അവര്‍ പറഞ്ഞു.
“മിച്ചഭൂമിയിലാണ് ഞാന്‍,
നിനക്ക്
എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
കൃഷ്ണദാസ്
ആം ആദ്മിയുടെ വരവിനെപ്പറ്റി എഴുത്തുകാരനും ഫേസ്ബുക്കറുമായ കൃഷ്ണദാസ് എഴുതുന്നത് ഭൂരിപക്ഷം വോട്ടർമാരുടെയും വികാരമാവുമോ?

''അഴിമതി, corporoate ഭരണ ശൈലികൾ, പണക്കാരുമയുള്ള അവിഹിത ബന്ധം എന്നിവയാൽ നമ്മുട ഇടത് വലതു പാർടികൾക്കു വലിയ വ്യത്യാസമില്ലാതെ വരുമ്പോഴാണ് കിഴക്ക് വെള്ള കീറിയത് പോല ആം ആദ്മി പാർട്ടിയുടെ വരവ് . Delhi election പോലെ സാധാരണകാർക്ക് പ്രതീക്ഷ നല്കുന്ന ഒരു പാർട്ടിയായി അവർ വളർന്നിരിക്കുന്നു. കേരളത്തിലടക്കം പരമ്പരാഗത വോട്ട് ബാങ്കുകളെ അവർ അട്ടിമറിക്കുകയും പ്രതീക്ഷയുടെ ഒരു കൊടി നാട്ടുകയും ചെയ്യും. ചുറ്റുപാടുമുള്ള ചലനങ്ങൾ അങ്ങിനെയാണ്‌ കൂടുകാരെ...ഇതുവരെയുള്ള തങ്ങളുടെ ചെയ്തികൾ മനസിലാക്കി, ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ്‌കാരും തങ്ങളുടെ തെറ്റു മനസ്സിലാക്കി നിലപാടുകൾ പുനർചിന്തനം ചെയ്യുമെന്നാണ് എന്നപോളുള്ളവർ ചിന്തിക്കുന്നത്.  ''

ഫേസ്ബുക്ക് കമന്റ് ലിങ്ക് ഇവിടെ

  ബൂലോകം 
ജയിംസ് ബ്രൈറ്റ്

ബൂലോകം ബോബൻ ജോസഫ് അവാർഡ് എനിക്കാണെന്ന് എഡിറ്റർ ജെയിംസ് ബ്രൈറ്റ് ലണ്ടനിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ , ഞാൻ അതിശയിച്ചു പോയി. കാരണം ജെയിംസ് ബ്രൈറ്റിനെ ഞാനൊരിക്കലും കണ്ടിട്ടില്ല. ഒരു ചരടുവലിയും ഇല്ലാതെ ഒരാൾക്ക് ഇന്ന് അവാർഡ് ലഭിക്കുമോ?
ബൂലോകം ലോകത്തിൽ തന്നെ എറ്റവും കൂടുതൽ പേർ കാണുന്ന ഒരു മലയാളം പോർട്ടലാണ്.അവരുടെ ഫേസ്ബുക്ക് പേജ് ന്യൂസ് പോർട്ടൽ പോലെ തന്നെ ധാരാളം പേരെ ആകർഷിക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി.


 






സാബു ഷണ്മുഖം
കെ. കെ. കൊച്ചിന്റെ 'കേരളചരിത്രവും സമൂഹരൂപീകരണവും' എന്ന പുസ്തകത്തെപ്പറ്റി സാബു ഷണ്മുഖം എഴുതിയ ലേഖനം(ഉത്തരകാലം) ധീരവും നൂതനവുമാണ്. ഈ ഭാഗം വായിക്കുക:
കെ.കെ.കൊച്ച്

ജാതിനശീകരണത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന ശ്രമങ്ങള്‍ – ജ്യോതിബാഫൂലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ജാതിവിരുദ്ധ -സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും തമിഴ്നാട്ടിലെ ദ്രാവിഡ ഇ.വി.ആര്‍ സമരപ്രസ്ഥാനങ്ങളെയും കേരളത്തിലെ അയ്യങ്കാളി-ശ്രീനാരായണ-സഹോദരന്‍ -അയ്യാ വൈകുണ്ട സ്വാമി പ്രസ്ഥാനങ്ങളുടെ ജാതിവിരുദ്ധ മുന്നേറ്റങ്ങളെയും കുറിച്ച് ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്. അതേസമയം ,എണ്ണമറ്റ പ്രാദേശിക ഇടങ്ങളില്‍ പൊതുചരിത്രം രേഖപ്പെടുത്താതെ പോയ ഒട്ടനവധി ചെറുചെറു സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും അനേകം പ്രാദേശിക നേതാക്കളുടെയും പുസ്തകങ്ങളുടെയും വിമതചരിത്രം കൂടി പുനരാനയിച്ചു കൊണ്ട് മാത്രമേ ചരിത്ര രചനയുടെ വ്യവസ്ഥാപിത രീതിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിയുകയുള്ളൂ.

സുരേഷ് കീഴില്ലം

യുവ കഥാകൃത്ത് സുരേഷ് കീഴില്ലത്തിന്റെ 'ആകാശത്തേക്കുള്ള ദൂരം' (സൈകതം ബുക്സ്)എന്ന സമഹാരം , തോരുന്ന യാഥാർത്ഥ്യങ്ങളെ ആഴത്തിൽ മുങ്ങി എടുക്കുകയാണ്.ഈ കഥാകൃത്തിനു ആകാശം ഒരു വലിയ പത്തായമാണ്. ഓർമ്മകളെയും ഭൂതകാലത്തെയും സംഭരിച്ചു വയ്ക്കാനുള്ള പത്തായം.ദിഗംബരം,പെൺ വായനകൾ, വെറും പുഴ വെറും മഴ തുടങ്ങി പത്തു കഥകൾ.(ഫോ:9947773887)

ഒരിക്കൽ നമുക്ക്

 

ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൌനങ്ങള്‍
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.  


 അക്ഷരജാലകം 









 അക്ഷരജാലകത്തെക്കുറിച്ച് ഫേസ്ബുക്കിലും അച്ചടി മാധ്യമത്തിലും നല്ല വാക്കുകൾ എഴുതിയ സുഹൃത്തുക്കൾക്ക് നന്ദി.
കഴിഞ്ഞ ലക്കത്തിൽ മുൻ മന്ത്രി ജി സുധാകരനെപ്പറ്റി ഞാൻ എഴുതിയതിനെ പരാമർശിച്ച് ഗ്രന്ഥകാരനും അദ്ധ്യാപകനുമായ എം. ശാർങ്ഗധരൻ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടത്  ഇങ്ങനെ:


Sarnga Dharan M It is most befitting that you have quoted G.Sudhakaran in Aksharajalakam. His contributions as a member in the Syndicate of University of Kerala were wonderful. I think his capabilities are yet to be recognized and appreciated by the society of Kerala. He is a rare species among the Politicians of Kerala. In fact G.Sudhakaran = G.Sudhakaran
അഗസ്റ്റ്യൻ കുട്ടനെല്ലൂരിന്റെ പോസ്റ്റ്:



Augustine Kuttanellur A blessing gift to our language ; malayalam.


അമേരിക്കൻ മലയാളിയും എഴുത്തുകാരിയുമായ ലൈലാ അലക്സ് അക്ഷരജാലകത്തെക്കുറിച്ച്:

I stumbled on  the AKSHARAJALAKAM blog only last week. I truly enjoy your read of the current literary efforts  and through it your comment on the Malayalee society at large.
Congratulations!!



ബേബി ജോർജ് രാജാക്കാട്








തൊടുപുഴയിൽ ഒരു സാഹിത്യസമ്മേളനത്തിൽ വച്ചാണ്, ഒരു വർഷം മുൻപ്  ചിത്രകാരനായ ബേബി ജോർജ് രാജാക്കാടിനെ പരിചപ്പെട്ടത്.അദ്ദേഹം  വരച്ച എന്റെ ചിത്രം കഴിഞ്ഞ ദിവസം തപാലിൽ കിട്ടി. 

തികഞ്ഞ കലാപ്രേമിയും പ്രകൃതിസ്നേഹിയുമായ ബേബിയുടെ ഈ രചന വായനക്കാർക്കായി സമർപ്പിക്കുന്നു.ബേബിയോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു
 

AKSHARAJALAKAM

AKSHARAJALAKAM/