ലക്കം പത്ത്,പേജ് രണ്ട്
Jose Ortega y Gasset ,സ്പാനിഷ് ചിന്തകൻ
I don't want to be a tree; I want to be its meaning.
Orhan Pamuk,ടർക്കിഷ് നോവലിസ്റ്റ്
സെക്സ് ഇനിയും എഴുതപ്പെട്ടില്ല
എല്ലാവരും സെക്സ് എഴുതുന്നത് അതിന്റെ ബാഹ്യമായ വിവരണം എന്ന നിലയിലാണ്. എന്നാൽ സെക്സ് കണ്ടെത്തുക തന്നെ വേണം.
അത് പുതിയതാണ്. അതു നമ്മുടെ ചിരപരിചിതമായ ശരീരം പോലുമല്ല.
വാക്കുകൾ സാഹിത്യത്തിൽ അതിന്റെ ഭൗതിക രൂപമല്ലല്ലോ. അതിനു മറ്റൊരു രാഗപരിവേഷം വരുന്നുണ്ട്.
അതുപോലെ സെക്സ് ഒരു സാഹിത്യ കൃതിയിൽ വരുമ്പോൾ വെറുതെ ലൈംഗികത വരിവലിച്ചെഴുതുന്നത് ഒരു തരത്തിലുള്ള നിരക്ഷരതയുടെ ഭാഗമാണ്.
ഇനിയും മനസ്സിലാക്കാത്ത ഒരു മനുഷ്യാവസ്ഥയിലേക്കുള്ള നിരാസ്പദമായ യാത്ര എന്ന നിലയിൽ ആ ആഖ്യാനം മാറണം.അതു ഭാഷയിലെ മനുഷ്യശരീരങ്ങളെപ്പറ്റിയും സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുമുള്ള സമ്പ്രദായിക ധാരണകളെ തിരുത്തുന്നതാവണം. ഇനിയും, മലയാളത്തിൽ സെക്സ് ആവിഷ്കരിക്കപ്പെട്ടിട്ടില്ല.വിജയനും പത്മരാജനും മറ്റും നടത്തിയ ചില ശ്രമങ്ങൾ കാണാതിരിക്കുന്നില്ല.
ബൊഹുമിൽ അരബലിന്റെ ഭാരിച്ച നിശ്ശബ്ദത
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ ബൊഹുമിൽ അരബലിന്റെ 'റ്റൂ ലൗഡ് എ സോളിറ്റ്യൂഡ്' എന്ന നോവൽ വായിക്കാനിടയാക്കിയത്. ഒരാൾ നോവൽ എഴുതുമ്പോൾ എന്തൊക്കെയാവും തച്ചുതകർക്കുക?
ഒരു കാര്യം വ്യക്തമാണ് , ചിലരെങ്കിലും തന്റെ ചുറ്റിനുമുള്ള അവ്യവസ്ഥകൾക്കെതിരെ പ്രതിഷേധിക്കുന്നു. അവർ യാഥാർത്ഥ്യം എന്ന മിഥ്യയെ നശിപ്പിക്കാൻ വേണ്ടി തന്റെ ആത്മാവിനുള്ളിലെ അത്യഗാധമായ ചോദനകളെ സമാഹരിക്കുന്നു.
അരബൽ ,വികാരസംവേദനം നഷ്ടമായ ഒരു കാലത്തിന്റെ ശ്മാശാനത്തിലിരുന്ന് ഒരു മനുഷ്യന്റെ സജീവതയെ ഭ്രാന്തമായി ഉണർത്തിയെടുക്കുന്നു.
ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് വായനക്കൊന്നും പ്രസക്തി ഇല്ലായിരുന്നു. പുസ്തകങ്ങൾ നല്ലതായാലും ചീത്തയായാലും വിറ്റുകൊള്ളണം. അത് പുനഃചക്രമണം ചെയ്ത് മറ്റ് കടലാസ് ഉൽപ്പന്നങ്ങളായി മാറാനുള്ളതാണ്. അവിടെയാണ് മുപ്പത്തിയഞ്ച് വർഷമായി പുസ്തകങ്ങൾ വാങ്ങി വിൽക്കാതെ തന്റെ വീട്ടിൽ കൂട്ടിയിട്ട 'കിറുക്കനായ' ഹാന്റയുടെ ജീവിതം ഇതൾ വിടർത്തുന്നത്.ഹാന്റാ ഒരു ആദർശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ആളല്ല. അയാൾ പലയിടത്തു നിന്നും പലതും മനസ്സിലാക്കി വളർന്നവനാണ്. മറ്റുള്ളവർ വിൽക്കാനായി കൊണ്ടുവന്ന പുസ്തകങ്ങൾ ഹാന്റാ വാങ്ങും,. എന്നാൽ അയാൾ അത് റീസൈക്കിൽ ചെയ്യാൻ കൊടുക്കാതെ രഹസ്യമായി സൂക്ഷിച്ചു വയ്ക്കുന്നു.
ഹാന്റായുടെ മനസ്സിന്റെ ചിന്തകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്.
പുസ്തകങ്ങളാണ് ഈ മനുഷ്യന്റെ ചിന്ത നിറയെ. പകൽ നേരത്ത് ട്രാഫിക് സിഗ്നൽ കാത്ത് നിൽക്കുമ്പോഴും, തന്റെ സ്യൂട്ട് കേസിനുള്ളിലെ പുസ്തകങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ എന്താവും പറയുക എന്ന് ആലോചിക്കുന്നു.
ആശയങ്ങൾക്ക് ആന്തരിക മൂല്യമുണ്ട്. അത് നമ്മൾ വായിച്ചില്ലെങ്കിലും , പുസ്തകങ്ങളിലിരുന്ന് അവ പരസ്പരം ചർച്ച നടത്തുന്നു.
ഇത് അദൃശ്യതയുടെയും സാധ്യതയുടെയും ലോകമാണ്.നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും സംഭവിക്കുന്ന ലോകം . അതാണ് ഹാന്റയിലുടെ അരബൽ പുറത്തെടുക്കുന്നത്.
ഹാന്റാ പുസ്തകങ്ങളിലെ ആശയങ്ങളെ ആധാരമാക്കി തന്റെ മനോനില പരീക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്നു.
ചില വാക്യങ്ങൾക്കൂ:
And so everything I see in this world, it all moves backward and forward at the same time, like a black-smith's bellows, like everything in my press, turning into its opposite at the command of the red and green buttons, and that's what makes the world go round.
I saw jesus as a tennis champion who has just won his first Wimbledon and Lao-tze as a destitute merchant, i saw Jesus in the sanguine corporality of his ciphers and symbols and Lao-tze in a shroud, pointing at an unhewn plank;I sawJesus as a playboy and Lao-tze as an old gland- abandoned bachelor; I saw Jesus as a romantic ,Lao-tze as a classicist, Jesus as a flow,Lao -tze as the ebb, Jesus as spring,Lao-tze as autumn....
തന്റെ അറയിലെ എലികളെപ്പറ്റി ഹാന്റാ പറയുന്നത് ഇപ്രകാരമാണ്:
...but there's one thing we have in common , namely, a vital need for literature with a marked preference for Goethe and Schiller in Morocco bindings.
അറബലിന്റെ മറ്റു പ്രധാന കൃതികൾ Closely Observed Trains, I Served the King of England
ബ്രിട്ടനിൽ 1991ലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചത്.അബാക്കസ് പേപ്പർ എഡിഷൻ വന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ. പിന്നീട് 1998, 2000, 2001, 2002, 2004, 2005, 2006,2007,2008,2009, 2010 എന്നീ വർഷങ്ങളിൽ പുതിയ എഡിഷനുകൾ വന്നു.
വരി
വരികൾ , ഉറുമ്പുകളുടെ അനാസക്തമായ ജീവിതകലയുടെ സാക്ഷ്യപത്രമാണ്.
ഡോക്ടറോവും ഓർമ്മപ്പുസ്തകങ്ങളും
അമേരിക്കൻ നോവലിസ്റ്റ് ഇ.എൽ.ഡോക്ടറോവ് തനിക്ക് പ്രിയപ്പെട്ട ഓർമ്മപുസ്തകങ്ങൾ തിരെഞ്ഞെടുക്കുന്നു.
1) എ മൂവബൾ ഫീസ്റ്റ്(A Moveable Feast)- ഹെമിംഗ് വേ.
അമേരിക്കൻ എഴുത്തുകാരനായ ഹെമിംഗ് വേ 1920കളിൽ പാരീസിൽ കുടിയേറി താമസിച്ചതും അവിടെവച്ച് തന്റെ എഴുത്തുജീവിതം രൂപപ്പെടുന്നതുമാണ് ഇതിവൃത്തം.
2)സ്പീക്ക്, മെമ്മറി(Speak, Memory )- വ്ലാഡിമിർ നബോക്കോവ്.
റഷ്യൻ നോവലിസ്റ്റ് നബോക്കോവിന്റെ ആത്മകഥയായ ഈ വിവരണത്തിൽ അദ്ദേഹം അമേരിക്കയിൽ കുടിയേറുന്നതുവരെയുള്ള സംഭവങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
3)ദ് എമിഗ്രന്റ്സ്-(The Emigrants) ഡബ്ല്യു ഡി സെബാൾഡ്.
ജർമ്മൻ എഴുത്തുകാരനായ സെബാൾഡ് തന്റെ ചില ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ജീവിതചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.ഇവർ പല സന്ദർഭങ്ങളിലായി ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കും കുടിയേറിയവരാണ്.
4)പാട്രിമണി(Patrimony
), എ ട്രൂ സ്റ്റോറി-ഫിലിപ് റോത്ത്.
അമേരിക്കൻ എഴുത്തുകാരനായ ഫിലിപ് റോത്തിന്റെ ആത്മകഥ.ഇതിൽ തന്റെ സ്വകാര്യ ജീവിതത്തിലെ വേദനയും വേർപാടും പകർത്തുന്നു.
5)ദ് മൈൻഡ് ഓഫ് എ നിമോണിസ്റ്റ്-(The Mind of a Mnemonist )-
റഷ്യൻ മനശ്ശാസ്ത്രജ്ഞനായ അലക്സാണ്ടർ ആർ ലൂറിയ.
മനശ്ശാസ്ത്രജ്ഞനായ ലൂറിയയുടെ ഓഫീസിലേക്ക് കയറിവന്ന ഒരു പത്രപ്രവർത്തകന്റെ ഓർമ്മശക്തി കണ്ട് അദ്ദേഹം ഞെട്ടിപ്പോയി.
ഒരു തരത്തിലുള്ള പിഴവും അയാളുടെ ഓർമ്മശക്തിയിൽ കണ്ടെത്താനായില്ല.അയാൾ വസ്തുക്കളെ ഓർക്കുന്നത് , നിറവും ശബ്ദവും എല്ലാം സംയോജിപ്പിച്ചുകൊണ്ടായിരുന്നു
അഗതികളായ അമ്മമാരുടെ മുരുകൻ
തെരുവിൽ വളർന്ന് തെരുവിന്റെ വേദന അറിഞ്ഞ മുരുകൻ തെരുവിന്റെ രക്ഷകനാകുന്ന അപൂർവ്വ സാഹചര്യമാണ് ഇവിടെയുള്ളത്. ബാല്യത്തിൽ കഷ്ടത അനുഭവിച്ചവരൊക്കെ പിന്നീട് മറ്റുള്ളവരെ നന്നാക്കാൻ തയ്യാറായെന്നു വരില്ല. ഇവിടെ മുരുകൻ എസ് തെരുവോരം എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ യഥാർത്ഥ വില കണ്ടെത്തിയിട്ടെന്നപോലെ , നമ്മുടെയെല്ലാം മരവിച്ചുപോയ മനസ്സിനെ സ്വന്തം ദൗത്യബോധത്തിന്റെ തിരിച്ചറിവിലൂടെ ശുദ്ധീകരിക്കുന്നു. മുരുകൻ ഇതിനകം അയ്യായിരം തെരുവു മക്കളെ നേരിട്ടെത്തി രക്ഷപ്പെടുത്തി.
ഇന്ത്യൻ രാഷ്ട്രപതിവരെ മുരുകന്റെ സേവനത്തെ പ്രകീർത്തിച്ചു കഴിഞ്ഞു. വലിയ വിദ്യാഭ്യാസം നേടിയതുകൊണ്ടോ, ധനകുടുംബത്തിൽ പിറന്നതുകൊണ്ടോ ഒരാൾ ഈ കാലത്തിന്റെ മുറിവുണക്കാനായി സ്വയം തീരുമാനിക്കണമെന്നില്ല. മുരുകന്റെ ഓരോ പരിശ്രമവും നമ്മെ, തീർത്തും ബധിരരായിപ്പോയ നമ്മെ മാനസികമായി പരിവർത്തനം ചെയ്യിക്കുന്നു.കഴിഞ്ഞ ദിവസം ഞാൻ കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ ചെന്നപ്പോൾ മുരുകൻ തന്റെ സ്റ്റാളിലേക്ക് വിളിച്ചുകൊണ്ടുപോയി സമ്മാനിച്ചത് അദ്ദേഹം എഴുതിയ 'അമ്മ' എന്ന പുസ്തകമാണ്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലെത്തിയ അമ്മമാരുടെ കഥയാണിത്. മുരുകൻ ആ അമ്മമാർക്ക് സ്വന്തം മകനായി. ഇന്നു മുരുകൻ എത്രയോ മനസ്സുകളിൽ സ്നേഹത്തിന്റെ ആൾരൂപമായി വളർന്നു നിൽക്കുന്നു. എത്ര അമ്മമാരുണ്ട് മുരുകന്!
ആദർശം
മനുഷ്യർ ആദർശം പറയുന്നത് കേട്ട് എലികൾ സ്വച്ഛതയുടെ സംഗീതത്തിനായി കാട്ടിലേക്ക് ഓടിയൊളിക്കുകയാണ്
ചുരുങ്ങിയ വാക്കുകളിൽ.
1)എൻ. ജി ഉണ്ണികൃഷ്ണന്റെ 'പ്രണയത്തെക്കുറിച്ച് ചിലത്' എന്ന കവിതയിൽ,(ഭാഷാപോഷിണി, ജനുവരി) ;
അമിതഭോഗിയുടെ
ആസക്തിയോ
പ്രണയം'-
ഈ വരികൾ രസിപ്പിച്ചു.
2)സി.കെ.ഹസൻ കോയയുടെ ലേഖനം ,
നജ്മൽബാബു |
'ഓർമ്മകളിൽ നജ്മൽബാബു'( ഭാഷാപോഷിണി) - ഇങ്ങനെ ഓർമ്മിപ്പിക്കുന്നു:നജ്മലിന്റെ വിയോഗത്തിലൂടെ അസ്തമിച്ചത് സവിശേഷമായ ഒരു ആലാപനശൈലിയാണ്.
വായന
ജീവിതത്തിലെ ഏറ്റവും ഉന്മേഷമുള്ള സമയം വായനയ്ക്ക് കൊടുക്കണം.
സൗന്ദര്യം
സൗന്ദര്യം മാമൂലുകൾക്ക് എതിരാണ്.
സമ്മേളനം
സാംസ്കാരിക സമ്മേളനത്തിൽ നിന്ന് സാഹിത്യകാരന്മാർ പുറത്താകുകയാണെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഇതിനു കാരണങ്ങളുണ്ട്.ഒന്നു, രാഷ്ട്രീയക്കാരെ വിളിച്ചാൽ അവർക്കായി പണമൊന്നും ചെലവാക്കണ്ട. അവർ സ്വന്തം ചെലവിൽ വരും. മറ്റൊരു അധിനിവേശം!
രണ്ട്, സാഹിത്യകാരന്മാർ സാഹിത്യത്തെക്കുറിച്ച് ഒന്നും പറയില്ല. മിക്ക എഴുത്തുകാരും സ്വന്തം അനുഭവമാകും വിളമ്പുക. കേൾവിക്കാരുടെ ആവശ്യം ശ്രദ്ധിക്കില്ല.ലോകത്തിലെ ഒരു എഴുത്തുകാരന്റെ പേരോ, പുസ്തകത്തിന്റെ പേരോ പോലും പറയാതെ പലരും പ്രസംഗിക്കാൻ തയ്യാറാവുന്നു!
സാഹിത്യം
സാഹിത്യകൃതി ഒരു ഒറ്റ വ്യവസ്ഥിതിയല്ല. പല കാലങ്ങളിൽ പലർ ചേർന്നുണ്ടാക്കുന്ന വ്യത്യസ്ത വ്യവസ്ഥിതികളുടെ ഒരു സമുച്ചയമാണത്.
കാളിദാസന്റെ മേഘസന്ദേശം ഒരു ഏകപക്ഷീയ വ്യവസ്ഥാപിതത്വമല്ല; എത്രയോ കാലങ്ങളായി അതു വായിക്കപ്പെടുന്നു, വിവിധ സ്വരവ്യതിയാനങ്ങളോടെ.ആർക്കും അതിന്റെ അന്തിമ എസ്റ്റാബ്ലിഷ്മെന്റ് നിർവ്വചിക്കാനാവില്ല. അത് കാളിദാസന്റേതുപോലുമല്ല.
കവിത
അച്ഛൻ കാല് തല്ലിയൊടിച്ച് ആശുപത്രിയിലിട്ടിരിക്കുന്ന മകൻ കവിത എഴുതുകയാണെങ്കിൽ , അത് കാകളിയിലാകണമെന്ന് വാശി പിടിക്കരുത്; വഞ്ചിപ്പാട്ടു വേണമെന്നും പറയരുത്. അതൊരു ഈണത്തിലുള്ള ഛന്ദസ്സ് കവിതയാണെങ്കിൽ ജീവിതത്തെ ഇതിനുമപ്പുറം പരിഹസിക്കാനൊക്കുമോ?
കാവ്യരൂപം ജീവിതത്തെ നോക്കി കളിയാക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്.
സുന്ദരി
സുന്ദരിക്കു ധാർഷ്ട്യം ഉണ്ടായാൽ പ്രണയിക്കാനൊക്കില്ല.
സംസ്കാരം
സംസ്കാരം കലയുടെ കുത്തകയല്ല; അത് മെഡിക്കൽ ഉപകരണങ്ങളിലും ഇലക്ട്രോണിക് വസ്തുക്കളിലുമാണുള്ളത്.
അനുഭവം
എഴുത്തുകാരുടെ അനുഭവം എന്നൊന്നും പറയരുത്. അനുഭവം ഒരു ദൂഷിത വലയമാണ്. അതൊരു അഖണ്ഡ വസ്തുവല്ല. ഇന്ന് നാം ജീവിക്കുന്നത് നുറുങ്ങുകൾ കൊണ്ടാണ്-റിംഗ് ടോൺ,യു ട്യൂബ്, ഗൂഗിൾ സെർച്ച്-സമ്പൂർണ അനുഭവം ഒരിടത്തുമില്ല.
അക്ഷരജാലകം
അക്ഷരജാലകത്തെക്കുറിച്ച് വായനക്കാർ എഴുതുന്ന അഭിപ്രായം മറ്റൊരിടത്ത് കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് ഇവിടെ ചേർക്കുന്നത്.
ഗ്രന്ഥകാരനായ എം. ശാർങ്ഗധരൻ എഴുതുന്നു:
അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ സി എം സി എഴുതുന്നു:
May God bless you for sharing your wisdom with the readers all over the world.
I read one sentence of sholom aleichem every single day just like what you do.
be well and stay well
cmc
കവിയും ഫേസ്ബുക്കറുമായ ജയചന്ദ്രൻ പൂക്കരത്തറ:
അക്ഷരജാലകത്തില്‍ എന്നെക്കുറിച്ചെഴുതിയതു വായിച്ചു.
വളരെ സന്തോഷം തോന്നി . പലപ്പോഴും എന്തിനെഴുതുന്നു എന്നൊക്കെ
തോന്നുമെങ്കിലും , എന്നെപ്പോലുള്ളവരുടെ
എഴുത്ത് ശ്രദ്ധയില്‍ പെടുന്നതുതന്നെ എന്റെ എളിയ എഴുത്തില്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ കാരണമാകുന്നു.
പുതുവര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു.
ഡോ.സുനിൽ പി എസ്
ഡോ സുനിൽ പി എസിന്റെ 'മെഴുകുതിരികൾ ബാക്കിവയ്ക്കുന്നത് '(മലയാളം ഡോട്ട് കോം) എന്ന കവിത ഇന്നത്തെ കാവ്യപരമായ ആധികളുടെ തനത് ആവിഷ്ക്കാരമെന്ന നിലയിൽ പ്രസക്തമാവുകയാണ്.
ചിന്തിക്കുന്നവർക്ക് ഒരു സമാധാനവുമില്ല.ലോകം എത്രമേൽ തലകുത്തി മറിഞ്ഞിരിക്കുകയാണ്. അല്ലെങ്കിൽ നമുക്കായി ഒരു യാഥാർത്ഥ്യം കണ്ടെത്താൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.
നമുക്കായി തെളിയുന്ന വെളിച്ചങ്ങള്‍
അണയുന്നത് അങ്ങനെയാണ് ;
അടയാളങ്ങള്‍ ബാക്കിവെച്ച് !
കാണുന്നുണ്ട് ഞാനെല്ലാം ;
ഹൃദയസ്പന്ദനങ്ങളുടെ താളക്കേടുകളില്‍
നിന്‍റെ തിരി നാളം ഉലയുന്നത്,
തിമിരം കനത്ത കണ്‍കളിലെ തിരി
അണയും മുമ്പുള്ള നീലവെളിച്ചം,
ശ്വാസകുരുക്കുകൾ, മരുന്നുകള്‍ നിന്നില്‍
അലിയാതെ അന്നനാളത്തില്‍ തികട്ടുന്നത്,
രക്തമറ്റു വിളര്‍ത്ത മേനി ഉരുകി
തുടങ്ങുന്നത്, എല്ലാം ഞാന്‍ കാണുന്നുണ്ട്,
എല്ലാം ഞാന്‍ അറിയുന്നുണ്ട് അമ്മേ !
എനിക്കറിയാത്തത് ഇതാണ്..........
കരിപ്പാടുകള്‍ നീ എവിടെയെല്ലാം ഇട്ടിട്ടു പോകുമെന്ന്,
നീ അണയുമ്പോള്‍ ശേഷിക്കും അടയാളങ്ങള്‍
മായ്ക്കുവാന്‍ ഏതു വാര്‍ണീഷു ഞാന്‍ കരുതുമെന്ന്,
നീ എന്നെ തനിച്ചാക്കി അകലുന്ന അന്ധകാരങ്ങളില്‍
ഇനി ഏതു മണ്‍ചെരാത് തെളിയുമെന്ന് !
തുമ്പൂർ ലോഹിതാക്ഷൻ
തുമ്പൂരിന്റെ മാന്ത്രികകഥകൾ(ഡി.സി.ബുക്സ്) കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്നതാണ്.പതിനൊന്നു കഥകൾ ഇതിലുണ്ട്.സർപ്പവും രാജകകുമാരിയും, മുദ്രമോതിരം,പിഗ്മാലിയന്റെ പ്രതിമ, ജീവയെന്ന ആട്ടിടയൻ തുടങ്ങിയ രചനകൾ ഏവരെയും ആകർഷിക്കും.
എം. തോമസ്മാത്യൂ
നിരൂപകൻ എം തോമസ്മാത്യൂ ഈയിടെ അന്താരാഷ്ട്രപുസ്തകവേദിയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു:
ഞാൻ കർശനക്കാരനായ വെജിറ്റേറിയനാണ്.എന്നാൽ വീട്ടിൽ ഭാര്യയോ മക്കളോ ഇല്ലാത്തതിനാൽ ഇഷ്ടഭക്ഷണം കിട്ടുന്നില്ല.ഉണ്ടാക്കിത്തരാൻ ഒരാളുണ്ട്. അവരോട് ഇന്നതു വേണമെന്നു പറയാറില്ല.കിട്ടുന്നതു കഴിക്കുന്നു.
സംഗീതത്തെപ്പറ്റി വിക്ടർ യൂഗോ
സംഗീതം പുറത്തു വരുന്നത് അത് വാക്കുകളിൽ പകരാനാവാത്തതുകൊണ്ടാണ്.
അതേസമയം അതിനു നിശ്ശബ്ദമായിരിക്കാനും കഴിയില്ല.