AKSHARAJALAKAM /LAKKAM 5,PAGE 2/ DEC 8-DEC 15/2013


ഇതിനിടയിൽ ആഹ്ലാദത്തിനു വക നൽകുന്ന കാര്യമാണ് മാതൃഭുമിയുടെ സീഡ് പരിസ്ഥിതി അവബോധപദ്ധതിയുടെ പ്രവർത്തകരായ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾ നേടിയ വിജയം.പാതയോരങ്ങളിലെ മരങ്ങളിൽ ആണിയടിക്കരുതെന്നും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തു നൽകിയതിനു ഫലമുണ്ടായി. കോടതി അവർക്കനുകൂലമായി   വിധിച്ചു.


സർവ്വത്ര സ്വാർത്ഥമയമായ ഈ കാലത്ത് വിദ്യാർത്ഥിനികൾ അവരുടെ ധർമ്മം നിറവേറ്റിയിരിക്കുന്നു.
ഇതിനെപ്പറ്റി ഡിസംബർ നാലാം  തീയതി മാതൃഭൂമി എഴുതിയ മുഖപ്രസംഗം പുതിയൊരു യുഗനിർമ്മാണത്തിനുള്ള ആഹ്വാനമാണ്.മാതൃഭൂമിയുടെ ചരിത്രപരമായ , സമീചീനമായ ദീർഘവീക്ഷണം ഒരിക്കലും പതറാതെ മുന്നോട്ടു പോകട്ടെ.
എല്ലാം മറക്കുന്ന കാലമാണല്ലോ നമ്മുടേത്.എല്ലാം മറന്നാൽ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാം.ഉണർത്താൻ , മറവിയിൽനിന്നു ജാഗ്രതയോടെ ഉയരാൻ മാതൃഭൂമിയുടെ സീഡ് വലിയൊരു സന്ദേശം നൽകിയിരിക്കയാണ്. ഇത് മാനവരുടെയും പ്രകൃതിശക്തികളുടെയും മുഖാമുഖത്തിനു സന്ദർഭമൊരുക്കട്ടെ.മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇതിന്റെ വിജയപതാക എത്തണം. സ്കൂളുകളിൽ നിന്നു പുറത്തുവരുന്നവർ ഹിംസയല്ല സമ്പാദിക്കേണ്ടത്;  അനുകമ്പയാണ്.മുഖപ്രസംഗം ഇങ്ങനെയാണ് അവസാനിക്കുന്നത്."പത്തു മക്കൾക്ക് തുല്യമായ ഒരു മരത്തെ രക്ഷിക്കാനുള്ള ,അങ്ങനെ ശതകോടി വൃക്ഷങ്ങളെ രക്ഷിക്കാനുള്ള ആ ആഹ്വാനം ശ്രവിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥവൃന്ദത്തിനും ജനശതത്തിനും  ബാധ്യതയുണ്ട്.മനുഷ്യരാശിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ജൈവബാധ്യത."

സെക്സ്
ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തു സെക്സാണ്.
വില കൊടുക്കാനില്ലാത്തതുകൊണ്ട്  പലരും അതറിയാത്തപോലെ ജീവിക്കുന്നു.എവിടെയാണ് സെക്സ് ഉള്ളതെന്ന് അറിയായ്കയാൽ ശൂന്യതയിലും , വിദൂരതയിലും നിർവ്വികാരതയിലും തേടി   നാം വിഷണ്ണരായി , തലതിരിഞ്ഞ് സൗന്ദര്യത്തിന്റെ നിർമ്മാതാക്കളായി മാറുന്നു

 നഗരങ്ങൾ
ഐറിഷ് എഴുത്തുകാരനായ ജയിംസ് ജോയ്സിനു ഡബ്ലിൻ എന്ന നഗരം ഉണ്ടായിരുന്നു;അർജന്റീനക്കാരനായ ബോർഹസിനു ബ്യൂനസ് അയേഴ്സ് ഉണ്ടായിരുന്നു;ഇംഗ്ലീഷ് നോവലിസ്റ്റ് ലാറൻസ് ഡ്യൂറലിനു ഈജിപ്റ്റിലെ അലക്സാഡ്രിയയാണ് പ്രചോദനമായത്.ആർ .ഗോപാലകൃഷ്ണന്റെ കെ.എം ഗോവി അനുസ്മരണം

ഏഴു ഭാഗങ്ങളിലായി മലയാള ഗ്രന്ഥസൂചി തയ്യാറാക്കിയ കെ.എം.ഗോവിയെപ്പറ്റി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എഴുതിയ ലേഖനം(മാതൃഭൂമി,ഡിസംബർ അഞ്ച്, ) അവസരോചിതവും നന്ദിയുടെ ഏറ്റവും നല്ല പ്രകാശനവുമായി.
കെ.എം.ഗോവി ഒരു വിസ്മയമായിരുന്നു.
അവാർഡിനോ , പ്രശസ്തിക്കോ വേണ്ടി ഒന്നും ചെയ്യാൻ താല്പര്യമില്ലാതിരുന്ന ഗോവി ഒരു മാർഗ്ഗദീപമാണ്. ഒരു പക്ഷേ . മലയാളത്തിൽ ഇനി മഷിയിട്ട് നോക്കിയാൽപ്പോലും കാണാത്ത ഇനം. ഇനി ഇതുപോലൊരു ജീവി ഉണ്ടാകാനും പോകുന്നില്ല.
തന്നേക്കാൾ പത്തോ ഇരുപതോ വർഷം മുൻപ് എഴുതിതുടങ്ങി പേരെടുത്തവരെ , രണ്ടാം നിരയിലേക്ക് തള്ളിക്കൊണ്ട് തന്റെ പേര് ഒന്നാമതായി ക്ഷണപത്രികയിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെടുന്ന അല്പന്മാരെക്കൊണ്ട് നടക്കാൻ പറ്റാതായിട്ടുണ്ട് മലയാളത്തിൽ. അവർക്കിടയിൽ ഗോവി ഒരു ധ്രുവ നക്ഷത്രമായിരുന്നു.ഇത്തരക്കാരുടെ  ആനപ്പാപ്പാൻ കളിക്ക് നിന്നുകൊടുക്കാൻ കൂട്ടാക്കാതിരുന്ന ഗോവിയെ ഞാൻ നമസ്കരിക്കുന്നു.
കെ.എം.ഗോവി

കുറച്ചു മാസങ്ങൾക്ക് മുൻപ്,സാഹിത്യകാരന്മാർ മരിക്കുമ്പോൾ അവരെപ്പറ്റി അക്കാദമി തന്നെ മുന്നോടു വന്ന് ഉചിതമായി സ്മരിക്കണമെന്ന് ആവശ്യപ്പെട്ട്  ഞാൻ അക്ഷരജാലകത്തിൽ എഴുതിയിരുന്നു.അത് യാഥാർത്ഥ്യമായി കണ്ടതിൽ സന്തോഷിക്കുന്നു.ഗോപാലകൃഷ്ണൻ ചരിത്രത്തോടും സാഹിത്യത്തോടും നീതി  കാട്ടി. ഇതു വലിയൊരു ധർമ്മവ്യവസ്ഥയായി ഇനിയും തുടരട്ടെ.
വലിയ പുരസ്കാരങ്ങൾ നേടാൻ  കഴിയാത്തവരെയും അക്കാദമി ഇങ്ങനെ ആദരിക്കണം. എഴുത്തുകാരുടെ സംഭാവന അവരുടെ മരണമല്ല. ഗോപാലകൃഷ്ണന്റെ വാക്കുകൾ ശ്രദ്ധിക്കൂ: പുസ്തകങ്ങളുടെ അന്വേഷണവും പരിശോധനയും  കഠിനാധ്വാനം ആവശ്യമുള്ള ഒരു ജോലിയായിരുന്നു.അക്കാദമി ലൈബ്രറിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വർഷങ്ങളോളം അദ്ദേഹം അക്കാദമിയിൽ താമസിച്ചു.ആയിരത്തിതൊള്ളായിരത്തി എഴുപത്തിമൂന്നിൽ ആദ്യവാല്യം പുറത്തിറക്കി.1772 മുതൽ 2000 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഗ്രന്ഥസൂചി അദ്ദേഹത്തിന്റെ അമൂല്യ സംഭാവനയായി കാലം വിലയിരുത്തും.

ആർ .ഐ. ഷംസുദ്ദീൻ

അങ്കണം സാംസ്കാരികവേദി പതിറ്റാണ്ടുകളായി നമ്മുടെ സാഹിത്യരംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിച്ച് നവീനമായ എഴുത്തുരീതികളെ ഏകോപിപ്പിക്കുന്നു.സമാന്തരമായ ഒരു സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ അങ്കണം മുഖ്യധാരയിലെ സാർത്ഥകമായ ഓർമ്മയുണർത്തൽ രാസത്വരകവുമാണ്.അങ്കണം അവാർഡ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
അങ്കണം കണ്ടെത്തി നൽകിയ എഴുത്തുകാരാണ് ഏറെയുമുള്ളത്. അങ്കണത്തിന്റെ കടമ്പ കടന്നവരെല്ലാം മികച്ച സംഭാവനകൾ നൽകി എന്നോർക്കണം.
ഇക്കാര്യത്തിൽ അങ്കണത്തിന്റെ ചെയർമാനായ ആർ .ഐ. ഷംസുദ്ദീനെ അഭിനന്ദിക്കണം.
അദ്ദേഹം സാഹിത്യ അവാർഡുകൾ കൊടുക്കുന്നതിൽ ഒരു ഇടപെടലും നടത്തുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയം, ജാതി തുടങ്ങിയ പരിഗണനകൾക്കൊന്നും  അങ്കണത്തിൽ സ്ഥാനമില്ല.


 കൃഷ്ണ ദീപക് 

കൃഷ്ണ ദീപക്  'ഹരിതകം'   ഇ മാഗസിനിലെഴുതിയ കവിത 'മത്തുപിടിപ്പിക്കുന്ന തണുപ്പിന്റെ മണമാണ്‌ ഇവിടെയെങ്ങും'
ഒരു കവിയുടെ  ആന്തരികമായ വിഭ്രാന്തിയെ അനുഭവിപ്പിച്ചു. ഇപ്പോഴും കവിത അജ്ഞാതമായി, അവ്യാഖ്യേയമായി നമുക്കിടയിൽ തന്നെ വസിക്കുന്നു എന്നു കാണിച്ചു തരുകയാണ് കൃഷ്ണ.
ഈ വരികൾ ശ്രദ്ധിക്കൂ:
അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ
ചീവിടുകളുടെ വൈക്കോൽ തൊടിയിൽ
തവളകള്‍ മഴ കാക്കുമെന്നും
തൊട്ടാവാടികളും പൂവാം കുരുന്നിലകളും
തണുപ്പ് പുതച്ച് ഉറങ്ങുമെന്നും
മണൽക്കുന്നുകളിലെ
ഇരുൾ മരങ്ങൾ ആകാശത്തേക്ക് നോക്കി
ഒറ്റയ്ക്കൊറ്റയ്ക്ക് പിറു പിറുക്കുന്നുണ്ട്

താഴ്‌വരകളിലൂടെ,
കുന്നിൻപുറങ്ങളിലെ പുല്‍ക്കാടുകളിലൂടെ
മണൽക്കാടുകളിലെ
ഈന്തപ്പനകള്‍ക്ക് ഇടയിലൂടെ
അസാധാരണമായ നിറഞ്ഞ തണുപ്പിന്റെ
മണം പടർത്തി
തൊട്ടിലാട്ടുന്ന നിശ്ശബ്ദതയിൽ
ഒരു നിശ്വാസകാറ്റപ്പോള്‍ പറന്നു വരും

തുമ്പൂർ ലോഹിതാക്ഷൻ
തുമ്പൂർ ലോഹിതാക്ഷൻ എഴുതിയ 'ഇരിങ്ങാലക്കുടയിലെ പ്രസാധക സംരംഭങ്ങൾ' എന്ന ലേഖനം സാഹിത്യത്തിൽ താല്പര്യമുള്ള ആരെയും വശീകരിക്കുന്നതാണ്. വിവേകോദയം, സംസാര, ജന്മഭൂമി, നിശാഗന്ധി തുടങ്ങി ധാരാളം പ്രസിദ്ധീകരണങ്ങളെപ്പറ്റി ലോഹിതാക്ഷൻ എഴുതിയത് ഞാൻ വായിച്ചത് ഫേസ്ബുക്കിൽ നിന്നാണ്.
രണ്ടു പതിറ്റാണ്ടിനു മുൻപ് ഇരിങ്ങാലക്കുടയിലെ ഒരു വേദിയിൽ വച്ചാണ് ഞാൻ ലോഹിതാക്ഷനെ ആദ്യമായി കാണുന്നത്. അക്കൂട്ടത്തിൽ പി. കെ. ഭരതൻ, ബാലകൃഷ്ണൻ അഞ്ചത്ത് തുടങ്ങിയ സുമനസ്സുകളും ഉണ്ടായിരുന്നു. ലോഹിതാക്ഷൻ ബാലസാഹിത്യരംഗത്ത് നിരന്തരസാന്നിദ്ധ്യമാണ്. അദ്ദേഹത്തിന്റെ 'മാന്ത്രിക കഥകൾ' അടുത്തിടെയാണ് പുറത്തിറക്കിയത്.

പ്രണയം
ലോകം ഇന്നു പ്രണയത്തോടൊപ്പമല്ല .
പ്രണയം കാമുകിയോടോ കാമുകനോടോ ഒത്തല്ല.ആത്മീയത
ആത്മീയതയ്ക്ക്‌ മതവുമായി ബന്ധമില്ല.അത് വേറൊരു അനുഭവമാണ്.കലയ്ക്കോ ഭാഷയ്ക്കോ പിടിതരാത്ത ജൈവസാധ്യത.

താജുദ്ദീൻ
താജുദ്ദീൻ എഴുതിയ' ഞാൻ നിന്നെ ചുംബിക്കുമ്പോൾ' എന്ന കവിത
ധീരവും ഉഗ്രവുമായ ഒരു ശബ്ദമായി പരിണമിച്ചിരിക്കുന്നു.ചുംബനം പലപ്പോഴും കിനാവിന്റെ ലഹരിയിലാണ് കവിതയിൽ വരാറുള്ളത്.അതിനു ഒരു പുതിയ അർത്ഥമോ , മാനമോ ഉണ്ടാകാറില്ല. താജുദ്ദീൻ ചുംബനത്തെ ഒരു ജീവൽ പ്രശ്നമായി മാറ്റിയിരിക്കുന്നു.ഇതാണ് ആ വരികൾ:


ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഈ പ്രപഞ്ചത്തില്‍
പലതും സംഭവിക്കുന്നുണ്ട്

രണ്ട്
അഴുക്കുചാലുകള്‍
ഒന്നാവുന്നുണ്ട്

ശീതജലപ്രവാഹങ്ങള്‍
ഉഷ്ണജലപ്രവാഹമായ്
ഐക്യപ്പെടുന്നുണ്ട്

ലോകസമാധാനത്തിന്
ഒരു ചുംബനത്തിന്റെ
ദൈര്‍ഘ്യത്തോളം
സമയം
അടയാളപ്പെടുത്തുന്നുണ്ട്

മേഘക്കുരുക്കുരുക്കില്‍ നിന്ന്
സൂര്യന്‍
മെല്ലെ എത്തിനോക്കുന്നുണ്ട്

സ്‌ഫോടനങ്ങള്‍ക്കിടയില്‍
മൗനം
കനക്കുന്നുണ്ട്

മൗനത്തിന്റെ ചില്ലയില്‍
കിനാവുകള്‍
കൂടുകൂട്ടുന്നുണ്ട്

കുഞ്ഞുങ്ങള്‍
വന്‍കരകള്‍ തമ്മിലൊരു
പാലം വരക്കുന്നുണ്ട്

ഞാന്‍ നിന്നെ
ചുംബിച്ചുക്കുമ്പോള്‍
ഈ പ്രപഞ്ചം
അങ്ങനെ പലതും
തെറ്റിദ്ധരിക്കുന്നുണ്ട്‌


സാഹിത്യത്തിന്റെ പക്വത,ടി.എസ്.എലിയറ്റിന്റെ വീക്ഷണത്തിൽ
സാഹിത്യത്തിന്റെ പക്വത എന്നു പറയുന്നത് , അത് ആവിഷ്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രതിഫലനമാണ്.ഷേക്സ്പിയറിനും  വിർജിലിനും സ്വന്തം ഭാഷ വികസിപ്പിക്കാൻ കഴിഞ്ഞു. പക്ഷേ ആ ഭാഷയെ പക്വതയിലെത്തിക്കാൻ അവർക്ക് കഴിയണമെങ്കിൽ,അവരുടെ അന്തിമസ്പർശം കൊണ്ട് അതു സാധ്യമാക്കുന്നതിനായി  മുൻഗാമികളായ  സാഹിത്യപ്രതിഭകൾ അതിനുള്ള പശ്ചാത്തലമൊരുക്കിയിരിക്കണം.അതുകൊണ്ട് പക്വമായ സാഹിത്യത്തിന്റെ പിറകിൽ ഒരു ചരിത്രമുണ്ട് 

ആരതി ബി പോസിറ്റീവ്  

ആരതി ബി  പോസിറ്റീവിന്റെ  'മ്യൂസിയം ഓഫ് ഇന്നസൻസ്' ഭൂതകാലത്തെ തേടിപ്പിടിക്കുന്നത് ഇങ്ങനെയാണ്:


അന്ന് ഞാന്‍ ചൂണ്ടയില്‍ കൊരുക്കിയ
മീനിന്‍റെ മെലിഞ്ഞ മുള്ളായിരുന്നു
നിന്‍റെ ശേഖരണത്തില്‍ ആദ്യത്തേത്,

നിന്‍റെ സ്നേഹത്തെ ഒന്നോടെ കത്തിച്ചു
ഞാന്‍ വലിച്ചെറിഞ്ഞ തീപ്പെട്ടി കൊള്ളി,

ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍
എന്നില്‍ നിന്നും ചോദിച്ചു വാങ്ങിയ
കണ്ണിലകപ്പെട്ട കരട്,

എന്‍റെ കറിചട്ടിയില്‍ കരിഞ്ഞുപിടിച്ച
ചീരയിലയുടെ അവസാന തരികള്‍,

നിന്‍റെ പരിധിക്കുമപ്പുറം ഞാന്‍ ചീമ്പി-
വലിച്ചെറിഞ്ഞ മുരിങ്ങക്കോലുകള്‍,

ഒരു വംശത്തെ അപ്പാടെ നശിപ്പിച്ച
എന്‍റെ പേന്‍ ചീപ്പ്,
 അക്ഷരജാലകം

അക്ഷരജാലകം വായിച്ച് ഞാനുമായി  സൗഹൃദത്തിലായിട്ടുള്ള ധാരാളം പേരുണ്ട്.അവരാണ് ഞാൻ അറിയാതെപോലും ഈ കോളത്തെ പ്രചരിപ്പിക്കുന്നത്.
ലാപ്ടോപ്പും ഡെസ്ക്ടോപ്പും വാങ്ങി അക്ഷരജാലകത്തെ സ്വന്തം ഇരിപ്പിടത്തിൽ എത്തിച്ച സമർത്ഥരായ വായനക്കാർക്ക് മുൻപിൽ ഞാൻ ശിരസ്സ് കുനിക്കുന്നു.ഇപ്പോഴും ഫേസ്ബുക്കിലും മെയിലിലും കത്തുകൾ വന്നു കൊണ്ടിരിക്കുന്നു.
ചില കത്തുകൾ ഇവിടെ ചേർക്കുന്നത് നന്നയിരിക്കുമെന്ന് തോന്നുന്നു

ദുബായ്യിൽ നിന്ന് സന്തോഷ്കുമാർ എന്ന വായനക്കാരൻ ഫേസ്ബുക്കിൽ എഴുതിയത്:
I belive it the tuth. when i read aksharajalakam; then i feel updated myself in every zone.
Unlike · 


 ഇംഗ്ലീഷ് പെൺകവിയും പത്രപ്രവർത്തകയും എഴുത്തുകാരിയുമായ സലോമി ജോൺ വൽസൻ അക്ഷരജാലകത്തെ ഓൺലൈനിൽ കണ്ടതിൽ സന്തോഷിക്കുകയാണ്.അക്ഷരജാലകം വായിച്ചു തുടങ്ങിയതോടെ ചിന്തയുടെ നവ ചക്രവാളങ്ങൾ അനുഭവിച്ചതായി അവർ വിലയിരുത്തുന്നു.വെല്ലുവിളികളെ നേരിട്ട് അക്ഷരജാലകം ഒരു ലോക സാഹിത്യ നിരൂപണ പദ്ധതി കണ്ടുപിടിച്ചെന്നും  സ്വാതന്ത്ര്യത്തിന്റെ ദർശനമാണതിലെന്നും  അവർ വിശദീകരിക്കുന്നുണ്ട്.
സലോമിയുടെ വാക്കുകൾ:
Now the column seems to be more sharp and personal as you open your  own blog. Here you can express your views without any inhibitions and no strings attached and here a writer enjoys his identity with uninterrupted freedom.
   The passion for writing is an incessant striving. The path ahead is not be so easy for a bold and truthful critic. You  can overcome the challenges definitely
    A great writer can immortalize himself by what he writes and leaves behind. As a writer philosopher he sees the chaotic and intolerably manifold world.
   Wishing u a thought provoking creative life through out.


Jayachandran Pookkarathara commented on a link you shared.Jayachandran wrote: "കൈകള്‍ ചങ്ങലയിട്ടു കെട്ടി,കാല്‍കള്‍ ബന്ധിച്ച് പെട്ടിയിലിട്ട് പൂട്ടി പത്രാധിപര്‍ കൈകൊട്ടി ചിരിക്കുമ്പോള്‍ പുനരുജ്ജീവനത്തിന്റെ അമൃതുമായി എംകെഹരികുമാറിന്റെ അക്ഷരജാ(ജലം)ലകം. സന്തോഷം. (അതും ഒരു ജാലവിദ്യതന്നെ)"ഗ്രന്ഥകാരിയും സാമൂഹ്യദർശനം വൽസലയുടെ നോവലുകളിൽ എന്ന നിരൂപണകൃതിയുടെ രചയിതാവും  അദ്ധ്യാപികയുമായ   
അംബിക എ നായർ എഴുതുന്നു:
സർഗാത്മകമായ നിലപാടുതറകളുടെ അസ്തിത്വം വിലയിരുത്തുന്ന ഈ പംക്തി തുറന്ന ആകാശത്തിനുകീഴിൽ കൊണ്ടുവന്നതിനു നന്ദി.ചിന്തനീയമായ ചില അതാര്യ രാഷ്ട്രീയ സാമൂഹിക സാഹിത്യ കാഴ്ചപ്പാടുകൾ  ഉത്തരാധുനികതയുടെ ഇക്കാലത്ത് വളരെ പ്രസക്തമാണ്.നിശിതവും ആത്മാർത്ഥവുമായ ഇത്തരം നിരീക്ഷണങ്ങൾ ഒരു ചങ്ങലക്കുരുക്കുമില്ലാതെ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.


 ഗ്രന്ഥകാരനും അധ്യാപകനുമായ എം. ശാർങ്ഗധരന്റെ വാക്കുകൾ:
Sarnga Dharan M Nice to note that Bhasurachandran S has been given due recognition in AKSHARAJALAKAMM. I am really envious of the style, vocabulary, clarity,consistency and craft in presenting his unique ideas as a writer as well as an orator. He is a genius whose contributions and skills are yet to be well appreciated