Saturday, December 14, 2013

aksharajalakam,/6 page 2 dec 15-22/2013



 ലക്കം ആറ്, പേജ് രണ്ട്/dec 15-22/2013














One must win an inner victory over one's passions, one's race ,one's class,and one's nation and must conquer other men along with oneself.
Jean -Paul Sartre, ഫ്രഞ്ച് എഴുത്തുകാരൻ




 Failure is unimportant.It takes courage  to make a fool of yourself

Charles Chaplin,ബ്രിട്ടീഷ് ചലച്ചിത്രകാരൻ


പോൾ ഓസ്റ്ററും കൂറ്റ്സെയും  കാഫ്കയുടെ ഭക്ഷണരീതിയെക്കുറിച്ച്

അമേരിക്കൻ എഴുത്തുകാരനായ   പോൾ ഓസ്റ്ററും ദക്ഷിണാഫ്രിക്കൻ  നോവലിസ്റ്റ്  ജെ.എം കൂറ്റ്സെയും തമ്മിൽ നടന്ന കത്തിടപാടുകളുടെ  ഒരു പുസ്തകം ഈയിടെ വായിച്ചു.
ഹിയർ ആൻഡ് നൗ  എന്നാണ്  പേര്.
2008 നും 2011നും ഇടയിലാണ് അവർ പരസ്പരം കത്തുകളയച്ചത്. അവരുടെ നിലവാരം അറിയാൻ ഇത് വായിച്ചാൽ മതി.

അവർ സാഹിത്യം, യാത്ര, പത്രപ്രവർത്തനം, ഭക്ഷണം , സംഗീതം, തത്വചിന്ത, രാഷ്ട്രീയം തുടങ്ങി എല്ല വിഷയങ്ങളെയും സമീപിക്കുന്നു.

ഭക്ഷണത്തെപ്പറ്റി  തുറന്ന്  ചിന്തിക്കുമ്പോൾ  , അവരുടെ  സർഗാത്മകമായ  ആധികളും  ബുദ്ധിപരമായ കടന്നു കയറ്റങ്ങളും   പൊന്തിവരുന്നതു കാണാം.

ഫ്രാൻസ് കാഫ്കയുടെ 'മെറ്റാമോർഫോസിസ്' ഓർക്കുമല്ലോ.
ഒരാൾ രാവിലെ ഉറക്കമുണർന്നപ്പോൾ  താൻ ഒരു ഷഡ്പദമായതായി മനസ്സിലാക്കുന്നു. അതോടെ അയാൾ ഒറ്റപ്പെടുന്നു. അതുവരെ ആശ്രയിച്ചിരുന്ന വീട്ടുകാർ പോലും ഉപേക്ഷിക്കുന്നു. അയാൾ ഒരു മുറിയിൽ തളയ്ക്കപ്പെടുന്നു;ഭക്ഷണം ഒറ്റയ്ക്ക് .

എന്നാൽ എന്തുകൊണ്ട് കാഫ്ക ഇ കഥ എഴുതി എന്ന ചോദ്യത്തിനു ഒരു ഉത്തരം , ഈ എഴുത്തുകാരുടെ സംഭാഷണത്തിൽ നിന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞു എന്ന കാര്യം ഞാൻ എഴുതുകയാണ്.അവർ ആ കഥയെപ്പറ്റി ഈ ചർച്ചയിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ കാഫ്കയുടെ ഭക്ഷണരീതിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അതിൽ നിന്ന് അദ്ദേഹത്തിന്റെ സ്വഭാവം അറിയാം.
അതായത്, കാഫ്കയ്ക്ക് പ്രത്യേകമായ, അപകടകരമായ ഭക്ഷണബന്ധമാണുണ്ടായിരുന്നത്.
കാഫ്ക ഒരു വെജിറ്റേറിയനായിരുന്നു.ഇത് അദ്ദേഹത്തിന്റെ കുടുംബം  ഉൾക്കൊണ്ടില്ല. ഒരു ജൂതനായ അദ്ദേഹം എന്തിനു മാംസം വർജിക്കണമെന്ന് മാതാപിതാക്കൾ ആലോചിച്ചു. അവർ ഇതിന്റെ പേരിൽ കാഫ്കയുമായി കലഹിക്കുമായിരുന്നു. ക്രമേണ കാഫ്കയുടെ ഭക്ഷണരീതി  രഹസ്യാത്മകമായിത്തീർന്നു. എല്ലാവരും കഴിച്ചശേഷം ഭക്ഷണം  ഉണ്ടാക്കി സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന് ഒറ്റയ്ക്ക്  സേവിക്കുകയായിരുന്നു പതിവ്.
ഇത് ഒരു ശീലമായിത്തീർന്നു.കാഫ്കയുടെ 'ഹംഗർ ആർട്ടിസ്റ്റ് 'എന്ന കഥയുടെ രഹസ്യം ഇതാണത്രേ. ഏതാണ്ട് ഒരു സന്യാസിക്ക് മാത്രം കഴിയുന്നരീതിയിൽ കാഫ്ക ഭക്ഷണത്തെ അഭിമുഖീകരിച്ചു.പലപ്പോഴും ഇത് സ്വയം നശിപ്പിക്കുന്നതും സ്വയം ശിക്ഷിക്കുന്നതുമായിരുന്നു.ഇതിന്റെ ഫലമായി കാഫ്ക കുടുംബത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടു.
എല്ലാവർക്കും ഭക്ഷണം ഒരുപോലെ  വികാരം ജനിപ്പിക്കുന്നില്ല. ചിലർക്ക് ആഹാരം അവനവനെത്തന്നെ  വേട്ടയാടുന്ന അനുഭവമാണ് തരുന്നത്. കാഫ്ക ഈ പീഡിതരുടെ കൂടെയായിരുന്നു.ഈ പ്രശ്നം ആളുകളെ തമ്മിൽ വിഭജിക്കുന്നതിനും കാരണമാകുന്നുണ്ട്.ഓസ്റ്ററുടെ അഭിപ്രായത്തിൽ ഇതു ദുർഗ്രഹമായ ഒരേടാണ്. ദരിദ്രരിൽ  ആരെങ്കിലും ഈ രീതിയിൽ, ഭക്ഷണത്തിനു മറ്റൊരു അർത്ഥം കൊടുക്കാൻ തയ്യാറുണ്ടോയെന്ന് അറിയില്ലെന്ന് പോൾ ഔസ്റ്റർ പറയുന്നു. 

ഇതിനു മറുപടിയായി കൂറ്റ്സെ പറയുന്ന വസ്തുതകൾ പരിശോധിക്കണം.

കാഫ്കയും ആഹാരവും എന്ന വിഷയത്തെപ്പറ്റി  ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ,  ഏണറ്റ് പാവലിന്റെ' ദ് നൈറ്റ്മയർ ഓഫ് റീസൺ:എ ലൈഫ് ഓഫ് ഫ്രാൻസ് കാഫ്ക' എന്ന പുസ്തകത്തിൽ നിന്ന് ലഭിക്കുമെന്ന് ഓസ്റ്ററെപ്പോലെ  കൂറ്റ്സേയും വിശ്വസിക്കുന്നു.ആഹാരത്തോട് സങ്കീർണമായ ബന്ധമുള്ള കാഫ്ക വയറ് നിറയ്ക്കാൻ വേണ്ടിയല്ല കഴിച്ചുകൊണ്ടിരുന്നത്. അതിൽ ഭീതിയും ആധിയും നിലനിൽക്കുന്നു. ആധുനികന്റെയും  പ്രാചീന മനുഷ്യന്റെയും ലൈംഗികജീവിതങ്ങൾതമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കൂറ്റ്സെ ശ്രമിക്കുന്നു.

പ്രാചീനകാലത്ത് കാമത്തിന്റെ പൂർത്തീകരണമാണ് മുഖ്യം.ഇന്നാകട്ടെ ലൈംഗികവസ്തുവിന്റെ  ആകർഷകത്വം പ്രധാനമാണ്.ഇതു ഭക്ഷണത്തിന്റെ കാര്യത്തിലേക്ക് മാറ്റി ചിന്തിച്ചു നോക്കൂ. രുചി ഒരു വില്ലനാണ്. എന്നാൽ രുചിയുടെ രഹസ്യങ്ങളെപ്പറ്റി ആർക്കുമറിഞ്ഞുകൂടാ.അതിനൂ ചരിത്രമില്ല, ആത്മീയ മാനമില്ല.

ഭക്ഷണത്തിന്റെ വിഷയത്തിൽ ഉണ്ടായ  അന്യവൽക്കരണമാണ് കാഫ്കയുടെ മെറ്റമോർഫോസിസ് എന്ന കഥയിലെ ഗ്രിഗർ സാംസയുടെ  ഒറ്റപ്പെടലിലേക്ക് നയിച്ചതെന്ന് കാണാം

യാഥാർത്ഥ്യത്തിനു ഭാന്തു പിടിക്കുന്നു


'ഇടതു വലതും അല്ലാതൊരു പക്ഷം' എന്ന പേരിൽ പി എസ് നിർമ്മല എഴുതിയ ലേഖനം (മാതൃഭൂമി, 11 ഡിസംബർ,) രാഷ്ട്രീയമായ പക്വത പ്രകടമാക്കുന്നു.
ദൽഹിയിൽ ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഇരുപത്തിയെട്ട് നിയമസഭാ സീറ്റ് നേടിയതിനെ നിസ്സാരമായി  കാണുന്നവർ ചിന്താപരമായ തിമിരം ബാധിച്ചവരാണ്.അവർ ഈ കാലത്തിന്റെ ചുവരെഴുത്തുകൾ കാണാത്തവരാണ്.പ്രത്യയശാസ്ത്രമോ പാരമ്പര്യമോ ഒന്നുമല്ല ഇന്ന് ആളുകളെ ആകർഷിക്കുന്നത്. പ്രായോഗിക വിജയവും കാര്യപ്രാപ്തിയുമാണ്.ലോകത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നു.
കാരണം  മാറുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ ഓരോ  രാജ്യവും അതിജീവിക്കാൻ കയ്യും കാലുമിട്ടടിക്കുകയാണ്. ഇവിടെ പ്രത്യയശാസ്ത്രങ്ങൾ  പലപ്പോഴും നിസ്സഹായമായിപ്പോകുന്നു.
അതിനു പകരം നീതിയും സേവനവും ഉത്തരവാദിത്തവും ഉയർന്നു വരുന്നു. സ്വതന്ത്ര വ്യാപാര മേഖലകളെ 
പ്രത്യയശാസ്ത്രങ്ങൾക്ക്
പ്രതിരോധിക്കാൻ കഴിയുമോ?



ഒരു രാഷ്ട്രീയപാർട്ടിക്കും വരാനിരിക്കുന്ന അഗോള സാമ്പത്തിക സ്വതന്ത്ര മേഖലകളുടെ പുത്തൻ ലോകക്രമത്തെ തടയാൻ കഴിയില്ല.എന്നാൽ പുതിയ പരീക്ഷണങ്ങൾ നടത്താതിരിക്കാനുമാവില്ല. ആം ആദ്മി പാർട്ടി പോലുള്ള പരീക്ഷണങ്ങൾക്ക് കിട്ടുന്ന പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.
ദോഹ വട്ടമേശയ്ക്കുപരിയായി , സ്വന്തം നിലനിൽപ്പിനായി ഏതൊരു രാജ്യവുമായും കരാറിലേർപ്പേടാൻ നാം നിർബന്ധിതരാവും. അല്ലെങ്കിൽ നാം ഒറ്റപ്പെടും.
ഇപ്പോൾ  അമേരിക്ക ജപ്പാനുമായി സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കാൻ പോകുന്നു. അവർ ഇരു കൂട്ടരും തീരുമാനിച്ച് അവരൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നു.

യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ മേഖല വരുന്നു. ഇതു രണ്ടും ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളെ ഒറ്റപ്പെടുത്തും. അതുകൊണ്ട് പാരമ്പര്യത്തിന്റെയും സങ്കല്പത്തിന്റെയും അടിസ്ഥാനത്തിൽ ഇനി രാഷ്ട്രീയ കാര്യങ്ങളെ നോക്കികാണുന്നതു ശരിയായിരിക്കില്ല.

നിർമ്മലയുടെ ലേഖനത്തിലെ ചില വാക്യങ്ങൾ പുതിയ സാഹചര്യത്തെപറ്റിഅറിവു പകരുന്നുണ്ട്.
ദൽഹി മെട്രോയ്ക്ക് താഴെ കാണുന്ന ചേരികളിലെ  ജീവിതം ആർക്കും പരിഹരിക്കണമെന്നില്ലെന്ന് ലേഖിക എഴുതുന്നു.ആറുപതിറ്റാണ്ടായി അതു മാറ്റമില്ലാതെ തുടരുന്നു.
മറ്റൊരിടത്ത് അവർ ഇങ്ങനെ  എഴുതുന്നു" രാജ്യത്തിനു ഭൂരിപക്ഷത്തിനു ശവക്കോടി മാത്രമേ പരിചയമുള്ളു. ഇത്തരം അവസ്ഥകളെക്കുറിച്ച് രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ എഴുതിയതിനപ്പുറം കാണാനാവാത്തവരാണ് ഇടതുപക്ഷം.ടെക്സ്റ്റ്ബുക്ക് സമീപനം കാരണം, ഈ രാജ്യത്ത് ഇടതുപക്ഷം അവർക്ക് ഉണ്ടാകേണ്ടിയിരുന്ന ഇടം നഷ്ടപ്പെടുത്തി. ഈ ഇടത്തിലാണ് അരവിന്ദ് കെജ്രിവാൾ എന്ന ആരുമല്ലാത്ത ഒരാൾ കയറിനിൽക്കുന്നത്.ഈ പ്രതിഭാസത്തെ മനസ്സിലാക്കണമെങ്കിൽ പഠിച്ചത്  നാം  ആദ്യം അഴിച്ച് വെക്കണം"


നിർമ്മലയുടെ കുറിപ്പിനു അനുബന്ധമായി ചില കാര്യങ്ങൾ കൂടെ എഴുതട്ടെ:ഇന്നത്തെ ചില പാർട്ടികൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന തോന്നലുണ്ട്. അവർ  എല്ലാം തന്നെ പണ്ടു ചെയ്തു കഴിഞ്ഞു. അതിന്റെ പലിശ മതി ഇനി ജീവിക്കാൻ.അവരുടെ നേതാക്കന്മാർ ഒരിക്കലും  ചിന്തിക്കാത്ത ജീവിത ചുറ്റുപാടിൽ എത്തിയവരാണ്.ഇപ്പോഴത്തെ ദുരിതങ്ങൾ നീക്കാൻ അവരുടെ കയ്യിൽ ഉപകരണങ്ങളുമില്ല.അവർക്ക് സ്വന്തം എസ്റ്റാബ്ലിഷ്മെന്റുണ്ട്. അതുതന്നെ നോക്കി നടത്താൻ അവർക്ക് പണിപ്പെടേണ്ടി വരുന്നു. പാർട്ടികൾ ഒരു സമാന്തര ഭരണം നടത്തുന്നുണ്ട്. അതിനു അവർക്ക് സമയം പോരാതെ വരുന്നു.അവർ മിക്കപ്പോഴും അണികളെയാണ് അഭിസംബോധന ചെയ്യുന്നത്; പൊതുസമൂഹത്തെയല്ല .ചില പരമ്പരാഗതമായ  മൂല്യനിർദ്ധാരണ രീതിയിൽ   നിന്ന് വേറിട്ട് ചിന്തിക്കാൻ  പ്രത്യയശാസ്ത്ര  എസ്റ്റാബ്ലീഷ്മെന്റിനകത്ത് പെട്ടുപോയ പാർട്ടികൾക്ക് കഴിയുന്നില്ല.മറ്റൊന്ന് ,പുതിയതലമുറനേതാക്കൾക്ക് ഇന്ത്യ എന്താണെന്ന്  അറിയില്ല. പാവപ്പെട്ടവന്റെ  യഥാർത്ഥ  പ്രശ്നം അറിയില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാലും അതിനു പരിഹാരം കാണാത്തത്.

യാത്ര
പ്രകാശത്തേക്കാള്‍ എത്രയോ   ഇരട്ടി വേഗത്തില്‍  ,മനുഷ്യന്‍റെയുള്ളിലെ   യാത്രകള്‍ സംഭവിക്കുന്നു.

എഴുത്ത്
നമുക്ക് ബഷീറിനെപ്പോലെയും തകഴിയെപ്പോലെയും എഴുതുന്ന പുതിയ സാഹിത്യകാരന്മാരുണ്ട്.
പക്ഷേ പഴയ എഴുത്തുകാരുടെ   നിർമ്മിതിക്കു മുകളിൽ ഒരു ഇഷ്ടിക വയ്ക്കാൻ പറ്റുമോ എന്ന് ആലോചിക്കുന്നില്ല

മുംബൈയിലെ സാഹിത്യ പ്രവർത്തകർ ഉണരണം
  മുംബൈയിൽ ഫോമ സംഘടിപ്പിച്ച കഥയരങ്ങിന്റെ സമാപനയോഗത്തിൽ വി ആർ സുധീഷ് പറഞ്ഞ ചില കാര്യങ്ങൾ പ്രതിഷേധത്തിനിടയാക്കിയെന്ന് ' വൈറ്റ്ലൈൻ വാർത്ത'യിൽ (ഒക്ടോബർ) വായിച്ചു. സുധീഷ് പറഞ്ഞത് ഇതാണ്:
മുംബൈ സാഹിത്യം അമ്പതുകളിൽ നിന്ന്  കരകയറിയിട്ടില്ല.
കാലഘട്ടത്തിന്റെ മാറ്റം എഴുത്തുകാർ ഉൾക്കൊള്ളുന്നില്ല.
പുതിയ കഥാകൃത്തുക്കൾ  മലയാള കഥയുടെ പരിണാമചക്രത്തെക്കുറിച്ച് അജ്ഞരാണ്.
കഥയ്ക്ക് മികവുറ്റ ഭാഷ  വേണം.
സൂക്ഷ്മമായ നിരീക്ഷണം ഇല്ലാതെ എഴുതിയിട്ട് കാര്യമില്ല.


സുധീഷിന്റെ ഈ നിരീക്ഷണങ്ങൾക്ക് പ്രസക്തിയുണ്ട്.അദ്ദേഹം ആത്മാർത്ഥമായി പറയുകയാണ്. ഇത്തരം വിമർശനങ്ങളുടെ നല്ല വശങ്ങൾ ഉൾക്കൊള്ളണം.
പക്ഷേ ഇത് മുംബൈ  കഥകളുടെ മാത്രം  പ്രതിസന്ധിയല്ല.
കേരളത്തിൽ താമസിക്കുന്ന ഭൂരിപക്ഷം എഴുത്തുകാരും ഈ അവസ്ഥയെ നേരിടുന്നുണ്ട്.
ഞാൻ ഓണത്തിനു നൂറോളം കഥകൾ വായിച്ചു.
എന്നാൽ എന്നെ ഒരു വായനക്കാരനെന്ന നിലയിൽ തൃപ്തിപ്പെടുത്തിയത് മൂന്നോ നാലോ രചനകൾ മാത്രമാണ്.
എന്തുകൊണ്ട്  ഇത് സംഭവിക്കുന്നു.?
'ജീവിത വിജയത്തിനു ഒരു ഗൈഡ്' പോലുള്ള ധാരാളം പുസ്തകങ്ങൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരം പുസ്തകങ്ങൾ വായിച്ച് സാഹിത്യത്തിലും വിജയം നേടാമെന്ന് വിശ്വസിക്കുന്നവർ പെരുകിയിരിക്കുന്നു.
സി പി ശ്രീധരൻ

മിക്ക എഴുത്തുകാരുടെയും കയ്യിൽ നല്ല കാശുണ്ട്. അവർ അത് ഉപയോഗിച്ച് സ്വന്തം ഇരിപ്പിടം ഭദ്രമായി പണിയുന്നു.
പണ്ട് സി.പി.ശ്രീധരനും  സുകുമാർ അഴീക്കോടും നൂറ്റമ്പത് രൂപ ബസ് ചാർജ് വാങ്ങി പ്രസംഗിക്കാൻ പോയിരുന്നു.ഇന്ന് അങ്ങനെ പ്രസംഗിക്കാൻ ആരെയെങ്കിലും കിട്ടുമോ?
പുസ്തകങ്ങൾ സ്വന്തം ചിലവിൽ അച്ചടിപ്പിക്കാൻ കഴിയുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ.
പത്രാധിപന്മാർക്കും മറ്റും പാരിതോഷികങ്ങൾ കൊടുത്ത് സ്വാധീനിക്കുന്നവരുണ്ട്.
തുടരെ പത്രം ഓഫീസുകളിൽ കയറി ഇറങ്ങുക ചിലരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു.
അവർക്ക് മാത്രമാണ് പലപ്പോഴും വലിയ തലോടലുകൾ ലഭിക്കുന്നത്.
തന്നെ കാണാൻ ആഴ്ചയിൽ രണ്ടു തവണ വരുന്ന ഒരു കഥാകൃത്തിനെ വല്ലാതെ ബോധിച്ച മട്ടിലാണ് ചില പത്രാധിപകുട്ടികളുടെ വാചകമടികൾ.
സ്വന്തം മേശ്ക്ക് പുറത്ത് ലോകമില്ലെന്ന് ധരിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.
ഒരു കഴിവുമില്ലാത്തവന്റെ കയ്യിൽ പണമുണ്ടെങ്കിൽ , സോപ്പിടൽ മനോഭാവമുണ്ടെങ്കിൽ മലയാളത്തിൽ മാസത്തിൽ ഒരു അവാർഡ് വച്ചെങ്കിലും കിട്ടും.
അല്ലെങ്കിൽ ഒരു എഴുത്തുകാരന്റെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കി  അതിന്റെ മുകളിൽ അടയിരിക്കും. ഏതായാലും അവൻ സാഹിത്യത്തിനു ഭീഷണിയായിരിക്കും.
അവന് ഒന്നും വായിക്കാൻ നേരമില്ല. വായിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പരസ്യമായി പറയാൻ ധൈര്യമുള്ളവർ ഇവിടെയുണ്ട്.
ഈയിടെ കൊച്ചിയിൽ ഞാൻ പങ്കെടുത്ത ഒരു യോഗത്തിൽ ഒരു കഥാകൃത്തിന്റെ പ്രസംഗം ശരിക്കും എന്നെ ഞെട്ടിച്ചു. അദ്ദേഹം പ്രസംഗിച്ചത്, പുസ്തകം  വായിക്കേണ്ട ആവശ്യമേയില്ല എന്നാണ്! ജീവിതം  മാത്രം  നിരീക്ഷിച്ചാൽ  മതിയത്രേ!. വാല്മീകി ഏത് ലൈബ്രറിയിൽ അംഗത്വം എടുത്തു എന്നും അദ്ദേഹം ചോദിച്ചു.
എം.ഗോവിന്ദൻ

 ഇവരൊക്കെ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം എന്താണ്? ഇവർ ഒന്നും വായിക്കാത്തവരാണ്, ഇവർ ജ്ഞാനത്തെ , അറിവിനെ വെറുക്കുന്നു. സി.ജെ തോമസിനെ, എം . ഗോവിന്ദനെ, ഡോ. ഭാസ്കരൻ നായരെ  ഇവർ വായിച്ചിട്ടുണ്ടോ?
ഒരിക്കൽ പൊൻകുന്നം വർക്കി പറഞ്ഞു, ഒരു ടൺ വായിച്ചാൽ ഒരു കഴഞ്ച് കിട്ടുമെന്ന്! വായിച്ചതിന്റെ സുഖം അറിഞ്ഞവർ ഇങ്ങനെ പറയില്ല.

വാല്മീകി വിവരമില്ലാത്ത ആളാണെന്ന് ആരു  പറഞ്ഞു?
 അന്നത്തെ ലോക വിജ്ഞാനത്തിനൊപ്പം നിന്നാണ് അദ്ദേഹം എഴുതിയത്. ധാർമ്മികത, നീതിബോധം, വംശീയത, ദൈവികത, തത്വചിന്ത, തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ അറിവ് സ്വന്തമാക്കിയാലേ   രാമായണം എഴുതാനൊക്കൂ. ഇന്നത്തെ ലോക വിജ്ഞാനം നേടിയാലേ  പുതിയ എന്തെങ്കിലും കണ്ടുപിടിക്കാൻ കഴിയൂ. അല്ലെങ്കിൽ ബഷീറും ഉറൂബും എഴുതിയിടത്ത് തന്നെ നിൽക്കേണ്ടി വരും.

ഫ്രിജോഫ് കാപ്ര

ഒരു ടോൾസ്റ്റോയ്, ഹ്വാൻ റുൾഫോ, മാർകേസ് ഉണ്ടാകുന്നത് പഴയതിനെ വായിച്ച് വായിച്ച് ചരിത്രത്തിന്റെ അപര്യാപ്തതകൾ മനസ്സിലാക്കുന്നതുകൊണ്ടാണ്.
ഒരു ഫ്രിജോഫ്  കാപ്ര , ഷോപ്പനോർ , സാർത്ര് തുടങ്ങിയവർ വായനയുടെയും ചിന്തയുടെ ഫലമാണ്.
വായിക്കുന്നത് നേരമ്പോക്കിനല്ല , നമ്മുടെ ചരിത്രത്തിന്റെ , ഭൂതകാലത്തിന്റെ ജീവിതത്തിന്റെ പൊരുൾ അറിയാനും തെറ്റുകൾ തിരുത്താനുമാണ്.
മറ്റൊരു യോഗത്തിൽ ഒരു കവി പറഞ്ഞത്  നാണിച്ചുപോകുന്ന  മണ്ടത്തരം.
അദ്ദേഹത്തിന്റെ വാക്കുകൾ; ഇന്ന് ലോകത്ത് ഒരു വൈരുദ്ധ്യവും ഇല്ല. എല്ലാം നമ്മൾ ഉൾക്കൊണ്ടാൽ മതി.
എല്ലാകാലത്തും മനുഷ്യന്റെ സ്വഭാവം ഒന്നാണ്. അതുകൊണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല,

കൃത്യമായി വലിയ ശമ്പളം കിട്ടുന്നില്ലെങ്കിൽ അദ്ദേഹം ഇങ്ങനെ പറയുമോ?
ഇത്തിരിപ്പോന്ന ചിന്താലോകമുള്ളവർ.ഇവരെക്കൊണ്ട് എന്തു ചെയ്യാനാണ്?.ഈ കാലത്തിന്റെ ഒരു ദുരിതവും നേരാംവണ്ണം തിരിച്ചറിയാതെ ഒരു ഗുഹയ്ക്കകത്തിരുന്ന് ഇവർ എന്തൊക്കെയോ എഴുതുന്നു.
അതുകൊണ്ട് ,  മുംബൈയിൽ മാത്രമല്ല, എല്ലായിടത്തും  നിലവാരമില്ലാത്ത എഴുത്തുകാർ തലപൊക്കിയിട്ടുണ്ട്.
ചില മാഗസിനുകൾ ജാതി നോക്കിയും രാഷ്ട്രീയം നോക്കിയും കളിക്കുകയാണ്. സ്വജനപക്ഷപാതം ഇത്രയും ഭീകരമായ ഒരു  ഉണ്ടായിട്ടില്ല.
ഹ്വാൻ റുൾഫോ


മുബൈയിൽ പ്രേമൻ ഇല്ലത്ത്,  സുരേഷ് വർമ്മ  തുടങ്ങിയവരിൽ എനിക്ക് പ്രതീക്ഷയുണ്ട്.
വൈറ്റ് ലൈൻ പോലൊരു പ്രസിദ്ധീകരണം ഉണ്ടായതും ഒരു പുതിയ ഉണർവ്വായി കാണണം.
രാധാമണി പരമേശ്വരൻ
 നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് അതിൽനിന്നനുരൂപമായ വാങ്മയങ്ങളും  ബിംബങ്ങളും നിർമ്മിക്കുന്നതിൽ രാധാമണി പരമേശ്വരന് പ്രത്യേക സാമർത്ഥ്യമുണ്ട്.

ലയം,സുഭഗത എന്നി ഗുണങ്ങൾ അവർ കാത്തുപോരുന്നു.നാനൂറോളം കവികതളെ
ഴുതിയ രാധാമണി 'എന്റെ കണ്ണാന്തളിപ്പൂവ്',' പഞ്ചഭൂതങ്ങൾ', 'അവസ്ഥാന്തരം' എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പുരാണങ്ങൾ, സംഭവങ്ങൾ എന്നിവ അവലോകനം ചെയ്ത് കവികളുടെ ഉൽകൃഷ്ട പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കാതെ സൗന്ദര്യത്തിന്റെ നിമിഷങ്ങൾ അന്വേഷിക്കുകയാണ് കവി.

ആധ്യാത്മികത, നാടകീയത എന്നിവയുടെ സമ്മേളനം ഈ കവിതകളിൽ കാണാം. അവസ്ഥന്തര(എൻ ബി എസ്)ത്തിലെ ചില വരികൾ ഉദ്ധരിക്കട്ടെ;
പേടിപ്പെടുത്തും വൻ കാവു മുൻപിൽ
പേക്കോലമായ് പടുവൃക്ഷങ്ങളും
ഹോമവും പൂജയുമാർക്കുവേണ്ടി
കരയാനാകാത്ത കൽവിളക്കേ
ആയില്യം കാവിലെ ആശാലതാതികൾ
പാമ്പായി ശിലയിൽ ചുറ്റിക്കിടക്കുന്നു
മഞ്ഞളു തൂകിയ നാഗരാജാവിനെ
പൂക്കുലപോലെ പൊതിയുന്നു വല്മീകം(അവസ്ഥാന്തരം)

സ്നേഹമറിയാൻ കൊതിച്ചെന്റെ സന്ധിയിൽ
ആറ്റിക്കുറുക്കിയോ ആർദീനൊമ്പരങ്ങൾ
ആകാശനീലിമയോലും വിശുദ്ധിയാൽ
ആരാധിച്ചു എന്റെ ന്ഷ്ടസ്വപ്നങ്ങളെ( അശ്രുപൂജ)
വരുംകാലം മണ്ണിലേക്ക്
മടങ്ങേണ്ട പൂക്കൾ നാം(സൂര്യകാന്തി)


ശലഭയാത്ര
നമ്മുടെ വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ മാഞ്ഞുപോകുന്നു;അത്‌ ശലഭയാത്രകളാണ്‌.

 പ്രമദം
നിലയ്ക്കലേത്ത് രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രമദം മാസിക(ഭിലായ്,ഫോ:
pramadammagazine@rediffmail.com)  യുടെ വാർഷികപ്പതിപ്പ് സാഹിത്യകലയോടുള്ള നിർവ്യാജമായ, നിസ്വാർത്ഥമായ സമീപനത്തിന്റെ നല്ല ദൃഷ്ടാന്തമാണ്.
പ്രമദത്തിനു പ്രത്യേക അജൻഡയില്ല. അത് വായനയുടെ രസാനുഭൂതി മാത്രം നോക്കുന്നു.നല്ല പംക്തികളുള്ള  ഒരു മാഗസിൻ എന്ന സവിശേഷതയുമുണ്ട്.ഡോ.സാജൻ പാലമറ്റത്തിന്റെ സാഹിത്യ നിരൂപണം ഉദാരവും ഉൽകൃഷ്ടവുമാണ്.വിജയകൃഷ്ണന്റെ സിനിമാപംക്തി ചരിത്രപരമായ അറിവ് നൽകുന്നു.

എ.പി.അനിൽകുമാർ
ഇദം ഹൃദയം(ക്രിയേറ്റീവ് എഫർട്ട്സ് , കൊച്ചി) എന്ന നാടകത്തിലൂടെ മഹാഭാരത്തിലെ ഒരു കഥാസന്ദർഭത്തിനു പുതുജീവൻ നൽകുന്നു.ദ്രോണരും ദ്രുപദനും തമ്മിലുള്ള സംവാദത്തിലൂടെ ജീവിതത്തിന്റെ അർത്ഥവും മരണത്തിന്റെ രഹസ്യവും അന്വേഷിക്കുന്നു.ദ്രുപദൻ ഇങ്ങനെ പറയുന്നു:
ദ്രോണരെ കൊല്ലുവാൻ എനിക്ക് കഴിഞ്ഞില്ല.
ദ്രോണരുടെ മാണം കാണുവാനും
എനിക്ക് കഴിഞ്ഞില്ല
യുദ്ധഭൂമിയിൽ ഞാൻ ദ്രോണരാൽ കൊല്ലപ്പെട്ടു.
എന്റെ മകൻ
പിന്നെ അശ്വത്ഥാമാവിനാൽ കൊല്ലപ്പെട്ടു.
ഒരു ശൂന്യപാത്രം പോലെ
എന്റെ മകളും ഒറ്റയ്ക്കായി.
ഒരു പക്ഷേ ഞാൻ സ്വാർത്ഥത വെടിഞ്ഞ്
ദ്രോണർക്ക് അയാളുടെ കഷ്ടകാലത്ത്
ഒരു പശുവിനെ നൽകി ആദരിച്ചിരുന്നെങ്കിൽ
എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.

ജയദേവ് നായനാർ
 ജയദേവ് നായനാരുടെ ഭയോഡാറ്റ എന്ന കവിത
പുതിയ കാലത്തെ മനുഷ്യന്റെ വ്യഥ കാണിച്ചുതരുന്നു.
ഓർമ്മകൾ ഉള്ളവർക്ക് അത് ഭാരം തന്നെയാണ്.
വിഴുങ്ങാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾക്ക് നടുവിലേക്ക് ഒരാൾക്ക് എതമാത്രം ഇറങ്ങിച്ചെല്ലാൻ കഴിയും?

''എന്നും ഒറ്റയ്ക്കു മടങ്ങുമ്പോള്‍
പിന്നാലെ വിളിക്കുന്നുണ്ട്
പലവട്ടം ഞാന്‍ ചാടിച്ചത്ത
ഓര്‍മകള്‍ മൂടിയ ആഴക്കിണര്‍ .
ഇനിയും ഞരമ്പു മുറിച്ചുവന്നാല്‍
കുത്തിക്കെട്ടിനു ഞരമ്പുകൂടി
കൊണ്ടുവരണമെന്ന്
കൂടെക്കൂടെ വഴക്കിടുന്ന
അന്നമ്മ നഴ്സിനെപ്പറ്റി
ഓര്‍ത്തുവരുമ്പോഴായിരിക്കുമത്.
മുലകുടി മാറാത്ത വിഷക്കോപ്പകള്‍
കാട്ടുപൊന്തയ്ക്കുള്ളിലനങ്ങാതെ
മരണമൊളിപ്പിച്ചുകിടക്കുന്നത്
കാണാതിരിക്കാന്‍
ശ്രമിക്കുമ്പോഴായിരിക്കുമത്.
ഉറക്കം വരുന്നതുവരെ
മച്ചിലേക്കു നോക്കില്ല.
കയര്‍ക്കുരുക്കുകള്‍
ചോര്‍ന്നൊലിക്കുന്നത്
കാണാതിരിക്കാന്‍ .
ചുവരില്‍ പുറത്തേക്കുള്ള
വാതിലുകള്‍ വരച്ചുവയ്ക്കും.
ഉറക്കത്തിനു തീപ്പിടിക്കുമ്പോ-
ഴെന്നെ ഒളിച്ചുകടത്തും .
എന്നിട്ടു,മോരോ നാളും
മായ്ച്ചും വീണ്ടും വരച്ചും.

മനോജിന്റെ ജ്ഞാനയോഗം
നോവലിന്റെ കലയെ വളരെ ഗൗരവമായി കാണുകയാണ് മനോജ്.
അദ്ദേഹം വേദാരണ്യം, ദേഹവിയോഗം, കാലാവധി തുടങ്ങിയ നോവലുകൾ എഴുതിയിട്ടുണ്ട്.
ജ്ഞാനയോഗം(ഇൻസൈറ്റ് പബ്ലിക്ക) ഈ വർഷമാണ് പ്രസിദ്ധികരിച്ചത്.
മനോജിനു പത്രം ഓഫീസുകളിൽ  പോകാൻ അറിയില്ല. എഴുതാൻ മാത്രമേ അറിയൂ.ജീവിതത്തെപ്പറ്റി ഉത്കണ്ഠകൾ കൊന്റുനടക്കുന്ന ഈ എഴുത്തുകാരൻ വായനക്കാരനെ വശീകരിക്കാൻ വേണ്ടിയല്ല നിലകൊള്ളുന്നത്. തനിക്ക് പറയാനുള്ളത് എന്തായാലും ഇഷ്ടം പോലെ പറയും, ഇതാന് നിലപാട്.

നോവൽ അവസാനിക്കുന്നതിനു മുൻപ് ഇങ്ങനെ വായിച്ചു: നഷ്ടപ്പെട്ട ശിലായുധത്തെ വീണ്ടെടുക്കുന്ന മനുഷ്യൻ പ്രകൃതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും മടങ്ങും.അതോടെ അധികാരത്തിന്റെയും അവകാശത്തിന്റെയും തരംതിരിവുകൾ ഇടിഞ്ഞു തകരും.കാട്ടിലെ നിസ്വാർത്ഥമായ സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യർ മടക്കയാത നടത്തും.
 പെസ്സോവ പ്രകൃതിയെ കണ്ടെത്തുന്നു

പോർച്ച്ഗീസ് എഴുത്തുകാരനായ ഫെർനാണ്ടോ പെസ്സോവ  ഒരു ദിവസം  തനിക്ക ചുറ്റിനുമുള്ള പ്രകൃതിയെ കണ്ട്  ആശ്ചര്യപ്പെട്ടു.,
ആദ്യമായി കാണുന്നപോലെയായിരുന്നു. പലവട്ടം മുൻപ് കണ്ടതാണെങ്കിലും  ആ വസ്തുക്കൾ അവിടെ നില നിൽക്കുന്നതായി തോന്നിയിരുന്നില്ല. ഒരു നിമിഷത്തിൽ പ്രകൃതി സർവ്വ വിലക്കും ഭേദിച്ച് അദ്ദേഹത്തിന്റെ മനസ്സിലേക്ക് പ്രവഹിച്ചു.  



അറിവ് ഏത് രൂപത്തിൽ , ഏത് സമയത്ത് വരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. നാം എത്ര വർഷമായി കണ്ടുകൊണ്ടിരിക്കുന്ന വസ്തുവായാലും, അതു ചില  നിമിഷങ്ങളിൽ എത്രയോ അഗാധമായ സാന്നിദ്ധ്യമായി ഉയിർത്തെഴുന്നേൽക്കുന്നു.
പെസ്സോവയുടെ വാക്കുകൾ:

I'm not a materialist or a deist or anything else.
I'm a man who one day opened the window
and discovered this crucial thing: Nature exists
I saw that the trees,the rivers and the 
stones are things that truly exist.
No one had  ever thought about this.   

പേജ് ഒന്ന് 

AKSHARAJALAKAM

AKSHARAJALAKAM/