Sunday, December 29, 2013

AKSHARAJALAKAM, LAKKAM 8, PAGE 2,DEC 22-29/2013



 ലക്കം 8,പേജ് രണ്ട്















Many contemporary authors drink more than they write.
Maxim Gorky, റഷ്യൻ എഴുത്തുകാരൻ


 













Words do not express thoughts very well. They always become a little different immediately after they are expressed, a little distorted, a little foolish.” 
Hermann Hesse,ജർമ്മൻ എഴുത്തുകാരൻ

എഴുത്തിന്റെ ദുർഗ്രഹത; എഴുത്തുകാരന്റെയോ ലോകത്തിന്റെയോ?

അമേരിക്കൻ എഴുത്തുകാരിയായ ദെബോറ ഐസൻബെർഗ്(Deborah Eisenberg) തന്റെ മുന്നിലുള്ള  സാഹിത്യപരമായ വിചാരങ്ങളുടെ  സമസ്യയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:
യാഥാർത്ഥ്യത്തിന്റെ വേഷപ്രച്ഛന്നത എനിക്കിഷ്ടമാണ്.പക്ഷേ , അതു ഭാഷാപരമോ ബൗദ്ധികമോ ആയ ഭ്രമാത്മകതയല്ല.എന്റെ പ്രശ്നം പരമാവധി വ്യക്തതയോടെ നൈമിഷികമായ,സാധ്യമായ ജീവിതാവസ്ഥയെ വിനിമയം ചെയ്യുക എന്നതാണ്.അതുകൊണ്ട്,ഏതെങ്കിലും ഘട്ടത്തിൽ എന്റെ ഭാഷയിൽ അവ്യക്തത വന്നു ഭവിച്ചാൽ അതു ഒഴിവാക്കാൻ ഞാൻ ശ്രമിക്കും.
ലോകം വളരെ ദുർഗ്രഹമാണ്.സംഭവിക്കുന്നതിലെല്ലാം പിടികിട്ടാത്ത എന്തെല്ലാമോ ഉണ്ട്.എന്നാൽ നിങ്ങൾക്ക് അതിനെ അഭിസംബോധന ചെയ്യണമെങ്കിൽ അങ്ങേയറ്റത്തെ സുവ്യക്തതയാവശ്യമാണ്.ഈ സുതാര്യതയുടെ കാര്യത്തിൽ എനിക്ക് എന്റേതായ നിയന്ത്രണമുണ്ട്.മനസിലാക്കാൻ  കഴിയുന്ന വാക്കുകളായിരിക്കും ഞാൻ ഉപയോഗിക്കുക.അതുകൊണ്ട് ശരിയായിട്ടുള്ള അവ്യക്തതയെ  അഥവ ദുരൂഹതയെ മറികടക്കാൻ എനിക്കു കഴിയും.


സ്പാനീഷ് സറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലി ഇത് വിശദീകരിക്കുന്നുണ്ട്.
കലയിൽ ചിന്താക്കുഴപ്പമാണ് വേണ്ടത്. അതേസമയം, തന്റെ കല നശീകരണോപാധിയാണ്. എന്നാൽ നശിപ്പിക്കപ്പെടുന്നത് നമ്മുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.വെറുതെ ചിന്താക്കുഴപ്പമുണ്ടാക്കാൻ ആർക്കും കഴിയും. അതല്ല കലാകാരൻ ചെയ്യേണ്ടത്. അവൻ ക്രമത്തോടെ, ഒരു വ്യവസ്ഥയുടെ ഭാഗമായി കാഴ്ചയെ അലങ്കോലപ്പെടുത്തണം.അവിടെ സർഗ്ഗാത്മകത സ്വതന്ത്രമാവണം.മനസ്സിനെ ഒന്നും തന്നെ പിന്നോട് പിടിച്ചു വലിക്കരുത്.പരസ്പരവിരുദ്ധമായ എന്തിനും മൂല്യമുണ്ട്. കാരണം അതു ജീവിതത്തിന്റെ തനി സ്വഭാവത്തെ പിന്തുടരുന്നു.'' You have to systematically create confusion, it sets creativity free. Everything that is contradictory creates life”

നമ്മുടെ നാട്ടിൽ , സാഹിത്യത്തിലും ചിത്രകലയിലും ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ചില രചനകൾ ണ്ടായത് ദുർഗ്രഹതയെപറ്റിയുള്ള  ഈ ഉന്നതമായ ആശയം അറിയാത്തതുകൊണ്ടാണ്.പ്രപഞ്ചത്തി
ന്റെ അതാര്യതയെ കണ്ട ശേഷം , അതു വ്യാഖ്യാനിക്കാനായി മറ്റൊരു ക്രമം ആരായുകയാണ്. ഇതാണ് എഴുത്തുകാരനെ അല്ലെങ്കിൽ കലാകരനെ സ്വകീയ സിദ്ധാന്തത്തിന്റെ വക്താവാക്കുന്നത്.

വ്യാമോഹം
ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.

 ടിം വൈസിന്റെ ക്രൂരതയുടെ സംസ്കാരം
അമേരിക്കൻ വംശവെറിക്കും സമ്പന്നരുടെ ചൂഷണത്തിനും എതിരെ സംസാരിച്ച് യുവതലമുറയുടെ പ്രശംസ നേടിയ പ്രഭാഷകനും എഴുത്തുകാരനുമായ ടിം വൈസിന്റെ പുതിയ പുസ്തകമാണ് കൾച്ചർ ഓഫ് ക്രൂവൽറ്റി .സിറ്റി ലൈറ്റ്സ് ആണ് പ്രസാധകർ.

വംശീയമായ വിഭജനങ്ങളും സാമ്പത്തികമായ ചേരിതിരിവുകളും പാവപ്പെട്ടവരെ പിശാചാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
ഇതാകട്ടെ ഭരണകൂടങ്ങൾ കാണുന്നുമില്ല.

വാർത്താ മാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്റെ ശബ്ദം മാത്രമേയുള്ളു.സ്വയം പര്യാപ്തത നേടിയവർ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി മധ്യമങ്ങളെയും അധികാരത്തെയും ഉപയോഗിക്കുന്നു. ഇതാകട്ടെ , ഭൂരിപക്ഷം വരുന്ന  സാധാരണക്കാരിൽ അസംതൃപ്തിയും അക്രമവാസനയും ഉണ്ടാക്കുന്നു.പണമുണ്ടാക്കാൻ കുറുക്കുവഴി  തേടാത്തവൻ കുറ്റവാളിയാക്കപ്പെടുകയാണ്.നന്നായി അദ്ധാനിച്ചാൽ ഒരാൾക്ക് മാന്യത കിട്ടുന്നില്ല.
ഒരു കാറില്ലെങ്കിൽ സുഹൃത്തിനെപ്പോലും കിട്ടുകയില്ല. ഇത് അമേരിക്കയിലെ മാത്രം കാര്യമല്ല. നമ്മുടെയും അവസ്ഥയാണ്.

വൈസ് സൂചിപ്പിക്കുന്നു, പണക്കാരായ വലിയവർ  വർഗ്ഗ വൈരുദ്ധ്യത്തെ നിലനിർത്താൻ ശ്രമിക്കുകയാണെന്ന്.
അമേരിക്കയിൽ ടിം വൈസിന്റെ ചിന്തകൾക്ക് നല്ല സ്വീകാര്യത ലഭിക്കുണ്ട്.
അവിടെ ഒരു സമാന്തര മാധ്യമസംസ്കാരം നിലനിൽക്കുന്നു എന്നതാണ് കാര്യം. വൈസിനെ ചാനലുകളും മറ്റ് മാധ്യമങ്ങളും കൂടെക്കുടെ അഭിമുഖം ചെയ്യുന്നത് അതുകൊണ്ടാണ്. ഇവിടെയാണെങ്കിൽ മാധ്യമങ്ങളെ സ്തുതിക്കുന്നവർക്ക് മാത്രമേ ഇടം ലഭിക്കൂ.

അധികാരമില്ലാത്തവരെ മാധ്യമങ്ങൾ തന്നെ ശവസംസ്കാരം ചെയ്തു കൊടുക്കും.എപ്പോഴും അധികാരവുമായി ബന്ധം നിലനിർത്തുന്നവരെയും പലതട്ടുകളിൽ കളിച്ച് സ്വന്തമായി അഭിപ്രായം ഒന്നും തന്നെ ഇല്ലെന്ന് തെളിയിക്കുന്നവരെയുമാണ്
മാധ്യമങ്ങൾ പുകഴ്ത്തുന്നത്.
അനുഭവം
ഇക്കാലത്ത്‌ എഴുത്തുകാരുടെ അനുഭവങ്ങള്‍ അവര്‍ പുസ്തകപരമായി വ്യാഖ്യാനിച്ചെടുക്കുന്നതാണ്‌.


ഇ ഹരികുമാറിന്റെ 50 വർഷങ്ങൾ

പ്രമുഖ സാഹിത്യകാരനായ ഇ ഹരികുമാർ  രചനയുടെ 50 വർഷങ്ങൾ പുർത്തിയാക്കിയിരിക്കുന്നു.
ഇതിന്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ സി.ഡി. ഈ ഡിജിറ്റൽ യുഗത്തിൽ എഴുത്തുകാർ എങ്ങനെയാണ്  സാങ്കേതിക വിദ്യ ഉപയോഗിച്ച് രചനകൾ ദീർഘകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്നതെന്ന് പറഞ്ഞുതരുന്നുണ്ട്.ഹരികുമാറിന്റെ മുഴുവൻ രചനകളും അത് എങ്ങനെയാണോ അച്ചടിച്ചത് അതേരൂപത്തിൽ ഇതിൽ സംരക്ഷിച്ചിരിക്കയാണ്.
ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, അറിയാത്തലങ്ങളിലേക്ക് തുടങ്ങി ഒൻപത് നോവലുകളും ,കൂറകൾ, ദിനോസറിന്റെ കുട്ടി , ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ, തുടങ്ങി പതിനാല് കഥാസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇതിനു പുറമേ ഓരോ കൃതിയെപ്പറ്റിയുമുള്ള നിരൂപണങ്ങളും ഗ്രന്ധകാരനുമായുള്ള അഭിമുഖങ്ങളും ചേർത്തിട്ടുണ്ട്.
പ്രമുഖ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനായ ഹരികുമാറിന്റെ സാഹിത്യ സംഭാവനയ്ക്കൊത്തുള്ള ആദരവ് മാധ്യമങ്ങൾ കൊടുത്തിട്ടില്ല എന്നാണ് തോന്നുന്നത്. ഒരാളുടെ അദ്ധാനത്തെയും മൂല്യപരമായ അന്വേഷണത്തെയും വിലയിരുത്താൻ പറ്റിയ സാഹചര്യം ഇന്ന് നമ്മുടെ സാഹിത്യത്തിലില്ല എന്നത് ദുഃഖകരമാണ്.ഹരികുമാറിന്റെ 50 വർഷങ്ങൾ ഇവിടെ വായിക്കാം

രവിവർമ്മ തമ്പുരാൻ
കഥാകൃത്ത് രവിവർമ്മ തമ്പുരാന്റെ രവിവാരം എന്ന ബ്ലോഗിൽ, ഇത്തവണ പുതിയ ചില എഴുത്തുകാരുടെ മികച്ച രചനകളെ പരിചയപ്പെടുത്തുന്നു.

പൊതുവെ കഥാകൃത്തുക്കൾ ചെയ്യാത്ത പ്രവൃത്തിയാണിത്.അരുൺ ആർഷയുടെ 'ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി' എന്ന നോവലിനെപ്പറ്റി രവിവർമ്മ എഴുതുന്നു:ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം  അരുൺ  ഈ പുസ്തകം അയയ്ക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല, ഒരോ വാചകത്തിലും ജിജ്ഞാസയുടെ കാന്തമുനകൾ ഉറപ്പിച്ച ഒരു മനോഹര രചനയായിരിക്കും എന്ന്. ഹിറ്റ്ലറുടെ ജൂതവേട്ടയുടെ നാളുകളിൽ ഇരകളുടെ പ്രതിനിധിയായി, അതിശക്തമായി ചെറുത്തുനിന്ന ഒരു ജൂതപോരാളിയുടെ സംഘർഷനിർഭരമായ ജീവിതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് അരുൺ. നോവലിന്റെ സമസ്ത ഭംഗികളോടെയും നമുക്കിതു വായിക്കാം. വായന തുടങ്ങിയാൽ പൂർത്തിയാക്കാതെ പുസ്തകം താഴെ വയ്ക്കാൻ കഴിയാത്ത അനുഭവം.
മറ്റൊരിടത്ത് അദ്ദേഹം മറ്റു നവ എഴുത്തുകാരെയും പരാമർശിക്കുന്നു:അതിപ്രശസ്തരല്ലാത്തവരുടെ രചനകൾ സന്തോഷം പകർന്ന 2013 ലെ മറ്റു ചില അനുഭവങ്ങളും ഉണ്ട്. സിയാഫ് അബ്ദുൽ ഖാദറിന്റെ ആപ്പിൾ, കെ.ആർ മനോരാജിന്റെ 'ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക' സുരേഷ് വർമയുടെ 'ഗാന്ധി ചിക്കൻസ്' എന്നീ കഥാസമാഹാരങ്ങളും  ഇടക്കുളങ്ങര ഗോപന്റെ 'കൊല്ലിസൈക്കിൾ' എന്ന കവിതാ സമാഹാരവും അക്കൂട്ടത്തിൽപ്പെടുന്നു. ഒറ്റക്കഥകളിലൂടെ ജി.നിധീഷ്, ഹർഷ മോഹൻ, ലാസർ ഷൈൻ, അബിൻ ജോസഫ്, അമൽ തുടങ്ങിയവരും വിസ്മയങ്ങൾ തന്നു.

യാഥാർത്ഥ്യം
യാഥാര്‍ത്ഥ്യം ഏേത്‌ നിമിഷവും തകര്‍ന്ന് വീഴാവുന്ന കൂടാരമാണ്‌.

ബിജു സി നാഥ്

ബിജൂ സി നാഥ്  ഫേസ് ബുക്കിലെഴുതിയ 'എന്നിനി പുലരി വരും' എന്ന കവിത ഈ കാലത്തിന്റെ നേർക്ക് അമർഷവും പരിഹാസവുമാണ് തൊടുത്തു വിടുന്നത്. എല്ലാ കവികളും നീതിക്ക് വേണ്ടി നിലകൊള്ളണം.അതാണ് വേണ്ടത്. എന്നാൽ പലരും നിശ്ശബ്ദത പാലിക്കുകയാണ്.
ബിജുവിന്റെ വാക്കുകൾ:
പിച്ചിചീന്തുന്ന പെണ്ണുടലിനെ നോക്കി
തൊണ്ട പൊട്ടുന്നവര്‍ നാം,
നിയമത്തിന്റെ കയ്യിലേക്ക്
വേട്ടക്കാരനെ എത്തിച്ചു
അടുത്ത ഇരയിലേക്ക് പോകും
സാമൂഹ്യജീവികള്‍ നാം .

മണ്ണും മനുഷ്യനും
തിന്നു തീര്‍ത്ത സൌമ്യയും
ജ്യോതിയുമെല്ലാം ഓർമ്മകൾ ,
വെറും ഓര്‍മ്മപ്പെടുത്തലുകള്‍

മെഴുകുതിരികള്‍ കൊളുത്തിയും
ഓര്‍മ്മക്കുറിപ്പുകള്‍ കൊടുത്തും
യുവത്വം മരിച്ചു വീഴുന്നു തെരുവുകളില്‍
ലഹരിനുരയുന്ന ബാല്യം പോലെ ,
മെനോപാസം ബാധിച്ച
ഫെമിനിസം
ചുരുണ്ട് കിടക്കുന്നുണ്ട്
രാജവീഥികളിലെ മണ്‍തിട്ടകളില്‍ .

ശീമപ്പന്നികളെ പോലെ
നീതി തീറ്റിപോറ്റുന്നുണ്ട്
ചാമിമാരെ മൂന്നുനേരം മുടങ്ങാതെ
എല്ലാ ദിനവും .

ഗ്രാമങ്ങളുടെ കൂനംപാലചുവടുകളില്‍
പെണ്ണുടയാടകള്‍ നായ നക്കുമ്പോള്‍
നഗരങ്ങളുടെ ശീതവനങ്ങളില്‍
ദുര്‍മേദസ്സുകള്‍ നുണഞ്ഞിറക്കുന്നു
മുയല്‍ക്കുഞ്ഞുങ്ങള്‍ തന്‍ കരളുകള്‍ .

സുധാകരൻ ചന്തവിള


അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങൾക്ക് തിരുവനന്തപുരം സ്ഥിരംവേദിയാകുന്നത് ശരിയല്ലെന്നും മറ്റ് പ്രധാന നഗരങ്ങളെക്കൂടി പരിഗണിക്കണമെന്നും  കവിയും ഒരുമ പത്രാധിപരുമായ സുധാകരൻ ചന്തവിള(ഒരുമ,ഡിസംബർ , email:orumamonthly@gmail.com) അഭിപ്രായപ്പെടുന്നു. അടുത്ത് നിൽക്കുന്നവരുടെ വർത്തമാനങ്ങളാണ് ഭരണാധികാരികൾ  കൂടുതലും കേൾക്കുക. മറിച്ചൊന്ന് ചിന്തിക്കണമെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന ഭീതി ഉണ്ടാകണം.

സുധാകരൻ ഒരു പക്വമായ ബോധത്തോടെ ഈ വിഷയത്തെ സമീപിച്ചു കണ്ടതിൽ സന്തോഷമുണ്ട്.




എം ആർ വിബിൻ

എം. ആർ വിബിൻ എഴുതിയ 'ഇതുപോലൊരു വീട്'(ഫേസ്ബുക്ക്) എന്ന കവിത ഒരു തുറന്നു പറച്ചിലും, കാവ്യാത്മകമാകാൻ മടിച്ച വീട് എന്ന ഭാവനയെ മൂർത്തമായി തേടിപ്പിടിക്കലുമാണ്:വീടുകൾ മനസ്സിലാണുള്ളത്. അതു ജീവനുള്ള വസ്തുവാണ്. 


അതിനെ പിടിച്ചെടുക്കാൻ കവി നന്നേ പരിശ്രമിക്കുന്നതു കാണാം.ഇതാ ആ വരികൾ:
അകച്ചുമരിന്റെ മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടിൽ.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.

അടപ്പില്ലാത്ത ചെപ്പിൽ,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകൾ.

കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍ നിന്ന് വെട്ടിവെച്ച
മുയല്‍ ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.

ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .

പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത് തിരിഞ്ഞുനടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.







 അക്ഷരജാലകം



നമ്മുടെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ എം.മുകുന്ദൻ അക്ഷരജാലകത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:അക്ഷരജാലകം വായിച്ചു. ഒരു നല്ല  മാസിക  വായിച്ച അനുഭവം അത് നല്കി.അത് വളരെ മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു. കണ്ണിനു സുഖം നല്കുന്നു.

 എന്നും സാഹസികമായി , പരീക്ഷണാത്മകത കൈവിടാതെ എഴുതി സ്വന്തം ലോകം നിർമ്മിച്ച മുകുന്ദന് നന്ദി പറയുന്നു.



ഫേസ്ബുക്കറും കവിയുമായ അസീസ്  നല്ലവീട്ടിൽ  അക്ഷരജാലകത്തെപ്പറ്റി എഴുതുന്നു:

പലരും പലതും മെയില്‍ ചെയ്യാറുണ്ട്.എന്നാല്‍ അക്ഷരജാലകം  എന്നും സൂക്ഷിച്ചു വയ്ക്കേണ്ട  സാംസ്കാരികമായ ഒരു ഈടുവെയ്പ്പു ആണ്.ഇടവേളകളില്‍ ഞാനിത് ധൈഷണികമായി വായിക്കും.നന്ദി.

പറവ

ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.
അതിന്റെ പേര് എനിക്കറിയില്ല
ഒരു പരമ്പരാഗത കവിക്ക്‌
അത്‌ കവിതയാണ്‌.
എന്നാല്‍ പക്ഷി  പാട്ട്‌
കേള്‍ക്കാന്‍ പോലും അശക്തമാണ്‌.
അതിന്‍റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍
എയ്തുവിട്ട കല്ല് തറച്ച്‌ ചോരയിറ്റുന്നുണ്ട്‌.
ഇല്ല ,കവിതയൊന്നുമില്ല
ഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്
നിര്‍ബന്ധമുണ്ട്‌.
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.
അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്‌, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍
കവികള്‍ വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന്
അതിന്‌ ഇതിനോടകം മനസ്സിലായിട്ടുണ്ട്‌.
ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപ്പോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ നല്ലതല്ല . 

പേജ് ഒന്ന്

AKSHARAJALAKAM

AKSHARAJALAKAM/