Monday, December 23, 2013

AKSHARAJALAKAM/ lakkam 7, page 2/DEC 15-22/2013


ലക്കം ഏഴ്, പേജ് രണ്ട്

















Dreams have only one owner at a time. That's why dreamers are lonely
William Faulkner,അമേരിക്കൻ എഴുത്തുകാരൻ



















Beauty is only of one kind;there are a thousand kinds of ugliness.It is difficult to compare one sublime with another , and we need to take a rest from everything, even from beauty.
Umberto Eco.
ഇറ്റാലിയൻ എഴുത്തുകാരൻ


സോൾ ബെല്ലോയുടെ പട്ടി, റുഷ്ദിയുടെയും.

ഒരു ലേഖനത്തിൽ സൽമാൻ  റുഷ്ദി പറയുന്നത്, താൻ ഒരു വായനക്കാരനെ മനസ്സിൽ കാണുന്നേയില്ലെന്നാണ്.
ആർക്കുവേണ്ടി എഴുതുന്നു?അങ്ങനെയൊരാൾ അദ്ദേഹത്തിന്റെ മനസ്സിൽ ഇല്ല.''ചില ആശയങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, രൂപങ്ങൾ എല്ലാം മനസ്സിലുണ്ട്.

സോൾ ബെല്ലോ
ഈ വസ്തുക്കൾക്ക് വേണ്ടിയാണ്  പ്രാഥമികമായി എഴുതുന്നത്. എഴുതി പൂർത്തിയായി കഴിയുമ്പോൾ  പലർക്കും ഇതിൽ താല്പര്യമുണ്ടാകാം.
ഇക്കാര്യത്തിൽ എനിക്ക് അമേരിക്കൻ  ബ്ലാക് എഴുത്തുകാരനായ റാൽഫ് എല്ലിസന്റെ അഭിപ്രായത്തോട് യോജിപ്പാണ്.ഷാഡോ ആൻഡ് ആക്ട് എന്ന ലേഖനസമാഹാരത്തിൽ അദ്ദേഹം പറയുന്നു:എഴുത്തിലൂടെ  താൻ ആദ്യം നീഗ്രോ സമൂഹത്തിലെ പ്രിയപ്പെട്ടവരെയെല്ലാം കൂട്ടിയോജിപ്പിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്;അതോടൊപ്പം, അതിനപ്പുറത്തുള്ള ഒരു ലോകത്തെയും ഞാൻ ലക്ഷ്യം വയ്ക്കുന്നുണ്ട്."
കല ഒരു തീവ്ര വികാരമാണ്. അതുകൊണ്ട് ഭാവനയ്ക്ക് ഏറ്റവും  നല്ലത് അത് ഏറ്റവും സ്വതന്ത്രമാകുന്നതാണ്- റുഷ്ദി  വിശദീകരിക്കുന്നു.


എഴുത്തുകാരനെന്ന നിലയിൽ സ്വന്തം പാരമ്പര്യത്തെ എല്ലാ ദേശ, വർഗ പരിഗണനകൾക്കും അപ്പുറത്ത് കണ്ടെത്തണമെന്ന്  റുഷ്ദി വീക്ഷിക്കുന്നു.
സോൾ ബെല്ലൊയുടെ 'ദ് ഡീൻസ് ഡിസംബർ' എന്ന നോവലിലെ ഒരു സന്ദർഭം അദ്ദേഹം ഓർക്കുകയാണ്.
ആ നോവലിലെ പ്രധാന കഥാപാത്രമായ ഡീൻ ഒരു പട്ടിയുടെ കുര കേൽക്കുന്നു.
കുറച്ച് അകലെ വന്യമായ ഒരു സ്ഥലത്തു നിന്നാണ് അതു കുരയ്ക്കുന്നത്.
അയാൾ ഇങ്ങനെ ഊഹിച്ചു: ആ പട്ടി അതിന്റെ  പരിമിതികളെ മറികടക്കാൻ ശ്രമിക്കുകയാണ്.പട്ടിയുടെ അനുഭവത്തെ അതിനു അതിലംഘിക്കണം. അതിനു വേണ്ടി അതു കുരയ്ക്കുന്നു.
ദൈവത്തെയോർത്ത്, പട്ടി പറയുന്നു, ഈ ലോകം കുറേക്കൂടി വികസിപ്പിക്കൂ.

എന്നാൽ റുഷ്ദിയുടെ വ്യാഖ്യാനം മറ്റൊന്നാണ്.
സോൾ ബെല്ലോ യഥാർത്ഥത്തിൽ പട്ടികളെക്കുറിച്ചല്ല പറയുന്നത്.പട്ടിയുടെ ദേഷ്യം, ആഗ്രഹം എല്ലാം എന്റേതാണ്,നമ്മുടേതുമാണ്.'ദൈവത്തെയോർത്ത്, ഈ ലോകത്തെ കുറേക്കൂടി വികസിപ്പിക്കു.
കൂടുതൽ സമസ്യകൾക്ക് ഉത്തരം കിട്ടുന്ന തരത്തിൽ ലോകത്തെ സുതാര്യമാക്കാനാണ് എഴുത്തുകാരൻ ആവശ്യപ്പെടുക.
വസ്തുക്കളുടെ അർത്ഥം വ്യക്തമാവാൻ വേണ്ടിയാണല്ലൊ എഴുതുന്നത്. ലോകത്തിന്റെ  ദുർഗ്രഹത പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ഇങ്ങനെ അസ്വസ്ത്ഥരാവുന്നു.ലോകം കുറേക്കുടി തുറന്നു കാണാൻ എഴുത്തുകാരൻ തിടുക്കം കൂട്ടണം


മാധവിക്കുട്ടിയെപ്പറ്റി


 ഗീതാ മുന്നൂർക്കോട്

ഫേസ്ബുക്കിലും ബ്ലോഗിലും എഴുതുന്ന ഗീതാ രവീന്ദ്രൻ  , മാധവിക്കുട്ടിയെപ്പറ്റി എഴുതിയ കവിത ( മലയാള സമീക്ഷ) ഒരു ആദരവിന്റെ പ്രകടനമായി കണ്ട് ഇവിടെ ഉദ്ധരിക്കുന്നു.
മാധവിക്കുട്ടിയോട് എല്ലാ പെണ്ണെഴുത്തുകാരും നന്ദി പറയണംകാരണം പെണ്ണിനു എഴുതാൻ വേണ്ടതായ  ചിന്തയുടെ ചാണകം മെഴുകിയ നിലം ഒരുക്കിയത്  അവരാണ്.


''പതിനഞ്ചിൽ സദാചാരം ഗർജ്ജിച്ചു
സമുദായത്തിന് പിഴയൊടുക്കുക    –
ദാമ്പത്യം ചങ്ങല മുറുക്കിയതറിഞ്ഞ്
വലുതായേതോ കുറ്റമേറ്റ്
സ്വയം വിധിച്ച ആഹൂതികൾ
നടപ്പിലാകാതെ …
വിധിയും, ക്ഷയോന്മുഖമായ സ്വരൂപവും,
രോഗവും വ്യസനവുമെല്ലാം
വിരൂപമെന്നറിഞ്ഞ്
അർദ്ധാർത്ഥ പ്രജ്ഞയിൽ
അവളെഴുതി  നേർക്കഥ, “എന്റെ കഥ”

കവിതകളെ വെളിച്ചം കാട്ടാൻ
ലിംഗം മാറ്റി സ്വയം പേരു കുറിച്ചവൾ -
പുനർജ്ജന്മത്തിന്റെ തന്റേടം
കല്ലേറുകളെ തടുത്തു
ബന്ധനങ്ങളെയറുത്ത്
വാക്ശരങ്ങളുമായി
ഒറ്റയാൻ കാടിറങ്ങി.'
 പ്രണയം
ഹൈഡ്രജനും ഓക്സിജനും ചേർന്ന ശുദ്ധ വെള്ളം ഒരിടത്തുമില്ല. അതൊരു തത്വം മാത്രമാണ്. പ്രണയവും നമ്മൾ ഉണ്ടാക്കുന്ന ഒരു മിശ്രിതമാണ്.അതു നമ്മൾ ഇഷ്ടാനുസരണം പാചകം ചെയ്തെടുക്കണം.

 ഫേസ്ബുക്കറുകളുടെ നവസദസ്സുകൾ



സർവ്വീസിൽ നിന്ന് വിരമിച്ച  കവി സി വി പി  നമ്പൂതിരിക്കു ഏറ്റുമാനൂരിൽ നൽകിയ സ്നേഹവിരുന്നിൽ ഞാനും പങ്കുകൊണ്ടു.
എഴുത്തുകാരനും ഫേസ്ബുക്കറുമായ ടി.ജി .വിജയകുമാറാണ് സ്വഭവനത്തിൽ നൂറോളം പേരെ വിളിച്ചുകൂട്ടി സ്വീകരണവും സദ്യയും ഒരുക്കി, നല്ല മനസ്സിനു മരണമില്ലെന്ന് തെളിയിച്ചത്. ഇതൊക്കെ ഫേസ്ബുക്ക് ഒരുക്കിയ അസാധാരണമായ ബന്ധമാണ്.ഏറ്റുമാനൂർ കാവ്യ വേദിയും കമലദളം മാസികയും സഹകരിച്ചത് വലിയ കാര്യമായി.
എന്റെ ഗുരു മാടവന ബാലകൃഷ്ണ പിള്ളയെ കാണാൻ കഴിഞ്ഞതിലുള്ള ആഹ്ലാദം  ഞാൻ മറച്ചു വയ്ക്കുന്നില്ല.

ടി.ജി.വിജയകുമാറിന്റെ വാക്കുകൾ ഉദ്ധരിക്കട്ടെ:
സുഭാഷ് ചന്ദ്രന്‍, ബഷീരലിഅലിക്കള്‍, രാധാ മീരാ എന്നീ സംഘാടകരും കമലദളം പത്രാധിപര്‍ എന്‍ എന്‍ ലാലൂ, പാലക്കാട് നിന്ന് തലേന്ന് തന്നെ എത്തിചേര്‍ന്ന ഗീത രവീന്ദ്രന്‍ ടീച്ചർ, തിരുവനന്തപുരത്തുനിന്നും അനില്‍ കുരിയത്തി, രാജേഷ്‌ ശിവ , തനിയെ ഡ്രൈവ് ചെയ്തു കിളിമാനൂരില്‍ നിന്നും എത്തിയ ഫൈസല്‍ പലകുറി, കണ്ണൂര്‍ നിന്നും തലേന്ന് പുറപ്പെട്ടു എത്തിയ സൈഫു കണ്ണൂർ , കൊല്ലത്ത് നിന്നും സി എന്‍ കുമാർ , ഇഞ്ചക്കാട് ബാലചന്ദ്രന്‍, തുടങ്ങി സുരേഷ് കുറുമുള്ളൂർ , റോയ്കെ ഗോപാൽ , ആര്‍ കെ ഹരിപ്പാട്, മണിപ്പുഴ ആനന്ദ്‌ ജെ, ബെന്നി കൊട്ടാരത്തിൽ , അമരത്വജി, രാജന്‍ ഭവാനി [Tvm] സിന്ധു അര്‍ജുന്‍ ,ഉണ്ണി മാക്സ് , ശ്രീ പാര്‍വതി, മുന്ന ഉമർ, ഷിബു ഇച്ചാമഠം, സതീഷ്‌ കാവ്യധാര, പി പി നാരായണന്‍(ചെയര്‍മാന്‍ ഏറ്റുമാനൂര്‍ കാവ്യവേദി),സി വി പി നമ്പൂതിരി, അദ്ദേഹത്തിന്റെ  സഹധര്‍മിണി, ഷൈജു രവീന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, രാധ മീര, ജോയ് തൊമ്മന്‍ കുത്ത്,ചെല്ലമ്മ അതിരമ്പുഴ,ബാലഗോപാല്‍ പേരൂർ, അയ്യപ്പന്‍ മൂ ളശേരിൽ , കോട്ടയം പദ്മന്‍, അനില്‍ ഐക്കര,സൂരജ് വിജയ്‌, അഖില്‍ വിജയ്‌, നിതിന്‍ കൃഷ്ണ,പ്രേം ഇടുക്കി,അരുണ്‍ എം പി തുടങ്ങി നിരവധി പേര്‍ കവിതകള്‍ അവതരിപ്പിച്ചും തമാശകള്‍ പറഞ്ഞും സംഘാടകരായും അരങ്ങു നിറഞ്ഞു. വിശിഷ്ടാതിഥികളടക്കം മിക്കാവാറും എല്ലാവരും തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ സദസ്സില്‍ തന്നെ ഉണ്ടായിരുന്നൂ എന്നത് മറ്റൊരു പ്രത്യേകതയും. 



സംസ്കാരം
സംസ്കാരം ആരുടെയും കുത്തകയല്ല. അതു വില കൊടുത്ത് വാങ്ങാം.
ഉയർന്ന തരം  റസ്റ്റോറന്റിൽ , വില കൂടിയ ഇരിപ്പിടത്തിൽ ശീതളിമയിൽ ഇരുന്ന് നല്ല ഭക്ഷണം കഴിക്കുമ്പോൾ ഒരു വലിയ സംസ്കാരം കൂടി നാം വാങ്ങുകയാണ്. മേൽത്തരം ജീവിതശൈലിയുടെ സൗഭാഗ്യങ്ങൾ കൂടി നമ്മോടൊപ്പം ചേരുന്നു.പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ എല്ലാ രുചിയും  എല്ലാ സമുദായങ്ങൾക്കും പ്രാപ്തമാകുമായിരുന്നില്ല.
സാങ്കേതികതയുടെ കല , നഗരവത്കരണം എല്ല വിഭാഗീയതയെയും അട്ടിമറിച്ചു.

ചലച്ചിത്രം
 ഇന്നത്തെ  മിക്ക സിനിമകളിലും നായികയെയോ നായകനെയോ ശരിക്കൊന്ന് കാണാൻ അനുവദിക്കില്ല. ദൃശ്യങ്ങളുടെ അമിത വേഗത പ്രേക്ഷകന്റെ മനസ്സിനെ കശക്കുകയാണ്. അവന് എല്ലാം ഊഹിക്കാനേ കഴിയൂ.
പ്രേക്ഷകനു കാണാനല്ലെങ്കിൽ എന്തിനാണ്  ഐശ്വര്യാ റായിയെയും മറ്റും അഭിനയിക്കാൻ വിളിച്ചുകൊണ്ടുവരുന്നത്?

നിശ്ശബ്ദത
ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ്‌ യഥാര്‍ത്ഥ നിശ്ശബ്‌ദത



എഴുത്തിനെപ്പറ്റി വിർജിനിയ വുൾഫ്
എഴുത്ത് സെക്സ് പോലെയാണ്.
ആദ്യം പ്രണയത്തിനുവേണ്ടി, പിന്നെ സുഹൃത്തുക്കൾക്കുവേണ്ടി, അതിനുശേഷം പണത്തിനുവേണ്ടി



  





 അക്ഷരജാലകം
 അക്ഷരജാലകത്തിന്റെ ഓൺലൈൻ പ്രത്യക്ഷത്തെ   ഇന്ത്യയിലെ പ്രമുഖ കവിയും ചിന്തകനുമായ സച്ചിദാനന്ദൻ പ്രശംസിച്ചു.

അദ്ദേഹത്തിനു   ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുകയാണ്.ജാലകത്തിലെ വിഭവങ്ങളെ Eminently readable എന്നാണ്  അദ്ദേഹം വിശേഷിപ്പിച്ചത്.
 

 അക്ഷരജാലകം  വളരെ താല്പര്യപൂർവ്വം വായിക്കുന്ന ധാരാളം പേരുണ്ട്.
ഇതിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ചേർത്ത് കൂടുതൽ പ്രചാരം നേടിതരുന്നവരോട് നന്ദിയുണ്ട്.
ദുബായ്പ്പുഴ, കടലിരമ്പങ്ങൾ എന്നീ കൃതികളിലൂടെ പ്രവാസത്തിന്റെ വേദനയും ഭ്രമാത്മകതയും നമുക്ക് സമ്മാനിച്ച കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ അർത്ഥവത്താണ്.
സജീവമായ ഒരു ഫേസ്ബുക്കർ എന്ന നിലയിൽ സാംസ്കാരികമായി ഇടപെടാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്.മലയാളത്തിലെ പല എഴുത്തുകാരും ഈ മാധ്യമത്തെപ്പറ്റി അജ്ഞരായിരിക്കുമ്പോഴാണ് കൃഷ്ണദാസിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രസക്തമാകുന്നത്.




''ഒരു നോവലിസ്റ്റ് നമ്മെ കാലത്തിലൂടെയും സ്ഥലത്തിലൂടെയും കൊണ്ടുപോകണം.അതുവരെ കാണാതിരുന്ന ഒരു ഭൂവിഭാഗം കണ്ടെത്തിയതുപൊലെ.
നമ്മൾ അനുഭവിക്കുന്ന ലോകം, കാലം, ഐന്ദ്രിയമായ അവബോധം എന്നിവയെ കളിയാക്കുന്ന ഒന്നായിരിക്കണം നോവലിസ്റ്റ് ആവിഷ്കരിക്കുന്ന ലോകം.അങ്ങനെ ജീവിതത്തിനു അത് പുതിയ അർത്ഥം നൽകുകയാണ്....''(അക്ഷരജാലകത്തിൽ നിന്ന്)

 നോവലിസ്റ്റ് പള്ളിക്കുന്നന്റെ പോസ്റ്റ്:


Novelist Pallikkunnan commented on a link you shared.
Novelist wrote: "Aksharajalakam onninonnu mechapettu varunnathil valare santhoshamundu.bhavukangal."

ഫേസ്ബുക്കർ രാജു പാലത്തായിയുടെ കമന്റ്:
അക്ഷര ജാലകം തുറന്നപ്പോൾ എന്റെ മനസ്സിലേക്ക് അറിവിന്റെ രശ്മികൾ കടന്നുവന്നു. സാഹിത്യവും സംസ്ക്കാരവും സമൂഹവുമൊക്കെ നിറവോടെ പുതുമയോടെ അനുഭവിക്കാൻ കഴിഞ്ഞു അഭിവാദ്യങ്ങൾ

 ഇടതുപക്ഷത്തിനു ഇപ്പോഴും
 പ്രസക്തിയുണ്ട്.
ആം ആദ്മി പോലുള്ള കാലികമായ ഇടപെടലുകൾ ഉണ്ടാകാം. എന്നാൽ ഇടതുപക്ഷം ഇപ്പോഴും ഒരു തിരുത്തൽ ശക്തി തന്നെയാണ്.കാരണം, ജാതി, മത , അന്ധവിശ്വാസ ധ്രുവീകരണത്തിലേക്ക് നമ്മുടെ സമൂഹം അമരുകയാണ്. ഒരു വീണ്ടുവിചാരത്തിനു പോലും അവസരമില്ലാതെ വിദ്യാസമ്പന്നർ പോലും വിഭാഗീയതയുടെ ഭാഗമാകുന്നു. ഇതിനു എതിരായിട്ട് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്തെങ്കിലുമൊക്കെ പറയുന്നു. അവർ ചിലതിനോടെല്ലാം പ്രതിഷേധിക്കുന്നു.ഭീരുത്വത്തിനു പകരം നമുക്ക് ഒരു സുന്ദര  ലോകത്തെ സ്വപ്നം കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക.



ഫൈസൽ പകൽക്കുറി 
ഫൈസൽ പകൽക്കുറിയുടെ കണ്ണുനീർ ( എഴുത്ത് ഓൺലൈൻ)എന്ന കവിതയിലെ ഈ വരികൾ ,പ്രണയം ഇന്ന് വ്യക്തികൾക്ക് പകരാൻ കഴിയാത്ത ഒരാശയമായി കഴിഞ്ഞെന്ന് ധ്വനിപ്പിക്കുന്നു.
''വരുമോ -
നീയീ ഇടവഴികൾ
തണ്ടിയെൻ ചാരെ
നെഞ്ചോടു ചേർന്ന്
നിന്നൊന്നു
സാന്ത്വനിപ്പിക്കുവാൻ .
വയ്യ ഈ ഒളിത്താവളങ്ങൾ
മടുത്തു ഞാൻ - വെറും
നടനമീ ബന്ധങ്ങൾ
ഇടയ്ക്കെങ്കിലും ഒന്ന് നീ
മെലിഞ്ഞ വിരലുകളീ
മനസ്സോടു ചേർത്ത്
പറയൂ സഖീ -
പൊറുക്കൂ - എല്ലാം
ത്യജിക്കാം ഞാൻ
നമുക്ക് വിടചൊല്ലി പിരിയാം
ഒരേ കുഴിയിൽ പരസ്പരം
പുണർന്നുറങ്ങി ഉണരാം -
ഒന്നായി - പുനർജനിക്കാം ...!''


പ്രണയം

പ്രണയം കാറ്റ് പോലെയാണ്.അത് കാണാൻ കഴിയില്ല, എന്നാൽ അനുഭവിക്കാനാകും.
നിക്കോളാസ സ്പാർക്സ്, അമേരിക്കൻ നോവലിസ്റ്റ്



പേജ് ഒന്ന്

AKSHARAJALAKAM

AKSHARAJALAKAM/