Friday, November 29, 2013

AKSHARAJALAKAM/4, page 1, /DEC 1 -DEC 8

അക്ഷരജാലകം ഇനി എല്ലാ  ആഴ്ചയിലും










ലക്കം നാല് ,പേജ് 1





That deep silence has a melody of its own, a sweetness unknown amid the harsh discords of the world's sounds.
 Paul Brunton,ബ്രിട്ടീഷ് ചിന്തകൻ










Marriage is for women the commonest mode of livelihood, and the total amount of undesired sex endured by women is probably greater in marriage than in prostitution.

Bertrand  Russel,ബ്രിട്ടീഷ് ചിന്തകൻ


ക്ലാസിക്കൽ വ്യക്തിത്വ സങ്കൽപ്പം ഇനിയില്ല

എഴുത്തുകാരൻ എന്ന സങ്കൽപ്പം  ക്ലാസിക്കൽ  ധൈഷണിക സമീപനത്തിന്റെ നിർമ്മിതിയാണ്.അവിടെ ഒരു രുചിയുടെ ആധിപത്യമാണുള്ളത്.ഒരാളുടെ , ഏകപക്ഷീയമായ വ്യവസ്ഥിതിയുടെ വാഴ്വ്.
മറ്റൊന്നിനും സ്ഥാനമില്ല. ആദിയും അന്തവുമുണ്ട്.
കഥാപാത്രവും കേന്ദ്രവും കാലവുമുണ്ട്. സ്വകാര്യമായ യുക്തിയുടെ ശാസനയാണുള്ളത്.
അതുകൊണ്ടാണ് എഴുത്തുകാരൻ മരിച്ചു എന്ന്  റൊളാങ്ങ് ബാർത്ത് എന്ന ഫ്രഞ്ച്  ചിന്തകൻ പറഞ്ഞത്.

എന്നാൽ ഉത്തരാധുനികരും ഒരു ടെക്സ്റ്റ്( Text )ഉണ്ടാക്കി , വീണ്ടും എഴുത്തുകാരനെ ഒരു കേന്ദ്രമായും വീക്ഷണമായും സംസ്കാരമായും പുനപ്രതിഷ്ഠിച്ചു.
 ഈ കാലം ഉത്തര-ഉത്തരാധുനികതയുടെ അനുഭവമാണ് തരുന്നത്; ക്ലാസിക്കൽ കാലത്തിന്റെ ശാസനകളുടേതല്ല.
ശരിയായി മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ  ഉത്തര - ഉത്തരാധുനികത എന്നത് ഈ കാലത്തിന്റെ സാംസ്കാരിക പ്രവണതകളുടെ ഒരു തനിവ്യാഖ്യാനമാണെന്നു കാണാം.
ഈ കാലം ഒരു ആദിമധ്യാന്ത ജീവിത , സ്വത്വ , രാഷ്ട്രീയ വ്യക്തിത്വത്തെ തിരയുന്നേയില്ല.


നമ്മൾ  പറയും, ഇന്നു മാതൃകകൾ ഇല്ലെന്ന്. എങ്ങനെ മാതൃകകൾ ഉണ്ടാകും?
കാരണം ഒരു ജീവിത തത്വം , സംസ്കാരം, മനശ്ശാസ്ത്രം, ആദർശം മാത്രം പിന്തുടരുന്നവർ ഇന്ന്  ഉണ്ടാകില്ല.
ലോകം വല്ലാതെ ചിതറിപ്പോയിരിക്കുന്നു.
ഇന്ന്  നാം ഒരു സ്ഥലത്ത് മാത്രം ജീവിക്കുന്നു എന്നു പറയുന്നത് സാങ്കേതികമായി ശരിയായിരിക്കും. എന്നാൽ ഫലത്തിൽ അത് അങ്ങനെയല്ല.
നമ്മൾ രാജ്യത്തിന്റെ അതിർത്തിയെ നോക്കുകുത്തിയാക്കികൊണ്ട് , ഫോൺ, ഇ മയിൽ, ടി വി, ഇന്റർനെറ്റ് തുടങ്ങിയവയിലൂടെ ഒരു അന്താരാഷ്ട്ര വ്യക്തിത്വം എപ്പോഴും നിലനിർത്തുന്നു.
ആയിരം പേർക്കു വിദേശത്തേക്കു മെയിൽ അയക്കുകയും ഫേസ്ബുക്കിൽ വിദേശിയുമായി സംസാരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ഉടൽ ഇവിടെയാണെങ്കിലും  അസ്തിത്വം രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്താണ്.


ഒരു സ്വത്വം മാത്രമായി ഇന്നു ആരെങ്കിലും ജീവിക്കുമോ?
ക്ലാസിക്കൽ പത്രാധിപന്മാരും എഴുത്തുകാരും മാത്രമാണ് ഈ അന്ധവിശ്വാസത്തിൽ കഴിയുന്നത്.
സമ്പൂർണ വ്യക്തിത്വം എന്ന ആശയം ക്ലാസിക്കലാണ്.അങ്ങനെയൊന്ന് ഇപ്പോഴില്ല.
സ്വത്വം ആധുനികതയ്ക്കും മുൻപുള്ള (pre modern) ഒരു സങ്കല്പമാണ്.ഇന്ന്  ഒരു വ്യക്തി ഒരേസമയം തന്നെ പലരാണ്.പാർട്ടിയും മതവും തൊഴിലും, ലൈംഗികതയും അപരലിംഗവും, സ്വകാര്യ ഇലക്ട്രോണിക് ഉപയോഗവും അയാളെ പലതാക്കുന്നു. വിദ്യാഭ്യാസമുള്ള ഏതൊരു വ്യക്തിക്കും ഇന്നു വളരെ സ്വകാര്യമായ ഇലക്ട്രോണിക് ലോകമുണ്ട്.

ഇവിടെ ഏത് സ്വത്വമാണ് അയാൾ നിലനിർത്തേണ്ടതെന്ന് ക്ലാസിക്കൽ എഴുത്തുകാർ പറഞ്ഞുതരണം.
വ്യക്തി എന്ന സങ്കല്പം പോലും ക്ലാസിസത്തിൽ  അധിഷ്ടിതമാണ്.അതിനൊന്നും ഇനി ഭാവിയില്ല.
ഒരാൾ ജീവിതത്തിൽ മുഴുവനും ഒരു മനശ്ശാസ്ത്രം പോലും കൊണ്ടുനടക്കുന്നില്ല.ഓരോ  സമയവും അയാൾ പലതാണ്.
ഇതാണ് ഉത്തര - ഉത്തരാധുനിക കാലത്തിന്റെ പ്രത്യേകത.

തെഹൽക എഡിറ്റർ തരുൺ തേജ്പാൽ തന്റെ സഹപ്രവർത്തകയെ അപമാനിച്ചതായ  വാർത്ത വന്നപ്പോൾ ചിലർ പറഞ്ഞത്, എല്ലാവരെയും  വേട്ടയാടിയ തേജ്പാലിന്റെ തനിനിറം പുറത്തു വന്നു എന്നാണ്.
അതായത് തേജ്പാലിനെ  ഒരു സമ്പൂർണ വ്യക്തിത്വമായി പലരും കണ്ടു.
അയാൾ  പത്രത്തിൽ എന്തു എഴുതിയോ അതു തന്നെയാണ് അയാളുടെ വ്യക്തിത്വം എന്നു ധരിക്കുന്നു.
വാർത്തയോടു പ്രതികരിക്കുന്ന തേജ്പാൽ ചിന്താജീവിയാണ്. ജീവിതത്തിൽ  ഒരേ സമയം പല തേജ്പാൽമാരുണ്ടാകാം. ആർക്കും ആദർശം ചാർത്തികൊടുക്കരുത്.ഒരാളും അയാളുടെ  വീക്ഷണത്തിന്റെ ഇരയായി ജീവിക്കുന്നില്ല.എല്ലാം ഓരോ സമയത്തേക്ക് മാത്രമാണ്.

ക്ലാസിക്കൽ ജീവിത വീക്ഷണത്തിന്റെ തകർച്ച നാം കാണണം. എങ്കിൽ ഇപ്പോഴത്തെ കുഴപ്പങ്ങളുടെയെല്ലാം രഹസ്യം പിടികിട്ടും.
ജിവിതത്തെ ഒരു അഖണ്ഡ ശിലയായി കാണുന്നതാണ് ഇത്തരം സംഭവങ്ങളെ വലിയ വിവാദമാക്കി മാറ്റുന്നത്.
കുറ്റകൃത്യങ്ങൾക്കു ശിക്ഷ വേണം.പീഡനങ്ങൾ അംഗീകരിക്കാനാവില്ല.
എന്നാൽ അഭിമാനമാണോ മനസ്സാണോ ഇല്ലാതായതെന്നു ചിന്തിക്കേണ്ടതുണ്ട്. ഇ മെയിൽ വഴിയുള്ള പീഡനം എന്തിന്റെ അടയാളമാണ്.?
അവിടെ മുറിവേൽക്കുന്നത് അഭിമാനത്തിനാണ്.
അതുകൊണ്ട് എഴുത്തുകാരൻ എന്ന സങ്കൽപ്പത്തെ നാം പുനർനിർവ്വചിക്കേണ്ടതുണ്ട്.
ഒരു സമ്പൂർണ വ്യക്തിത്വമായി ഒന്നിനെയും കാണാതിരിക്കുക.
എല്ലാം ,ഓരോ നിമിഷവുമാണ് ജീവിക്കുന്നത്.
 ചരിത്രത്തെയോ , ക്ലാസിക്കൽ സാഹിത്യകൃതികളെയോ അല്ല ഇന്ന്   ആളുകൾ ജീവിക്കുന്നത്.


ആനന്ദ്
ആനന്ദ് എപ്പോഴും ഒരു നീതിക്ക് വേണ്ടി വാദിച്ചുകൊണ്ടിരിക്കും.
ഇതിൽ അദ്ദേഹത്തിനു ഒരു ലാഭവുമില്ല,എങ്കിലും.
അടുത്തിടെ അദ്ദേഹം 'യുക്തിരാജ്യം' മാസികയിൽ ( നവംബർ) എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'എഴുതിത്തള്ളാം ഇതുംകൂടി 'എന്നാണ്.സ്വതന്ത്ര ചിന്തകനായ നരേന്ദ്ര ദബോൽക്കറെ പൂനയിൽ ആഗസ്റ്റിൽ ചിലർ വെടിവച്ച് കൊന്നിട്ടും ആരും ഘാതകരെ പിടികൂടുന്നില്ല എന്നാണ് ആനന്ദ് ലേഖനത്തിൽ ഉന്നയിക്കുന്ന വിഷയം.ഇത്തരം സംഭവങ്ങൾക്ക് ശേഷം സംഘടിപ്പിക്കപ്പെടാറുള്ള സാഹിത്യസമ്മേളനങ്ങളിൽ,  ഇതൊന്നും അറിഞ്ഞഭാവം കാണിക്കാറില്ലെന്നും ആനന്ദ് എഴുതുന്നുണ്ട്.'' സ്വാതന്ത്ര്യത്തിന്റെ ശബ്ദങ്ങൾ ഒരു പതിവു ചടങ്ങായി നിത്യവും മുക്കിക്കൊല്ലപ്പെടുമെന്നും ,നിയമസംരക്ഷണത്തിനായി  നിയോഗിക്കപ്പെടുന്നവർ എല്ലാം കൈയ്യൊഴിഞ്ഞുകൊണ്ടിരിക്കുമെന്നും നമ്മുടെ സമൂഹം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.'' -ആനന്ദ് കുറിക്കുന്നു




പത്രാധിപർ
പത്രാധിപർ എന്ന സങ്കല്പം തന്നെ ക്ലാസിക്കൽ പാരമ്പര്യത്തിന്റെ  സൃഷ്ടിയാണ്. ഒരു പത്രാധിപർ ഒരു സ്വരമാണ്.
അയാൾക്കു എങ്ങനെ ബഹുസ്വരമാകാൻ കഴിയും?
അയാൾ ബഹുസ്വരമായാലും അതു ഏകപക്ഷീയമായ സ്വരമായിരിക്കും.അയാളുടെ വീക്ഷണത്തിലും സമ്പ്രദായത്തിലും ഉള്ള സ്വരം. അയാൾ ഏകശിലയാണ്. ഏക മതമാണ്.
അനുഭവത്തിന്റെയും സംസ്കാരത്തിന്റെയും ആസ്വാദനത്തിന്റെയും ഏകകേന്ദ്രമാണ്.അയാൾ വിധിക്കുന്നു.വധിക്കുന്നു.
അവിടെ ആസ്വാദകനോ, വായനക്കാരനോ ഇല്ല. വായനക്കാരനു അവിടെ മുഖമില്ല. അവൻ മുഖംമൂടിയിട്ട പുള്ളിയാണ്.എന്തിനും അവൻ പിന്തണ കൊടുക്കും.  ഇത് ക്ലാസിക്കൽ സാഹിത്യ സാംസ്കാരിക വീക്ഷണമാണ്.ഇതിനു ഒരു മുഖമേയുള്ളു.ഒരു ലോകത്തിന്റെ കാഴ്ചയേയുള്ളു.
കാഫ്കയുടെ കഥയിൽ നിന്ന് മുറകാമിയുടെ
പുതുരചന



ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ മെറ്റാമോർഫോസിസ് കഴിഞ്ഞ നൂറ്റാണ്ടിൽ എറ്റവും ചർച്ച ചെയ്യപ്പെട്ട കഥകളിലൊന്നാണ്.
ഒരു ദിവസം രാവിലെ ഉറക്കമുണർന്ന ഗ്രിഗർ സാംസ താൻ ഒരു ഷ്ഡ്പദമായി മാറിയെന്ന് മനസ്സിലാക്കുന്നു.
വല്ലാത്തൊരു വിധിയാണതെന്ന്  അറിഞ്ഞ  അയാൾക്ക് വിഷമിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
വീട്ടിലെ വരുമാന സ്രോതസ്സായിരുന്നു സാംസ.
എന്നാൽ  ഷ്ഡ്പദമായി മാറിയതോടെ വീട്ടുകാർ അയാളെ ആശ്രയിക്കേണ്ട എന്നു തീരുമാനിക്കുക മാത്രമല്ല ചെയ്തത്,  ഒരു മുറിയിലിട്ട് പൂട്ടുകയും ജോലിക്കു പോകുകയും ചെയ്തു.
സാംസയെ നോക്കാൻ മറ്റൊരു സ്ത്രീയെ ഏർപ്പാടാക്കി.
ഒടുവിൽ സാംസ എല്ലാ ദുരിതവും ഏറ്റെടുക്കുന്നതിന്റെ കഷ്ടതയിൽ മരിക്കുന്നു.

എന്താണ് ഈ കഥ നൽകുന്ന അനുഭവത്തിന്റെ അർത്ഥം?
ഇതിനു പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ എനിക്കു തോന്നുന്നത് ഇതാണ്: മനുഷ്യർ തമ്മിൽ ഒരിക്കലും ഒരു ബന്ധവും ദൃഢമാകുന്നില്ല.
പല പ്രതീക്ഷയിൽ , പല വസ്തുക്കളുടെയും ലഭ്യതയിൽ , ജീവിത സ്വാർത്ഥതയിൽ മനുഷ്യർ തമ്മിൽ ബന്ധമുണ്ടെന്ന് നാം വിശ്വസിക്കുകയാണ് ചെയ്യുന്നത്.നമുക്ക് അതേ മാർഗമുള്ളു. നാം ഒരിടത്ത് നമ്മുടെ ഏകാന്തതയിൽ  അമരുന്നതോടെ  അതുവരെ ഉണ്ടെന്ന് കരുതിയതെല്ലാം മിഥ്യയാണെന്ന് മനസ്സിലാക്കാൻ കഴിയും.
ഇതു തന്നെയാണ് ദസ്തെയെവ്സ്കി 'ഇവാൻ ഇല്ലിച്ചിന്റെ മരണം' എന്ന ലഘുനോവലിലും പറയുന്നത്.ഇവാൻ ഇല്ലിച്ചും തനിക്കു രോഗം വരുന്നതോടെയാണ് തന്നെ ആരും ഇതുവരെ സ്നേഹിച്ചിരുന്നില്ലെന്നും  എല്ലാവരും താൻ ഉണ്ടാക്കിയ മിഥ്യകളെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ച് തനിക്കുവേണ്ടി ഒരു കപട ലോകം ഉണ്ടാക്കിതരുകയാണെന്നും അറിഞ്ഞത്.

ഈ ലോകം ഭീകരമായവിധം അതാര്യമാണ്.
കരിമ്പാറയിൽ നിന്നു വെള്ളം ഊറ്റാമോയെന്ന് എല്ലാവരും ചിന്തിക്കുന്നു.എന്നാൽ വെള്ളം ഉണ്ടെന്ന് വെറുതെ വിശ്വസിക്കുകയും ചെയ്യുന്നു.

  ഈ കഥയിൽ നിന്നു ജപ്പാനിലെ പ്രമുഖ എഴുത്തുകാരനായ ഹാറുകി മുറകാമി അതിമനോഹരമായ ഒരു കഥ എഴുതിയിരിക്കുന്നു.
കഥയുടെ പേരു 'സാംസ ഇൻ ലൗ'.

  ഇവിടെ കാഫ്കയുടെ കഥാപാത്രമായ സാംസ ഷഡ്പദമെന്ന നിലയിൽ വീട്ടിൽ  ഒറ്റപ്പെട്ട ഒരു ദിവസത്തെ സംഭവങ്ങൾ വിവരിക്കുന്നു.
തന്റെ ശരീരത്തെയും മനസ്സിനെയും ബാധിച്ചിരിക്കുന്ന ഭാരം അകറ്റാനും തന്റെ ഭക്ഷണക്കൊതി പൂർത്തീകരിക്കാനും അയാൾ ആഗ്രഹിക്കുന്നു.
എന്നാൽ കൂനുള്ള ഒരു സ്ത്രീ അയാളുടെ വീട്ടിലേക്ക് വരുന്നു.
അവൾക്ക് നാലു സഹോദരന്മാരുണ്ട്.
പുറത്ത് റോഡിൽ പട്ടാളം ഇറങ്ങിയിരിക്കുകയാണ്. അവരിലാരെങ്കിലും  കണ്ടാൽ തന്റെ കൂനൊന്നും നോക്കാതെ  തന്നെ പിച്ചി ചീന്തുമെന്ന് അവൾ സാംസയോടു പറയുന്നുണ്ട്.
എന്നാൽ ലൈംഗികമായ  പട്ടിണിയിൽ കഴിയുന്ന സാംസയ്ക്ക് തന്റെ കാമത്തെ നിയന്ത്രിക്കാൻ കഷ്ടപ്പെടേണ്ടിവരുന്നു.
അയാളുടെ ലിംഗം ഗൗണിനുള്ളിൽ ഉയരുന്നത്  അവൾ അറിയുന്നു.
അവൾ അതേപ്പറ്റി പ്രതിഷേധത്തോടെ സംസാരിക്കുന്നുമുണ്ട്.
 അയാളുടെ ആഗ്രഹം തീർക്കാൻ അവൾക്കാവുന്നില്ല. അവൾ പോകുകയാണ്.
പോകുമ്പോൾ അയാൾ യാചിക്കുന്നു, ഇനിയും വരുമോയെന്ന്!.
തന്നോടൊപ്പം താമസിച്ചിരുന്നത് ആരാണെന്നുപോലും സാംസയ്ക്ക് അറിയില്ല.കുടുംബമായിരിക്കാം
ഗ്രിഗറി സാംസയുടെ ജീവിതപ്രേമം ഇങ്ങനെയാണ്:
The only thing he knew for certain was that he wanted to see that hunchback girl again. To sit face to face and talk to his heart’s content. To unravel the riddles of the world with her. He wanted to watch from every angle the way she twisted and writhed when she adjusted her brassiere. If possible, he wanted to run his hands over her body. To touch her soft skin and feel her warmth with his fingertips. To walk side by side with her up and down the staircases of the world.
ലോകത്തിനു എന്തോ സംഭവിച്ചു. എന്നാൽ സാംസയ്ക്ക് ഒരു കാര്യം മാത്രം നടന്നു കണ്ടാൽ മതി: ആ പെൺകുട്ടി ഇനിയും വരണം.
അവളോടു എന്തെങ്കിലും വർത്തമാനം പറഞ്ഞിരിക്കണം.
ഒരു സൂര്യകാന്തിപ്പൂവോ , മൽസ്യമോ ആകണമെന്ന് മുൻപു ആഗ്രഹിച്ചിരുന്നു, കാരണം, മനുഷ്യന്റെ ദുരിതം അറിയേണ്ടല്ലൊ.
എന്നാൽ ഇപ്പോൾ അയാൾ തന്റെ മനുഷ്യജീവിതത്തിൽ ചെറുതായി  സന്തോഷിക്കുന്നുണ്ട്.
വസ്ത്രം ധരിക്കാനും നടക്കാനും പ്രയാസമുണ്ടെങ്കിലും ഈ പെൺകുട്ടിയെ കണ്ടപ്പോൾ അതെല്ലാം മറക്കാൻ കഴിയുന്നു.പ്രണയം , രതി ഇതെല്ലാം അറിയാൻ കഴിയുന്നത് എത്ര മനോഹരമായ കാര്യമാണെന്ന്  സാംസ വിലയിരുത്തുന്നു.
കാഫ്കയുടെ കഥയിൽ നിന്നു മുറകാമി മറ്റൊരു സുന്ദര കലാശില്പം സൃഷ്ടിച്ചിരിക്കുന്നു.


ജലം
ജലം ഒരു  ചാവേറാണ്‌.

  
വിചാരണ
മലയാളസാഹിത്യത്തിൽ ഇനി പ്രൊഫസർമാരുടെ ഫ്യൂഡൽ ക്ലാസിക് രചനകളല്ല വേണ്ടത്; നിശിതമായി  ഈ കാലത്തെ തിരയുകതന്നെ വേണം. ക്രൂരമായി സ്വയം വിചാരണ ചെയ്യണം.


വായന
നമ്മുടെ ഏറ്റവും സജീവമായ , ഉന്മേഷമുള്ള , കരുത്തുള്ള നിമിഷങ്ങൾ വായനയ്ക്ക് കൊടുക്കണം. മുഷിപ്പുള്ള നിമിഷങ്ങൾ മാളിൽപ്പോകാനും സവാരിക്കും മറ്റും ഉപയോഗിക്കുക




ആൽബേർ കമ്യു
ഫ്രഞ്ച് എഴുത്തുകാരനായ ആൽബേർ കമ്യുവിനു കേരളത്തിൽ അമ്പത്  നല്ല വായനക്കാർ ഉണ്ടാകാനിടയില്ല.

 വായനക്കാരൻ
അവാർഡ് കിട്ടിയതറിഞ്ഞ് പുസ്തകം തപ്പിപ്പിടിച്ച് വായിക്കുന്നവൻ ശരിയായ വായനക്കാരനല്ല. പത്രാധിപന്മാർ ചിലരെ ലാളിക്കുന്നത് കണ്ട് വായിക്കുന്നവനും നല്ല ഇനമല്ല. വായനക്കാരന്  ബാഹ്യസമ്മർദ്ദം ഉണ്ടാവരുത്. അവൻ സ്വയം കണ്ടെത്തണം.പത്തു പതിപ്പുകൾ വായിക്കുന്നവൻ വായനക്കാരനേയല്ല.


അവാർഡ്
പാത്തും പതുങ്ങിയും, എപ്പോഴും ചിരിച്ചും കയറി ഇറങ്ങുന്നവനെ ശ്രദ്ധിച്ചോളൂ, അവൻ അവാർഡ് അടിച്ചിരിക്കും.


രാഷ്ട്രീയം
ഇന്ന്  രാഷ്ട്രീയക്കാരും 'ലുക്കി'ൽ നല്ലപോലെ ശ്രദ്ധിക്കുന്നു.
അവർ വസ്ത്രം ധരിക്കുന്നതിലും മുടി ഭംഗിയായ് നിലനിർത്തുന്നതിലും മേയ്ക്കപ്പ് റൂം നിലവാരം പുലർത്തുന്നു.
ആർക്കാണ് ഒരു മണിശങ്കർ അയ്യരും, കബിൽ സിബലും ജയറാം രമേശും  ശശി തരൂരും ആകാൻ മോഹമില്ലാത്തത്?



എലിയറ്റ്
വിശ്വകവി എലിയറ്റിനെ അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള ഫ്ലാറ്റിലെ താമസക്കാരന് അറിയില്ലായിരുന്നു.
അയാൾ എലിയറ്റിന്റെ വായനക്കാരനല്ലായിരുന്നു


  ടി.ഗുഹൻ
എൺപതുകളിൽ എഴുതിവന്ന കവി ടി. ഗുഹനെ കൃഷ്ണൻ വള്ളിക്കുന്ന് അനുസ്മരിക്കുന്നു( കലാപൂർണ മാഗസിൻ)ആ കുറിപ്പിലെ ഏറ്റവും ശക്തിയുള്ള വാക്കുകൾ ഇതാണ്: ഒരു പുസ്തകമിറക്കിയിട്ടു വേണം ആത്മഹത്യ ചെയ്യാനെന്ന് ഗുഹൻ പറഞ്ഞപ്പോൾ മിക്കവരും അത് തമാശയായിട്ടാണ് കണ്ടത്.തന്റെ ആദ്യത്തെ പുസ്തകം പ്രകാശനം ചെയ്ത് ഒരു വർഷത്തിനകം അവൻ ആ വാക്ക് നടപ്പിലാക്കി.
മറ്റൊരിടത്ത് ഇങ്ങനെയും: ആത്മഹത്യയോട് തികഞ്ഞ ബഹുമാനമായിരുന്നു ഗുഹന്.ഒരിക്കൽ നാട്ടിലൊരു  ചെറുപ്പക്കാരൻ പെണ്ണുകാരണം ആത്മഹത്യ ചെയ്തപ്പോൾ അവൻ പറഞ്ഞു: "ഇതോടെ ആത്മഹത്യയുടെ നിലവാരവും പോയി.ഏത് അടകോടനും ഇതു ചെയ്യാമെന്നായിരിക്കുന്നു"


മാത്യു നെല്ലിക്കുന്ന്
പ്രവാസി മലയാളിയും നോവലിസ്റ്റുമായ മാത്യു നെല്ലിക്കുന്ന് ഇങ്ങനെ പറഞ്ഞു: ഒരിടത്ത് പോയി സമ്മേളിച്ച് സാഹിത്യ ചർച്ചകൾ നടത്തുന്ന കാലം അസ്തമിക്കുകയാണെന്ന് തോന്നുന്നു.
കാരണം എല്ലാവർക്കും തിരക്കാണ്. ദൂരെയുള്ള സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കു തരണം ചെയ്തു ചെല്ലുമ്പോൾ വേണ്ടത്ര ആളുകൾ കേൾക്കാൻ ഉണ്ടായിരിക്കില്ല.നമ്മൾ പറഞ്ഞതിനു അർഹമായ പ്രാധാന്യം കിട്ടുകയില്ല.
അമേരിക്കയിൽ  ഇത് ഏതാണ്ട് അവസാനിച്ചു.
മൊബൈൽ കമ്പനിയുടെ സഹായത്തോടെ ഇരുപതോ മുപ്പതോ പേർ പങ്കെടുക്കുന്ന ടെലിഫോൺ കോൺഫറൻസ്  അമേരിക്കയിൽ  മലയാളി എഴുത്തുകാരും വായനക്കാരും ചേർന്ന് വികസിപ്പിച്ചു കഴിഞ്ഞു. അവിടെ ശനിയാഴ്ചകളിൽ മൊബൈൽ ഫോൺ സൗജന്യമായി ഉപയോഗിക്കാം. ഒരു മോഡറേറ്ററെ ചുമതലയേൽപ്പിച്ചുകൊണ്ടാണ് ചർച്ച നടത്തുന്നത്. ഒരോരുത്തർക്കും മൊബൈൽ  വഴി ഇടപെട്ട് സംസാരിക്കാം. ഈ ചർച്ച ആറോ ഏഴോ മണിക്കൂർ നീളും. ഇതിനിടയിൽ അത്യാവശ്യത്തിനു പുറത്തു പോയി വന്ന ശേഷം വീണ്ടും ചർച്ചയിൽ പങ്കു ചേരാവുന്നതുമാണ്.

അനന്തയാനം (പ്രഭാത് ബുക്സ്)എന്ന നോവലാണ് മാത്യു നെല്ലിക്കുന്നിന്റെ ഈയിടെ പുറത്തുവന്ന കൃതി.

കൃഷ്ണദാസ്
കടലിനെ ഒരു കഥാപാത്രമാക്കി , പ്രവാസ ജീവിതത്തിന്റെ ശൂന്യതയും ദുഃഖവും അവതരിപ്പിക്കുന്ന നോവലാണ് കടലിരമ്പങ്ങൾ.ഒരു കഥ പറയുന്നതിലുപരിയായി, മനസ്സിന്റെ ലോകത്തേക്ക് വായനക്കാരെ നയിക്കുകയാണ് കൃഷ്ണദാസ്.എല്ലാത്തിനും സാക്ഷിയായി കടൽ ഇവിടെ കടന്നു വരുന്നു. എന്നാൽ അവിടെ നോവലിസ്റ്റ് നേരിട്ട്, ബോധപൂർവ്വം കടലിനോടു കഥ പറയുന്നില്ല.
കടൽ ഇവിടെ ആന്തരിക ക്ഷോഭങ്ങളെ ഉൾക്കൊള്ളുന്ന ഒരു അബോധമായി വർത്തിക്കുകയാണ്.

യുദ്ധം
ഓരോ നിമിഷവും ഒരു യുദ്ധം നടക്കുന്നു, യാദൃച്ഛികതകളുടെ  വരവിനെതിരെയുള്ളതാണത്‌.


അലൻ കിർബി പറഞ്ഞത്



ബ്രിട്ടിഷ്  ഉത്തര -ഉത്തരാധുനിക ചിന്തകനായ അലൻ കിർബിയുമായി ഞാൻ ഇ മെയിലിൽ നടത്തിയ  സംഭാഷണത്തിൽ ഇപ്പോഴും എഴുത്തുകാരൻ  ജീവിച്ചിരിക്കുന്നോ എന്ന എന്റെ ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ഇന്ന് എഴുത്തുകാരനുണ്ട് , പക്ഷേ അത് തിരിച്ചറിയപ്പെടാത്ത രൂപത്തിലാണ്.എല്ലാത്തിനെയും ഭരിക്കുന്ന ഒരു  ഏകാന്തവ്യക്തിത്വമാണ് എഴുത്തുകാരൻ എന്ന സങ്കൽപ്പം തകർന്നു.വിവിധ നിർണയനങ്ങളിൽ, സാമൂഹ്യ ബഹുരൂപങ്ങളിൽ അതു ചിതറിക്കിടക്കുന്നു.ഉറവിടമോ ,കേന്ദ്രമോ , വ്യക്തിത്വമോ അറിയാനാവാത്ത വിധം എഴുത്തുകാരൻ എന്ന സങ്കൽപ്പം മാറിപ്പോയി.ടെലിവിഷൻ പ്രേക്ഷകൻ, കമ്പ്യൂട്ടർ ഗെയിം കളിക്കാരൻ, റിയാലിറ്റി ഷോ മൽസരാർത്ഥി തുടങ്ങിയവരെല്ലാം അവരുടേതായ സ്ക്രിപ്റ്റ് സംഭാവന ചെയ്യുന്നു.ഒരാളുടെ മാത്രം സ്ക്രിപ്റ്റിന്റെ മേധാവിത്വം അസ്തമിച്ചു. ഇതാണ് എന്റെ ഡിജിമോഡേണിസത്തിന്റെ കാതൽ 


സമദാനി

 മലപ്പുറം  കോട്ടയ്ക്കാൽ രാജാസ് സ്കൂളിൽ ഒ വി വിജയന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ശേഷം ഞാൻ ഇരിപ്പിടത്തിലേക്ക് മടങ്ങിയപ്പോൾ പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ അബ്ദു സമദ് സമദാനി സദസ്സിനോട് ഇങ്ങനെ പറഞ്ഞു: സമീപകാലത്തൊന്നും ഇത്രയും  നല്ല ഒരു പ്രഭാഷണം കേട്ടിട്ടില്ല.യോഗത്തിൽ ഒ.വി.ഉഷയും  സന്നിഹിതയായിരുന്നു.

പേജ് രണ്ട്  click

AKSHARAJALAKAM

AKSHARAJALAKAM/