Saturday, December 14, 2013

AKSHARAJALAKAM /6, page 1/DEC 15-22/2013


അക്ഷരജാലകം എല്ലാ ഞായറാഴ്ചയും











ലക്കം ആറ്, പേജ് ഒന്ന്




The end is the beginning of all things. Suppressed and hidden. Awaiting to be released through the rhythm of pain and pleasure
Jiddu Krishnamurti




















Nobody of any real culture... ever talks nowadays about the beauty of a sunset.Sunsets are quite old fashioned.
Oscar Wilde.


 ജീവിതത്തിലെ രതി; രതിയിലെ ജീവിതം

മനുഷ്യന്റെ രതിയിൽ സകല ജീവിത രതിയുമില്ല.
എന്നാൽ രതിയിൽ മനുഷ്യ ജീവിതം ഒരു തന്മാത്ര മാത്രമാണ്.

ജീവിതത്തിൽ നമ്മളുണ്ട്; എന്നാൽ ജീവിതം എന്നു പറയുന്നത് മനുഷ്യന്റേത് മാത്രമല്ല. 
മനുഷ്യനു ജീവിതത്തെ പ്രതിനിധാനം ചെയ്യാൻ പറ്റുമോ?
കാരണം എത്രയോ മനുഷ്യരുടെ, ജീവികളുടെ ആകെത്തുകയാണ് ഈ ജീവിതം! അതിനു ഒരിക്കലും നമ്മൾ മാത്രമായിരിക്കാൻ കഴിയില്ല.അതുകൊണ്ട് സാഹിത്യം ഒരു വ്യക്തിയുടെ  ജീവിതം മാത്രമല്ല തേടേണ്ടത്; അതിനു വലിയ ഒരു ജീവിതാവസ്ഥയുടെ വീക്ഷണംഅനിവാര്യമാണ്.അതേസമയം,മാനുഷികമെന്ന് 
നാം വിളിക്കുന്ന അവസ്ഥയെ വെല്ലുന്ന ഒരു ബൃഹത് മണ്ഡലം ആവശ്യവുമാണ്.


വ്യക്തിയുടെ ജീവിതത്തെ അന്തിമമായി കാണുന്നത് പരാജയമായിരിക്കും. കാളിദാസന്റെ മേഘസന്ദേശം, ഋതുസംഹാരം തുടങ്ങിയ കൃതികൾ കേവല വ്യക്തിപരിധിക്കപ്പുറത്തുള്ള ജീവിതത്തിന്റെ സ്ഥൂലതയും സൂക്ഷ്മതയും മനുഷ്യേതരത്വവും  കൈവരിക്കുന്നു.
വ്യക്തിയുടെ പരിധിക്കകത്ത് ഒതുങ്ങിപ്പോകാത്തവിധം  വിശാലമായ  ജീവിതഭാവനയാണ് ഉരുത്തിരിയേണ്ടത്.വിമോചിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ വിരാട്  ഊർജ്ജം എഴുത്തുകാരൻ കണ്ടെത്തുകതന്നെ വേണം. അത് ചത്വരം പോലെയുള്ള വ്യക്തിപരതയെ നിർവ്വീര്യമാക്കി കുറേക്കൂടി അകലേക്ക് അതിരു നിശ്ചയിക്കുന്നു.ഇവിടെ നാം പ്രതിനിധാനം ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന മനുഷ്യൻ ഒരു പ്രതിഛായ മാത്രമാണ്.


ഫ്രഞ്ച് ചിന്തകനായ ദറിദ പറഞ്ഞു: കഥകളിൽ ആവിഷകരിക്കപ്പെടുന്ന  ജീവിതത്തിൽ മനുഷ്യനുണ്ട്  ; എന്നാൽ അത് പ്രാഥമികമായി മനുഷ്യന്റെ ജീവിതമല്ല. The life carries man along  with it, but is not primarily the life of man.
രതി എന്നാൽ മനുഷ്യന്റെ കാമം മാത്രമായിപോകരുത്. സാഹിത്യത്തിൽ അതു പല കാലങ്ങളുടെ പല സങ്കടങ്ങളുടെ , അറിവുകളുടെ  കൂടിച്ചേരലാണ്
സൂസൻ സൊണ്ടാഗ് ഫോട്ടോഗ്രാഫി, നോവൽ എന്നിവയെക്കുറിച്ച്
 അമേരിക്കൻ എഴുത്തുകാരിയും നിരൂപകയുമായ സൂസൻ സൊണ്ടാഗിന്റെ അറ്റ് ദ് സെയിം ടൈം എന്ന പുസ്തകത്തിൽ ഫോട്ടോഗ്രഫിയെപ്പറ്റിയും നോവലിനെപ്പറ്റിയും ആഴത്തിൽ ചിന്തിക്കുന്നുണ്ട്.


ഫോട്ടോഗ്രഫി , ഈ കാലത്തെ യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്  അവർ പറയുന്നു.
ഇന്ന് ലോക യാഥാർത്ഥ്യം ശകലങ്ങളായി നിലനിൽക്കുന്നു.അതേസമയം അത് അനന്തവുമാണ്. അനന്തയിൽ നിന്ന് ഒരു കഷണം പിടിച്ചെടുക്കയാണ് ഫോട്ടോ. എന്നിട്ട് അതു യാഥാർത്ഥ്യമാണെന്ന് പ്രഖ്യാപിക്കുന്നു.
എന്താണ് നേര് എന്ന് നിശ്ചയിക്കുന്നത് കാമറയാണ്.നമ്മൾ അനുഭവിക്കാത്ത എല്ലാ യാഥാർത്ഥ്യങ്ങളെയും കാമറ നമുക്കായി തീർപ്പുകൽപ്പിച്ച് അവതരിപ്പിക്കുന്നു.പ്രത്യക്ഷതയാ
ണ് പുതിയ കാലത്തിന്റെ യാഥാർത്ഥ്യത്തിന്റെ അളവുകോൽ.അതാകട്ടെ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് മാറ്റത്തിന്റെ അടയാളമായിത്തീരുന്നത് കാമറയുടെ കണ്ടെത്തലാണ്.
 ഫോട്ടോഗ്രാഫ്  നോക്കാത്തവൻ ആധുനികൻ അല്ലത്രേ!.എല്ലാ തനിമയും നിർമ്മിതിയാണ്. നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം എന്നത് ആളുകൾ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതു തന്നെയാണ്.

സൊണ്ടാഗിന്റെ  അഭിപ്രായത്തിൽ ഒരു അന്തിമ ഫോട്ടോയില്ല.കാരണം കാഴ്ചയും ശകലങ്ങളെ നോക്കികാണലും ഒരിക്കലും പൂർണമാകുന്നില്ല.
ലോകത്തെ വികസിപ്പിക്കുന്നത് ഫോട്ടോഗ്രഫിയാണ്.
നമ്മളെല്ലാം ആയിരക്കണക്കിനു  ഫോട്ടോഗ്രാഫിക് പ്രതിഛായകൾ സൂക്ഷിക്കുന്നു.
അതെല്ലാം ഓർമ്മകളുമാണ്.
ഫോട്ടോ ഒരു വിശദാംശമാണ്. ആധുനികനാകാൻ വേണ്ടി  നമുക്ക് ഈ വിശദാംശത്തെ ഒഴിവാക്കാൻ കഴിയില്ല.To be modern is to live , entranced , by the savage autonomy of the detail.

 സാഹിത്യം കുറെ ചോദ്യങ്ങൾ ഉന്നയിക്കണം.എതിർപ്രസ്താവനകൾ വേണം.
നിലവിലുള്ളതിനു എതിരായി ചിന്തിച്ച് പുതിയ ലോകം കണ്ടുപിടിക്കണം.സാഹിത്യം സംവാദമാണ്. ജീവിക്കുന്നതിനോടുള്ള പ്രതികരണാത്മകതയാണത്.

എഴുത്തുകാരൻ സംശയാലുവാണ്. സ്വയം സംശയിക്കുകയും ചെയ്യും.
മിത്തുകൾ ഉണ്ടാക്കണം.
അതു പ്രചരിപ്പിക്കുന്നതല്ല അവന്റെ ജോലി.പൊതു വിശ്വാസത്തെ അപകടപ്പെടുത്തുന്ന അനുഭവങ്ങളെ അവൻ വെളിച്ചത്തുകൊണ്ടുവരണം.
ലോകം  എന്താണെന്ന് പറഞ്ഞുകൊടുക്കാൻ എഴുത്തിനു കഴിയണം.
അഗാധമായ  അറിവുകൾ  ഭാഷയിൽ അലൗകികമയി സന്നിവേശിപ്പിക്കാൻ സാഹിത്യകാരന് സിദ്ധി വേണം.
ഒരു നോവലിസ്റ്റ് നമ്മെ കാലത്തിലൂടെയും സ്ഥലത്തിലൂടെയും കൊണ്ടുപോകണം.അതുവരെ കാണാതിരുന്ന ഒരു ഭൂവിഭാഗം കണ്ടെത്തിയതുപൊലെ.

നമ്മൾ അനുഭവിക്കുന്ന ലോകം, കാലം, ഐന്ദ്രിയമായ അവബോധം എന്നിവയെ കളിയാക്കുന്ന ഒന്നായിരിക്കണം നോവലിസ്റ്റ് ആവിഷ്കരിക്കുന്ന  ലോകം.അങ്ങനെ ജീവിതത്തിനു അത് പുതിയ അർത്ഥം നൽകുകയാണ്.യഥാർത്ഥ ജീവിതത്തിനു തരാൻ കഴിയാത്ത എന്തോ അതു നൽകുന്നു.
But it does what lives (the lives that are lives) cannot offer , except after they are over . it confers -and withdraws- meaning or sense upon a life.)

നോവലിസ്റ്റ് സൃഷ്ടിക്കുന്ന ലോകത്തിന് സ്വന്തമായി ഒരു ചരിത്രവും ഭൂമിശാസ്ത്രവും വേണം.
 എം. മുകുന്ദൻ

എം. മുകുന്ദൻ എഴുതിയ 'കാക്കേ കാക്കേ കൂടെവിടെ' ( മനോരമ വാർഷികപ്പതിപ്പ്,2013  )എന്ന ഹൃദ്യമായ ഓർമ്മക്കുറിപ്പ് വായിക്കണം.
ഇപ്പോൾ തന്റെ നാട്ടിൽ കാക്കകൾ ഇല്ലാതായിരിക്കുന്നു എന്ന് അദ്ദേഹം  പരിതപിക്കുന്നു.
വാസ്തവത്തിൽ അനുദിനം പെരുകുന്ന ആഗ്രഹങ്ങളുടെ ഹിംസാത്മകതയിൽ  ആകാശം പോലും മനുഷ്യൻ കവർന്നെടുത്തിരിക്കുന്നു .
അലസമായി, എന്തെങ്കിലുമൊക്കെ പിറുപിറുത്ത് വാഴക്കയ്യിൽ വന്നിരിക്കാറുള്ള കാക്കകൾക്ക് പോലും നാട്  നഷ്ടപ്പെട്ടിരിക്കുന്നു. അവറ്റകൾക് ഇപ്പോൾ ഭാഷ പോലും  ഇല്ല; അവ എവിടെ പോയിട്ടുണ്ടാകും.?

മുകുന്ദൻ എഴുതുന്നു: അന്നും ഇന്നും ,കാക്കയെ പ്രണയിച്ചവൻ എന്ന് ആരെങ്കിലും എന്നെ വിളിച്ചാൽ എന്റെ പക്ഷത്ത് നിന്ന് ഒട്ടും പരാതിയുണ്ടാകില്ല."
മുകുന്ദന്റെ ഓർമ്മക്കുറിപ്പ് നല്ലൊരു കഥപോലെ വായിക്കാം. വളരെ വികാരപരമായി എഴുതിയിരിക്കുന്നു.
നാലു  പതിറ്റാണ്ടുകൾക്ക് ശേഷം മയ്യഴിയിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു നാട് എങ്ങനെ പരിണമിച്ചു എന്നു വക്തമാക്കുന്നു:മുപ്പത്തിനാല് ബാറുകളിൽ നിന്നും കല്യാണസൽക്കാരം കഴിഞ്ഞ വീടുകളിൽ നിന്നുമെല്ലം തിന്നും കുടിച്ചും കൂത്താടിയതിന്റെ അവശിഷ്ടങ്ങൾ പുഴയുടെ നെഞ്ചിലൂടെ ഒഴുകുന്നത് ആരുടെയും മനസ്സ് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു.ക്രമേണ കാക്കകളുടെ തിരോധാനവും എന്റെ ശ്രദ്ധയിപ്പെട്ടു.ഇപ്പോൾ രാവിലെ കാക്കകളുടെ കലപില ശബ്ദമല്ല,പുലർകാല തീവണ്ടികളിൽ സ്റ്റേഷനിൽ വന്നിറുങ്ങുന്ന യാത്രക്കാരെയും കൊണ്ട്  അലറിപ്പോകുന്ന ഓട്ടോറിക്ഷകളാണ് എന്നെ ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തുന്നത്.''
മൊബൈൽ ടവർ വന്നതോടെ കാക്കകൾ  കൂട്ടത്തോടെ നാടുവിടുകയായിരുന്നത്രേ!
കേരളത്തെ ഇത്ര സൗമ്യമായി, ആഴത്തിൽ ഓർമ്മിപ്പിച്ച അധികം കുറിപ്പുകൾ വേറെയുണ്ടെന്ന് തോന്നുന്നില്ല.

 കെ.ജി ശങ്കരപ്പിള്ള
കെ.ജി ശങ്കരപ്പിള്ളയുടെ ഈ വരികൾ( ഭാരംപര്യം, മാധ്യമം വാർഷികപ്പതിപ്പ്, 2013)
മനുഷ്യശരീരത്തിലൂടെ നേടുന്ന അറിവുകളുടെ പരമ വിശ്രാന്തി എവിടെയാണെന്ന് തിരിച്ചറിയുന്നു.
''കരുത്തായ്
ധ്യാനം.
ചാരെയായ്
ദൂരം
കേൾക്കായ് നാദദേഹങ്ങൾ ത-
ന്നുന്മത്ത സമുദ്രങ്ങൾ-
ക്കപ്പുറമുദിക്കുന്ന
പൊരുളിൻ ഗൂഢസ്വരം;
ഒഴിവായി
ഭാരം

ഇരിപ്പായ് ഞാൻ
ആൽച്ചുവട്ടിൽ.

ഭാരമില്ലായ്മയ്ക്കണേറ്റം
ഭാരമെന്നറിവായി.
മനുഷ്യൻ ഇവിടെ എത്തിയാൽ മതി; മതമാൽസര്യങ്ങൾ പോകും. നമ്മൾ ഇന്ത്യാക്കാരാണെന്ന് പറയും ,പക്ഷേ ആത്മ വിമലീകരണത്തിനു സാധ്യതയില്ല.കാരണം നമ്മൾ സ്നേഹം എന്ന ചരടിൽ  കോർക്കപ്പെടുന്നില്ല. യുക്തിയും ദർശനവും തടസ്സം.പാരമാർത്ഥികലോകത്തിന്റെ പ്രലോഭനത്തിൽ എല്ലാവരും അകപ്പെട്ടുപോകുന്നു.ആശ്വസിപ്പിക്കുന്ന കവിതയാണിത്.
ശങ്കരപ്പിള്ളയുടെ കാവ്യജീവിതത്തിന്റെ പരിപാകമായ ഒരു ചിന്തയുടെ ഫലശ്രുതി ഇതിൽ കാണാം.












സസ്യഭുക്ക്
യേറ്റ്സിന്റെ കവിതകൾ വായിച്ചതോടെ ഞാൻ ഒരു സസ്യഭുക്കാകാൻ തീരുമനിച്ചു.
ബെർനാഡ് ഷാ

സ്വവർഗ്ഗാനുരാഗം
സ്വർഗ്ഗാനുരാഗത്തെപ്പറ്റിയുള്ള കോടതി വിധി വരുന്നതുവരെ മാധ്യമങ്ങൾ അതു ചർച്ച ചെയ്തില്ല. മാത്രമല്ല വിധി വന്ന ശേഷവും മാധ്യമങ്ങൾ സ്വന്തം അഭിപ്രായം പറയുന്നില്ല. ഇപ്പോഴും നമ്മുടെ മാധ്യമങ്ങൾ ഫ്യൂഡൽ  കാലഘട്ടത്തിൽ തന്നെയാണുള്ളത്.
ലൂയി ബുനുവൽ

ഒരു ചാനലും അതു ചർച്ച ചെയ്തില്ലല്ലോ. അവർ നേതാക്കളുടെ നിസ്സാര വർത്തമാനങ്ങൾക്ക് തീർപ്പു കൽപ്പിക്കാൻ വെറുതെ സമയം പാഴാക്കുന്നു.
 ന്യൂസ് അവറുകൾ ആരും കാണാൻ ഇഷ്ടപ്പെടുന്നില്ല. എന്താണ് അതിൽ നിന്ന് കിട്ടുന്നത്?
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭരായ നലൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്രകാരന്മാരും സ്വർഗാനുരാഗികളായിരുന്നു.
ഓസ്കാർ വൈൽഡ്, ലൂയി ബുനുവൽ, സാൽവദോർ ദാലി, ഡി.എച്ച് .ലോറൻസ്, ടെന്നസി വില്യംസ്, വാൾട്ട് വിറ്റ്മാൻ,ഡ്ബ്ല്യൂ എച്ച്. ഓഡൻ തുടങ്ങി ആ നിര നീളുകയാണ്.
ഇവരെയൊക്കെ ക്രിമനലുകൾ എന്ന് വിളിക്കാൻ ശ്രമിക്കരുത്.

പ്രമുഖ  ജർമ്മൻ ചിന്തകനും പെർഫോമാറ്റിസത്തിന്റെ വക്താവും ചിന്തകനുമായ റയോൾ  ഇഷെൽമാനുമായി ഞാൻ നടത്തിയ ഒരു ഇ മെയിൽ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത്, സ്വന്തം ശരീരത്തിന്റെ ലൈംഗികതയെ കണ്ടെത്തുന്നതും നിശ്ചയിക്കുന്നതും സ്വന്തം ശരീരത്തിന്റെ ആവശ്യമെന്നനിലയിൽ നോക്കികാണണമെന്നാണ്.

മനസ്സ്
മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം.
മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.


സുഭാഷ് ചന്ദ്രൻ
വിഹിതം എന്ന കഥ , വേണമെങ്കിൽ ഒരു ലൈംഗിക , അപസർപ്പക കഥയായി കുഴലൂതി വിജൃംഭിതമായിത്തീരുമായിരുന്നു.

ലോകത്തോടുള്ള ഭീതിയും വെറുപ്പും ഇതിൽ പതഞ്ഞുപൊങ്ങുന്നുമുണ്ട്. എന്നാൽ ആ സാധ്യതകളെല്ലാം തട്ടിമാറ്റിക്കൊണ്ട് കഥാകൃത്ത്  തന്നെ വായനക്കാരുടെ രക്ഷയ്ക്കെത്തുന്നു.
ഇവിടെ മൂന്ന് ആഖ്യാനമുണ്ട്, അല്ലെങ്കിൽ ആഖ്യാതാക്കളുണ്ട്.
 ഒന്നു , സുഹൃത്ത് മാധവന്റെ കഥ കേൾക്കാനിരിക്കുന്ന ആഖ്യാതാവ്.  രണ്ട്, സുഹൃത്ത് മാധവൻ ,ഫൽഗുനി എന്ന വീട്ടമ്മയെ രഹസ്യമായി സന്ധിക്കുന്നതിനു അവളുടെ വസതിയിൽ പോകുന്നതും അവിടെവച്ച് അവർ ഇരുവരും അവരുടെ സാമൂഹികവും കുടുംബപരവുമായ ഓർമ്മകളിലേക്ക് തിരിച്ചുപോയി പരസ്പരമുള്ള സൗഹൃദം വീണ്ടെടുക്കുന്നതും മാധവന്റെ ഭാഷയിൽ വിവരിക്കുന്നു. വായനക്കാരൻ സ്വാഭാവികമായി പ്രതീക്ഷിക്കുന്നത് അവരുടെ ലൈംഗികബന്ധത്തിലെ ഫാന്റസിയും പ്രാദേശിക സംസാരത്തിലെ പുതുമകളുമായിരിക്കും.

ഇവിടെ, പക്ഷേ , ഈ രണ്ട് ആഖ്യാനങ്ങളെയും റദ്ദാക്കിയശേഷം കഥാകൃത്ത് മൂന്നമത്തെ ആഖ്യാനം പുറത്തെടുക്കുന്നു. അത് ഒരു പൊതുബോധത്തിന്റെയോ , സാമൂഹികമായ അവബോധത്തിന്റെയോ , ധനാത്മകമായ മനോനിലയുടെയോ ഉന്നതിയിൽ നിന്നുകൊണ്ടുള്ള വ്യാഖ്യാനമാണ്. ഈ മൂന്നു തലങ്ങളും കഥയിൽ നന്നായി ഒട്ടിച്ച് ചേർത്തിരിക്കുന്നു.
ഈ കഥ എനിക്ക് പ്രിയപ്പെട്ടതാകാൻ കാരണം ഇതാണ്.
ആധുനികതയുടെ കാലത്തായിരുന്നെങ്കിൽ ഇതൊരു അന്യജീവിത ബന്ധത്തിന്റെ ധീരതയും സ്വാതന്ത്ര്യവുമായി നിങ്ങി എഴുത്തുകാരന്റെ ഏകപക്ഷീയതയായി അവതരിക്കുമായിരുന്നു.

എന്നാൽ ഇപ്പോൾ കഥാകൃത്ത്  തന്റെയുള്ളിലെ  ആഖ്യാതാവിനെ പലരായി പിളർത്തി , പ്രമേയത്തെപോലും വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നു.
ഒരു എഴുത്തുകാരന് ഒരു ആഖ്യാതാവായി തുടരാൻ കഴിയില്ല എന്നതാണ് ഇന്നത്തെ ജീവിതത്തിൽ നിന്ന് എഴുത്തുകാരൻ  പഠിക്കുന്ന പാഠം.
അതിന്റെ പ്രത്യക്ഷത 'വിഹിത'ത്തിൽ കാണാം.
കഥ പറയുന്ന വേളയിൽ അതിന്റെ രചയിതാവ് എന്ന ഒരു അഖണ്ഡ വ്യക്തിത്വം ഇല്ല. അതുകൊണ്ടുതന്നെ പ്രമേയത്തെ പരിചരിച്ച് പ്രണയിച്ച് ആദർശം പറയേണ്ട ചുമതല കഥകൃത്തിനില്ലാതാവുന്നു.
ചില പ്രയോഗങ്ങൾ ഇതു സാധൂകരിക്കുന്നുമുണ്ട്:കറിപ്പാത്രത്തിൽ ഊരിക്കിടന്ന തക്കാളിയുടെ കോണ്ടം, പിങ്ക് പാന്റിയിൽ ഒരു ഭഗവതി ,പണിയാനുള്ള മീനാരത്തിന്റെ നക്കലുമായി എത്തുക, കടൽ ചത്തുകിടക്കുന്നതുപോലെ അവൾക്ക് തോന്നി, അടിവസ്ത്രം പോലെ തുരിശിന്റെ നിറമുള്ള കടൽ...

 കല
കലയിലും രണ്ടാമത് ഒരു  കാര്യം കണ്ടുപിടിക്കുന്നത് ഒരു നിലവാരമല്ല.
ഐൻസ്റ്റീന്റെ സിദ്ധാന്തം കൊച്ചിയിൽ ഒരാൾ ഇനി കണ്ടുപിടിച്ചാൽ അതു മൂല്യമാകുകയില്ല.അതുപോലെ  നദീൻ ഗോർഡിമർ, മാർകേസ്  തുടങ്ങിയവർ കൊണ്ടുവന്ന വിപ്ലവം അതുപോലെ ആവർത്തിക്കുന്നത് മൗഢ്യമാണ്.

കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ അഷ്ടമുടിക്കായൽ എന്ന കവിത ചൊല്ലുന്നത് കേൾക്കണം. ആ കവിതയിൽ ആശാനും തിരുനെല്ലൂരും, കാലവും മണ്ണും മഴയും വെള്ളവും എല്ലാം നിറയുന്നു. ആ അലാപനത്തിൽ ഒരു തീയാട്ടത്തിന്റെ വീര്യമുണ്ട്.

സാഹിത്യം
ഈ കാലം സാഹിത്യത്തിനു പറ്റിയതല്ലെന്നാണ്  തോന്നുന്നത്.
എഴുത്തുകാർ എൽ ഡി എഫും യു  ഡി എഫുമായി ചേരിതിരിഞ്ഞ് നിന്ന ഇതുപോലൊരു കാലത്ത് ഗൗരവമുള്ള ആലോചനയ്ക്ക് പ്രസക്തി കിട്ടുകയില്ല. ഉള്ളടക്കം ആരും ശ്രദ്ധിക്കുകയില്ല. കാരണം സ്ഥാനവും  പ്രശസ്തിയും മാത്രമായിരിക്കും പ്രാമുഖ്യം നേടുക.
ഒരു പ്രമേയത്തെ വികസിപ്പിച്ച് അതിനു വേണ്ടതായ പ്രോട്ടഗോണിസ്റ്റിനെ സൃഷ്ടിക്കാൻ ആർക്കും സാധിക്കില്ല. അങ്ങനെ ചെയ്താൽ പല നഷ്ടങ്ങളും ഉണ്ടാകുമെന്ന്  ഭയപ്പെടുന്നു. എഴുത്ത് ഇന്ന് ഒരു ഉള്ളടക്കമല്ല; ഒരു അവാർഡോ, കമനീയമായ ഒരു പുസ്തകമോപ്രകാശനമോ ആണ്

അജു കെ  നാരായണൻ, അജയ് ശേഖർ
പല കാലങ്ങളായി കണ്ടെടുക്കപ്പെടുന്ന ബുദ്ധശില്പങ്ങളെയും ശില്പാവശിഷ്ടങ്ങളെയും ചിലർ നാടുകടത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെന്നും , ഇതുവരെ കിട്ടിയ ശിലാവശിഷ്ടങ്ങൾ സർക്കാരിന്റെ  പുരാവസ്തുവകുപ്പിൽ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡോ .അജു കെ നാരായണൻ, ഡോ. അജയ് ശേഖർ(ചിതറിക്കപ്പെടുന്ന പത്മാസനങ്ങൾ, ഓറ മാസിക, നവംബർ)) എന്നിവർ ആവശ്യപ്പെടുന്നു.അവർ എഴുതുന്നു: മതഹിംസയിലൂടെ മറവു ചെയ്ത കേരളത്തിലെ യഥാർത്ഥ ജനകീയ സംസ്കാരപാരമ്പര്യത്തെ സംഘടിതമായി വീണ്ടെടുത്ത് ചരിത്രമായി  പുനരധിവസിപ്പിക്കണം

പ്രസന്നരാജൻ

വിദേശ സാഹിത്യത്തിൽ നിന്ന് ഊർജ്ജം ലഭിച്ചില്ലെങ്കിൽ ഉൾക്കാഴ്ചയില്ലാതെ മലയാള സാഹിത്യം വറ്റിപ്പോകുമെന്ന്  പ്രസന്നരാജൻ(വിവർത്തനത്തിന്റെ കാറ്റ് വീശുമ്പോൾ, ആശ്രയ മാതൃനാട്, ഡിസംബർ)എഴുതുന്നു.തർജമകൾ നമ്മെ മാറ്റി മറിച്ചതായി അദ്ദേഹം  നിരീക്ഷിക്കുന്നു.കരമസോവ് സഹോദരന്മാർ, യയാതി, ആരോഗ്യനികേതനം, പാവങ്ങൾ, യുദ്ധവും സമാധാനവും, എന്നി നോവലുകൾ മലയാളഭാഷയിൽ വന്നത് ഈ നാട്ടുകാരെ വിസ്മയകരമാംവിധം നവീകരിച്ചിട്ടുണ്ട്.

ആകാശം
ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌.

അട്ടകൾ

വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയില്‍
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകള്‍ക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത ,അവയ്ക്ക്‌ സ്വന്തം
ആകാരത്തിലും ഉടലിലും പറ്റിച്ചേര്‍ന്ന്‌
കിടക്കുകയും ,ആവശ്യപ്പെടുമ്പോള്‍
മറ്റൊരു ഉരഗമായി ചലിച്ചു
തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്‌.


സൃഷ്ടി  
നിങ്ങൾക്ക്  എഴുതി എന്തും സൃഷ്ടിക്കാം
സി.എസ് .ലിവിസ്

ലൂയിസ് പീറ്റർ
ലൂയിസ് പീറ്ററുടെ അഹം എന്ന കവിത (വാക്ക്, ഫേസ്ബുക്ക്) മനുഷ്യൻ എത്ര ഗാഢമായി മനുഷ്യൻ ഈ പകലുകളെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. തീവ്രമായ സ്നേഹം ഒരു ഘട്ടം കഴിയുന്നതോടെ വിഷാദവും വിരഹവും മരണവുമായി കുഴയുന്നു. വികാരമുള്ളവന്റെ ഏത് നിഴലിനും ജീവൻ വയ്ക്കുകയാണ്. ഇതാ വരികൾ:

നിള പോലെയാണിന്നു ഞാൻ
ഒഴുകാനാവുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു
നിശ പോലെയാണിന്നു ഞാൻ
ഉറങ്ങാനാവുന്നില്ല
ഒരു നിലാവ്‌ എന്റെ മിഴികളിൽ
അണയാതെ നിൽക്കുന്നു
ചതിയനാണിന്നെന്റെ ദൈവം
അതിരാവിലെ
ഒരു കഠിന വേദന കരളിൽ തന്നു
മൊത്തിക്കുടിക്കേണ്ട
തൊട്ടുകൂട്ടാൻപോലും അല്പം
വിഷം തന്നില്ലയൊപ്പം
ഹേ, ബാംസുരി
നിന്റെ ഇടറിയ ജപശ്രുതി
ഇനിയുമെന്റെ കാതിൽ പകരരുത്‌

എന്തെഴുതണം?
രാത്രിയിലെ ഏറ്റവും നിശ്ശബ്ദമായ നിമിഷത്തിൽ നിങ്ങൾ സ്വയം ചോദിക്കുക: ഞാൻ എഴുതണോ?
റിൽക്കേ


രണ്ടുതരം വായനക്കാർ?
മാധ്യമങ്ങൾ അവർ പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനത്തിന്റെയും മറ്റും വാർത്തകൾ ചിത്രം സഹിതം പൊലിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ മറ്റുള്ളവരുടെകാര്യമോ?
വരിക്കാരായിട്ടുള്ള എഴുത്തുകാർ അന്യരാണോ?
സാഹിത്യകാരന്മാരിലും കവികളിലും നിരൂപകരിലും രണ്ടുതരം പൗരന്മാരെ  സൃഷ്ടിക്കാൻ മാധ്യമങ്ങൾ തന്നെ മുകൈയ്യെടുക്കുന്നത് ശരിയാണോ?
മാധ്യമത്തിനു ഒരു പക്ഷപാതം മാത്രമേ ആകാവു: അതു വായനക്കാരോട്, വരിക്കാരോട് മാത്രമായിരിക്കണം. 














സ്ത്രീ
 എനിക്ക് സ്ത്രീകളുമായി ഇടപഴകുന്നതാണ് സുഖം
മാർകേസ്
*
പേജ് രണ്ട്

AKSHARAJALAKAM

AKSHARAJALAKAM/