Sunday, December 29, 2013

AKSHARAJALAKAM, LAKKAM 8, PAGE 1/DEC 22-29/2013

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും




ലക്കം എട്ട്,പേജ് ഒന്ന്

 























When you love someone, you love the person as they are, and not as you'd like them to be.” 
 Leo Tolstoy,റഷ്യൻ സാഹിത്യകാരൻ














A great writer reveals the truth even when he or she 
does not wish to.
Tom Bissell , അമേരിക്കൻ വിമർശകൻ

 പ്രലോഭനം, രോഗം , ആത്മീയത

ഇന്നു നമ്മെ ഒരോ ദിവസവും കൊതിപ്പിക്കുന്നത്, കണ്ണഞ്ചിപ്പിക്കുന്ന പുത്തൻ ജീവിത വസ്തുക്കളും ആഡംബര ലോകവുമാണ്.

അവിടേക്ക് പ്രവേശനം കിട്ടിയാൽ മതി. നമുക്ക് ഈ ലോകത്തിന്റെ പളപളപ്പിൽ വോട്ടവകാശം ഉറപ്പാവുകയാണ്. അതു കൊടുത്തില്ലെങ്കിൽ , മിക്കവാറും മക്കൾ  മാതാപിതാക്കളെ ഉപേക്ഷിക്കും.
ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ ഒരു ഷവർമ്മയ്ക്ക് പോലുമുണ്ട്.അമ്മയേക്കാൾ സുന്ദരിയാണ് പിസ.
അച്ഛനേക്കാൾ എത്രയോ ഔന്നത്യത്തിലാണ് സൂപ്പർ മാളുകളിലെ ഇരിപ്പിടങ്ങളും വിട്രിഫൈഡ് ടൈൽസും.
പ്രണയികൾക്ക്  പ്രേമത്തേക്കാൾ വലുതാണ് പുതുജനറേഷൻ കാറുകളും വീടുകളും.ഇന്നു ഒരു പ്രണയിക്കും സ്വസ്ഥതയില്ല; പ്രണയത്തെക്കുറിച്ചുള്ള ആധിയല്ല ഇതിനു കാരണം. ഈ പ്രണയം മൂലം തനിക്ക് നഷ്ടപ്പെടാനിടയുള്ള ലാഭങ്ങളുടെ , വസ്തുക്കളുടെ , അനുഭവങ്ങളുടെ ആകെത്തുക പ്രണയിയെ കഷ്ടപ്പെടുത്തുന്നു.


 ഈ അവസ്ഥയിൽ ഒരാൾ മറ്റൊരാളുടെ മനോനില മനസ്സിലാക്കാനോ അനുതാപം കാണിക്കാനോ തയ്യാറാവുകയില്ല.
അയാൾ പ്രലോഭിപ്പിക്കപ്പെട്ട വസ്തുവാണ്. അയാൾക്ക് ആഗ്രഹിക്കാൻ മാത്രമേ അറിയൂ.
അയാൾക്ക് ഭക്ഷിക്കാനും ആസ്വദിക്കാനും ജീർണിക്കാനും പ്രത്യേക സാമർത്ഥ്യം ഉണ്ടായിരിക്കും.അയാൾ ഒരു ദിക്കിലേക്ക് മാത്രം, ഇടം വലം നോക്കാതെ പായുന്ന ഭ്രാന്തൻ കുതിരയാണ്.


സൂപ്പർ വാണിഭകേന്ദ്രങ്ങളും വിനോദ ഭീമൻ സങ്കേതങ്ങളും നമ്മെ വെറും കാണിയോ ഉപഭോക്താവോ ആഗ്രഹങ്ങളാൽ  ഭ്രാന്തു പിടിച്ചവനോ ആക്കുന്നു.
നമുക്ക് ഒന്നും ചെയ്യാനില്ല; എല്ലാം വാങ്ങി കൂട്ടിയാൽ മതി. ആസ്വാദനം എന്നത് എത്രയോ മലിനമായ  പ്രക്രിയയാണെന്ന് തിരിച്ചറിയണം.
എന്നാൽ ഈ ആഗ്രഹങ്ങൾ നമ്മെ എവിടെ കൊണ്ടെത്തിക്കും?
ശുന്യതയിൽ. മനസിന്റെ താളം തെറ്റി നാം രോഗിയായി മാറുന്നു.
എല്ലാം കിട്ടാത്തതിലുള്ള നിരാശ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളി വിടുന്നു.
ജീവിതരീതിയുടെ കൃത്രിമത്വം കാരണം രോഗങ്ങൾ വിടാതെ പിടികൂടുന്നു.ഈ രോഗങ്ങളെ  ഐഡന്റിറ്റിയായി കാണാവുന്നതാണ്.രോഗിയായി അംഗീകരിക്കപ്പെട്ടു കിട്ടിയാൽ അതിന്റെ വകയായുള്ള ആനുകൂല്യങ്ങൾ കിട്ടും. വൻ തുക മുടക്കി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ വിശിഷ്ടാതിഥിയായി കഴിയാം. ആർക്കും ലഭിച്ചിട്ടില്ലാത്ത ചികിത്സ തരപ്പെടുത്താൻ കഴിയുന്നവൻ ഇന്നത്തെ ഏറ്റവും വലിയ സാംസ്കാരിക ജീവിയാണ്. കാരണം അവൻ ഇന്നത്തെ ഏറ്റവും മുന്തിയ സാങ്കേതിക കലയും സാങ്കേതിക ജ്ഞാനവും സ്വന്തമാക്കാൻ അർഹത നേടിയവനാണ്.

രോഗം എന്ന പദവി  

രോഗം അയാൾക്ക് വിശുദ്ധ പദവി സമ്മാനിക്കുകയാണ്.അതു ഒരാത്മീയതയ്ക്ക് സ്വമേധയാ രൂപം കൊടുക്കുന്നു.
രോഗിയാവുന്നതോടെ യഥാർത്ഥ മനുഷ്യവ്യക്തിയുടെ സ്വഭാവത്തിന്റെ സദ്ഫലങ്ങളിലേക്ക് അയാൾ  തിരിച്ചുപോവുകയാണ്.
അനുകമ്പയും വിചിന്തനവും സമഭാവനയും ത്യാഗവും അയാളെ തേടിവരുന്നു.
ഇതാണ് ഇന്നത്തെ സൂക്ഷ്മായ ആത്മീയത. ഇത് വളരെ ഒളിഞ്ഞ്, സൂക്ഷ്മാണുവിന്റെ രൂപത്തിൽ ഇപ്പോഴും വ്യക്തികളിൽ ജീവിച്ചിരിക്കുന്നു.
എത്ര വലിയ ബൃഹത്തായ കച്ചവട കേന്ദ്രങ്ങൾ തകർക്കാൻ ശ്രമിച്ചാലും ഈ മനുഷ്യശേഷി ചാരം മൂടി  അങ്ങനെ കിടക്കും.
അതു സാവധാനം വ്യക്തിയുടെ ശരീരത്തെ  മറയാക്കി കഴിയുകയാണ്.

ഈ രോഗം നൽകിയ ആത്മീയത മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണ്. അതു വ്യക്തിയെ ക്രമേണ അർത്ഥശൂന്യത എന്താണെന്ന് പഠിപ്പിക്കുന്നു.
വിരഹത്തിന്റെയും ഉപേക്ഷിക്കലിന്റെയും ഉന്നതമായ നിമിഷത്തിലേക്ക് മനുഷ്യൻ എത്തിച്ചേരുകയാണ്.
ഇതു നഗരവും സാങ്കേതികതയുടെ കലയും ഒരുക്കിയ സവിശേഷ സാഹചര്യമാണെന്ന്  ഓർക്കണം.
ആളുകൾ നഗരവും വിനോദവും ഉപേക്ഷിച്ച്, ഗ്രാമവും പർവ്വതനിരകളും തേടാൻ തുടങ്ങും.ഭോഗം മതിയാക്കി രോഗം എന്ന രതിയിലേക്ക് അമരും.തീറ്റയിൽ നിന്ന് ധ്യാനത്തിലേക്കും യോഗയിലേക്കും വഴിതിരിയും.സ്വന്തം
ശാരീരിക പോഷണം വിട്ട് അന്യരുടെ ശുശ്രൂഷയിലേക്ക് തിരിയാൻ തുടങ്ങും.


നാഗരികതയും അതിവേഗ നഗരവത്കരണവും തീവ്രമായ ഉപഭോഗദേശീയതയും അതിന്റെ  മൂർദ്ധന്യതയിൽ വിപരീതമായ ആത്മീയ മൂല്യങ്ങളും സൃഷ്ടിക്കും.ഇത് ദൈവികമായിക്കൊള്ളണമെന്നില്ല.
ഒരു എട്ടുകാലി അതുണ്ടക്കുന്ന നൂലിൽക്കൂടി സഞ്ചരിക്കുന്നതുപോലെ ആത്മാവിൽ നിന്ന് അതിന്റെ എല്ലാ ലോകങ്ങളും സ്വയം ഉത്ഭവിക്കുമെന്ന് ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നുണ്ട്.
കഠോപനിഷത്തിൽ ഇതാണ് വിശദീകരിക്കുന്നത്:
അഗ്നിര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരൂപോ ബഭുവ
ഏകസ്തഥാ സർവഭൂതാനന്തരാത്മാ
രൂപം രൂപം പ്രതിരൂപോ ബഹിശ്ച.

അഗ്നിയുടെ രൂപം അതു പ്രവേശിക്കുന്ന വസ്തുവിനനുസരിച്ച്  വിവിധ രൂപങ്ങൾ കൈക്കൊള്ളുന്നു.അതുപോലെ , ആത്മാവ് ഒന്നാണെങ്കിലും വ്യത്യസ്തരൂപങ്ങളിൽ നിലകൊള്ളാൻ കഴിയും
.
ഡി.ഒ. ഫാഗുൻ വാ(D. O. Fagunwa)യുടെ നോവൽ ഇംഗ്ലീഷിൽ


നൈജീരിയൻ എഴുത്തുകാരനായ ഡി.ഒ.ഫാഗുൻവാ(1903-1963) പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജർ-കോംഗോ ഭാഷയായ യോറുബയിൽ നോവൽ എന്ന മാധ്യമത്തെ അവതരിപ്പിച്ച പ്രമുഖരിൽ ഒരാളാണ്.യോറുബ ഭാഷ സംസാരിക്കുന്ന ഇരുപതു ദശലക്ഷം ആളുകളെങ്കിലുമുണ്ട്.നോബൽ സമ്മാനം ലഭിച്ച വോൾ സോയിങ്ക, അമോസ് റ്റുട്ടൊള,അദേബറ്യോ ഫലേറ്റി, ദുറോ ലാഡിപോ, അകിൻ വുന്മി ഇസൊള, തുടങ്ങിയവരാണ് ഈ ഭാഷയിൽ പ്രശസ്തരായ മറ്റ്  എഴുത്തുകാർ.ഫാഗുന്റെ 'ദ് ഫോറസ്റ്റ് ഓഫ് അ തൗസന്റ് ഡെമൺസ്' എന്ന നോവൽ ആദ്യമായി(1968) ഇംഗ്ലീഷിലേക്ക് തർജമചെയ്തത് വോൾ സോയിങ്കയാണ്.ആദ്യം റാൻഡം ഹൗസ് പുറത്തിറക്കിയെങ്കിൽ  ഇപ്പോൾ ഈ നോവൽ വായനക്കാരുടെ മുൻപിൽ എത്തിച്ചിരിക്കുന്നത് സിറ്റി ലൈറ്റ്സ് ആണ്.
ആഫ്രിക്കൻ പാരമ്പര്യത്തിന്റെ ആഴമേറിയ അറിവുകളെ , ആധുനികമായ കടന്നുകയറ്റങ്ങൾക്ക് എതിരേവച്ച് പരിശോധിക്കുകയാണ് ഫാഗുന്റെ പൊതുവായ രീതി.
ഒരർത്ഥത്തിൽ ഇതു എല്ലാ വികസ്വര രാഷ്ട്രങ്ങളുടെയും അവസാനിക്കാത്ത പ്രമേയമാണ്.പാരമ്പര്യങ്ങളും നൂറ്റാണ്ടുകളായുള്ള തിരിച്ചറിവുകളും ഒന്നൊന്നായി അപ്രത്യക്ഷമാകുകയാണല്ലോ. 


കഥകളുടെ  ആവിഷ്കാരത്തിൽ ആദ്യമായി ഒരു നാടോടിനാടോടി വിശ്വാസത്തെ കലാപരമായി ഉപയോഗിച്ചത് ഫുഗുൻവാ ആണെന്ന്  സോയിങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഫാഗുൻവായ്ക്ക് മുപ്പത്തഞ്ച് വയസ്സുള്ളപ്പോഴാണ് യോറുബ ഭാഷയിൽ ഈ ആദ്യ നോവൽ എഴുതിയത്.രണ്ടു തലയും രണ്ടു കൊമ്പും ഉള്ള ജീവി, പതിനാറ് കണ്ണുകളുള്ള ജീവി, യാതനയുടെയും അത്യാർത്തിയുടെയും നഗരം, നായാട്ടുകാരൻ, സ്വർഗ്ഗം, മാലാഖ എന്നിങ്ങനെ സാധാരണ നോവലിനു അപ്രാപ്യമായ വിതാനമാണ് ഫാഗുൻ ഇതിൽ സൃഷ്ടിക്കുന്നത്.
വോൾ സോയിങ്ക

ഈ നോവൽ സോയിങ്ക തർജമ ചെയ്തത് അദ്ദേഹം ജയിലിൽ കിടക്കുമ്പോഴാണ്. ആദ്യ  പ്രകാശനം കഴിഞ്ഞിട്ട് ഇപ്പോൾ 50 വർഷങ്ങൾ ആയിരിക്കുന്നു. വളരെക്കാലമായി ഫാഗുൻവായുടെ നോവൽ എങ്ങും കിട്ടാനില്ലായിരുന്നു.
പുതിയ പതിപ്പിനു സോയിങ്ക ഒരാമുഖം എഴുതിചേർത്തിട്ടുണ്ട്. രണ്ടാമത് വായിച്ചതിന്റെ അനുഭവം എന്ന നിലയിൽ.
ഏതായാലും ഈ യോറുബ നോവൽ ഇപ്പോൾ വലിയ ഒരു വായനയ്ക്ക് വഴിതുറന്നിരിക്കയാണ്.ആഫ്രിക്കൻ സാഹിത്യത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി ഇംഗ്ലീഷ് വായനക്കാരുടെയും പ്രീതി നേടിയിരിക്കുന്നു.
ഫാഗുൻവായുടെ മറ്റ് കൃതികൾ The Forest of God 919490, Irike Onibudo( 1949), Expedition to the Mount of Thought, (1954, എന്നിവയാണ്

ജി.സുധാകരൻ

കഴിഞ്ഞ ദിവസം ചേർത്തലക്കടുത്ത് കരിക്കാട് എന്ന സ്ഥലത്ത്  എ.കെ.ജി വായനശാലയുടെ അമ്പതാം വാർഷികത്തിൽ പങ്കെടുക്കാൻ പോയി.
മുൻ മന്ത്രി ജി സുധാകരനായിരുന്നു ഉദ്ഘാടകൻ.ഞാൻ മുഖ്യ പ്രഭാഷകനും.
സുധാകരൻ ഇങ്ങനെ പറഞ്ഞു: ചിലർ രാത്രിയിലെ ചാനൽ ചർച്ചകൾക്കായി സ്ഥിരം വരുകയാണ്.ഇതൊരു തൊഴിൽ ആയിരിക്കുന്നു.
ഇടതുപക്ഷത്തുള്ള ചിലർ പകൽ ഉപയോഗിച്ച വസ്ത്രം മാറ്റി നീലയോ വയലറ്റോ നിറമുള്ള വേഷം ധരിച്ച് എത്തുകയാണ്. ഇതൊന്നും പാർട്ടിയുടെ അനുവാദത്തോടെയല്ല എന്നതാണ് പരമാർത്ഥം.ഇതുകൊണ്ട് രണ്ട് വോട്ട് കൂടുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി; രണ്ട് വോട്ട് കുറയുകയേയുള്ളു.

ആനന്ദ്

ഹിംസകളെല്ലാം അരിച്ചരിച്ചെത്തി തളം കെട്ടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലേക്കാണെന്ന് ആനന്ദ് ഈയിടെ പ്രസംഗിച്ചത് എത്ര ശരി!.
യുക്തിരാഹിത്യം ഒരു മാലിന്യമായിമാറിയിരിക്കുന്നു.

ജീവിതം
എല്ലാം ജീവിതത്തേക്കാൾ വലുതാണ്. കാർ, ഫ്ലാറ്റ്, വീട്,ലൈംഗികത...
പ്രണയം
ആവശ്യമുള്ളവർ അവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും  അടുക്കളയിൽ അവരവർക്കാവശ്യമായ പ്രണയം പാചകം ചെയ്തെടുക്കേണ്ടതാണ്.


കെ.പി.നിർമ്മൽകുമാർ
കഥാകൃത്ത് കെ.പി.നിർമ്മൽകുമാർ സ്ഥിരമായി ട്വിറ്ററിൽ എഴുതുന്ന കുറിപ്പുകൾക്ക് ചാരുതയുണ്ട്.
അദ്ദേഹം സർഗ്ഗത്മകത, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ഗൗരവത്തോടെ പ്രതികരിക്കുന്നു.
ഈ വാക്യം ശ്രദ്ധിക്കൂ:മഹാപുരോഹിതൻ മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്ക് വേണ്ടിയും പ്രാർത്ഥികണം. നന്ദി പറയാൻ മാത്രം അവർ വിശാലഹൃദയർ അല്ലെങ്കിലും

കഥ
മനുഷ്യജീവിതം ഒരു കഥയല്ല, പുസ്തകവുമല്ല.

വായന
ഡോക്ടർമാർ, അദ്ധ്യാപകർ, എഞ്ചിനീയർമാർ, രാഷ്ട്രീയക്കാർ, തുടങ്ങിയവരെല്ലാം വായന അവസാനിപ്പിച്ചു.

2013
2013ലെ മൂന്ന് പ്രധാന നോവലുകൾ കൂടി ഇവിടെ അവതരിപ്പിക്കട്ടെ.
1)അറേബ്യയിലെ അടിമ

നിസാമുദ്ദീൻ റാവുത്തറുടെ'അറേബ്യയിലെ അടിമ' (ഗ്രീൻ ബുക്സ്) എന്ന കൃതി നമ്മുടെ നോവലിന്റെ ചരിത്രം വച്ച് നോക്കുമ്പോൾ പുതൊയൊരു പ്രമേയമാണ്.അതു അവതരിപ്പിക്കുന്നതിൽ ഈ എഴുത്തുകാരൻ ധീരത കൈവിടുന്നുമില്ല.അറേബ്യയിൽ അടിമകളുണ്ടോ?
അവരിൽ മലയാളികളുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്ക് റാവുത്തർ സ്വാനുഭവത്തിന്റെ ബലത്തിൽ ഉത്തരം നൽകുന്നുണ്ട്.

പ്രവാസി ജീവിതത്തിന്റെ മരുഭൂമിക്കാറ്റ് ഏറ്റ് ചുട്ടു പഴുത്ത കൃതിയാണിത്.സ്വാഭാവിക നിർവ്വികാരതയിലാണ് ഇതിന്റെ ശൈലി സാക്ഷാത്കാരം തേടുന്നത്.
ഒരു ഭാഗം ശ്രദ്ധിക്കുക:
അറബി, വാൾ ആകാശത്തിലെക്ക് ഉയർത്തി. കണ്ണീൽ സൂചി    തറച്ചതുപോലെ വിദേശികൾ കണ്ണു ചിമ്മി.പിന്നെ അത് മിന്നായം കണക്കെ താഴേക്ക് ആഞ്ഞു വീശീ.ബംഗാളിയുടെ കഴുത്തിലൂടെ വാൾ ചീറിപ്പോയി.തല ശിരസ്സിൽ നിന്ന് വേർപെട്ട് നിലത്തുരുണ്ടു. തലയറ്റ ശരീരം മുന്നിലേക്ക് മറിഞ്ഞു. കഴുത്തിലൂടെ രക്തം ചീറ്റിയൊഴുകി.വാളിൽ നിന്ന് രക്തം ഇറ്റു വീണു.അറ്റ ശിരസ്സിലെ കണ്ണും നാക്കും പുറത്തേക്ക് തള്ളി.

2)ഒരു പ്രവാസിയുടെ ഇതിഹാസം

ബാലഗോപാലന്റെ 'ഒരു പ്രവാസിയുടെ ഇതിഹാസം' വലിയൊരു ലോകം നമുക്ക് തുറന്നു തരുകയാണ്. അരനുറ്റാണ്ടുകാലത്തെ കുവൈറ്റ് അനുഭവങ്ങളുടെ സംഘാതമാണ് ഈ കൃതിയെ മികവുറ്റതാക്കുന്നത്.ബാലഗോപാലൻ ചരിത്രത്തിന്റെ സാക്ഷിയാണ്. സമ്പന്നതയുടെ വീര്യവും നെറികേടിന്റെ കയ്പും അദ്ദേഹം നേരിൽ കണ്ടു.ഒരു ഭരണകൂടം പതിക്കുന്നത് അതിന്റെ അധാർമ്മികമായ ആദർശ വ്യതിചലനത്തിലും ആശയപരമായ വ്യഭിചാരത്തിലും ആണെന്ന് ഈ നോവൽ തുറന്നു തന്നെ പറയുന്നു.മനുഷ്യൻ അധികാരത്തിന്റെയും ധൂർത്തിന്റെയും പശ്ചാത്തലത്തിൽ വിലകെട്ടവനും മൂഢനുമാണെന്ന് നോവലിസ്റ്റ് വിശദീകരിച്ചുതരുന്നു.

സദ്ദാം ഹുസൈന്റെ ദുഷ്ചെയ്തികൾ എന്താണെന്ന് ബാലഗോപാലനു നന്നായറിയാം. കാരണം സദ്ദാമിന്റെ കുവൈറ്റ് ആക്രമണം നേരിൽ കണ്ടിട്ടിട്ടുണ്ട് അദ്ദേഹം.ഏതു സമയവും ബോംബുപൊട്ടി മരിച്ചു വീഴാവുന്ന ഒരു കാലത്ത് രോഗമോ പരാധീനതയോ  ഒന്നും നോക്കാതെ ആളുകൾ കുടിച്ചുകൂത്താടുമെന്ന് ഈ നോവലിൽ ഒരിടത്ത് പറയുന്നുണ്ട്.
നോവലിലെ ഈ ഭാഗം സത്യത്തെ വെണ്മയിൽ മുക്കി എഴുതിയതാണ്:കുർദ്ദികൾക്കും, ഷിയാകൾക്കും അർഹമായ അംഗീകാരവും അധികാരവും കൊടുക്കാമെന്ന് വാഗ്ദാനം(സദ്ദാം) ചെയ്തു.പകരം കൊടുത്തത് കുർദ്ദികളുടെയും ഷിയാകളുടെയും നേർക്ക് വിഷവാതക പ്രയോഗവും , കൂട്ട നരഹത്യയുമായിരുന്നു.സ്റ്റാലിന്റെ അതേ നയം തന്നെ.സദ്ദാമിന്റെ ധൂർത്തുകൊണ്ട് ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾ വൈദ്യസഹായമില്ലാതെ മരിച്ചു വീണു.ഒരു തലമുറയ്ക്ക്  പുസ്തകങ്ങൾക്ക് പകരം തോക്കു കൊടുത്തു.വരാനുള്ള പല തലമുറകളുടെ തലയിലും എടുത്താൽ പൊങ്ങാത്ത കടഭാരം കയറ്റിവച്ചു.

മലയാളികളുടെ പ്രവാസരചനകളുടെ കൂട്ടത്തിൽ ബാലഗോപാലന്റെ ഒരു പ്രവാസിയുടെ ഇതിഹാസം (കറന്റ് ബുക്സ്, കോട്ടയം)അസാധാരണമായ ജീവിതലോകം സൃഷ്ടിക്കുകയാണ്.
3)മച്ചാട് ടാക്കീസ്

പുതു തലമുറയിലെ ശ്രദ്ധേയനായ നോവലിസ്റ്റാണ് പി.രഘുനാഥ്.
അദ്ദേഹത്തിന്റെ 'ഹിമസാഗരം' എന്ന നോവൽ (ഡി.സി.ബുക്സ്)എന്നെ ആകർഷിക്കുകയും ചെയ്തു. ഇപ്പോൾ രഘുനാഥ് 'മച്ചാട് ടാക്കീസ്' എന്ന നോവലിലൂടെ ഭാഷയിലും  കരവിരുതിലും  കലാപരമായ വ്യക്തിത്വം കണ്ടെത്തുന്നതിൽ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ആഹ്ലാദിക്കുകയാണ്.
നോവൽ  എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാവണം. ഈ സ്വാതന്ത്ര്യത്തെപ്പറ്റി അറിയുന്നവനു മാത്രമേ നോവലിനെ സമീപിക്കാൻ കഴിയുകയുള്ളു.അതിന്റെ നിർമ്മാണം എല്ലാത്തരം രൂപപരമായ മുൻ ധാരണകളിൽ നിന്നുമുള്ള വിടുതൽ ആയി ഉൾക്കൊള്ളേണ്ടതാണ്.ഒരു ഗ്രാമ ജീവിതത്തിന്റെയുള്ളിലെ നാടകീയതയ്ക്ക് ഐതീഹ്യത്തിന്റെയും ഗോത്രാനുഭവത്തിന്റെയും ചായങ്ങൾ നൽകുകയാണ് പി രഘുനാഥ്.
ഏത് സംഭവത്തെയും നാടോടിക്കഥയിലെ അവിശ്വസനീയതകൊണ്ട് കൂടുതൽ സാരപൂർണ്ണമായി വിലയിരുത്താൻ കഴിയും. അതാണ്  രഘുനാഥ് ചെയ്തിരിക്കുന്നത്.

ബി അരുന്ധതി


 








 ബി അരുന്ധതി 'പറഞ്ഞു തീരാത്ത വിശേഷങ്ങൾ' എന്ന ചിത്രത്തിനു വേണ്ടി 'മനസ്സേ പാടു നീ' എന്നൊരു ഗാനം (സംഗീതംഎം.ജയചന്ദ്രൻ)ആലപിച്ചിട്ടുണ്ട്.ഒരു ചാനലിൽ അരുന്ധതി തന്നെ അതു പാടിക്കേട്ടപ്പോൾ എനിക്ക് സ്വപ്നാത്മകമായ ഒരു ലയം അനുഭവപ്പെട്ടു. ഈ ഗായിക നമ്മുടെ ശാബ്ദിക ലോകത്തിനു പുതിയ  തലം സമ്മാനിച്ചു എന്ന് ഞാൻ എഴുതി. മാത്രമല്ല, ഈ പാട്ട് എന്റെ മൊബൈലിൽ സൂക്ഷിക്കുകയും ചെയ്തു, യാത്രയ്ക്കിടയിൽ വല്ലപ്പോഴും കേൾക്കാൻ  വേണ്ടി.
എന്റെ കുറിപ്പ് അക്ഷരജാലകത്തിൽ വായിച്ച അരുന്ധതി  നമ്പർ തേടിപ്പിടിച്ച് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു:ഹരികുമാർ എഴുതിയത് ഞാൻ കണ്ടിരുന്നില്ല. ഒരു സഹപ്രവർത്തക പറഞ്ഞപ്പോഴാണ് അറിഞ്ഞത്.ശരിക്കും ഞാൻ അതിശയിച്ചുപോയി. ഒരു പരിചയവുമില്ലാതിരുന്നിട്ടും ഇങ്ങനെയൊക്കെ  എഴുതിയല്ലൊ.വാസ്തവത്തിൽ ഹരികുമാറിന്റെ പരാമർശം  എനിക്ക് പത്മശ്രീ കിട്ടുന്നതിലും  ഉപരിയാണ്.ഇതു സംഗീതത്തിനുള്ള അവാർഡാണ്.

എന്റെ സ്വപ്നാനുഭവത്തെപ്പറ്റിയും അരുന്ധതി പ്രതികരിച്ചു. 'ഗായകർക്ക് , ശരിക്കു പറഞ്ഞാൽ പാട്ട് ആസ്വദിക്കാൻ പറ്റാറില്ല. കാരണം അവരുടെ മനസ്സ് സംഗീതത്തിന്റെ സാങ്കേതിക തികവിലായിരിക്കും. ശ്രുതി, സംഗതി തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ നീങ്ങും. എന്നാൽ  ആസ്വാദകൻ ഒരു ആധിയുമില്ലാതെ അത് ശരിക്ക് ഉൾക്കൊള്ളുന്നു. അവൻ അത് സ്വന്തം സ്വപ്നമായി അനുഭവിക്കുന്നു.
അരുന്ധതിയുടെ വാക്കുകൾ അവരുടെ ഉന്നതമായ മനുഷ്യത്വവും സംസ്കാരവും കാണിച്ചുതരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷമാണിത്. അവർക്ക് വേണമെങ്കിൽ അത് അവഗണിച്ച് മിണ്ടാതിരിക്കാമായിരുന്നല്ലോ. എന്നാൽ അവർ ഒരു യഥാർത്ഥ കലാകാരിയും ഗായികയും മനസ്സിന്റെ നന്മയിൽ സമ്പന്നയുമാണ്. അവർ ഇങ്ങനെ പാടിയില്ലെങ്കിലേ അത്ഭുതമുള്ളു. എന്നെ അതിശയിപ്പിച്ച ആ ഗാനം ഇവിടെ കേൾക്കാം.

വി സുബ്രഹ്മണ്യൻ

പ്രമുഖ പത്രപ്രവർത്തകനായ വി സുബ്രഹ്മണ്യൻ റിട്ടയർമെന്റിനു ശേഷം തുടങ്ങിയ 'സാഫല്യം' മാസിക 2008 മുതൽ നടന്നു വരികയാണ്.പുതിയ എഴുത്തുകാർക്ക് രചനകൾ പ്രകാശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്ന സുബ്രഹ്മണ്യൻ അന്താരാഷ്ട്ര സംഭവങ്ങളും രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തകളും മാസികയിൽ ചേർത്ത് സമകാലീനമാകുന്നു. പേരുകേട്ട പല മാഗസിനുകളും സ്വജനപക്ഷപാതിത്വത്തിലേക്കും അലസതയിലേക്കും നിപതിച്ച ഈ കാലത്ത് സുബ്രഹ്മണ്യന്റെ ഒറ്റയാൻ പരിശ്രമങ്ങളെ വലിയ മാർക്കു കൊടുത്ത് ആദരിക്കണം.
അദ്ദേഹം ഇന്ന് സ്വന്തം മാസികയുടെ എല്ലാമാണ്.
ഒരു വിഷയം മനസ്സിലാക്കുന്നതിലുള്ള ആർജ്ജവമാണ് സുബ്രഹ്മണ്യനെ വ്യത്യസ്തനാക്കുന്നത്.അതുപോലെ മതേതരത്വത്തിലുള്ള അടിയുറച്ച നിലപാടും  സമഭാവനയും പുരോഗമന കാഴ്ചപ്പാടും അദ്ദേഹത്തിനു ഉല്പതിഷ്ണു എന്ന നിലയിലുള്ള ഉയർന്ന വ്യക്തിത്വം നേടിക്കൊടുത്തിരിക്കുന്നു.




സി ഐ സി സി ജയചന്ദ്രൻ
ഫേസ്ബുക്കറും പുസ്തകപ്രസാധകനും നടനും സാംസ്കാരിക പ്രവർത്തകനുമായ സി ഐ  സി സി ജയചന്ദ്രൻ എറണാകുളത്തെ സ്നേഹക്കൂട്ടായ്മകളുടെ നിത്യ സാന്നിദ്ധ്യമാണ്. പ്രസ് ക്ലബ്ബ് റോഡിലെ, അദ്ദേഹത്തിന്റെ ബുക് ഹൗസിൽ  ചെല്ലാത്ത എഴുത്തുകാരില്ല. അത് വെറുമൊരു പുസ്തകശാലയല്ല. എഴുത്തുകാരുമായി സ്നേഹസംവാദം നടത്താനും അവരിലൊരാളായി  ഇടപെടാനും മനസ്സുള്ള വ്യക്തിത്വമാണ് ജയചന്ദ്രൻ. എറണാകുളത്ത് ജയചന്ദ്രന്റെ  പുസ്തകശാല  മാത്രമാണ് അത്തരൊമൊരു ബന്ധത്തെ ഇന്നും അനശ്വരമാക്കുന്നത്.പണ്ട് ബഷീറിന്റെ കടയിൽ സി ജെ തോമസും എം. പി പോളും മറ്റും വന്ന് സൃഷ്ടിച്ച സാഹിത്യ പ്രവർത്തനത്തിന്റെ ആശയ സമന്വയവും സമഭാവനയുമാണ് ജയചന്ദ്രൻ എന്ന നല്ല മനുഷ്യൻ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.
സി ഐ സി സി ഒരു മമതയുടെ സംഭാഷണവും ആത്മീയ ശൂന്യതയുടെ കാലത്തെ തണൽ മരവുമാണ്.വലിയ മാളുകളിൽ ചെന്ന് വില കൊടുത്ത് പുസ്തകം വാങ്ങുമ്പോഴുള്ള  നിർവ്വികാരത ഒരു ഫാഷനായി തീർന്നിട്ടുണ്ടെങ്കിൽ , അതിൽ സി ഐ സി സിക്ക് ഒരു പങ്കുമില്ല.തന്നോടൊപ്പം ഈ തണലും സ്മരണകളും നിലനിൽക്കട്ടെയെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

എ വേദിക് ലൈഫ്
  വൈദിക കാലഘട്ടത്തിലെ അറിവിനെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണ് പവൻ കന്വാറിന്റെ ' എ വേദിക് ലൈഫ്-ദ് പ്രാക്ടിക്കൽ ഫിലോസഫി ഓഫ് നേച്ചർ . ന്യൂ ദൽഹിയിലെ ന്യൂ ഏജ് ബുക്സാണ്( EMAIL: nab@vsnl.in, WEB: www.newagebooksindia.com) പ്രസാധകർ.
പത്തു ഭാഗങ്ങളിലായി വേദാന്ത തത്വചിന്ത, സാംഖ്യ ദർശനം, മന്ത്രം, ദേവന്മാർ, വിജ്ഞാനം, ആയൂർവ്വേദം, ജ്യോതിഷം, യോഗ, തന്ത്രം, യജ്ഞം എന്നിവയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് സത്യം പുറത്തെടുക്കുന്നു.തന്ത്രത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ഗ്രന്ഥകാരൻ ഇങ്ങനെ അറിയിക്കുന്നു: In order to do this it (Thantra) aims to experience the bliss of reality in manifestation not by an intellectual approach, but by uniting with the deepest essence of manifestation via the Prana and Shakti present in it.

 ടി.എ.ശശി

ടി.എ.ശശിയുടെ ഒരു ദിനം( മലയാളസമീക്ഷ ഡോട്ട് കോം)എന്ന കവിത,വ്യക്തിപരവും വൈകാരികവും വിധ്വംസകവുമായ രീതിയിൽ പ്രകൃതിയെ നോക്കി കാണുകയാണ്.ഒരു കവി ജീവിക്കുന്നത് ഇങ്ങനെയാണ്:
മേഘങ്ങളോ
മുറിവുകളിൽ നിന്നും
ഒഴുകിയ പഴുപ്പും ചോരയും പറ്റിയ
പഞ്ഞിക്കെട്ടുകളായ്..
ഭൂമിയിപ്പോൾ എത്ര വേഗം
മുറിവുകളാൽ കറുക്കപ്പെട്ട
ഒരു മരമായ്  വളരുന്നു..!!.

എ .ജി. ഒലീന


നിരൂപകയും പ്രഭാഷകയുമായ എ.ജി.ഒലീന എഴുതിയ(ഒരുമ മാസിക , ഡിസംബർ ലക്കം)'കളിമണ്ണിൽ വിരിഞ്ഞത് കവിതയല്ല ' എന്ന ലേഖനം കാപട്യത്തെ തട്ടിത്തകർക്കുന്ന , ജീർണ്ണമൂല്യങ്ങളെ തീവച്ചു നശിപ്പിക്കുന്ന സർഗാത്മകമായ വീക്ഷണത്തിനു ഉദാഹരണമാണ്.
ഇന്ന്  വൻ മൂലധനശക്തികളും അധികാര ദല്ലാളന്മാരുമാണ് കലയുടെ ഉള്ളടക്കം നിശ്ചയിക്കുന്നത്.
ഒലീന എഴുതുന്നു:മൂലധനത്തിന്റെ മദിരോൽസവം അനേകം മോഹന ദൃശ്യങ്ങളുടെ അകമ്പടിയോടെ ദൃശ്യമാധ്യമങ്ങളിൽ ഒഴുകിപ്പടരുമ്പോൾ രതിയും ഭക്ഷണവും രണ്ട് ഉൽപ്പന്നങ്ങളായി നമ്മുടെ മാധ്യമങ്ങൾക്ക് വിഭവമൊരുക്കുന്നു.

കെ.എം.രാധ

മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇണജ്വാല മാസിക(ഡിസംബർ)യിൽ കഥാകാരി കെ.എം.രാധ എഴുതിയ ലേഖനം(എം.കെ.ഹരികുമാർ വിമർശിക്കപ്പെടുന്നു, )കവർ സ്റ്റോറിയായി വന്നിട്ടുണ്ട്.
അവർ എന്നെ വിമർശിക്കുകയല്ല, എന്നെ വിമർശിച്ചവർക്ക് രോഷത്തോടെ  മറുപടി പറഞ്ഞിരിക്കുകയാണ്. 
എനിക്ക് വേണ്ടി വാദിച്ച ആ സഹോദരിയെ ഞാൻ നമസ്കരിക്കുന്നു.

അവർ എഴുതുന്നു:വർഷങ്ങളായി മികച്ച പുസ്തകങ്ങളിലുടെ ,നല്ല സിനിമകളിലൂടെ ഉന്മാദിനിയായി സഞ്ചരിക്കുന്നവളുടെ പരിചയമാണ് ഇത്തരം നിഗമനങ്ങളിലെത്താൻ പ്രേരിപ്പിക്കുന്നത്.അതേ അനുഭവ സമ്പത്തു തന്നെയാണ് എം.കെ.ഹരികുമാർ ആർക്കും വക്കാലത്ത് പിടിക്കാതെ കൃതികളുടെ ഗുണ-ദോഷ വിചിന്തത്തിലൂന്നി നിരൂപണം നിർവ്വഹിക്കുന്നുവെന്ന് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

വാക്ക്
കവിതയിലെ വാക്കുകള്‍ക്ക്‌ വെളിയിലാണ്‌ യഥാര്‍ത്ഥ കവിത.

സെക്സിനെപ്പറ്റി വൂഡി അല്ലൻ












സെക്സും മരണവും തമ്മിലുള്ള വ്യത്യാസം ഇതാണ്:മരണത്തിൽ നിങ്ങൾ തന്നെയാണ്. അപ്പോൾ ആരും നിങ്ങളെ നോക്കി ചിരിക്കുന്നില്ല

ആൽബേർ കമ്യു എഴുത്തുകാരനെപ്പറ്റി











ഒരു സംസ്കാരത്തെ നശിക്കാതെ രക്ഷിക്കുക എന്നതാണ് എഴുത്തുകാരന്റെ ലക്ഷ്യം


പേജ് രണ്ട്

AKSHARAJALAKAM, LAKKAM 8, PAGE 2,DEC 22-29/2013



 ലക്കം 8,പേജ് രണ്ട്















Many contemporary authors drink more than they write.
Maxim Gorky, റഷ്യൻ എഴുത്തുകാരൻ


 













Words do not express thoughts very well. They always become a little different immediately after they are expressed, a little distorted, a little foolish.” 
Hermann Hesse,ജർമ്മൻ എഴുത്തുകാരൻ

എഴുത്തിന്റെ ദുർഗ്രഹത; എഴുത്തുകാരന്റെയോ ലോകത്തിന്റെയോ?

അമേരിക്കൻ എഴുത്തുകാരിയായ ദെബോറ ഐസൻബെർഗ്(Deborah Eisenberg) തന്റെ മുന്നിലുള്ള  സാഹിത്യപരമായ വിചാരങ്ങളുടെ  സമസ്യയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:
യാഥാർത്ഥ്യത്തിന്റെ വേഷപ്രച്ഛന്നത എനിക്കിഷ്ടമാണ്.പക്ഷേ , അതു ഭാഷാപരമോ ബൗദ്ധികമോ ആയ ഭ്രമാത്മകതയല്ല.എന്റെ പ്രശ്നം പരമാവധി വ്യക്തതയോടെ നൈമിഷികമായ,സാധ്യമായ ജീവിതാവസ്ഥയെ വിനിമയം ചെയ്യുക എന്നതാണ്.അതുകൊണ്ട്,ഏതെങ്കിലും ഘട്ടത്തിൽ എന്റെ ഭാഷയിൽ അവ്യക്തത വന്നു ഭവിച്ചാൽ അതു ഒഴിവാക്കാൻ ഞാൻ ശ്രമിക്കും.
ലോകം വളരെ ദുർഗ്രഹമാണ്.സംഭവിക്കുന്നതിലെല്ലാം പിടികിട്ടാത്ത എന്തെല്ലാമോ ഉണ്ട്.എന്നാൽ നിങ്ങൾക്ക് അതിനെ അഭിസംബോധന ചെയ്യണമെങ്കിൽ അങ്ങേയറ്റത്തെ സുവ്യക്തതയാവശ്യമാണ്.ഈ സുതാര്യതയുടെ കാര്യത്തിൽ എനിക്ക് എന്റേതായ നിയന്ത്രണമുണ്ട്.മനസിലാക്കാൻ  കഴിയുന്ന വാക്കുകളായിരിക്കും ഞാൻ ഉപയോഗിക്കുക.അതുകൊണ്ട് ശരിയായിട്ടുള്ള അവ്യക്തതയെ  അഥവ ദുരൂഹതയെ മറികടക്കാൻ എനിക്കു കഴിയും.


സ്പാനീഷ് സറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലി ഇത് വിശദീകരിക്കുന്നുണ്ട്.
കലയിൽ ചിന്താക്കുഴപ്പമാണ് വേണ്ടത്. അതേസമയം, തന്റെ കല നശീകരണോപാധിയാണ്. എന്നാൽ നശിപ്പിക്കപ്പെടുന്നത് നമ്മുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.വെറുതെ ചിന്താക്കുഴപ്പമുണ്ടാക്കാൻ ആർക്കും കഴിയും. അതല്ല കലാകാരൻ ചെയ്യേണ്ടത്. അവൻ ക്രമത്തോടെ, ഒരു വ്യവസ്ഥയുടെ ഭാഗമായി കാഴ്ചയെ അലങ്കോലപ്പെടുത്തണം.അവിടെ സർഗ്ഗാത്മകത സ്വതന്ത്രമാവണം.മനസ്സിനെ ഒന്നും തന്നെ പിന്നോട് പിടിച്ചു വലിക്കരുത്.പരസ്പരവിരുദ്ധമായ എന്തിനും മൂല്യമുണ്ട്. കാരണം അതു ജീവിതത്തിന്റെ തനി സ്വഭാവത്തെ പിന്തുടരുന്നു.'' You have to systematically create confusion, it sets creativity free. Everything that is contradictory creates life”

നമ്മുടെ നാട്ടിൽ , സാഹിത്യത്തിലും ചിത്രകലയിലും ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ചില രചനകൾ ണ്ടായത് ദുർഗ്രഹതയെപറ്റിയുള്ള  ഈ ഉന്നതമായ ആശയം അറിയാത്തതുകൊണ്ടാണ്.പ്രപഞ്ചത്തി
ന്റെ അതാര്യതയെ കണ്ട ശേഷം , അതു വ്യാഖ്യാനിക്കാനായി മറ്റൊരു ക്രമം ആരായുകയാണ്. ഇതാണ് എഴുത്തുകാരനെ അല്ലെങ്കിൽ കലാകരനെ സ്വകീയ സിദ്ധാന്തത്തിന്റെ വക്താവാക്കുന്നത്.

വ്യാമോഹം
ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.

 ടിം വൈസിന്റെ ക്രൂരതയുടെ സംസ്കാരം
അമേരിക്കൻ വംശവെറിക്കും സമ്പന്നരുടെ ചൂഷണത്തിനും എതിരെ സംസാരിച്ച് യുവതലമുറയുടെ പ്രശംസ നേടിയ പ്രഭാഷകനും എഴുത്തുകാരനുമായ ടിം വൈസിന്റെ പുതിയ പുസ്തകമാണ് കൾച്ചർ ഓഫ് ക്രൂവൽറ്റി .സിറ്റി ലൈറ്റ്സ് ആണ് പ്രസാധകർ.

വംശീയമായ വിഭജനങ്ങളും സാമ്പത്തികമായ ചേരിതിരിവുകളും പാവപ്പെട്ടവരെ പിശാചാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
ഇതാകട്ടെ ഭരണകൂടങ്ങൾ കാണുന്നുമില്ല.

വാർത്താ മാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്റെ ശബ്ദം മാത്രമേയുള്ളു.സ്വയം പര്യാപ്തത നേടിയവർ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി മധ്യമങ്ങളെയും അധികാരത്തെയും ഉപയോഗിക്കുന്നു. ഇതാകട്ടെ , ഭൂരിപക്ഷം വരുന്ന  സാധാരണക്കാരിൽ അസംതൃപ്തിയും അക്രമവാസനയും ഉണ്ടാക്കുന്നു.പണമുണ്ടാക്കാൻ കുറുക്കുവഴി  തേടാത്തവൻ കുറ്റവാളിയാക്കപ്പെടുകയാണ്.നന്നായി അദ്ധാനിച്ചാൽ ഒരാൾക്ക് മാന്യത കിട്ടുന്നില്ല.
ഒരു കാറില്ലെങ്കിൽ സുഹൃത്തിനെപ്പോലും കിട്ടുകയില്ല. ഇത് അമേരിക്കയിലെ മാത്രം കാര്യമല്ല. നമ്മുടെയും അവസ്ഥയാണ്.

വൈസ് സൂചിപ്പിക്കുന്നു, പണക്കാരായ വലിയവർ  വർഗ്ഗ വൈരുദ്ധ്യത്തെ നിലനിർത്താൻ ശ്രമിക്കുകയാണെന്ന്.
അമേരിക്കയിൽ ടിം വൈസിന്റെ ചിന്തകൾക്ക് നല്ല സ്വീകാര്യത ലഭിക്കുണ്ട്.
അവിടെ ഒരു സമാന്തര മാധ്യമസംസ്കാരം നിലനിൽക്കുന്നു എന്നതാണ് കാര്യം. വൈസിനെ ചാനലുകളും മറ്റ് മാധ്യമങ്ങളും കൂടെക്കുടെ അഭിമുഖം ചെയ്യുന്നത് അതുകൊണ്ടാണ്. ഇവിടെയാണെങ്കിൽ മാധ്യമങ്ങളെ സ്തുതിക്കുന്നവർക്ക് മാത്രമേ ഇടം ലഭിക്കൂ.

അധികാരമില്ലാത്തവരെ മാധ്യമങ്ങൾ തന്നെ ശവസംസ്കാരം ചെയ്തു കൊടുക്കും.എപ്പോഴും അധികാരവുമായി ബന്ധം നിലനിർത്തുന്നവരെയും പലതട്ടുകളിൽ കളിച്ച് സ്വന്തമായി അഭിപ്രായം ഒന്നും തന്നെ ഇല്ലെന്ന് തെളിയിക്കുന്നവരെയുമാണ്
മാധ്യമങ്ങൾ പുകഴ്ത്തുന്നത്.
അനുഭവം
ഇക്കാലത്ത്‌ എഴുത്തുകാരുടെ അനുഭവങ്ങള്‍ അവര്‍ പുസ്തകപരമായി വ്യാഖ്യാനിച്ചെടുക്കുന്നതാണ്‌.


ഇ ഹരികുമാറിന്റെ 50 വർഷങ്ങൾ

പ്രമുഖ സാഹിത്യകാരനായ ഇ ഹരികുമാർ  രചനയുടെ 50 വർഷങ്ങൾ പുർത്തിയാക്കിയിരിക്കുന്നു.
ഇതിന്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ സി.ഡി. ഈ ഡിജിറ്റൽ യുഗത്തിൽ എഴുത്തുകാർ എങ്ങനെയാണ്  സാങ്കേതിക വിദ്യ ഉപയോഗിച്ച് രചനകൾ ദീർഘകാലത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്നതെന്ന് പറഞ്ഞുതരുന്നുണ്ട്.ഹരികുമാറിന്റെ മുഴുവൻ രചനകളും അത് എങ്ങനെയാണോ അച്ചടിച്ചത് അതേരൂപത്തിൽ ഇതിൽ സംരക്ഷിച്ചിരിക്കയാണ്.
ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, അറിയാത്തലങ്ങളിലേക്ക് തുടങ്ങി ഒൻപത് നോവലുകളും ,കൂറകൾ, ദിനോസറിന്റെ കുട്ടി , ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ, തുടങ്ങി പതിനാല് കഥാസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇതിനു പുറമേ ഓരോ കൃതിയെപ്പറ്റിയുമുള്ള നിരൂപണങ്ങളും ഗ്രന്ധകാരനുമായുള്ള അഭിമുഖങ്ങളും ചേർത്തിട്ടുണ്ട്.
പ്രമുഖ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനായ ഹരികുമാറിന്റെ സാഹിത്യ സംഭാവനയ്ക്കൊത്തുള്ള ആദരവ് മാധ്യമങ്ങൾ കൊടുത്തിട്ടില്ല എന്നാണ് തോന്നുന്നത്. ഒരാളുടെ അദ്ധാനത്തെയും മൂല്യപരമായ അന്വേഷണത്തെയും വിലയിരുത്താൻ പറ്റിയ സാഹചര്യം ഇന്ന് നമ്മുടെ സാഹിത്യത്തിലില്ല എന്നത് ദുഃഖകരമാണ്.ഹരികുമാറിന്റെ 50 വർഷങ്ങൾ ഇവിടെ വായിക്കാം

രവിവർമ്മ തമ്പുരാൻ
കഥാകൃത്ത് രവിവർമ്മ തമ്പുരാന്റെ രവിവാരം എന്ന ബ്ലോഗിൽ, ഇത്തവണ പുതിയ ചില എഴുത്തുകാരുടെ മികച്ച രചനകളെ പരിചയപ്പെടുത്തുന്നു.

പൊതുവെ കഥാകൃത്തുക്കൾ ചെയ്യാത്ത പ്രവൃത്തിയാണിത്.അരുൺ ആർഷയുടെ 'ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി' എന്ന നോവലിനെപ്പറ്റി രവിവർമ്മ എഴുതുന്നു:ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം  അരുൺ  ഈ പുസ്തകം അയയ്ക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല, ഒരോ വാചകത്തിലും ജിജ്ഞാസയുടെ കാന്തമുനകൾ ഉറപ്പിച്ച ഒരു മനോഹര രചനയായിരിക്കും എന്ന്. ഹിറ്റ്ലറുടെ ജൂതവേട്ടയുടെ നാളുകളിൽ ഇരകളുടെ പ്രതിനിധിയായി, അതിശക്തമായി ചെറുത്തുനിന്ന ഒരു ജൂതപോരാളിയുടെ സംഘർഷനിർഭരമായ ജീവിതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് അരുൺ. നോവലിന്റെ സമസ്ത ഭംഗികളോടെയും നമുക്കിതു വായിക്കാം. വായന തുടങ്ങിയാൽ പൂർത്തിയാക്കാതെ പുസ്തകം താഴെ വയ്ക്കാൻ കഴിയാത്ത അനുഭവം.
മറ്റൊരിടത്ത് അദ്ദേഹം മറ്റു നവ എഴുത്തുകാരെയും പരാമർശിക്കുന്നു:അതിപ്രശസ്തരല്ലാത്തവരുടെ രചനകൾ സന്തോഷം പകർന്ന 2013 ലെ മറ്റു ചില അനുഭവങ്ങളും ഉണ്ട്. സിയാഫ് അബ്ദുൽ ഖാദറിന്റെ ആപ്പിൾ, കെ.ആർ മനോരാജിന്റെ 'ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക' സുരേഷ് വർമയുടെ 'ഗാന്ധി ചിക്കൻസ്' എന്നീ കഥാസമാഹാരങ്ങളും  ഇടക്കുളങ്ങര ഗോപന്റെ 'കൊല്ലിസൈക്കിൾ' എന്ന കവിതാ സമാഹാരവും അക്കൂട്ടത്തിൽപ്പെടുന്നു. ഒറ്റക്കഥകളിലൂടെ ജി.നിധീഷ്, ഹർഷ മോഹൻ, ലാസർ ഷൈൻ, അബിൻ ജോസഫ്, അമൽ തുടങ്ങിയവരും വിസ്മയങ്ങൾ തന്നു.

യാഥാർത്ഥ്യം
യാഥാര്‍ത്ഥ്യം ഏേത്‌ നിമിഷവും തകര്‍ന്ന് വീഴാവുന്ന കൂടാരമാണ്‌.

ബിജു സി നാഥ്

ബിജൂ സി നാഥ്  ഫേസ് ബുക്കിലെഴുതിയ 'എന്നിനി പുലരി വരും' എന്ന കവിത ഈ കാലത്തിന്റെ നേർക്ക് അമർഷവും പരിഹാസവുമാണ് തൊടുത്തു വിടുന്നത്. എല്ലാ കവികളും നീതിക്ക് വേണ്ടി നിലകൊള്ളണം.അതാണ് വേണ്ടത്. എന്നാൽ പലരും നിശ്ശബ്ദത പാലിക്കുകയാണ്.
ബിജുവിന്റെ വാക്കുകൾ:
പിച്ചിചീന്തുന്ന പെണ്ണുടലിനെ നോക്കി
തൊണ്ട പൊട്ടുന്നവര്‍ നാം,
നിയമത്തിന്റെ കയ്യിലേക്ക്
വേട്ടക്കാരനെ എത്തിച്ചു
അടുത്ത ഇരയിലേക്ക് പോകും
സാമൂഹ്യജീവികള്‍ നാം .

മണ്ണും മനുഷ്യനും
തിന്നു തീര്‍ത്ത സൌമ്യയും
ജ്യോതിയുമെല്ലാം ഓർമ്മകൾ ,
വെറും ഓര്‍മ്മപ്പെടുത്തലുകള്‍

മെഴുകുതിരികള്‍ കൊളുത്തിയും
ഓര്‍മ്മക്കുറിപ്പുകള്‍ കൊടുത്തും
യുവത്വം മരിച്ചു വീഴുന്നു തെരുവുകളില്‍
ലഹരിനുരയുന്ന ബാല്യം പോലെ ,
മെനോപാസം ബാധിച്ച
ഫെമിനിസം
ചുരുണ്ട് കിടക്കുന്നുണ്ട്
രാജവീഥികളിലെ മണ്‍തിട്ടകളില്‍ .

ശീമപ്പന്നികളെ പോലെ
നീതി തീറ്റിപോറ്റുന്നുണ്ട്
ചാമിമാരെ മൂന്നുനേരം മുടങ്ങാതെ
എല്ലാ ദിനവും .

ഗ്രാമങ്ങളുടെ കൂനംപാലചുവടുകളില്‍
പെണ്ണുടയാടകള്‍ നായ നക്കുമ്പോള്‍
നഗരങ്ങളുടെ ശീതവനങ്ങളില്‍
ദുര്‍മേദസ്സുകള്‍ നുണഞ്ഞിറക്കുന്നു
മുയല്‍ക്കുഞ്ഞുങ്ങള്‍ തന്‍ കരളുകള്‍ .

സുധാകരൻ ചന്തവിള


അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങൾക്ക് തിരുവനന്തപുരം സ്ഥിരംവേദിയാകുന്നത് ശരിയല്ലെന്നും മറ്റ് പ്രധാന നഗരങ്ങളെക്കൂടി പരിഗണിക്കണമെന്നും  കവിയും ഒരുമ പത്രാധിപരുമായ സുധാകരൻ ചന്തവിള(ഒരുമ,ഡിസംബർ , email:orumamonthly@gmail.com) അഭിപ്രായപ്പെടുന്നു. അടുത്ത് നിൽക്കുന്നവരുടെ വർത്തമാനങ്ങളാണ് ഭരണാധികാരികൾ  കൂടുതലും കേൾക്കുക. മറിച്ചൊന്ന് ചിന്തിക്കണമെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന ഭീതി ഉണ്ടാകണം.

സുധാകരൻ ഒരു പക്വമായ ബോധത്തോടെ ഈ വിഷയത്തെ സമീപിച്ചു കണ്ടതിൽ സന്തോഷമുണ്ട്.




എം ആർ വിബിൻ

എം. ആർ വിബിൻ എഴുതിയ 'ഇതുപോലൊരു വീട്'(ഫേസ്ബുക്ക്) എന്ന കവിത ഒരു തുറന്നു പറച്ചിലും, കാവ്യാത്മകമാകാൻ മടിച്ച വീട് എന്ന ഭാവനയെ മൂർത്തമായി തേടിപ്പിടിക്കലുമാണ്:വീടുകൾ മനസ്സിലാണുള്ളത്. അതു ജീവനുള്ള വസ്തുവാണ്. 


അതിനെ പിടിച്ചെടുക്കാൻ കവി നന്നേ പരിശ്രമിക്കുന്നതു കാണാം.ഇതാ ആ വരികൾ:
അകച്ചുമരിന്റെ മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടിൽ.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.

അടപ്പില്ലാത്ത ചെപ്പിൽ,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകൾ.

കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍ നിന്ന് വെട്ടിവെച്ച
മുയല്‍ ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.

ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .

പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത് തിരിഞ്ഞുനടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.







 അക്ഷരജാലകം



നമ്മുടെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ എം.മുകുന്ദൻ അക്ഷരജാലകത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:അക്ഷരജാലകം വായിച്ചു. ഒരു നല്ല  മാസിക  വായിച്ച അനുഭവം അത് നല്കി.അത് വളരെ മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു. കണ്ണിനു സുഖം നല്കുന്നു.

 എന്നും സാഹസികമായി , പരീക്ഷണാത്മകത കൈവിടാതെ എഴുതി സ്വന്തം ലോകം നിർമ്മിച്ച മുകുന്ദന് നന്ദി പറയുന്നു.



ഫേസ്ബുക്കറും കവിയുമായ അസീസ്  നല്ലവീട്ടിൽ  അക്ഷരജാലകത്തെപ്പറ്റി എഴുതുന്നു:

പലരും പലതും മെയില്‍ ചെയ്യാറുണ്ട്.എന്നാല്‍ അക്ഷരജാലകം  എന്നും സൂക്ഷിച്ചു വയ്ക്കേണ്ട  സാംസ്കാരികമായ ഒരു ഈടുവെയ്പ്പു ആണ്.ഇടവേളകളില്‍ ഞാനിത് ധൈഷണികമായി വായിക്കും.നന്ദി.

പറവ

ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.
അതിന്റെ പേര് എനിക്കറിയില്ല
ഒരു പരമ്പരാഗത കവിക്ക്‌
അത്‌ കവിതയാണ്‌.
എന്നാല്‍ പക്ഷി  പാട്ട്‌
കേള്‍ക്കാന്‍ പോലും അശക്തമാണ്‌.
അതിന്‍റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍
എയ്തുവിട്ട കല്ല് തറച്ച്‌ ചോരയിറ്റുന്നുണ്ട്‌.
ഇല്ല ,കവിതയൊന്നുമില്ല
ഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്
നിര്‍ബന്ധമുണ്ട്‌.
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.
അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്‌, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍
കവികള്‍ വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന്
അതിന്‌ ഇതിനോടകം മനസ്സിലായിട്ടുണ്ട്‌.
ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപ്പോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ നല്ലതല്ല . 

പേജ് ഒന്ന്

AKSHARAJALAKAM

AKSHARAJALAKAM/