Monday, July 14, 2014

ലൂക്ക്‌ ജോർജ്‌ - പുതിയ നായക സങ്കൽപം


ഡോ.പോൾ മണലിൽ

ജലഛായയെപ്പറ്റി ഡോ. പോൾ മണലിൽ എഴുതുന്നു


    വരുംകാലങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ഒരു രചനയായിരിക്കും എം.കെ.ഹരികുമാറിന്റെ 'ജലഛായ' എന്ന നോവൽ. ഒരു നിരൂപകൻ നോവലിസ്റ്റായി മാറിയതുകൊണ്ടല്ല ഈ കൃതി ചർച്ചചെയ്യപ്പെടുക. 'ജലഛായ' നമ്മുടെ നോവൽ സങ്കൽപംതന്നെ പൊളിച്ചെഴുതിയിരിക്കുന്നു. നോവൽഘടനയുടെയും കഥാപാത്രങ്ങളുടെയും ശൈലിയുടെയും കാര്യത്തിൽ മാത്രമല്ല, മലയാളനോവലിലെ നായകസങ്കൽപം തന്നെ ഹരികുമാർ പൊളിച്ചെഴുതിയിരിക്കുകയാണ്‌. മാറുന്ന ഭാവുകത്വത്തിന്റെ പശ്ചാത്തലത്തിൽ ഇതെല്ലാം ചർച്ചചെയ്യപ്പെടേണ്ടതാണ്‌. എന്നാൽ ഒരു പരീക്ഷണം എന്നു മുദ്രകുത്തി 'ജലഛായ'യെ നിരൂപകർ പാർശ്വവൽക്കരിക്കാൻ തുനിഞ്ഞാൽ ഇതിലെ കഥാപാത്രങ്ങൾ 'നിശ്ശബ്ദതയുടെ ജലച്ചായ'ത്തിൽ നിന്നും ഇറങ്ങിവന്ന്‌ അവരെ കോമാളിയെന്ന്‌ വിളിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകുന്നു! അതിനാൽ ഈ നോവൽ മുൻവിധികൾ കൂടാതെ വായിക്കുകയാണ്‌ വേണ്ടത്‌.
    സർഗ്ഗാത്മകതയും ബഹുസ്വരത നിറഞ്ഞു നിൽക്കുന്ന ഈ നോവലിൽ വായനക്കാരെ ആകർഷിക്കുന്ന രണ്ടു കഥാപാത്രങ്ങളുണ്ട്‌. പരമ്പരാഗത ശൈലിയിൽ അവർ നായകനും നായികയുമാണ്‌. എന്നാൽ ഞാൻ അവരെ കേവലം കഥാപാത്രങ്ങൾ എന്നു വിളിക്കുന്നു. ലൂക്ക്‌ ജോർജ്‌, ജോർദാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ കഥാപാത്രങ്ങളിലൂടെയാണ്‌ ജലഛായ നോവൽ രൂപം പ്രാപിക്കുന്നത്‌.


    'ജലഛായ'യിൽ നിറഞ്ഞു നിൽക്കുന്നതു ലൂക്ക്‌ ജോർജാണ്‌. ഈ കഥാപാത്രത്തെ നായകൻ എന്നു വിളിക്കാൻ ഞാൻ ധൈര്യപ്പെടില്ലെങ്കിലും  മലയാള നോവൽ സാഹിത്യചരിത്രത്തിൽ ലൂക്ക്‌ ജോർജിന്‌ ഒരിടം എം.കെ.ഹരികുമാർ കണ്ടെത്തിയിരിക്കുന്നു.
    ഇ.എം.ഫോസ്റ്റർ രണ്ടുതരം കഥാപാത്രങ്ങളെയാണ്‌ നോവലുകളിൽ നിരീക്ഷിച്ചിട്ടുള്ളത്‌. 'Aspects of the Novel' എന്ന പുസ്തകത്തിൽ ഫോസ്റ്റർ പറയുന്നതു, കഥാപാത്രങ്ങളെ flat characters, round characters എന്നിങ്ങനെ രണ്ടായി തരംതിരിക്കാമെന്നാണ്‌. നോവലിലെ വിവിധ സന്ദർഭങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോയാലും ചില കഥാപാത്രങ്ങൾ ആദ്യന്തം ഒരേ സ്വഭാവം വച്ചു പുലർത്തുന്നവരായിരിക്കും. അവർക്ക്‌ ഒരു മാറ്റവുമില്ല. അത്തരം കഥാപാത്രങ്ങളെയാണ്‌ flat characters  എന്നു വിളിക്കുന്നത്‌. എന്നാൽ നോവലിലെ വിവിധ സന്ദർഭങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോൾ ചില കഥാപാത്രങ്ങൾക്ക്‌ മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തിലൂടെയും വിവിധ സന്ദർഭങ്ങളിലെ അനുഭവങ്ങളിലൂടെയും ഈ കഥാപാത്രങ്ങൾ വികാസം ആർജ്ജിച്ച്‌ പൂർണ്ണത കൈവരിക്കുന്നു. അത്തരം കഥാപാത്രങ്ങളെ round characters എന്നു വിളിക്കുന്നു. സങ്കീർണ്ണ പ്രകൃതിക്കാരായ ഈ കഥാപാത്രങ്ങളാണ്‌ ഒരു നോവലിന്റെ മഹത്വം സൃഷ്ടിക്കുന്നത്‌.



    ഇ.എം.ഫോസ്റ്റർ സൂചിപ്പിച്ച തരത്തിൽ മലയാളത്തിൽ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്‌. കഥാപാത്രത്തിന്റെ പൂർണ്ണത മുൻനിർത്തി നോവലിന്റെ മഹത്വം നിശ്ചയിച്ചാൽ 'ഇന്ദുലേഖ'യിലെ നായകനായ മാധവമേനവൻ 'ഘാതകവധ'ത്തിലെ പുലയൻ പൗലോസിന്റെ മുമ്പിൽ ഒന്നുമല്ലെന്ന്‌ പറയേണ്ടിവരും. അതുപോട്ടെ!
    അതിനാൽ സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നമുക്ക്‌ കഥാപാത്രങ്ങളെയും നോവലിനെയും മറ്റും വിലയിരുത്താൻ കഴിയില്ല. അതിനൊരു ഉത്തമദൃഷ്ടാന്തമാണ്‌ എം.കെ.ഹരികുമാറിന്റെ ലൂക്ക്‌ ജോർജ്‌. ഈ കഥാപാത്രത്തെ വിലയിരുത്താൻ ഉദ്യമിക്കുമ്പോൾ അതൊരു പാഴ്‌വേലയാണെന്ന്‌ 'ജലഛായ'യിൽ നായികാപദവി അലങ്കരിക്കുന്ന ജോർദാൻ നിരീക്ഷിക്കുന്നുണ്ട്‌. ഇ.എം.ഫോസ്റ്റർ പറയുന്ന 'കഥാപാത്രം' തന്നെ അപ്രസക്തമാകുന്നു, 'ജലഛായ'യിൽ. ദുരന്തനാടകത്തിൽ കഥാപാത്രത്തെക്കാൾ പ്രസക്തം ഇതിവൃത്തമാണെന്നു അരിസ്റ്റോട്ടിൽ പറഞ്ഞ മട്ടിലല്ല 'ജലഛായ'യിൽ എം.കെ.ഹരികുമാർ കഥാപാത്രത്തിന്റെ പ്രസക്തിയും അപ്രസക്തിയും നിർവചിക്കുന്നത്‌.
    കഥാപാത്രങ്ങളെപ്പറ്റിയുള്ള ജോർദാന്റെ നിരീക്ഷണം കഥാപാത്രത്തിന്റെ അപ്രസക്തിയെപ്പറ്റിയാണ്‌ ചിന്തിപ്പിക്കുന്നത്‌! അതിങ്ങനെ:
"കഥാപാത്രങ്ങൾ നിലനിൽക്കണമെന്ന്‌ എന്തിന്‌ ചിന്തിക്കണം? കഥാപാത്രം ഭാഗികമായ വീക്ഷണമാണ്‌. അത്‌ മനുഷ്യന്റെ ലോകവും അവന്റെ ചിന്താഗതിയും ലക്ഷ്യവും മാത്രം ചിത്രീകരിക്കണമെന്ന്‌ നിർബന്ധമില്ല. കഥാപാത്രം സൂചന  മാത്രമാകാം. അതിലൂടെ മുന്നേറേണ്ടത്‌ വായനക്കാരാണ്‌. വായനക്കാരുടെ ആഗ്രഹങ്ങൾക്കൊത്ത്‌ കഥാപാത്രങ്ങൾക്ക്‌ പലവഴിക്ക്‌ പിരിയാം. കഥാപാത്രം മനുഷ്യസഹജമല്ല; അതു പ്രകൃതിയുടെ രഹസ്യങ്ങളിലേക്കുള്ള സങ്കേതമാണ്‌."


ഇ എം .ഫോസ്റ്റർ



 'ജലഛായ'യിലെ ലൂക്ക്‌ ജോർജിനെപ്പറ്റി ആലോചിക്കുമ്പോൾ നോവലിസ്റ്റിന്റെ ഈ കഥാപാത്രസങ്കൽപം വായനക്കാരെ ആകർഷിക്കുന്നു. കഥാപാത്രം കഥയിലെ ഒരു സൂചനമാത്രമാണ്‌. അതിനാൽ വായനക്കാരനാണ് അതിലൂടെ മുന്നേറേണ്ടത്‌. കഥാപാത്രം പ്രകൃതിയുടെ രഹസ്യങ്ങളിലേക്കുള്ള സങ്കേതമാണ്‌. അതിനാൽ കഥയിൽ കഥാപാത്രം എന്നൊന്നില്ല! ലൂക്ക്‌ ജോർജ്‌ ഒരു കഥാപാത്രമാണെങ്കിൽ 'ജലഛായ' വായിച്ചുകഴിയുമ്പോൾ ആ കഥാപാത്രം ഇല്ല. ലൂക്ക്‌ ജോർജ്‌ പ്രകൃതിയുടെ രഹസ്യങ്ങളിലേക്കുള്ള ഒരു വായനക്കാരൻ മാത്രമാണ്‌. ഈ കഥാപാത്രം മനുഷ്യസഹജമല്ല. അതിനാൽ ലൂക്ക്‌ ജോർജ്‌ ഇ.എം.ഫോസ്റ്ററിന്റെ വായനക്കാരൻ  മാത്രമാണ്‌. 'ജലഛായ'യിൽ പത്രപ്രവർത്തക കൂടിയായ ജോർദാൻ ഇങ്ങനെ എഴുതുന്നു:
"ലൂക്ക്‌ എന്ന വ്യക്തി, ഒരു പക്ഷെ ,നമ്മൾ ഓരോരുത്തരുമാകാം. നമ്മളിൽ ഇനിയും പിറക്കാത്ത മനുഷ്യനായിരിക്കാം."
    'ജലഛായ'വായിച്ചുകഴിയുമ്പോൾ, വായനക്കാർക്ക്‌ തോന്നുന്നത്‌, ലൂക്ക്‌ ജോർജ്‌ എന്ന മനുഷ്യൻ തന്നെ യഥാർത്ഥമാണോ എന്നാണ്‌.
    തോമസ്‌ ഹാർഡി 'മേയർ ഓഫ്‌ കാസ്റ്റർബ്രിഡ്ജ്‌' എന്ന നോവൽ എഴുതിയപ്പോൾ അതിനൊരു ഉപശീർഷകം നൽകി A story of a man of character'. ഈ ഉപശീർഷകം സൂചിപ്പിക്കുന്ന തരത്തിൽ ഈ നോവലിലെ നായകൻ ഹെൻചാർഡ്‌ സങ്കീർണ്ണമായ മനുഷ്യാവസ്ഥയും മനുഷ്യപ്രകൃതിയും അനാവരണം ചെയ്യുന്നു. 'ജലഛായ'യിൽ എം.കെ.ഹരികുമാർ അവതരിപ്പിക്കുന്ന ലൂക്ക്‌ ജോർജ്‌ ഇതേപോലെ സങ്കീർണ്ണമായ മനുഷ്യപ്രകൃതിയെ അനാവരണം ചെയ്യുന്നതിനൊപ്പം ഒരു ഭിന്നവ്യക്തിത്വത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ബഷീറിന്റെ മൂക്കൻ എന്ന കഥാപാത്രത്തെ ഓർമ്മവരുന്നു. ഭാഷയും പ്രമേയവും ആശയവും ഒന്നുമല്ല, കഥാപാത്രത്തിന്റെ ചിത്രീകരണമാണ്‌ പ്രധാനമെന്ന്‌ തോന്നിപ്പോകും വിശ്വവിഖ്യാതമായ മൂക്കനെയും ലൂക്ക്‌ ജോർജിനെയും കാണുമ്പോൾ ഇതേപോലെ കഥാപാത്രം കഥയെക്കാൾ വലുതാകുന്ന രചനകൾ മലയാളത്തിൽ വേറെയും ഉണ്ടായിട്ടുണ്ട്‌.'അരനാഴികനേര'
ത്തിലെ കുഞ്ഞോനച്ചൻ ഒരു ഉദാഹരണം. പാറപ്പുറത്തിനു മാത്രമെ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയൂ. കുഞ്ഞോനാച്ചൻ ഏകനും മകനുമായി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ എം.കെ.ഹരികുമാർ ലൂക്ക്‌ ജോർജിനെ അവതരിപ്പിക്കുന്നതു മറ്റൊരു തരത്തിലാണ്‌. ആ കഥാപാത്രം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ഹരികുമാർ പറയുന്നത്‌, ലൂക്ക്‌ ജോർജിന്‌ അനുഭവങ്ങൾ ഇല്ലെന്നാണ്‌! മിഥ്യയെ അറിഞ്ഞുകൊണ്ട്‌ സ്വീകരിച്ചാൽ അത്‌ അനുഭവമാകുമോ? അതിനാൽ ലൂക്ക്‌ ജോർജ്‌ എന്ന മനുഷ്യൻ തന്നെ യഥാർത്ഥമാണെന്നു തോന്നുകയില്ല.
    ലൂക്ക്‌ ജോർജിനെപ്പറ്റി ആലോചിക്കുമ്പോൾ ഗെയ്ഥേയുടെ ഫൗസ്റ്റിൻപ്പറ്റി ഓർത്തുപോകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ അനുഭവിക്കുന്ന അസ്വാസ്ഥ്യത്തിന്റെ അതിശക്തമായ രൂപഭാവങ്ങൾ ലൂക്ക്‌ ജോർജിൽ കാണുന്നതുപോലെ ഫൗസ്റ്റിലും കാണാൻ കഴിയുന്നു. ഫൗസ്റ്റിന്റെ മനസ്സിൽ നന്മതിന്മകളുടെ സംഘർഷമുണ്ട്‌. അതു അതിരൂക്ഷമാണ്‌. ഫൗസ്റ്റിന്റെ മനസ്സിൽ അതു ദർശിക്കാമെങ്കിലും ലൂക്ക്‌ ജോർജിന്റെ മനസ്സ്‌ നമുക്കു കാണാൻ കഴിയുന്നില്ല. ലൂക്ക്‌ എഴുതിയ 'നിശ്ശബ്ദതയുടെ ജലച്ചായം' എന്ന നോവലിനെ നായകനായ മനുവിനെപ്പറ്റി ജോർദാന്റെ ഒരു ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു:
"ഇന്നത്തെ അറിവുവച്ച്‌ ഒരാൾ സ്വന്തം കഥാപാത്രത്തിന്റെ ജാതകവും മനഃശ്ശാസ്ത്രവുമൊക്കെ വിവരിക്കുന്നതു സാഹസമായിരിക്കും."
    ലൂക്ക്‌ ജോർജ്‌ ഒരു കഥാപാത്രമാണെങ്കിലും ഒരു നോവലിസ്റ്റ്‌ എന്ന നിലയിൽ അയാൾ കഥാപാത്രങ്ങളെ ചമയ്ക്കുന്ന ഒരെഴുത്തുകാരനാണ്‌. അയാൾ വിശ്വാസിയല്ലെങ്കിലും ദൈവവചനം പ്രഘോഷിക്കുന്നു. എം.കെ.ഹരികുമാർ വ്യാഖ്യാനിക്കുന്നതു, ലൂക്ക്‌ ജോർജ്‌ മറ്റൊരാളുടെ വേഷം ചെയ്യുന്ന ഒരു വ്യക്തിയാണെന്നാണ്‌! ലൂക്ക്‌ പറയുന്നതും ചിന്തിക്കുന്നതും ആരുടെ ജീവിതമാണെന്ന്‌ വ്യക്തമല്ലെന്നാണ്‌ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന ജോർദാൻ പറയുന്നത്‌.
ഗൊയ്ഥെ

    എം.കെ.ഹരികുമാറിന്റെ നായകസങ്കൽപം ഒരു യാഥാർത്ഥ്യമായി സ്വീകരിച്ചാൽ, 'ജലഛായ'യിലെ നായകൻ ലൂക്ക്‌ ജോർജ്‌ തന്റെ കപടവും സത്യസന്ധവുമായ ദാർശനികഭാവത്തിൽ ബുദ്ധിപരമായ ഒരു പരിവേഷം കാഴ്ചവയ്ക്കുന്നു എന്നു പറയാൻ തോന്നുന്നു. എന്നാൽ ലൂക്ക്‌ ജോർജ്‌ വായനക്കാർക്ക്‌ ചിന്താപരമായ ഒരു സമസ്യയാണ്‌. തോമസ്‌ മാൻ എഴുതിയ The Holy Sinner'എന്നൊരു നോവൽ വിഖ്യാതമാണല്ലോ. അതിലെ കഥാപാത്രമായ ഗ്രിഗോറിയോസ്‌ വായനക്കാരുടെ മുമ്പിൽ ചിന്താപരമായ ഒരന്വേഷണം അവതരിപ്പിക്കുന്നതു പോലെയാണ്‌ ലൂക്ക്‌ ജോർജിന്റെ മട്ടും. എന്നാൽ ഇവിടെ ചിന്താപരമായ അന്വേഷണം ലൂക്കിന്റെ പൊരുത്തക്കേടിലാണ്‌ ചെന്നുനിൽക്കുന്നത്‌. ലൂക്ക്‌ ജോർജിനു തനിക്കു ചുറ്റുമുള്ള ലോകം ഒരു പ്രശ്നമല്ല. അയാളുടെ പ്രശ്നം സ്വന്തം മാനസികഭാവങ്ങളുമായുള്ള പൊരുത്തക്കേടാണ്‌. എന്നാൽ ഹെർമ്മൻ ഹെസ്സേയുടെ സിദ്ധാർത്ഥക്ക്‌ തന്റെ പൊരുത്തക്കേടിനെപ്പറ്റി ദുഃഖമുണ്ട്‌.  ആ ബോധം സിദ്ധാർത്ഥയെ വേദനിപ്പിക്കുന്നതായി നാം കാണുന്നു. ഇവിടെ ലൂക്ക്‌ ജോർജിൻ അത്തരമൊരു വേദനയില്ല. എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ അല്ലാതെ എന്തിനെ ഓർത്തു വേദനിക്കാനാണ്‌? അതിനാൽ എം.കെ.ഹരികുമാറിന്റെ ലൂക്ക്‌ ജോർജ്‌ കാൽപനികമായ വേഗാക്കൂറിന്റെ അടിമയാണ്‌. മലയാളത്തിലെ ആധുനികത ഇതാ ഇവിടെവരെ എത്തിനിൽക്കുന്നു എന്നു പറഞ്ഞാൽ കുറച്ചുപേരെങ്കിലും കൊഞ്ഞനം കുത്തുമെന്ന്‌ എനിക്കറിയാം.
    'ജലഛായ'യിലെ നായകൻ ലൂക്ക്‌ ജോർജ്‌ നായകസങ്കൽപത്തെ നിരന്തരമായി നിഷേധിക്കുന്ന വ്യക്തിയാണ്‌. നായകസങ്കൽപത്തിനു അർത്ഥമില്ലാതായിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ഒരു സുപ്രഭാതത്തിൽ നായകന്റെ കസേരയിൽ നിന്നു നിലംപതിക്കുമ്പോൾ മാത്രമെ നമ്മൾ സാഹിത്യത്തിലും സിനിമയിലും നായകൻ വേണ്ടായെന്ന്‌ ചിന്തിക്കൂ. എന്നാൽ കവികൾ, കഥാകൃത്തുക്കൾ, നോവലിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട സമകാലത്ത്‌ ജീവിക്കുന്ന നമുക്ക്‌ സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നുവേന്ന്‌ ചിന്തിക്കാൻ കഴിയുന്നില്ല. ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചിന്താപരമായ അന്വേഷണം നമ്മെ ഓർമ്മപ്പെടുത്തുന്നതു മനുഷ്യദർശനത്തിനു ഏറ്റുകൊണ്ടിരിക്കുന്ന ആഘാതത്തെപ്പറ്റിയാണ്‌. സമൂഹമല്ല വ്യക്തിയാണ്‌ പ്രധാനം എന്നു ചിന്തിക്കുന്ന അജ്ഞതയുടെ ഒരു സമാന്തരരേഖയെപ്പറ്റിയുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്‌ ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രം. വ്യക്തി പ്രധാനമാണെങ്കിലും വ്യക്തിപരമായ അനുഭവങ്ങൾ എന്നതുകൊണ്ട്‌ ഒന്നും അർത്ഥമാക്കാനില്ലെന്നാണ്‌ ലൂക്ക്‌ ജോർജ്‌ വെളിപ്പെടുത്തുന്നത്‌. മറ്റുള്ള ജീവികളുടെ അനുഭവം നിരീക്ഷിച്ചാൽ നമ്മുടെ അനുഭവമാകില്ല. അതിനെ  ഭാവനയായി കാണാനാണ്‌ ലൂക്കിന്‌ ഇഷ്ടം.
തോമസ് ഹാർഡി

    ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയപ്പോൾ അതിനു അന്ന്‌ എന്തെങ്കിലും ആദരവ്‌ ലഭിച്ചോ? അതുപോലെ 'ജലഛായ'ക്കും സംഭവിച്ചാൽ അത്ഭുതമില്ല. കാൽ നൂറ്റാണ്ട്‌ കഴിഞ്ഞ്‌ ഇതിനെപ്പറ്റി എന്തെങ്കിലും ചർച്ച നടന്നേക്കാം. അപ്പോൾ ലൂക്ക്‌ ജോർജിന്റെ ഈ പ്രസ്താവനയെപ്പറ്റിയും ചർച്ച ഉണ്ടാകാം. ഒരു കഥാപാത്രത്തിന്റെ അവസ്ഥയെപ്പറ്റിയാണ്‌ ലൂക്ക്‌ ജോർജ്‌ പറയുന്നത്‌. അതിങ്ങനെ; "അവൻ നിമിഷംതോറും, ജീവിക്കുന്നതിന്റെ സാധ്യതയും, ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും കണ്ണികളുമാണ്‌ ആരായുന്നത്‌. ഒരിടത്തും എത്തിച്ചേരാനില്ല. ഒന്നിനെയും ആസ്പദമാക്കാനില്ല. ഞാൻ നിശ്ചലവസ്തുവാണ്‌. എനിക്ക്‌ എന്നെത്തന്നെ നിരസിച്ചാലേ മറ്റൊന്നാകാൻ കഴിയൂ."
ബഷീർ

    ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രം അതിനാൽ പുതിയ ആശയത്തിന്റെ നിർമാതാവാണ്‌. സ്വയം നിരസിച്ചുകൊണ്ടാണ്‌ ലൂക്ക്‌ ജോർജ്‌ ഒരാശയത്തിന്റെ വ്യക്താവാകുന്നത്‌. എന്നാൽ ഒഴുക്കുള്ള നദിയിലെ ജലംപോലെ ലൂക്ക്‌ ഒരു സ്ഥിരം മനസ്സുള്ളവനല്ല. എപ്പോഴും നിരസിച്ചുകൊണ്ടിരിക്കുന്നു. ലൂക്കിന്റെ മനസ്സ്‌ അതിന്റെ സ്വത്വത്തിൽ നിൽക്കാതെ മാറിക്കൊണ്ടിരിക്കുന്നു. എം.കെ.ഹരികുമാറിന്റെ ഭാഷയിൽ, ലൂക്കിന്റെ മനസ്സ്‌ നിമിഷത്തിൽ സ്വയം നിരസിച്ച്‌ മറ്റൊന്നിനെ നിർമ്മിക്കുന്നു. പുതിയ ആശയങ്ങൾ ഇങ്ങനെയാണ്‌ ഉണ്ടാകുന്നത്‌.

AKSHARAJALAKAM

AKSHARAJALAKAM/