Wednesday, July 16, 2014

ജലഛായയുടെ മതിഭ്രമം

ജലഛായയെക്കുറിച്ച്  ഷീബ ഇ കെ  എഴുതിയ കുറിപ്പ്


 യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്നു വേര്‍തിരിച്ചെടുക്കാനാവാത്ത

ഒരു അസന്നിഗ്ദാവസ്ഥയാണ് ശ്രീ എം കെ ഹരികുമാറിന്റെ ആദ്യ നോവല്‍ -

ജലഛായ-വായിച്ചു തീര്‍ന്നപ്പോള്‍ ഉള്ളിലുടലെടുത്തത്.പുസ്തകത്തിന്റെ

ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുണ്ട് അതിലെ 90% എഴുത്തുകാരുടേയും

പുസ്തകങ്ങളുടെയും വിവരങ്ങള്‍ സാങ്കല്പികമാണ് .എന്നിരുന്നാലും

യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന മിഥ്യ,മിഥ്യയോടടുത്തു നില്‍ക്കുന്ന

യാഥാര്‍ത്ഥ്യം-അതു തന്നെയാണ് ജലഛായ നല്‍കുന്ന വായനാനുഭവം.

 ലൂക്ക് ജോര്‍ജ്ജ് എന്ന എഴുത്തുകാരനായ ഉപദേശി-

ഉപദേശിയാണെങ്കിലും അയാള്‍ പിഴച്ചവനുമാണ്-ഒരു നോവലെഴുതുന്നതിനായി

അയാളുമായി സംഭാഷണത്തിലേര്‍പ്പെടുന്ന ജോര്‍ദ്ദാന്‍ എന്ന

എഴുത്തുകാരി -അവരുടെ അഭിമുഖസംഭാഷണങ്ങളിലൂടെയാണ് നോവല്‍

കടന്നുപോകുന്നത്.കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഇരുണ്ട

ഏടുകളില്‍ ചിലത് ഈ സംഭാഷണങ്ങളിലൂടെ വെളിവാകുന്നുണ്ട്.നോവലിന്റെ

ആദ്യഭാഗങ്ങളില്‍ പരാമര്‍ശിച്ച കുരുമുളകുമരണങ്ങളും

അവസാനഅദ്ധ്യായങ്ങളിലെ മുലയുത്സവങ്ങളും ജന്മിത്വത്തിന്റേയും

കീഴാളാനുഭവങ്ങളുടേയും നേരെഴുത്തുകളാണ്.കുരുമുളകുമരണങ്ങള്‍ വായനക്കാരെ

അത്യന്തം അസ്വസ്ഥരാക്കാതിരിക്കില്ല.ക്രൈസ്തവതയുടെ വര്‍ത്തമാന-

ചരിത്ര-വിമര്‍ശനങ്ങള്‍ നോവലിലൂടനീളം പരാമര്‍ശിക്കപ്പെടുന്നുണ്ട്.കൂടാതെ

ആത്മീയത,ലൈംഗികത,ദാമ്പത്യം,സാഹിത്യം,ജന്തുജീവിതം,വൈദ്യം തുടങ്ങി

ഒട്ടേറെ തലങ്ങളെ സ്പര്‍ശിച്ചു വികസിക്കുന്ന രചനാരീതി പരമ്പരാഗത നോവല്‍

സങ്കല്‍പ്പങ്ങളില്‍ നിന്നു വിഭിന്നമാണ്.

നോവലിലൊരിടത്തു പറയുന്നു-

"ഭാരതത്തിലെ ആണുങ്ങളുടെ മനസ്സ് സ്ത്രീയെ ഉള്‍ക്കൊള്ളാനാവാത്ത

വിധം രാമനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.ഇന്ത്യന്‍ സ്ത്രീകള്‍ക്ക് രണ്ട്

മാര്‍ഗ്ഗങ്ങളേയുള്ളൂ.അത് സീതയുടെ മനസ്സിന്റെ സാധ്യതകളാണ്.ഒന്ന്

ജീവിതം എന്നെങ്കിലുമുണ്ടാവുമെന്ന കാത്തിരിപ്പ്,രണ്ടാമത്തേത്

അംഗീകരിക്കപ്പെടാത്തതു കൊണ്ടുള്ള ആത്മഹത്യ.(അത് വേശ്യാവൃത്തി

സ്വീകരിക്കലോ വിവാഹം നിഷേധിക്കലോ ആവാം)ഇന്ത്യയിലെ ദമ്പതിമാര്‍

തങ്ങളുടെ സ്നേഹവും ദാമ്പത്യവും യാഥാര്‍ത്ഥ്യവല്‍ക്കരിക്കുകയല്ല,മറിച്ച്

സങ്കല്പമായി കൊണ്ടു നടക്കുകയാണ്”.ജലഛായയുടെ സ്ത്രീപക്ഷമുഖം ഈ

വരികളില്‍ വായിച്ചെടുക്കാന്‍ കഴിയും.

 വായനക്കാരന് ഈ നോവലിനെ എങ്ങനെ

വേണമെങ്കിലും സമീപിക്കാം.ചിലപ്പോള്‍

കഥയായി,അഭിമുഖമായി,പഠനമായി,ദര്‍ശനമായി,കവിതയായി കീഴ്മേല്‍

മറിയുന്ന രചനാരീതി തന്നെയാണ് ഈ നോവലിന്റെ ചാരുതയും

പ്രത്യേകതയും.ദീര്‍ഘകാലത്തെ പഠനവും ചിന്തയും ദര്‍ശനങ്ങളും പകര്‍ന്നു

നല്‍കിയ സാഹിത്യചിന്തയില്‍ നിന്നുടലെടുത്തതാണ് ജലഛായ.നോവലിസ്റ്റ്

പറയുന്നതുപോലെ ഈ പുസ്തകത്തില്‍ നിന്ന് നോവല്‍ കണ്ടെത്തേണ്ടത്

വായനക്കാരന്‍ തന്നെയാണ്. എങ്കിലും കവിത്വം നിറഞ്ഞ ഏറെ വാചകങ്ങള്‍ ഈ

നോവലിനെ സുന്ദരവും ദീപ്തവുമാക്കുന്നു എന്നത് പറയാതെ വയ്യ.

AKSHARAJALAKAM

AKSHARAJALAKAM/