സാങ്കേതികയുഗത്തിലെ സംസ്കാര നിർമിതി


എം.കെ.ഹരികുമാർ


? യൂറോപ്പിന്റെ ജീവിതത്തെ മാത്രം ആശ്രയിച്ചാണ്‌ ആധുനിക ജീവിത കാഴ്ചപ്പാടുകളെയും ഉത്തരാധുനിക ജീവിത കാഴ്ചപ്പാടുകളെയും നാം മനസ്സിലാക്കാറുള്ളത്‌. എന്നാലിന്ന്‌ ആഗോളജീവിതത്തെ മുഴുവൻ  ഒരുപോലെ ബാധിക്കുന്ന സംസ്കാര വ്യതിയാനങ്ങളാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെ ഈ ഡിജിറ്റൽ സാംസ്കാരിക പരിസരത്തിൽ ഈ വ്യതിയാനത്തെ എങ്ങനെ മനസ്സിലാക്കുന്നു.
    പണ്ടുണ്ടായിരുന്ന തരത്തിൽ ഒരു സാംസ്കാരിക ധ്രൂവീകരണം ഇന്നില്ല. സാംസ്കാരിക ധ്രൂവീകരണം എന്നു പറഞ്ഞാൽ ഏതെങ്കിലും സാംസ്കാരിക നേതൃത്വത്തിനുള്ള ഒരു പ്രത്യേക കേന്ദ്രം ഇന്നില്ല. അങ്ങനെയുള്ള ഒരു കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആഗോള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇന്നു കാണാൻ പറ്റില്ല. ഇത്തരത്തിലുള്ള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇല്ലാതാകുകയും പകരം അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌ ഒരു വ്യക്തിക്കു തന്റെ സൗഹൃദവലയത്തിൽ നിർത്താൻ കഴിയുന്നത്‌ അവന്റെ നാട്ടിലുള്ളവരെ മാത്രമല്ല, ബന്ധുക്കളെ മാത്രമല്ല അവന്റെ പ്രദേശത്തുപെട്ടവരെ മാത്രമല്ല ;അന്യ ഭൂഖണ്ഡങ്ങളിലുള്ളവരുമായിട്ടും അവന്‌ അടുത്ത ബന്ധം പുലർത്താൻ വളരെ പെട്ടെന്നു സാധിക്കും.
    വിജ്ഞാനത്തിന്റെ മേഖലയിൽ ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ വന്നിരിക്കുന്നു. പുതിയ അറിവുകൾ ഉണ്ടാകുമ്പോൾത്തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത്‌ പ്രസരിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളുണ്ട്‌. അതു മനസ്സിലാക്കികൊടുക്കുന്നതിനുള്ള വഴികൾ വേറെയുമുണ്ട്‌. ഒന്നിന്റെയും മേധാവിത്വം ഇന്നില്ല എന്നു വന്നിരിക്കുന്നു. അറിവിന്റെ പരമാധികാരം ഇന്ന്‌ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പ്രസ്ഥാനത്തിനോ നിലനിർത്താൻ കഴിയുന്നില്ല. ഒരാൾ പുതിയ ഒരു വിജ്ഞാനത്തെ നിർമ്മിക്കുമ്പോൾത്തന്നെ പെട്ടെന്ന്‌ അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ പ്രത്യക്ഷപ്പെടുന്നു. ഒരുപാട്‌ ഒരാൾ നിർമ്മിച്ചാൽ അതിന്റെ ആയിരത്തിലധികം ഡ്യൂപ്ലിക്കേറ്റുകൾ ഉടൻ തന്നെ ഉണ്ടാവുകയാണ്‌. ഒരു സെന്റർ ഓഫ്‌ കൾച്ചർ, ഒരു സെന്റർ ഓഫ്‌ ആർട്ട്‌, സെന്റർ ഓഫ്‌ ലിറ്ററേച്ചർ ഇന്ന്‌ ഇല്ല.സാർത്ര്, ആൽബർട്ട്‌ കമ്യു, ഫ്രാൻസ്‌ കഫ്ക തുടങ്ങിയവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ, 1960-കളിൽ ഫ്രാൻസായിരുന്നു ലോകത്തിലെ സാംസ്കാരികജീവിതത്തിലെ തലസ്ഥാനം. അതിനു ശേഷം പിന്നീടു ലാറ്റിൻ അമേരിക്കയാണു സാഹിത്യജീവിതത്തിന്റെ തലസ്ഥാനം എന്നു പറഞ്ഞു തുടങ്ങി. അതു പൂർണ്ണമായി ശരിയായിരുന്നില്ല. ആ സമയത്തു തന്നെ ഏഷ്യൻ രാജ്യങ്ങളിലും മറ്റും ഈ സാംസ്കാരികവിപ്ളവം  ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട്‌ ഒരു സാംസ്കാരിക ധ്രൂവീകരണം ഇല്ലാതായതാണ്‌ വ്യത്യസ്ത സംസ്കാര നിർമ്മിതികൾ ഒരേ സമയം ആവിർഭവിക്കാൻ കാരണം.
? ഒരു വ്യക്തിയുടെ മാനസിക നിലയിൽ ഊന്നിക്കൊണ്ടുമാത്രം ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനാവില്ല എന്നു പറയുന്നതെന്തുകൊണ്ടാണ്‌?
    ഒരു വ്യക്തിക്ക്‌ ഇന്നു സ്വന്തം നീതിശാസ്ത്രവും സ്വന്തം അതിജീവനവും മാത്രമേ പ്രധാനപ്പെട്ടതായുള്ളൂ. മനഃശാസ്ത്രം എന്നു പറയുന്നതുതന്നെ ഇന്നു പ്രാവർത്തികമാകുന്നില്ല. മനഃശാസ്ത്രം മരിച്ചു എന്നു പറയാം. കാരണം, ഒരു വ്യക്തിയെ നമുക്കിന്നു പൂർണ്ണമായി നിർവചിക്കാൻ സാധിക്കില്ല. ഒരാൾ ക്രിമിനലാകുമോ അല്ലയോ എന്ന്‌ അയാളുടെ സ്വഭാവം നോക്കി പറയാൻ പറ്റില്ല. നല്ല മാതാപിതാക്കളിൽ ജനിച്ചു എന്നതുകൊണ്ടു നല്ല കുട്ടിയാവണമെന്നില്ല. ഒരു നല്ല കുട്ടിയായി വളർന്നതുകൊണ്ട്‌ അവൻ ഒരു നല്ല പൗരനാകണമെന്നില്ല. ഒരു നല്ല പൗരനായി എന്നതുകൊണ്ട്‌ അവൻ സമൂഹത്തിനു ഗുണം ചെയ്യണമെന്നില്ല.


    മനുഷ്യമനസ്സിന്റെ യുക്തീകരണവും ധ്രൂവീകരണവും നശീകരണവും ഒരേസമയത്തു നടക്കുകയാണ്‌. സ്വയം നിർമിക്കലും നിരസിക്കലും ഒരേ സമയം നടക്കുന്നു. അഥവാ സ്വയം നിർമിക്കുന്നു. നശിപ്പിക്കുകയും ചെയ്യുന്നു. അവിടെ സ്ഥായിയായ ഒരു മനസ്സില്ല. ചില മനുഷ്യർ, അവർക്കുപോലും പിടികിട്ടാത്തവിധം നിർമിക്കപ്പെട്ടിരിക്കുകയാണ്‌. അവരുടെ നിർമാണത്തിന്റെ ഘടകങ്ങളെ അറിയാനുള്ള താക്കോൽ ആരുടെയും കയ്യിലില്ലാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യർ നാനാവിധമായ തൊഴിലുകളിൽ ഏർപ്പെടുന്നു. നാനാവിധ സംഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പലവിധ സാമ്പത്തിക ശ്രേണികളിൽ അകപ്പെടുന്നു. ഇതെല്ലാം പലവിധത്തിലുള്ള ഐഡന്റിറ്റികളാണ്‌. വ്യക്തിജീവിതത്തിൽ ഇതിന്റെയെല്ലാം സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഏതെല്ലാം ഐഡന്റിറ്റികളിലൂടെയാണോ കടന്നുവരുന്നത്‌ അതിനെയെല്ലാം നശിപ്പിച്ചുകൊണ്ടു മാത്രമേ അയാൾക്ക്‌ ഒരു വിമോചനം സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ എന്തു സംഭവിക്കുന്നു? പ്രിയപ്പെട്ട മകനെപ്പോലും അച്ഛൻ കൊല്ലുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നിർമ്മാണവും നിരാസവും ഒരാളിൽത്തന്നെ കുടിയിരിക്കുന്നു. ഒരു വലിച്ചെറിയലും സ്ഫോടനവുമാണത്‌. അതുകൊണ്ടു മനഃശാസ്ത്രപരമായ സമീപനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തിയെ അളക്കാനും മനസ്സിലാക്കാനും പറ്റാതെ വന്നിരിക്കുന്നു.


? സുഖം ജനാധിപത്യവത്കരിച്ചതിന്റെ ദൃഷ്ടാന്തമാണ്‌ നാം ചുറ്റും കാണുന്നത്‌. പണ്ട്‌ ആളുകൾക്ക്‌ മനഃസുഖം നൽകിയിരുന്നത്‌ മതങ്ങളായിരുന്നെങ്കിൽ, ഇന്ന്‌, വളരെ വ്യാപകമായി മദ്യ വിൽപന ശാലകളും ബാറുകളും സിനിമാ തിയറ്ററുകളും മാളുകളും ട്രാവൽ സർവ്വീസുകാരുമൊക്കെ ആ ജോലി ഏറ്റെടുക്കുന്നു. എന്തുകൊണ്ടാണ്‌ ഈ വ്യത്യാസം?
    പണ്ടു ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും വൈകുന്നേരം വളരെയധികം ആളുകൾ ഉണ്ടായിരുന്നു. ഇന്ന്‌ ആ ആളുകളൊക്കെ മാളുകളിലേയ്ക്കു പോവുകയാണ്‌. കാരണം ക്ഷേത്രത്തിൽ പോയാൽ പ്രത്യേകിച്ച്‌ ഒരു ഐഡന്റിറ്റി അവിടെനിന്നു കിട്ടാനില്ല. മറിച്ച്‌ അവൻ ഒരു മാളിൽ ചെല്ലുകയാണെങ്കിൽ, വിലയേറിയ ഭക്ഷണശാലയിൽ  അവനെ വിലയേറിയവനായി ആളുകൾ തിരിച്ചറിയുന്നു. അങ്ങനെ ഒരു സാംസ്കാരികമൂല്യം വിലകൊടുത്തു വാങ്ങാൻ പറ്റുന്നിടത്തേയ്ക്കാണ്‌ ആളുകൾ പോകുന്നത്‌. ആളുകൾക്കു വേണ്ടത്‌ ഈ കാലഘട്ടത്തിലെ ഏറ്റവും വിലയേറിയ വസ്തുവിന്റെ ഉടമസ്ഥാവകാശമാണ്‌ എന്നതാണ്‌ ഏറ്റവും വലിയ വ്യത്യാസം. അതുകൊണ്ടു വിലയേറിയ കാറുകൾ, വീടുകൾ, വസ്തുക്കൾ എന്നിവയുടെ ഉടമസ്ഥാവകാശത്തിലൂടെ അവനൊരു സാംസ്കാരിക ജീവിയാകാൻ ശ്രമിക്കുകയാണ്‌. സംസ്കാരം എന്നത്‌ ഉപഭോഗവസ്തുവാണ്‌. ഏതൊരു കൺസ്യൂമർ പ്രോഡക്ടും ഒരു സംസ്കാരമാണ്‌. ഉദാഹരണത്തിന്‌ ആപ്പിളിന്റെ ഒരു വലിയ ഫോൺ വാങ്ങുകയാണ്‌. ഗ്രാമത്തിൽ അയാൾക്കു മാത്രമേ ഈ ഫോൺ ഉള്ളൂ. അപ്പോൾ ആ ഗ്രാമത്തിൽ അയാൾ ഒരു ഐഡന്റിറ്റി ഉള്ളവനായി മാറുന്നു. ഇങ്ങനെയുള്ള വസ്തുക്കൾകൊണ്ടു സംസ്കാരം ഉണ്ടാവുകയാണ്‌. വസ്തുക്കൾ ഒരുവനെ സംസ്കാരികമായി രേഖപ്പെടുത്തുന്നു;  പ്രത്യേക പദവിയുള്ളവനാക്കുന്നു. അയാൾക്കൊരുപക്ഷേ, പൈതൃകവുമായോ പാരമ്പര്യവുമായോ കലയുമായോ നീതിശാസ്ത്രവുമായോ ബന്ധമൊന്നുമില്ല. ഇന്നു നീതിശാസ്ത്രത്തോടോ  ദൈവികമായ മതങ്ങളോടോ പൈതൃകത്തോടോ പുതിയ തലമുറ പ്രതിബദ്ധത പുലർത്തുന്നില്ല. എന്നു പറഞ്ഞാൽ പഴയകാല ജീവിതത്തിന്റെ നൈതികബോധത്തിന്റെ കീഴ്മേൽ മറിച്ചിൽ സംഭവിച്ചിരിക്കുന്നു.? നമ്മുടെ നാട്ടിൽ കുടുംബത്തിന്റെ കെട്ടുറപ്പ്‌ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ബന്ധങ്ങൾ വളരെ ദൃഢമായിരുന്നു. കുടുംബം എന്നതു തന്നെ ഒരു വലിയ മൂല്യമായിരുന്നു. ഇന്ന്‌ വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു. മക്കൾ മാതാപിതാക്കൾ ശിഥിലമാവുന്നു. വിവാഹ ജീവിതാന്തസ്സിന്റെ ലക്ഷ്യങ്ങളിൽ വ്യത്യാസം വരുന്നു. സിനിമകളിൽ പോലും വിവാഹം ഒരു കാപ്പിറ്റൽ പണീഷ്‌മന്റ്‌ ആയി അവതരിപ്പിക്കപ്പെടുന്നു. വിവാഹിതരാകാൻ യുവാക്കൾ മടിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌?
    വിവാഹജീവിതത്തിൽ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പരിശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? ഇന്നും നമ്മെ ഭരിക്കുന്ന മൂല്യങ്ങൾ ഫ്യൂഡൽ കാലഘട്ടത്തിന്റേതുതന്നെയാണ്‌ എന്നതു യാഥാർത്ഥ്യമാണ്‌. നമ്മുടെ ഇഷ്ടത്തിനകത്തു മറ്റുള്ളവർ നിൽക്കണം എന്നതുതന്നെ ഒരു നാടുവാഴിത്ത മനോഭാവമാണ്‌. ഭർത്താവു ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ചു നിൽക്കണം എന്നു പറയുന്നതും ഭാര്യ ഭർത്താവിന്റെ ഇഷ്ടത്തിനു നിൽക്കണം എന്നു പറയുന്നതും ഒരു ശാസനയുടെ രൂപത്തിൽ വരുമ്പോൾ, നിയമത്തിന്റെ രൂപത്തിൽ നിലനിൽക്കുമ്പോൾ അതു ഫ്യൂഡൽ വ്യവസ്ഥയെ ഓർമ്മിപ്പിക്കും. ആ അധികാരശ്രേണിക്കു പുറത്തു പോയാൽ ആ വ്യക്തിക്ക്‌ അവിടെ ഒരിക്കലും പിന്നെ സ്ഥാനം കിട്ടുകയില്ല. ഒരു അയിത്തം അവിടെ രൂപപ്പെടും.
    ഇന്നത്തെ ഹൈടെക്‌ വ്യവസ്ഥയിൽ കുടുംബമൂല്യങ്ങൾ നാടുവാഴിത്തഘടനയിൽ വരുന്നു. അതുകൊണ്ടാണു വിവാഹമോചനങ്ങൾ വരുന്നത്‌. വിവാഹത്തിൽ നിന്നു മോചനം നേടാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ അധീനതയിൽ നിൽക്കാനാകില്ല  എന്ന അസഹിഷ്ണുതയാണതിന്റെ പിന്നിലുള്ളത്‌. നമ്മെപ്പോലെ മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ടെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും നിലനിൽപിനും വേണ്ടി നാം ഒരുപാടു വിട്ടുവീഴ്ചയും സേവനവും ചെയ്യേണ്ടവരാണ്‌ എന്നും ഉള്ള   ചിന്ത വരികയാണെങ്കിൽ വളരെ സ്വതന്ത്രമായ ഒരു ചിന്താപദ്ധതി   എന്നു  നിലയിൽ വിവാഹജീവിതാവസ്ഥയ്ക്കു നിലനിൽപുണ്ടാകും. വിവാഹത്തോടെ ഉണ്ടാകുന്ന കുട്ടികളെ സംബന്ധിച്ചും ഈയൊരു സ്വാതന്ത്ര്യബോധം അവരിൽ ഉണ്ടാക്കാൻ ശ്രമിക്കണം. നമ്മെ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതു വിദഗ്ദ്ധമായ രീതിയിൽ എങ്ങനെ അടിമയാകാം എന്നതാണ്‌. ഭൂതകാലത്തിന്റെ മഹിമ നിരാകരിക്കണമെന്ന്‌ ആരും പറയുന്നില്ല. പക്ഷേ, ഭൂതകാലത്തിന്റെ മഹിമകൊണ്ടു മാത്രം നമുക്ക്‌ എല്ലാ കാലഘട്ടത്തിലും ജീവിക്കാൻ കഴിയില്ല. നാം പുതിയ പുസ്തകങ്ങൾ, പുതിയ ചിന്തകൾ, പുതിയ ശാസ്ത്രങ്ങൾ, പുതിയ ലോകങ്ങൾ എല്ലാം ഉൾക്കൊള്ളേണ്ടതായും മനസ്സിലാക്കേണ്ടതായും ആലോചിക്കേണ്ടതായും വരും. ഇവിടെ നമുക്കു തടസ്സമാകുന്നതു ഫ്യൂഡലിസത്തിന്റെയോ അതിന്റെ തടവറയിൽ നാം കിടക്കുന്നതുകൊണ്ടാണ്‌ ഈ കുടുംബങ്ങൾ ഇന്നത്തെ അവസ്ഥയിൽ വരുന്നത്‌ എന്നാണെനിക്കു തോന്നുന്നത്‌.
? കേരളീയ സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും നാം ഏറെ മുന്നിലാണ്‌. എന്നാൽ അതോടൊപ്പം തന്നെ മദ്യ ഉപഭോഗം, ആത്മഹത്യ, പീഡനങ്ങൾ, ജീവിതത്തിന്റെ പിരിമുറുക്കങ്ങൾ, രോഗങ്ങൾ എന്നിവയുടെ കാര്യത്തിലും നാം തന്നെയാണ്‌ മുന്നിൽ, ഈ വൈരുദ്ധ്യാത്മകത എങ്ങനെ സംഭവിക്കുന്നു. കുടുംബബന്ധങ്ങൾക്ക്‌ ഇതിൽ പങ്കുണ്ടോ?
    ഇതു ബന്ധങ്ങളുടെ പ്രശ്നമല്ല. മലയാളിയുടെ പൊതുസ്വഭാവമായി മാറിയ കാര്യങ്ങളാണിതെല്ലാം. മലയാളിയെ സംബന്ധിച്ച്‌ അവൻ അതിജീവനത്തിനു പ്രാധാന്യം കൊടുക്കുന്നു. അതിജീവനം അവനു പ്രധാനമാണ്‌. അതിനുവേണ്ടി എന്തു സാഹസത്തിനും മുതിരുന്നു. വിദ്യാഭ്യാസം നേടുന്നു, സാഹസികമായി ജീവിക്കുന്നു. പക്ഷേ അവനു ദൃഢമായ ബന്ധങ്ങൾ സൂക്ഷിക്കാൻ പറ്റുന്നില്ല. അമിതമായ മോഹങ്ങളും വേഗതയും മാനസികസംഘർഷം ഉണ്ടാക്കുന്നു. ഈ മാനസികസംഘർഷത്തെ ലഘൂകരിക്കുന്നതിനുള്ള സൗകര്യങ്ങൾ അവനു കിട്ടുന്നില്ല. ഈ സംഘർഷങ്ങളെല്ലാം അവൻ പുറത്തേയ്ക്കു തള്ളുന്നത്‌ ഒരുപക്ഷേ, മദ്യപാനത്തിലേക്കോ ലഹരി ഉപയോഗത്തിലേക്കോ പോയിട്ടായിരിക്കും. അതുകൊണ്ട്‌ അവനൊരു ക്യാരക്ടർ ഇല്ലാതാകുന്നു. ഭൂതകാലത്തെ ഉപേക്ഷിച്ചു കൊണ്ടു ,സൗഹൃദത്തെ നഷ്ടപ്പെടുത്തിക്കൊണ്ട്‌ എവിടേക്കെങ്കിലും ഓടിപ്പോകാൻ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


    ഇതൊരു പുതിയ മനഃശാസ്ത്രമായി മാറുകയാണ്‌. അതുകൊണ്ടു മലയാളിയുടെ മുമ്പിൽ അവന്റെ ചരിത്രമോ പൈതൃകമോ ഇല്ല. അവന്റെ ആഘോഷങ്ങൾ എന്നു പറയുന്നതുതന്നെ വളരെ നൈമിഷികമാണ്‌. അതിന്‌ ഒരു ഭാഷയുടെയോ നാടിന്റെയോ ഗൃഹാതുരമായി യാതൊരുതര ബന്ധവുമില്ല. അങ്ങനെ ഒരു ചഞ്ചലിതമായ ഒരു സംസ്കാരത്തിലേക്കാണു മലയാളി പൊയ്ക്കൊണ്ടിരിക്കുന്നത്‌. പത്തോ ഇരുപത്തിഞ്ചോ വർഷം കഴിയുമ്പോൾ നമ്മൾ ഇന്നു പറയുന്നതുപോലുള്ള മലയാളസംസ്കാരം വളരെ കുറച്ചു മാത്രമായിരിക്കും. മലയാളികൾ മറ്റു സ്ഥലങ്ങളിലേക്കും താമസിച്ചുകൊണ്ടുള്ള ചിതറലായിരിക്കും മലയാളിയെ സംബന്ധിച്ച്‌ ഉണ്ടാകാൻ പോകുന്നത്‌ എന്നെനിക്കു തോന്നുന്നു.
? ടെക്നോളജി നമ്മുടെ കുടുംബങ്ങളെ, ബന്ധങ്ങളെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നത്‌?
    ടെക്നോളജിയിൽ ,പുതിയ ഉപകരണങ്ങൾ വരുന്നതോടുകൂടി നമ്മുടെ ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറും. ഉദ: പണ്ടു നമ്മൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം എത്ര വർഷം നീണ്ടുനിൽക്കും എന്നതിന്റെ അടിസ്ഥാനത്തിലൊക്കെയായിരുന്നു  ഉണ്ടാക്കിയിരുന്നത്‌. തടികൊണ്ടുള്ള ഒരു വസ്തു അന്നു 100,150 വർഷംവരെ കുഴപ്പമില്ലാതെ കിടക്കും. പക്ഷേ, ഇന്നത്തെ ഫർണീച്ചറുകൾക്ക്‌ അത്തരം ദീർഘായുസ്സ്‌ ഉണ്ടാകുന്നതുതന്നെ ഒരു ന്യൂനതയാണ്‌. അങ്ങനെ ഒരു ദീർഘായുസ്സ്‌ ഒരു നിർമ്മാണത്തിനും ആവശ്യമില്ല എന്നതാണ്‌. കാരണം പുതിയ നിർമിതികൾ നമ്മെ കാത്തുനിൽക്കുന്നു. ഒരു കസേര ഉണ്ടാക്കാൻ ഒരു മാസം എടുത്തിരുന്നുവെങ്കിൽ ഇന്ന്‌ ഒരു ദിവസംകൊണ്ട്‌ ഉണ്ടാക്കാം. നിർമാണം അനായാസമായി. നിർമാണത്തിനുള്ള സാമഗ്രികളുടെ ലഭ്യത വളരെ സാധാരണമായി. അതുകൊണ്ട്‌ ഉണ്ടാക്കപ്പെടുന്ന സാധനങ്ങളുടെ കാലികത പ്രധാനമല്ലാതായി. ഏറ്റവും പുതിയതിനുവേണ്ടിയുള്ള ശ്രമമാണ്‌. പഴയ ഫർണീച്ചറുകൾകൊണ്ടു മാത്രം നമ്മുടെ വീടുകൾ നിറയുകയാണെങ്കിൽ നാം ഒരു എടുക്കാത്ത നാണയമായി ഇന്നത്തെ സമൂഹത്തിൽ മാറുമോ എന്ന്‌ ഒരു ഉപഭോക്താവ്‌ എന്ന നിലയിൽ ഓരോ മലയാളിയും ചിന്തിക്കുന്നുണ്ട്‌. ഇതു മലയാളിയുടെ മാത്രം എന്നല്ല, ഒരു പൊതുസ്വഭാവമാണത്‌. ദിവസവും പുതിയതു വാങ്ങുക എന്നുള്ളതാണ്‌. ഇത്തരത്തിൽ പുതുമ ഇല്ലെങ്കിൽ സംസ്കാരമില്ല എന്നു വരുന്നു. ഈ രീതിയിൽ മൂല്യത്തെക്കുറിച്ചുള്ള ചിന്ത തകിടം മറിഞ്ഞിരിക്കുകയാണ്‌. അത്‌ ഉപഭോക്തൃലോകത്തിന്റെ ഒരു സമ്മർദ്ദമാണ്‌. ഉത്പാദനത്തിന്‌ അധിഷ്ഠിതമായ ഒരു ലോകത്തിന്റെ, സാങ്കേതികതയിൽ നിറഞ്ഞുതുളുമ്പിയ ഒരു ലോകത്തിന്റെ നിയമമാണത്‌. ആ നിയമത്തിനകത്തു മനുഷ്യർക്കു വേറൊന്നും ചെയ്യാനില്ല.
? ഇന്നു സ്നേഹിക്കപ്പെടുന്നതുപോലെ പ്രധാനമാണ്‌ വേർപിരിയുന്നത്‌. വസ്തുക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ തന്നെയാണ്‌ വ്യക്തികളുടെ കാര്യത്തിലും ഉള്ളത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌?
    വേഗത എന്നു പറയുന്നത്‌ ഇന്നു കാമുകിമാരെയും കാമുകന്മാരെയും വല്ലാതെ വിഷമിപ്പിക്കുന്നു. കാരണം, പ്രണയത്തെ സാക്ഷാത്കരിക്കുന്നതു വേഗതയാണ്‌. മാർക്കറ്റിൽ നിന്നു വാങ്ങുന്ന വസ്തുക്കളുടെ ഉപയോഗം ആറുമാസം എന്നത്‌ ആറു ദിവസമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. കാരണം, പുതിയ മോഡൽ വന്നുകഴിഞ്ഞു. ഉപഭോഗവസ്തുക്കളിന്മേൽ നമുക്കുള്ള ബന്ധംതന്നെ വ്യക്തികളിലേക്കും വ്യാപിക്കും. നമുക്ക്‌ ഒരു മൊബെയിലിനോടോ ഫർണീച്ചറിനോടോ ഉള്ള ബന്ധം എങ്ങനെയാണോ അതായിരിക്കും നമുക്കു ചുറ്റിലുമുള്ള വ്യക്തികളിലും ഉണ്ടായിരിക്കുക. അതുകൊണ്ട്‌ ആ ബന്ധം വളരെ ഹ്രസ്വമായിരിക്കും. പ്രണയത്തിന്‌ എത്രമാത്രം വേഗത്തിൽ ഒരുമിക്കാൻ സാധിക്കും എന്നതുപോലെതന്നെ വേർപിരിയലും വേഗത്തിൽ നടക്കുന്നു. വേർപിരിയൽ എന്നത്‌ ഒരു വ്യക്തിയുടെ കള്ളത്തരമാണ്‌ എന്നു പറയാൻ സാധിക്കില്ല. അത്‌ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണത്തിന്റെയും സൂക്ഷ്മമായ ജീവിതത്തിന്റെയും നിദർശനമാണ്‌.
    പച്ചയായ ജീവിതത്തിന്റെ പല പ്രലോഭനങ്ങളിൽപ്പെട്ടാണു നമ്മുടെ തലമുറയിലെ കുട്ടികൾ ജീവിക്കുന്നത്‌. വൈകാരികമായി ഒരിടത്തു കെട്ടിയിടാൻ പറ്റിയ അവസ്ഥയിലല്ല അവരുടെ ജീവിതം. ഒരറിവ്‌, ഒരു ചിന്ത, ഒരു മതം, ഒരു തത്ത്വശാസ്ത്രം, ഒരു മീംമാസ, ഒരു ഭരണകൂടം, ഒരു ദർശനം ഇവയൊന്നുംതന്നെ നമ്മുടെ കുട്ടികളെ ബാധിക്കുന്നില്ല. ജീവിതം, മരണം തുടങ്ങിയ ശാശ്വതമായ സമസ്യകളെയല്ല അവർ അഭിമുഖീകരിക്കുന്നത്‌. സ്ഥിരമായ മൂല്യങ്ങൾ അവർക്കില്ലാത്തതുകൊണ്ടുതന്നെ സ്ഥിരമായ ബന്ധങ്ങളിലും അവർക്കു താൽപര്യമില്ലാതെ വരുന്നു. പ്രണയവും വേർപിരിയലും വേഗത്തിൽ നടക്കുന്നു.
? സിനിമ, ടെലിവിഷൻ ഷോകൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സൈറ്റുകൾ, വീഡിയോ ഗെയിമുകൾ, ആൽബങ്ങൾ, യു ട്യൂബ്  തുടങ്ങിയവ സൃഷ്ടിക്കുന്ന പുതിയ മൂല്യ സങ്കൽപങ്ങൾ എപ്രകാരമുള്ളതാണ്‌?


    പഴയ കാലഘട്ടത്തിൽ വലിയ മൂല്യമായി നമ്മൾ കരുതിയിരുന്നത്‌ 'ഓർമ'യാണ്‌. പഴയ കാര്യങ്ങളെക്കുറിച്ചു നമുക്കെല്ലാം ആദരവാണ്‌. ആ ആദരവ്‌ ഓരോന്നോരോന്നായി ഇല്ലാതാവുകയാണ്‌. നമ്മുടെ മൂല്യങ്ങളെല്ലാം ഇന്ന്‌ ഓർമകളിൽ മാത്രം അവസാനിക്കുകയാണ്‌. നന്മകളെയും മൂല്യങ്ങളെയും സമ്മാനിച്ച എത്രയോ ചിന്തകരും എഴുത്തുകാരുമുണ്ട്‌. അവരെയെല്ലാം നാം തുടച്ചുമാറ്റി നമ്മുടെ വ്യാവസായിക ജീവിതത്തിൽ അവരുടെ കാൽപ്പെരുമാറ്റം കേൾക്കാത്തവിധത്തിൽ അവരെയെല്ലാം ആട്ടിയോടിച്ചശേഷം നമ്മൾ വളരെ ലാഘവത്തോടുകൂടി ഫുട്കോർട്ടിലേക്കു പോയി ഭക്ഷണം കഴിച്ചു സിനിമയും കണ്ടു പോകുകയാണ്‌. ഓർമ എന്നു പറയുന്ന ഒന്നില്ല. ഒന്നിനെക്കുറിച്ചും ഓർക്കുന്നില്ല. നാം ആകെ ഓർക്കുന്നതു നമ്മുടെതന്നെ ഡിജിറ്റൽ ഫോർമാറ്റുകൾ മാത്രമായിരിക്കും. ഡിജിറ്റൽ നമ്പറുകൾ മാത്രമായിരിക്കും. ഫോൺ, എ.ടി.എം നമ്പറുകൾ മാത്രം. നമ്മുടെ ഓർമ എന്നു പറയുന്നതു മരിച്ചുപോയി. ഇന്ന്‌  എല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ്‌. ഏതെല്ലാം മരുന്നുകൾ കഴിച്ചാൽ കൂടുതൽ മറക്കാം എന്നാണു ചിന്തിക്കുന്നത്‌. അതുകൊണ്ടു സിനിമകൾ കാണുന്നു, കണ്ട സിനിമതന്നെ അഞ്ചു പ്രാവശ്യമല്ല, പത്തല്ല, നൂറ്റിഅറുപതുതവണ കാണാനും തയ്യാറാണ്‌. കണ്ട സിനിമയാണെന്നതു നാം മറന്നുപോയി. ഈ പ്രതിഭാസം ഇന്നു വളരെയധികമുണ്ട്‌. അതുകൊണ്ടു ചാനലുകളും മാധ്യമങ്ങളും ഈ മറവിയെയാണു വിൽപനച്ചരക്കാക്കുന്നത്‌. അവർ ഇന്നലേകളെ മറന്നുകളഞ്ഞു. എല്ലാ ചാനലുകളും ഇന്നത്തെ ദിവസത്തെ കാര്യം മാത്രമാണു പറയുന്നത്‌. ഏതെങ്കിലും ഒരു ചാനലിൽ ഏതെങ്കിലും നല്ല പുസ്തകത്തെക്കുറിച്ചു വാർത്ത വരുന്നുണ്ടോ? ഇന്നലത്തെ എഴുത്തുകാരനെക്കുറിച്ച്‌ അവർ എന്തെങ്കിലും അനുസ്മരണം നടത്താറുണ്ടോ? ഇന്നലെകളിൽ   ജീവിച്ച ഏതെങ്കിലും പ്രതിഭയെക്കുറിച്ചു പറയാറുണ്ടോ? വല്ലപ്പോഴും വല്ലതും അബദ്ധവശാൽ വന്നെങ്കിലായി. അവർ ഇന്നത്തെ സിനിമകളെയും ഇന്നിന്റെ സാധ്യതകളെയും ആഘോഷിക്കുകയാണ്‌. ടി.വി.യിൽ ഏതെങ്കിലും വിഷയത്തിൽ ചർച്ചയ്ക്കു വരുന്നവരുടെ കാര്യമോർത്താൽ ചിരിവരും. ആ വിഷയത്തിന്റെ ചരിത്രപരമായ വശങ്ങളെക്കുറിച്ച്‌ ഒന്നും അറിയാത്തവരാണവർ. ആ വിഷയത്തിന്റെ ഓർമകളെ, ഇന്നലെകളെ അറിയുന്നവർ ആ ചർച്ചയ്ക്ക്‌ അധികപ്പറ്റാണ്‌. ആ ചർച്ചയ്ക്കു വേണ്ടത്‌ ഒന്നും ഓർമിക്കാൻ കഴിവില്ലാത്ത മറവിയുള്ളവരെയാണ്‌. അങ്ങനെയാണ്‌ ചാനൽ ചർച്ചകൾ ഒരു വിനോദ പരിപാടിയാകുന്നത്‌.
? എങ്ങനെ നമുക്ക്‌ സനാതന മൂല്യങ്ങളെ കൈമോശം വരാതെ സൂക്ഷിക്കാം?
    ഇതു വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും എന്നു പറയാനാവില്ല. കാരണം, ഇതു പെട്ടെന്നു പരിഹരിക്കാൻ പറ്റുന്ന ഉപകരണങ്ങൾ ആരുടെ പക്കലും ഇല്ല. എനിക്കു തോന്നുന്നത്‌, സ്നേഹവും കാരുണ്യവും സഹാനുഭൂതിയും സാഹോദര്യവുമൊക്കെ വർത്തമാനത്തിലല്ലാതെ പ്രവൃത്തിയിൽ കാണിച്ചാൽ ആളുകൾ കുറച്ചുകൂടി നന്നാകും എന്നാണ്‌. ആരും  ആരെയും പരിഗണിക്കുന്നില്ല. തിരുവനന്തപുരത്തു വണ്ടിയിടിച്ചു റോഡിൽ കിടന്ന ആളുടെ വാർത്ത നാം വായിച്ചു. ആരും തിരിഞ്ഞു നോക്കിയില്ല. ആരും കെയർ  ചെയ്യുന്നില്ല. നാം നമ്മുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ തയ്യാറാകുക എന്നതാണു മൂല്യങ്ങളെ നിലനിർത്താനുള്ള മാർഗം. പ്രതിജ്ഞാബദ്ധതയോടും കൂടി ജീവിക്കുക.


    പരപ്രേരണയില്ലാതെ നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന മനുഷ്യരായി നാം മാറണം. ഒരാളോടുള്ള സ്നേഹം കൊണ്ടല്ല നാം നമ്മുടെ ജോലി ചെയ്യേണ്ടത്‌. നമ്മൾ ചെയ്യേണ്ട ജോലി എന്താണെന്നു തിരിച്ചറിയണം. തിരിച്ചറിഞ്ഞു നാം സ്വയം ചെയ്യണം. നമ്മുടെ കടമ തിരിച്ചറിഞ്ഞു പ്രവർത്തിക്കണം. അങ്ങനെ ഓരോരുത്തരും ചെയ്യുകയാണെങ്കിൽ സമൂഹം വളരെ മെച്ചപ്പെടും; ലോകം നന്നാകും. അധ്യാപകൻ ശമ്പളം കിട്ടാൻ വേണ്ടി പഠിപ്പിച്ചാൽ പോരാ; ശമ്പളം കിട്ടിയില്ലെങ്കിലും ഞാൻ പഠിപ്പിക്കും, എന്റെ ജോലി ചെയ്യും എന്നു തീരുമാനിക്കണം. കയ്യിൽ നിന്നു കാശു മുടക്കിയാലും ചില കാര്യങ്ങൾ ചെയ്യാൻ തയ്യാറായി മുന്നോട്ടുവരണം.