Sunday, July 20, 2014

വിമർശകന്റെ സർഗാത്മക കല




എം.കെ.ഹരികുമാർ
സാഹിത്യകൃതിയുടെ പിന്തുടർച്ചക്കാരനോ, മധ്യവർത്തിയോ കണ്ടുപിടിത്തക്കാരനോ അല്ല വിമർശകൻ. കാരണം, അയാൾ കേവലം ആസ്വാദകനല്ല. ഒരു ഒഫീഷ്യൽ വായനക്കാരനല്ല. പാരയണ വേളയിലെ മനുഷ്യൻപോലുമല്ല അയാൾ. വായനക്കാരനെന്ന നിലയിൽ നിരൂപകൻ നേടുന്ന അറിവല്ല, അയാളുടെ സർഗാത്മക രചനയ്ക്ക്‌ ഉപയോഗിക്കുന്നത്‌. വിമർശകൻ, നിയമപ്രകാരം ഒരു കൃതിയുടെയും ഗോ‍ൂഢമായ തലത്തെ അനുസന്ധാനം ചെയ്യുന്നില്ല. അതായത്‌, സാഹിത്യനിരൂപണം നോവലിസ്റ്റിന്റെയോ കവിയുടെയോ ജീവിതവുമായി ബന്ധപ്പെട്ട ഒന്നല്ല. എഴുത്തുകാരുടെ കലയുമായിപ്പോലും അതിന്‌ ആന്തരികമായി ബന്ധമില്ല. വിമർശകൻ അനുഭവിക്കുന്ന അതാര്യതയുടെ (opacity)ജ്വര (hauntology )ത്തിന്റെ ഇരയാകാനാണ്‌ അയാൾ വിധിക്കപ്പെടുന്നത്‌. സാഹിത്യകൃതിയുടെ പാരായണം, എല്ലാവരെയുംപോലെയാണ്‌ അയാൾ നേരിടുന്നത്‌. ചരിത്രത്തിലോ രാഷ്ട്രീയത്തിലോ ഇടപെടുന്ന കൃതിയുടെ രൂപകങ്ങൾക്ക്‌ വ്യാഖ്യാനം ചമയ്ക്കുന്നതുകൊണ്ട്‌ നിരൂപകനെന്താണ്‌ നേട്ടം. അങ്ങനെ ആ കൃതി കൂടുതൽ സുവ്യക്തമാക്കിയതുകൊണ്ട്‌ സാധാരണ വായനക്കാർക്ക്‌ പ്രയോജനമുണ്ടായേക്കാം. എന്നാൽ ഇത്‌ വിമർശകന്റെ ജ്ഞാനസമ്പാദനം, ആന്തരിക രസസമ്പാദനം, അതീത സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട ഒന്നും അയാൾക്ക്‌ നൽകുന്നില്ല.



    നിരൂപണകലയിൽ, അയാൾ തേടുന്നത്‌, A Potrait of the Artist as a Youngman എന്ന നോവലിൽ James Joyce ,  Epiphany  എന്ന ആശയം കണ്ടെത്തുന്നതുപോലെയാണ്‌ .Epiphany  എന്നാൽ ഏതൊരു സാധാരണ വസ്തുവിന്റെയും 'ആത്മാവാ'ണ്‌ .ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ നമ്മുടെ മനസ്സിലുണ്ടാകുന്ന വെളിപാടാണ്‌ എപ്പിഫനി. (its soul ,its whatness , leaps  to us from the vestment of its appearance.)ഇതിനു തുല്യമായ വൈകാരിക വ്യതിയാനവും നവാദ്വൈതവുമാണ്‌ വിമർശകൻ തേടുന്നത്‌. സാഹിത്യകൃതിയുടെ മുഖ്യധാരാ പ്രശ്നങ്ങളെ നിർധാരണം ചെയ്യുന്നതിൽ നിന്ന്‌ വ്യതിചലിച്ച്‌ അയാൾ കൃതിയുടെ അതാര്യതകളെ അന്വേഷിക്കുന്നു. ഈ അതാര്യതകൾ എഴുത്തുകാരൻ (നോവലിസ്റ്റ്‌, കഥാകൃത്ത്‌) ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല. ഇത്‌ എഴുത്തുകാരന്റെ ഭാഷയിലൂടെ ഉരുത്തിരിയുന്നു.

  ഇത്   ചംക്രമണ[Discursive സ്വഭാവമുള്ള യുക്തി വൈചിത്ര്യമാണ്‌. ഒന്നൊന്നായി നിഷേധിച്ച്‌ കഥാപാത്രങ്ങൾ സ്വയം വിഘടിപ്പിക്കുന്നതിന്റെയും വാക്കുകൾ പരസ്പരം ചേർത്ത്‌ അവയുടെ അർത്ഥത്തിൽ നിന്ന്‌ വ്യതിചലിക്കുന്നതിന്റെയും ചംക്രമണമാണിത്‌.
    സാഹിത്യകൃതിയുടെ പ്രമേയത്തിന്റെ വിവിധ ഘടനകൾ പരിശോധിച്ചുകൊണ്ട്‌ നീങ്ങുമ്പോഴും  വിമർശകന്‌ തന്റേതായൊരു വ്യവസ്ഥയും ഇടവുമുണ്ട്‌. കൃതിയുടെ അതാര്യതയെ തന്റേതാക്കി മാറ്റിക്കൊണ്ട്‌ ആത്മീയവും സാഹസികവുമായ ഒരു ബദൽ യാത്രയായി അത്‌ മാറുന്നു. സാഹിത്യകാരനെ, കൃതിയിലൂടെ മുഖ്യപാതയെ എതിർക്കുന്നതിനുപകരം, അഗാധവും സമാന്തരവുമായ ഒരുപഥം കണ്ടെത്തുക എന്നതും വിമർശകന്റെ ഉത്തവാദിത്തമായി ഈ കൃതിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള വിചാരം, താത്ത്വികമേഖലയിലേക്കുള്ള ഒരു ആഴ്‌ന്നിറങ്ങലായിരിക്കെ തന്നെ വിമർശകൻ സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള ഒരു വെളിപ്പെടുത്തലുമാണ്‌. താൻ എങ്ങനെയെല്ലാം ജീവിക്കുന്നു എന്ന്‌ തിരയേണ്ടതും അതിന്റെ എപ്പോഴും മാറുന്ന സ്വഭാവത്തെ സ്ഥിരീകരിക്കേണ്ടതും അയാൾക്ക്‌ പ്രധാനമാണ്‌.


    സാഹിത്യകൃതിയെപ്പറ്റിയുള്ള ഒരു വ്യാജസൗന്ദര്യാത്മകതയുടെ സൃഷ്ടിയിലേക്ക്‌ നയിക്കാൻ ഇത്‌ കാരണമാകുന്നു. സമാന്തരവും അഗാധവുമായ ഒരു വ്യാജകൃതിയെ അയാൾ സാഹിത്യകൃതിയിൽ നിന്ന്‌ നിർമ്മിച്ചെടുക്കുന്നു. ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന പുസ്തകമെഴുതിയപ്പോൾ (1984) ഈ വിധമൊരു ദാർശനിക നിരൂപണത്തിന്റെ മേഖലകളാണ്‌ തുറന്നത്തെന്ന്‌ അറിയിക്കട്ടെ. ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെപ്പറ്റിയുള്ള പഠനമാണ്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന്‌ അതിന്റെ പുതിയ പതിപ്പിന്റെ (മെലിൻഡ, തിരുവനന്തപുരം, 2012) പിൻകവറിലും എഴുതിയിട്ടുണ്ട്‌. അത്‌ അക്കാദമിക്കായ ക്ലിനിക്കലായ വിശദീകരണം മാത്രമാണ്‌. ആ കൃതിയെപ്പറ്റിയുള്ള പോപ്പുലറായ ഒരു വാർത്ത അതിനുപിന്നിലുണ്ട്‌. അതിനേക്കാൾ കുറേക്കൂടി അപ്പുറമാണ്‌ ' ആത്മായനങ്ങളുടെ ഖസാക്കി'ന്റെ ഇടം. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ കഥാപാത്രങ്ങൾ, പ്രകൃതി, സംഭാഷണങ്ങൾ, നോവലിസ്റ്റിന്റെ നിരീക്ഷണങ്ങൾ എന്നിവയിലൂടെ ഞാൻ മറ്റൊരു അതാര്യതയെ സൃഷ്ടിക്കുകയും അതിനെ വിഘടിപ്പിക്കുകയുമാണ്‌ ചെയ്തത്‌.

ഞാൻ ഖസാക്കിന്റെ ബദൽ അഥവാ വ്യാജ സൗന്ദര്യാത്മകതയാണ്‌ തേടിയത്‌. ഈ വ്യാജഘടകം, യാഥാർത്ഥ്യത്തിനെതിരായ കലാപമല്ല; മറിച്ച്‌ യാഥാർത്ഥ്യം തന്നെ അവശേഷിക്കുന്നുണ്ടോ എന്നതിനെപ്പറ്റിയുള്ള ആലോചനയാണ്‌. നോവലിന്റെ ഭൗതികതയും വായനയുടെ പൊതുരുചിയും ചേർന്ന്‌, നിർമ്മിക്കുന്ന വർത്തമാനമുഖത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ഞാൻ സൃഷ്ടിക്കുന്നത്‌, എന്റെ തന്നെ കൃതിയുടെ താത്ത്വിക, സൗന്ദര്യ വെളിപ്പെടുത്തലുകളാണ്‌. ആഖ്യാനത്തിലൂടെ നോവലിന്‌ പ്രത്യക്ഷത്തിൽ അപ്രാപ്യമായ ഒരു സൗന്ദര്യലോകം കണ്ടുപിടിക്കുന്നു. ഇതാകട്ടെ, നോവലിന്റെ പോപ്പുലർ രുചിക്ക്‌ അറിയാത്തതും യഥാർത്ഥമല്ലാത്തതുമാണ്‌. ഇത്‌ എന്റെ വ്യാജ, സാങ്കൽപിക കൃതിയുടെ ഉദയമാണ്‌. അതിലൂടെയാണ്‌ എന്റെ ചിന്തകൾ സ്ഥിരീകരിക്കപ്പെടുന്നത്‌. എന്റെ നവീനമായ എംഫനി ആണിത്‌. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു:



''നീറിപ്പിടിക്കുന്ന ആധ്യാത്മിക വീഴ്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നിൽക്കുന്നു. പിന്നെ സംവത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു പഥികന്റെ നീരാഴങ്ങളുടെ തെളിമ. കറുത്ത പുഷ്പങ്ങളുടെ പരാഗണങ്ങൾ. മഥനങ്ങളുടെ ഇലനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക്‌ ഒരു യാത്ര. ഖസാക്കിൽ ധ്വനിക്കുന്ന ജൈവലോകത്തിന്റെയും പദാർത്ഥ ലോകത്തിന്റെയും ആത്മാവ്‌. വിശ്വാസവും കർമ്മവും ചേർന്ന വൃക്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധനങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ ദുഃഖവിമുക്തി നേടിയവരുടെ പലായനങ്ങൾ, വിശ്വാസികളാകുന്ന പ്രാർത്ഥനകളും നിഷ്കളങ്ക രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും. ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ മനുഷ്യരിലൂടെയും വസ്തുക്കളിലൂടെയും പരിണമിക്കുകയാണ്‌". (വൃക്ഷാഗ്രങ്ങൾ, പേജ്‌ 77)

    ഈ രീതിയിൽ പുരോഗമിക്കുന്ന ഭാഷ വിമർശകന്റെ പൊതു അഭിരുചിയുടെ ഭാഗമല്ല. നോവലിനെ പരിചയപ്പെടുത്താനോ, അതിന്‌ കൂടുതൽ ആഴം നൽകാനോ ഉള്ള ശ്രമമല്ല ഇവിടെയുള്ളത്‌. ആ കൃതിയുടെ നിശ്ശബ്ദതകളെ സർഗ്ഗാത്മകമായ തലത്തിലേക്ക്‌ സമന്വയിപ്പിക്കുകയാണ്‌ എന്റെ ലക്ഷ്യം. അതിലൂടെ ആ നോവലിലെ കഥാപാത്രങ്ങൾ എന്റെ കാഴ്ചവട്ടത്ത്‌ പുനർജനിക്കുന്നു. ഓരോ നിമിഷവും പുനർജനിക്കുന്നു. പ്രകൃതിയെപ്പറ്റി, കഥാപാത്രബന്ധങ്ങളെപ്പറ്റി വിജയൻ നൽകുന്ന സൊ‍ാചനകൾ, അർത്ഥങ്ങൾ എല്ലാം എന്റെ വ്യാജ സൗന്ദര്യങ്ങളുടെ ലോകത്ത്‌ മാറിമറിയുന്നു. വ്യാജം എന്ന ആശയം ഇവിടെ പൊതുരുചിയുടെ ഭാഗമായുള്ള തരംതാണ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്‌. സാങ്കൽപിക കൃതിയുടെ നിരൂപണത്തിലേക്ക്‌ ഒരാൾ എത്തുന്നതിന്റെ കലാപരമായ വിശദീകരണമാണിത്‌. എന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്‌' ഒരു നോവലിനെ പശ്ചാത്തലമായി സ്വീകരിച്ചുകൊണ്ടുള്ള സ്വകാര്യസൗന്ദര്യനിർമ്മാണമായിരിക്കെത്തന്നെ, അത്‌ എന്റെ സാങ്കൽപികകൃതിയുടെ നിരൂപണവുമാണ്‌. ഇവിടെ സാങ്കൽപിക കൃതിയായി മാറുന്നത്‌, 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ നിശ്ശബ്ദതകളും അതാര്യതകളും ചേർന്നുണ്ടായ ദാർശനിക, സൗന്ദര്യ ജ്വരമാണ്‌.

AKSHARAJALAKAM

AKSHARAJALAKAM/