പേജ് മൂന്ന്
Literature isn't innocent. I've known that since I was fifteen.
Roberto Bolano ,
ചിലിയൻ എഴുത്തുകാരൻ
ഹെമിംഗ് വേയുടെ ദർശനം
അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ് വേയുടെ 'ദി ഓൾഡ് മാൻ ആൻഡ് ദ് സി' ലോക നോവൽ സാഹിത്യത്തിലെതന്നെ അവിസ്മരണീയമായ ഒരു അദ്ധ്യായമാണ്.സാന്റിയാഗോ എന്ന മുക്കുവന്റെ കഥയാണത്.
എൺപത്തഞ്ച് ദിവസം കാത്തിരുന്നിട്ട് കിട്ടിയ ഒരു കൂറ്റൻ മൽസ്യത്തെ കടലിൽ നിന്ന് ജീവനോടെ കൊണ്ടു വരാൻ അയാൾക്ക് കഴിഞ്ഞില്ല. അയാൾപിടിച്ച മൽസ്യത്തെ സ്രാവുകൾ തിന്നു തീർത്തിരുന്നു.എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്?
പരാജയപ്പെടാത്ത മനുഷ്യന്റെ മനസ്സ് എന്നൊക്കെ പറയുന്നത് ക്ലീഷെയായിരിക്കും.
എനിക്കു തോന്നുന്നു, ഇതു മനുഷ്യന്റെ മനസ്സിലെ ദ്വന്ദങ്ങളെ വിചാരണ ചെയ്തു ഏകാത്മകവും ഏകീകൃതവുമായ ലയത്തിൽ എത്തുന്നതിന്റെ ദൃഷ്ടാന്തമാണെന്ന്.
മനുഷ്യമനസ്സിൽ , വാർദ്ധക്യകാലത്ത് നുര പൊന്തുന്ന രതിയാണ് ഈ നോവലിലെ കൂറ്റൻ മൽസ്യം.അതു മനസ്സിനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നു. ഒടുവിൽ നമുക്കതിനെ മെരുക്കാൻ കഴിയുന്നുണ്ട്.
എന്നാൽ അപ്പോഴേക്കും അത് രതിയല്ലാതായികഴിഞ്ഞിരിക്കും.അതു വിശുദ്ധവൽക്കരിക്കപ്പെട്ട് ,മറവിയിലൂടെ മറ്റൊന്നായി മാറും.നമ്മുടെ മനസ്സിൽ തന്നെ അതു രൂപാന്തരപ്പെടുന്നു.
അതുകൊണ്ടാണ്, ഹെമിംഗ് വേയുടെ നോവലിലെ കിഴവൻ തന്റെ മീനിനെ നഷ്ടപ്പെട്ടിട്ടും , ഒടുവിൽ കടൽ തനിക്ക് ഒരു മെത്തയായിരുന്നുവെന്നും അതു ആശ്വസിപ്പിച്ചുവെന്നും പറയുന്നത്.
മറ്റൊരു ചിന്തയ്ക്കും സാധ്യതയുണ്ട്.
അതായത് കടൽ കാലമാണ്!.
മനസ്സിനെ കാലം വിഴുങ്ങുന്നതിന്റെ ദൃശ്യം ഇതല്ലതെ വേറെന്താണ്?
ഒരു മീനിന്റെ കൊമ്പിൽ തൂങ്ങി മൂന്നു ദിവസം കടലിൽ അലയുന്നതിനു തുല്യമല്ലേ , ജീവിതത്തിൽ കാലവുമായി സമരസപ്പെടാൻ നാം നടത്തുന്ന ശ്രമങ്ങൾ.
ഒരുമ
സുധാകരൻ ചന്തവിളയുടെ നേതൃത്വത്തിലുള്ള ഒരുമ(orumamonthly@gmail.com) മാസിക ,അമൂർത്തമായ നമ്മുടെ പ്രസാധന രംഗത്ത് ഒരു ലിറ്റിൽ മാഗസിന്റെ വായ്ത്തലയിലൂടെയുള്ള യാത്ര കാണിച്ചുതരുന്നു.
മറ്റുള്ളവരുടെ ചിന്തയാകുന്ന ഭക്ഷണം കഴിച്ച് അജീർണം ബാധിക്കാതെ സ്വാഭിമാനപൂർവ്വം സ്വന്തം കർമ്മമേഖല തിരിച്ചറിഞ്ഞുകഴിഞ്ഞു ഒരുമയുടെ പ്രവർത്തകർ.
ഈ ലക്കത്തിൽ ജയ്സൺ ജോസ്, പട്ടാഴി ശ്രീകുമാർ, ഡോ.വേണു തോന്നയ്ക്കൽ ,നൗഷാദ് പത്തനാപുരം, അഷ്റഫ് ഡി റാസി,ശ്രീജിത്ത് മൂത്തേടത്ത്, ജയചന്ദ്രൻ പൂക്കരത്തറ, ബിജി കെ.ബി. അഗസ്റ്റ്യൻ കുട്ടനെല്ലൂർ,അനഘ വിപിൻ, എം.കെ.ഹരികുമാർ തുടങ്ങിയവർ എഴുതിയിരിക്കുന്നു.
അഷ്റഫ് ഡി റാസിയുടെ 'ശൈലൻ' , കവിതയുടെ സാമ്പ്രദായിക ഭാഷയെതന്നെ വെല്ലുവിളിക്കുന്നു.
പ്രത്യക്ഷത്തിലുള്ള ഭാഷയ്ക്കപ്പുറത്ത് ഒരു മാർഗ്ഗഭ്രംശമാണ് ഈ കവിത ഉന്നം വയ്ക്കുന്നത്.
ഒരർത്ഥത്തെ പിന്തുണച്ച് ഒടുവിൽ എല്ലാത്തിനെയും ശൂന്യവത്കരിക്കുന്ന തന്ത്രം.
ഈ വരികൾ നോക്കൂ:
മഹാകവിപ്പട്ടസഞ്ചിയും ജൂബ്ബയുമില്ല
പോയറ്റിക് വയലൻസ്, ടീ ഷർട്ട്
ക്ലീൻ ഷേവ്
കൂളിം ഗ്ലാസ്, ചുള്ളൻ
നിഷ്കാസിതന്റെ ഈസ്റ്റർ...
എം.കെ.ചന്ദ്രശേഖരൻ
എം.കെ.ചന്ദ്രശേഖരൻ സ്വന്തമായി ഒരു ചരിത്രമുള്ള എഴുത്തുകാരനാണ്.
അദ്ദേഹം മിതഭാഷിയാണ്.
പൊട്ടാനോ ചീറ്റാനോ ഇല്ല. മാധവിക്കുട്ടി, ചങ്ങമ്പുഴ, മദർ തെരേസ എന്നിവരെക്കുറിച്ച് നോവലെഴുതിയിട്ടുണ്ട്.
അദ്ദേഹം എഴുതിയ 'വിൽപ്പനക്കാരില്ലാത്ത വിപണനകേന്ദ്രങ്ങൾ'(സാകേതം മാസിക, ഒക്ടോബർ) ആത്മാർത്ഥത എന്ന ഗുണം കൊണ്ട് ശോഭിക്കുകയാണ്.ജീവിതത്തിലെ സാധാരണ സംഭവത്തിൽ നിന്ന് ഭ്രമാത്മകമായ ഒരു ഏട് കണ്ടെടുക്കുകയാണ് കഥാകൃത്ത്.
വളരെ തെളിഞ്ഞ ഋജുവായ ഭാഷയാണ് ചന്ദ്രശേഖരന്റേത്.
അദ്ദേഹത്തിനു വളച്ചുകെട്ടില്ല.
ജ്യോതി ടാഗോർ
'വേമ്പനാട്:ഒഴുകുന്ന മൂലധനവും ഒഴുകാത്ത തണ്ണീരും 'എന്ന ലേഖനത്തിൽ ജ്യോതി ടാഗോർ എഴുതുന്നത് നമ്മുടെ നഗരവൽക്കരണത്തിന്റെ ഭീഷണമായ അവസ്ഥയെക്കുറിച്ചാണ്.
എല്ലാ പച്ചപ്പും പോകും.
എല്ലായിടത്തും കെട്ടിടങ്ങളും ഹെലിപ്പാടുകളും വരും.ദരിദ്രരെ കൂട്ടത്തോടെ ഓടിച്ചുവിടും.ആർക്കും ആരുടെയും സങ്കടങ്ങൾ കേൾക്കാൻ കഴിയില്ല.
ജ്യോതി ടാഗോർ തന്റെ ബ്ലോഗിൽ( http://aksharamonline.com/test/jyothi-tagore/vembanad-lake)
എഴുതുന്നത് ശ്രദ്ധിക്കൂ:
ആര്‍ത്തിയും ആവശ്യവും വേര്‍തിരിച്ചറിഞ്ഞ് രൂപപ്പെടുത്തേണ്ട ഒരു വികസനവഴി ഭൂമിയുടെ നില നില്‍പ്പിന് അനിവാര്യമാണ്. ഉപഭോഗമാകട്ടെ, ഗൃഹനിര്‍മ്മിതിയാകട്ടെ; ഗതാഗതമോ പശ്ചാത്തലവികസനമോ ടൂറിസമോ എന്ത് തന്നെയായാലും സുസ്ഥിരമായൊരു വികസനത്തിന് പരിസ്ഥിതിയുടെ സുസ്ഥിതി ഒഴിച്ച് കൂടാ നാവാത്തതാണ്.
കുട്ടനാട്ടില്‍ മാത്രം ഉപയോഗിക്കുന്ന രാസവളങ്ങളുടെ സര്‍ക്കാര്‍ കണക്ക് പ്രതി വര്‍ഷം 20000 ടണ്‍ എന്നാണ്. ഒപ്പം 500 ടണ്‍ കീടനാശിനിയും. (ശരിയായ കണക്കുകള്‍ ഇതാക ണമെന്നില്ല)കിഴക്കന്‍ തോട്ടങ്ങളില്‍ നിന്ന് ഒലിച്ചെത്തുന്നവ കൂടിച്ചേര്‍ത്താല്‍ കണക്ക് കൂടുതല്‍ ഭീമാ കാരമാകും. പമ്പ,അച്ചന്‍കോവില്‍ പോലെയുള്ള നദികളില്‍ സംഭവിക്കുന്ന മലിനീകരണം ആത്യന്തി കമായി വേമ്പനാടിനെയാണ് ബാധിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ല. വ്യാവസായിക മാലിന്യ ങ്ങളുടെ ഒരു സാമ്പിള്‍ കണക്കെടുത്താല്‍ 1ലക്ഷം ലിറ്റര്‍ മലിന ജലം പ്രതിദിനം കൊച്ചിക്കായലില്‍ മാത്രം വന്ന് ചേരുന്നുണ്ടത്രെ. കോപ്പർ, ലെഡ്, മെര്‍ക്കുറി എന്നിവയുടെ അപകടകരമായ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യമലത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അള വാകട്ടെ 31000 /100ml വരെ ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ളത്തില്‍ 50/100ml ഉം മറ്റാവശ്യങ്ങ ള്‍ക്ക് 500/100mlഉം ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ അളവ്. കാതല്‍ കുട്ടനാട്ടില്‍ അധിവസിക്കുന്ന 80% ജനങ്ങള്‍ക്കും കായലല്ലാതെ മറ്റൊരു കുടിവെള്ള സ്രോതസ്സില്ല എന്നറിയുമ്പോള്‍ മാത്രമെ, എത്ര കടുത്ത മനുഷ്യാവകാശലംഘനമാണ് കായല്‍ മലിനീകരണം എന്ന് മനസ്സിലാക്കാനാകൂ.
'മെട്രോ റെയിലിന്റെ ഉറപ്പോ 35 ലക്ഷം പേരുടെ കുടിവെള്ളമോ വലുത്?'
എന്ന ശീർഷകത്തിൽ പുരുഷൻ ഏലൂർ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്,നവം. 17)മറ്റൊരു ഞെട്ടിക്കുന്ന സത്യം കാണിച്ചുതരുന്നു.
കൊച്ചി മെട്രോ പണിയാൻ ഭാരതപ്പുഴ, പെരിയാർ എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിനു ലോഡ് മണൽ വാരണമത്രെ.
ഇരുനൂറടി മണൽ കൊള്ളുന്നഒരു ലക്ഷത്തി നാൽപ്പതിനായിരം ലോറി മണൽ വേണമെന്ന് ലേഖകൻ എഴുതുന്നു!
ആസക്തി
അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്. ഒന്നും തൊട്ട് നോക്കാന്‍ കഴിയില്ല
ടി.പി.രാജീവൻ
ടി.പി.രാജീവന്റെ 'വെറ്റിലച്ചെല്ലം '(മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവം.10) കവിതയുടെ പുതിയൊരു വിതയാണ്.
മണ്മറഞ്ഞു പോകുന്ന സ്വപ്നങ്ങളിൽ നിന്ന് , അദൃശ്യമായ അനുഭവങ്ങളിൽ നിന്ന് , ബോധത്തിന്റെ അവ്യക്തതകളിൽ നിന്ന് കവിത ഭിത്തി തുരന്ന് എത്തുകയാണ്.
കവിതയ്ക്ക് വക്രത കൂടിയേ തീരൂ.
ഇതാ ആ വരികൾ:
തേച്ച് മാച്ച് കളയുന്തോറും,
തറവാട്ടു കുളത്തിൽ
പായൽ നീങ്ങിയ ഇടത്തിൽ
പാതിരയ്ക്ക് പൂർണചന്ദ്രബിംബം പോലെ
ഭിത്തിയിൽ
തെളിഞ്ഞ് തെളിഞ്ഞുവന്നു
അരക്കെട്ടിൽ
കാവുകളും
നിലകിട്ടാ ആഴങ്ങളുമായി
ഞങ്ങളുടെ
തട്ടകത്തമ്മ
തിന്മ
ദ്രവിച്ച ഓലയെ തീ വിഴുങ്ങുന്നപോലെ തിന്‍മകള്‍ വന്നു
നിറയുമ്പോള്‍ നമുക്ക് മിച്ചമില്ല.
അസീസ് നല്ലവീട്ടിൽ
അസീസ് നല്ലവീട്ടിലിന്റെ 'നാനോ എന്ന കവിത (ഫേസ്ബുക്ക്) പൂവിന്റെ വീഴചയിലും പ്രായോഗികവാദികൾക്ക് സൗന്ദര്യമല്ല ശസ്ത്രക്രിയയാണ് വേണ്ടതെന്നു കണ്ടെത്തുന്നു
പൂവിന്റെ
ജീൻസും സ്പീഷീസും
ക്ലാസും ഫാമിലിയും
ഏതെന്നു
നീ തിരക്കി.
ശാസ്ത്രനാമത്തെക്കുറിച്ച്
വ്യാകുലയായി.
എത്ര മാർക്കിന്റെ
ചോദ്യമായിരിക്കുമെന്നും
എത്ര വാക്കുകളിൽ
വിവരിക്കണമെന്നും
ആകുലയായി.
നിക്കോളാസ് ബോറിയ
ഫ്രഞ്ച് കലാചിന്തകനും ആൾട്ടെർ മോഡേൺ എന്ന ആശയത്തിന്റെ ഉപജ്ഞാതാവുമായ നിക്കോളാസ് ബോറിയയോട് ഞാൻ ചോദിച്ചു: എന്താണ് നൈസർഗ്ഗികത?
അതിനു എന്തെങ്കിലും പ്രസക്തിയുണ്ടോ?
ബോറിയ ഇങ്ങനെ പറഞ്ഞു: നൈസർഗ്ഗികത പരമ്പരാഗതമായ ഒരു ചിട്ടയാണ്.
കലാ ചരിത്രത്തിൽ , കലാനുഭവത്തിൽ തുടർന്നുവന്നതെന്താണോ അതാണ് നൈസർഗ്ഗികതയായി നമ്മൾ കൊണ്ടാടുന്നത്.
നമുക്ക് ഒരു മഹാ പ്രവാഹത്തിൽ നിന്നു മാറി എന്തെങ്കിലും സ്വന്തമായി ചെയ്യണമെങ്കിൽ നൈസർഗ്ഗികതയല്ല വേണ്ടത്, ചിരപരിചിതത്വത്തെ ബ്രേക്ക് ചെയ്യാനുള്ള കഴിവാണ് ആവശ്യം.
ദ് കഹിയേഴ്സ് സീരീസ്
പാരീസിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സിൽഫി എഡിഷൻസ് പുറത്തിറക്കുന്ന കമനീയ ചെറുഗ്രന്ഥങ്ങളാണ് ദ് കഹിയേഴ്സ് സീരീസ്; സാഹിത്യത്തിലെ പുതിയ രചനകളെയും തർജമകളെയും വെളിച്ചത്ത് കൊണ്ടുവരുകയാണ് ലക്ഷ്യം.
ഇത്തരത്തിൽ 25 കൃതികൾ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നാൽപതു പേജ് വരുന്ന ഈ ഗ്രന്ഥം സുന്ദരമായ ചിത്രങ്ങളോടുകൂടിയതാണ്. shades of the other shore എന്ന പുസ്തകം ഈ പരമ്പരയിൽപ്പെട്ടതാണ്. കവി Jeffrey Greene ചിത്രകാരനായ Ralph Petty യും ചേർന്നാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം സംഭാവന ചെയ്തിട്ടുള്ളത്. ഇവർ രണ്ടുപേരും ചേർന്ന് ഫ്രാൻസിൽ അമേരിക്കയുടേതുപോലെ കാണപ്പെടുന്ന ഗ്രാമദൃശ്യങ്ങൾ കണ്ടെത്തുന്നു. റാൽഫ് പെറ്റി ഒരു നദിയുടെ ഭാവങ്ങൾ പകർത്തുമ്പോൾ, ജെഫ്രി കവിതകളിലൂടെ ഏകാന്ത വ്യക്തി എന്ന നിലയിൽ അദൃശ്യമായ ചരിത്രവസ്തുക്കളോട് സംവദിച്ചതിന്റെ അനുഭവം നൽകുന്നു.
അമേരിക്കൻ ഭാവാത്മകതയെ ഫ്രാൻസിന്റെ മണ്ണിൽ പറിച്ചു നടുന്ന വിസ്മയകരമായ സന്ദർഭമായി, അത് മാറുന്നു.
ഈ പരമ്പരയിൽപ്പെട്ട സർക്കിൾസ് ഓഫ് സെയിലൻസ് എന്ന കൃതിയാകട്ടെ പാരീസിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ Arts Arena യാണ് സംവിധാനം ചെയ്തിട്ടുള്ളത്. Wagner Dream എന്ന ഡച്ച് ഓപ്പറെയുടെ ആദ്യ പ്രദർശനത്തോടനുബന്ധിച്ചാണ് ഇതിന്റെ പ്രസാധനം. പിയറി ഓദിയാണ് ഓപ്പറെയുടെ സംവിധായകൻ. ഓപ്പറെയുടെ സംഗീത സംവിധായകനായ ജോനഥൻ ഹാർവേയുമായി ഒരു സംഭാഷണവും ഇതിലുണ്ട്.
ജോനഥാൻ ഹാർവെ, സമകാലിക സംഗീതത്തെ ബുദ്ധചിന്തയുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നു.
ആത്മപ്രശംസ നല്ലതാണ്, പക്ഷേ,
ആത്മപ്രശംസ നല്ലതാണ്. പക്ഷേ, അതിരുവിട്ടാൽ പൈങ്കിളിയായി അധഃപതിക്കും. ഒരു യുവാവ് എഴുതുന്നത് നോക്കൂ; കൂടി നിന്നു കൈയ്യൊപ്പ് വാങ്ങുന്ന കുറെ കുട്ടികൾക്കിടയിൽ ഒരിക്കലൊരു കൗമാരക്കാരി മുന്നോട്ടുവന്ന് "എനിക്കൊന്നു തൊട്ടാൽ മതി" എന്ന് സ്വരം താഴ്ത്തിപ്പറഞ്ഞ് കൈയ്യിൽ തലോടി വേഗം മറഞ്ഞുപോയ അനുഭവം എനിക്കു മുന്നിലുണ്ട്." ഇത് വായിച്ച് ഞാൻ നാണിച്ചു പോയി. തൊട്ടുനോക്കാൻ വരുന്നവർ യഥാർത്ഥ വായനക്കാരാണോ? അവരുടെയുള്ളിലെ വികാരത്തിന് സാഹിത്യവുമായി വല്ല ബന്ധവുമുണ്ടോ? ആത്മരതിയുടെ അങ്ങേയറ്റത്ത് പോയാൽ അത് ആപത്ക്കരവുമെന്നോർക്കുക. അവാർഡുകളും പത്രാധിപന്മാരുടെ ലാളനയുമൊന്നും ഒന്നിന്റെയും അടയാളങ്ങളല്ല, അത് ഈ കാലത്തിന്റെ പുഴുവരിച്ച ജഡശരീരമാണ് കാണിച്ചുതരുന്നത്. മറ്റുള്ളവർ വിശ്വസിച്ചാലും, എഴുത്തുകാർ അതിൽ വിശ്വസിക്കരുത്. വായിച്ച്, വീണ്ടും വായിച്ച് അതിലെ ആശയങ്ങളുമായി തർക്കിച്ചും സല്ലപിച്ചും നീങ്ങുന്ന ഒരു വായനക്കാരനെ കിട്ടിയാൽ തന്നെ ധന്യമായി. കെ.പി.അപ്പൻ ഒരിക്കൽ പറഞ്ഞു, ഒരെഴുത്തുകാരന് നാൽപത് വായനക്കാർ മതിയെന്ന്. അത് വികസിച്ച് ഇരുനൂറിലെത്തിയാൽ മഹത്തായ കാര്യമാവുമെന്നും. ഇതിന്റെ പൊരുൾ അറിയുക.
എന്റെ കാര്യം ലജ്ജകൊണ്ട് പറയാത്തത്താണ്. ഇന്ന് നമ്മുടെ ഒരു പ്രമുഖ സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാൾ 1992-ൽ കൂത്താട്ടുകുളത്തുള്ള എന്റെ വീട്ടിൽ വന്ന് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം എനിക്കു തന്നിട്ട് ഇതിനെക്കുറിച്ച് എഴുതണമെന്ന് അഭ്യർത്ഥിച്ചു. എന്റെ അമ്മയ്ക്ക് അദ്ദേഹം കുറെ ചെറുപഴങ്ങളും പുസ്തകങ്ങളും സമ്മാനിച്ചു. എന്നിട്ട് അമ്മയോട് അഭ്യർത്ഥിച്ചു; ഹരികുമാറിനെക്കൊണ്ട് എഴുതിക്കാൻ അമ്മയുടെ സഹായവും ഉണ്ടാകണമെന്ന്. അമ്മ പറഞ്ഞതുകൊണ്ട്, പിന്നീട് ഞാൻ ആ കൃതിയെക്കുറിച്ച് എഴുതുകയും ചെയ്തു. ആ എഴുത്തുകാരനൊപ്പം കൊല്ലത്തെ ചില യുക്തിവാദികളും അന്ന് വീട്ടിൽ വന്നിരുന്നു.
കുറെ വർഷങ്ങൾക്ക് മുമ്പ്, ഞാൻ ഷർട്ടിടാതെ തൃപ്പൂണിത്തുറയിലെ വീട്ടിലിരുന്ന് അലസമായി പുസ്തകം വായിക്കുകയായിരുന്നു. സാധാരണ ആരുടെ മുമ്പിലും ഷർട്ടിടാതെ ഞാൻ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ പത്തനംതിട്ട ജില്ലക്കാരനായ ഒരു കഥാകൃത്ത് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം എനിക്കു തന്ന് ഇങ്ങനെ പറഞ്ഞു; സർ ഇതൊന്നു വായിച്ച് പ്രതികരിക്കണം. എന്തു പറയണമെന്നറിയാതെ ഞാൻ ക്ലേശിച്ചു. എന്നാൽ വീട്ടിൽ വന്ന് പറഞ്ഞ സ്ഥിതിക്ക് എങ്ങനെ നിരാകരിക്കും. ഞാൻ എഴുതി. അദ്ദേഹത്തിന്റെ കഥകൾ എനിക്കിഷ്ടമാണ്. ഇതുപോലെ എത്ര സംഭവങ്ങൾ!
പക്ഷേ, ഇതൊന്നും ഞാനൊരിടത്തും എഴുതിയിട്ടില്ല. ചെറിയ പ്രശംസയോ സ്തുതിയോ കണ്ട് നാം ഇളകിപ്പോകരുത്.
PAGE 1click