Friday, November 29, 2013

AKSHARAJALAKAM / 4 , page 2 /DEC 1-DEC 8

 ലക്കം 4/പേജ് 2














Writing is a socially acceptable form of schizophrenia.
E LDoctorow, അമേരിക്കൻ എഴുത്തുകാരൻ

 
Sex is the consolation you have when you can't have love.
Gabriel Garcia Marquez, കൊളംബിയൻ നോവലിസ്റ്റ്

മലയാളിയെ സ്വാധീനിച്ചവരെപ്പറ്റി  

ടി ജെ എസ് ജോർജ് അദ്ധ്യക്ഷനായ സമകാലിക മലയാളം വാരിക മലയാളികളെ സ്വാധീനിച്ച നൂറ്  മലയാളികളെ തെരെഞ്ഞെടുക്കാൻ വായനക്കാരോട് അഭ്യർത്ഥിച്ചിരിക്കുന്നു.എതൊരു പത്രത്തിനും ഇതുപോലുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ അർഹതയുണ്ട്. അവരത് ചെയ്യേണ്ടതുമാണ്. എന്നാൽ ഇതിൽ വലിയ വലിയ തട്ടിപ്പു നടക്കാൻ സാധ്യതയുണ്ട്.


കാരണം സ്ഥാപിത ശക്തികൾ വായനക്കാരായി ചമഞ്ഞ് ചരിത്രത്തെ , നേരിനെ തലകീഴായി നിർത്തും.
ആരാണ് വായനക്കാർ? അവർക്ക്  മുഖമുണ്ടോ?
അവാർഡ് കിട്ടിയതിന്റെ പേരിൽ പുസ്തകം വാങ്ങി വായിക്കുന്നവനു യഥാർത്ഥ വായനയെക്കുറിച്ചു  വല്ലതും  അറിയാമോ?


ഈ നൂറുപേരിൽ സുകുമാർ അഴീക്കോടു വരുമോ?
അദ്ദേഹം തത്വചിന്ത, ഉപനിഷത്ത്, വിദ്യാഭ്യാസം,  സംസ്കൃത സാഹിത്യം, സൗന്ദര്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിരന്തരമായി സംവാദത്തിൽ ഇടപെട്ടു എന്നു മാത്രമല്ല, പല പ്രമുഖരെയും വിമർശിച്ച് ധീരതയും സ്വാഭിപ്രായമാഹാത്മ്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അഴീക്കോടിനെ ചില  കുശുമ്പന്മാർ അവരുടെ ഇടുങ്ങിയ ലോകത്തിൽ കൊണ്ടുപോയി തളയ്ക്കാൻ ശ്രമിച്ചു.
ഉപനിഷത്ത് എന്താണെന്ന് അറിയാത്തവൻ പോലും അദ്ദേഹത്തിന്റെ തത്വമസിയെ ചീത്തപറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അമ്പതു വർഷത്തിലേറെക്കാലം കേരളത്തിലെ ഏതൊരു ഗ്രാമത്തിലും അലഞ്ഞു നടന്നു പ്രസംഗിച്ച അഴീക്കോടിനെ മലയാളം വാരിക സ്ഥിരമായി അവഗണിക്കുകയാണ് ചെയ്തത്.അദ്ദേഹത്തിന്റെ ലേഖനമോ, അഭിമുഖമോ ,പുസ്തകങ്ങളെക്കുറിച്ചുള്ള നിരൂപണമോ വാരിക പ്രസിദ്ധീകരിച്ചില്ല.അഴീക്കോട് ഇവിടെ  ഉണ്ടെന്ന് പോലും അംഗീകരിക്കാൻ വാരിക തയ്യാറായിരുന്നില്ല. വാരികയുടെ ജീവചരിത്രമെടുത്താൽ അതിലൊരിടത്തുപോലും അഴീക്കോട് ഇല്ല!
ഇതു വലിയ അപരാധമായിപ്പോയി.
മാത്രമല്ല, അദ്ദേഹം അസുഖം ബാധിച്ച്  മരിക്കാൻ കിടന്നപ്പോൾ , വാരിക ഒരു റിട്ടയേർഡ് പ്രൊഫസറുടെ വൃത്തികെട്ട കത്തു പ്രസിദ്ധീകരിച്ചു! ആ കത്തിൽ അദ്ദേഹം ഉൽഘോഷിച്ചത് കാൻസർ ബാധിച്ച് കാലുകൾ തളർന്ന് സംസാരശേഷി നഷ്ടമായ അഴീക്കോട് ഭാരതീയമായ മോക്ഷത്തെപ്പറ്റിയും  ബ്രഹ്മത്തെപ്പറ്റിയും ചിന്തിച്ച് അനങ്ങാതെ കിടക്കണമെന്നാണ്!.കാരണം അഴീക്കോട് ഒരു പ്രഭാഷകനേയല്ലത്രെ!
തീർന്നില്ല, അഴീക്കോട് അന്തരിച്ച  ഉടനെ ഒരു പേനയുന്തുകാരൻ , അഴീക്കോട്  വിവരമില്ലാത്തവനും പൊങ്ങച്ചക്കാരനും ഒരു സംഭാവനയും നൽകാത്തയാളുമാണെന്ന് പറഞ്ഞ്   മലയാളം വാരികയിൽ  ലേഖനമെഴുതി. ഇതൊക്കെ എന്തുകൊണ്ടു സംഭവിച്ചു?
അപ്പോൾ, വാരികയുടെ നൂറു പേരിൽ അഴീക്കോട് എങ്ങനെ ഉണ്ടാകാനാണ്?
എന്നാൽ ടി.ജെ.എസ് ജോർജിനും അദ്ദേഹത്തിന്റെ ടീമിനും ഇതൊക്കെ തിരുത്താൻ കഴിയും.അവർക്ക് അതിനുള്ള കഴിവുണ്ട്.
പക്ഷേ, പഴയ ഫ്രെയിമിൽ നിന്നു മാറണം.
നൂറ് മലയാളിൽകളിൽ നിശ്ചയമായും വരേണ്ട എതാനും പേരെ ഞാൻ ഓർമ്മിപ്പിക്കുകയാണ്.
1)സത്യൻ
2)ദേവരാജൻ,
3)കെ.പി.അപ്പൻ,
4)എം.കൃഷ്ണൻ നായർ,
5)സാംബശിവൻ,
6)പ്രേംനസീർ
7)കെ.എസ്.ജോർജ്
ഇവർ ലിസ്റ്റിൽ ഇല്ലെങ്കിൽ , തിരിമറി നടന്നു എന്നാണ് അർത്ഥം.
സത്യൻ ലോക നടനാണ്,നസീറും. കാരണം ഇവരുടെ ഒരു ഡയലോഗിൽപ്പോലും അഭിനയമുണ്ട്.ആത്മാർത്ഥതയുണ്ട്.
ജീവിച്ച നിമിഷമുണ്ട്.

കെ.പി.അപ്പനും എം. കൃഷ്ണൻ നായരുമാണ്  കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കിടയിൽ  മലയാള വിമർശനത്തിലുണ്ടായ  ഐക്കണുകൾ.
കെ.പി. അപ്പൻ വലിയൊരു സാഹിത്യ സംസ്കാരത്തെ മുന്നോട്ടു വച്ചു.അദ്ദേഹം ഒരു കമ്മിറ്റിയിലും പോയില്ല, ഒരിടത്തും പ്രസംഗിക്കാൻ  പോയില്ല.എന്നിട്ടും ഏറ്റവും ആരാധകരുള്ള, നവീനമായ ചിന്തകൾകൊണ്ട് മാത്രം ചർച്ച ചെയ്യപ്പെട്ട എഴുത്തുകാരനായി.അപ്പൻ സാഹിത്യ നിരൂപണ രംഗത്തു വന്നതോടെ പലരും നിരൂപണമെഴുത്ത്  നിർത്തി.

എം. കൃഷ്ണൻ നായർ , സ്വന്തം  ആശയ , സൗന്ദര്യ ചിന്തകൾ സുധീരമായി അവതരിപ്പിച്ച്  വിസ്മയകരമായി , വലിയ  വായനക്കാരുടെ  കൂട്ടത്തെ സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ ലേഖനങ്ങൾ മാത്രം വായിച്ചിരുന്ന ധാരാളം പേർ അന്നുണ്ടായിരുന്നു.

കെ.പി. അപ്പൻ , എം. കൃഷ്ണൻ നായർ  എന്നീ പേരുകൾ  ഒരു മാഗസിന്റെ കവറിൽ അച്ചടിച്ചാൽ അതുകൊണ്ടുമാത്രം  ആ വാരിക വാങ്ങുന്നവർ ഉണ്ടായിരുന്നു. ഇത് എത്ര  എഴുത്തുകാർക്ക്  പറ്റും.? ഇന്നത്തെ സ്ഥിതി എന്താണ്?
 ചിലരുടെ പേരു കണ്ടാൽ അതു വാങ്ങേണ്ടല്ലോ എന്നാണ് വായനക്കാർ ചിന്തിക്കുക!

സാംബശിവൻ സാധാരണക്കാരെ അസാധാരണമായി സ്വാധീനിച്ച കഥാപ്രാസംഗികനായിരുന്നു.
സ്വന്തം  മാധ്യമത്തെ സകല ചരിത്രപരമായ മതിൽക്കെട്ടുകൾക്കും പുറത്തേക്ക് കൊണ്ടുപോകാനും മാധ്യമസങ്കല്പത്തെ ഉടച്ചുവാർക്കാനും സാംബശിവനു കഴിഞ്ഞു.അദ്ദേഹം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മാധ്യമം.



ദേവരാജൻ മലയാള ഗാനശാഖയിലുടെ ഒരു സംഗീത സംസ്കാരം കണ്ടെത്തി.
ഇന്നും അദ്ദേഹത്തിന്റെ നാടക ഗാനങ്ങൾ പുതിയൊരു കേരളം പിറന്നതായി അറിയിച്ചുകൊണ്ടിരിക്കുന്നു.

കെ.എസ്. ജോർജ്ജാണ് നമ്മുടെ മനസ്സിന്റെ അടിത്തട്ടിലെ തീവ്രമായ വിഷാദത്തിനു ഏറ്റവും നടുക്കുന്ന സ്വരം നൽകിയത്.
നരേന്ദ്രപ്രസാദ്, വി.പി.ശിവകുമാർ

ഒരു കാലഘട്ടത്തെ സൂക്ഷ്മമായി വായിക്കാനും പ്രവണതകൾ കണ്ടെത്തുവാനും അസാമാന്യമായ കഴിവാണ് നരേന്ദ്രപ്രസാദിനുണ്ടായിരുന്നത്.

ഒരിക്കൽ കഥാകൃത്ത് വി.പി. ശിവകുമാറിന്റെ വീട്ടിൽ വച്ചാണ് ഞാൻ നരേന്ദ്രപ്രസാദിനെ കാണുന്നത്.അന്ന് അദ്ദേഹം ഷർട്ടിടാതെ കട്ടിലിൽ കിടന്നുകൊണ്ട് എന്റെ ' ആത്മായനങ്ങളുടെ ഖസാക്ക് 'എന്ന പുസ്തകം വായിച്ചത് ഇപ്പോഴും ഓർക്കുന്നു.


വി.പി.ശിവകുമാർ ആ പുസ്തകത്തെപ്പറ്റി പറഞ്ഞത് ഇതാണ്: ഇതു ഒരു സർഗാത്മക കൃതിയാണ്. ആ രീതിയിൽ ഇതു വായിക്കണം.
ശിവകുമാറിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നരേന്ദ്രപ്രസാദ് ഒരു ഭേദഗതി നിർദേശിച്ചു: താങ്കൾ ഭാഷയിൽ നിന്നു യുകതിയെ മാറ്റിയശേഷം അതിനെ സ്വപ്നമാക്കി പരാവർത്തനം ചെയ്യുകയാണ്.
കെ.സി.നാരായണൻ
ആറ്റൂർ രവിവർമ്മയുടെ കവിതകൾക്ക് എറ്റവും നല്ല ആസ്വാദനമെഴുതിയത്  കെ.സി.നാരായണനാണ്.

ആറ്റൂരിന്റെ കവിതകൾ എന്ന സമാഹാരത്തിനു നാരായണൻ എഴുതിയ ആമുഖം അതീവ ഗൗരവത്തോടെ വായിക്കേണ്ടതാണ്.
'സംക്രമണം' പോലെ ഗഹനമായ ഘടനയിലും  ശൈലിയിലും എഴുതപ്പെട്ട കവിതയുടെ പൂട്ടു് തുറക്കാൻ ഒരു പക്ഷേ , നാരായണനെപ്പോലെ സമർത്ഥമായി ആർക്കും തന്നെ കഴിഞ്ഞിട്ടില്ല.
ആറ്റൂർ  കവിതകൾക്ക് പൊതുവെ ഒരു അതാര്യ തലമുണ്ട് . അതു ഭേദിക്കാൻ പറ്റിയ വിശകലനാത്മക ധിഷണയാണ് നാരായണനുള്ളത്.
എസ്. ഭാസുരചന്ദ്രൻ
കഥാകൃത്തും പത്രപ്രവർത്തകനുമായ എസ്. ഭാസുരചന്ദ്രനെ നമ്മുടെ സാഹിത്യരംഗം വേണ്ടപോലെ ഇനിയും മനസ്സിലാക്കിയിട്ടില്ല.
അദ്ദേഹം സ്വന്തം നിലയിൽ സിനിമയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും അവബോധമുള്ള എഴുത്തുകാരനാണ്.


ഒരു ഗുരുവിന്റെയും പിൻപറ്റാതെ ആലോചനയുടെ സ്വകാര്യതയെ സാക്ഷാത്കരിച്ച വ്യക്തിയാണദ്ദേഹം.അദ്ദേഹവുമായി പല സന്ദർഭങ്ങളിൽ ഞാൻ സംസാരിച്ചിട്ടുണ്ട്.അതിൽ നിന്ന്  ചില വാക്യങ്ങൾ ഇവിടെ എഴുതുന്നു.
അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങൾ ഇവിടെ എഴുതുന്നു:
1)ജീവിതത്തിൽ ഒരോന്നിനും ഓരോ അകലമുണ്ട്. സൂര്യൻ കൃത്യമായ അകലം പാലിക്കുന്നു. അല്പം അകലുകയോ അടുക്കുകയോ ചെയ്താൽ ആകെ തകരാറിലാകും.ഇതു തന്നെയാണ് ആദ്ധ്യാത്മിക കാര്യങ്ങളിലും പാലിക്കേണ്ടത്.നമ്മൾ ദൈവത്തെ വല്ലാതെ വലിച്ചടുപ്പിക്കേണ്ടതില്ല.
2)നമ്മുടെ സാഹിത്യം നിറയെ ഗ്രാമീണതയാണ്.
എന്തിനാണ് ഇത്രയും ഗ്രാമ്യത.?
3)ഗ്രാമ്യത വിശുദ്ധമാണെന്ന ചിന്ത തെറ്റാണ്.
ഗ്രാമങ്ങളാണ് ജാതിയെ വളർത്തി വലുതാക്കിയത്.
4)ഗ്രാമങ്ങളെ സ്നേഹിക്കുന്ന കവികൾ എന്തുകൊണ്ട് ഗ്രാമത്തിൽ പോയി താമസിക്കുന്നില്ല?
5)പഴയതെല്ലാം വിശുദ്ധമെന്ന രീതിയിലുള്ള നൊസ്റ്റാൾജിയ വർജിക്കണം.
6)ഒരു കലാകാരനു സീരിയലിൽ അഭിനയിച്ചെങ്കിലും  അവന്റെ വീട്ടിലെ അടുപ്പ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.
7)പ്രകൃതി മനുഷ്യന്റെ ബുദ്ധിയെ കണക്കിലെടുക്കുന്നില്ല.
അതിനു മറ്റൊരു ക്രമമാണുള്ളത്.
8)കേരളത്തിൽ തീവണ്ടി ഓടിത്തുടങ്ങിയതോടുകൂടി ജാതിവാദികൾ തകരാൻ തുടങ്ങി.
ഭാസുരചന്ദ്രനുമായുള്ള അഭിമുഖം ഇവിടെ വായിക്കാം
പദാർത്ഥം
ചിതറിയവർ എന്ന ചിത്രത്തിന്റെ   സംവിധായകനും കഥകൃത്തുമായ ലാൽജി ജോർജിന്റെ പുതിയ സമാഹാരമാണ് പദാർത്ഥം(സൂര്യ ബുക്സ്).

പതിനഞ്ചു കഥകൾ ഇതിൽ ചേർത്തിരിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, കഥ മാസിക , മലയാള മനോരമ തുടങ്ങിയ ഇടങ്ങളിൽ നേരത്തെ പ്രത്യക്ഷപ്പെട്ട രചനകളാണ് ഇതിലുള്ളത്.
പദാർത്ഥം, ഡ്രാഗൺസ് കാസിൽ, ചൂള പോലെ കത്തുന്ന ജീവിതം, പ്രാണായാനം, മഴകന്യക, തമോഗർത്തം, തുടങ്ങിയ കഥകൾ ലാൽജിയുടെ വളരെ ലളിതവും അതേസമയം സമകാലികവുമായ ജീവിത പ്രമേയങ്ങളുടെ തീക്ഷ്ണത കൊണ്ട് സമ്പന്നമാണ്.
ലാൽജി അന്വേഷിക്കുന്നത് പുതൊയൊരു ക്രമമാണ്.കുഴഞ്ഞ് മറിഞ്ഞ ഈ ലോകത്ത് ഒരാളെ സഹായിക്കാൻ ആരുമില്ല. എല്ലാവരും മറ്റെങ്ങോ  മുഖം തിരിച്ചുപിടിച്ചു നിൽക്കുന്നു.
മനുഷ്യന്റെ മനസ്സിൽ നിന്ന് സ്നേഹം വറ്റിപ്പോയിരിക്കുന്നു.എന്നാൽ സ്നേഹത്തിനായുള്ള ദാഹം ഒരോ വ്യക്തിയിലുമുണ്ട്.
ഇതു സംഘർഷം ഉണ്ടാക്കുന്നു. അതിനൊട്ടു പരിഹാരവുമില്ല.
എഴുതാൻ ആത്മാർത്ഥതയുള്ള ഈ കഥാകൃത്ത് തന്റേതായ ലോകം നിർമ്മിച്ചുകൊണ്ടിരിക്കുന്നു

'ജീവിതത്തിന്റെ ബാൻഡ് വിഡ്തിൽ  ഒരു കാക്ക'
മനോരാജിന്റെ 'ജീവിതത്തിന്റെ ബാൻഡ് വിഡ്തിൽ  ഒരു കാക്ക'(സൈകതം ബുക്സ്,(ഫോ.9447814972 )  75/എന്ന സമാഹാരത്തിൽ പതിനഞ്ച് കഥകളുണ്ട്.ഹോളോബ്രിക്സിൽ വാർത്തെടുത്ത ദൈവം, ജീവിതത്തിന്റെ ബാൻഡ് വിഡ്തിൽ ഒരു കാക്ക, ഗാന്ധർവ്വ മോക്ഷം, ജീവനകല, ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി, നിഴലുകൾ എന്നെ പിന്തുടരുന്നു തുടങ്ങിയ കഥകൾ കഥാകൃത്തിന്റെ സമീപനവും കാഴ്ചപ്പാടും  വ്യക്തമാക്കുന്നു.



മരണം, വേർപാട് എന്നീ സമസ്യകളെ ഒരു ആധിയായി അനുഭവിക്കുകയും അതിന്റെ തീയിൽ ഉരുകിത്തീരുകയും ചെയ്യുന്ന മനുഷ്യരെയാണ് മനോരാജ് അവതരിപ്പിക്കുന്നത്.
വികാരപരമായ സത്യസന്ധത,  നേർക്കാഴ്ചകൾ എന്നിവയാണ് മനോരാജിന്റെ കഥകളുടെ പ്രത്യേകതകൾ.
ആരെയും അനുകരിക്കാതെ, ജീവിതദുഃഖങ്ങളിൽ നിന്നും തന്റെ കഥയുടെ ഗതി എങ്ങനെയാവും വികസിക്കുക എന്നു നല്ലപോലെ അറിയാവുന്ന കഥാകൃത്താണ്  മനോരാജ്.

  ടൈറ്റിൽ കഥയിൽ കൈമൾ മരിച്ചതിൽ  മനം നൊന്ത് കഴിയുന്ന അയാളുടെ ഭാര്യക്ക് ഒരു കാക്കയാണ് വിഭ്രാന്തി സൃഷ്ടിക്കുന്നത്.
കൈമളുടെ റേഡിയോ നിലച്ചതോടെ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ആ കാക്ക സാക്ഷിയാകുന്നു.
ചിലപ്പോൾ അവർ സംശയിക്കുന്നു, ഈ കാക്ക തന്നെയാണ് കൈമൾ  എന്ന്. അത് അവർക്കു ചുറ്റും പറന്ന് ലോകജീവിതത്തിന്റെ ദുർഗ്രഹമായ ബന്ധങ്ങൾ തേടുന്നു
ക്രൈസ്തവ സയണിസം
ജൂതന്മാരുടെ വംശീയവാദത്തെ ധാരാളം പുസ്തകങ്ങളുടെയും രേഖകളുടെയും  പശ്ചാത്തലത്തിൽ പരിശോധിക്കുന്ന പുസ്തകമാണ്, വി എ മുഹമ്മദ് അശശ്റഫ് എഴുതിയ ക്രൈസ്തവ സയണിസം(സെന്റർ ഫോർ റിസർച്ച് ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്)


ലേഖകൻ എഴുതുന്നു:ഫലസ്റ്റീനിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ജൂതേതർക്ക് ജന്മനാട്ടിൽ തിരിച്ചെത്താൻ അനുവാദമില്ലാതിരിക്കുമ്പോൾ ,ലോകത്തെവിടെയുമുള്ള ജൂതന് ഇസ്രായേലിൽ പൗരത്വമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു.
അവതാരികയിൽ ഡോ. നൈനാൻ കോശി എഴുതുന്നു:ക്രൈസ്തവ സയണിസത്തിന്റെ പ്രത്യയശാസ്ത്രം ക്രിസ്തു ഉപദേശിച്ചതും കാട്ടിത്തന്നതുമായ സ്നേഹത്തിനു വിരുദ്ധമാണെന്ന് ശ്രീ അശ്റഫ് ചൂണ്ടിക്കാണിക്കുന്നു.അതല്ലെങ്കിൽ സയണിസ്റ്റുകൾ ,ഇസ്രായേലിലുള്ള എല്ലാ ജൂതേതരരോടും  സ്നേഹപൂർവ്വം പെരുമാറുമായിരുന്നു.
മധ്യ പൗരസ്ത്യ ദേശത്തിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിൽ അശ്റഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് ചരിത്രപരമായ അടിവേരുകളുണ്ട്.


ശ്രീപാർവ്വതി
ബ്ലോഗറും കോളമിസ്റ്റുമായ ശ്രീപാർവ്വതി ഹിറ്റ്ലറുടെ പ്രണയിനി ഈവയെപ്പറ്റി ഇങ്ങനെ എഴുതുന്നു:
മരണത്തിന്‍റെ കാലൊച്ച അടുത്ത് വരുന്നത് അറിഞ്ഞിട്ടും റഷ്യന്‍ സൈന്യത്തിന്‍റെ കാലൊച്ചകളുടെ ഭീകരത തിരിച്ചറിഞ്ഞിട്ടും ഈവയുടെ ആ മോഹത്തെ പത്തു മിനിറ്റിന്‍റെ ദൈര്‍ഘ്യത്തില്‍ ഹിറ്റ്ലര്‍ സാധിച്ചു കൊടുത്തു. പിന്നെ പതിയെ പതിയെ അടുത്തു വന്ന മരണത്തിലേയ്ക്ക് ഇരുവരും ഒന്നിച്ച് നടന്നു കയറുമ്പോള്‍ ഈവ ആഗ്രഹിച്ചിട്ടുണ്ടാവുക ഇനിയുള്ള ജന്മത്തിലും  തന്‍റെ പ്രണയം ഇവനായിരിക്കണേ എന്നു തന്നെയല്ലേ? അധികാരത്തിന്‍റെ ഭ്രമം കയറിയ ഹിറ്റ്ലര്‍ അല്ല, പക്ഷേ ദേശീയതയെ കവിഞ്ഞ് മറ്റൊന്നും ഉയിരില്‍ കൊണ്ടു നടക്കാത്ത ആ പഴയ ഹിറ്റലര്‍ തന്നെ. അവന്‍റെ ഒറ്റപ്പെടല്‍ തനിക്കേ കാണാനായുള്ളൂ എന്ന് മരണ സമയത്തും അവള്‍ ഉറക്കെ പറഞ്ഞ് അവനോട് വിലപിച്ചിട്ടുണ്ടാകാം. ആ ഒറ്റപ്പെടലില്‍ ഔഷധമാകാനാണ്, തനിക്കിഷ്ടം എന്നും അവള്‍ മനസ്സിലോര്‍ത്തിരിക്കാം. (മലയാളസമീക്ഷ, നവംബർ)

ക്രൂരനായ ഹിറ്റ്ലർക്കും ഒരു കാമുകിയെ ലഭിച്ചു!
നല്ല കാരമാണോ?
എന്തുകൊണ്ടാണ് ആ കാമുകി അയാളെ ജാതിഭ്രാന്തിൽ നിന്ന് പിന്തിരിപ്പിക്കാതിരുന്നത്?
ഉത്തരം ഇതാണ്: പ്രണയം മറ്റൊരു മതമാണ്. അവിടെ ദൈവങ്ങളുണ്ട്, ആചാരങ്ങളുണ്ട്, സമർപ്പണമുണ്ട്, മോക്ഷമുണ്ട്. അവിടെ മറ്റാരും തന്നെയില്ല.അവനവന്റെ ആചാരങ്ങളുടെ അസംബന്ധമോ അന്ധതയോ? അന്ധമായ രതിയും നിലവിട്ട കാത്തിരുപ്പുമാണ് പ്രണയത്തെ ഒരു മതമാക്കുന്നത്.
ഡോ. ടി.പി.നാസർ
ഡോ.ടി.പി.നാസർ എഴുതിയ സുജാതപുരം റെയിൽവേ സ്റ്റേഷൻ (കലാപൂർണ മാസിക, നവംബർ)എന്ന കഥയുടെ വിവരണം നല്ലതാണ്. ഒരു ഇന്ത്യൻ ക്ഷേത്ര പരിസരം, ഫിലിം  ഫെസ്റ്റിവൽ, സെക്സ്, എം. എൻ വിജയൻ, ശിവലിംഗം....

എന്നാൽ കഥാന്ത്യം  നായിക കാമുകനാൽ കൊല്ലപ്പെടുന്നു.
നായകൻ ശവഭോഗിയാണ്.
ആ ഭാഗം ഇതാണ്:  ''ഞാനാ ചുണ്ടുകൾ അമർത്തി ചുംബിച്ചു. പിന്നെ തുറന്നു പിടിച്ച കണ്ണുകൾ അടച്ചു.അവസാനത്തെ ശ്വാസവും നിലച്ചുവെന്നുറപ്പുവരുത്തി ഞാനവളുടെ വസ്ത്രങ്ങളോരോന്നായി ഊരിയെടുത്തു.
വെളുത്തു മെലിഞ്ഞ ആ ശരീരത്തിൽ തവിട്ടു നിറത്തിലുള്ള കൊന്ത മാത്രം അനാഥമായി കിടന്നു. കുരിശിലേറ്റപ്പെട്ട ക്രിസ്തു മുലകൾക്കിടയിലുള്ള വിടവിൽ കുടുങ്ങിക്കിടന്നു
എന്റെ ചുണ്ടുകൾ ആ ശരീരം മുഴുവൻ ഉഴുതു മറിച്ചു.മുലക്കണ്ണുകൾ, പൊക്കിൾ, നാഭിച്ചുഴി, അവസാനം ശവഭോഗത്തിൽ എനിക്കു സ്ഖലനമുണ്ടായി...''

ശവഭോഗമൊക്കെ പഴയ ഐറ്റമാണ്. പുതിയതെന്തെങ്കിലും നോക്കുക.


 ഗണേഷ് പന്നിയത്ത്
 പ്രിയാസയൂജിന്റെ 'സൈബർചിലന്തികൾ' എന്ന കവിതയെപ്പറ്റി ഗണേഷ് പന്നിയത്ത് ഫേസ്ബുക്കിൽ എഴുതി:
 സൈബര്‍യുഗം സ്ത്രിവേട്ടയുടെ വേദിയാണെന്ന് വര്‍ത്തമാനകാല ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന്   നാം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.  പുരുഷന്റെ ഓരോ ചുവടിലും സ്ത്രിവേട്ടയുടെ ചരിതങ്ങളുണ്ട്. വശീകരണമന്ത്രത്തിന്റെ വാക്കുകളും മഴവില്ലുകളും കാണിച്ച്  അവന്‍ അവളെ കീഴ്പ്പെടുത്തുവാനുള്ള നീഗൂഢ ശ്രമങ്ങളില്‍ തന്നെയാണ്.  എന്നാല്‍ അവളോ ? മഴവില്ലിന്റെ ഉപരിപ്ലവമായ മനോഹാരിതയില്‍ മയങ്ങി അവന്റെ വികാരങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കാതെ സ്വയം ഹോമിക്കപ്പെടുന്നു. അവന്റെ ചൂണ്ട അവളുടെ ആമാശയത്തിലേക്കിറങ്ങിയാല്‍ പോലും അവള്‍ ഒന്നും അറിയുന്നില്ല. അവള്‍ പ്രണയാതുരയായി അവനോട് ചേർന്ന് നിന്ന് അവളെ സ്വയം സമര്‍പ്പിക്കുന്നു.
ഇനി പ്രിയയുടെ വാക്കുകൾ:
അവള്‍
വാക്കിന്റെ മധു നുണഞ്ഞു
ജീവിതത്തിന്റെ മാധുര്യം
നഷ്ടമാക്കി
അവന്‍
മഴവില്ലിന്റെ വര്‍ണമുള്ള
വലവിരിച്ചു
കാത്തുനിന്നു


എല്ലാക്കാലത്തും ആണിന്റെയും പെണ്ണിന്റെയും, പ്രേമം പോലെതന്നെ, യുദ്ധവും നടക്കുന്നു.
പ്രണയം ഇന്നു മാഞ്ഞു പോകാനുള്ളതാണ്.കാരണം , ആണും പെണ്ണും നൂറുക്കൂട്ടം മോഹവലകളിലാണ്. ആരിലും പ്രണയത്തെ സ്ഥിരമായി
നിലനിർത്താൻ പറ്റാത്തവിധം മനസ്സ് ചിതറിപ്പോക്കുന്നു.
പ്രണയത്തേക്കാൾ വലിയ പ്രതിഛായകൾ ഇന്നു കാത്തു നിൽക്കുന്നു.
അതുകൊണ്ട് , സ്നേഹത്തോടെ ചേർന്നവർ  വേർപിരിയുന്നതും അർത്ഥപൂർണമാണ്.

 ലാസർ ഷൈൻ
ലാസർ ഷൈൻ എഴുതുന്നു: ഇനിയും തിരിച്ചറിയപ്പെടാതെ പോകുന്ന മറ്റൊരു മലയാളിയുണ്ട്.((മലയാളം വാരിക, ഡിസംബർ 6) വളരെ ശരിയാണിത്.ഇതു മനസ്സിലാക്കാത്തവർ പത്രങ്ങളും വാരികകളുമാണ്. അവർക്ക് ഒരു ജനാധിപത്യവും ബാധകമല്ല.സാഹിത്യകാരൻ പ്രസംഗിച്ചാൽ  ഒരു വരികൊടുക്കില്ല. എന്നാൽ നൂറുകൂട്ടം സംഘടനകളുടെ യോഗങ്ങളുടെ പടങ്ങളും വാർത്തകളും നിരത്തുകയാണ്.ഇന്നത്തെ പത്രങ്ങൾ വായിക്കാനിരുന്നാൽ , നിഷ്പക്ഷമായി പറയട്ടെ , വല്ലാത്ത മുഴിപ്പാണ് അനുഭവപ്പെടുന്നത്.
ആകർഷിക്കുന്ന ഒന്നും കാണാനില്ല.ആർക്കോ വേണ്ടി സംവരണം ചെയ്ത കുറെ വാർത്തകൾ. ഇതൊക്കെ എന്തിനു വായിക്കണം? മാധ്യമങ്ങൾ കയ്യൊഴിഞ്ഞ ജനതയാണ് നാം.
സാഹിത്യകാരൻ പ്രസംഗിക്കുന്നതിനു ഒരു വിലയുമില്ലെന്ന് വന്നിരിക്കുന്നു.
എന്നാൽ തീരെ ചെറിയ രാഷ്ട്രീയപാർട്ടിയുടെയോ, സമുദായ സംഘടനയുടെയോ പഞ്ചായത്തു നേതാവിനു പോലും പ്രാമുഖ്യം ലഭിക്കുന്നുമുണ്ട്.അവരുടെ ലോകമാണിത്.
അവർ നയിക്കുന്ന ലോകത്തിന്റെ വെറും വരിക്കാർ മാത്രമാണ് നാം.

 തലമുറകളുടെ പാഠപുസ്തകം
 ബിനു കാര്യാട്ടിന്റെ 'തലമുറകളുടെ പാഠപുസ്തകം'(ലിപി പബ്ലിക്കേഷൻസ്) എന്ന സമാഹാരം ശില്പബോധമുള്ള ഒരെഴുത്തുകാരനെ കാണിച്ചുതന്നു.
മലയാളം അദ്ധ്യാപകരുടെ ശില്പബോധമല്ല, ജീവിതത്തിന്റെ ശില്പബോധമാണ് ബിനുവിനെ നയിക്കുന്നത്.വരവറിയിക്കുന്ന ചിലന്തി, ഡിസംബർ തുടങ്ങിയ കഥകൾ എഴുതിയ ഈ ചെറുപ്പക്കാരൻ നമ്മുടെ കഥാനുഭവത്തെ വികസിപ്പിക്കുകയാണ്.കപടലോകത്ത് മിക്കവരും കാപട്യത്തെ ഒരു സുന്ദരകലയാക്കുന്നതായി ബിനുവിന്റെ കഥകൾ നമ്മോടു സംവദിക്കുന്നു.

 ജയചന്ദ്രൻ പൂക്കരത്തറ
 ജയചന്ദ്രൻ പൂക്കരത്തറ ഈ കാലത്തെ വിഭാഗീയതയെ , രാവണാത്മകതയെ  ഏതാനും വരികളിൽ ആവിഷ്കരിക്കുന്നു.ഞാൻ പറയാം  ( ഒരുമ മാസിക, നവംബർ)എന്ന കവിതയിലെ വരികൾ ശ്രദ്ധിക്കേണ്ടതാണ്:
തല ഇടത്തോട്ടോ വലത്തോട്ടോ ചരിച്ചു പിടിച്ചു നിൽക്കുന്നവരെ നോക്കി കവി പറയുന്നു
'ഇങ്ങനെ
അഞ്ചാമനായോ
ആറാമനായോ
ജീവിക്കുന്നുവെങ്കിൽ
ഞാൻ പറയാം
''ഭാര്യയുടെ പേര്
മണ്ഡോദരി എന്നല്ലേ?"
ഭക്ഷണവും സംസ്കാരവും
ഭക്ഷണം വികാരമാണ്, രതിയാണ്.
അതു നമ്മെ മാറ്റിമറിക്കുന്നു.
അവനവനിൽ നിന്നു മോചനം കിട്ടുന്നതനുസരിച്ച് നാം ഭക്ഷണത്തോട് അടുക്കുന്നു.
നമ്മെ കുഴയ്ക്കുന്ന, പിച്ചിചീന്തുന്ന ഒരു പ്രശ്നത്തിനു മുൻപിൽ ഭക്ഷണം പ്രലോഭനമല്ല. അത് എപ്പോൾ , ഏതു സമയത്ത് നമ്മുടെയടുത്ത് എത്തുന്നു എന്നതാണ് കാര്യം.വിഷാദച്ചുഴിയിൽപ്പെട്ടാൽ രുചി നഷ്ടമാകും.
എന്നാൽ അവനവനെ  പ്രേമിക്കുന്ന സമയത്ത് ഭക്ഷണത്തിനു രുചി കൂടും. അല്ലെങ്കിൽ രുചിയെപ്പറ്റി കുടുതൽ ബോധം നേടാൻ നിഷ്കർഷിക്കും.

നാം നമ്മുടെ രുചിയാണ്. രുചിയില്ലാതാകുകയാണെങ്കിൽ, രുചിക്ക് വേണ്ടി നിഷ്കർഷയില്ലെങ്കിൽ നമ്മളെ മറ്റേതോ വികാരം കീഴടക്കി എന്നാണ് അനുമാനിക്കേണ്ടത്.
ഇന്നു ഭക്ഷണം ആസക്തിയുടെ മറ്റൊരു മുഖമാണ് പ്രദർശിപ്പിക്കുന്നത്.അതിന്റെയർത്ഥം നമ്മെ ഒന്നിനും സ്വാധീനിക്കാൻ കഴിയുന്നില്ലെന്നും നമ്മൾ രുചിയെയോ, ശക്തിയെയോ , അധികാരത്തെയോ , സംസ്കാരത്തെയോ കീഴടക്കുന്നതിനായി ആഹാരം കഴിക്കുന്നു എന്നുമാണ്.ഉള്ളിൽ തളം കെട്ടിക്കിടക്കുന്നതിന്റെ ഭയാനകമായ ഒരു ആവിർഭാവമാണ് ഭക്ഷണത്തോടുള്ള ആസക്തി.
രോഗം വരുന്നതോടെ ഭക്ഷണത്തെ വെറുക്കുകയും , മേൽത്തരം ആഹാരം കഴിക്കുന്നവരെ അന്യരായി കാണുകയും ചെയ്യും.
രോഗത്തിനു ഒരു സന്യാസ ഭാവമുണ്ട്.അത് തീവ്രമായ കാമനകളെ നിയന്ത്രിക്കാൻ പരിശീലിപ്പിക്കുന്നു
കാമുകി
കാമുകിമാരേക്കാള്‍ നല്ലത്‌ കൊമേഴ്‌സ്യല്‍ ബാങ്കുകളാണ്‌. അവര്‍ ഒരു ദിവസം പത്തോ പതിനഞ്ചോ എസ്‌. എം. എസ്‌
അയച്ചുതരാന്‍ ഉദാരത കാണിക്കുന്നു.


സർഗരേഖ
കുളത്താമൽ ജഗന്നാഥന്റെ (8129230582) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന സർഗരേഖ മാസിക ധാരാളം എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നു.രാധാമണി എം ആർ, എ ആർ ഉണ്ണിത്താൻ, ഉണ്ണീ വാരിയത്ത്, മഹേഷ് കാട്ടാക്കട,ആർട്ടിസ്റ്റ് രഘു കുമരകം , ശ്രീലത പി.കെ തുടങ്ങിയവർ എഴുതിയിരിക്കുന്നു.

വിസ്മയം
ഏറെക്കാലം നം പിന്തുടര്‍ന്ന വലിയ വിസ്മയങ്ങള്‍ , ഒരു നിമിഷം കരിക്കട്ട പോലെ വെള്ളത്തില്‍ നനഞ്ഞ്‌ കിടക്കുന്നത്‌ കാണേണ്ടിവരും .

അക്ഷരജാലകം 
എനിക്കു ഇരുന്നൂറോളം പേരുടെ സന്ദേശങ്ങളാണ് ലഭിച്ചത്, അക്ഷരജാലകം ആഴ്ചതോറും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്.
അത് ഞാൻ മുഖവിലയ്ക്കെടുക്കുകയാണ്.ഇനി മുതൽ എല്ലാ ആഴ്ചയും ഈ കോളം ഉണ്ടാകും.



ഞാൻ  കഴിഞ്ഞ മുപ്പത് വർഷം കൊണ്ടാണ് ഈ ഉത്തര-ഉത്തരാധുനികമായ രചനാമേഖലയിൽ എത്തിയത്.ഇപ്പോൾ ഞാൻ എന്റെ ആനുകാലികത നിശ്ചയിക്കുന്നു- എന്റെ സ്ഥലം, അതായത് എവിടെനിന്ന് പ്രസിദ്ധപ്പെടുത്തണമെന്ന കാര്യം.
എപ്പോൾ വേണമെന്ന കാര്യവും എന്റെ നിയന്ത്രണത്തിലാണ്.
മറ്റൊന്ന്,  ഞാൻ തന്നെയാണ് കമ്പോസ് ചെയ്യുന്നത്, പ്രൂഫ് വായിക്കുന്നതും  മറ്റാരുമല്ല.ഞാനാണ് പ്രസാധകൻ, ഞാൻ തന്നെയാണ് എഡിറ്റർ,എഴുത്തുകാരനും മറ്റൊരാളല്ല. എന്റെ വായനക്കാർ എന്നെ തേടി എന്റെ അടുത്തേക്കാണ്  വരുന്നത്. ഇടനിലക്കാരില്ല.
ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉത്തര - ഉത്തരാധുനികമായ അവസ്ഥ.
ഇവിടെ ക്ലാസിക്കൽ സ്ഥാപനമോ വ്യക്തിയോ  ഇല്ല.വായനക്കാരെ പത്തായത്തിലിട്ട് പൂട്ടി അതിന്റെ താക്കോലും കൊണ്ടു നടക്കുന്ന പത്രാധിപരും ഇല്ല.



''എന്നിൽ ഒരു പത്തായമുണ്ട്
ഒന്നും സംഭവിക്കാത്ത
ബഹളങ്ങളിൽ നിന്നും
എനിക്ക് എന്നെ വച്ചു പൂട്ടാൻ''
'ഞാനും ഞാനും' എന്ന കവിതയിൽ കെ.വി.സക്കീർഹുസൈൻ എഴുതുന്നു.
കഴിഞ്ഞ ലക്കം അക്ഷരജാലകം വായിച്ചിട്ട് സക്കീർഹുസൈൻ ഇങ്ങനെ എഴുതി:
അക്ഷരജാലകം ഒക്ടോബർ ,നവംബർ ലക്കം വായിച്ചു;-വായനക്കാർ  എന്ത്  വായിച്ചാൽ മതിയെന്ന്  പത്രാധിപർ തീരുമാനിക്കുന്ന  ഒരു കാലത്താണ് എഴുത്തുകാർ ജീവിക്കുന്നത് ...``വാരികയിലെ എല്ലാ വിഭവങ്ങളോടും തുല്യ ബന്ധമല്ല എഡിറ്റർക്കുള്ളതെങ്കിൽ  അതു അപകടകരമായ സന്ദേശമാണ് പകരുക.``എം .കെ .ഹരികുമാർ  നിരീക്ഷിക്കുന്നു.ചെരുപ്പ് കുത്തി ചെരുപ്പ് കുത്തിയും ,മുടി വെട്ടുകാരൻ മുടി വെട്ടുകാരനുമായി തന്നെ നിലനില്ക്കണമെന്നു കരുതുന്ന സാമാന്യബോധത്തിന്റെ   രോഗാതുരമായ മനസ്സു തന്നെയാണ് ഇവിടെയും അരങ്ങു വാഴുന്നതെന്ന് വിലയിരുത്താൻ സവിശേഷമായ  രാഷ്ട്രീയ പാടവമൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ...നാം എന്ത് ചിന്തിക്കണം ,എങ്ങിനെ നടക്കണം ,ഏതു കടയിൽ നിന്ന് എന്ത് സാധനം മേടിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മൂലധന ശക്തികളാണല്ലോ ,അവരെ ഭരിക്കുന്നത്‌ കോർപ്പറേറ്റുകളായ സാമ്രാജ്യത്വവാദവും.ഇന്ത്യയിലെ വാർത്താപത്രങ്ങളിൽ തൊണ്ണൂറുശതമാനവും  മുകേഷ്,ഗോയങ്ക ,മുതലായ കുത്തകകളാണെന്നിരിക്കെ എങ്ങിനെയാണ് വാർത്തകൾ സുതാര്യമായി വായനക്കാരനിലെത്തുക? 


പേജ് ഒന്ന്  click

AKSHARAJALAKAM

AKSHARAJALAKAM/