Friday, November 15, 2013

AKSHARAJALAKAM, 3 /PAGE 1/nov 15-dec1/2013

ലക്കം മൂന്ന്( പേജ് 1)











 Words are coin. Words alienate. Language is no medium for desire. Desire is rapture, not exchange.
J M Coetzee,ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് 


 

 What makes lovemaking and reading resemble each other most is that within both of them times and spaces open, different from measurable time and space.

Italo Calvino,ഇറ്റാലിയൻ എഴുത്തുകാരൻ


കവർ സ്റ്റോറി,ഗൂഗിളൈസേഷൻ, ഉത്തര-ഉത്തരാധുനികത.


മാഗസിനുകളുടെ കവർ സ്റ്റോറികളിൽ ഇപ്പോഴും ഒരു ഫ്യൂഡൽ മനസ്സ് പറ്റിപ്പിടിച്ചിരുപ്പുണ്ട്.
ഒരു മാഗസിനിൽ പല വിഭവങ്ങൾ കാണും.
എന്നാൽ അതിൽ ഒന്നോ രണ്ടോ എടുത്ത് പത്രാധിപർ പറയുന്നു ഇതാണ് നിങ്ങൾ വായിക്കെണ്ടതെന്ന്!അതുകൊണ്ട് അദ്ദേഹം ആ രണ്ട് വിഭവങ്ങൾ മാത്രം കവർ പേജിൽ പ്രദർശിപ്പിക്കുന്നു.
ഇതോടുകൂടി മാഗസിന്റെ സകല ജനാധിപത്യവും തകരുകയാണ്.
മാഗസിനിൽ ഏതാണ് വായിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം വായനക്കാരനുണ്ട്.
എന്നാൽ ഈ അവകാശത്തിൽ ഏറ്റവും അസഹിഷ്ണുതയുള്ള വ്യക്തി പത്രാധിപരാണെന്നത് വലിയ ഒരു ദുസ്സുചനയാണ്.
വാരികയിലെ എല്ലാ വിഭവങ്ങളോടും തുല്യ ബന്ധമല്ല എഡിറ്റർക്കുള്ളതെങ്കിൽ  അതു അപകടകരമായ സന്ദേശമാണ് പകരുക.ഒരാഴ്ചത്തെ കാലയളവിൽ ഇറങ്ങുന്ന പത്രികയിൽപ്പോലും അണിനിരക്കുന്ന എഴുത്തുകാരെ കുടിയാനെന്നും അടിയാനെന്നും പ്രഭുവെന്നും തരം തിരിക്കുന്നത് ഇക്കാലത്ത് ഒട്ടും ഭൂഷണമല്ല.
എല്ലാവരെയും വായനക്കാരുടെ മുൻപിൽ വയ്ക്കുക.
അവർ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ.
അല്ലാതെ പത്രാധിപർ വാതിൽക്കൽ കയറി നിന്ന് 'എന്റെ പ്രിയപ്പെട്ടവൻ ഇവനാണ്, ഇവനെ ശ്രദ്ധിച്ച് വായിച്ചാൽ മതി, മറ്റുള്ളവരെ വെറുതെ പേജു നിറയ്ക്കാൻ ഉപയോഗിച്ചതാണ് ' എന്നു പറയുന്നത് എല്ലാ മര്യാദയ്ക്കും എതിരാണ്.


ഗൂഗിൾ വന്നതോടെ ഫ്യൂഡൽ സംസ്കാരം ഒറ്റപ്പെട്ടിരിക്കയാണ്. പത്രാധിപന്മാർ അതു അറിഞ്ഞില്ലെന്ന് മാത്രം.ഗൂഗിൾ സെർച്ചിൽ ആർക്കും വലിപ്പച്ചെറുപ്പമില്ല. ആവശ്യക്കാരനാണ് മുൻഗണന നിശ്ചയിക്കുന്നത്.

തുല്യത, ഉപയോക്താവിനുള്ള പ്രാധാന്യം, മുൻവിധിയില്ലാത്ത ജീവിതം ഇതെല്ലാം ഗൂഗിൾ ഒരുക്കുന്നു.മാഗസിനുകളാകട്ടെ പഴയ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ അടിയാൻ, കുടിയാൻ, പ്രിയപ്പെട്ടവൻ, ബന്ധു, അധികാരം, അടിച്ചേൽപ്പിക്കൽ, ഏകശിലാരൂപമായ വ്യക്തിത്വം, അനുഭവത്തിന്റെ കേന്ദ്രം, ആദിമദ്ധ്യാന്തം തുടങ്ങിയ മാമൂലുകൾ  അന്ധമായി പിന്തുടരുകയാണ്.
എന്നാൽ ഗൂഗിൾ ഒരു ഉത്തര- ഉത്തരാധുനികമായ സൗന്ദര്യാനുഭവം മുന്നോട്ടു വയ്ക്കുന്നു.
അതിനു ഉപാധിയില്ല. അടിച്ചേൽപ്പിക്കലില്ല. ക്ലാസിക് ജീവിത വീക്ഷണമില്ല. ഏക കേന്ദ്രമില്ല. ആദിമദ്ധ്യാന്തമില്ല. അനുഭവമൂലധനമോ ഭാരിച്ച ഓർമ്മകളോ  ഇല്ല. ഇതാണ് ഉത്തര-ഉത്തരാധുനികതയുടെ സവിശേഷത.


എല്ലാത്തരം അധികാര വിൽപ്പനയും ജനാധിപത്യത്തിനു എതിരാണ്.
അതേസമയം, കാണി, വായനക്കാരൻ , അനുഭവത്തിന്റെ ഉപയോക്താവ് എന്നിവർക്ക് അവരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഉത്തര - ഉത്തരാധുനികതയുടെ കാതൽ.അവയവദാനം, തൊഴിൽ യൂണിഫോം, നഗരവൽക്കരണം, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, തുടങ്ങിയവ ഫ്യൂഡൽ കെട്ടുപാടുകളിൽ നിന്ന് സാധാരണക്കരനെ മോചിപ്പിച്ചു.കരൾ മാറ്റിവയ്ക്കാൻ ക്യൂ നില്ക്കുന്നവൻ , എന്റെ ജാതിയിൽപ്പെട്ട കരൾ വേണമെന്ന് പറയുന്നത് അർത്ഥശൂന്യമല്ലേ?
രക്ത പരിശോധനയിൽ ,കൂടിയ നിലയിൽ കൊളസ്റ്ററോളും ഷുഗറും കണ്ടെത്തുന്നതോടെ ഒരുവൻ ഡോക്ടറുടെ ഇര മാത്രമായിത്തീരുന്നു. അവന്റെ ഐഡന്റിറ്റി  രോഗമാണ്,പൂർവ്വകാലമല്ല. അവന്റെ ശരീരം മറ്റൊരു പ്ലാനറ്റാണ്.
മൊബൈൽ ഫോണുള്ളവനു എവിടെയിരുന്നും സിനിമ കാണാം. പാട്ടു കേൾക്കാം. ചാറ്റ് ചെയ്യാം.കവിത എഴുതാം. ഇതൊക്കെ ഉപയോക്താവിന്റെ മുൻഗണനകളാണ്, പത്രാധിപരുടെ മുൻ ഗണനയല്ല.പത്രാധിപർ മരിച്ചു. ടെലിവിഷനിൽ, രാത്രി വാർത്താ സമയങ്ങളിൽ ചർച്ചയ്ക്ക് വരുന്നവരും അവതാരകനും മാത്രമാണുള്ളത്, പത്രാധിപർ മരിച്ചു.

സംസ്കാരം എന്ന ഉൽപന്നം

 ഫെമിനിസ്റ്റ്
ഫെമിനിസ്റ്റുകൾ പൊതുവെ സെക്സിനു എതിരാണ്.
അമേരിക്കയിൽ ഒരു ഫെമിനിസ്റ്റ്  എഴുത്തുകാരി പറഞ്ഞത് , ലൈംഗികബന്ധത്തിന്റെ കാര്യത്തിലാണെങ്കിൽപ്പോലും ഒരു പുരുഷന്റെ അടിയിൽകിടക്കേണ്ടിവരുന്നത് അപകർഷതയായി കാണണമെന്നാണ്!
പണയം
ഇന്നു പ്രണയമല്ല കവികൾ ചർച്ച ചെയ്യേണ്ടത്, പണയമാണ്.
ജീവിതം തന്നെ പണയം വച്ചവനു എന്തു പ്രണയം?


കെ.എം.തരകൻ
വലിയൊരു മനസുണ്ടായിരുന്നു ഡോ.കെ.എം.തരകന്.
അദ്ദേഹത്തിന്റെ മുൻപിൽ പരിചയമൊന്നും  വേണ്ട. നേരെ ചെന്നാൽ മതി.
ആയിരത്തിതൊള്ളായിരത്തി എൺപത്തി മൂന്നിലാണ് , ഞാൻ അമേരിക്കൻ എഴുത്തുകാരൻ ലിയോൺ ഉറിസിന്റെ 'ട്രിനിറ്റി' എന്ന നോവലിനെപ്പറ്റി ഒരു ലേഖനവുമായി ഭാഷാപോഷിണിയുടെ പത്രാധിപരായിരുന്ന കെ. എം തരകന്റെ മുറിയിലേക്ക് കയറിച്ചെന്നു.അന്നു ഞാൻ എം എ വിദ്യാർത്ഥിയായിരുന്നു.
ആ ലേഖനത്തിന്റെ പേജുകൾ വെറുതെ ഒന്നു മറിച്ചു നോക്കിയശേഷം ആദ്ദേഹം പ്രഖ്യാപിച്ചു: ഇതു ഞാൻ പ്രസിദ്ധീകരിക്കും.
അദ്ദേഹത്തിന്റെ മുഖത്ത് എന്തു ആഹ്ലാദവും ആവേശവുമായിരുന്നു!.തൊട്ടടുത്ത ലക്കത്തിൽ ഏഴുപേജാണ് അതിനായി അദ്ദേഹം  നീക്കി വച്ചത്.
പിന്നീട് ഒരു പതിറ്റാണ്ട് കഴിഞ്ഞ് സാഹിത്യ അക്കാദമി പ്രസിഡണ്ടായപ്പോൾ , ആദ്ദേഹം എന്റെ ഗവേഷണ പ്രബന്ധവും അക്കാദമിയിലൂടെ പ്രസിദ്ധീകരിച്ചു. തരകൻ എന്റെ ബന്ധുവായിരുന്നില്ല, നാട്ടുകാരനായിരുന്നില്ല,അദ്ധ്യാപകനായിരുന്നില്ല. എന്നിട്ടും എന്നെ വെറുതെ സ്നേഹിച്ചു.


സേതു
കഥാകൃത്ത് ജയനാരായണനുമൊത്ത് എൺപതുകളിലാണ് ഞാൻ സാഹിത്യകാരൻ സേതുവിനെ കാണുന്നത്.
അന്ന് അദ്ദേഹം കോട്ടയത്ത് എസ് ബി ടിയുടെ സോണൽ മാനേജരാണ്.ഞങ്ങൾക്ക് അന്ന് സ്നേഹപൂർണമായ പരിചരണമാണ് സേതുവിൽ നിന്ന് ലഭിച്ചത്.

സേതുവിന്റെ സാഹിത്യ ജീവിതം സമ്പന്നമായ ഒരു ആശയലോകം തുറന്നിരിക്കുന്നു.
പെണ്ണകങ്ങൾ, മറുപിറവി, കൈമുദ്രകൾ തുടങ്ങി  സേതു പത്തൊൻപതു നോവലുകൾ എഴുതിയിട്ടുണ്ട്.ശ്വിനത്തിലെ പൂക്കൾ, വെളുത്ത കൂടാരങ്ങൾ, പേടിസ്വപ്നങ്ങൾ ഉൾപ്പെടെ പതിനെട്ട് കഥാസമാഹാരങ്ങളും  അദ്ദേഹം നമ്മുടെ ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ആയിടയ്ക്കാണ് ആറ്റിങ്ങലിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സമതാളം മാസികയിൽ സേതുവിന്റെ കഥകളെപ്പറ്റി'മനസ്സിന്റെ മണ്ണ് ' എന്ന സുദീർഘ ലേഖനം ഞാൻ എഴുതിയത്.
ആ ലേഖനത്തെപ്പറ്റിയും ഞങ്ങൾ അന്ന് സംസാരിച്ചതോർക്കുന്നു.സമതാളം മാസികയുടെ പത്രാധിപർ ജയകുമാറിനെ  ആദരവോടെ ഓർക്കുകയാണ്.അദ്ദേഹം ലേഖനം ചോദിച്ചുകൊണ്ടും അല്ലാതെയും കത്തെഴുതും.
അതു വല്ലാത്ത ഒരു സൗഹൃദത്തിന്റെ ജ്വാലകൾ പ്രസരിപ്പിച്ചിരുന്നു.ഒരു പത്രാധിപരുടെ കാര്യമാത്ര പ്രസക്തമായ കത്തുകളല്ല ജയകുമാർ എഴുതിയത്.
ചിലപ്പോൾ, ചെറിയ അക്ഷരത്തിൽ ഒരു വലിയ പേജു നിറയെ ആ കത്ത് സ്നേഹത്തിന്റെ ദാഹവുമായി ഇഴഞ്ഞ് നീങ്ങും.ജയകുമാർ ഇന്ന് നമ്മോടൊപ്പമില്ല.
ഞാൻ ആ വലിയ സഹോദരന്റെ ഉന്മത്തമായ ഓർമ്മകൾക്കു മുൻപിൽ ശിരസ്സ് കുനിക്കുന്നു.


വാർദ്ധക്യം
    വാർദ്ധക്യം ഒരു നുകമാണ്‌. മുതലാളിത്ത ഫാഷൻ ലോകത്ത്‌ വൃദ്ധജനങ്ങൾ പരിഹാസ്യരായി മാറും. ഗുരുവായൂരിലും ഓച്ചിറയിലും വൃദ്ധസ്ത്രീകളെ വീട്ടുകാർ കൊണ്ടുപോയി ഉപേക്ഷിച്ച വാർത്ത 'ഏഷ്യാനെറ്റി'ൽ കണ്ടു. നമ്മുടെ നാടിനെ ബാധിച്ച പ്ലേഗ്‌ എത്ര ഭീകരമാണെന്ന്‌ ഇത്‌ ബോധ്യമാക്കിതരും. വാർദ്ധക്യത്തിൽ ഗതികെട്ട്‌ വരുന്നവർക്ക്‌ ജീവിക്കാൻ സർക്കാരും സന്നദ്ധസംഘടനകളും ചേർന്ന്‌ ആശ്രയസ്ഥാപനങ്ങൾ ഉണ്ടാക്കണം. ആരോഗ്യവും ഓർമ്മയും നഷ്ടപ്പെടുന്ന കാലത്ത്‌ മക്കളുടെ കൂടെ കഴിയാതിരിക്കുകയാണ്‌ നല്ലത്‌. വൃദ്ധർക്ക്‌ അവരുടേതായ താവളം ഉണ്ടാക്കണം. 


 വീടിനു രണ്ടുകോടി
    രണ്ടുകോടി രൂപ മുടക്കി വീട്‌ വയ്ക്കുന്നവർ മനസ്സിലാക്കേണ്ടത്‌, ദുഷ്കരമായ ഒരു വാർദ്ധക്യം അവരെയും കാത്ത്‌ കഴുകനെപ്പോലെ തൊട്ടരുകിൽ തന്നെയുണ്ടെന്ന വസ്തുതയാണ്‌. അത്‌ നമ്മെ അപഹസിക്കും; തകർക്കും. മാധവിക്കുട്ടി ഒരിക്കൽ എന്നോട്‌ പറഞ്ഞു, പ്രായമാകുന്നതോടെ എല്ലാ സുഖവും പോകുമെന്ന്‌. ശരിയാണ്‌. രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഒരു വാർദ്ധക്യം വരുമ്പോൾ രണ്ടുകോടിയുടെ വീടൊക്കെ അന്യഗ്രഹമായി തോന്നും. ചെറിയ വീട്‌ വയ്ക്കുക. ബാക്കി തുകകൊണ്ട്‌ വൃദ്ധസദനങ്ങൾ നിർമ്മിക്കുക. അശരണരായി വരുന്നവർക്ക്‌ അവിടെ തങ്ങാമല്ലോ. നമ്മുടെ പൗരബോധം ഇനി അങ്ങനെ നീങ്ങണം. 

വിവാഹം ധൂർത്താകരുത്‌     പത്തും ഇരുപതും ലക്ഷം മുടക്കി വിവാഹം ആഘോഷിച്ചിട്ടെന്ത്‌ കാര്യം. ഷാഫി പറമ്പിൽ എം.എൽ.എ ഒരു തരംഗമുണ്ടാക്കി. അദ്ദേഹം തന്റെ വിവാഹത്തിനായി സ്വരൂപിച്ച പണമുപയോഗിച്ച്‌ മണ്ഡലത്തിലെ നിർധന കുടുംബത്തിന്‌ വീടുവച്ചു നൽകി. ഇതാണ്‌ ന്യൂജനറേഷൻ. ഇതിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ സംവിധായകൻ ആഷിഖ്‌ അബുവും നടി റിമാ കല്ലിങ്കലും തന്റെ വിവാഹധൂർത്ത്‌ വേണ്ടെന്ന്‌ വച്ചു. അവർ എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി ആ പണം സംഭാവന ചെയ്തു. ഇങ്ങനെയാണ്‌ നമ്മുടെ നാട്‌ വളരേണ്ടത്‌.

മധു നായർ
എഴുത്തുകാരനും പൊതുവ്യക്തിത്വവുമായ മധു നായർ ന്യുയോർക്കുമായി ഞാൻ വർഷങ്ങൾക്കു മുൻപ് ഫോണിൽ സംസാരിച്ചിട്ടുണ്ട്.
എന്നാൽ അവിചാരിതമായാണ് തൃപ്പൂണിത്തുറയിലെ ഒരു ബസ്സ്റ്റോപ്പിൽ വച്ച് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചത്.

ടി വി ചർച്ചകളിൽ മധു നായർ സ്വന്തം അഭിപ്രായം പറഞ്ഞിരിക്കും.
അദ്ദേഹം ആരെയും കൂസാതെ വിമർശിക്കും.
ആ സ്റ്റോപ്പിൽ എന്നോട് അദ്ദേഹം ചെറുതായി  സാഹിത്യ ചർച്ചയ്ക്കും തയ്യാറായി.
മധുനായരുടെ സ്നേഹഭാവനയിൽ ഞാൻ ഒരു തളിരിലപോലെ ഒഴുകിപ്പോയി.

  ഹവിയർ മരിയയുടെ കാലദർശനം


പ്രമുഖ സ്പാനീഷ് എഴുത്തുകാരനായ ഹവിയർ മരിയ,  ഒരു യഥാർത്ഥ സംഭവം മറ്റൊരു കാലത്തിലാണ് രചനയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് വിവരിക്കുന്നുണ്ട്. All Souls, A Heart so White,Tomorrow in the Battle Think on Me, The Infatuations 

എന്നിവയാണ് മരിയയുടെ പ്രധാന നോവലുകൾ

നിങ്ങൾ ഒരു രാത്രി ഒരു സ്ത്രീയുമായി തർക്കിച്ചു എന്നു വിചാരിക്കുക.
പല കാര്യങ്ങളും പരസ്പരം പറഞ്ഞിട്ടുണ്ടാകും.
എന്നാൽ ഈ സംഭവം കഴിഞ്ഞാൽ എന്താവും മനസ്സിൽ ശേഷിക്കുക?ഏതെങ്കിലും ഒരു നിമിഷമോ, ഒരു വാചകമോ,അവളുടെ ഒരു നിമിഷത്തിലെ നോട്ടമോ ആയിരിക്കാം ശേഷിക്കുക.'വസ്തുക്കൾക്ക് ജീവിതത്തിൽ ഒരു കാലപരിധിയും ഓർമ്മയിൽ മറ്റൊരു കാലപരിധിയുമാണുള്ളത്' -മരിയ  പറയുന്നു.കാലത്തിനുള്ളിലെ കാലമാണിത്.
ഇത്  ഗണിക്കാവുന്ന കാലമല്ല.അതേസമയം, നമ്മോടൊപ്പം ശേഷിക്കുന്ന കാലമാണ് യഥാർത്ഥകാലമെന്നും അറിയണം.നിലനിന്നിട്ടില്ലാത്ത കാലത്തെ എഴുത്തുകാരൻ കണ്ടുപിടിച്ച് അവതരിപ്പിക്കണം.കഥയിൽ , വസ്തുക്കളുമായി എങ്ങനെയാന് ജീവിക്കുന്നതെന്ന വസ്തുത എഴുത്തുകാരൻ ആരായണം.

നമ്മളെ കാത്ത് ഒരാൾ പുറത്ത് നിൽക്കുന്നു എന്ന് കരുതുക.
അയാളോട് മൂന്ന് മിനിട്ട് കഴിഞ്ഞ് വരാൻ പറയുക.
ആ മൂന്നു മിനിട്ടിനുള്ളിൽ നമ്മുടെ മനസ്സ് വെറുതെയിരിക്കുന്നില്ല. പലതും കാണുകയാണ്, കേൾക്കുകയാണ്.പ്രൂസ്ത് ആ മൂന്നു മിനിട്ടിനെ ഇരുപത് പേജുകളിൽ ആവിഷ്കരിക്കും.
ഒരുപക്ഷേ, ആരും ശ്രദ്ധിക്കാത്ത വസ്തുകഥനമാണിത്.
ഒരു നോവലിന്റെ മഹത്തായ കലാനിമിഷമാണിതെന്ന് മരിയ പറയുന്നു.

മനസ്സ്, ശരീരം
മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം.
മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.

ചന്ദ്രലേഖയും യു ട്യൂബും
    വെറുമൊരു സാധാരണവീട്ടമ്മയായ ചന്ദ്രലേഖ ഇന്ന്‌ അതിപ്രശസ്തയായ ഗായികയായി മാറിയിരിക്കുന്നു. ഇന്നത്തെ മാധ്യമലോകത്ത്‌, ചന്ദ്രലേഖയുടെ വിധി ഒരത്ഭുതമാണ്‌. അവർ വീട്ടിലിരുന്ന്‌ പാടിയത്‌, ലോകത്തെങ്ങുമുള്ള യു ട്യൂബ്‌ കാണികൾ ആസ്വദിച്ചു. രാജഹംസമേ എന്ന്‌ (സംഗീതം-ജോൺസൻ) അവർ പാടിയതോടെ, യു ട്യൂബ്‌ അവരെ രാജഹംസമാക്കി  മാറ്റി. അവർ തന്റെ ഇടുങ്ങിയ കുടുംബ ജീവിതത്തിൽ നിന്ന്‌ ആകാശത്തേക്ക്‌ പറന്നുയർന്നു. നമ്മുടെ മാധ്യമലോകത്ത്‌ ഇതുപോലുള്ള മാനുഷികമായ ഒന്നും തന്നെ കാണാനില്ലെന്നോർക്കണം. അച്ചടി മാധ്യമരംഗത്തോ ടെലിവിഷൻ രംഗത്തോ ഇതുപോലുള്ള സാധ്യത ആലോചിക്കാൻ പോലും കഴിയില്ല.
    ചന്ദ്രലേഖയെപ്പോലെ പാവപ്പെട്ട ഒരു സ്ത്രീ പാടുകയാണെങ്കിൽ, നമ്മുടെ ചാനലുകൾ അവരെ തിരിഞ്ഞുനോക്കുകപോലുമില്ല. അച്ചടി മാധ്യമങ്ങളാകട്ടെ, സിനിമാ പാട്ടുകാരെയും രാഷ്ട്രീയക്കാരെയും മറ്റ്‌ ഇഷ്ടക്കാരെയും മാത്രമേ ഗൗനിക്കൂ. അല്ലാത്തവർക്ക്‌ അങ്ങോട്ട്‌ കടന്നുചെല്ലാൻ പോലും കഴിയില്ല. ആരും ഒന്നും കേൾക്കാനായി കാതുകൾ തരില്ല. അവരെല്ലാം വളരെ ആസൂത്രിതമായ ഒരു സംഘത്തെ പോറ്റി വളർത്തുകയാണ്‌. ആ പത്മവ്യൂഹത്തിൽ മറ്റാരെയും പ്രവേശിപ്പിക്കില്ല. ആരെയും ഒരിടത്തേക്കും കയറ്റിവിടാതിരിക്കുക എന്നതാണോ ഇവരുടെ മുഖ്യ അജണ്ടയെന്ന്‌ തോന്നും. നല്ല കൃതികൾ ആര്‌ എഴുതി എന്നാണ്‌ നോക്കുന്നത്‌. സ്വജനപക്ഷപാതമാണോ ഇത്‌? അതോ ഈഗോയുടെ വിഭാഗീയമായ പൊങ്ങച്ചമോ? 


    അച്ചടിമാധ്യമത്തിൽ ചന്ദ്രലേഖ മികച്ച പാട്ടുകാരിയാണെന്ന്‌ എഴുതിയാലും അവരെ ആരും പാടാൻ വിളിക്കുകയില്ല. ചാനലുകാർ പറഞ്ഞാലും അവസരം കിട്ടില്ല. അതിന്‌ യു ട്യൂബ്‌, ഇന്റർനെറ്റ്‌ തന്നെ വേണം. യു ട്യൂബിനു മുന്നിൽ, അതിലെ രണ്ട്‌ ലക്ഷം കാണികളുടെ മുന്നിൽ അച്ചടി, ദൃശ്യമാധ്യമങ്ങൾ തോറ്റുനിൽക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. സ്വാധീനശക്തിയാകാൻ, സെൻസിറ്റീവാകാൻ, സ്വാഭാവികമായ ആവേശം പ്രകടമാക്കാൻ അച്ചടി, ദൃശ്യമാധ്യമങ്ങൾക്ക്‌ കഴിയില്ല.
    മറ്റൊരു പ്രധാനകാര്യം, അങ്ങേയറ്റം മാധ്യമവത്കരിക്കപ്പെട്ട,  ജീർണ്ണമായ ഒരു സൗന്ദര്യബോധത്തിന്റെ തടവറയിലാണ്‌ വിദ്യാസമ്പന്നർപോലും എന്നതാണ്‌. ചന്ദ്രലേഖ നേരിട്ട്‌ ചെന്ന്‌ പാടി കേൾപ്പിച്ചാലും ഒരു സംഗീത സംവിധായകനും അവരെ പാടിക്കില്ല. കാരണം, സംഗീതസംവിധായകർക്ക്‌ യു ടൂബ്‌ ചൂണ്ടിക്കാണിച്ചുകൊടുക്കണം. എങ്കിലേ അവരുടെ സൗന്ദര്യബോധം ഉണരൂ. ഇതാണ്‌  മാധ്യമവത്കൃതമനസിന്റെ അവസ്ഥ.
  മാധ്യമങ്ങളിലൂടെ ഒരു വ്യക്തി ദരിദ്രനാണെന്ന്‌, ആത്മഹത്യചെയ്യുമെന്ന്‌ അറിയിച്ചാൽ മാത്രമേ ആളുകൾ തിരിച്ചറിയൂ! അയാൾ നേരിട്ട്‌ പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല. വ്യക്തിക്ക്‌ വിശ്വാസതയില്ലാതായിരിക്കുന്നു; മാധ്യമത്തിനാണോ വിശ്വാസ്യത?
 നമുക്ക്‌ ചുറ്റിനും നടക്കുന്ന കാര്യങ്ങൾ ശരിയായി വീക്ഷിക്കാനുള്ള സഹജമായ സിദ്ധിയാണ്‌ വികസിക്കേണ്ടത്‌. ആരെങ്കിലും കാണിച്ചുതരുമ്പോൾ മാത്രം പ്രതികരിച്ചാൽ പോരാ.
വ്യക്തി സത്യസന്ധനാണോ എന്നറിയാൻ നമുക്ക്‌ യു ടൂബിലേക്ക്‌ നോക്കിയിരിക്കാം.

 വായന
നമ്മുടെ ജീവിതത്തിലെ ഏറ്റവും സജീവമായ, ഉൾക്കനമുള്ള, ചിന്താപരമായ നിമിഷങ്ങൾ നമ്മൾ വായനയ്ക്ക് കൊടുക്കണം.തീരെ വിരസമായ നിമിഷങ്ങൾ വായനയ്ക്ക് കൊടുക്കരുത്.

നിരാശാപൂർണവും, വിവേകരഹിതവുമായ നിമിഷങ്ങൾ  കല്യാണത്തിനും ഷോപ്പിങ്ങിനും മറ്റും ഉപയോഗിക്കുക.വായനയാണ് നമുക്കു പുരോഗമിക്കാനുള്ള വഴി.
അതു ഏറ്റവും ശ്രേഷ്ഠമാണ്.അതിനു പകരം വയ്ക്കാൻ ഒന്നുമില്ല.
വായന എന്നാൽ കീഴടങ്ങലല്ല.അതു സ്വന്തം ഭൂതകലത്തെയും മട്ടത്തെയും കണ്ടെത്തുന്ന പ്രക്രിയയാണ്.
അതു നിരാകരണവും നിർമ്മാണവുമാണ്.നമ്മിൽ  നിന്നു അവിശുദ്ധ അണുക്കളെ കുടഞ്ഞു കളഞ്ഞു അദൃശ്യവും അപാരവുമായ കാലങ്ങളെ കൂട്ടെച്ചേർക്കേണ്ട പ്രക്രിയയാണത്.അമേരിക്കൻ എഴുത്തുകാരനായ വില്യം സ്റ്റിറോൺ പറഞ്ഞത്, വായനയിലൂടെ ഒരാൾക്ക് അനേകം ജീവിതങ്ങൾ കിട്ടുമെന്നാണ്. You live several lives while  reading.


നിരൂപണം
മലയാള നിരൂപണത്തിലെ എറ്റവും വലിയ ശാപം മലയാളം ക്ലാസുകളിൽ പരിചയിച്ച ഭാഷയും ശൈലിയും വീക്ഷണവും അതേപടി സ്വന്തം ഗദ്യത്തിലേക്ക് കോരൊച്ചൊരിയുന്നതാണ്.
സംസ്കൃത പക്ഷപാതപരമായ വാക്യനിർമ്മിതികൾ ചിലരെ വിടാതെ പിടികൂടും.മാരാർ, കെ.എൻ.എഴുത്തച്ഛൻ, തുടങ്ങിയവരുടെ പദനിർമ്മിതികളെ 
അന്ധമായി അനുകരിച്ച് സ്വന്തം നിലയിലുള്ള വിചാരപരമായ അദ്ധാനത്തിൽ  നിന്ന് രക്ഷനേടാനാണ് പലരുടെയും ശ്രമം.ഒരു യാഥാർത്ഥ്യത്തെ എഴുത്തുകാരൻ അവന്റേതു മാത്രമായ രീതിയിലാണ് സമീപിക്കേണ്ടത്. അപ്പോൾ സ്വന്തം ഭാഷയുണ്ടാകും.
സ്വന്തം ഭാഷ എന്നത് വിദ്യാഭ്യാസത്തിന്റെ സൃഷ്ടിയല്ല.
അതു സ്വന്തം വിചാരജീവിതത്തിന്റെ സൃഷ്ടിയാണ്.

 പ്രശ്നം
പെണ്ണും കഥയും ഉള്ളിടത്തോളം, എന്റെ കാര്യം പറഞ്ഞാൽ , പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ബാക്കിയായിരിക്കും.
വിർജിനിയ വുൾഫ്, ഇംഗ്ലീഷ് എഴുത്തുകാരി

എസ്‌.കെ.പൊറ്റെക്കാട്‌ പതിപ്പ്‌ ജോർ
    തിരുവനന്തപുരത്ത്‌ നിന്ന്‌ സി.എൻ.ഗംഗാധരന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന 'ഉള്ളെഴുത്തി'ന്റെ  എസ്‌.കെ.പൊറ്റെക്കാട്‌ പതിപ്പ്‌ ഉചിതമായി. ഉള്ളടക്കത്തിന്റെ സൂക്ഷ്മതകൊണ്ട്‌, അറിയപ്പെടാത്ത ഏടുകളെക്കുറിച്ചുള്ള വിശദീകരണം കൊണ്ട്‌ ഈ പതിപ്പ്‌ ശ്രദ്ധേയമാകുന്നു. 

എസ്‌.കെ.യുടെ 'ഹിമാലയ സാമ്രാജ്യ'ത്തിൽ 'അച്ഛൻ കൊമ്പത്ത്‌' എന്ന കിളി പാടുന്നത്‌ കേട്ട്‌ തന്റെയും തറവാട്‌ ഇവിടെയാണെന്ന്‌ അദ്ദേഹം ഓർമ്മിച്ചതു, പ്രകാശ്‌ കുറുമാപ്പള്ളിയുടെ ലേഖനത്തിൽ കാണാം. എൻ.ജയകൃഷ്ണൻ, എസ്‌.കെ.യുടെ ഒട്ടകം' എന്ന കഥയെപ്പറ്റി എഴുതിയത്‌ പ്രശംസനീയമാണ്‌. ആ കഥ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. ഡോ.ലിസിമാത്യുവിന്റെ ലേഖനത്തിൽ (ദേശസഞ്ചാരിയുടെ ചലച്ചിത്രസാക്ഷ്യങ്ങൾ) എസ്‌.കെ.യുടെ 'മല്ലികാദേവി' എന്ന ആദ്യനോവലി (1937)നെപ്പറ്റി വിവരിക്കുന്നുണ്ട്‌. മാധവമേനോൻ എന്ന സമ്പന്നനായ സിനിമാ നിർമ്മാതാവ്‌, വെള്ളായി എന്ന പുലയ ബാലികയെ പഠിപ്പിച്ച്‌ കലാകാരിയാക്കുന്നതും  സിനിമയിലഭിനയിപ്പിക്കുന്നതും പിന്നീട്‌ വിവാഹം കഴിക്കുന്നതുമാണ്‌ നോവലിന്റെ ഉള്ളടക്കം. നവോത്ഥാനത്തിന്റെ ഉന്നതമായ ആദർശങ്ങൾ സാക്ഷാത്കരിച്ച ആ നോവലിന്‌ ഇപ്പോൾ ലിസിയിലൂടെ ഒരു പുതുജീവിതം കൈവരുകയാണ്‌. കെ.ആർ.സരിതകുമാരിയുടെ ലേഖനത്തിൽ എസ്‌.കെ. എന്ന മനുഷ്യനെ അടുത്ത്‌ കാണാം.


വി.കെ.ജോസഫ്‌
    ഋതുപർണഘോഷിന്റെ ചിത്രാംഗദ എന്ന സിനിമയെപ്പറ്റി വി.കെ.ജോസഫ്‌ എഴുതിയ ലേഖനം അപഗ്രഥനാത്മകമായ ഒരു മുന്നേറ്റമാണ്‌. (പിറവി മാസിക, നവംബർ) "മണിപ്പൂർ രാജാവിന്റെ മകളായിപ്പിറക്കുകയും മകനായി വളർത്തപ്പെടുകയും പ്രത്യക്ഷപ്പെടുകയും ചെയ്ത ചിത്രാംഗദയെ വനവാസത്തിനിടയിൽ അർജുനനാണ്‌ പ്രണയിക്കുന്നത്‌. ടാഗോറിന്റെ ചിത്രാംഗദ ഒരു പടികൂടി കടന്ന്‌, പുരുഷൻ സ്ത്രീയായിത്തീരാനാഗ്രഹിച്ച്‌ നടത്തുന്ന പ്രണയപൂജകളുടെയും സഞ്ചാരത്തിന്റെയും വ്യാഖ്യാനം കൂടിയാണ്‌."- ജോസഫ്‌ എഴുതുന്നു.
    ഒരാളിലെ ആൺ-പെൺ ദ്വന്ദത്തിന്റെ നല്ലൊരു  വിശകലനവും, അവർക്കിടയിലെ സൗന്ദര്യാത്മക നിർമ്മാണത്തിന്റെ നൂൽപ്പാല യാത്രകളുമാണ്‌ ചലച്ചിത്രകാരൻ ആവിഷ്കരിക്കുന്നത്‌. ജോസഫ്‌ ഇതിനെ ഇങ്ങനെ വിലയിരുത്തുന്നു: വ്യവസ്ഥാപിത ആൺ-പെൺ ജീവിതങ്ങളുടെ വ്യാകരണങ്ങൾക്കപ്പുറത്ത്‌ പൊതുസമൂഹത്തിന്‌ അജ്ഞാതവും സ്വീകാര്യവുമല്ലാത്തതുമായ സ്വന്തം ജീവിതങ്ങളെ കയ്യിലെടുത്ത്‌ ഒളിച്ചോടേണ്ടിവരുകയോ, അതിജീവനത്തിനുവേണ്ടി പൊരുതുകയോ ചെയ്യേണ്ടിവരുന്ന മൂന്നാംലിംഗ (Third gender) മനുഷ്യരുടെ നിലവിളികൂടിയാണ്‌ ഈ സിനിമ". വി.കെ.ജോസഫ്‌ സ്വന്തം നിലയിൽ, ഈ ചിത്രത്തെ സൗന്ദര്യാനുഭവമാക്കാൻ സഹായിക്കുന്നു.


കെ.സുനീഷ്‌
    മഴ കാമമാണ്‌. കെട്ടഴിഞ്ഞു വീഴുന്ന മുടിച്ചുരുളുകളുടെ, ശുക്ലഗന്ധിയായ ശ്വാസപ്രവേഗങ്ങളുടെ, ഇരുട്ടിൽ കുതിക്കുന്ന സീൽക്കാരങ്ങളുടെ സമഗ്രമായ വഴിച്ചിത്രങ്ങളുമായി മഴ മറ്റൊരു ഉള്ളെഴുത്തായി ഖസാക്കിലുണരുന്നുണ്ട്‌. പുറത്തെ അശാന്തമായ വെയിലിന്റെ സ്ഫടിക സ്വച്ഛമായ സാന്നിദ്ധ്യത്തിനപ്പുറം ഓരോ കാമ സമ്പൂർത്തിയും രവിക്ക്‌ ആരവമില്ലാതെ പെയ്യുന്ന തെളിഞ്ഞ മഴ തന്നെയാണ്‌- ഖസാക്കിന്റെ ഇതിഹാസത്തെപ്പറ്റി കെ.സുനീഷ്‌ എഴുതുന്നു.
    വളരെ ആഴത്തിൽപതിഞ്ഞ ചില ബോധ്യങ്ങളുള്ള യുവ എഴുത്തുകാരനാണ്‌ സുനീഷ്‌. ഭാരതീയവും വൈയക്തികവുമായ ആത്മീയാന്വേഷണങ്ങളുടെ സംഗമസ്ഥലങ്ങളിലെവിടെയോ സ്വയം നഷ്ടപ്പെടുന്ന മനസ്സായി അദ്ദേഹം മാറുന്നു. എന്റെ 'സാഹിത്യത്തിന്റെ നവാദ്വൈതം' എന്ന പുസ്തകത്തെപ്പറ്റി സുനീഷ്‌ ഒരു ലേഖനം എഴുതിയത്‌ (ഉള്ളെഴുത്ത്‌ ഒക്ടോബർ), ഇത്‌ എനിക്ക്‌ ഒന്നുകൂടെ ബോധ്യമാക്കിതന്നു. എന്റെ 'നവാദ്വൈത'ത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതുന്നു: തനിക്കു ചുറ്റുമുള്ള ജീവിത പരിസരങ്ങളിൽ നിന്നും സ്വയം വ്യാഖ്യാനിച്ചും നിർവ്വചിച്ചും  കണ്ടെടുക്കുന്ന സൂക്ഷ്മസത്തയാണ്‌ ഒരു എഴുത്തുകാരന്റെ ദർശനമെന്ന്‌ പറയുന്നത്‌. ആ നിലയ്ക്ക്‌ ഹരികുമാറിന്റെ ദർശനമാണ്‌ നവാദ്വൈതമെന്ന്‌ പറയാം. ഇത്‌ ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തവുമായോ ഏതെങ്കിലും ഉപനിഷദ്‌ ദർശനങ്ങളുമായോ സമരസപ്പെട്ട്‌ പോകുന്നതോ അല്ല. തീർത്തും സ്വതന്ത്രവും കാലികവുമായ ഒരു ചിന്താ നിർമ്മിതിയാണ്‌. ഹരികുമാറിന്റെ ചിന്താലോകം ജീവിതത്തിന്റെ സമസ്തത്തലങ്ങളെയും നിർവ്വചിക്കുന്നതാണ്‌."


 സെക്സ്
സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇതാണ്: സെക്സ് നമ്മെ ആധികളിൽ നിന്ന് രക്ഷിക്കുന്നു, പ്രണയം എപ്പോഴും ആധികളിലേക്ക് തള്ളിവിടുന്നു

വൂഡി അല്ലൻ(Woody Allen)
അമേരിക്കൻ ചലച്ചിത്രകാരൻ

അവാർഡ്
സേവ പിടിക്കാൻ വരുന്നവർക്ക് അവാർഡ് കൊടുക്കുന്നവർണ്ട്.
ചില അവാർഡുകമ്മിറ്റിക്കാരുടെ ലക്ഷ്യം ഗൂഢമാണ്.
നല്ല കൃതികൾ എവിടെയെങ്കിലുമുണ്ടെകിൽ , അതിനെ തമസ്കരിച്ചുകൊണ്ട്, എപ്പോഴും ചിരിക്കുന്നവർക്ക് അവാർഡ് കൊടുത്താൽ മതി.
കഴമ്പില്ലാത്ത കൃതികൾക്ക് അവാർഡുകൊടുത്താൽ ഒരു ദിവസമേ അതിനു  ആയുസ്സുള്ളു.
പിറ്റെ ദിവസം അതു മരിക്കും.
അന്നാൽ ഉത്തമ രചനകൾക്ക് പുരസ്കാരം ഇല്ലെങ്കിലും  അതു സ്വശക്തിയാൽ ക്രമേണ പിടിച്ചു കയ്യറും.

മലാല

താലിബാന്റെ ശാസനകൾ വകവയ്ക്കാതെ പാകിസ്ഥാനിൽ വൈദ്യാഭ്യാസപ്രവർത്തനം നടത്തിയതിനു വേറ്റിയേറ്റ് ജീവിതത്തിന്റെ അറ്റം കണ്ട് മടങ്ങി വന്ന മലാല യൂസഫ്സായ് എന്ന വിദ്യാർത്ഥിനിയെപ്പറ്റി രണ്ടു ലേഖനങ്ങളാണ് സാഫല്യം ( നവംബർ) മാസികയിലുള്ളത്.കെ എ അലി അക്ബറിന്റെ ലോക മനഃസാക്ഷിയുടെ വീരപുത്രി മലാല, വി. സുബ്രഹ്മണ്യന്റെ (ഫോ:9388639899)മലാല ഒരു പ്രതീകം എന്നി ലേഖനങ്ങൾ , നമ്മുടെ കാലത്ത്  ഒരു പെൺകുട്ടി എങ്ങനെയാണ് അസാധാരണമായ നേതൃപാടവം കൈവരിച്ചതെന്ന് വിലയിരുത്തുന്നുണ്ട്.

'ഞാൻ മലാല' എന്ന ആത്മകഥ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.
ലോകത്തെ ഈ വർഷം ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ടൈ മാസിക തിരഞ്ഞെടുത്തത് മലാലയെയാണ്.മല്ലായയൂറ്റെ കാര്യത്തിൽ ഇത്രയും പ്രശസ്തി വരാൻ കാരണം ബ്രിട്ടിഷ് മാധ്യമമായ ബി ബി സി ഈ  പ്രശ്നം ഏറ്റെടുത്തതുകൊണ്ടാണ്.
എന്നാൽ കേരളത്തിലാണ് മലാല പ്രവർത്തിച്ചതെങ്കിൽ അവരെ ആരും തന്നെ അറിയപ്പെടാതെ പോകുമായിരുന്നു.
നമ്മുടെ 'ന്യൂസ് അവറുകൾ' ഇതൊന്നു ചർച്ച ചെയ്യുകപോലുമില്ല.അവർക്ക് കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഊന്നി നിന്ന് പാറ്റിക്കൊഴിച്ചും , ഊതിത്തെളിച്ചും നീങ്ങുന്നതാണ് സുരക്ഷിതം!


മഴവില്ല്
താഴോട്ട് നോക്കി നിന്നാൽ നിങ്ങൾക്ക് ഒരിക്കലും ഒരു മഴവില്ല് കാണാനൊക്കുകയില്ല.
ചാർളി ചാപ്ലിൻ





പിടി ബിനു



പി ടി ബിനുവിന്റെ 'പ്രതി എഴുതിയ കവിത('ഡി സി ബുസ് ) നമ്മുടെ യുവ കവിതയ്ക്ക് ചില അർത്ഥവത്തായ നിമിഷങ്ങൾ നൽകുന്നു.  തീപ്പെട്ടിപടം എന്ന കവിതയിലെ ഈ വരികൾ നോക്കൂ:
പാലമരത്തിന്റ് മുകളിലിരുന്ന്
യക്ഷിപ്പാട്ട് പാടി.

കാറ്റ് ഒരു മുല്ലത്തോട്ടം
ചിറകുകൾ വിരിച്ച്
പറന്നു നടക്കുന്നു


നിന്റെ മീനിനെ
പൊന്മാൻ വിഴുങ്ങും
വഞ്ചിയെ
സ്രാവ് മുക്കും
ക്ലാവറിനെ ഡൈമൺ വെട്ടും

രാജാവായാലും
ഒരു അമ്പു മതി.

ബിനുവിനു എതു വസ്തുവും കവിതയാണ്.
വസ്തുവിനെ മൗലികമായ വിതാനത്തിൽ മിത്താക്കുമ്പോഴുള്ള സൗന്ദര്യമാണ് കവിതയിൽ കാണാനാകുന്നത്.



സ്നേഹഭൂമി
എം.കെ.ചന്ദ്രശേഖരൻ ചീഫ് എഡിറ്ററായി ആലുവായിൽ നിന്നു പുറത്തിറങ്ങുന്ന ദ്വൈമാസികയാണ് 'സ്നേഹഭൂമി'(ഫോ.9446338916)
ആദ്യലക്കത്തിന്റെ പ്രകാശനം എറണാകുളത്ത് നടന്നു. എസ് രമേശൻ നായർ ആദ്യകോപ്പി
മ്യൂസ് മേരി ജോർജിനു നൽകി .സലോമി ജോൺ വൽസൻ, രാഹുൽ കർത്താ എൻ, വന്ദന ബി, പുതുപ്പണം ഗഫൂർ, ലിപിൻ രാജ് എം പി.,ഇ പി ജ്യോതി,പുത്തൻവേലിക്കര സുകുമാരൻ, വേണു വാരിയത്ത് ,എബ്രഹാം  ലിങ്കൺ തുടങ്ങിയവർ ആദ്യലക്കത്തിൽ എഴുതിയിരിക്കുന്നു.


കെ.എ.ജയശീലൻ.
കെ.എ.ജയശീലന്റെ കവിതകൾ എന്ന സമാഹാരത്തിൽ അദ്ദേഹവുമായി ഒരു അഭിമുഖമുണ്ട്.
ഈ വാക്കുകൾ ശ്രദ്ധിക്കണം;
നമുക്ക് വേണ്ടത് , സ്വർഗ്ഗം എന്നൊന്നുണ്ടെങ്കിൽ അവിടേക്ക് ഇലച്ചെടിയെയും  ആടിനെയും ഉറുമ്പിനെയും കൊണ്ടുപോകാൻ കഴിയുന്ന സ്വർഗ്ഗത്തെയാണ്.പാശ്ചാത്യ സ്വർഗ്ഗസങ്കൽപ്പത്തെ അങ്ങനെ നിരസിക്കുകയാണ്'ക്രിസ്തീയ സ്വർഗ്ഗത്തിൽ ജോർജ്ജേ' എന്ന കവിതയിൽ.അവിടെയും ഞാൻ സ്വർഗ്ഗത്തെ നിരസിക്കുകയാണ്.എന്റെ പ്രശ്നം ഈ മുക്തി കളിൽ കിടക്കുന്ന മീനിനെ ബാധിക്കുമോ എന്നാണ്.ബാധിക്കില്ല.മനുഷ്യനു മാത്രമായി എത് മോക്ഷം?

ചിത്രശലഭങ്ങൾ ഇത്ര ധൃതിപ്പെട്ട് എന്ന കവിതയിലെ വരികൾ:
മർത്ത്യർക്കൊരല്പ-
സമയമായ്ത്തോന്നുന്നു
ചിത്രശലഭത്തിൻ
ജന്മകാലം.
നിർജ്ജരലോകത്തെ-
യൊറ്റപ്പകലല്ലോ
നമ്മുടെ പത്തു-
സഹസ്രവർഷം

PAGE 2-click

AKSHARAJALAKAM

AKSHARAJALAKAM/