Friday, November 15, 2013

AKSHARAJALAKAM-3/PAGE 2/nov 15-dec1/2013


 പേജ് രണ്ട്











A man's face is his autobiography. A woman's face is her work of fiction.

Oscar Wilde,ഐറിഷ് എഴുത്തുകാരൻ



 വ്യാജബിംബം
ഇത്രയും അവാർഡുകൾ കൊടുത്ത് വഷളാക്കിയ മലയാളി ഒരു വ്യാജ ബിംബമാണെന്ന് പത്രങ്ങളിലെ വാർത്തകൾ തെളിയിക്കുന്നു.


ഒരു ദിവസം പ്രായമായ കുഞ്ഞിനെപ്പോലും കഴുത്തറത്ത് കൊല്ലുന്ന മലയാളി ഒരു മനോരോഗി അല്ലെന്നോർക്കണം.
എൽ കെ ജി യിൽപ്പഠിക്കുന്ന കുഞ്ഞിനെ കൊല്ലാൻ കാമുകനെ ഏല്പിക്കുന്ന അമ്മയെക്കുറിച്ചെന്താണ് അഭിപ്രായം?
സ്വന്തം സുഖം മാത്രം മതി, ആർക്കെന്ത് സംഭവിച്ചാലും ഒന്നുമില്ല എന്ന മാനസികാവസ്ഥ സാർവത്രികമായിരിക്കുന്നു.
നമ്മുടെ സാംസ്കാരിക പ്രവർത്തനമൊക്കെ തകർന്നു.
ശ്രേഷ്ഠഭാഷയാണെന്ന് പറഞ്ഞ് ചിലർ അഹങ്കരിക്കുന്നു, മറ്റൊരിടത്ത് ശ്രേഷ്ഠകൊലയാണ് അവതരിക്കുന്നത്.
പുത്തൻ മലയാളിയെ ഒരു സാഹിത്യവും സ്വാധീനിക്കുന്നില്ല എന്നാണോ അർത്ഥമാക്കേണ്ടത്?അവൻ പ്രലോഭനത്തിന്റെ ഇരയാണ്.
അവൻ ഒരു  മതത്തിലും വിശ്വസിക്കുന്നില്ല. അവൻ വിശ്വസിക്കുന്നത് സുപ്പർ മാർക്കറ്റിലും സൂപ്പർ ജീവിതത്തിലുമാണ്.
ത്യാഗമോ സ്മരണയോ അവന്റെ അയൽപ്പക്കത്തുപോലുമില്ല.
ചങ്ങമ്പുഴയും ഇടശ്ശേരിയുമൊക്കെ താലോലിച്ച ആ മലയാളി ഇന്നില്ല, അവൻ വേരുമൊരു വ്യാജബിംബമാണിന്ന്.

സാഹിത്യം

സാഹിത്യം നമ്മുടെ വാരാന്തപ്പതിപ്പുകളിൽ നിന്നും ടെലിവിഷനിൽ നിന്നും എങ്ങനെ അപ്രത്യക്ഷമായി?
പരസ്യ ഏജൻസികൾ കാര്യങ്ങൾ തീരുമാനിക്കുന്നതുകൊണ്ടാണ് ഇതു സഭവിക്കുന്നത്.

പിന്നെ വായിക്കുന്ന പത്രപ്രവർത്തകരും കുറവാണ്.വായന ഒരു വിധിയായി ഏറ്റെടുത്തവർ ഊണ്ടാകണം.
ഇപ്പോൾ പത്രങ്ങളെയും ടെലിവിഷനെയും ആശ്രയിച്ചല്ല സാഹിത്യം നീങ്ങുന്നത്. അതിനു സ്വന്തം സഞ്ചാര രീതിയുണ്ട്.
സോഷ്യൽ നെറ്റുവർക്കുകൾ, ചെറു മാഗസിനുകൾ, ബ്ലോഗുകൾ, ഇ പത്രങ്ങൾ, പ്രസംഗവേദികൾ എന്നിവയിലൂടെയാണ് അത് ഇപ്പോൾ നീങ്ങുന്നത്.
സാഹിത്യത്തിനു വരിക്കാരുണ്ട് എന്നാണ് എന്റെ അനുഭവം. ഞാൻ മാസത്തിൽ ഇരുപത് ദിവസവും പ്രസംഗിക്കുന്നു എന്നത് തന്നെ അതിനു തെളിവല്ലേ?

എസ് .രമേശൻ നായർ
ചരിത്രത്തിന്റെ ആഗ്രഹം അതു സ്വയം പൂർത്തീകരിക്കുന്നത് അപൂർവ്വമാണ്. അതാണ് എസ് രമേശൻ നായർ 'ഗുരുപൗർണമി'(ശ്രീബുക്സ്, കൊച്ചി)എന്ന കാവ്യം എഴുതിയപ്പോൾ സഭവിച്ചത്.

ചരിത്രത്തിലെ കാലുഷ്യവും തർക്കങ്ങളും വൈരുദ്ധ്യങ്ങളുമെല്ലാം കവി തന്റേതായ നിലയിൽ പരിഹരിക്കുകയാണ്.രമേശൻ നായർക്ക് ജാതിയുടെ വേലിക്കെട്ടുകളില്ല. തുറന്ന ആകാശം മാത്രമേയുള്ളു. ഇനി ഇതു വായിക്കുന്നവരും ജാതിയെപ്പറ്റി ചിന്തിക്കരുത്.
ജാതിക്കെതിരെ യുദ്ധം നയിച്ച ആദ്ധ്യാത്മിക സ്രോതസ്സായ ഗുരുവിന്റെ പേരു ജാതിയുമായി ബന്ധിപ്പിച്ച് പറയേണ്ടിവരുന്നതു തന്നെ ദുരന്തമാണ്.
എല്ലാ വിപ്ലവങ്ങളും പിന്നീട് ദുരന്തമാകുകയാണ്.അതിനു പിന്നീട് അവകാശികളില്ലാതെപോകുന്നു.
പിന്നെ, എന്തിനു വിപ്ലവങ്ങൾ ഉണ്ടാകുന്നു?ഈ ചോദ്യമാണ് ചരിത്രത്തിന്റെ കണ്ണുനീർ.
അതിനും ഉത്തരമുണ്ട്, വിപ്ലവങ്ങൾ വിപ്ലവകാരിയുടെ  വിധിയാണ്.അത് അവനു ചെയ്യാതിരിക്കാനാവില്ല. അവനു സ്വയം നീതി ചെയ്യേണ്ടതുണ്ട്. അവനു ലോകനീതി വേണം.

രമേശൻ നായർ ഈ കവിതയിലൂടെ, നമ്മുടെ ഗുരുസാഹിത്യത്തിനു ഏറ്റവും പ്രബുദ്ധമായ ഒരു ആഴവും അറിവും സംയുക്തമായ മനസ്സും ചിന്തയും നൽകുകയാണ്.അദ്ദേഹം സസ്യസമാനമായ വിശുദ്ധി പ്രദാനം ചെയ്യുന്നു.
സസ്യങ്ങൾ തെറ്റു ചെയ്യാറില്ല.
രമേശൻ നായരുടെ വരികൾ ശ്രദ്ധിക്കൂ:

സന്ന്യാസത്തിനു കാവിയല്ല, നിറമ-
ല്ലാ മുഖ്യ, മുൾക്കണ്ണീലെ-
ക്കണ്ണീരിൽത്തെളിയേണമന്യഹൃദയം
നീറ്റും കനൽപ്പാടുകൾ;
ഒന്നൊന്നായ്പ്പരിഹാരശാന്തിയരുളു-ന്നോനെ മഹത്ത്വങ്ങളെ-
ത്തന്നിൽച്ചേത്തവ,നീശ്വരന്റെ വിരലാ-
മദ്ധ്യന്യജന്മം തൊഴാം!



ഭയം
നിങ്ങൾ ഭയന്നുപോയാൽ , തീർന്നു, നിങ്ങൾക്ക് സ്വന്തം ഹൃദയത്തോടുപോലും ഒന്നും തുറന്നുപറയാൻ കഴിയില്ല
പാവ്ലോ കൊയ്ലോ,ബ്രസീലിയൻ നോവലിസ്റ്റ്

സന്തോഷ് പാലാ
സന്തോഷ് പാലായുടെ  'സംസ്കാരചിന്തകൾ (മലയാളസമീക്ഷ, ആഗസ്റ്റ്) ഒരുവന്റെ ജീവിതത്തെപ്പറ്റിയുള്ള ആധി വ്യക്തമാക്കുന്നു.
മരണം ഒരാളെ ഭാവനയിലും ഭീതിപ്പെടുത്തുകയാണ്.സ്വന്തം മരണത്തെക്കുറിച്ച് ചിന്തിച്ച് ഭ്രാന്തെടുക്കുന്ന ഒരു കഥാപാത്രം ഈ കവിതയിലുണ്ട്. ഇത് മനുഷ്യൻ എന്ന ഏകാകിയുടെ വിധിയാണ്.
സന്തോഷിന്റെ വരികൾ ഇതാ:

ഇന്നലെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍
കടത്തിണ്ണയിലെവിടെയോ കണ്ടിരിന്നുവെന്ന്
കാഞ്ഞിരപ്പള്ളിക്കാരന്‍
ഔസേഫ് മൊഴികൊടുക്കുമോ?
രാജ്‌മേനോന്‍ പാസ്റ്റര്‍ ദൈവസന്നിധിയില്‍
നിന്നൊരാളെ ജനസഹസ്രത്തിന്
കയ്യുയര്‍ത്തിക്കാട്ടീടുമോ?
ഏലിക്കുട്ടിച്ചേടത്തീടെ മകള്‍
വിജയവാഡയിലെത്തുമ്പോള്‍
ട്രെയിനിലിരുന്ന്
എന്റെ വിശേഷങ്ങള്‍ തിരക്കുമോ?
മണിപ്പുഴ ഷാപ്പിലെ
പാവങ്ങളെ
ചാനല്‍ക്കാമറകള്‍
തത്സമയം വിചാരണചെയ്യുമോ?
കുമ്മനം കുമാരിച്ചേച്ചിയുടെ
ഡയറിയിലെങ്ങാനും
എന്റെ നമ്പരോ
പേരോ ഉണ്ടാവുമോ?



ശ്രീകൃഷ്ണദാസ് മാത്തൂർ

ശ്രീകൃഷ്ണദാസ് മാത്തൂരിന്റെ 'കാലന്മഴ' പ്രകൃതിയുടെ അഗാധതകളിലേക്ക് ചൂഴ്ന്നിറങ്ങുന്ന അതിശയകരമായ  അനുഭവമണ്.പലരും മഴയുടേ കാല്പനിക ഭംഗികളെ വാഴ്ത്തുമ്പോൾ മാത്തൂർ അതിന്റെ വിഭ്രാമകമായ  സൗന്ദര്യശാസ്ത്രം അനാവരണം ചെയ്യുന്നു.
ഉള്ളിൽ പെയ്യുന്ന വിയർപ്പായി മഴ മാറുകയാണ്.സമീപകാലത്തെങ്ങും, ഉള്ളിൽ മഴയുടെ നാനാമതാത്മകതകളിൽ തീയാടുന്ന ഒരു ലോകം കണ്ടിട്ടില്ല.
തീർച്ചയായും ഇത് വായനയെ സജീവമാക്കി.മാത്തൂരിന്റെ വരികൾ വായിക്കൂ:


നിലം തൊടാതെ നടക്കുന്നു ജിവിതം .
മണ്ണുമണക്കും കൈലിക്കോന്തല
മിന്നല്‍ രക്ഷാചാലകം,...
പാതിദേഹം മഴ, പാതി ദേഹം വെയില്‍,
നടുക്ക് മഴപ്പൂപോലെ സിന്ദൂരപ്പൊട്ട് ,
നാഗത്തുള്ളികള്‍ ദംശിച്ചിട്ടും ചിരി,
അമ്മ നെരിപ്പോട്, ഞാനൂതിത്തെളിക്കും,
പുരമേയാത്ത മഴക്കാലത്തെ
ചുട്ടുചുട്ടു വര്‍ത്തമാനമഗ്നി.

......
സമുദ്രത്തിലേക്ക് പിഴുതുപോയ വീടിന്റെ
വിടവുകളിൽ, മഴ നാവ്, മഴക്കൊള്ളി,
നൂറ്റാണ്ടിന്റെ ഏറ്റവും വിശപ്പുള്ള എത്തിനോട്ടങ്ങള്‍,
പുഷ്പിതാഗ്രങ്ങളില്‍ നിന്ന്‍
തുള്ളിക്കൊരുകുടം പൂവീഴ്ചകള്‍,
മഴ സമുദ്രം, ഇറങ്ങിയോടാന്‍ ഇടമില്ലാതെ ഞാന്‍
ഇടിച്ചു നില്കും വെറും വെരുകുപുര വീട്,
ഉള്ളിലും പുറത്തും നിന്നോരെ പെയ്ത്ത് ,
കാലന്മഴ..

യാഥാർത്ഥ്യം
വാസ്തവികത എന്നൊന്നില്ല.അത്‌ നമ്മള്‍ ഉണ്ടാക്കുകയും മായ്ക്കുകയുമാണ്‌ ചെയ്യുന്നത്‌.





ആകാശം
ആകാശം വെറുമൊരു തോന്നലല്ല ;
അതിലും ഒരാള്‍ക്ക്‌ പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്‌.

അക്ഷരജാലകം
അക്ഷരജാലകം ഓൺലൈനിൽ  വന്നുതുടങ്ങിയതിനെപ്പറ്റി ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മിക്കവർക്കും  കോളം രണ്ടാഴ്ചയിലൊരിക്കൽ എന്നതിനു പകരം പ്രതിവാരം ആക്കണമെന്നാണ് ആവശ്യം.
എന്തായാലും അതു നമുക്കു പ്രതീക്ഷിക്കാം, താമസിയാതെ.
എന്റെ വായനക്കാരെ എനിക്കു നഷ്ടപ്പെട്ടില്ല  . അതു വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.
പ്രമുഖ എഴുത്തുകാരനായ എം .മുകുന്ദൻ പറഞ്ഞത് , പുതിയ അക്ഷരജാലകം ഒരു മാഗസിൻ പോലെ ആസ്വദിച്ചു വായിച്ചു എന്നാണ്.


ഭിലായിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രമദം മാഗസിന്റെ എഡിറ്ററും പ്രമുഖ മറുനാടൻ മലയാളിയുമായ നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ ഇങ്ങനെ അരിയിച്ചു: ഇനി ഹരികുമാറിന്റെ കോളം വായിക്കാൻ ഒരു പ്രസിദ്ധീകരണത്തിന്റെയും സഹായം വേണ്ടല്ലൊ.

ഗവേഷകനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായ ശാർങ്ഗധരൻ എം ഫെയിസ്ബുക്കിൽ പരസ്യമായി എഴുതിയത് ഇതാണ്:


Sarnga Dharan M Your observations are fabulous. Please continue with the AKSHARAJALAKOM and enlighten us in every fortnight. There are thousands of people who are eagerly waiting for reading your observations and thoughts. All the best wishes.
 കലാപൂർണ മാസികയുടെ എഡിറ്ററും ചിത്രകാരനുമായ ജെ ആർ പ്രസാദിനു അക്ഷരജാലകത്തിന്റെ ഓൺലൈൻ ആവിഷ്കാരമാണ് , അച്ചടിച്ചു കണ്ടതിനേക്കാൾ ഏറെ ഇഷ്ടം.

കലാകൗമുദി ലിറ്റററി എഡിറ്ററും കവിയുമായ പി രവികുമാറിനു സ്വന്തമായി കമ്പ്യൂട്ടറില്ലാത്തതുകൊണ്ട്, ബന്ധുവീട്ടിൽ പോയി ജാലകത്തിന്റെ പ്രിന്റ് എടുത്തുകൊണ്ടു വന്ന് വായിക്കുകയായിരിരുന്നുവെന്ന് അറിയിച്ചു.

കിളിമാനൂരിലുള്ള സുഹൃത്ത് ശ്യാമളൻ മകന്റെ കമ്പ്യൂട്ടറിൽ നിന്ന് പ്രിന്റ്  എടുപ്പിച്ച് വായിച്ച ശേഷം അത് സ്വന്തം ഓഫീസിൽ കൊണ്ടുപോയി ഇടുകയും ചെയ്തു. അതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതാണ് : ഇത് ഞാൻ മാത്രം വായിച്ചാൽ പോരെന്ന് തോന്നി, ഓഫീസിൽ ഉള്ളവരും സന്ദർശകരും വായിക്കട്ടെ!

മാലി ദ്വീപിൽ നിന്ന് ഡോ. പി. വിശ്വനാഥ് അറിയിച്ചത് ഇതാണ്: അക്ഷരജാലകം ഇപ്പോൾ കൂടുതൽ ആകർഷകമാണ്. ഇത് നേരത്തെ വേണ്ടതായിരുന്നു.താങ്കളുടെ വായനക്കാരെ ഏകീകരിക്കാൻ ഈ ഓൺലൈൻ അവതരണം ഉപകരിച്ചു.ഹാർഡ്കോർ വായനക്കാരുള്ളതുകൊണ്ടാണ് താങ്കൾക്ക് ഇതു സാധിക്കുന്നത്.ഒരു പക്ഷെ ,മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ഇതുപോലെ ഒരു ഓൺലൈൻ അസ്തിത്വം ഉണ്ടെന്ന് പറയാനാകില്ല.ഇത് ധീരതയാണ്.നാളെ താങ്കൾക്ക് ഏതൊരു പ്രസിദ്ധീകരണത്തേക്കാൾ കൂടുതൽ സർക്കുലേഷൻ ഉണ്ടാകാനും ഇടയാക്കട്ടെ.



 ഞാൻ കുത്തനെയാണ്‌:സിൽവിയ പ്ലാത്ത്‌
അമേരിക്കൻ പെൺകവി സിൽവിയാപ്ലാത്തിന്റെ 'ഞാൻ കുത്തനെയാണ്' എന്ന കവിത ഇവിടെ പരിഭാഷപ്പെടുത്തുന്നു:

ഞാനത്ര തിരശ്ചീനമല്ല.
മണ്ണിൽ വേരുകളാഴ്ത്തി നിൽക്കുന്ന ഒരു മരവുമല്ല;
ധാതുക്കൾ മണ്ണിൽ നിന്ന്‌ വലിച്ചെടുത്ത്‌, മാതൃസ്നേഹം നുണഞ്ഞ്‌...
ഓരോ മാർച്ചിലും തളിരിലകളുടെ പ്രഭാവമറിഞ്ഞ്‌...
വർണാഭമായ, ഒരു പുഷ്പതൽപത്തിന്റെ
സൗന്ദര്യവുമല്ല; 
ഓരോ ഇതളും പൊഴിച്ച്‌ നിശ്ശൂന്യമാവുമെന്നറിയാതെ, 
ഞാനുമായി താരതമ്യം ചെയ്താൽ,
ഒരു മരം അനശ്വരമാണ്‌.
പുഷ്പാഗ്രം ഉയരമുള്ളതല്ല, എന്നാലത്  അത്ഭുതപ്പെടുത്തുന്നു. ഇതിലൊന്നിന്റെ ആയുർ ദൈർഘ്യവും മറ്റേതിന്റെ ധീരതയുമാണെനിക്കിഷ്ടം.
ഈ രാത്രിയിൽ, നക്ഷത്രങ്ങളുടെ നിഗൂഢമായ വിതാനങ്ങളിൽ, മരങ്ങളും പൂക്കളും സുഗന്ധം പ്രസരിപ്പിക്കുന്നു.
ഞാനവയ്ക്കിടയിലൂടെ നടക്കുന്നു. 
എന്നാൽ എന്നെ ആരും ശ്രദ്ധിച്ചില്ല.
ഞാനുറങ്ങുമ്പോഴായിരിക്കും
എനിക്കു അവയുമായി സാദൃശ്യം-
ചിന്തകൾ ഉണ്ടാകില്ലല്ലോ,
നിലത്ത്‌ ഇങ്ങനെ കിടക്കുന്നത്‌
എനിക്കു ശീലമാണ്‌-
ഞാൻ ആകാശവുമായി
തുറന്ന സംവാദത്തിലാണ്‌.
അവസാനത്തെ കിടപ്പിൽ,
എന്നെക്കൊണ്ട്‌ പ്രയോജനമുണ്ട്‌:
ഒരിക്കലെങ്കിലും ഈ മരങ്ങൾ
എന്നെ തൊടും;
പൂക്കൾക്കും എന്നെ
ആവശ്യമായി വരും.


*സിൽവിയാ പ്ലാത്ത്‌:
അമേരിക്കൻ പെൺകവി.
1963-ൽ ആത്മഹത്യ ചെയ്തു.
പ്രമുഖ കവി ടെഡ്‌ ഹ്യൂസിന്റെ ഭാര്യ. Ariel, The colossus and other poems എന്നിവ പ്രധാന കൃതികൾ.
The Bell Jar എന്ന നോവലും എഴുതിയിട്ടുണ്ട്‌.

പരിചയം

ഒരു കഥാകൃത്തിനെ പരിചയപ്പെടുത്തുകയാണ്.
ആപ്പിൾ എന്ന സമാഹാരവുമായി നിൽക്കുകയാണ് സിയാഫ് അബ്ദുൾഖാദർ.കൃതി ബുക്സ് (ഫോ.9447814972)എറണാകുളമാണ് ഇതിന്റെ പ്രസാധകർ.
സിയാഫ് അബ്ദുൾഖാദറിന്റെ (ഫോ.09035534014)പതിനഞ്ച് കഥകൾ ഈ സമാഹാരത്തിലുണ്ട്.
ഇതിലെ യൂത്തനേഷ്യ,മറവിയിളെക്ക് ഒരു ടിക്കറ്റ് എന്നി കഥകൾ ഞാൻ കൂടുതൽ ആസ്വദിച്ചു.

പഴവിള രമേശൻ
'എന്റെ നവാദ്വൈതം - വിജയന്റെ നോവലുകളിലൂടെ' എന്ന പുസ്തകം വായിച്ചിട്ട് എന്നെ വിളിച്ചു പറഞ്ഞു , ഇത്രയും അർഥവൈപുല്യമുള്ള ഭാഷ എവിടെയും കണ്ടിടില്ലെന്ന്.അദ്ദേഹം വല്ലാതെ വാചാലനായി.
എന്നാൽ എന്റെ 'സാഹിത്യത്തിന്റെ നവാദ്വൈതം' എന്ന സുപ്രധാന താത്വിക ഗ്രന്ഥം വായിച്ച ഉടനെ , നവാദ്വൈതം എന്ന സംജ്ഞതന്നെ തെറ്റാണെന്ന് പറഞ്ഞ് തർക്കത്തിനു മുതിർന്നു.ശങ്കരാചാര്യർ അദ്വൈതം എന്നു പ്രയോഗിച്ചതു കൊണ്ട് നവാദ്വൈതം എന്നു പ്രയോഗിക്കാൻ പറ്റില്ലെന്ന്!
അങ്ങനെയാണെങ്കിൽ നവം എന്ന വാക്കു തന്നെ വ്യർഥമായിപ്പോകുമല്ലൊ.പഴവിളയ്ക്ക് നവം എന്താണെന്ന് അറിയില്ല.


ശങ്കരാചാര്യരുടെ പോലും സ്വന്തമല്ല അദ്വൈതം. എത്രയെല്ലാം അദ്വൈതം ഉണ്ടായിരിക്കുന്നു!. അഭിനവ ഗുപ്തന്റെ ശിവാദ്വൈതം, വിശിഷ്ടാദ്വൈതം, തുടങ്ങി എത്രയോ സംജ്ഞകൾ !.
 തമിഴ് കവി സുബ്രഹ്മണ്യഭാരതി , ശങ്കരാചാര്യരുടെ അദ്വൈതത്തെ തള്ളിക്കളയുകയാണ് ചെയ്തത്.
തത്വശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഇതുപോലുള്ള 'നവ'പ്രയോഗങ്ങൾ സാധാരണമാണെന്ന് കാണാം. നവ റിയലിസം, നവ കാല്പനികത, നിയോ പ്ലറ്റോണിക്, നിയോ റാഫേലൈറ്റ് തുടഞ്ഞിയ സംജ്ഞകൾ ഓർക്കുക.പക്ഷേ ഇതൊക്കെ അംഗീകരിക്കണമെങ്കിൽ ഒരു സഹിഷ്ണുതയും ചിന്താപരതയും ആവശ്യമാണ്.
എന്നാൽ എന്റെ നവാദ്വൈതമാകട്ടെ ശങ്കരാചാര്യരുടെ അദ്വൈതവുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല. നവാദ്വൈതത്തെക്കുറിച്ച് ഞാൻ ആർ പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത് .സംസ്കൃത പണ്ഡിതനായ ഡോ. ചാത്തനാത്ത് അചുതനുണ്ണിയുടെ വാക്കുകൾ കേട്ടാലും:പ്രാചീനമായ  അദ്വൈതദർശനവും ഹരികുമാർ കണ്ടെത്തുന്ന നവീനമായ അദ്വൈതവും തമ്മിൽ അടിസ്ഥാനപരമായ അന്തരമുണ്ട്.
ഡോ. എൻ .എ. കരിം ഈ പദനിർമ്മാണത്തെപ്പറ്റി പറയുന്നത് ഇതാണ്:നവാദ്വൈതം എന്ന വാക്കിന്റെ അർത്ഥമോ നിഷ്പത്തിയോ അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരു ഒറ്റവാക്കല്ല.അതു ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ്.അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം.ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.


എന്റെ നവാദ്വൈതം ഒരു പ്രപഞ്ച ദർശനമാണ്.
അതു പക്ഷേ, മനസ്സിലാക്കാനോ അംഗീകരിക്കാനോ ഉള്ള മനസ്സില്ലാത്തതാണ് പഴവിളയുടെ പ്രശ്നം. മാത്രമല്ല, തീരെ വികാരരഹിതമായ , വരണ്ട കവിതക്കളിൽ അഭിരമിക്കുന്ന അദ്ദേഹത്തിനു ,വളരെ ചലനാത്മകമായ ,പ്രപഞ്ചത്തിന്റെ സൂക്ഷ്മചലനങ്ങളിൽ നിന്ന് നൃത്തത്തിന്റെ അദ്വൈതം കണ്ടെടുക്കുന്ന ഒരു ദർശനം ഉൾക്കൊള്ളാൻ കഴിയില്ല.
ഒരു വസ്തു സ്വയം നിരസിച്ച് മറ്റൊന്നാകുന്നു.അതു വീണ്ടും നിരസിച്ച് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു .
കല്ലിൽ എത്രയോ രൂപങ്ങളുണ്ട്. വെള്ളത്തിൽ എത്ര ഒഴുക്കുണ്ട്.
ഏത് രൂപത്തിലേക്ക് പോയാലും വെള്ളത്തിനു ആ രൂപം മതി.
വെള്ളത്തിന്റെ  ഒഴുക്കിനു അവസാനമുണ്ടകില്ല. അതിനു പൂർവ്വ രൂപമോ അന്തിമ രൂപമോ ഇല്ല. കടൽ  സ്വയം നിരസിച്ച് ദുഃഖക്കടൽ ആകുന്നു. ദുഃഖക്കടലിൽ കടൽ ഇല്ല.
മനസ്സും ഇങ്ങനെയാണ്. മനസ്സിന് ആദിയോ അന്തമോ ഇല്ല. അത് ഒഴുകുകയാണ്. ഈ ഒഴുക്കാണ് പുതിയ അദ്വൈതം.ഇതിനു അന്തിമ ലക്ഷ്യമില്ല, ചിട്ടയില്ല.'എന്റെ മാനിഫെസ്റ്റോ' എന്ന കൃതിയിൽ ഇതു വ്യക്തമായി എഴുതിയിട്ടുണ്ട്.
എനിക്ക് പഴവിള രമേശനെപ്പോലുള്ളവരുടെ ഒരു ആദരവും വേണ്ട.സുനിശ്ചിതമായ ആശയങ്ങൾക്കു വേണ്ടി അലയുന്ന സുമനസ്സുകൾ ഇവിടെ യുള്ളപ്പോൾ  വിശേഷിച്ചും.ചിലർക്ക് ആരെയും അംഗീകരിക്കാൻ കഴിയില്ല. താൻ മാത്രമാണ് ശരിയെന്ന മിഥ്യാധാരണയുടെ തടവുകാരാണ് ഇത്തരക്കാർ.
പോത്തൻകോട്  ശാന്തിഗിരി ആശ്രമത്തിലെ  വിജയകുമാർ (ഫോ:8606809558) എനിക്ക് നിധിപോലെ കിട്ടിയ ഒരു വായനക്കാരനാണ്.
എന്റെ 'ഉത്തര-ഉത്തരാധുനികത' എന്ന പുസ്തകത്തിന്റെ പാരായണം ജീവിതചിന്തയിൽ തന്നെ സമൂലമായ പരിവർത്തനം വരുത്തിയതായി കഴിഞ്ഞ ദിവസം പറഞ്ഞു.
വിജയകുമാറിന്റെ വാക്കുകൾ: ഉത്തര- ഉത്തരാധുനികത വായിച്ചതോടെ ഞാൻ വല്ലാത്ത ഒരു ബ്രേക്ക് അനുഭവിച്ചു.
ഇതുവരെ വായിച്ച പലതും പാഴായിപ്പോയതുപോലെ തോന്നി.എന്നെ മരണത്തിൽ നിന്ന് രക്ഷിച്ച പുസ്തകമാണത്.
മനസ്സിന്റെ വീക്ഷണം മറ്റൊരു വഴിക്കായി.
എന്റെ ചിന്തയിൽ ഇതുവരെ ഇല്ലാതിരുന്ന എന്തോ കൂട്ടിച്ചേർക്കപ്പെടുകയും പുതിയ ഒരു ലോകം തുറന്നു കിട്ടുകയും ചെയ്തു.ഇതിനെപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായത്, ശരീരത്തിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുമ്പോൾ , മനസ്സ് അതിനെതിരെ പോരാടാൻ കൂടുതൽ കരുത്ത് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ആ പോരാട്ടം നിലയ്ക്കുന്നതൊടെ  നമ്മൾ മരണതുല്യമായ അവസ്ഥയിലേക്ക് നീങ്ങുമെന്നുമാണ്.അതുകൊണ്ട് മനസ്സിന്റെ സജീവത,ചലനം ആവശ്യമാണ്.ഈ സജീവതയാണ് എനിക്ക് ആ  കൃതി തന്നത്. 


  ഇണ

പരാജയപ്പെട്ട എല്ലാ കമിതാക്കൾക്കും രണ്ടാമതൊരു അവസരംകൂടി കൊടുക്കണം, ഇത്തവണ ഇണയെ മാറ്റി പരീക്ഷിക്കണം
മേ വെസ്റ്റ്,മേരിക്കൻ നടി








 സി.എം .സി  യുടെ അലൈഹം കഥകൾ
റഷ്യൻ യഹൂദനായ, യിദ്ദിഷ് സാഹിത്യകാരനായ ഷൊളോം അലൈഹം(1859-1916) എഴുതിയ  എട്ടു കഥകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ സി.എംസി എന്ന കഥാകൃത്തിനെ അഭിനന്ദിക്കണം.
മലയാളത്തിനു കാര്യമായൊന്നും അറിയാത്ത സാഹിത്യകാരനാണ് അലൈഹം.



റഷ്യയിൽ യഹൂദന്മാർക്കുണ്ടായ സകല മാനഹാനിയും ഒറ്റയ്ക്ക് ഏറ്റെടുത്ത് അതിനു ലോകമനസാക്ഷിയിൽ ശ്രദ്ധ നേടിക്കൊടുത്ത ഈ എഴുത്തുകാരന്റെ യഥാർത്ഥ നാമം റാബിനോവൈച്ച് എന്നാണ്.
അലൈഹം എന്നതു  ഹീബ്രൂ ഭാഷയിലുള്ള തൂലികാനാമമാണ്.ഇതിന്റെ അർത്ഥം നിങ്ങൾക്ക് സമാധാനം എന്നാണ്.തന്റെ നാട്ടിൽ സമാധാനം കിട്ടാതെ ഒളിച്ചോടിയ അലൈഹിമിനു ഈ പദം എങ്ങനെ പ്രിയപ്പെട്ടതല്ലാതാകും.?

യിദ്ദിഷ് ,വലിയൊരു സമൂഹം സംസാരിക്കുന്ന ഭാഷയല്ല. അത് യൂറോപ്യൻ യഹൂദന്മാരുടെ സ്വകാര്യ ഭാഷയാണ്.
ഒരു പക്ഷേ, ഇസ്സാക് ബാഷേവിസ് സിംഗർ , അലൈഹം എന്നീ എഴുത്തുകാരായിരിക്കും ഈ ചെറിയ  ഭാഷയ്ക്ക് സാർവ്വത്രികമായ അംഗീകാരം നേടിക്കൊടുത്തത്.
യിദ്ദിഷ് ഭാഷയിലെഴുതുന്ന ചെറുപ്പക്കാർക്ക് വേണ്ടി അലൈഹം രണ്ട് വാർഷം തുടർച്ചയായി  സാഹിത്യ പത്രിക പ്രസിദ്ധീകരിച്ചിരുന്നു.




ഇവിടെ സി എം സി (cmc659@aol.com. pho:8547632800)തന്റെ നാൽപ്പതു വർഷത്തെ അമേരിക്കൻ ജീവിതത്തിന്റെ സാർത്ഥകത കണ്ടെത്തുന്നത് , അലൈഹിന്റെ രചനകൾ വായിക്കാൻ കഴിഞ്ഞതിലും അതിൽ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതിലുമാണ്.
സി.എം.സി  ഇങ്ങനെ പറയുന്നു: നിങ്ങൾ അലൈഹമിന്റെ രചനകൾ വായിക്കുകയാണെങ്കിൽ  അദ്ദേഹം ഒരു യഥാർത്ഥ എഴുത്തുകാരനെന്നു  ബോദ്ധ്യപ്പെടും.



'അനന്തരാവകാശികൾ'(ഡി.സി.ബുക്സ് rs.,60/)  എന്ന ഈ സമാഹാരം മനുഷ്യന്റെ നിസ്സഹായതയ്ക്ക് നേരെയുള്ള അനിവാര്യമായ ചിരിയാണ്.ഇത്   ഒരു കലാനുഭമായി രൂപപ്പെടുകയാണ് . ജീവിതം പൊയ് വിശ്വാസങ്ങളുടെ കൂടാണ്.മിഥ്യകളെയാണ്  നമ്മൾ
 
അന്ധമായി വിശ്വസിക്കുന്നത്.ഒരു ഘട്ടം കഴിയുമ്പോൾ നാം നമുക്ക് തന്നെ വിശ്വസിക്കാൻ പേടിതോന്നുന്ന  അബദ്ധങ്ങളുടെ വലിയൊരു മലയായി മാറുന്നത് കാണാം. അലൈഹിമിന്റെ എന്തായിത്തീരു ഞാൻ? ഹാവ, മൂന്നാക്ലാസ്, ലക്ഷത്തിലൊരാൾ തുടങ്ങിയ കഥകൾ ഈ സത്യം വിളിച്ചുപറയുന്നപോലെ തോന്നി.







PAGE 3click

AKSHARAJALAKAM

AKSHARAJALAKAM/