reading problem,? please download the three fonts LIPI. UNICODE RACHANA:CLICK HERE പേജ് ഒന്ന് The only real failure in life is not to be true to the best one knows.” - Buddha A masterpiece of fiction is an original world and as such is not likely to fit the world of the reader . Vladimir Nabokov (റഷ്യൻ നോവലിസ്റ്റ് ) ജഗതി: നടനും രോഗിയും എം.കെ.ഹരികുമാർ അപകടം പറ്റി, രോഗിയായി വീട്ടിൽ വിശ്രമിക്കുന്ന ജഗതിശ്രീകുമാർ എന്ന നടൻ ഒരു യാഥാർത്ഥ്യം. അതേ സമയം, അദ്ദേഹം വിവിധ സിനിമകളിൽ അവതരിപ്പിച്ച ഹാസ്യരംഗങ്ങൾ ടെലിവിഷനിൽ വന്നുപോകുന്നു. നടനെന്ന ജഗതി ഇപ്പോഴില്ല. എന്നാൽ അത് സിനിമയിലുണ്ട്. നടൻ എന്ന നിലയിൽ ജഗതി ഒരു പ്രതീതിയായിക്കഴിഞ്ഞു. അതായത് ഒരു സിമുലക്രം. എന്ന് പറഞ്ഞാൽ ഒറിജിനൽ ഇല്ലാത്ത ഒരു പ്രതിച്ഛായ. രോഗിയായ ജഗതിയോ? യഥാർത്ഥ ജഗതി അതായിരുന്നില്ലല്ലോ. അദ്ദേഹം വേഷങ്ങളിൽ ജീവിച്ച നടനായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ നിശ്ശബ്ദനായ ജഗതിക്കും ഒരു ഒറിജിനൽ ഇല്ല. രണ്ടു ജഗതികളും പ്രതിച്ഛായ ആയി മാറുകയാണോ? സാങ്കേതികതയുടെ ഈ യുഗത്തിൽ നമുക്കു നാം തന്നെ അപരിചിതരായി മാറുകയാണ്.നമ്മുടെ വികാരങ്ങൾക്ക് പോലും മൗലികതയില്ല.അവ നമ്മെത്തന്നെ ചതിക്കാൻ തയ്യാറായി നിൽക്കുകയാണ്.നമ്മൾ ആഗ്രഹിക്കുന്നതിൽ പോലും നമ്മളില്ല.അതേസമയം സ്വന്തം ആഗ്രഹങ്ങൾ നേടാൻ വേണ്ടി ആരെയും ധ്വംസിക്കാനും മടിയില്ല. ഒരാളുടെ രണ്ടു ജീവിതങ്ങളാണ് നാം ഇപ്പോൾ പെരുമാറിക്കൊണ്ടിരിക്കുന്നത്; അതു ജഗതിയുടേതാണ്.അദ്ദേഹത്തിന്റെ സിനിമാജീവിതത്തെ മിമിക്രിയിലൂടെ അവതരിപ്പിച്ച് ഇപ്പോൾ ഇല്ലാത്ത ഒന്നിനെ നമ്മൾ സങ്കൽപ്പിക്കുന്നു. അതേസമയം, അതുമായി യാതൊരു ബന്ധവുമില്ലാത്ത ജഗതി വീട്ടിൽ നിശ്ശബ്ദനായി കഴിയുന്നു.സിനിമയിലെ ജഗതിയെ അനുകരിക്കുന്നതും അതുകണ്ടു ചിരിക്കുന്നതും മുതലാളിത്തകാലത്തിന്റെയല്ല, ഈ നവ സാങ്കേതികയുഗത്തിന്റെ മറ്റൊരു സമസ്യയായി മാറുകയാണ്.പ്രതീതികൾ ഏറ്റവും വലിയ യാഥാർത്ഥ്യങ്ങളായിത്തീർന്നിരിക്കുന്നു.രോഗപീഢയാൽ കഷ്ടപ്പെടുന്ന ജഗതി ഇവിടെ കഴിയുമ്പോൾ, അദ്ദേഹത്തിനു ഇപ്പോൾ ഉറപ്പില്ലാത്ത അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു കൂട്ടത്തിന്റെ തമാശയായിത്തീരുന്നു. അതിലൊക്കെ വിശ്വസിക്കുക എന്നതു നമ്മുടെ അനിവാര്യതയും ജീവിതാടയാളവുമാണ്.പ്രതീതികൾ നമുക്കു വിനോദവും അർത്ഥവും സംതൃപ്തിയും തരുന്നു.ഈ അവസ്ഥ ടെലിവിഷനും ഇന്റർനെറ്റും ഉണ്ടാക്കിയതാണ്.മുൻപൊരിക്കലും ഇല്ലാത്ത അവസ്ഥയാണ്.ഒറിജിനൽ ഇല്ലാത്ത ജീവിതം നമ്മെയും തുറിച്ചുനോക്കുകയാണ്.നമ്മളും ഒറിജിനൽ അല്ല അജ്ഞാതം നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തെങ്കിലും കണ്ടെത്തുമ്പോഴാണ് ജ്ഞാനത്തിനു പ്രാരംഭം കുറിക്കുന്നത്. - ഫ്രാങ്ക് ഹെർബർട്ട് (അമേരിക്കൻ ശാസ്ത്ര കഥാകാരൻ) സംസ്കാരം എന്ന ഉൽപന്നം എം.ടി.വാസുദേവൻ നായർ 1992ലാണ്, ഞാൻ എം.ടിക്ക് ഒരു കത്തെഴുതി. മലയാള കഥയെപ്പറ്റി ഒരു ലേഖനമെഴുതുകയാണെന്ന് അതിൽസൂചിപ്പിച്ചിരുന്നു.എന്നാൽ മറുപടികത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ഹരികുമാർ എഴുതിക്കൊണ്ടിരിക്കുന്ന ആ ലേഖനം എനിക്കു അയച്ചുതരണം. നമുക്ക് അതു ഓണപ്പതിപ്പിൽ കൊടുക്കാം. അന്ന് എം.ടി.മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ്.1992 ലെ ഓണപ്പതിപ്പിൽ അവതരിപ്പിച്ച സിമ്പോസിയത്തിൽ ആ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.എം.കൃഷ്ണൻ നായർ, കെ.പി.അപ്പൻ, എം. എം ബഷീർ തുടങ്ങിയവരായിരുന്നു മറ്റ് ലേഖകർ. ഇന്നു ഇതുപോലുള്ള പത്രാധിപാനുഭവം കുറവാണ്. 1 )സക്കറിയ രാഷ്ട്രീയ പാർട്ടികൾക്ക് വഴങ്ങാത്ത , സക്കറിയയുടെ ആ നിൽപ്പ് ഉണ്ടല്ലൊ, അതു എഴുത്തുകാരുടെ ഉള്ളിൽ ഒരു അഭിമാനവും അന്തസ്സും നിർമ്മിച്ചു നൽകും.നിഷേധത്തിന്റെ മഹത്തായ തത്വശാസ്ത്രം മരിച്ചിട്ടില്ലെന്ന് സക്കറിയ ഓർമ്മിപ്പിക്കുന്നു.നല്ല കാര്യമാണിത്. അദ്ദേഹത്തിന്റെ ധീരമായ ഒരു പ്രസംഗം ഞാൻ ഈയിടെ കേട്ടത് ഒരു ഫേസ്ബുക്ക് ലിങ്കിൽ നിന്നാണ്. 2)പ്രഭാവർമ്മ പ്രഭാവർമ്മയുടെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ അദ്ദേഹത്തിന്റെ കവിതയുടെ പ്രസാധനം നിർത്തിവച്ചതിനോട് യോജിക്കാനാവില്ല. ആ കവിതയ്ക്ക് , 'ശ്യാമമാധവ'ത്തിനു വയലാർ അവാർഡ് ലഭിച്ചതിലൂടെ കവിതയ്ക്കുണ്ടായ മങ്ങലിനു പരിഹാരമാകുകയാണ്. 3. പുത്തൻ മലയാളി സാമ്പത്തിക, സാങ്കേതിക വിജയം നേടിയ പുത്തൻ മലയാളി ചെന്നുപെട്ടിരിക്കുന്ന പ്രാകൃതവാസനകൾ ഏതൊക്കെയാണെന്ന് നോക്കൂ; ആശുപത്രികളിൽ അസ്വാഭാവിക മരണം, പോലീസ് സ്റ്റേഷനിൽ നിന്ന് പറഞ്ഞയച്ച ആൾ തൂങ്ങി മരിക്കുന്നു, വീടുകയറി വെട്ടിക്കൊലകൾ, ക്വട്ടേഷൻ ആക്രമണങ്ങൾ... ഇതിലൊക്കെ എന്താണ് അഭിമാനിക്കാനുള്ളത്? 4.വീണപൂവ് കുമാരനാശാന്റെ 'വീണപൂവി'നെ തറപറ്റിക്കാൻ, ചിലർ ആ കവിതയ്ക്ക് പിന്നിൽ ഒരു പെണ്ണുണ്ടെന്ന് വാദിക്കുകയാണ്. ആദ്യന്തം അബദ്ധമാണ് ഈ വാദമെന്ന് അറിയിക്കട്ടെ. 'വീണപൂവ് ഏതൊരു വസ്തുവിനും അതിനെ തന്നെ പ്രതിനിധാനം ചെയ്യാൻ കഴിവുണ്ടെന്ന ഉപനിഷത് ദർശനത്തെയാണ് വലംവയ്ക്കുന്നത്. ഈ കവിതയ്ക്ക് ഒരു പുനർവായന ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലർ പെണ്ണിനെ ഇറക്കുമതി ചെയ്യുകയാണ്. 5. കർമ്മം ഒരാൾക്ക് സ്നേഹത്തോടെ ഒരു ചായ വാങ്ങികൊടുക്കുകയാണെങ്കിൽ അത് ക്ഷേത്രത്തിൽപോയി പ്രത്യേക വഴിപാടുനടത്തുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. അതായത്, കർമ്മം നമ്മുടെ മനസ്സിന്റെ നിറവിൽ സാക്ഷാത്കരിക്കപ്പെടണം. ശവസംസ്കാരത്തിനു പോകുന്നത്, ശവം ചുമക്കുന്നത് തപസ്സാണെന്ന് ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ,ഈയർത്ഥത്തിലാണ് കാണേണ്ടത്.
6. പ്രണയം
ആഗോളവത്ക്കരണത്തിന്റെ അർത്ഥം ഇത്രയേയുള്ളു: പ്രണയത്തേക്കാൾ നല്ലത് വേശ്യാവൃത്തിയാണ്! അല്ലെങ്കിൽ പ്രണയം ചേർന്ന വേശ്യാവൃത്തിയാണ്. 7) കാർ ഒരു വലിയ കാർ വാങ്ങിയാൽ, മറ്റു പലരേക്കാൾ മുന്നിലെത്താൻ എനിക്കു കഴിഞ്ഞേക്കും. എന്നാൽ ആ കാറുമായി ഞാൻ പായുമ്പോൾ എതിരെ ഒരു വൃദ്ധൻ ഉടുതുണിക്ക് മറുതുണിയില്ലാതെ, വെയിൽകൊണ്ട് വാടി ക്ഷീണിച്ച് പരവശനായി നടന്നുവരുന്നതു കാണുന്നതോടെ ഞാൻ നിശ്ശൂന്യനും ഉള്ള് പൊള്ളയായവനും ആയി മാറും.നിങ്ങൾക്ക് നൃത്തം ചെയ്യാനാവുമോയെന്ന് തെളിയിക്കേണ്ട ഘട്ടമാണത്. 8). സാറാജോസഫ് സാറാജോസഫിന്റെ 'സ്കൂട്ടർ' എന്ന കഥ വായിക്കണം. സ്കൂട്ടറിൽ യാത്ര പോകുന്ന ദമ്പതികളിലൂടെ സമകാല ജീവിതത്തെ തൊട്ടുകാണിക്കുകയാണ് കഥാകാരി. 9). വില്യം ഗിബ്സൺ അമേരിക്കൻ എഴുത്തുകാരനായ വില്യം ഗിബ്സൺ (Willam Gibson) ഭാവിയെപ്പറ്റി ഒരഭിപ്രായം പറഞ്ഞു. ഭാവി ഇവിടെ നേരത്തെതന്നെയുണ്ട്; പക്ഷേ എല്ലാവർക്കും ഒരേപോലെയല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. 10). എഡിത്ത് സിറ്റ്വെൽ ബ്രിട്ടീഷ് പെൺകവി എഡിത്ത് സിറ്റ്വെല്ലിന് (Edith Sitwell) വിചിത്രമായ ഒരു സ്വഭാവമുണ്ടായിരുന്നു. അവർ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ഒരു തുറന്ന ശവപ്പെട്ടിയിൽ, എല്ലാദിവസവും രാവിലെ എഴുത്തുതുടങ്ങുന്നതിനു മുമ്പ്, ഏതാനും മിനിട്ടു കിടക്കുമായിരുന്നു. അൽബേർ കമ്യുവിന്റെ സാഹിത്യവീക്ഷണം ഫ്രഞ്ച് എഴുത്തുകാരനും പത്രപ്രവർത്തകനും തത്വചിന്തകനുമായ ആൽബേർ കമ്യു ഒരു സർവ നിഷേധവാദിയായിരുന്നില്ല. അദ്ദേഹം അസ്തിത്വവാദിയുമായിരുന്നില്ല. ഒരു പ്രത്യയശാസ്ത്രവുമായും തന്നെ കൂട്ടിക്കെട്ടരുതെന്ന് കമ്യു പറഞ്ഞിട്ടുണ്ട്. എന്നാൽ സർഗ്ഗാത്മക സാഹിത്യകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതല്ല; പലപ്പോഴും അതു കഫ്ക, നബോക്കോവ് , മാർകേസ്, കാൽവിനോ, ഉംബെർട്ടോ എക്കോ, ബെക്കറ്റ് , റോബെ ഗ്രിയേ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പരിമിതമാണെന്നു കാണാം. അതേസമയം കമ്യു തന്റേതായ ഒരു റിബൽ സങ്കൽപ്പം അവതരിപ്പിച്ചു. ജീവിക്കുന്ന ഒരാൾക്ക് കർമ്മമാർഗത്തിൽ അർത്ഥപരമായ ശൈഥില്യം ഉണ്ടായാൽ എതുരീതിയിലുള്ള പ്രക്ഷോഭമാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം തീവ്രമായി ആലോചിച്ചിട്ടുണ്ട്. സർവനിഷേധവാദമായ നിഹിലിസവും അബ്സേർഡിസവും എക്സിസ്റ്റെൻഷ്യലിസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ മലയാളത്തിലെ പല നിരൂപകരും കമ്യുവിനെ ഈ സിദ്ധാന്തങ്ങളുടെയെല്ലാം വക്താവാക്കുകയാണ് ചെയ്തത്. കമ്യു കോളജ് അദ്ധ്യാപകനല്ലായിരുന്നു. അതേസമയം കമ്യു തന്റേതായ ഒരു റിബൽ സങ്കൽപ്പം അവതരിപ്പിച്ചു. ജീവിക്കുന്ന ഒരാൾക്ക് കർമ്മമാർഗത്തിൽ അർത്ഥപരമായ ശൈഥില്യം ഉണ്ടായാൽ എതുരീതിയിലുള്ള പ്രക്ഷോഭമാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം തീവ്രമായി ആലോചിച്ചിട്ടുണ്ട്. സർവനിഷേധവാദമായ നിഹിലിസവും അബ്സേർഡിസവും എക്സിസ്റ്റെൻഷ്യലിസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കതെ മലയാളത്തിലെ പല നിരൂപകരും കമ്യുവിനെ ഈ സിദ്ധാന്തങ്ങളുടെയെല്ലാം വക്താവാക്കുകയാണ് ചെയ്തത്. കമ്യു കോളജ് അദ്ധ്യാപകനല്ലായിരുന്നു. കഥാകൃത്തെന്നപോലെ ഒരു വിമർശകനുമായിരുന്നു അദ്ദേഹം. The Stranger, The Fall, The Plague, The First Man തുടങ്ങിയ നോവലുകളൊന്നും , നോവൽ എന്ന കലയിൽ വലിയ കണ്ടെത്തൽ ആകുന്നില്ല.എന്നാൽ അതെല്ലം കമ്യുവിന്റെ തത്വചിന്തയുടെപ്രഖ്യാപനങ്ങളാണ്. അദ്ദേഹത്തിന്റെ ചിന്തയുടെ സ്വഭാവം വ്യക്തമാക്കാൻ വിവിധ കൃതികളിൽ നിന്നു ചില വാക്യങ്ങൾ ഉദ്ധരിക്കട്ടെ. 1)ചുറ്റിനുമുള്ള വസ്തുക്കളുടെ അസംബന്ധസ്വഭാവം മനസ്സിലാക്കുക എന്നത് ആദ്യ പടിയാണ്.അതു അവിടെ അവസാനിക്കരുത്.അതു ക്രിയാത്മകമായ ഒരു പ്രക്ഷോഭത്തിലേക്ക് നീങ്ങണം.നമ്മുടെ അസ്തിത്വത്തിനു അർത്ഥം നൽകുന്നതിനു സഹായകരമായ ആശയങ്ങളെ കണ്ടെത്തുന്നതിനു ആ പ്രക്ഷോഭം ഉതകണം;ഒരർത്ഥം എപ്പോഴും അപകടകരമാവുമെങ്കിലും. 2)എന്റെ ചിന്തകൾക്കു സാർത്രിന്റെ ആശങ്ങളുമായി ഒരു ബന്ധവുമില്ല.ഞങ്ങളുടെ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ഞങ്ങൾ പരസ്പരം കാണുന്നതിനു മുൻപാണ്.സാർത്ര് ഒരു അസ്തിത്വവാദിയാണ്. ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ഒരാശയം പങ്കുവച്ചത് ഓർക്കുന്നു: ആശയപരമായി വ്യത്യസ്ത ചേരിയിലുള്ളവരാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഒരു സംയുക്ത പ്രസ്താവന നടത്തുക. എന്റെ Myth of Sisyphus , സകല അസ്തിത്വവാദികളെയും നിഷേധിക്കുന്ന കൃതിയാണ്. 3)എന്റെ കാഴ്ചപ്പാടിൽ സാഹിത്യം, ശൈലിയിലാണ് നിലനിൽക്കുന്നത്.കലയിൽ ഒരു വിപ്ലവമേയുള്ളു, എല്ലാക്കാലത്തും:പ്രമേയത്തിനു അനുസരിച്ച് രൂപം ഉണ്ടാകണം,ഭാഷയുണ്ടാകണം.അതുകൊണ്ട് എനിക്കിഷ്ടം ഫ്രഞ്ച് ക്ലാസിക്കൽ സാഹിത്യമാണ്. അതായത് Saint-Evremond,Marquis de Sade എന്നിവരുടെ സാഹിത്യം. 4)Jean Grenier ആണ് എന്നെ തത്വചിന്തയിലേക്ക് പ്രലോഭിപ്പിച്ച എഴുത്തുകാരൻ.ടോൾസ്റ്റോയിയെ വീണ്ടുംവീണ്ടും വായിക്കാൻ ഇഷ്ടപ്പെടുന്നു 5)നമ്മുടെ കാലഘട്ടത്തിലെ സാമൂഹികപ്രശ്നങ്ങളിൽനിന്നു ഒളിച്ചോടുന്ന സാഹിത്യകാരൻ ചെയ്യുന്നതു വലിയ തെറ്റാണ്. 6) എന്താണ് ഒരു സർഗാത്മക കലാകാരന്റെ ലക്ഷ്യം? അവന്റെ കാലഘട്ടത്തിലെ വലിയ വികാരങ്ങളെ ആവിഷ്കരിക്കണം.പതിനേഴാം നൂറ്റാണ്ടിൽ പ്രണയമായിരുന്നു ഏറ്റവും വലിയ വികാരം. ഇന്നു സമൂഹം തന്നെ ക്രമരഹിതമാണ്.സമൂഹത്തിന്റെ വികാരങ്ങൾ മേൽക്കൈ നേടുകയാണ്.കല , നമ്മുടെ കാലത്തിലെ നാടകത്തിൽ നിന്ന് രക്ഷപ്പെടാനുള്ളതല്ല;അതിനെ കുറേക്കൂടി അടുത്ത് നിന്ന് കാണാനുള്ളതാണ് 7) കാഫ്കയുടെ ഫാന്റസിയോട് എനിക്ക് യോജിപ്പില്ല. ഞാൻ അതിൽ സുരക്ഷിതനല്ല.ഒരു കലാകാരന്റെ ലോകം ഒന്നിനെയും പുറന്തള്ളാൻ പാടില്ല.കാഫ്കയുടെ കൃതികൾ ഈ ലോകത്തെതന്നെ ബഹിഷ്കരിക്കുന്നു.അതുകൊണ്ട് നമ്മെ സമ്പൂർണ നിരാശയിലേക്ക് തള്ളിയിടുന്ന സാഹിത്യം എനിക്ക് സ്വീകാര്യമല്ല. രാഷ്ട്രീയ ആദർശങ്ങളിൽ അന്ധമായി വിശ്വസിക്കുന്നതും ഇതുപോലെതന്നെ അബദ്ധമാണ്. നമ്മൾ സർഗാത്മകമാകാൻ ആഗ്രഹിക്കുന്നില്ല ഇവിടെ കവിതയോ നോവലോ എഴുതുന്നവർ മാധ്യമത്തിന്റെ മുൻവിധികളിൽ അകപ്പെടുകയാണ് ചെയ്യുന്നത്. നോവൽ എഴുതുന്നവർ, നോവൽ എന്താണെന്ന പൊതുചിന്തയെയും അതിലെ ഭാവനയെപ്പറ്റിയുള്ള സാമാന്യവത്ക്കരണത്തെയും തേടുകയാണ്. അതിനപ്പുറം പോകില്ല. നോവൽ എന്താണെന്ന് പറഞ്ഞു ഫലിപ്പിക്കാനാണ് മിക്ക നോവലിസ്റ്റുകളും ശ്രമിക്കുന്നത്. അവർ നോവൽ എഴുതുന്നതിനു മുമ്പു തന്നെ അത് എന്താണെന്ന് തീരുമാനിക്കപ്പെടുന്നു.മുൻകൂട്ടി തീരുമാനിച്ച് തയ്യാറാക്കുന്ന രചനയാണിത്. ഒരാൾ ഒരു കവിത എഴുതാൻ തുടങ്ങുമ്പോൾ തന്നെ അത് നിർവ്വചിക്കപ്പെടുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ അത് വല്ലാതെ കൃത്രിമമായിപ്പോകും; ആവർത്തന സ്വഭാവമുള്ളതായിരിക്കും. ഇന്നത്തെ കവിതകൾ ഭാവനയെ മുൻകൂട്ടി തീരുമാനിക്കുകയാണ്. കണ്ടുപിടിത്തമോ അന്വേഷണമോ ഇല്ല. വാസ്തവത്തിൽ, വളരെ പരിചിതമായ വിഷയമാണെങ്കിൽപ്പോലും, അത് വീണ്ടും കണ്ടെത്താനുള്ള തൃഷ്ണയാണ് ഒരു കവിയെ സാഹസികനാക്കുന്നത്. കവിതയുടെ ഭാഷ, ശൈലി, പ്രമേയം, വികാരം എല്ലാം വളരെ മുൻപേ നിശ്ചയിക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ ഭൂരിപക്ഷം കവികളുടെയും പ്രശ്നം. യു ട്യൂബ് ഹൃസ്വചിത്രങ്ങൾ മലയാളത്തിൽ ദിനംപ്രതി എന്നോണം വീഡിയോ ഹ്രസ്വചിത്രങ്ങൾ യു ട്യൂബിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇത് ശരിക്കും ഉത്തരാധുനികതയ്ക്ക് ശേഷമുള്ള സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഉത്തരാധുനികതയുടെ കാലത്ത് പഴയ മൂല്യങ്ങളെ നശിപ്പിക്കാനായിരുന്നില്ല ശ്രമം. ആ മൂല്യങ്ങളെതന്നെ പുതിയ സന്ദർഭങ്ങളിൽ വച്ച്, അർത്ഥത്തെ നശിപ്പിക്കുകയോ പുനർവ്യാഖ്യാനിക്കുകയോ ചെയ്യുകയായിരുന്നു ലക്ഷ്യം.ഉദാഹരണത്തിന്, പുരാണത്തിലെ ഒരു കഥാപാത്രത്തെ അതേ വാസ്തവികതയോടെ ഫൈവ്സ്റ്റാർ ഹോട്ടലിനു മുൻപിൽ നിർത്തിയാൽ പുതിയൊരു മൂല്യമുണ്ടാകും. മറ്റൊന്ന് പുരാണം തന്നെ വ്യാജമാണെന്ന് ഭാവിക്കുക എന്നതാണ്. ഇന്ന്, ഒരു ചിത്രം കാണാനാഗ്രഹിക്കുന്നവൻ തന്നെ അത് നിർമ്മിക്കുന്നു. അവൻ തന്നെ അത് ആഗോളാടിസ്ഥാനത്തിൽ പുറത്തുവിടുന്നു. അവൻ തഴക്കംവന്ന സംവിധായകനോ നിർമ്മാതാവോ ഒന്നുമല്ല, അവൻ കയ്യിലൊരു മൊബൈൽ ഫോൺ ഉള്ളതുകൊണ്ട് ഹ്രസ്വചിത്രത്തിന്റെ സംവിധായകനായതാണ്. കാണിക്ക് ആരുടെയും ഓശാരം ഇല്ലാതെ സംവിധായകനാകാം, അത് ലോകത്തെവിടെയും പ്രദർശിപ്പിക്കാം. ഇതാണ് ഉത്തര-ഉത്തരാധുനികതയായിമാറുന്നത് . ഉത്തരാധുനികതയുടെ കാലത്തായിരുന്നുവെങ്കിൽ ഏത് രചനയും ഒരു കർത്താവിനു മാത്രമേ സാക്ഷാത്കരിക്കാൻ കഴിയുമായിരുന്നുള്ളൂ . വലിയ സംവിധായകരായ സ്പിൽസ്ബർഗിനും കാമറൂണിനും സിനിമയെടുക്കാം; പക്ഷേ, തോർത്ത്, തരക്കേടില്ല, സിൽസില തുടങ്ങിയ സാധാരണക്കാരുടെ വീഡിയോ രചനകൾ സാധ്യമായിരുന്നില്ല. യൂ ട്യൂബ് എല്ലാ മുൻഗണനാക്രമവും തെറ്റിച്ചു; അത് പ്രേക്ഷകനെയും കർത്താവിനെയും ലയിപ്പിച്ചു. ഏതൊരാൾക്കും കലാകാരനാകാം. അത് ആരെയും കാണിക്കാനും കഴിയും; ആരുടെയും മുമ്പിൽ സ്ക്രിപ്റ്റ് കാണിക്കേണ്ട. ഒരാളുടെ പ്രഭാതജീവിതം ചിത്രീകരിക്കാൻ ശ്രമിക്കുന്നവന് സ്ക്രിപ്റ്റ് വേണ്ട; ക്യാമറയോ മൊബൈൽ ഫോണോ ഉണ്ടായാൽ മതി, നിർമ്മാതാവ് വേണ്ട, കാണികളെപ്പറ്റി ഉത്കണ്ഠവേണ്ട, തീയേറ്ററിനെപ്പറ്റി ചിന്തിക്കേണ്ട; ടിക്കറ്റ് നിരക്കോ ലാഭമോ വേണ്ട. യൂ ട്യൂബ്, നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ അന്തർദാഹത്തെ മോചിപ്പിച്ചു. രാഷ്ട്രീയക്കാരും ഭരണകൂടങ്ങളും മതങ്ങളും ചേർന്ന് അടക്കിവച്ചതെല്ലാം യൂ ട്യൂബ് പുറത്തുവിട്ടു. യൂ ട്യൂബ് ഉത്തര-ഉത്തരാധുനികതയുടെ പുതിയ മനുഷ്യനെ അനിവാര്യമാക്കിത്തീർത്തു. അത് പ്രാദേശികതയെയും വിശ്വത്തെയും തമ്മിൽ വേർതിരിക്കാനാവാത്തവിധം കൂട്ടികുഴച്ചിരിക്കുന്നു. രാഷ്ട്രീയം മാറ്റത്തിനുള്ള ത്വര മനസിലല്ല, ശരീരത്തിലാണ് ഉണ്ടാകുന്നത്, എന്റെ രാഷ്ട്രീയം എന്റെ ശരീരത്തിലാണുള്ളത്, ഓരോ പരാജയത്തിൽനിന്നും ഓരോ ചെറുത്തു നിൽപിൽ നിന്നും ശക്തിനേടി അത് വികസിക്കുന്നു. - അഡ്രിയാനി റിച്ച് (Adrienne Rich) അമേരിക്കൻ പെൺ കവി സാഹിത്യം: അതീഖ് റഹിമിയുടെ ഏർത്ത് ആൻഡ് അഷസ് പ്രമുഖ ഫ്രഞ്ച് -അഫ്ഗാൻ നോവലിസ്റ്റ് അതീഖ് റഹിമി(Atiq Rahimi )യുടെ പ്രധാന കൃതികൾ ഏർത്ത് ആൻഡ് ആഷസ്, ദ് പേഷ്യന്റ്സ് സ്റ്റോൺ, എ തൗസന്റ് റൂംസ് ഓഫ് ഡ്രീം ആൻഡ് ഫിയർ എന്നിവയാണ്. യൂറോപ്പിലും തെക്കേ അമേരിക്കയിലും, റഹിമിയുടെ 'ഏർത്ത് ആൻഡ് ആഷസ്' വൻ വിജയം നേടി. അദ്ദേഹം തന്നെ ഇത് ചലച്ചിത്രമാക്കി കാൻ ഫെസ്റ്റിവലിൽ അംഗീകാരവും നേടി. ആകെ ഇരുപത്തഞ്ച് അവാർഡുകൾ നേടിയ ഈ സിനിമ അമ്പതു മേളകളിൽ പ്രദർശിപ്പിച്ചു. 2000 ലാണ് ഈ നോവൽ രചിച്ചത്. 2008-ൽ, റഹിമിക്ക് ഫ്രാൻസിലെ ഉന്നത സാഹിത്യപുരസ്കാരമായ 'പ്രിക്സ് ഗോൺകോർ' ലഭിച്ചു. റഷ്യക്കാർ അഫ്ഗാനിസ്ഥാൻ കയ്യടക്കി വച്ച കാലത്തുണ്ടായ അതിദാരുണമായ സംഭവമാണ് ഈ നോവലിലെ പ്രമേയം. റഷ്യൻ പട്ടാളക്കാർ ഒരു ഗ്രാമം ബോംബിട്ട് നശിപ്പിക്കുന്നു. ശേഷിക്കുന്നത് ദസ്തഗീർ എന്ന വൃദ്ധനും അയാളുടെ ചെറുമകൻ യാസ്സിനും മാത്രം. ദസ്തഗീർ ചെറുമകനുമായി അയാളുടെ മകൻ മുറാദ് ജോലിചെയ്യുന്ന ഖാനിയുടെ അടുത്ത് ചെല്ലുന്നു. അവൻ ജീവിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താൻപോലും അയാളെ അനുവദിക്കുന്നില്ല. ദസ്തഗീർ താൻ മകനുകൊണ്ടുവന്ന പുകയിലപ്പാത്രം കാവൽക്കാരന് കൊടുത്തശേഷം തിരിച്ചുനടക്കുന്നു. അത് കാണുമ്പോൾ മകന് താൻ വന്ന വിവരം തിരിച്ചറിയാൻ കഴിയുമല്ലോ എന്ന് അയാൾ സമാധാനിക്കുന്നു. അയാൾക്ക് മറ്റുള്ളവരോട് ഒന്നും തന്നെ പറയാനില്ല. അയാൾ എന്തെങ്കിലും പറയുന്നെങ്കിൽ അത് തന്നോടുതന്നെയാണ്. ബോംബ് വർഷിച്ചതിന്റെ ഫലമായി ചെറുമകൻ യാസ്സിന് കേൾവിശക്തി നഷ്ടപ്പെട്ടു. എന്നിട്ടും ദസ്തഗീറിന് പ്രതീക്ഷ നഷ്ടപ്പെടുന്നില്ല. ചാരത്തിൽ, നിന്നും, അയാൾ മുന്നോട്ടു പോകുന്നു. ജീവരക്ഷാർത്ഥം പാരിസിൽ അഭയം തേടിയ എഴുത്തുകാരനാണ് റഹിമി. ഒമ്പതുരാവും ഒമ്പതു പകലും നടന്നാണ് പാരീസിലെത്തിയത്. കൂടെയുണ്ടായിരുന്നത് ഇരുപത്തിനാല് വിദ്യാർത്ഥികളാണ്. തന്റെ നോവലിനെപ്പറ്റി റഹിമി ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ എല്ലാം തീർന്നു; സംസ്കാരവും തനിമയും എല്ലാം തകരും. പേജ് രണ്ട് CLICK |
Wednesday, October 30, 2013
അക്ഷരജാലകം nov 1-nov 15/2013 ലക്കം രണ്ട്
AKSHARAJALAKAM
AKSHARAJALAKAM/
-
ലക്കം 9, പേജ് 2 To be a vegetarian is to disagree - to disagree with the course of things today... starvation, cruelty...