എഴുത്തുകാരന്റെ മനസ്‌


എം.കെ.ഹരികുമാർ

    ഇന്നത്തെ ഏത്‌ നോവലിസ്റ്റിനും ഒരു ബാധ്യതയുണ്ട്‌. അത്‌ സ്വന്തമായി ഒരു രൂപം നിർമ്മിക്കുക എന്നതുതന്നെയാണ്‌. "ഞാൻ നോവലെഴുതാൻ പോകുകയാണ്‌. പക്ഷേ, അതിന്റെ രൂപം പണ്ട്‌ ഉറൂബ്‌ ഉണ്ടാക്കിയതു തന്നെയാണ്‌." എന്നു പറഞ്ഞുകൊണ്ടുവരുന്നവരുണ്ട്‌. അവരുടെ കൃതികൾ തനിയാവർത്തനങ്ങളുടെ ദുർഗന്ധം വമിപ്പിച്ചുകൊണ്ട്‌ പുസ്തകമേളകൾ വരെ എത്തിയെന്നിരിക്കും. അതിനപ്പുറം അതിന്‌  സാംഗത്യമില്ല. നോവലിന്‌ ഏറ്റവും പ്രിയപ്പെട്ടത്‌ രൂപമാണ്‌. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ജോൺ മുല്ലന്റെ (John Mullan)ന്റെ ഒരു പ്രസ്താവന ഇങ്ങനെയാണ്‌: the novel acknowledged its novelty as a type of writing. നോവൽ വ്യത്യസ്തമായ ഒരു രചനാരീതിയാണ്‌. ഒരാളാണ്‌ അതെഴുതുന്നതെങ്കിലും അതിൽ പലർ ഉണ്ടെന്ന്‌ തോന്നും. പല കഥാപാത്രങ്ങളായി നോവലിസ്റ്റിന്‌ ചിതറി നിൽക്കേണ്ടി വരും. അതിനേക്കാൾ പ്രധാനം നോവലിലെ പ്രകൃതിയെ ഇതിനു ഇണങ്ങുന്ന വിധം നിർമ്മിക്കുക എന്നതാണ്‌. നോലിലെ പ്രകൃതി ജീവനുള്ളതുപോലെ സംസാരിക്കുന്നത്‌ ആർക്കുവേണ്ടിയാണ്‌. അത്‌ നോവലിസ്റ്റ്‌ എന്ന വ്യക്തിയുടെ ആവശ്യമല്ല. അയാളുടെ വ്യക്തിത്വത്തിന്റെ അനിവാര്യഘടകമാകണമെന്നില്ല. നോവൽ എഴുതുമ്പോൾ ഒരാൾ തന്റെ തന്നെ വൈരുദ്ധ്യങ്ങളെയും വിരുദ്ധസ്വഭാവങ്ങളുടെ സംഘർഷങ്ങളെയും തന്നിൽ നിന്ന്‌ ഒഴിപ്പിച്ചെടുക്കാനാണ്‌ ശ്രമിക്കുന്നത്‌. അനേകം പേർ ഒരുമിച്ച്‌ സംസാരിച്ചാൽ അയാൾ വേറെന്ത്‌ ചെയ്യും?
    നോവലിന്റെ ആവിർഭാവം കവിതയുടെ മരണത്തിൽ നിന്നാണ്‌. ഒരു മാധ്യമത്തിലുമുൾക്കൊള്ളാൻ പറ്റാത്ത കവിത അന്തരീക്ഷത്തിലുണ്ട്‌. ആ കവിതയെ നോവലിസ്റ്റ്‌ തേടിപ്പിടിക്കാൻ ഉത്തരവാദപ്പെട്ടവനാണ്‌. അതേസമയം കവിതയുടെ ബാഹ്യമായ രൂപവും അതിന്റെ ഭാഷയും ഇന്ന്‌ സ്ഥാപനവത്ക്കരിക്കപ്പെടുകയോ മുൻവിധിയോടെ നിലയുറപ്പിക്കുകയോ ചെയ്യുകയാണ്‌. കവിതയുടെ ഭാഷ പതിറ്റാണ്ടുകൾക്ക്‌ മുൻപുതന്നെ ഒരു പ്രയോഗരീതിയായി ചുരുങ്ങിപ്പോയി. ആളുകൾ നേരത്തേ തന്നെ വിചാരിച്ചതാണ്‌ കവി എഴുതുന്നതെന്ന്‌ പറയേണ്ടി വരുന്നു. ആ മാധ്യമത്തിൽ പുതുതായി ഒന്നും തന്നെ പറയാനോക്കില്ല. അതിൽ എന്ത്‌ തന്നെ പറയാൻ ശ്രമിച്ചാലും, അത്‌ ആവർത്തനവിരസമായ ഒരു ഭാഷയോ വിചാരമോ, ഭാവനയോ ആയി മാറും. ഇത്‌ യൂറോപ്യന്മാർ നേരത്തെ മനസിലാക്കിയതുകൊണ്ടാണ്‌ അവർ നോവൽ എന്ന രൂപം കണ്ടുപിടിച്ചതു. സാഹിത്യചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവം നോവലിന്റെ കണ്ടുപിടിത്തമാണ്‌. നോവൽ പുതിയ കാര്യങ്ങളാണ്‌ വിനിമയം ചെയ്തത്‌. മുമ്പൊരിക്കലുമുണ്ടാകാത്ത സാഹചര്യങ്ങൾ നോവൽ എന്ന കലയിൽ വന്നു. നോവൽ പുതിയതാണ്‌. അല്ലെങ്കിൽ പുതിയതാകണം. വളരെ പ്രശസ്തമായ ഒരു നോവലിന്റെ രൂപം അല്ലെങ്കിൽ കഥപറച്ചിൽ രീതി പൈന്തുടരാൻ പുതിയ നോവലിസ്റ്റിന്‌ അവകാശമില്ല. അങ്ങനെ ചെയ്യുന്നവരാണ്‌ അധികവും. അങ്ങനെ ചെയ്താൽ അതിന്‌ നോവൽ എന്ന കലയിൽ സ്വതന്ത്രമായ നിലനിൽപ്പില്ല. നിലവിലുള്ള ഒരു രൂപം കടമെടുത്ത്‌ താനും ഒരെണ്ണം തല്ലിക്കൂട്ടി എന്ന സമാധാനിക്കാനേ നിവൃത്തിയുള്ളൂ. ഒരു നോവലിന്‌ അതിന്റെ ഗണത്തോട്‌ പോലും പ്രതിബദ്ധതയില്ല. കാരണം അത്‌ പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഇന്ന്‌ സാമ്പ്രദായിക നോവലുകൾ, ആ ശാഖയ്ക്കുതന്നെ ചീത്തപ്പേരുണ്ടാക്കുന്നു. അനുകരണം മാത്രമാണ്‌ നോവലിൽ സംഭവിക്കുന്നതെങ്കിൽ, ആ പദം പോലും അർത്ഥശൂന്യമാകും. അതുകൊണ്ട്‌ നോവൽ എഴുതുക എന്നാൽ പുതിയ രൂപം കണ്ടെത്തുക എന്നതാണർത്ഥം. പുതിയ സാഹിത്യരൂപം ഉണ്ടാകുന്നത്‌ എന്തായാലും, അത്‌ നോവലായിരിക്കും. ഭാവിയിലെ സാഹിത്യരൂപത്തെപ്പോലും സ്വാംശീകരിക്കാൻ നോവലിനു കഴിയും.
    നോവൽ നമ്മുടെ ചരിത്രത്തെയും ചരിത്ര വ്യക്തിത്വങ്ങളെയും ഭാവനകൊണ്ട്‌ പരിഹരിക്കുകയും വികസിപ്പിക്കുകയുമാണ്‌ ചെയ്തത്‌. യഥാർത്ഥ ക്രിസ്തുവിനെ തേടുകയായിരുന്നല്ലോ ടോൾസ്റ്റോയി. അദ്ദേഹം സഭയ്ക്ക്‌ ഇണങ്ങിപ്പോകുന്നതിൽ സന്തോഷം കണ്ടില്ല. വേദപുസ്തകം വായിച്ച ടോൾസ്റ്റായി പുതിയൊരു മനുഷ്യനെ അതിൽ ദർശിച്ചു. യുദ്ധവും സമാധാനവും, അന്നാകരേനിന തുടങ്ങിയ കൃതികൾ ടോൾസ്റ്റായി ബൈബിൾ വായിച്ചതിന്റെ ഫലമായി ഉണ്ടായതാണ്‌. സ്വന്തം നിലയ്ക്ക്‌ ഒരു പുസ്തകത്തെ എങ്ങനെ അപനിർമ്മിക്കണമെന്ന ചിന്ത എഴുത്തുകാരന്‌ പ്രധാനമാണ്‌. ക്രിസ്തീയതയുടെ ചരിത്രത്തിലേക്ക്‌ ടോൾസ്റ്റോയി പ്രവേശിച്ചതു, ലോകചിന്തയിൽ പുതിയൊരു അദ്ധ്യായത്തിനുതന്നെ കാരണമായി. ദസ്തയെവ്സ്കിയുടെ 'കരമസോവ്‌ സഹോദരന്മാർ' വളം സ്വീകരിച്ചിരിക്കുന്നത്‌ ബൈബിളിൽ നിന്നാണ്‌. ബൈബിളിനെ വിമർശിക്കുകയും അതിനെ ന്യായീകരിക്കുകയുമാണ്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌. ഒരു ജീനിയസ്‌ ചരിത്രത്തിൽ കയറിയാൽ, പിന്നീട്‌ ആ ചരിത്രം അങ്ങനെയായിരിക്കില്ല. സമൃദ്ധമായ വീക്ഷണ വ്യതിയാനം സംഭവിക്കും. യഥാതഥമെന്ന്‌ നാം വീക്ഷിച്ചുപോരുന്ന മഹാഗ്രന്ഥങ്ങളോ ചരിത്രപുരുഷന്മാരോ അങ്ങനെയൊന്നുമല്ലെന്ന്‌ നോവലിസ്റ്റിന്‌ വിളിച്ചുപറയാതിരിക്കാനാവില്ല. യാഥാർത്ഥ്യത്തിനകത്ത്‌ മറ്റൊരു യാഥാർത്ഥ്യത്തെ കാണാതിരിക്കാൻ ആ എഴുത്തുകാരന്‌ കഴിയില്ല. ലോകം എങ്ങനെയാണ്‌, അതിനെ സൃഷ്ടിച്ച വ്യക്തികളെ, വസ്തുതകളെ കണ്ടുകൊണ്ടിരിക്കുന്നതെന്ന്‌ പറയുകയല്ല; താൻ എങ്ങനെയാണ്‌ അവയിൽ പ്രവേശിച്ചതെന്ന സത്യസന്ധമായി വെളിവാക്കുകയാണ്‌ നോവലിസ്റ്റ്‌. കസന്ദ്സാക്കിസ്‌ ഉദാഹരണം. ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ്‌, മറ്റൊരുതരം അറിവായി അദ്ദേഹം ഉൾക്കൊള്ളുന്നു. വെറുതെ ബൈബിൾ കഥകൾ സ്ഥൂലമായി വിവരിക്കുന്ന വിരുതന്മാരെ കണ്ടിട്ടുണ്ട്‌. അവർക്ക്‌ സൃഷ്ടിപരമായ സിദ്ധികളില്ലാത്തതുകൊണ്ട്‌, ബൈബിൾ കഥകൾ അതേപടി എടുത്ത്‌ ചേർക്കുകയാണ്‌ പതിവ്‌. ഭാഷ മാത്രമാവും മാറുന്നത്‌. ഒരു സർഗാത്മക കലാകാരന്‌ യഥേഷ്ടം കയറി ഭാവനയിലൂടെ പുനർജനിക്കാൻ കഴിയണം. കസന്ദ്സാക്കിസ്‌ ബൈബിളിൽ പ്രവേശിച്ചപ്പോൾ കുരിശിനുപോലും തളിരിലകളുണ്ടായി. അത്‌ ശരിക്കും ഒരു മരമായി, ടോൾസ്റ്റോയി ബൈബിളിനെ തൊട്ടപ്പോൾ അദ്ദേഹത്തിന്റേതെന്ന്‌ പറയാവുന്ന മറ്റൊരു മതം ഉണ്ടായി. ഒരു എഴുത്തുകാരന്‌ സ്വാതന്ത്ര്യംപോലും ചിലപ്പോൾ അസുഖകരമാകും. അപ്പോൾ പാരതന്ത്ര്യത്തിന്റെ കാര്യം പറയാനുണ്ടോ?
    നോവലിസ്റ്റ്‌ കഥ പറയില്ലെന്ന്‌ വാശിപിടിച്ചാലോ? അങ്ങനെ ചെയ്യുന്നവരുണ്ട്‌. ചിലർ അതുകൊണ്ട്‌ നോവൽ എങ്ങനെ എഴുതും എന്നതിനെക്കുറിച്ച്‌ നോവൽ എഴുതും. ഇതാണ്‌ ​‍ാലമേളശരശ്​‍ി. metafiction. Lawrence Sterne ന്റെ Tristan Shandy ഈ ഗണത്തിൽപ്പെടുന്നു. വായനക്കാരനും എഴുത്തുകാരനും ചേർന്ന്‌ ഒരു കഥ പറയാൻ ഗോ‍ൂഢാലോചന നടത്തുകയാണെന്ന തോന്നൽ ജനിപ്പിക്കാൻ ഇത്തരം നോവലുകൾക്ക്‌ കഴിയുന്നു. ഇറ്റാലോ കാൽവിനോയുടെ  It on a winter's night a traveller  എന്ന നോവൽ ഓർക്കുക.
    എഴുത്തിന്റെ രീതിയൊക്കെ മാറി. ഇതൊന്നുമറിയാതെ, ചിലർ പഴകി, വക്കുപൊട്ടിയ ഭാഷയിൽ കവിതകളും നോവലുകളും എഴുതി തകർക്കുകയാണ്‌. കവിതയുടെ മരണം എന്ന്‌ പറയുന്നത്‌, ലക്ഷക്കണക്കിനു കവികൾ ഉണ്ടായി എന്നിടത്ത്‌ മാത്രമല്ല; അത്‌ ഒരു നിലവാരപ്പെടലിനു വിധേയമായി എന്നിടത്താണ്‌. ഏത്‌ തോന്നലും കവിതയായപ്പോൾ, ആ മാധ്യമത്തിനു പ്രത്യേകിച്ചൊരു ധർമ്മവും ഇല്ലാതായി. കവിത ആരെയാണോ വിമർശിക്കുന്നത്‌, അല്ലെങ്കിൽ എതിർക്കുന്നത്‌, അവർതന്നെ കവിതയുമായി വരുകയാണ്‌. ചെമ്മനം ചാക്കോ കുറേ രാഷ്ട്രീയക്കാരെ വിമർശിച്ചു. ആ രാഷ്ട്രീയക്കാരൊക്കെ ഇപ്പോൾ കവികളായി തിരിച്ചെത്തി ചെമ്മനത്തെ മലർത്തിയടിച്ചിരിക്കുന്നു. ഹാസ്യ കവികളുടെ ഇടം, അതിന്റെ ഇരകൾ തന്നെ കയ്യടക്കിയിരിക്കുന്നു. അങ്ങനെ കവികളുടെ ഇടവും പ്രസക്തിയും പരസ്പരം പോരടിച്ചു നിൽക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു.
    എന്റെ 'ശ്രീനാരായണായ' എന്ന നോവൽ, പുതിയ രൂപത്തെ അന്വേഷിക്കുന്നതിന്റെ ഭാഗമാണ്‌. പതിനഞ്ച്‌ എഴുത്തുകാർ ഒരു സ്പേഷ്യൽ പതിപ്പിനുവേണ്ടി രചനകൾ സംഭാവന ചെയ്യുന്നതിൽ നിന്നാണ്‌ രൂപം ഉണ്ടായിരിക്കുന്നത്‌. ഇന്ന്‌ നമ്മുടെ സാഹിത്യത്തിൽ ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്‌
ഏറ്റവും യാഥാസ്ഥിതികമായ സദ്സംഗവും പ്രഭാഷണവും സംഭവിക്കുന്നത്‌. ഒരു സർഗപ്രക്രിയയുടെ നേരിയ അടയാളംപോലും ഗുരുവിനെക്കുറിച്ചെഴുതുന്ന കൃതികളിൽ കാണാനില്ല. കെ.സുരേന്ദ്രന്റെ 'ഗുരു' തിരുവിതാംകൂറിലെ ഈഴവസ്ത്രീകളുടെ ജീവിതമായി തരം താണു. മറ്റൊരാൾ 'നാരായണം' എന്ന പേരിൽ ഗുരുവിന്റെ 'ആദ്യരാത്രി' അശ്ലീലമായി വിവരിച്ച്‌ നാണംകെട്ടു. സൃഷ്ടിപരമായി എഴുതാൻ അറിയാത്തതുകൊണ്ടാണ്‌ ഈ വീഴ്ചപറ്റിയത്‌. ഒരു കലാകാരന്റെ റോൾ ഇവിടുത്തെ മിക്ക എഴുത്തുകാർക്കും അറിയില്ല. അവർ പേനയെടുക്കുന്നതിനു മുന്നേ അടിമകളായി മാറുകയാണ്‌.