Monday, March 27, 2017

നവാദ്വൈതമാണ്‌ ഹരികുമാറിന്റെ ദർശനം

 ശൈലേഷ്‌നായർ

പുതിയൊരു ദർശനവും നോവൽ രൂപവും സൃഷ്ടിച്ച എഴുത്തുകാരനാണ്‌ എം.കെ.ഹരികുമാർ. നവാദ്വൈതമാണ്‌ ഹരികുമാറിന്റെ ദർശനം. ജലഛായ, ശ്രീനാരായണായ എന്നീ നോവലുകളാണ്‌ അദ്ദേഹത്തിന്റെ സാഹിത്യദർശനത്തിന്റെ പരീക്ഷണവും വെളിപാടുമായി നിൽക്കുന്ന കൃതികൾ. സർഗാത്മക രചനയുടെ മണ്ണിൽ അത്ഭുതകരമായ വിളവെടുപ്പായി തീർന്നിരിക്കുകയാണ്‌ ഈ രചനകൾ. മൂന്ന്‌ പതിറ്റാണ്ടിലേറെയായി ഹരികുമാർ എഴുതുന്നു. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യകോളമായ അക്ഷരജാലകത്തിന്റെ രചയിതാവുകൂടിയായ ഹരികുമാർ ഇവിടെ സ്വന്തം ദർശനങ്ങളിലേക്ക്‌.
ശൈലേഷ്‌ തൃക്കളത്തൂർ: താങ്കൾക്ക്‌ സ്വന്തമായി ഒരു ദർശനം വേണമെന്ന്‌ തോന്നാൻ കാരണമെന്താണ്‌?
എം.കെ.ഹരികുമാർ: അത്‌ ഉള്ളിൽ നിന്നുള്ള നിർബന്ധമാണ്‌. പഠിക്കുന്ന കാലത്തുതന്നെ ഞാൻ സ്വന്തം ദർശനം വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ബി.എയ്ക്ക്‌ പഠിക്കുമ്പോൾ ഒരു ദർശനത്തിന്‌ ഭാഗികമായി രൂപം നൽകിയിരുന്നു. പതിറ്റാണ്ടുകളുടെ പഠനത്തിനും മനനത്തിനും ശേഷമാണ്‌ അത്‌ നവാദ്വൈതം എന്ന സ്വന്തം കാഴ്ചയായത്‌.
ശൈലേഷ്‌: മലയാളത്തിൽ സ്വന്തം ദർശനം സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രചന നടത്തുകയും ചെയ്തവരുണ്ടോ?
എം.കെ: എന്റെ അറിവിലില്ല. ഇവിടെ എഴുത്തുകാർ മറ്റുള്ളവരുടെ ദർശനങ്ങൾ കടമെടുക്കുകയാണ്‌ പൊതുവേ ചെയ്തത്‌. എം.ഗോവിന്ദൻ എം.എൻ.റോയിയുടെ ദർശനം, ആശാൻ ബുദ്ധദർശനവും ശ്രീനാരായണദർശനവും, ഒ.വി.വിജയൻ വൈദികദർശനം, അയ്യപ്പപ്പണിക്കർ ആധുനികതാവാദം, തകഴി തൊഴിലാളിവർഗ സിദ്ധാന്തം, അങ്ങനെ പലരും.
ശൈലേഷ്‌: ഒരെഴുത്തുകാരന്‌ സ്വന്തം ദർശനം വേണമെന്നുണ്ടോ? ജീവിതാനുഭവങ്ങളെ സത്യസന്ധമായി അവതരിപ്പിച്ചാൽ പോരേ?
എം.കെ: അതുമതി, പക്ഷേ, സൂക്ഷ്മതകൾ നമ്മെ വന്ന്‌ വിളിക്കുകയാണ്‌. അത്‌ ഒരു ആന്തരികവിധിയാണ്‌. മൗലികമായതെന്തെങ്കിലും വേണമെന്ന്‌ ചിന്തിക്കുന്നതു കൊണ്ടാണ്‌ ഇതുണ്ടാകുന്നത്‌. എഴുത്തുകാരൻ വെറുമൊരു ആവിഷ്കർത്താവ്‌ മാത്രമല്ല; ഒരു ദാർശനികനുമാണ്‌ എന്നാണ്‌ എന്റെ മതം.
ശൈലേഷ്‌: താങ്കൾ എഴുതിയ 'ജലഛായ' രചനാപരമായ ഒരു പൊളിച്ചെഴുത്താണെന്ന്‌ ഒരാൾ എഴുതിക്കണ്ടു. ഇത്‌ എത്രത്തോളം ശരിയാണ്‌?
എം.കെ: ആ നോവൽ വിപ്ലവകരമായ രൂപമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. ഞാൻ ബോധപൂർവ്വം സൃഷ്ടിച്ചതല്ല ഇത്‌. തനിയേ സംഭവിച്ചതാണ്‌. അതിലെ അദ്ധ്യായങ്ങളിൽ നിന്ന്‌ കഥ വികസിക്കുന്നത്‌ ചോളമലർ ചൂടേറ്റ്‌ വികസിക്കുന്നതുപോലെയാണ്‌. ഒരു അന്തർധാരയുടെ പൊരുൾ പ്രസരിക്കുകയാണ്‌. എനിക്കു തന്നെ അത്ഭുതമാണ്‌, അതിലെ സർപ്പങ്ങളുടെ കഥകളി, കാഫ്കയുടെ അപ്രകാശിത കഥ, നസീറും ഷീലയും തുടങ്ങിയ അദ്ധ്യായങ്ങൾ എങ്ങനെ ഉണ്ടായെന്ന്‌ ഈ ജീവിതത്തിനുള്ളിൽ വേറെയും യാഥാർത്ഥ്യങ്ങളുണ്ട്‌. നമുക്ക്‌ പിടിതരാതെ അവ ഒഴിഞ്ഞുമാറുന്നു. സ്വപ്നത്തിൽ നാം അടുത്തിടപഴകുന്ന സുന്ദരിയെ പിന്നെ കാണാനോക്കില്ല. അവൾ എവിടെയാണുള്ളത്‌? ഇത്‌ എല്ലാവർക്കും കുറെയൊക്കെ പരിചിതമാണ്‌. ഇത്‌ സ്വപ്നമാണല്ലോ. എന്നാൽ ഇതിനോട്‌ സാമ്യമുള്ള യാഥാർത്ഥ്യവുമുണ്ട്‌. നമ്മൾ ട്രെയിൻ യാത്രയിലോ ബസ്‌ യാത്രയിലോ യാദൃച്ഛികമായി ഒരു സുന്ദരിയെ കാണുന്നു. അവളോട്‌ നമുക്ക്‌ ബഹുമാനം തോന്നുന്നു. എന്നാൽ ആ യാത്ര കഴിയുന്നതോടെ അവൾ ഇല്ലാതാവുന്നു. അവൾ എവിടെയാണ്‌? നേരത്തെ പറഞ്ഞ സ്വപ്നത്തിലെ സുന്ദരിയും യാത്രയിലെ സുന്ദരിയും രണ്ടാളുകളായിരിക്കാം. പക്ഷേ, രണ്ടുപേരും രണ്ടു രീതിയിൽ നമ്മെ കബളിപ്പിച്ചു. ഒരുവൾ സ്വപ്നത്തിൽ യാഥാർത്ഥ്യമാണ്‌. മറ്റവൾ യഥാർത്ഥ ജീവിതത്തിലെ സ്വപ്നമാണ്‌. രണ്ടും ഒരുപോലെ നമ്മെ ഉന്മാദത്തിലെത്തിക്കുന്നു; തകർക്കുന്നു. രണ്ടിലും ജീവിത സൗന്ദര്യമുണ്ട്‌.
ശൈലേഷ്‌: ഈ സൗന്ദര്യത്തിന്റെ സമസ്യയാണോ താങ്കളുടെ പ്രമേയം?
എം.കെ: ഇതു മാത്രമല്ല. സൗന്ദര്യത്തെപ്പറ്റിയുള്ള മുൻധാരണകളെ വേണ്ടെന്ന്‌വയ്ക്കേണ്ടതുണ്ട്‌. പാഠപുസ്തകങ്ങളിലെ സൗന്ദര്യം ഗണിതശാസ്ത്രമാണ്‌. അതാർക്കും അനുഭവിക്കാനാവില്ല. ഓരോ അനുഭവവും വ്യത്യസ്തമാണ്‌. നാം സ്ഥിരമായി കാണുന്ന തെരുവുപട്ടിയെ ഞാൻ 'ജലഛായ'യിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ആ പട്ടി ശരിക്കും ഒരു വ്യക്തിത്വമാണെന്ന്‌ അത്‌ വായിച്ചാൽ മനസിലാകും. നാം മൂടിവയ്ക്കുന്നതിനേക്കാൾ പതിന്മടങ്ങ്‌ യാഥാർത്ഥ്യത്തിന്റെ തുണ്ടുകൾ അവൻ ഒരുക്കുന്നുണ്ട്‌. അവനുപോലും താൻ പെട്ടെന്ന്‌ തുറന്നുകാണിക്കപ്പെടുമോ എന്ന്‌ ഭയമുണ്ട്‌. അതുകൊണ്ട്‌ സൂക്ഷ്മതകൾ ഏത്‌ വഴിക്ക്‌ വരുന്നുവേന്ന്‌ പറയാനാവില്ല.

ശൈലേഷ്‌: താങ്കളെ മുഖ്യധാരയിൽ ചിലയിടങ്ങളിലൊന്നും കാണാറില്ലല്ലോ?
എം.കെ: ഞാൻ പലയിടത്തും എഴുതിയിട്ടുണ്ട്‌. വർഷങ്ങൾക്ക്‌ മുന്നേ തന്നെ. എനിക്കിപ്പോൾ എഴുത്തുജോലികൾ ഏറ്റവും കൂടുതൽ ഉള്ള സമയമാണ്‌. അക്ഷരജാലകത്തിനു പുറമേ നാല്‌ മാഗസിനുകൾക്ക്‌ കോളം എഴുതണം. പുതിയ നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനു പുറമേ കഥകളും ലേഖനങ്ങളും എഴുതേണ്ടിവരും. പ്രസംഗങ്ങൾക്കും പോകണമല്ലോ. ഞാൻ എവിടെയാണോ അവിടെയാണ്‌ മുഖ്യധാര. എന്നേക്കാൾ വലിയ ഒരു നോവലിസ്റ്റോ, കോളമിസ്റ്റോ, വിമർശകനോ ഇന്നില്ലല്ലോ' ഇത്‌ ഒരു ഗൾഫ്‌ വായനക്കാരൻ കത്തിൽ അറിയിച്ചതാണ്‌. ഞാൻ സ്വന്തമായി ദർശനം-നവാദ്വൈതം-നിർമ്മിച്ചിട്
ടുണ്ടല്ലോ.
ശൈലേഷ്‌: എന്താണ്‌ നവാദ്വൈതം? എങ്ങനെയാണ്‌ അതിൽ എത്തിപ്പെട്ടത്‌?
എം.കെ: മുപ്പതു വർഷത്തെ ചിന്തയാണ്‌ നവാദ്വൈതത്തിലെത്തിച്ചതു. അത്‌ മറ്റെല്ലാ മതങ്ങളിൽ നിന്നും തത്ത്വചിന്തകളിൽ നിന്നും വിഭിന്നമാണ്‌. ഒരു ഉദാഹരണത്തിലൂടെ അത്‌ ചെറുതായി വ്യക്തമാക്കാം. ശിവരൂപം എന്ന്‌ പ്രയോഗിക്കണമെങ്കിൽ ശിവവും രൂപവും ഒന്നാകണമല്ലോ. ശിവത്തിന്‌ രൂപമില്ല. പിന്നെങ്ങനെ അത്‌ രൂപമാകും? അപ്പോൾ ശിവം സ്വയം നിരസിക്കണം. ശിവം എന്നാൽ ശിവം മാത്രമാണ്‌. അതിന്‌ രൂപമില്ല. അത്‌ ആ ഭാവത്തെ നിരസിക്കുമ്പോൾ രൂപത്തിലേക്ക്‌ വരാം. രൂപം എന്ന വാക്കിൽ ഏത്‌ രൂപവുമുണ്ട്‌. രൂപത്തിന്‌ മറ്റെല്ലാ രൂപങ്ങളെയും ഉപേക്ഷിച്ചിട്ട്‌ വേണം ശിവത്തെ സ്വീകരിക്കാൻ. അതുകൊണ്ട്‌ രൂപത്തിനും സ്വയം നിരസിക്കേണ്ടിവരും. ഇങ്ങനെ ശിവവും രൂപവും സ്വയം നിരസിച്ചാൽ, അവയ്ക്ക്‌ സ്വയം നിർമ്മിക്കാൻ കഴിയും. അങ്ങനെയാണ്‌ സ്വയം നിരാസവും സ്വയം നിർമ്മാണവും സംഭവിക്കുന്നത്‌. ഇത്‌ പുതിയൊരു ആശയമായി മാറുന്നു. ശിവവും രൂപവും സ്വയം നിരസിച്ച്‌ ശിവരൂപം എന്ന പുതിയ ആശയമുണ്ടാകുന്നു. ഇതാണ്‌ നവാദ്വൈതത്തിന്റെ കാതൽ. ഇത്‌ ശങ്കരാചാര്യരുടെ അദ്വൈതമല്ല. ശങ്കരാചാര്യരുടേത്‌ ബ്രഹ്മ പദമാണ്‌. എന്റെ നവാദ്വൈതം ബ്രഹ്മവുമായി ബന്ധമുള്ളതല്ല.
ശൈലേഷ്‌: താങ്കൾ എന്തിനാണ്‌ ഈ സ്വയം നിരാസ നിർമ്മാണത്തെ നവാദ്വൈതം എന്ന്‌ വിശേഷിപ്പിച്ചതു?
എം.കെ: രണ്ട്‌ കാരണങ്ങളുണ്ട്‌. തത്ത്വചിന്തയുടെ ചരിത്രത്തിൽ, തുടർച്ചകൾക്കുവേണ്ടി ഇങ്ങനെ നാമകരണം ചെയ്യാറുണ്ട്‌. റിയലിസം, നിയോറിയലിസം എന്നൊക്കെ പറയുന്ന പോലെ. മറ്റൊന്ന്‌ ഇതും അദ്വൈതമാണ്‌. ഇവിടെ വേറൊന്നില്ല. ശിവരൂപം എന്ന ഉദാഹരണം തന്നെയെടുക്കാം. ശിവരൂപത്തിൽ നിരാസവും നിർമ്മാണവുമുണ്ടല്ലോ. അവിടെയുണ്ടാകുന്നത്‌ ഒരു പുതിയചിന്തയാണ്‌. അതല്ലാതെ മറ്റൊന്നില്ല. വസ്തുക്കളെ, വാക്കുകളെ ഇങ്ങനെ കൂട്ടിച്ചേർത്താൽ പുതിയത്‌ ഉണ്ടാകും. അതല്ലാതെ വേറൊന്നും ഇല്ല.
ഇത്‌ വാക്കുകളുടെ കാര്യത്തിൽ മാത്രമല്ല, വസ്തുക്കളുടെ, മനസിന്റെ ചിന്തയുടെ കാര്യത്തിലും.
ശൈലേഷ്‌: 'ശ്രീനാരായണായ' എഴുതാനുണ്ടായ സാഹചര്യം എന്താണ്‌?
എം.കെ: ഇവിടെ ഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും മറ്റു രചനകളുമെല്ലാം ഒരേമട്ടിലുള്ളതാണ്‌. വേദാന്ത വ്യാഖ്യാനം ഒന്നു തന്നെയാണ്‌. അത്‌ ആരു വ്യഖ്യാനിച്ചാലും പാമ്പും കയറും തന്നെയാണ്‌. ഇത്‌ അതിരുവിട്ട്‌ ശ്രീശങ്കരാചാര്യരുടെ പിൻഗാമിയാണ്‌. ഗുരു എന്നും മറ്റു ചിലർ തട്ടിമൂളിക്കുകയാണ്‌. ഇതെല്ലാം തിരുത്താനാണ്‌ ഞാൻ ശ്രീനാരായണായ എഴുതിയത്‌. എന്നാൽ എഴുതിത്തുടങ്ങിയപ്പോൾ മുതൽ സ്വയം പ്രവഹിക്കുന്നതായി അനുഭവപ്പെട്ടു. കഥാപാത്രങ്ങളും സന്ദർഭങ്ങളും ഭാഷയും എവിടെ നിന്നോ വരുകയാണ്‌.
ശൈലേഷ്‌: ഇതിൽ താങ്കൾ കാണുന്ന പ്രത്യേകതകൾ എന്തെല്ലാമാണ്‌?
എം.കെ: ഒരു രചയിതാവേന്ന നിലയിൽ ഞാൻ പിൻവാങ്ങി നിൽക്കുകയാണ്‌. ഇന്ത്യൻ നോവലുകളിൽ ഒരിടത്തുപോലും ചർച്ച ചെയ്തിട്ടില്ലാത്ത പല വിഷയങ്ങളും ഇതിൽ കടന്നുവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ഭാരതീയ സാഹിത്യത്തിൽ എങ്ങനെയാണ്‌ ഇത്ര പ്രാധാന്യമുണ്ടായത്‌? ഇതിനെപ്പറ്റി ആരും എഴുതിയിട്ടില്ല. ഞാൻ താമരയെ വ്യാഖ്യാനിച്ച്‌ അത്‌ കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെ പ്രകൃതിയുടെ നിരുപാധികമായ സൗന്ദര്യത്തെ തേടുകയാണ്‌ ഞാൻ ചെയ്തത്‌. ഏത്‌ സൗന്ദര്യമുള്ള മരത്തിലും ഇടിവെട്ടും. ഏത്‌ മൃഗവും മരണവെപ്രാളത്തിൽ പ്രകടിപ്പിക്കുന്ന ശബ്ദത്തിലും സംഗീതമുണ്ട്‌.
ശൈലേഷ്‌: ഈ നോവൽ വഴിത്തിരിവാകുമോ?
എം.കെ: ഗുരുവിനെക്കുറിച്ച്‌ ഇതുപോലൊരു രചന അത്യപൂർവ്വമായിരിക്കും. ഇത്‌ എനിക്കു മാത്രമേ എഴുതാകൂ. കാരണം ഇതിൽ ഫിക്ഷനും നവീനതയും ദർശനവും വേദാന്തവും സൗന്ദര്യവും ലയിച്ച്‌ ഒന്നായിരിക്കുകയാണ്‌. എന്റെ സർഗശേഷിയുടെ പരമാവധി ഞാനിതിൽ വിനിയോഗിച്ചിട്ടുണ്ട്‌.

AKSHARAJALAKAM

AKSHARAJALAKAM/