Monday, March 27, 2017

ഗുരു ഒരു ദൈവമാകണമെങ്കിൽ ഗുരുധർമ്മം പുതിയൊരു മതമാകണം'/എം.കെ.ഹരികുമാർ



ശ്രീനാരായണ ഗുരുവിന്റെ ധർമ്മത്തെ പൈന്തുടരുന്നവർ ഒരു വേറിട്ട മതമായി നിൽക്കുകയാണ്‌ വേണ്ടിയിരുന്നത്‌. ഇക്കാര്യം ഗുരുവിന്റെ കാലത്ത്‌ തന്നെ കുമാരനാശാനും ബോധാനന്ദ സ്വാമിയുമൊക്കെ ചർച്ച ചെയ്തിരുന്നു. ഒരു മതമുണ്ടാകുന്നതിനോട്‌ ഗുരു എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ ഈഴവർ മറ്റു മതങ്ങളിലേക്ക്‌ ചേക്കേറിക്കൊണ്ടിരുന്നപ്പോൾ നമുക്ക്‌ സ്വന്തമായി ഒരു മതമുണ്ടെന്നും ഒരു ഗുരുവുണ്ടെന്നും ആശാൻ 'മതപരിവർത്തന രസവാദം' എന്ന ലേഖനത്തിലൂടെ ഓർമ്മിപ്പിച്ചതു. ഗുരുവിന്റേത്‌ ഒരു പുതിയമതമാണ്‌. അതിനു ബുദ്ധമതവുമായി ബന്ധമില്ലെന്ന്‌ ആശാൻ വ്യാഖ്യാനിക്കുന്നത്‌ ഇങ്ങനെയാണ്‌. ബുദ്ധമതത്തിൽ ദൈവം തന്നെയില്ല. ഗുരുമതത്തിൽ 'ഒരു ദൈവ'മുണ്ട്‌. 
ഗുരുവിന്റെ ധർമ്മം വളരെ സുഘടിതവും ആഴമുള്ളതുമാണ്‌. ഒരാൾ ജനിക്കുന്നതു മുതൽ മരിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും എങ്ങനെ ഉദാത്തമായി നിറവേറ്റണമെന്ന്‌ ആ ധർമ്മ വ്യവസ്ഥയിൽ കാണാം. പഞ്ചേന്ദ്രിയങ്ങളുടെ ശുദ്ധി, ജാതിനിരാസം, ആത്മസാഹോദര്യം, ഏക മാനവമഹത്വം എന്ന ജാതി, വിശ്വപ്രകൃതിയെന്ന മതം, അന്തരംഗത്തിലെ സത്യബോധമായ ദൈവം എന്നിങ്ങനെ ഗുരു ഒരു സമ്പൂർണമതത്തിനാവശ്യമായ എല്ലാ ചേരുവകളും ഉപയോഗിച്ചിരിക്കുകയാണ്‌. 
ഗുരുവിന്റെ ജാതി ശ്രേഷ്ഠമായ ഗുണമാണ്‌. അത്‌ അനുകമ്പ എന്ന അറിവാണ്‌. ഗുരുവിന്റെ മതം എല്ലാ മതാനുയായികൾക്കും ഇടം കൊടുക്കുന്നു. ഏത്‌ മതവിശ്വാസിക്കും ഒരു ശ്രീനാരായണധർമ്മപാത പൈന്തുടരാം. ഏതൊരാളും തന്റെയുള്ളിലെ ദൈവത്തെ ആരായണം. തെറ്റ്‌ ചെയ്തുകൊണ്ടിരുന്നാൽ, രക്തം ചിന്തിക്കൊണ്ടിരുന്നാൽ നമ്മുടെ ദൈവവും ചീത്തയായിപ്പോകും. കാരണം നമ്മെ അതിൽ നിന്ന്‌ പൈന്തിരിപ്പിക്കാൻ ആ ദൈവത്തിനു കഴിയുന്നില്ലല്ലോ. അതുകൊണ്ട്‌ ദൈവത്തെ കളങ്കപ്പെടാതെ നോക്കാൻ നാം ബാധ്യതപ്പെട്ടവരാണ്‌. ഈ അറിവാണ്‌ ദൈവമെന്ന്‌ ഗുരു പറയുന്നു. 
ഗുരുവിന്റെ മതം സ്വായത്തമാക്കേണ്ടത്‌ ഇന്നല്ലെങ്കിൽ നാളെ ആവശ്യമായി വരും. കാരണം, ശ്രീനാരായണധർമ്മാനുസാരിക്ക്‌ ഹിന്ദു മതത്തിലാണ്‌ ഇന്ന്‌ ഇടം കിട്ടിയിരിക്കുന്നത്‌. ഹിന്ദുമതമാകട്ടെ ആ ധർമ്മാനുസാരിക്ക്‌ തുല്യപദവി നൽകിയിട്ടില്ല. ഒരു പിന്നോക്കക്കാരനായി തുടരേണ്ടി വരുന്നു. ഗുരുമന്ദിരങ്ങളെ കോടതിയും മറ്റും എപ്പോഴും അവഹേളിക്കുന്നു. ഗുരു ദൈവമല്ലെന്ന്‌ ആവർത്തിച്ചുകൊണ്ട്‌ അരുവിപ്പുറം പ്രതിഷ്ഠയുടെ കാലത്തേതിനു സമാനമായ അവസ്ഥയിലേക്ക്‌ കേരളത്തെ കൊണ്ടുപോകുന്നു. ദൈവമായി കരുതി ആരാധിക്കുന്നതിന്‌ നിയമപരമായ സാധുത വേണമെന്ന ധ്വനിയാണ്‌ കോടതി വിധി ഉയർത്തുന്നത്‌.
എന്നാൽ കോടതിവിധിക്ക്‌ അതിന്റേതായ ന്യായം ഉണ്ടാവാം. കാരണം ഹിന്ദുമതത്തിനുള്ളിൽ തന്നെ ഒരിടം തിരിച്ചെടുത്ത്‌ അവിടെ ഗുരുവിനെ ദൈവമായി ഇരുത്താനാണ്‌ ധർമ്മാനുസാരികൾ ശ്രമിക്കുന്നത്‌. ഇത്‌ അപ്രായോഗികമാണ്‌. എന്നാൽ ഹിന്ദുമതത്തിൽ നിറയെ പുരാണ ദൈവങ്ങളാണുള്ളത്‌. അവിടെ ചരിത്രത്തിൽ നിന്നൊരു ദൈവത്തെ ഇരുത്താൻ ഇനി ഇടമില്ല. ഹിന്ദുമതം അങ്ങനെയൊരു ദൈവത്തെ അംഗീകരിക്കില്ല. കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ പുതുതായി ഒരു ദൈവത്തെയും ഹിന്ദുമതം അംഗീകരിച്ചിട്ടില്ല. ഹിന്ദുമതത്തിനകത്ത്‌ നിൽക്കുന്ന കാലത്തോളം ഗുരുവിനു ഒരു ദൈവപദവി കോടതിയോ ഹിന്ദു സംഘടനകളോ നൽകുകയില്ല. അതിനവർക്ക്‌ കഴിയില്ല. ആൾ ദൈവമായിരുന്നിട്ട്‌ കാര്യവുമില്ല. ഒരു മതത്തിനകത്ത്‌ മറ്റൊരു ദൈവത്തിനു ഇടം കിട്ടുകയില്ല. ക്രിസ്തുമത്തിൽ വേറൊരു ദൈവം സാധ്യമല്ലല്ലോ. വാഴ്ത്തപ്പെട്ടവർ ഉണ്ടായേക്കാം. ക്രിസ്തുവിനു തുല്യമായി ഒരു ദൈവം അവിടെ ആരും സമ്മതിക്കുകയില്ല. ഇതാണ്‌ ഗുരുവിന്റെ ദൈവികത നേരിടുന്ന സമകാലിക സാഹചര്യം. 
എന്തിനാണ്‌ കോടതികളിൽ നിന്ന്‌ എന്നും പഴികേൾക്കുന്നത്‌? ഒരിക്കലും ഈ അപമാനം അവസാനിക്കുകയില്ല. കോടതികൾ ഉള്ള കാലത്തോളം ഇത്‌ ആവർത്തിക്കുകയും ചെയ്യും. ഹിന്ദുമതത്തിൽ ഇതേ സാധ്യമാവൂ. അതുകൊണ്ട്‌ ശ്രീനാരായണ ധർമ്മ പാതയിൽ ജീവിക്കുന്നവർ അവരുടേതായ മതമുണ്ടാക്കുകയാണ്‌ വേണ്ടത്‌. അപ്പോൾ ഗുരു ആരുടെയും പ്രത്യേക സമ്മതപത്രമില്ലാതെ ദൈവമായി സ്വീകാര്യതനേടും. കോടതിക്ക്‌ മതത്തെ ചോദ്യം ചെയ്യാനാകില്ല. കാരണം ഒരു മതത്തിനു അതിന്റെ ദൈവമുണ്ടാകും. ക്രിസ്തുമതത്തിനു അതിന്റെ ദൈവമാകാം. എന്നാൽ യഹൂദമത്തിൽ ക്രിസ്തുവിന്റെ ദൈവികത ചേരില്ല: ഹിന്ദുമതത്തിൽ ബുദ്ധൻ ചേരാത്തതുപോലെ. എന്തിനാണ്‌ ഗുരുധർമ്മം പാലിക്കുന്നവർ എന്നും 'പിന്നോക്ക'മായിരിക്കുന്നത്‌? വിദ്യകൊണ്ടുള്ള സ്വാതന്ത്ര്യമല്ലേ വേണ്ടൂ. ലോകം വിശാലമാണ്‌. സർക്കാർ സേവനമേഖലയല്ല ഒരാളുടെ ജീവിതത്തിന്റെ അതിർത്തി. പിറന്നുവീഴുന്ന കുഞ്ഞിനെപ്പോലും എന്തിനാണ്‌ പിന്നോക്കമെന്ന മുദ്രചാർത്തി അപകർഷതാബോധത്തിലേക്ക്‌ തള്ളിവിടുന്നത്‌? ദളിതരും അവരുടേതായ മതമായി മാറിയാൽ വിവേചനം ഇല്ലാതാകും. ഹിന്ദുമതത്തിന്റെ അവശിഷ്ടമായി നിന്നാൽ അയിത്തം തുടരും. പുരാതനമായ വച്ചുസേവകളും ആരാധനാ രീതികളും ഭക്തിയുടെ സാംസ്കാരിക കലാചിഹ്നമായി കൊണ്ടു നടക്കുകയുമാവാം. 
പുലിയാമ്പിള്ളി, മറുത തുടങ്ങിയ പ്രാകൃത ദൈവങ്ങളെ സാംസ്കാരിക കലാമുദ്രകളായി വീണ്ടെടുക്കുകയാണ്‌ വേണ്ടത്‌. ഒരാൾ വർഗപരമായി, മതപരമായി ചരിത്രത്തിന്റെ ആഴങ്ങളിലും ജീവിക്കുന്നുണ്ട്‌.
ഇപ്പോൾ തന്നെ ഈഴവർ വേറിട്ട മതാചാരം പുലർത്തുന്നുണ്ട്‌. കല്യാണത്തിനും മരണത്തിനുമൊക്കെ ദൈവദശകം പ്രാർത്ഥന, ഗുരുപൂജ, ഗുരുജയന്തി, സമാധി ആചരണം, ഗുരുമന്ദിര നിർമ്മാണം, ഗുരുപ്രതിമ പ്രതിഷ്ഠിക്കൽ, ഗുരുദേവദർശന പ്രഭാഷണം, എല്ലാം നടക്കുന്നു. ഇതൊന്നും ഹൈന്ദവമല്ല.
എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഒരാൾക്ക്‌ ഏത്‌ ദൈവത്തെ ആരാധിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഗുരുവിന്റെ മതത്തിൽ ഏത്‌ മതവിശ്വാസിക്കും പ്രവേശനമുണ്ടാകണം. വ്യവസ്ഥാപിതമായ ഗുരുമതം ഉണ്ടാകുമ്പോഴും, അതിൽ ഒരു സാംസ്കാരികാവസ്ഥയുണ്ടായിരിക്കണം. അത്‌ ഒരു മതവിശ്വാസിക്കും എതിരാകരുത്‌. എല്ലാ മതവിശ്വാസികളുടെയും സദ്ചിന്തകളാണ്‌ ഇവിടെ സംഗമിക്കേണ്ടത്‌. ഇവിടെ ആശയവും ധർമ്മവുമാണ്‌ മുഖ്യം. മതപരമായ അന്ധവിശ്വാസവും മിഥ്യാധാരണകളുമാണ്‌ അസ്തമിക്കുന്നത്‌. നല്ലതു വരുത്തുന്ന ദൈവങ്ങൾക്ക്‌ സ്തുതി. 
ഗുരുവിന്റെ മതത്തത്ത്വത്തിന്റെ സാരമിതാണ്‌: അനുകമ്പയ്ക്ക്‌ നാശമില്ല. മരിച്ചാലും അത്‌ നിലനിൽക്കും. 
'ഉരുവാമുടൽ വിട്ടുകീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും. ' 
ഒരാൾക്ക്‌ വെള്ളം കൊടുത്തിട്ട്‌, കൊടുക്കുന്നയാൾ മരിച്ചാലും വാങ്ങിയയാൾ ജീവിച്ചേക്കാം. ഒരു മരത്തിനു പതിവായി വെള്ളം ഒഴിച്ചുകൊടുത്തയാൾ പിന്നീട്‌ മാറിതാമസിച്ചാലും ആ മരം വളരുന്നു. അനുകമ്പ കാലങ്ങളിലൂടെ പടരുകയാണ്‌. അത്‌ നിരാകരിക്കപ്പെടുകയില്ല. 
ശ്രീനാരായണഗുരുവിന്റെ ദൈവത്തിനു മുകളിൽ കാണുന്നവരുണ്ട്‌. ഇവിടെ ഉയരാവുന്ന ചോദ്യം, എന്തിന്‌ അങ്ങനെയൊരു ദൈവത്തെ ഹിന്ദുമതത്തിൽ ഒതുക്കി നിർത്തുന്നു എന്നതാണ്‌. ഇന്നത്തെ നിലയ്ക്ക്‌ ചിന്തിച്ചാൽ പരോപകാര പ്രവണതയും അനുകമ്പയും തിങ്ങിനിറയുന്ന ഒരു ഗുരുമതമുണ്ടാകാൻ നൂറുവർഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

AKSHARAJALAKAM

AKSHARAJALAKAM/