Wednesday, October 30, 2013

അക്ഷരജാലകം nov 1-nov 15/2013 ലക്കം രണ്ട്

അക്ഷരജാലകം nov 1- nov 15, 2013, ലക്കം 2

പേജ് രണ്ട്

Thursday, October 17, 2013

അക്ഷരജാലകം -oct 15-nov 1/2013/ലക്കം 1


reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE




Happiness is your nature. It is not wrong to desire it. What is wrong is seeking it outside when it is inside.”  
Ramana Maharshi



നാസി ജർമ്മനികൾ
സൃഷ്ടിക്കുന്നവർ
എം.കെ.ഹരികുമാർ

ഇന്നത്തെ മാധ്യമപ്രവർത്തനം കുറേപ്പേരുടെ അടഞ്ഞ ലോകമായി മാറിയിരിക്കുന്നു. പല സാഹിത്യപത്രപ്രവർത്തകരും എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്നില്ല. പരിക്ഷീണിതനായി തന്റെയടുത്തേക്ക്‌ വരുന്ന ഒരു എഴുത്തുകാരനെ കണ്ടിട്ട്‌, 'പൊയ്ക്കോ, ഇവിടെ ഒന്നും തരാനില്ല' എന്ന്‌ പറഞ്ഞ്‌ ഓടിച്ചു വിടുന്നത്‌ ക്രൂരമാണ്‌. എഴുത്തുകാരൻ സാമ്പത്തിക മൂലധനമുള്ളവനല്ല, അതില്ലാത്തതുകൊണ്ടാണ്‌ തന്റെ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിന്‌ പത്രാധിപന്മാരുടെ അടുത്ത്‌ എത്തുന്നത്‌. അപ്പോൾ പത്രാധിപന്മാർ പുച്ഛിച്ച്‌ ഇറക്കിവിടുകയാണെങ്കിലോ?
    എന്നോട്‌ കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ കരഞ്ഞുകൊണ്ട്‌ പറഞ്ഞത്‌ ഇതാണ്‌: നാല്‌ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഒരു കവി ചില സാഹിത്യപ്രസിദ്ധീകരണങ്ങളിലെ ചുമതലക്കാരെ വിളിച്ചു. ഫോണെടുത്തപ്പോൾ കാര്യം പറഞ്ഞു. ഉടനെ ഈ എഡിറ്റർമാർ തിരിച്ചു വിളിക്കാമെന്നും തിരക്കാണെന്നും ഒക്കെ പറഞ്ഞത്രേ . പിന്നെ വിളിച്ചിട്ട്‌ എടുക്കുന്നില്ല. കുറേക്കഴിഞ്ഞായാലും തിരിച്ചു വിളിക്കുന്നില്ല. എന്ത്‌ ലോകമാണിത്‌!
    തനിക്ക്‌ ലഭിച്ച പത്രാധിപ പണിയിൽ ഇവർ അഹങ്കരിച്ചു തുടങ്ങിയോ? ഇനി മറ്റാരും വേണ്ട, തനിക്ക്‌ ചുറ്റും താൻ നിർമ്മിച്ചു വച്ചിരിക്കുന്ന സെലിബ്രിറ്റിവേഷങ്ങൾ മാത്രം മതിയെന്ന്‌ ഇവർ കരുതുന്നു! താനും തന്റെ കുടുംബവും എന്ന നിലയിലേക്ക്‌ പത്രമാസികകൾ തരംതാഴരുത്‌. നമുക്ക്‌ മറ്റുള്ളവരും വേണം. കഷ്ടപ്പെടുന്നവരെ സഹായിക്കണം. ദയവായി നിങ്ങൾ മൂരാച്ചി ചക്രവർത്തിമാരായി ചമയരുത്‌. ഏത്‌ ചെങ്കോലും ഒരു കാലത്ത്‌ നഷ്ടപ്പെടും. തിരിച്ചിറങ്ങിവരുമ്പോൾ, പരാജയപ്പെട്ട കവികൾ തുപ്പുന്നത്‌ പരാജയപ്പെട്ട പത്രാധിപന്മാരുടെ മുഖത്തായിരിക്കും.
    സുഹൃത്തല്ലാത്ത ആർക്കും പ്രവേശനമില്ലാത്തവിധം സാഹിത്യമേഖലയിലെ ഓരോ സ്ഥാപനവും നാസി ജർമ്മനിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഹിറ്റ്ലർ ആഗ്രഹിച്ചത്‌  അദ്ദേഹവും മിത്രങ്ങളും മാത്രം മതിയെന്നാണ്‌. ഇവരും അതുതന്നെ ആഗ്രഹിക്കുന്നു. എഴുത്തുകാരെ നിശ്ശബ്ദമായി കൊന്നൊടുക്കുന്നു. ചില മാഗസിൻ പത്രാധിപന്മാരിൽ നിന്ന്‌ എഴുത്തുകാരെ രക്ഷിക്കാൻ , മലയാള മനോരമ മൂന്നുമാസം കൂടുമ്പോഴെങ്കിലും  സാഹിത്യവാർത്തകൾക്കും അഭിമുഖങ്ങൾക്കും പുസ്തക നിരൂപണത്തിനുമായി  നാലുപേജ്‌ സപ്ലിമന്റ്‌ പ്രസിദ്ധീകരിക്കണം.ശ്രേഷ്ഠഭാഷയ്ക്കു വേണ്ടി അതു ചെയ്യണം.തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം തുടങ്ങിയവർ അതു നേരിട്ടു കൈകാര്യം ചെയ്യണം.സാഹിത്യമില്ലാതെ ഭാഷ ശ്രേഷ്ഠമാകില്ല. അല്ലെങ്കിൽ, ആഗോള പ്ലാനിംഗിന്റെ ഈ യുഗത്തിൽ സാഹിത്യവും ഭാഷയും ഒലിച്ചുപോകും.
പ്രമുഖ കഥാകൃത്ത് ബാബു കുഴിമറ്റം പറഞ്ഞത് മാധ്യമങ്ങൾ അവയുടെ ഇടം പണം വാങ്ങി വിൽക്കുന്നത് പരസ്യങ്ങൾക്കു മാത്രമാണെങ്കിൽ മനസ്സിലാക്കാം , എന്നാൽ സാംസ്കാരിക വാർത്തകളുടെയും ഉള്ളടക്കങ്ങളുടെയും കാര്യത്തിലും ഇതു സഭവിക്കുന്നു എന്നാണ്. പണക്കാർക്കു മാത്രമേ ഇന്നു ഇടം കിട്ടുകയുള്ളു.

 വത്സലയെ എന്തിന്‌ കല്ലെറിയണം.
    മാതാ അമൃതാനന്ദമയിയെപ്പറ്റി ലേഖനമെഴുതിയതിന്റെ പേരിൽ വത്സലയെ കല്ലെറിഞ്ഞിട്ട്‌ കാര്യമില്ല. കാരണം, പാർട്ടി അനുഭാവിയായിരിക്കുമ്പോഴും, വത്സല ഒരു സ്വതന്ത്രവ്യക്തിത്വമാണ്‌. എഴുത്തുകാരിയെന്ന നിലയിൽ അവർക്ക്‌ സ്വാതന്ത്ര്യമില്ലേ? സ്വന്തം അഭിപ്രായങ്ങൾ പറയുമ്പോഴാണ്‌ ഒരാൾ യഥാർത്ഥ വ്യക്തിയാവുന്നത്‌; അടിമയാകുമ്പോഴല്ല.
    അമൃതാനന്ദമയിയെ ഒരു സ്ത്രീയെന്ന നിലയിലാണ്‌ വത്സല പരിഗണിച്ചത്, ആൾദൈവമായല്ല. ഏത്‌ പ്രസ്ഥാനവും ദുഷിക്കും. എവിടെയും ആൾ ദൈവങ്ങൾ ഉയരാം; ജീർണത വ്യാപിക്കാം. നിഷേധിക്കാനും സ്വാതന്ത്യം പ്രഖ്യാപിക്കാനുമാണ്‌ നാം പഠിക്കേണ്ടത്‌. വത്സല ധീരയായ വനിതയാണ്‌. അവരുടെ രചനകൾപോലെ, വ്യക്തിത്വത്തിലും സമുചിതമായ ചില ആദർശങ്ങളുണ്ട്‌.



ദർശനം: അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം
    ഫ്രഞ്ച്‌ സാംസ്കാരിക സൈദ്ധാന്തികൻ പോൾ വിറിലിയോ(
Paul Virilio)യുടെ 'അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം' അഥവാ 'എയ്സ്തെറ്റിക്സ്‌ ഓഫ്‌ ഡിസപ്പിയറൻസ്‌'(Aesthetics of Disappearance) ഇന്ന്‌ കൂടുതൽ പ്രസക്തി നേടുകയാണ്‌. സമകാലിക ലോക തത്ത്വചിന്തയിലെ നവമായ സ്വരമാണ്‌ വിറിലിയോയുടേത്‌.
    സ്പീഡ്‌ 'ആൻഡ്‌ പൊളിറ്റിക്സ്‌, വാർ ആൻഡ്‌ സിനിമ തുടങ്ങിയ ഗ്രന്ഥങ്ങളിൽ പുതിയ കാലത്തിന്റെ വേഗത്തിന്റെ തത്വശാസ്ത്രമാണ് അദ്ദേഹം ചർച്ചചെയ്യുന്നത്.   ഇന്നത്തെ സംസ്കാരത്തെ നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും വേഗത എന്ന പ്രതിഭാസമാണ്. വേഗതയ്ക്ക്‌ നിദാനം സാങ്കേതികശാസ്ത്രമാണ്‌.
    ആധുനികതയ്ക്ക്‌ മുമ്പ്‌ (1918 നുമുമ്പ്‌) സൗന്ദര്യശാസ്ത്രത്തിന്റെ അനുഭവം ചിന്തയുടെ പ്രത്യക്ഷതയെ ആസ്പദമാക്കിയാണ് വികസിച്ചത്.ലോകത്തിനു ഒരു കേന്ദ്രമുണ്ടെന്ന ധാരണ പ്രബലമായിരുന്നു.മൂല്യങ്ങൾക്കും പ്രത്യക്ഷതയുണ്ടായിരുന്നു . തടിയിലോ, കാൻവാസിലോ, പുസ്തകത്തിലോ കല ആലേഖനം ചെയ്യപ്പെടുകയായിരുന്നു പതിവ്‌. എന്നാൽ  ഇന്ന് സിനിമയിലും ടിവിയിലും മിന്നിമറയുന്ന ദൃശ്യങ്ങളുടെ വേഗതയിൽ എല്ലാം നാം മറന്നുപോകുന്നു. തൊട്ടു കാണിക്കാവുന്ന ഒന്നും തന്നെയില്ല. എല്ലാം നാം ബോധപൂർവ്വം വിശ്വസിക്കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ ഇന്ദ്രിയങ്ങൾ, ഇന്നത്തെ അതിവേഗ സാങ്കേതികതയ്ക്ക്‌ വേണ്ടി മെരുങ്ങി വളർന്നിരിക്കുന്നു. നമ്മൾ കാണുന്നു എന്നത്‌, ക്രമീകരിക്കപ്പെട്ട ഒരു കാണലാണ്‌. നമ്മൾ കേൾക്കുന്നു എന്നതും സാങ്കൽപികമായ കേൾക്കലാണ്‌. ഇന്ദ്രിയങ്ങൾ തന്നെ, അപ്രത്യക്ഷതയിൽ വിശ്വസിക്കാൻ നിർബന്ധിക്കപ്പെടുന്നു.ഒരു സിനിമ നമ്മെ എന്തെല്ലാം ഊഹിക്കാൻ പ്രേരിപ്പിക്കുന്നു.
നമ്മൾ കാണാത്തതെല്ലാം വിശ്വസിക്കണം. വേഗത്തിന്റെ അനിയന്ത്രിതമായ ഈ ഭാരം താങ്ങൽ മനുഷ്യന്റെ കഴിവുകൾക്ക് അപ്രാപ്യമാണ്. ഇല്ലാത്ത വസ്തുക്കൾ ഉണ്ടെന്ന്‌ ചിന്തിക്കുന്നതുമൂലം, ഇത്‌ നാഡീരോഗമായി വികസിക്കുന്നതായി വിറിലിയോ വിശദീകരിക്കുന്നു.


 കെ.ഇ.എൻ പറഞ്ഞത്‌
    "അനുമോദനങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽപ്പെട്ട്‌ വിമർശന സാഹിത്യം ഇല്ലാതാവുകയാണ്‌. എഴുത്തുകാർക്കിടയിൽ സാംസ്കാരിക മൂലധനമെന്ന ബോധം വളരുന്നുമുണ്ട്‌. ഇക്കൂട്ടർ പ്രശസ്തിക്കും പ്രതാപത്തിനും പിന്നാലെയാണ്‌ തിരിയുന്നത്‌. പ്രശസ്തി കൂടുമ്പോൾ വിമർശനത്തിന്‌ അതീതരാവുന്നു. പിന്നീടവർ അനുമോദനങ്ങളും ആഘോഷങ്ങളും ഏറ്റുവാങ്ങാനുള്ള ശ്രമത്തിലാണ്‌." - കെ.ഇ.എൻ പറയുന്നു (വൈറ്റ്ലൈൻ വാർത്ത .മുംബൈ, എഡിറ്റർ: പ്രേമൻ ഇല്ലത്ത്‌).
    വളരെ അർത്ഥവത്തായ ചില ആശയങ്ങളാണ്‌ കെ.ഇ.എൻ ഉന്നയിക്കുന്നത്‌. ഇന്ന്‌ മലയാളസാഹിത്യം വികാരരഹിതമായ ഒരു ആർത്തിയുടെ പാച്ചിലിലാണ്‌. സ്ഥാനമാനങ്ങളും പണവുമാണ്‌ വേണ്ടത്‌. സ്നേഹമോ മമതയോ ഇല്ല. മറ്റൊരാളുടെ പുസ്തകം വായിക്കാനുള്ള മനസ്സ്‌ പൊതുവേ നഷ്ടമായിരിക്കുന്നു. അവാർഡുകളും മറ്റ്‌ ആനുകൂല്യങ്ങളും ചിലർ സ്വന്തം പോക്കറ്റിൽ കൊണ്ടു നടന്ന്‌ ഇഷ്ടക്കാർക്ക്‌ കൊടുക്കുന്നു. വിലയിരുത്തൽ എവിടെയുമില്ല.


ടി.എൻ.ജോയി
വിപ്ലവകാരിയും സ്വപ്നാടകനും കലാകാരനുമായിരിക്കാൻ കഴിയുന്ന അപൂർവ്വ വ്യക്തിത്വമാണ്‌ ടി.എൻ.ജോയി. റാഡിക്കൽ കമ്മ്യൂണിസ്റ്റായിരിക്കുമ്പോൾ തന്നെ അദ്ദേഹം അസാധാരണമായ ജീവിതാനന്ദം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ:
മൂന്നുമാസങ്ങൾക്കു മുൻപ്‌ ഞാൻ കൊടുങ്ങല്ലൂരിലെ അരുൺ സ്റ്റുഡിയോയിലിരിക്കുമ്പോൾ എന്റെ പഴയ കാമുകിയെ കണ്ടുമുട്ടി. അവളുടെ ഭർത്താവ്‌ മരിച്ചുപോയിരുന്നു. അവളുടെ ആ പഴയ സൗന്ദര്യത്തിന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല. ആ കണ്ടുമുട്ടലിനു ശേഷം ഞാൻ വല്ലാത്ത ആനന്ദം അനുഭവിച്ചു. ആ സന്തോഷത്തിൽ ഞാൻ 'സായാഹ്ന കൈരളി' (സായാഹ്ന പത്രം)യിൽ പരസ്യം കൊടുത്തു. 'വൈകിയെത്തിയ സൗഭാഗ്യത്തിനു ഉപകാരസ്മരണ സെന്റ്‌ ഫ്രാൻസിസ്‌ അസീസിന്‌ (പൊട്ടിച്ചിരിക്കുന്നു) ജീവിച്ചാൽ മാത്രം കിട്ടുന്ന സന്തോഷമാണിത്‌. കഴിഞ്ഞ വർഷമൊക്കെ ഞാൻ മരിക്കുകയായിരുന്നെങ്കിൽ ഈ സൗഭാഗ്യം കിട്ടുമായിരുന്നില്ല. (വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ, വിശകലനം മാസിക, രാജേഷ്‌ നാരായണൻ)
    ഭൗതികവാദം നല്ലതാണ്‌; പക്ഷേ, മനുഷ്യൻ വെറും ഭൗതികം മാത്രമല്ല, ജീവിതം കൂടിയാണ്‌ എന്ന്‌ ടി.എൻ.ജോയിയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നു.

ജോസ്‌ പനച്ചിപ്പുറം
    ജോസ്‌ പനച്ചിപ്പുറം അസാധാരണ സിദ്ധികളുള്ള എഴുത്തുകാരനാണ്‌. പത്രപ്രവർത്തകന്റെ ലോകത്ത്‌ സദാ ജാഗ്രതയോടെയിരിക്കുന്ന അദ്ദേഹം നല്ല കഥകളെഴുതുന്നു, ഒട്ടേറെ പംക്തികൾ എഴുതുന്നു. ഒരിലയും പനച്ചിയുടെ കണ്ണിൽപ്പെടാതെ പോകില്ല. പനച്ചി നല്ല വ്യക്തിത്വമാണ്‌, മറ്റു പല പത്രാധിപന്മാരെയും പോലെ കപട ബ്രാഹ്മണനല്ല. പനച്ചിക്ക്‌ എളിമയുണ്ട്‌, കേൾക്കും. പറ്റിയാൽ സഹായിക്കും. സൗഹൃദത്തിന്റെ ഉത്തമമായ വഴിത്താരയാണ്‌, അദ്ദേഹത്തിന്റെ പംക്തികൾ വായിക്കുമ്പോൾ ഓർക്കുക.

സംസ്കാരം എന്ന ഉൽപന്നം

1. ഹ്വാൻ റുൾഫോ
    മെക്സിക്കൻ എഴുത്തുകാരനായ ഹ്വാൻ റുൾഫോ  (Juan Rulfo)യുടെ 'പെഡ്രോ പരാമോ' എന്ന നോവൽ മലയാളഭാഷയിലാണ്‌ എഴുതപ്പെട്ടിരുന്നതെങ്കിൽ, ആ സാഹിത്യകാരനെ ഇവിടെ, അവഗണിച്ച്‌ മണ്ണിനടിയിലിട്ട്‌, അതിനുമുകളിൽ നൃത്തം ചവിട്ടിയേനെ. അതൊരു നോവലേ അല്ലെന്ന്‌ പറഞ്ഞുകൊണ്ട്‌  സാഹിത്യ അക്കാദമി തന്നെ ആദ്യം മുന്നോട്ടു വന്നുകൂടായ്കയില്ല. ഇരുപതാം നൂറ്റാണ്ടിൽ ഒരു നോവൽകൊണ്ട്   മാത്രം ഉന്നതമായ പദവിയിലെത്തിയ ഒരേയൊരു സാഹിത്യകാരനാണ് റുൾഫൊ.

2. ചിത്രശലഭം
ഒരു ശലഭത്തിനു കുറച്ചു നേരത്തെ ജീവിതമേയുള്ളുവെങ്കിലും മഹനീയമായ ജീവിതം  നേടാൻ കഴിയുന്നു.
  ഒരു പുസ്തകത്തിന്റെയും സഹായമില്ലാതെ ചിത്രശലഭം, നശ്വരമായ ലൗകികജീവിതത്തിന്റെ ഏറ്റവും വലിയ ആത്മീയമതമായ മൈഥുനം അത്യാനന്ദത്തോടെ നിറവേറ്റുന്നു.

3. തോമസ്‌ ഹാർഡി
    ഇംഗ്ലീഷ്‌ നോവലിസ്റ്റ്‌ തോമസ്‌ ഹാർഡിയുടെ ആദ്യ നോവലിന്റെ പേര്‌ 'ദ്‌ പുവർ മാൻ ആൻഡ്‌ ദ്‌ ലേഡി' എന്നായിരുന്നു. എന്നാൽ അദ്ദേഹം സമീപിച്ച അഞ്ച്‌ പ്രസാധകരും ഈ നോവൽ മടക്കിക്കൊടുത്തു. ഇതിന്റെ നിരാശയിൽ  കൈയ്യെഴുത്തു പ്രതി നശിപ്പിച്ചുകളയുകയായിരുന്നു. പിന്നീട്‌ നോവലിലെ ചില സന്ദർഭങ്ങൾ ഇതേ പേരിലുള്ള കവിതയിലും മറ്റൊരു നോവലിലും പുനരാവിഷ്കരിച്ചു.

4. ഡി.എച്ച്‌.ലോറൻസ്‌
    ഇംഗ്ലീഷ്‌ നോവലിസ്റ്റ്‌ ഡി.എച്ച്‌.ലോറൻസിന്റെ 'ലേഡി ചാറ്റർലീസ്‌ ലവർ' എന്ന നോവൽ യുദ്ധത്തിന്‌ എതിരെയുള്ള എക്കാലത്തെയും മികച്ച കൃതിയാണെന്ന്‌ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. എന്നാൽ ഈ നോവലിൽ ലോറൻസ്‌  സെക്സ്‌ കണ്ടുപിടിച്ചു. "സെക്സിനെ കളങ്കപ്പെടുത്തരുത്‌, കളങ്കപ്പെടുത്തുന്നതാണ് ഏറ്റവും വലിയ തെറ്റ്‌. നമ്മുടെ സംസ്കാരത്തിന്റെ മാലിന്യത്തിൽ നിന്ന്‌ നമ്മെ രക്ഷിക്കാൻ സെക്സിനു കഴിയും. ശരീരത്തോടും സെക്സിനോടും നമ്മൾ അലിവുള്ളവരാകണം."-അദ്ദേഹം പറഞ്ഞു.

5. ഹെർമൻ മെൽവിൽ
    അമേരിക്കൻ  നോവലിസ്റ്റ്  ഹെർമൻ മെൽവി(Herman Melville)   എഴുതിയ പ്രശസ്തമായ 'മോബി ഡിക്ക്‌(Moby-Dick) എന്ന നോവൽ എഴുതിയത്‌ 1851 ലാണ്‌. അന്ന്‌ വളരെ കുറച്ച്‌ കോപ്പികളാണ്‌ വിറ്റുപോയത്‌. വിൽക്കപ്പെടാത്ത കോപ്പികൾ ഗോഡൗണിൽ വച്ചുതന്നെ നശിപ്പിച്ചുകളയുകയായിരുന്നു. ആരും അതിനെ അംഗീകരിച്ചില്ല. എന്നാൽ നോവൽ സാഹിത്യത്തിലെ ഈ ഇതിഹാസകൃതി അതിന്റെ അംഗീകാരം നേടിയെടുത്തത്‌ 1920ലാണ്‌.

6. ചിന്നുവ അച്ച്ബേ
    നൈജീരിയൻ എഴുത്തുകാരനായ ചിന്നുവ അച്ച്ബേ( Chinua Achebe) യെപ്പറ്റി വി.എൻ.അശോകൻ (കേരള സാഹിത്യ അക്കാദമി) എഴുതിയ ലേഖനം (ഗ്രന്ഥപ്പുര, ജൂൺ), 'കറുത്ത സാഹിത്യത്തിന്റെ ചെറുത്തു നിൽപ്‌' കാലികപ്രസക്തിയുള്ളതാണ്‌. സ്വാതന്ത്ര്യത്തിനുശേഷം നൈജീരിയൻ ജനതയുടെ ജീവിതം എന്താണ്‌ എന്ന്‌ ലോകത്തിനു പറഞ്ഞുകൊടുത്ത എഴുത്തുകാരനാണ്‌ അച്ച്ബേ എന്ന്‌ അശോകൻ എഴുതുന്നു.

7നടി
    സവർണ്ണ സ്ത്രൈണ സങ്കൽപങ്ങൾ കെട്ടിയാടി അരങ്ങ്‌ വാണ മലയാള സിനിമയിൽ റിമ കല്ലിങ്കൽ എന്ന അവർണ്ണ യുവതി ഒരു താരമായി വളർന്നത്‌, ജനായത്തപരവും നൈതികവുമായ ഒരു ലാവണ്യബോധത്തെ പ്രതിനിധാനം ചെയ്യുന്നതായി അജയ്‌ ശേഖർ (തോർച്ച, ജൂൺ) എഴുതുന്നു. 

8. കമൽറാം സജീവ്‌
    കമൽറാം സജീവിന്റെ'ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ'(ഒലിവ്‌) എന്ന ഗ്രന്ഥനാമം വശ്യശക്തിയുള്ളതാണ്‌. അനുഭവം ഒരു ക്ഷോഭിക്കുന്ന സർപ്പമാണെന്ന ധ്വനി ഇതിലുണ്ട്‌.
9. നിത്യചൈതന്യയതി
  സാഹിത്യകാരനും   ചിന്തകനുമായ നിത്യചൈതന്യയതി, പക്ഷേ, ശ്രീനാരായണഗുരുവിനെ ഒരു ഹിന്ദുസന്യാസിയായി വെട്ടിച്ചുരുക്കുകയാണ്‌ ചെയ്തത്‌. ഗുരു എങ്ങനെ ഹിന്ദു സന്യാസിയാകും? അദ്ദേഹം ഹൈന്ദവ ആചാരങ്ങൾ സ്വീകരിച്ചിട്ടില്ലല്ലോ. അബ്രാഹ്മണർക്ക്‌ ഒരു മതം സംഭാവന ചെയ്ത ഗുരുവിന്റെ ദർശനം അനുകമ്പയാണ്‌. ഭാരതപാരമ്പര്യത്തിൽ അനുകമ്പയില്ലല്ലോ. കീചകവധം, ദുര്യോധനവധം, രാവണവധം, തുടങ്ങിയ വധങ്ങൾക്കല്ലേ പ്രാധാന്യം?
10. കാവാലം നാരായണപ്പണിക്കർ
    കാവാലം നാരായണപ്പണിക്കരുടെ താളബോധവും രംഗബോധവും നിസ്തുലമാണ്‌. പക്ഷേ, നാടകം എന്ന കലാനുഭവത്തെ   സാമൂഹ്യബാഹ്യമായി ഒറ്റപ്പെടുത്തുന്നതിനോട്‌ യോജിക്കാനാവില്ല. അദ്ദേഹത്തിന്റെ  'അവനവൻ കടമ്പ' എന്ന നാടകം,    അനുഷ്ഠാനമെന്ന നിലയിലേ നോക്കികാണാൻ കഴിയൂ. നടീനടന്മാരുടെ മേൽ എന്തിനാണ്‌ അനുഷ്ഠാനങ്ങളും ആചാരങ്ങളും അടിച്ചേൽപിച്ച്‌ അവരെ പ്രാചീനതയുടെ ടൈപ്പുകളാക്കുന്നത്‌?
11. അക്ബർ കക്കട്ടിൽ
    അക്ബറിന്റെ കരികള-ലീലാഭേദങ്ങൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ആഗസ്റ്റ്‌-11) രസിപ്പിച്ചു. കഥയുടെ ഒടുവിൽ ലൈംഗികതയെപ്പറ്റിയുള്ള വിവരണം ഒന്നാന്തരമാണ്‌. 'അതിരില്ലാത്ത കാമമാകുന്ന അദ്വൈതരസത്തിൽ ആമോദത്തോടെ എൻമനം ലയിച്ചു' എന്ന വാക്യം ഹൃദ്യമായി.
12. ടോണിമാത്യു
    കാലാനുസൃതമായി സർഗാത്മക പരീക്ഷണങ്ങളിലും പരിവർത്തനങ്ങളിലും ഏർപ്പെടാത്ത കവികൾ ഗതികെട്ട്‌ ചരിത്രത്തിൽ നിന്ന് പുറത്താവുമെന്ന്  ടോണിമാത്യൂ എഴുതിയത്‌ ശരിയാണ്‌. കൃഷ്ണൻ പറപ്പള്ളിയെപ്പറ്റിയുള്ള (ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻപേനയും (സ്നേഹരാജ്യം, ജൂലായ്‌) എന്ന ലേഖനത്തിലാണ്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നത്‌. മലയാള കവിതയിൽ കക്ഷിരാഷ്ട്രീയക്കാരായ കവികളെല്ലാം പ്രതിസന്ധിയിലാണ്‌. അതുപോലെ നീലമ്പേരൂർ, വി.മധുസൂദനൻനായർ, മേലത്ത്‌ ചന്ദ്രശേഖരൻ, ശ്രീധരനുണ്ണി തുടങ്ങിയ കവികൾ പുതിയൊരു പരിവർത്തനത്തിനു സജ്ജമാകേണ്ടതുണ്ട്‌.

സച്ചിദാനന്ദന്റെ തഥാഗതം
സച്ചിദാനന്ദനു മൗനമില്ല.
അദ്ദേഹം വറ്റാത്ത കാവ്യ പ്രചോദനവുമായി വീണ്ടു വീണ്ടും വന്ന് അർത്ഥവത്തായ നിമിഷങ്ങൾ കൊണ്ട് നമ്മെ അനുഭവതീവ്രതകളിലേക്കു നയിക്കുന്നു.
തഥാഗതം എന്ന കവിതാസമാഹാരം(മാതൃഭൂമി ബുകസ്, വില 75/) കഴിഞ്ഞ എതാനും വർഷങ്ങൾക്കിടയിൽ ഉണ്ടായ അസാധാരണ കാവ്യസംരംഭമാണ്.
ജീവിതത്തിന്റെ നിരർത്ഥകതയെനോക്കി അദ്ദേഹം ഇങ്ങനെ പാടുന്നു:
കൊണ്ട്പൊയ്ക്കൊള്ളു നീയെല്ലാം സഖീ, തീരെ-
ക്കൊണ്ടുപോകാതെനിന്നോർമ്മ മാത്രം!
കന്നിമഴയിൽ വിറയ്ക്കുന്ന വെള്ളില-
വള്ളിപോലുള്ള നിന്നോർമ്മ മാത്രം!
തഥാഗതം  എന്ന രചനയിൽ ,സച്ചിദാനന്ദന്റെ ജീവിതചിന്തയുടെ  ആത്മീയ ഭൂപടങ്ങൾ തന്നെ നിവരുന്നു.
എന്റെ മുകളിൽ ഒരു പർവ്വതം വളരുന്നു.
പർവ്വതത്തിന്റെ ഉച്ചിയിൽ ഒരു വീട്,
വീട്ടിൽ ഒരു മൈന,
മൈനയ്ക്കകത്ത് ഒരു നൂറ്റാണ്ട്,

നൂറ്റാണ്ടിൽ  നിറയെ രക്തം.
നുണ പറയാത്ത ഒരു പുഴയിലെ
പാടുന്ന വെള്ളമെടുത്ത്
ഞാൻ രക്തം കഴുകിക്കളയുന്നു.
ശ്മശാനങ്ങൾ ഉഴുത് ഞാൻ
ജീവന്റെ വിത്ത് വിതയ്ക്കുന്നു

സൂര്യൻ ഒരു പുതിയ ദിവസവുമായി
എന്റെ കതകിൽ മുട്ടുന്നു.


ഈ കാലഘട്ടത്തിലെ വ്യാപകമായ സംവേദനസഞ്ചയമാണ്  സച്ചിദാനന്ദൻ നിർമ്മിക്കുന്നത്.  

പല കേന്ദ്രങ്ങളുള്ള വൃത്തം
 പത്രവാർത്ത 
രാവിലെ പത്രം വായിക്കരുത്. രക്തസമ്മർദ്ദം കൂടും.
നേതാക്കന്മാരും വിരുതന്മാരും മിടുക്കുകൊണ്ട് അവാർഡുകൾ വാരിക്കൂട്ടുകയാണ്.
ഇതു വായിച്ചിട്ട് ഒന്നും തന്നെ പ്രവർത്തിക്കാൻ കഴിയില്ല.
ഉറങ്ങുന്നതിനു തൊട്ടു മുൻപാണ് പത്രം വായിക്കേണ്ടത്.
പ്രശസ്തിയുടെ കച്ചവടക്കാർ ഉറക്കത്തിൽ അലിഞ്ഞു പൊയ്ക്കൊള്ളും.
സാഹിത്യകാരന്മാരെ വേണ്ടാത്ത പ്രസിദ്ധീകരണങ്ങൾ നമ്മൾ വായിക്കാതിരിക്കുകയാണ്   ആരോഗ്യത്തിനു നല്ലത്.


ടെലിവിഷൻ വാർത്ത
രാത്രിയിലെ പ്രധാന ടെലി വാർത്താപരിപാടിയായ ന്യൂസ് അവർ ഇങ്ങനെ അധഃപതിപ്പിച്ചവരോട് കാലം പൊറുക്കട്ടെ!
ജുഡീഷ്യൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയകാര്യവും, പി. സി . ജോർജ്  കെ പി സി സി യെ വിമർശിച്ചതും മുക്കാൽ മണിക്കൂർ വീതം ചാനൽ ജേർണലിസ്റ്റുകൾ ചർച്ച ചെയ്തു!
ഇതു വ്യക്തമായ മാധ്യമ അജൻഡയാണ്.
നിസ്സാര കാര്യങ്ങൾ കേരളീയരുടെ ജീവൽ പ്രശ്നമാണെന്ന മട്ടിൽ  മാധ്യമ പ്രവർത്തകർ  അഭിനയിക്കുകയാണ്.ചാനൽ രാഷ്ട്രീയ ചർച്ചകൾ പോലെ  അപഹാസ്യമായ ഒരദ്ധ്യായം കേരളീയ ചരിത്രത്തിൽ തന്നെ കാണുകയില്ല. ആരെയാണ് ഇവർ മന്ദബുദ്ധിയാക്കുന്നത്?
ചാനലിൽ ഷെയർ ഉള്ളവരുടെ പബ്ലിസിറ്റി ഓഫീസർമാരാണ് പുതിയ ദുശ്യമാധ്യമ  അവതാരങ്ങൾ.



നിഷാ .ജി
 കണ്ണൂർ മാടായി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും കവയിത്രിയുമായ നിഷാ.ജിയുടെ പുതിയ ഇംഗ്ലീഷ്‌ കവിതകളുടെ സമാഹാരം 'My Love Sojourn' വായിച്ചു. (കൈരളി ബുക്സ്‌) നൂറ്റി ഇരുപത്‌ ലഘു കവിതകളാണ്‌ ഉള്ളടക്കം. ധ്യാനാത്മകതയും ചിന്തകളുടെ പരസ്പര സംഘർഷവുമാണ്‌ ഈ കവിതകൾക്ക്‌ അഗ്നിചാരുത നൽകുന്നത്‌. ശാന്തമായതിനുള്ളിലെ തീ അനുഭവിപ്പിക്കുന്ന കവിതകൾ. A Dreaming Bud, Faint Pictures, Prism of Love എന്നിവയാണ്‌ മുൻ സമാഹാരങ്ങൾ. നിഷയുടെ Experience  എന്ന  കവിതയിലെ ഈ വരികൾ നോക്കൂ :  
He walks into you 
with a touchy smoothness
like a silent shadow
unfelt
unnoticed
to your grave 


കവിതാസമാഹാരങ്ങൾ
    കവിതയോട്‌ നിർവ്യാജമായ ഭക്തിയുള്ള കുറേ ചെറുപ്പക്കാരുടെ പുസ്തകങ്ങൾ അടുത്തിടെ ഞാൻ വായിച്ചു. പലർക്കും ഉന്നതരുടെ ആശീർവാദമില്ലാത്തതുകൊണ്ട്‌ വേണ്ടപ്പെട്ട പ്രവേശനം ലഭിക്കുന്നില്ല. ഈ കവികളുടെ തീവ്രമായ ഭാഷാസ്നേഹവും സാംസ്കാരികമായ ആകുലതയും രചനകളിൽ കണ്ടു. ചില കൃതികൾ ഇവിടെ പരിചയപ്പെടുത്തുന്നു.

1. ചിറകിലൊളിപ്പിച്ച പേന- കളത്തറ ഗോപൻ (സെഡ്‌ ലൈബ്രറി)
2. കാന്താരതാരകം - ജയചന്ദ്രൻ പൂക്കരത്തറ (ഇൻസൈറ്റ്‌ പബ്ലിക്കേഷൻസ്‌)
3. പൊന്നേ പൊന്നേ - മാധവൻ പുറച്ചേരി (കൈരളി ബുക്സ്‌)
4. പേപ്പർ വെയ്റ്റ്‌ - രാമകൃഷ്ണൻ ചുഴലി (പായൽ ബുക്സ്‌)
5. മേഫ്ലവർ ഒരു പുരാതന സ്വപ്നം - ജോതിദാസ്‌ പി.എൻ (തിങ്ക്‌ ബുക്സ്‌, തൊടുപുഴ)
6. കാഴ്ചപ്പൂവിതൾ - ഷീലാലാൽ (പരിധി)
7. മെട്രോയിലെ ഗ്രാമം പൂക്കുന്ന മരങ്ങൾ - സുനിൽ പൂവറ്റൂർ (പായൽ ബുക്സ്‌)
8. എവിടെയാവും മഴ പെയ്യുന്നത്‌? -രാജേഷ്‌ പനങ്ങാട്ടിൽ (ഭാരതദേശം ബുക്സ്‌, മാഹി)
9. വിപരീതം - അടുതല ജയപ്രകാശ്‌ (പ്രഭാത്‌ ബുക്സ്‌)
10. വരുന്ന- എൽ.തോമസുകുട്ടി (സെഡ്‌ ലൈബ്രറി)
11. ഏഴ്‌ മുറികളിൽ കവിത - അഷ്‌റഫ്‌ ഡി.റാസി (പരിധി)
12. നിഴൽവലകൾക്കിടയിലൊരു വാക്ക്‌ - ശ്രീകുമാർ ചേതസ്‌ (വിസ്ഡം പ്രിന്റ്‌ മീഡിയ, കൊല്ലം)
13. മഴനൂൽ കനവുകൾ - കൃഷ്ണകുമാർ മാപ്രാണം - (പ്രിന്റ്‌ ഹൗസ്‌)
14. ചരിത്രം രേഖപ്പെടുത്താത്ത ചിലത്‌ - ടിനോ തോമസ്‌ (പാപ്പിറസ്‌ ബുക്സ്‌)

 15.. ജനനത്തിനും മരണത്തിനുമിടയിൽ ഓർത്തുവെയ്ക്കാൻ ചിലത്‌ - അരുൺകുമാർ പൂക്കോം. (പായൽ ബുക്സ്‌)
 16. ജാലകക്കാഴ്ചകൾ - ദീപ ഗംഗാധരൻ (രചന ബുക്സ്‌, ഓലശ്ശേരി)
17. ഉടൽവേവുകൾ - എലിസബത്ത്‌ (സിംപിൾ ബുക്സ്‌, കണ്ണൂർ )
18. 1വീതം 2 നേരം
ടി.കെ ഹാരിസ്, പ്രദീഷ് താനിയാട്,അനിസ് മാനന്തവാടി, ദാമോദരൻ ചീക്കല്ലൂർ,അനിൽ കുറ്റിച്ചിറ എന്നിവരുടെ കവിതകൾ
നീർമാതളം ബുക്സ്, മാനന്തവാടി
വില50/

മേരിയോളജി
 കെ.പി. അപ്പന്റെ 'മധുരം ജീവിതം' എന്ന കൃതി കന്യാമറിയത്തെപ്പറ്റിയുള്ള അസാധാരണ പുസ്തകമാണ്‌. ഇത്‌ മേരിയോളജി (Mariology )എന്ന പഠനശാഖയിൽപ്പെട്ട പുസ്തകമാണ്‌. മേരിയോളജി എന്നത്‌ കന്യാമറിയത്തെപ്പറ്റിയുള്ള പഠനശാഖയാണ്‌.Roman Catholic Mariology പുരാതനമായ പള്ളിവചനങ്ങളും ലഘുലേഖകളും വരെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ വികസിച്ചിട്ടുള്ളത്‌. മലയാളത്തിൽ ഇത്തരം കൃതികളില്ല. റോമൻ പുരോഹിതനായ ജോസഫ്‌ പൊഹ് ലെ(Joseph Pohle)യുടെ മേരിയോളജി എന്നൊരു പുസ്തകം ഓർക്കുകയാണ്‌. കെ.പി.അപ്പന്റെ പുസ്തകം, മേരിയുടെ ജീവിതത്തെ ചരിത്രത്തിലെ ഏറ്റവും  വിലയേറിയ  അനുഭവമാക്കുന്നുവെന്ന് എന്ന്‌ അജയൻ കൊട്ടറ (കനിവ്‌ മാസിക, ജൂലായ്‌) എഴുതുന്നതിൽ കാമ്പുണ്ട്‌.

എൻ.മൂസക്കുട്ടി
 ജയിംസ്‌ ജോയ്സിന്റെ വിഖ്യാത നോവലായ Ulysses മലയാളത്തിലേക്ക്‌ ആദ്യമായി തർജമ ചെയ്ത എൻ.മൂസക്കുട്ടിയെ ആദരിക്കണം. സാഹിത്യഗവേഷകർക്കും പഠിതാക്കൾക്കും കീഴടങ്ങാതെ ശൈലികൊണ്ടും ഭാഷകൊണ്ടും സ്വയം പ്രതിരോധിച്ചു നിൽക്കുന്ന നോവലാണ്‌ യുളിസസ്‌. കേരള സാഹിത്യഅക്കാദമിയാണ്‌ പ്രസാധകർ.
    ഇരുപതാം നൂറ്റാണ്ടിലെ ആധുനികതയുടെ വലിയ പ്രതിനിധാനമാണ്‌ ജോയ്സിന്റെ ഈ നോവൽ. 1921 ലാണ്‌ എഴുതിപൂർത്തിയാക്കിയത്‌. അമേരിക്കയിലെ The Little Review മാഗസിനിൽ 'യുളീസസ്‌' ഖണ്ഡശ്ശഃപ്രസിദ്ധീകരിച്ചുവെങ്കിലും നോവലിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന്‌ 1920 ൽ പ്രസിദ്ധീകരണം നിർത്തിവച്ചു. 1922 ൽ പുസ്തകരൂപത്തിൽ പുറത്തുവന്നു.
A Portrait of The Artist As a Young Man (1916), Finnegans Wake (1939) എന്നിവയാണ്‌ ജോയ്സിന്റെ മറ്റു നോവലുകൾ.Dubliners കഥാസമാഹാരമാണ്‌. 'Chamber Music', 'Poems Penyeach' .എന്നിവ കവിതാസമാഹാരങ്ങളാണ്‌.

സാഹിത്യ മാസിക
 മുംബൈയിൽ ലക്ഷക്കണക്കിനു മലയാളികളുണ്ടായിട്ടും ഒരു നല്ല സാഹിത്യപ്രസിദ്ധീകരണമോ, സാഹിത്യ അവാർഡോ ഉണ്ടായില്ല. പാട്ടുപുസ്തകത്തിന്റെ അമ്പതു പേജിൽ ഒരു മാസിക ഇറക്കാൻപോലും മുംബൈ മലയാളിക്ക്‌ കഴിവില്ലേ? സുരേഷ്‌ വർമ്മ, പ്രേമൻ ഇല്ലത്ത്‌ തുടങ്ങിയവർ ഇതിനു മുൻകൈയ്യെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

  ഇതാ ഇവിടെ വരെ
'ഇതാ ഇവിടെ വരെ' എന്ന സിനിമയിൽ എം.ജി.സോമനും ജയഭാരതിയും തമ്മിലുള്ള ഒരു രതിരംഗം അവതരിപ്പിച്ചിട്ടുണ്ട്‌. അവർ രണ്ടുപേരും കിടക്കുന്നത്‌ താറാവുകൾക്കിടയിലാണ്‌. അവരുടെ ലൈംഗികസീൽക്കാരങ്ങൾക്കൊപ്പം താറാക്കളുടെ കരച്ചിലും പരിഭ്രാന്തിയും സംഗീതവും സമ്മേളിപ്പിച്ചിരിക്കുന്നു. ലൈംഗികതയ്ക്ക്‌ ഒരു ഫാന്റസിയുണ്ട്‌. പെണ്ണ്‌ മുണ്ടും ബ്ലൗസുമിട്ട്‌, കണ്ണെഴുതി ചുവന്ന പൊട്ടുതൊട്ട്‌, ഒരു അരണ്ട റാന്തൽ വെളിച്ചത്തിനു സമീപം നിൽക്കുമ്പോഴുള്ള ഫാന്റസിയാണ്‌ ഐ.വി.ശശി സാക്ഷാത്കരിച്ചത്. പക്ഷേ, ഈ ക്ലാസിക്കൽ സെക്സ്‌ ചിത്രീകരിക്കാൻ നമ്മുടെ പെണ്ണെഴുത്തുകാരികളായ ഗ്രേസി, സി.എസ്‌.ചന്ദ്രിക, കെ.ആർ.മീര, എ.പി.ജ്യോതിർമയി തുടങ്ങിയവർക്കൊന്നും കഴിയുന്നില്ല.


ജീവിതം
    ഒരാൾ സ്വന്തം വ്യക്തിജീവിതം മാത്രമല്ല കൊണ്ടുനടക്കുന്നത്‌, ബോധപൂർവ്വമോ അല്ലാതെയോ തന്റെ സമകാലികരെയും ജീവിക്കുന്നു.
-തോമസ്‌ മാൻ (Thomas Mann)ജർമ്മൻ നോവലിസ്റ്റ്‌.

സൗന്ദര്യം ചെറുതല്ല
1. റെസാ അസ്ലൻ
    ഇറാനിയൻ-അമേരിക്കൻ എഴുത്തുകാരനും മതപണ്ഡിതനുമായ റെസാ അസ്ലൻ (Reza Aslan) എഴുതിയ Zealot: The Life and Times of Jesus of Nazareth,  ലോക പുസ്തക വ്യാപാരികളായ ആമസോണിന്റെ ഏറ്റവും വിൽപനയുള്ള പുസ്തകമായി മാറിയിരിക്കുന്നു. യേശുവിനെപ്പറ്റിയുള്ള ഈ ചരിത്രഗ്രന്ഥത്തിൽ വിവിധ മതങ്ങൾ എങ്ങനെ യേശുവിൽ സമന്വയിക്കപ്പെടുന്നു എന്ന്‌ അന്വേഷിക്കുകയാണ്‌. 


2. ഡൊണാൾ റിയൻ
    അയർലണ്ടിലെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ ഡൊണാൾ റിയൻ രണ്ടു നോവലുകളെഴുതി. നാൽപത്തിയേഴു പ്രസാധകർ റിയാന്റെ The Thing About December എന്ന പുസ്തകം അച്ചടിക്കാൻ തീരുമാനിച്ചു. പിന്നാലെ ഡബ്ല്ഡേ എന്ന പ്രസാധകർ The Spinning Heart എന്ന നോവലും പ്രസിദ്ധീകരിച്ചു. ഈ നോവൽ  മാൻ ബുക്കർ പ്രൈസിന്റെ അന്തിമ പട്ടികയിൽ ഇടം നേടി.

3.ഭക്ഷണം
 ഫ്രഞ്ച്‌ നരവംശശാസ്ത്രജ്ഞനായ ക്ലോദ്‌ ലെവിസ്ട്രോസ്‌ (Claude Levi-Strauss) പറയുന്നത്‌, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതിയിൽ, ഒരു സാമൂഹികജീവി എന്ന നിലയിൽ നമ്മുടെ ഭാഷ നിഴലിച്ചു കാണാം എന്നാണ്‌. പാചകം ഒരു ഭാഷയാണ്‌. അത്‌ സമൂഹത്തിന്റെ ഘടനയെ അനാവരണം ചെയ്യുകയാണ്‌- അദ്ദേഹം പറയുന്നു.

4. ഓരോ നടിയും രതിയാണ്‌
    വെള്ളിത്തിരയിലെ നടിയുടെ ഉടൽ രതിയുടെ ശരീരമാണ്‌. പ്രത്യേകിച്ചും നായികമാരുടേത്‌. ബസിലോ ട്രെയിനിലോ മറ്റൊരു പെണ്ണിനെ നോക്കാൻ പാടില്ല. സമൂഹം ഇടപെടും. എന്നാൽ സിനിമാ തീയേറ്ററിലെ ഇരുട്ടിൽ യഥേഷ്ടം നോക്കാം. അടുത്തുള്ളവൻ ശ്രദ്ധിക്കില്ല. തീയേറ്ററിലെ ഇരുട്ട്‌ പുതിയ ജനാധിപത്യമാണ്‌. ആൺ, പെൺ മേധാവിത്വമില്ലാത്ത ലൈംഗികതയുടെ പ്രതീതിജനാധിപത്യമാണത്‌. നായികയും നായകനും ആലിംഗനം ചെയ്തും ചുംബിച്ചും മുന്നേറുമ്പോൾ, പ്രേക്ഷകനും തന്റെ രതിസ്വപ്നങ്ങൾ പുറത്തെടുക്കുന്നു. കുറച്ചുനേരത്തേക്കെങ്കിലും കരീനയും കത്രീനയും മറ്റും അവന്റെ കാമുകിമാരാവുന്നു. ജീവിതം പ്രതീതിയാണ്‌, അരികിൽ ഉണ്ടെന്ന വിശ്വാസം. ഈ പ്രതീതിയുടെ സൗന്ദര്യവൽക്കരണമാണ്‌ തീയേറ്ററിലെ ഇരുട്ടിന്റെ ലാവണ്യശാസ്ത്രം. ഇവിടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനോ ഫെമിനിസ്റ്റ്‌ ധാർഷ്ട്യത്തിനോ കടന്നുകയറാനൊക്കില്ല. ഈ ജനാധിപത്യം തന്നതും സാങ്കേതികവിദ്യയാണ്‌; ഫ്യൂഡലിസമല്ല.


5. ഓർമ്മിക്കാൻ
    എം.എസ്‌. രഞ്ജിനി 'ഇന്ന്‌' മാസിക (ആഗസ്റ്റ്‌) യിലെഴുതിയ കുറിപ്പിനു വെടിയുണ്ടയുടെ ശക്തിയുണ്ട്‌. ഇതാണ്‌ ആ വാക്കുകൾ: പൊട്ട കൃതികളുമായി, വിളയാടാൻ സാഹിത്യരംഗം തിരഞ്ഞെടുത്ത ചില സരിതമാരും ശാലുമാരും ഓർത്തിരിക്കേണ്ട കാര്യം, യൗവ്വനകാലം കഴിഞ്ഞാൽ, കൊണ്ടാടിയ പത്രാധിപർ തന്നെ അവരെ വനവാസത്തിനയയ്ക്കും എന്നതാണ്‌. പത്രത്തിനു നിശ്ചിത തുക നൽകുന്ന എഴുത്തുകാരുടെ മുഖചിത്രവും അഭിമുഖവും അച്ചടിച്ച്‌ പ്രത്യേക പതിപ്പിറക്കുന്ന ചില ചെറുമാഗസിനുകൾ മലയാളത്തിലുണ്ട്‌. ആ എഴുത്തുകാരോട്‌ (പത്രത്തോടും) നിപുണരായ വായനക്കാർക്കുള്ളത്‌ സഹതാപം മാത്രമാണെന്ന്‌ അറിയുന്നുണ്ടോ?

6. ഉപദേശം
     വിദ്യാലയങ്ങളിൽ പഠിപ്പിച്ചത് സത്യം പറയണമെന്നും തൊഴിലിൽ ആത്മാർത്ഥത കാണിക്കണമെന്നുമാണ്‌. പ്രണയം അവിടെ പഠിപ്പിച്ചതേയില്ല. എന്നാൽ ഇപ്പോൾ ടെലിവിഷനിലും സിനിമയിലും മാധ്യമത്തിലും പ്രണയം, കുറ്റകൃത്യം എന്നിവ മാത്രമേയുള്ളൂ. സത്യസന്ധതയില്ലാത്തവർ പ്രണയിക്കുന്നതാണ് ഇന്നത്തെ ദുരന്തം. ബാക്കിയെല്ലാം പോയി. 'സപര്യ' മാസികയിൽ അശ്‌റഫ്‌ കല്ലോട്‌ എഴുതിയ 'ഉപദേശം' എന്ന കഥയിൽ സത്യം മാത്രം പറയണമെന്ന്‌ മുതിർന്നവർ ഉപദേശിച്ചതിന്റെ ഫലമായി സത്യവാനായി വളർന്നവന്റെ കാര്യം പറയുന്നുണ്ട്‌. എന്നാൽ ഇപ്പോൾ ആളുകൾ പറയുന്നു, 'നീ ജീവിക്കാൻ പഠിക്കണമെന്ന്‌'!

7. പുസ്തകങ്ങൾ
    പവിത്രൻ ഓലശ്ശേരിയുടെ 'ടൈം' എന്ന നോവലും (യുവമേള പബ്ലിക്കേഷൻ) ബിജു പൊയ്കയിലിന്റെ 'അകന്നുപോകുന്ന നിലവിളി' എന്ന കഥാസമാഹാരവും (രചന ബുക്സ്‌) ഈയിടെ വായിച്ചു. ഈ ചെറുപ്പക്കാരിൽ എനിക്കു വിശ്വാസമുണ്ട്‌.
    നല്ലൊരു സാമൂഹ്യനിരീക്ഷകനാണ്‌ കെ.ജി.ഉണ്ണികൃഷ്ണൻ. ചുറ്റുമുള്ള അരുതായ്കകളോട്‌ വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുന്ന, അദ്ദേഹത്തിന്റെ കുറിപ്പുകളുടെ സമാഹാരമാണ്‌. 'ഒരു കല്ലെങ്കിലും എനിക്കെറിയണം' (അവന്തി) ഇത്തരം മനസ്സുകൾ നമുക്കാവശ്യമാണ്‌.

8.ഡോ. കെ.ജി.ബാലകൃഷ്ണൻ
    മലയാളത്തിൽ പത്ത്‌ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഡോ.കെ.ജി.ബാലകൃഷ്ണന്റെ ആദ്യ ഇംഗ്ലീഷ്‌ കവിതാസമാഹാരം, 'വേവ്സ്‌ ഓഫ്‌ ഗംഗ' ലോകപ്രസാധകരായ 'ആമസോൺ' പ്രസിദ്ധീകരിച്ചു. ഇന്ത്യയുൾപ്പെടെ പത്ത്‌ രാജ്യങ്ങളിൽ ഇത്‌ ലഭ്യമാണ്‌.

9. സെക്സ്‌
    സെക്സ്‌ പാപമാണെന്ന്‌ മലയാളി മനസ്‌ വിശ്വസിക്കുന്നു. നമുക്ക്‌ സെക്സ്‌ പ്രകൃതിയാണെന്ന തിരിച്ചറിവില്ല. അതുകൊണ്ടാണ്‌ നമ്മുടെ വിവാഹബന്ധങ്ങൾ തൃപ്തിയില്ലാത്ത നരകമായി വഴിപിരിയുന്നത്‌. 

10. കെ.സി.നാരായണൻ
    സാഹിത്യപത്രപ്രവർത്തകനെന്ന നിലയിൽ കെ.സി.നാരായണൻ ഇന്ന്‌ സജീവ ശ്രദ്ധാകേന്ദ്രമാണ്‌. സാഹിത്യപത്രപ്രവർത്തനം എന്ന ശാഖയിൽ എഡിറ്റർമാരെ കിട്ടാൻ ഏറ്റവും പ്രയാസമാണ്‌. അവരുടെ കുലം തന്നെ അറ്റുപോയിരിക്കുന്നു. അതിനിടയിൽ, കെ.സി.നാരായണൻ നല്ലൊരു  സാന്നിദ്ധ്യമാണ്‌. 

11. ചൊവ്വല്ലൂർ
    ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 'ഒരു പക്ഷി മുമ്പേ പറന്നുപോയി!' എന്ന ശീർഷകത്തിൽ എഴുതിയ കവിത (ഭാഷാപോഷിണി, ആഗസ്റ്റ്‌) ഏശിയില്ല. അദ്ദേഹം ഇടയ്ക്കിടെ കവിതയുടെ ശീർഷകം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. വായനക്കാർ ശീർഷകം മറന്നുപോയാലോ? ഒടുവിൽ, വായനക്കാർക്ക്‌ ഈ ശീർഷകം മാത്രമേ സ്വന്തമായുള്ളു.
12. വർത്തമാനം
    വെറുതെ ഇരുന്ന്‌ വർത്തമാനം പറഞ്ഞാൽ അതും കവിതയാവുകയാണ്‌! ബിപിൻ ചന്ദന്റെ 'ആശാനും വ്യാക്ഷേപകവും പിന്നെ ഞാനും' (മലയാളം വാരിക, ആഗസ്റ്റ്‌ 30) എന്ന കവിത വായിക്കേണ്ടി വന്നത്‌ ഒരു ശിക്ഷയായിപ്പോയെന്ന്‌ അറിയിക്കട്ടെ.
"ആശാനെപ്പറ്റി/അതുമിതുമെഴുതിയതിനു/
മദനൻമാഷിന്റെ ചൂരൽ/
ചന്തിയിൽ ചെന്തീയായി"
13. അമ്മുനായർ
    ഏഴാം വയസിനുള്ളിൽ ലോകത്തെ വിസ്മയിപ്പിച്ച ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ ജീവിതത്തെപ്പറ്റി അമ്മുനായർ എഴുതിയ ' എ ബ്രീഫ്‌ അവർ ഓഫ്‌ ബ്യൂട്ടി' എന്ന പുസ്തകത്തെപ്പറ്റിയാണ്‌ പ്രിയ എ.എസ്‌ കുറിക്കുന്നത്‌. (മലയാളം വാരിക, ആഗസ്റ്റ്‌ 30) ക്ലിന്റ്‌ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ മുപ്പത്തിയേഴ്‌ വയസുണ്ടാകുമായിരുന്നു എന്ന്‌ പ്രിയ ഓർമ്മിപ്പിക്കുന്നു. കോടികൾ മുടക്കി ബിനാലെ കലിതുള്ളിയത്‌ ക്ലിന്റിന്റെ വീടിനടുത്ത്‌, ഫോർട്ടുകൊച്ചിയിലായിരുന്നു. എന്നിട്ടും ക്ലിന്റിന്റെ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാനായി ഒരിടം ഉണ്ടായില്ല! നമ്മൾ നന്ദികെട്ടവരാണ്‌.

14. സിസ്റ്റർ ജെസ്മി
    ന്യൂജനറേഷൻ സിനിമക്കാർ കീഴ്ശ്വാസത്തിനും കക്കൂസിനും പിന്നാലെയാണ്‌ പോകുന്നതെന്നും ഇത്‌ സഭ്യതയെപ്പറ്റിയുള്ള അറിവില്ലായ്മയാണെന്നും സിസ്റ്റർ ജെസ്മി (വീട്ടിലേക്ക്‌ വരുന്ന കീഴ്ശ്വാസം, കലാകൗമുദി, 1981) എഴുതിയത്‌ ഉചിതമായി. ഇന്ന്‌ ചലച്ചിത്ര നിരൂപണം ഇല്ലല്ലോ. വിമർശിച്ച്‌ എഴുതിയാൽ, സിനിമാക്കാർ ഉപരോധിക്കും.

15. ആനന്ദ്
    കാര്യമായൊന്നും എഴുതാത്ത സി.ആർ.പരമേശ്വരനെ ഒരു മിശിഹാ ആയി അവതരിപ്പിക്കുകയാണ്‌ ആനന്ദ് ​‍. പരമേശ്വരന്റെ 'പ്രകൃതിനിയമം' എന്ന നോവലിനെ വിമർശിച്ച്‌ 20 വർഷങ്ങൾക്ക്‌ മുമ്പ്‌ ഞാൻ 'കുങ്കുമ'ത്തിൽ എഴുതിയിരുന്നു. അതൊരു രണ്ടാംതരം നോവൽമാത്രമാണ്‌. പരമേശ്വരന്റെ ഗദ്യരചനകളും ഉന്നതമല്ല. അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു ചുറ്റും വട്ടം കറങ്ങുകയാണ്‌. ഇന്നാകട്ടെ, കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും ആഗോള രാഷ്ട്രീയസാഹചര്യത്തിൽ നിസ്സഹായരാണെന്ന്‌ അദ്ദേഹം എന്ന്‌ മനസ്സിലാക്കുമോ ആവോ?

16. യു.കെ.കുമാരൻ
    യു.കെ.കുമാരന്റെ 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവൽ  പ്രാദേശികത കുത്തിനിറച്ച  പഴയരചനാ സമ്പ്രദായമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. ഒരു സ്ഥലത്തിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ പഠിക്കാൻ വേണ്ടിയല്ല ആളുകൾ നോവൽ വായിക്കുന്നത്‌. നോവലിന്റെ കല സമീപകാലത്ത്‌ വളരെ മുന്നോട്ടുപോയിരിക്കുന്നു. ഡബ്ല്യു.ജി.സെബാൾഡ്‌(W G SEBALD), ജിയോഫ്‌ ഡയർ(Geoff Dyer), യാൻ മാർട്ടൽ(Yann Martel), യോസാ( Mario Pedro Vargas Llosa) തുടങ്ങിയവർ നോവൽ ആഖ്യാനത്തെ മാറ്റിമറിച്ചു. ഇതൊന്നുമറിയാതെ, ഒരു പ്രദേശത്തിന്റെ ചരിത്രവും ഭാഷയുമായി വരുകയാണ്‌ കുമാരൻ.
സാഹിത്യം: യു  ഹുവായുടെ ടു ലിവ്‌
    ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്തിന്റെ ദുരനുഭവങ്ങളാണ്‌ പ്രമുഖ ചൈനീസ്‌ എഴുത്തുകാരനായ Yu Hua യുടെ To Liveഎന്ന നോവലിൽ അവതരിപ്പിക്കുന്നത്‌. 1936 മുതൽ സാംസ്കാരിക വിപ്ലവത്തിന്റെ അന്ത്യം(1975) വരെയുള്ള കാലം ഇവിടെ ചർച്ച ചെയ്യുന്നു. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചെയർമാനായ മാവോ സേദോങ്ങ്‌ ചൈനയെ ഒരു സമ്പൂർണ്ണ കമ്മ്യൂണിസ്റ്റ്‌ രാജ്യമാകുന്നതിനായി വർഗസമരത്തിനു ആഹ്വാനം ചെയ്യുകയായിരുന്നു. വലിയ പ്രഭുക്കന്മാരെയും മുതലാളിത്ത ഉദ്യോഗസ്ഥന്മാരെയും കൊന്നൊടുക്കി മുന്നേറിയ 'വിപ്ലവം' നാട്ടിൽ ദുസ്സഹമായ ദാരിദ്ര്യവും ദുഃഖവും സൃഷ്ടിക്കുന്നതിടയാക്കി. ലൈബ്രറികൾ തീവച്ച്‌ നശിപ്പിക്കപ്പെട്ടു. എന്നാൽ മാവോയുടെ പിന്താങ്ങികളായി  സ്വയം പ്രഖ്യാപിച്ചവരെല്ലാം രക്ഷപ്പെട്ടു. 

    വലിയൊരു ഭൂവുടമയുടെ മകനായ ഫ്യൂഗി (Fugui)യുടെ രണ്ട്‌ ജീവിതങ്ങൾ ഇവിടെ കാണാം. ചൂതുകളിച്ച്‌, ജീവിതം ലക്ഷ്യമില്ലാതെ തട്ടിക്കളിച്ച ഫ്യൂഗിക്ക്‌ യഥാർത്ഥ കഷ്ടപ്പാടുകൾ അറിയില്ലായിരുന്നു. അയാൾ സ്വന്തം കുടുംബത്തോട്‌ ഒരിക്കലും ആത്മാർത്ഥത കാണിച്ചിരുന്നില്ല. ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തി. വീട്ടിൽ ധനികനായ ഒരുവൻ കയ്യേറി താമസിക്കുന്നതോടെ അയാൾ മറ്റൊരു ചെറിയ വീട്ടിലേക്ക്‌ താമസം മാറ്റുന്നു. പ്രതാപിയായ അവൻ ദരിദ്രനായിമാറി. പിതാവ്‌ ഇതിനിടയിൽ മരിക്കുന്നു.
    എന്നാൽ അവിടെ മറ്റൊരു ജീവിതം ആരംഭിക്കുകയാണ്‌. ജീവിതത്തിന്റെ പതനം കണ്ട അവൻ കുടുംബത്തിന്റെ വില മനസ്സിലാക്കുന്നു. അമ്മയുടെ ചികിത്സയ്ക്കായി ഡോക്ടറെ തേടിപ്പോയ ഫ്യൂഗിയെ കമ്മ്യൂണിസ്റ്റുകാർ തടവിൽ പാർപ്പിക്കുന്നു. രണ്ടുവർഷം കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോൾ ദുരന്തങ്ങളാണ്‌ കാത്തിരിക്കുന്നത്‌. അമ്മ നേരത്തെ മരിച്ചു. പനി പിടിച്ച്‌ രക്തം വിറ്റ്‌ മകൻ മരിക്കുന്നു. മകളും അസുഖംമൂലം മരിക്കുന്നു. പട്ടിണിയും അസുഖങ്ങളും മൂലം ഭാര്യയും മരിക്കുന്നു. മരുമകൻ അപകടത്തിലാണ്‌ മരിക്കുന്നത്‌. ബീൻസ്‌ തൊണ്ടയിൽ കുരുങ്ങി പേരക്കുട്ടിയും ലോകത്തോട്‌ വിടപറയുകയാണ്‌.
    ഒടുവിൽ ഫ്യൂഗിയുടെ കൂടെ പഴയ കാളമാത്രം. അയാൾ പക്ഷേ, ജീവിതത്തെ നിരാകരിക്കുന്നില്ല.
    രണ്ടുമാസമായി ചോറ്‌ കഴിക്കാതെ പട്ടിണി കിടക്കുന്നവർക്ക്‌ അരി കാണുമ്പോഴുള്ള സന്തോഷവും ചോറുവേവുന്നതിന്റെ മണം ആസ്വദിക്കുമ്പോഴുള്ള ഉന്മാദവും ഹു യുവ അനുഭവത്തിൽ തൊട്ട്‌ ആവിഷ്കരിക്കുന്നുണ്ട്‌.  ഈ നോവൽ Zharg Yimou സിനിമയാക്കി. എന്നാൽ അതും നിരോധിക്കപ്പപ്പെട്ടു. സിനിമ നിരോധിക്കപ്പെട്ടതോടെ യു ഹുവയുടെ നോവൽ ഇംഗ്ലീഷിൽ വൻവിജയമായി. യു ഹുവയുടെ മറ്റൊരു പ്രശസ്ത ലാണ്Chronicle of a Blood Merchant.

അക്ഷരജാലകം
 അക്ഷരജാലകം അവസാനിപ്പിച്ചശേഷം, വായനക്കാരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞ്‌ ഞാൻ മടുത്തു. പംക്തി തുടരണമെന്ന്‌ അനേകം സുഹൃത്തുക്കൾ എന്നോടാവശ്യപ്പെട്ടു. ഒരാൾ പറഞ്ഞത്‌, ഇങ്ങനെയൊരു ചതി എന്നോടു വേണ്ടായിരുന്നു എന്നാണ്‌! പംക്തി തുടങ്ങിയില്ലെങ്കിൽ, ഇനി താങ്കളെ കാണണമെന്നില്ല എന്ന്‌ പറഞ്ഞ്‌ ഒരു യുവാവ്‌ ബന്ധം അവസാനിപ്പിച്ചു. ഇവർക്കെല്ലാം വേണ്ടിയാണ്‌ ഞാൻ പംക്തി ഓൺലൈനിൽ പുനരാരംഭിക്കുന്നത്‌. എവിടെയായാലും  വായിക്കുന്നവരെ ഞാൻ നിരാശപ്പെടുത്താൻ പാടില്ല.
    ഒന്നും വായിക്കാതെ, ആർത്തിമാത്രം കൊണ്ടുനടന്നാൽ കോളമെഴുതാൻ പറ്റില്ല. ഇക്കാലത്ത്‌ പണംകൊടുത്ത്‌ വാങ്ങാൻ കഴിയാത്തത്തായി ഒന്നും തന്നെയില്ല. പിന്നെയാണ്‌ സാഹിത്യം! നിങ്ങൾ ഏതെങ്കിലും വാരികയിൽ ഒരു നോവലെഴുതുകയാണെന്ന്‌ സങ്കൽപ്പിക്കൂ. പരമ്പരയായി വരുന്നതിനിടയിൽ, അത്‌ നിർത്തിച്ചാൽ അത്ഭുതപ്പെടാനില്ല. ശക്തിയുള്ളവൻ നിങ്ങളുടെ നോവൽ നിർത്തിച്ചശേഷം, അവന്റെ  ചവർ നോവൽ തുടങ്ങും! കാലമതാണ്‌. എല്ലാ മര്യാദകളും ധർമ്മങ്ങളും നഷ്ടമായ, ബീഭൽസമായ പ്രേതലോകമാണിത്.
   ബസിൽ, നിന്ന്‌ യാത്രചെയ്യുന്നവർ, ഒരാൾ അബദ്ധവശാൽ എഴുന്നേൽക്കുന്നത്‌ കണ്ട്‌ മോഹിച്ചുവശായി,   ബലമായി  ഇരിക്കുന്നവനെ തള്ളിനീക്കി  സീറ്റു തരപ്പെടുത്തുന്ന പ്രവണത സാഹിത്യരംഗത്ത്‌ ഉണ്ടാകുന്നത്‌ നല്ലതാണോയെന്ന്‌ വായനക്കാർ ചിന്തിക്കണം.
    ഞാൻ ഓൺലൈനിലേ ഇനി കോളം എഴുതൂ.സ്കൂൾ ബഞ്ചിലെ തിക്കിത്തിരക്ക്  ഇനി വയ്യ!

വിമർശനം
എന്നെ വിമർശിക്കൂ എന്ന്‌ പലരും പറയും; പക്ഷേ, അവർക്കെല്ലാം വേണ്ടത്‌ സ്തുതിയാണ്‌.
-സോമർസെറ്റ്‌ മോം( Somerset Maugham)ബ്രിട്ടീഷ്‌ എഴുത്തുകാരൻ

AKSHARAJALAKAM

AKSHARAJALAKAM/