Tuesday, October 23, 2012

പുസ്തകങ്ങൾ

Self  Knowledge
Roy Eugene Davis
new age books
rs 225/
nab@newagebooksindia.com
www.newagebooksindia.com

Itrospections On The Gita

Indrajith Singh Rathore
rs 25/
nab@newagebooksindia.com
www.newagebooksindia.com
ഓർമ്മയുടെ ശാകുന്തളം
പ്രഭാത് ബുക്സ്
വില 60/

Monday, July 16, 2012

കല്ലുകൾ/എം.കെ.ഹരികുമാർ





കല്ലുകള്‍ ഒരു ഭൂതകാലത്തെ
നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌.
ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,
അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്‌
മൌനത്തെ ദൃഢമുള്ളതാക്കുന്നു.


ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുക
എന്ന വിധി അവ ഏറ്റെടുക്കുന്നില്ല.
കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെ
ഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.
കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്ന
വികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്‌.
നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്‌.


ഏതെങ്കിലും വികാരം രക്ഷിതാവോ പന്ഥാവോ
ആകുമെന്നൊന്നും വിശ്വസിക്കാതെ,
ചുറ്റിനുമുള്ള ലോകത്തിന്‍റെ അതാര്യതയില്‍ ,
നമ്മെപ്പോലെ കല്ലുകളും സ്വയം ഒളിപ്പിക്കുന്നു.
മുട്ടിയാല്‍ തുറക്കാത്ത എല്ലാ വാതിലുകളും സംഗമിക്കുന്ന
ഒരിടം കല്ലുകള്‍ സൂക്ഷിക്കുന്നുണ്ട്‌.
എന്നാല്‍ അവ ഒരിക്കലും ആ വാതിലുകളിലോ ,
വാതിലുകള്‍ക്കുള്ളിലെ നിശ്ശബ്ദമായ കാല ചംക്രമണങ്ങളിലോ
പ്രതീക്ഷയോടെ നോക്കുന്നില്ല.
കാലം നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കല്ലുകള്‍
മൌനത്തിന്‍റെ നിശ്ചലതകളായി പരിവര്‍ത്തിപ്പിക്കുന്നു.
സ്വയം ഒഴിഞ്ഞു പോകുന്നതോ
മറ്റുള്ളവര്‍ ഒഴിപ്പിക്കുന്നതോ
ഒരുപോലെ വ്യര്‍ത്ഥമാണെന്നറിയുന്നത്‌
കല്ലുകള്‍ക്ക്‌ ജ്ഞാനമൊന്നുമല്ല;
നിര്‍വികാരതയാണ്‌.
ഒരു രൂപമാറ്റം, ഇല്ലാതാകല്‍, സഞ്ചാരം-
എല്ലാം ഭ്രമാത്‌കമായ ജീവിതത്തിന്‍റെ
വിവിധ ജന്‍മങ്ങള്‍ മാത്രം.
എങ്കിലും പരിത്യാഗം, വിശുദ്ധി, നന്‍മ എന്നിങ്ങനെ
ഏതെങ്കിലും മിഥ്യകളിലൂടെ കടന്നുപോകുന്നത്
കല്ലുകള്‍ക്ക്‌ നവമായ അദ്വൈതമാണ്‌;
സ്വയം  നിരസിക്കാനും നിർമ്മിക്കാനുമുള്ള കാലം.


ആനന്ദമയമായ മറവിയാണ്‌.
നിഗൂഢമായ ഇച്ഛാപ്രവാഹമാണ്‌.
കല്ലുകള്‍ക്ക്‌ എല്ലാവരെയും ഇഷ്ടമാണ്‌.
എന്നാല്‍ അത്‌ ആരെയും പ്രതീക്ഷിക്കുന്നില്ല.
ഇഷ്ടമായിരിക്കുമ്പോഴും , വേര്‍പെടുന്നതിനെപ്പറ്റിയോ
തിരിച്ചുവരുന്നതിനെപ്പറ്റിയോ വേവലാതിപ്പെടുന്നില്ല.
പിറക്കുന്നതിന്‍റെ അര്‍ത്ഥം അത്യപാരമായ നിര്‍വ്വേദത്തെ
ഉള്ളിലൊതുക്കി നിശ്ശബ്ദതയുടെ കടുത്തരൂപമാകുക
എന്നാണെന്ന് അവയ്ക്കറിയാം.


കല്ലുകളില്‍ പക്ഷേ , എല്ലാമുണ്ട്‌.
ഇന്നത്തെ സംഭവങ്ങളും നാളത്തെ വിയോഗങ്ങളും വരെ.
കല്ലുകള്‍ സഞ്ചരിക്കുകയാണ്‌.
രണ്ട്‌ പേര്‍ ചുംബിക്കുമ്പോള്‍
അവ ചുണ്ടുകളായി ഒളിച്ചുകടക്കുന്നു.
ഇണചേരുമ്പോള്‍ അവ ആത്യന്തികമായ
വിസ്മൃതിക്കായി ചെവിയോര്‍ക്കുകയാണ്‌.


ചിരിക്കുമ്പോള്‍ മറഞ്ഞിരുന്ന് അവ
ശീത നിഷ്ക്രിയതകളെ താലോലിക്കുന്നു.
ജോലി ചെയ്യുമ്പോള്‍ കല്ലുകള്‍ നമ്മുടെ
സീറ്റുകള്‍ക്ക്‌ താഴെ നിലയുറപ്പിക്കുന്നു.
നമുക്ക്‌ അവയ്ക്ക്‌ മുകളില്‍ ഇരിക്കാം.
എല്ലാ ഇടപാടുകാരുടെ മുന്‍പിലും മധ്യവര്‍ത്തിയായി
കയറിയിരിക്കുക എന്നത്‌ കല്ലുകളുടെ ജോലിയാണ്‌.


പ്രണയികള്‍ തമ്മില്‍ അകന്നിരിക്കുമ്പോള്‍
കല്ലുകള്‍ക്ക്‌ ഒരുപാട്‌ ജോലിയുണ്ട്‌.
അവ ഉറങ്ങാതിരിക്കും.
ഓരോ നിമിഷവും അവ പാഴാക്കതെ
പ്രണയികളെ വെവ്വേറെ അറകളിലായി പകുത്തുവയ്ക്കും .
അറകള്‍ പൊളിക്കുക എന്നത്‌
ഓരോ കമിതാവിന്‍റെയും വെല്ലുവിളിയാണ്‌.

അട്ടകള്‍ -എം.കെ.ഹരികുമാര്‍



വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയില്‍
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകള്‍ക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത അവയുടെ ഉടലിലെ മറ്റൊരു ഉരഗമാണ്.
ആവശ്യപ്പെടുമ്പോള്‍
മറ്റൊരു ഉരഗമായി  അത് ചലിച്ചു തുടങ്ങും.


അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.
ഇണയെ കാണുമ്പോള്‍
വേഗം അതീവ ചെറു ചലനങ്ങളോടെ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളില്‍
വലിയൊരു രാഷ്ട്രം
നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
അക്കാരണത്താല്‍ അത്‌ നീണ്ടുപോകും.
സമയമാപിനികൾക്കപ്പുറത്തുള്ള
ഒരു സമയമാണത്.
സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ .
സ്വച്ഛന്ദമായ ജീവിതമാണ്‌ .
വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന
അട്ടകള്‍ക്ക്‌ പക്ഷേ ,അതിരുകളില്ല.
ഉയരമുള്ള മതിലിന്റെ ഓരത്ത്‌
താഴേക്ക്‌ വീഴുമെന്ന ഭയമില്ലാതെ
അട്ട ഇണയുടെ മുകളിലമര്‍ന്നിരിക്കുന്നു .
ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ്‌ ,
അത്‌ മൈഥുനമല്ല ;
ജീവിതമെന്ന മഹാസന്ദിഗ്ദ്ധതകളുടെ അടഞ്ഞ അദ്ധ്യായമാണ്.
അട്ടയുടെ രതി വൈകാരിക പൂര്‍ത്തിയല്ല ,
ജീവിത സംവേദനമാണ്‌ .

മറ്റൊരിടത്ത്‌ ,തീവ്രമായ ഭൗതിക അസക്തിയുമായി
അലയുന്നതിനു പകരം ,
ഇണയുടെ മുകളിലിരിക്കുന്നതാണ്‌
അതിന്റെ ജീവിതം.
ജീവിതം മറ്റെവിടെയുമില്ല ;
സ്വന്തം ഇണയുടെ മുകളില്‍ -
സപ്തസ്വരങ്ങളുടെ നിശ്ശബ്ദ തടാകങ്ങള്‍ ,
ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങള്‍ .
ഇണയ്ക്ക്‌ മേലെ കിടന്ന്‌
സമയത്തെ അനുഭവമാക്കുന്നത്‌ ,
ആനന്ദത്തെ വേര്‍തിരിച്ചെടുക്കുന്നത്‌
അട്ടയുടെ പ്രതീതി ജീവിതമാണ്.

അനുരാഗം ദീര്‍ഘിച്ച വ്യവഹാരമോ
കാമം ഒരിടത്തുവച്ച്‌ തീരുന്ന
ആവേഗമോ അല്ല ;
അത് മൈഥുന ക്രീഡയില്‍ നിന്ന്‌
വേര്‍പെട്ട്‌ വീഴുന്ന പാതാളക്കുഴിയാകാം .
പക്ഷേ, അതൊന്നും
അട്ടയെ ദുഃഖിപ്പിക്കുന്നില്ല

AKSHARAJALAKAM

AKSHARAJALAKAM/