Thursday, July 28, 2011
Thursday, July 21, 2011
വേഗത എന്ന ഉപഭോഗവസ്തുവും നവാദ്വൈതവും
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" -
ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന്ന് ചേർന്നതാണ്. ഒരിടത്ത് നേരത്തെ എത്തണം, നേരത്തെ അറിയണം എന്നീ വിചാരങ്ങളാണല്ലോ സ്പീഡിൽ നമ്മെ കൊണ്ടെത്തിക്കുന്നത്. വെറും മത്സരബുദ്ധിയോടുകൂടി മാത്രം സ്പീഡിനെ ആശ്രയിക്കുന്നവരും കണ്ടേക്കാം. അത് കേവലസ്പീഡാണ്. ഒരാവശ്യവുമില്ലെങ്കിലും വേഗത്തിൽ പോകുന്നവരുണ്ട്. വേഗം അവർക്ക് മറ്റൊരു പ്രമേയമാണ്. വേഗത്തിൽ അവർ ജീവിക്കുന്നു. വേഗതയിലൂടെ അവർ സ്വയം ആവിഷ്കരിക്കുകയാണ്. പലതരം വേഗങ്ങളുണ്ട്. ഓട്ടോമൊബെയിൽ, സ്പോർട്ട്സ് രംഗങ്ങളിലുള്ള വേഗത ഇതിന്റെ ഭാഗമാണ്. ഉപകരണമോ സ്വന്തം ശരീരം തന്നെയോ ഉപയോഗിച്ച് നാം വേഗതയെ അറിയുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തേക്ക് ജീവിതവേഗം മാറിപ്പോയിരിക്കുകയാണ്. ഇന്നത്തെ വേഗം നിലനിൽപനോ മറ്റുള്ളവർക്ക് ഒപ്പമെത്താനോ ആണ്. ഈ ഒപ്പമെത്തൽ മാനസികപ്രശ്നമാണ്. മാനസികമായ ദുരിതവും ഉന്മാദവുമാണ്, ഒരേസമയം.
ഈ വേഗത്തെ ഇന്ന് പലവഴിക്ക് സംസ്കാരവൽക്കരിച്ചാണ് നമ്മൾ ജീവിക്കുന്നത് എന്നത് യാഥാർത്ഥ്യമാണ്. വേഗം ഇന്ന് സാംസ്കാരിക രൂപകമാണ്. അതിന്റെ പല കൈവഴികൾ, ആവിഷ്കാര ഉപാധികൾ ഇന്നുണ്ട്. ഗോാഗിളൈസേഷൻ (Googlization) 'ലൈവ്' ഷോ, അചരിത്രവൽക്കരണം, വലിച്ചെറിയൽ, നൈമിഷികത, എന്നീ സാംസ്കാരിക കേന്ദ്രങ്ങളിലൂടെയാണ് വേഗം എന്ന ഉപഭോഗവസ്തു ഇന്ന് ചെലവാക്കപ്പെടുന്നത്. വേഗത ഉപഭോഗവസ്തുവാകുന്നതിനു, സാങ്കേതികമാധ്യമ രംഗങ്ങളിലെ നൂതനത്വമാണ് വഴിയൊരുക്കുന്നത്. പലതരം ഉപകരണങ്ങൾ പ്രവഹിക്കുകയാണ്. എല്ലാ ഉപകരണങ്ങളുടെയും നിർമ്മാണവും പ്രവർത്തനരീതിയും സൗന്ദര്യവും ഏകോപിപ്പിക്കുന്നതും ലക്ഷ്യമാക്കുന്നതും ഈ വേഗതയെ മുന്നിൽ കണ്ടാണ്. എല്ലാ ഉപകരണങ്ങളും വേഗതയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. വാഷിംഗ് മേഷിൻ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ഐയൺബോക്സ്, ഓട്ടോമൊബെയിൽ, മൊബെയിൽഫോൺ, മെഡിക്കൽ ഉപകരണങ്ങൾ, ക്യാമറ, തുടങ്ങിയവയ്ക്കെല്ലാം വേഗത ഘടകമാണ്. വേഗത പലപ്പോഴും ആകർഷകമായ മുദ്രാവാക്യമായി രൂപപ്പെടുന്നുണ്ട്. വേഗതയില്ലെങ്കിൽ ക്യാമറ, ഓട്ടോമൊബെയിൽ വ്യവസായം തന്നെയില്ല. വേഗതയെ ഇന്ന് വൻശക്തിയാക്കുന്നത്, തീർച്ചയായും സാങ്കേതികശാസ്ത്രമാണ്. അതിനനുസരിച്ച് മനുഷ്യന് ഓടാതിരിക്കാനാവില്ല. കാലത്തിന്റെ വേഗത വർത്തമാനകാലത്തിലാണ് കത്തിപ്പടരുന്നത്. ചിലപ്പോൾ ഒരു കാലമേയുള്ളു; അത് വർത്തമാനകാല നിമിഷമാണ്.
ഗൂഗിളൈസേഷൻ
സെർച്ച് എഞ്ചിനായ (Search Engine)ഗോാഗിൾ (Google)ഇന്ന് മൂല്യത്തെയും വസ്തുവിനെയും ലെവൽചെയ്ത് ഒരുപോലെയാക്കിക്കൊണ്ട് പുതിയ സംസ്കാര വ്യതിയാനം (Cultural Shift)സാധ്യമാക്കിയിരിക്കുന്നു. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന വിഭജനം നമുക്കുണ്ടാകാം. എന്നാൽ ഗോാഗിളിനതില്ല. ഇത് മൂല്യങ്ങളെപ്പറ്റി നിലനിന്ന സകല മുൻഗണനാക്രമങ്ങളെയും തെറ്റിച്ചിരിക്കയാണ്. ഗൂഗിളിന് സാംസ്കാരികമായ ഉച്ചനീചത്വമോ ശ്രേണിയോ ഇല്ല. സെർച്ച് എഞ്ചിൻ എന്ന നിലയിൽ അതിന്റെ ജോലി, നാം എന്ത് ആവശ്യപ്പെടുന്നുവോ അത് കൊണ്ടുവന്ന് തരുക എന്നതാണ്. ഷേക്സ്പിയറെയും ബിൻലാദനെയും അത് ഒരുപോലെയാണ് കാണുന്നത്. മൂല്യങ്ങളുടെ പൈന്തുടർച്ചയോ ചരിത്രമോ ഇവിടെയില്ല. എല്ലാത്തിനും ഒരേ പ്രാധാന്യം. നാടുവാഴിത്ത കാലഘട്ടത്തിലാണെങ്കിൽ, ഇഷ്ടമില്ലാത്തതെല്ലാം കുഴിച്ചുമൂടുകയായിരിക്കും ചെയ്യുക. ചരിത്രത്തെ അത് ഇഷ്ടമുള്ള രീതിയിലാവും ചിത്രീകരിക്കുക. ഗൂഗിൾവൽക്കരണത്തിലൂടെ ആർക്കും എന്തും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുന്നു. വസ്തുക്കൾ അറിവുകളായാണ്, ഇവിടെ നിലനിൽക്കുന്നത്. അത് ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്. ഏത് വസ്തുവിനെപ്പറ്റിയുള്ള അറിവും എല്ലാവർക്കുമുള്ളതാണ്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ, എല്ലായിടത്തും ഒരേസമയം, (ഏത് സമയത്തും) പ്രാപ്യമാകുന്നു. പുസ്തകങ്ങൾക്ക് സാധിക്കാത്ത വിപ്ലവമാണിത്. ഗൂഗിൾ പേജുകൾ ലോകത്ത് എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നു.
ഭരണാധികാരികൾക്കോ ഏകാധിപതികൾക്കോ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നുമല്ലെന്ന സമീപനമാണിത്. നാളത്തെ ലോകത്തിന്റെ വ്യക്തിവാദപരമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യപരമായ നിലനിൽപ്പിന്റെയും സാർവ്വലൗകികമായ വീക്ഷണത്തിന്റെയും സൂചനകൾ ഗൂഗിളൈസേഷൻ നൽകുന്നു. വിവരങ്ങളിലേക്ക് നിങ്ങൾക്ക് എത്രവേഗത്തിൽ എത്താൻ കഴിയുമെന്ന് നിശ്ചയിക്കുന്നത് ഗൂഗിളാണ്. മാത്രമല്ല, ഒന്നിനെയും കൂടെക്കൊണ്ടുനടക്കുകയോ ഓർമ്മകൾകൊണ്ട് ഭാരം ചുമക്കുകയോ ചെയ്യേണ്ട സാഹചര്യവുമില്ല. ആവശ്യമുള്ളപ്പോൾ ഒരാൾക്ക് സാംസ്കാരിക ജീവിയാകാം, അയാളുടെ ഇഷ്ടംപോലെ. അതും പ്രാദേശികമായല്ല, ലോകനിലവാരത്തിലും വീക്ഷണത്തിലും. ഇന്നത്തെ സംസ്കാരത്തിന്റെ പൊതുസ്വഭാവങ്ങളെല്ലാം ഗൂഗിളൈസേഷ്നിലുണ്ട്. ഒരു വസ്തുവിനും അമിത പ്രാധാന്യമില്ല. എല്ലാം മറന്നാലും ഓർമ്മിക്കാം. ഓർമ്മകൾ നിർവ്യക്തീകരിക്കപ്പെട്ടവയാണ്. വ്യക്തികൾക്കാവശ്യമുള്ള സാംസ്കാരിക വസ്തുക്കളാണ് ഓർമ്മകൾ. ഓർമ്മകൾ, ചിലപ്പോൾ വൈകാരികം പോലുമല്ല. അത് വസ്തുക്കളുടെയിടയിലെ ഒന്നുമാത്രമാണ്. ഏത് വസ്തുവിനും പ്രതിനിധാനമാകാം, സ്വയം പ്രതിനിധീകരിക്കാം; മറ്റൊന്നാകാനും അവസരമുണ്ട്. ഗൂഗിൾ ഇത് മൂന്നും സാക്ഷാത്കരിക്കുന്നു. പൂവിനോ കാക്കയ്ക്കോ ടോൾസ്റ്റോയ്ക്കോ മറ്റൊന്നിന്റെ പ്രതീകം എന്ന നിലയിൽ ഗോാഗിളിലൂടെ അന്വേഷിക്കപ്പെടാനുള്ള സാഹചര്യം എപ്പോഴുമുണ്ട്. ടോൾസ്റ്റോയിയെ സെർച്ച് ചെയ്യുന്നത് ടോൾസ്റ്റോയിക്ക് വേണ്ടിയല്ല, ആ കാലത്തെപ്പറ്റിയും സഹപ്രവർത്തകരെപ്പറ്റിയും അറിയാനാകാം. ടോൾസ്റ്റോയിയെപ്പറ്റി കൂടുതൽ അറിയാനും സെർച്ച് ചെയ്യാം. ടോൾസ്റ്റോയിലൂടെ, കൃത്രികളിലെ പ്രധാനപ്പെട്ട അറിവുകളും അദ്ദേഹത്തെപ്പറ്റി മറ്റുള്ളവർ പറഞ്ഞിട്ടുള്ള കാര്യങ്ങളും മനസ്സിലാക്കിക്കൊണ്ട്, അദ്ദേഹത്തിനു ശേഷമുണ്ടായ കാലത്തെ അറിയാനുമാകാം. ടോൾസ്റ്റോയിയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ ചിലപ്പോൾ അദ്ദേഹത്തെതന്നെ മറ്റൊന്നായി അവതരിപ്പിക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനനുസരിച്ചാണ് ഗുഗിളൈസേഷൻ അനുഭവിക്കുന്നത്. തുടർച്ചയായി നോക്കേണ്ടതോ തീർക്കേണ്ടതോ ഒന്നുമില്ല. നാം ഇടയ്ക്ക് വച്ച് ബസ്സിൽ കയറുന്ന ആളാണെന്ന് സങ്കൽപിക്കുക, ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോകുകയും ചെയ്യാമല്ലോ. ഏതെങ്കിലും സ്റ്റോപ്പിൽ നിന്ന് കയറി മറ്റേതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രികനെപ്പോലെയാണ് നാം ഗൂഗിളൈസേഷനിൽ പങ്കാളിയാകുന്നത്. ഇത് നവാദ്വൈതത്തിന്റെ നിർമ്മാണമാണ്.
സെർച്ച് എഞ്ചിന്റെ ബോക്സിൽ ഏതെങ്കിലും വാക്ക് ടൈപ്പ് ചെയ്യുന്നതോടെ, നാം ഗോാഗിൾവൽക്കരണത്തിനു വിധേയരാവുന്നു. അതുപോലെ, ഏത് വസ്തുവിന്റെ ചിത്രമോ, വിവരണമോ ഗൂഗിൾ പേജുകളായിവരുന്നതോടെ അവ ഗോാഗിൾവൽക്കരണത്തിനു വിധേയമാകുന്നു.
ലൈവ്
ഇതിനുമുമ്പൊരിക്കലുമുണ്ടാകാത്ത സാംസ്കാരിക പ്രവണതയാണ് ലൈവ് ഷോകൾ. സംഭവങ്ങളും, വ്യക്തികളും 'ലൈവാ'കുന്നത് ഈ കാലത്തിന്റെ അനേകം പ്രത്യേകതകളുടെ പൊതുചിഹ്നമാണ്. കാണുന്നതിലാണ് ആളുകളുടെ വിശ്വാസം. കേൾവിയുടെ മാത്രം കാലം കഴിഞ്ഞു. കാണുമ്പോൾ പുതിയ അറിവുകൾ കിട്ടുന്നു. ഒരാൾ പാടുപാടുന്നത് കാണുന്നത്, വെറുതെ കേൾക്കുന്നതിനേക്കാൾ വിജ്ഞാനപ്രദമാണ്. എന്നാൽ അത് തത്സമയം കാണുകയാണെങ്കിലോ അറിവ് കൂടുന്നു. ടെലിവിഷൻ ഷോകളിൽ 'ലൈവ്' പരിപാടിക്കുള്ള മാർക്കറ്റ് ഒന്നിനും കിട്ടുകയില്ല. ഏത് താരനിശയാണെങ്കിലും, അത് ലൈവായി കാണിക്കാൻ കഴിഞ്ഞാൽ വൻഹിറ്റായിരിക്കും. ലൈവാകുന്നത് സാങ്കേതികവും ശാസ്ത്രീയവും കലാപരവുമായ വിജയമായിരിക്കും. എന്താണ് ഈ ലൈവ്? അത് ഒരേസമയം ചരിത്രവും ജീവിതവും ഓർമ്മയുമാണ്. ലൈവായി വരുന്ന വ്യക്തിക്ക് ജീവിതമുണ്ട്. അയാൾ നമ്മോടൊപ്പം ജീവിക്കുകയാണ്. ലൈവ് പ്രോഗ്രാം എന്ന സാംസ്കാരിക പ്രവർത്തനത്തിന് ഒപ്പം നിന്ന് നാം സാക്ഷിയാകുകയാണ്. അത് നമ്മുടെ ലൈവ്പ്രോഗ്രാമാണ്. നമ്മുടെകുടെയല്ല; നമ്മുടെ മാത്രമാണ്.
ലൈവാകുന്നില്ലെങ്കിൽ ജീവിക്കുന്നില്ല എന്ന അർത്ഥത്തിൽ, സംഭവങ്ങളായാലും വ്യക്തിയായാലും വിസ്മൃതമാവുകയാണിന്ന്. ലൈവ് എന്നതിന്, ഒരാൾ ജീവിക്കുന്നതിന്റെ വിലയാണുള്ളത്. ആ നിമിഷം കഴിഞ്ഞാൽ അയാൾ ഇന്നലെത്തെ വസ്തുവായിക്കഴിഞ്ഞു. അനുനിമിഷം പുതുതാകുന്ന, വീണ്ടുംജനിക്കുന്ന ലോകത്ത് ഒരാൾക്ക് ഓരോ നിമിഷവും ജീവിക്കുന്നവരെ മാത്രമേ മറ്റുള്ളവർ കാണുന്നുള്ളൂ. ഉപഭോക്തൃലോകത്തിന്റെ മത്സരവും പുതിയ ഉൽപന്നങ്ങളുടെ വരവും എന്തിനെയും ഉൽപന്നാധിഷ്ഠിതമായി കാണാൻ പരിശീലിപ്പിക്കുന്നു. മറ്റുള്ളവരുടെ പക്കലുള്ള വസ്തുക്കളാണ് ഒരാളെ ലൈവാക്കാൻ പ്രേരിപ്പിക്കുന്നത്. പുതിയ ആകർഷക ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതോടെ പുതിയതരത്തിൽ ലൈവാകും. കുറേക്കൂടി അപ്ഡേറ്റാകും. ഈ ബ്രാൻഡിംഗ് ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടർന്നിരിക്കുന്നു. വാർത്തപോലും ഇന്ന് ഷോപ്പിംഗായി മാറുകയാണ്. ടിവിചാനലുകൾ ഷോപ്പിംഗിലെന്നപോലെ ഉപയോഗിക്കാം. അപ്പോൾ ലൈവ്ഷോ എത്രയും താൽപര്യത്തോടെ ആളുകൾ കാണും. കാരണം ഷോപ്പിംഗ് രംഗത്ത് 'ലൈവി'നു വിലയേറുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിലും ഈ ഷോപ്പിംഗും ലൈവ് അനുഭവവും ഉണ്ടെന്ന് കാണാം. ഒരു രാഷ്ട്രീയ പ്രവർത്തകൻ പ്രകടനത്തിൽ പങ്കെടുക്കുന്നതോ പത്രസമ്മേളനം നടത്തുന്നതോ ആയ സംഭവം ലൈവായി കാണിക്കുമ്പോൾ, അതിന് വിനോദമൂല്യവുമുണ്ട്. അതിൽ താൽപര്യമില്ലാത്തവരും അത് കാണും. കാരണം അത് ലൈവായി കാണിക്കുന്നതുകൊണ്ടാണ്. ആ പ്രശ്നത്തിന്റെ ഉള്ളടക്കം വാർന്നുപോകുകയും 'ലൈവ്' എന്ന വർത്തമാനമുഹൂർത്തം ഉയർന്നു നിൽക്കുകയും ചെയ്യും. ലൈവ് പ്രകടനങ്ങൾക്കുള്ള 'ഗാരന്റി' ഒന്നിനുമില്ല. അങ്ങനെ രാഷ്ട്രീയ പ്രവർത്തകൻ ജീവിക്കുന്നു എന്ന പ്രതിച്ഛായ നേടുകയാണ്. അയാളെ, മറ്റുഷോകൾക്കിടയിൽ നിന്ന് പ്രത്യേകപ്രാധാന്യമുള്ളതെന്ന നിലയിൽ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു. ലൈവ് സത്യാഗ്രഹങ്ങൾ, പ്രകടനങ്ങൾ, പത്രസമ്മേളനങ്ങൾ ആഴത്തിൽ ജീവിക്കുന്നു. എന്നാൽ സംഭവം നടന്നു, മണിക്കൂറുകൾക്ക് ശേഷം കാണിക്കുന്ന വാർത്തകൾ തന്നെ വിശ്വാസയോഗ്യമല്ലാതാവുന്ന കാലമാണിത്. വാർത്തകളിൽ കൃത്രിമം കാണിക്കാനും എഡിറ്റുചെയ്യാനും അവസരം ലഭിക്കുന്നതോടെ അതിന്റെ ജീവൻ പോകുന്നു. മണിക്കൂറുകൾ കഴിഞ്ഞ ദൃശ്യങ്ങൾ കാണിക്കുമ്പോൾ, അതിനു ശേഷമുണ്ടായ പലതിന്റെയും പിറകിലേക്ക് അവ തള്ളപ്പെടുകയാണ്. ഇന്നത്തെ പ്രേക്ഷകരുടെ മനഃശ്ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത് ഉൽപന്നനിർമ്മാതാക്കളും കോർപ്പറേറ്റു സ്ഥാപനങ്ങളുമാണ്. ഈ സ്ഥാപനങ്ങൾക്കെല്ലാം വേണ്ടത് പുതിയ കാലാവസ്ഥയും വർത്തമാനകാലവുമാണ്. അതുകൊണ്ടാണ് ലൈവ് ടെലികാസ്റ്റിംഗ് ഇന്ന് പ്രധാനപ്പെട്ട സാംസ്കാരിക ഉൽപന്നമായി മാറുന്നത്. എപ്പോഴും ലൈവായി മാറുന്നയാൾക്കായിരിക്കും രാഷ്ട്രീയത്തിലായാലും സിനിമയിലായാലും വിപണി ലഭിക്കുക. കാരണം ആളുകൾ ഇന്നലെത്തെ കാര്യങ്ങളെല്ലാം മറക്കുകയാണ്. ഓർമ്മ ഭാരമായതിനാൽ, അവർ അന്നന്നത്തെ സംഭവങ്ങളിലാണ് വിശ്വസിക്കുന്നത്. ഓർക്കാനെന്തെങ്കിലുമുണ്ടാകണമെങ്
അചരിത്രവൽക്കരണം
അചരിത്രവൽക്കരണം എന്ന പദം ഞാൻ പുതുതായി ഉപയോഗിക്കുന്നതാണ്. ചരിത്രത്തിലേക്ക് ഒന്നിനെയും പോകാൻ അനുവദിക്കാതെ വർത്തമാനകാലം കൊണ്ടുതന്നെ ഉപയോഗിച്ചു തീർത്ത് വിസ്മൃതമാക്കികളയുന്ന പ്രക്രിയയെ ഞാൻ അചരിത്രവൽക്കരണം എന്ന് വിളിക്കുന്നു.
ഇന്ന് എത്രയോ സാംസ്കാരിക പ്രവർത്തകരും തൊഴിലാളികളും പ്രതിഭയുടെ ദാദാക്കളും ജീവിക്കുന്നു. അവരെയൊന്നും ആരും ഓർക്കുന്നില്ല. പ്രതിഭ എന്ന വാക്കു തന്നെ കാലഹരണപ്പെട്ടു. പ്രത്യേക സിദ്ധിയോ അറിവോ ആരുടെ പക്കലുമില്ല. എല്ലാവരും കൈത്തൊഴിൽ വിദഗ്ദ്ധന്മാരാണ്. പട്ടാളക്കാർക്ക് പകരം യുദ്ധസാങ്കേതിക വിദഗ്ദ്ധർ പ്രത്യക്ഷപ്പെട്ടതുപോലെ കലാകാരന്മാർക്ക് പകരം ഡിസൈനേഴ്സും സ്ക്രിപ്റ്റ് രചയിതാക്കളുമാണിന്നുള്ളത്. നോവലോ, കഥയോ കവിതയോ എന്തുമാകട്ടെ, അതെല്ലാം ഇന്ന് സ്ക്രിപ്റ്റാണ്. മറ്റൊന്നിനുള്ള അസംസ്കൃതവസ്തുമാത്രം.
സാംസ്കാരിക സംഘാടനം, അറിവു തൊഴിലാളിയുടെ ഉപജീവനം, ഉള്ളടക്കം ദാദാക്കളുടെ പ്രകടനം എന്നിവയെല്ലാം ഇന്ന് അചരിത്രമാകുകയാണ്. അവയൊന്നും ചരിത്രത്തിലില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മാധ്യമങ്ങൾ ഇവരെയൊന്നും വിലവയ്ക്കില്ല. കാരണം അവർ 'ലൈവ'ല്ല. ലൈവല്ലാത്തവരെ മാധ്യമങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടും. ഇക്കൂട്ടർ മരിക്കുമ്പോൾ മാത്രം മാധ്യമങ്ങൾ, അവർ ജീവിച്ചിരുന്നു എന്ന് മാലോകരെ അറിയിക്കും. അസുഖം വരുകയോ, തൊഴിലില്ലാതാവുകയോ ചെയ്താൽ, ഒരു കലാകാരനെന്ന നിലയിൽ ഒരാളുടെ ഏറ്റവും വലിയ ദുരന്തമായിരിക്കും അത്. പിന്നെയാരും തിരിഞ്ഞുനോക്കില്ല. സേവനങ്ങളെ നിർദ്ദയം മറന്നുകളയുന്ന ലോകമാണിതെന്ന് അപ്പോൾ മനസ്സിലാകും. സേവനങ്ങളെ വിലകൊടുത്ത് ഉപയോഗിച്ച് വലിച്ചെറിയുന്നതിനപ്പുറത്ത് മറ്റൊരു നന്ദിയും എവിടെയുമില്ല. മാധ്യമങ്ങളാകട്ടെ, വിസ്മൃതമാക്കലിന്റെ ഔദ്യോഗിക പ്രചാരകരാണ്. ജീവിച്ചിരിക്കുമ്പോൾ അചരിത്രമാക്കിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. മരണം പിന്നെയൊരു രണ്ടാം ജന്മമാണ്. ശവസംസ്കാരവും അനുസ്മരണവുമാണ് പിന്നെ ജീവിച്ചിരുന്നതിനു തെളിവായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത്. അതോടെ അചരിത്രവൽക്കരണം പൂർത്തിയാവുകയാണ്.
അറിവുകൾ അനുനിമിഷം പെരുകുന്ന ലോകത്ത്, എല്ലാറ്റിനെയും ഓർക്കുക എന്നത് മൂല്യമല്ലാതായി, ഓർത്താൽ തന്നെ അത് നിന്ദയാകാനും സാധ്യതയുണ്ട്. നല്ല രീതിയിലുള്ളതോ, ചീത്തരീതിയിലുള്ളതോ ആയ ഓർമ്മകളെല്ലാം മാധ്യമങ്ങൾ അവരുടെ വിവിധ ഉൽപന്നങ്ങൾക്കിടയിൽ ഷോപ്പിംഗിനായി വയ്ക്കുകയാണല്ലോ. അത് തിരഞ്ഞെടുക്കുന്ന ഏതൊരാളും അതിൽ വിനോദവും പ്രതീക്ഷിക്കുന്നു. അന്യന്റെ വീട്ടിലെ കലഹങ്ങൾ, ലൈംഗിക അപവാദങ്ങൾ, സദാചരപ്രശ്നങ്ങൾ, എല്ലാം ഇന്ന് ലൈവ്ഷോ ആകുന്നത് ഇതിനു തെളിവാണ്. ലൈവായി വന്നുപോയിക്കഴിഞ്ഞാൽ അതും അചരിത്രമാകുകയാണ്.
ലൈവ് എന്ന സങ്കൽപം തന്നെ 'ഓപ്പറേഷൻ ജറോനിമോ'യോടെ മാറി. പാകിസ്ഥാനിൽ രാത്രി ഒരു മണിക്ക് അമേരിക്കയുടെ കമാൻഡോകൾ ഹെലിക്കോപ്റ്ററിലെത്തി ബിൻലാദന്റെ വസതി ആക്രമിച്ച് അയാളെ വധിക്കുന്ന രംഗം പ്രസിഡന്റ് ഒബാമയും സഹപ്രവർത്തകരും അമേരിക്കയിൽ തത്സമയം വീഡിയോയിൽ കണ്ടു എന്നുള്ളത് യുദ്ധത്തെ സാങ്കേതികവിദ്യയും കാഴ്ചയുടെ വിഭവവുമാക്കുന്നു. ആക്രമണം ഒരേ സമയം ടെക്നോളജിയും വീഡിയോയുമാണ്. ഇതിനുമുമ്പ് ഒരിക്കലുമുണ്ടാകാത്ത അനുഭവമായി, കമാൻഡോ ഓപ്പറേഷൻ മാറി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, സമയബന്ധിതമായ ഷോയാണ് ആക്രമണം. വീഡിയോയിലെ ദൃശ്യങ്ങൾ ഏതുവിധമാണെന്ന് നോക്കിയാണ് അത് പരസ്യപ്പെടുത്തണോ എന്ന് തീരുമാനിക്കുന്നത്. വീഡിയോയിലെ മനുഷ്യദൃശ്യാത്മകതയുടെ തോതനുസരിച്ചാണ് അത് ചരിത്രമാകുന്നത്. അല്ലാത്തപക്ഷം, അത് തത്സമയ വീഡിയോ ആയി ഒടുങ്ങുകയാണ്. ബിൻലാദൻ വധത്തിന്റെ വീഡിയോ പരസ്യപ്പെടുത്തേണ്ട എന്നാണ് അമേരിക്കയുടെ തീരുമാനം. ഓപ്പറേഷന്റെ രഹസ്യാത്മകത നഷ്ടപ്പെടുമെന്നതുപോലെ, ലാദന്റെ ശരീരം വെടിവച്ച് വികൃതമാക്കി എന്നതും ഇതിനുകാരണമാണ്.
യുദ്ധം ലൈവ് ദൃശ്യമാകുന്നതോടെ, അതിന്റെ നിയമങ്ങളും മാറുകയാണ്. അത് ജയിക്കാൻ വേണ്ടിയുള്ള എതിരിടലാകുന്നു. അതിനു വേഗതയേറുന്നു. അത് വളരെ രഹസ്യാത്മകവും സാങ്കേതികവുമാകുന്നു. ഈ പ്രത്യേകതകളെല്ലാം ഒന്നിന്റെ ലൈവാകാനുള്ള യോഗ്യതകളുമാണ്. ഈ ലൈവ് അവതരണമാണ് ആധുനിക കാലത്തെ മനുഷ്യാനുഭവത്തിന്റെ മുൻഗണനയും അർത്ഥവും തീരുമാനിക്കുന്നത്. യുദ്ധത്തിനും വിനോദമൂല്യമുണ്ടാകുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലെ വഴക്കുകളും തകർച്ചകളും അവരെക്കൊണ്ട് തന്നെ പറയിച്ച് കൂടുതലാളുകൾക്ക് വിനോദത്തിനുള്ള ഉപാധിയാക്കുന്ന പരിപാടികൾ നമ്മുടെ ചാനലുകളിൽ കാണാം. വൈവാഹികബന്ധത്തിന്റെ തകർച്ചകളും കോടതിവിചാരണയ്ക്ക് സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ഇന്ന് ലൈവ് എന്നപോലെ കാണിക്കുന്നുണ്ട്. ഇതിന്റെ കുറേക്കൂടി വിപുലീകൃതമായ വിവരണമാണ് കമാൻഡോ ഓപ്പറേഷനുകളുടെ 'ലൈവി'ൽ നിന്ന് പ്രതീക്ഷിക്കാവുന്നത്. കമാൻഡോ ഓപ്പറേഷന്റെ ലൈവ് ചിത്രീകരണത്തിന്റെ ഏതെങ്കിലും കുറേഭാഗങ്ങൾ പിന്നീട് കാണിക്കുമ്പോഴും അന്യരുടെ ദുരിതം വിനോദമായിത്തീരുന്ന വിചിത്രസംഭവം ഉണ്ടാകുന്നു.
നൈമിഷികത
അഗാധമായ ചരിത്രജ്ഞാനമോ, റഫറൻസുകളോ ഇന്ന് മാധ്യമങ്ങളുടെയോ കലയുടെയോ വിനോദത്തിന്റെയോ പ്രമേയത്തിൽ കടന്നുവരുന്നേയില്ല. വിദഗ്ദ്ധന്മാരുടെ ചർച്ചകൾക്കുപോലും ഇടമില്ലാതായി. ഇന്നിൽ ജീവിക്കുന്നതിനു തടസ്സമാകുന്നമട്ടിലുള്ള ഭാരിച്ച ഓർമ്മകൾക്ക് സ്ഥലമനുവദിക്കാത്ത വിധം, പേടിപ്പെടുത്തുന്ന നൈമിഷികാഭിമുഖ്യമാണ് വളരുന്നത്. ഇന്നത്തെ ഷോകൾ ഇന്നത്തേക്ക് മാത്രമാണ്. അത് പിന്നെ ആരും അന്വേഷിക്കുന്നില്ല. രണ്ടാമത് പ്രദർശനത്തിനു സാധ്യമല്ലാത്തവിധം ആഖ്യാനങ്ങൾ സ്ഥൂലമാവുകയോ, തീർത്തും നൈമിഷികം എന്നനിലയിൽ വാർത്താ പ്രാധാന്യം നേടുകയോ ചെയ്യുന്നതാണ് ഇതിനു കാരണം. അഞ്ഞൂറ് എപ്പിസോഡുകളായി പടരുന്ന സീരിയലിനു പുനഃസംപ്രേഷണ സാധ്യതയില്ല. കാരണം പുതിയ പരമ്പരകൾ വന്നുകൊണ്ടിരിക്കുമ്പോൾ, അഞ്ഞൂറ് എപ്പിസോഡുകൾ വീണ്ടു കാണിക്കുക എന്ന ഭാരിച്ച ബാധ്യത ആരുമേറ്റെടുക്കില്ല. ഒരിക്കൽ അവതരിപ്പിച്ചു പോകുന്ന കലോൽപന്നങ്ങൾ, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പിന്നീട് എടുത്തുപൊക്കാനാവാത്തവിധം ഭാരമേറിയതാകുന്നത്, ഈ കാലത്തിന്റെ നൈമിഷികത എന്ന തത്ത്വചിന്തയുടെ ഭാഗമാണ്. അതായത് ഒരിക്കൽ നിർമ്മിക്കുന്ന കലയുടെയോ വിനോദത്തിന്റെയോ ഉപാധികൾ പിന്നീട് തിരിച്ചുവരുന്നില്ല. അത് എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. ഈ വലിച്ചെറിയൽ ഓരോ നിമിഷത്തിലും ഉണ്ടാകുന്നു.
ലൈവ് ഷോകൾക്കും തിരിച്ചുവരവില്ല. ഒരു ഫുട്ബോൾ മത്സരം, ഗുസ്തിമത്സരം, ഡാൻസ്പ്രോഗ്രാം, രാഷ്ട്രീയ പാർട്ടികളുടെ ലയനസമ്മേളനം, താരങ്ങളുടെ വിവാഹം എന്നിവ ലൈവായി കാണിക്കുന്നതോടെ അത് അചരിത്രമാകുകയാണ്. അത് ഓർമ്മയുടെ ഇരുട്ടുമുറിയിലേക്ക് വലിച്ചെറിയുകയാണ്. അതിന് പുനഃസംപ്രേഷണമില്ല. ഒരിക്കൽ മാത്രം അതിനു ലൈവാകാൻ കഴിയും. അത് അതിന്റെ ഓർമ്മയും ജീവിതവും ചരിത്രവുമാണ്. ജീവിച്ചിരിക്കെ തന്നെ അത് ഓർമ്മയാണ്. മറവിക്കെതിരെ ആ നിമിഷത്തിൽ മാത്രം അതിനു നിലനിൽക്കാം. ഇതാണ് ലൈവിന്റെ തത്ത്വചിന്ത. അസ്തിത്വം നിമിഷത്തിലെ ഓർമ്മയാണ്. തത്സമയം ജീവിക്കാനായാൽ, പിന്നെ നിത്യവിസ്മൃതിയാണ് കാത്തിരിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ വർണ്ണാഭമായ കൂട്ടുകൾപോലെയാണ് മാധ്യമവാർത്തകളും ലൈവ്ഷോകളും കലാ ഉൽപന്നങ്ങളും. അങ്ങനെ സാംസ്കാരികത നിത്യമായ ഒഴിഞ്ഞുപോക്കും നിത്യമായ വരവുമായിത്തീരുകയാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഈ നിമിഷംതോറുമുള്ള മാറ്റം നവാദ്വൈതമാണ്.
ഒരിടത്ത് നിരവധി ലൈവ്ഷോകളും ദീർഘിച്ച ആഖ്യാനങ്ങളും വരുന്നു. തൊട്ടടുത്ത നിമിഷം അവ അപ്രത്യക്ഷമാകുന്നു. ഈ പ്രക്രിയയിൽ, മനുഷ്യൻ ലൈവാകാനുള്ള ബദ്ധപ്പാടിലാണ്. അവന്റെ ഓട്ടം മുഴുവൻ അതിനാണ്. സംസ്കാരത്തിന്റെ ലൈവ് അനുഭവം എന്താണെന്ന് കണ്ടെത്തുന്നതിനൊപ്പം അവനും ലൈവാകുന്നു.
Thursday, July 14, 2011
Sunday, July 10, 2011
Monday, July 4, 2011
Nichlas Bourriaud Interviewed by m k harikumar
Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed.:Nicolas Bourriaud
1] ''But we should not be mistaken, there's no medium which is more interesting by itself than another one. By our time, an artist who belongs completely to his/her time can draw pictures with ballpoint pens, while another one using the Internet will produce an old thought. Fortunately, what constitutes the show here is not the medium…''
please explain.
[ I corrected this passage in my own words, which makes it clearer ]
It is not by using such or such tool or medium that you are contemporary. And by « contemporary » (like in « contemporary art »), I mean an art which corresponds and answers to its time. An artist is contemporary to the production system he/she is living in. And this production system is irrigating every possible medium, contemporary or not : painting, even if it is an archaic way to produce forms, can tell us many things about the world we live in, our nervous systems, our ways of thinking. That is why I try not to turn technology into a fetish.
2]How do you define an art or art practice?
The only definition I always stuck to is the following : art is an activity consisting in producing relations to the world, using signs, forms or images as a base. Whatever you do as an artist, the only remaining element is this one : you show something, in one way or another, and somebody else (the « beholder ») will respond to it.
3]Is art work mechanic?
No more, but no less, than you and me.
4] What is spontaneity ?
To attain real spontaneity, you need a lot of practice. As a judoka, if you want to be spontaneous during a fight, you need to rehearse over and over. What people call « spontaneity » is nothing more than the pavlovian gesture of repeating our habits ; to get rid of the numerous layers of learnt elements that occupy our brains, we all need to avoid spontaneity. If we want to reach the new, we have to kill this robotic spontaneity.
5] Do you find artistic originality?
Hopefully yes. But my job consists in finding the originality within an artwork that looks like something we have seen before. Sometimes, moving your own point of view brings you amazing results.
6] How do you differ the notions of sensibility and identity?
Sensibility is a part of myself as a human being ; identity, according to me, is only another name for the cultural pressure provided by the community. Identity is about groups, nations, totems and passports ; it is related to the notion of belonging, whilst your sensibility has been elaborated by your experience, from the neuro-physical facts you were born with. It is related to « being ». To write it differently, and take a precise example, I would say that among the indian casts, the untouchables have today can more easily than others build a proper sensibility, because their identity as a group has been erased or denied. Beyond an identity, we have to build our consciousness, and it comes from our path, more than from our background.
7]What is alter modernism?
The altermodern is the hypothesis of a 21st century modernity, based on the specificities of our times, and not on the elements that constituted the modernism of the 20th century. Among the notions that seem to be crucial for this new modernity, globalisation is the main one. Against the modernist « progress », this modernity claims the diversity of local time-spaces and the general form of the archipelago; rather than a linear vision of time and the insistence on the future, it designates the past as a territory to be explored ; rather than being a western esperanto, like 20th century modernism, the altermodern is a practice of cultural translation. For the first time ever, there is now a possibility for a really planetarian movement — not only an american-european trend adapted to other coutries, but the birth of a non-symetrical thought, beyond the binary system (colons/colonized, north/south, etc…) that emprisons postmodern thought.
8]What is relational aesthetics?
First of all, an essay published in 1998, which tried to determinate the common points between the artists of my generation I was interested of, from Maurizio Cattelan to Gabriel Orozco, from Dominique Gonzalez-Foerster to Pierre Huyghe, etc… it appeared soon that for them, the sphere of human relations played the same role as the realm of consumption did amongst the pop art generation. So I defined relational art as « a set of artistic practice taking as a point of departure the sphere of human interactions », either to produce social situations or to use them as an element of composition in an artwork. This problematics was actually dominant in the last two decades, because it corresponds to the reification of human relationships in a globalised, profit-oriented world. Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed. That is what modern art was about : isn’t impressionnism the thriumph of the hand, the visible brush stroke?
9]How do you differentiate the terms like post modernism and relational or alter modernism.
Relational art is the name I invented to describe the emergence of a new problematics in visual arts. As I said, Altermodernism is another term I coined, to describe the possibility of a new way of thinking : it is more general, and it designates a work in progress, somehow. Both terms are actually war machines against post-modernism. I consider now the prefix « post » as the biggest handicap we have to find new solutions to our problems. I don’t want to live anymore in a « post » everything culture…
10] You had used the words 'cultural nomad'.what will be the effect of writing in the contemporary world
I am radicant, not radical : it means that I grow my roots through meetings, encounters, travels. I am not rooted anymore. More precisely, I can grow my roots wherever I want. Writing is a path, too.
11] 'Every new technology affects the art of its era and creates new thinking zones, fields...' please explain?
I will take an example : the apparition of internet, at the beginning of the 1990’s, made us think differently. We could think in terms of networks, direct communication, creation of communities… It played an important role, indeed, in the emergence of what I called « relational » art, but it did not happen directly on the internet.
12]'The contemporary culture has also no center..' , is this applicable to writing?
Of course. But when William Faulkner invents the county of Yoknapatawpha, he talks both about his immediate surroundings and a universal place. When Borges writes about a specific neighborhood in Buenos Aires, he is universal too. Nomadism does not mean abstraction, and the absence of center, maybe it is a paradox, reinforces the idea of the local.
13]'Today the finished product or work of art is opposed, protested by these new applications...' is a poem or short fiction come under this vision?
Yes, I think so. Poems or stories can be fragments of a moving totality.
16]Is a novelist a centre of his work, capable of creating a theme , constructing an environment of authority? And 17] How much importance you give to writer's uniqueness? how can interpret a work of art on the basis of its aesthetic originality?
I cannot interpret an artwork otherwise. My main criterion is the artwork’s ability to provide a unique vision of the world, a new set of problematics or an original problematization of the world, even a tiny part of it.
18] Is there any relevance to aesthetics.?
Aesthetics is, first of all, the « logos » of the gaze : a discourse on the way we can apprehend the visible. In the contemporary world, it has even become wider : it gathers whatever escapes to the quantifiable. I really believe we are reaching the age of aesthetics.
by M K Harikumar
Saturday, July 2, 2011
സംസ്കാരം;മറവിയുടേതും
എം. കെ. ഹരികുമാറുമായി അഭിമുഖം: ശൈലേഷ് തൃക്കളത്തൂർ
''ഇന്നത്തെ കലാകാരന്മാർക്ക് അവർ പങ്കാളിത്തംവഹിച്ച സൃഷ്ടികൾ രണ്ടാമതൊന്നുകൂടി കാണാനുള്ള അവസരമില്ല. ആഖ്യാനങ്ങളുടെ സ്ഥൂലതയാണ് കാരണം. കലാകാരന്മാർ സേവനദാദാക്കളാണ് ''- എം.കെ.ഹരികുമാർ
ശൈലേഷ് തൃക്കളത്തൂർ : എന്താണ് താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?
= എം.കെ.ഹരികുമാർ: ജീവിതം നമുക്ക് കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത് എപ്പോഴും നമുക്ക് ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ, ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക് പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത് വ്യാഖ്യാനിക്കുക എന്നത്. അത് സംഭവിക്കുന്നു എന്ന് മാത്രം.
ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നത്, അത് എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്. വെറുതെ കളയാനൊക്കില്ല.. അത് ഒന്നിലധികം വസ്തുക്കളെ മുൻനിർത്തി ഏതാണ് നല്ലത് എന്ന് നോക്കി തിരഞ്ഞെടുക്കുന്നുണ്ട്. ഒന്ന് എപ്പോഴും പ്രാമാണ്യത്തോടെ മുൻനിരയിൽ വരുന്നു. അപ്പോഴും അതിനേക്കാൾ നല്ലത് ഏതാണെന്ന ചിന്ത നാമ്പെടുത്തുകൊണ്ടിരിക്കും. മറ്റെല്ലാം വിസ്മൃതിയിലേക്കാണ് പോകുന്നത്. കാലമാണ് ഇതിനു സഹായിക്കുന്നത്. ഈ നിമിഷത്തിൽ ഒരു തിരഞ്ഞെടുപ്പുണ്ട്. അത് കഴിഞ്ഞാൽ കാലം അതിനെ വിസ്മൃതിയിൽ ലയിപ്പിക്കുന്നു. അപ്പോഴും ഒന്ന് അവശേഷിക്കുന്നു.
ഏതൊരു വസ്തുവിനും ഇങ്ങനെ മറ്റൊന്നാകാതിരിക്കാനാവില്ല. അചേതന വസ്തുക്കൾപോലും കാലത്തിലും മനുഷ്യചിന്തയിലും മറ്റൊന്നായി മാറുകയാണ്. കല്ല് ഓരോ നിമിഷത്തിലും പുതിയതാണ്. നാം എങ്ങനെ കാണുന്നുവോ അതിനനുസരിച്ച് മാറും. കല്ലിൽ എല്ലാ രൂപങ്ങളുമുണ്ട്. ഏത് വേണമോ, മറ്റെല്ലാം അതിൽ നിന്ന് നീക്കിയാൽ മതി.
ഒരു വസ്തുവിനും അതായിതന്നെ നിലനിൽക്കാൻ കഴിയില്ല. ആശയങ്ങളാണ് അങ്ങനെ നിൽക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, സ്വരം എന്ന വാക്കിൽ സ്വരം എന്ന ആശയമുണ്ട്. സ്വരം എന്ന ആശയം മറ്റൊന്നിനേയും അതിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ആ ആശയം മൗലികവാദ സ്വഭാവമുള്ളതാണ്. ഇത് ജീർണതയാണ്. മറ്റൊന്നിനെയും ഉള്ളിലേക്ക് പ്രവേശിപ്പിക്കാത്ത ആശയതുറുങ്കുകൾ സംവാദത്തെയും സമന്വയത്തെയും വളർച്ചയെയും തളർത്തുന്നു. ഇതിനു ബദലായി, ഓരോ നിമിഷവും സ്വയം നിരസിച്ചുകൊണ്ട് മറ്റൊന്നാകുന്നതാണ് വളർച്ച. ജീവിതം ഈ വളർച്ചയാണ്. അല്ലെങ്കിൽ ആകണം. ജീവിതത്തിന്റെ സ്തംഭനാവസ്ഥയും ജീർണ്ണതയും ഭൂതകാലജ്വരങ്ങളും കഴുകി ശുദ്ധീകരിക്കാൻ ഇതാവശ്യമാണ്. വാക്കുകൾ, ആശയങ്ങൾ, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയെല്ലാം സ്വയം നിരസിച്ച്, മറ്റൊന്നാകുമ്പോൾ അത് ജലാത്മകതയാകും. ഒഴുക്ക് എന്ന സ്വഭാവവും നവീകരണവും അതിൽ ഉണ്ടാകുന്നു.
ചോദ്യം: ഇന്നത്തെ ജീവിതവുമായി ഈ നിരാസവും നിർമ്മാണവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?
= എം.കെ.ഹരികുമാർ: ഇന്ന് ജീവിതത്തെ, അതിന്റെ തത്ത്വശാസ്ത്രം, ശൈലി, എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പാർട്ട്മെന്റായി കാണാനാവില്ല. ജനതകൾ അലഞ്ഞുതിരിയുന്നവരായി. ഏതെങ്കിലും ഒരാശയം മാത്രം മുറുകെ പിടിച്ചുകൊണ്ട് ജീവിതകാലമത്രയും നീങ്ങാനാവില്ല. എല്ലായ്പ്പോഴും ഒരു നിരാസവും നിർമ്മാണവും നമ്മെ കാത്തിരിക്കുന്നുണ്ട്. ആധുനിക ജീവിതം ദീർഘകാലത്തിലുള്ള പദ്ധതിയല്ലാതായി. നൈമിഷികത വലിയ തോതിൽ ജീവിതത്തെ ആഴമുള്ളതും സുന്ദരവുമാക്കുന്നു. ജീവിക്കുന്നത് ഒരു നിമിഷത്തേക്കായാലും മതി എന്ന ചിന്ത ഇപ്പോഴും പലരും ഗൗനിക്കുന്നു.
ചോദ്യം : ജീവിതത്തെ ആകെ കാണാൻ കഴിയുന്നില്ലെങ്കിൽ, ഉദ്ഗ്രഥനാത്മകമായ അനുഭവം എവിടെയാണ്?
= എം.കെ.ഹരികുമാർ: ജീവിതം എന്ന അമൂർത്ത തത്ത്വത്തേക്കാൾ, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട് എന്നത് ഇപ്പോൾ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത് സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തിൽ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവർ, വീട് സ്വപ്നം എന്ന നിലയിലാണ് പണിയുന്നത്. അറുപത് വയസ്സിനോടടുപ്പിച്ച് വീട് വയ്ക്കുന്നവർ, അത് പൂർത്തിയാക്കിയശേഷം പിന്നെയും വീട് വിട്ട് പോകുന്നു. വീട് ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് വീടില്ല. അവർ അലഞ്ഞുതിരിയുന്നവരാണ്. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ കഴിയും. വീട് വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത് മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടിൽ കഴിയാത്തവർ ഇന്ന് വലിയൊരു സമൂഹമാണ്.
വീടിന്റെ ഒരു ഭാഗം അതിഥികൾക്ക് വാടകയ്ക്ക് കൊടുക്കുന്നവരും, റസ്റ്റോറന്റ് നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്. അർജന്റീനയിൽ ശനി,ഞായർ ദിവസങ്ങളിൽ വീട് റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോർക്കുന്നു. നമ്മുടെ കൊച്ചിയിൽ, നിത്യവും വീട് ഹോട്ടലാക്കി ബിസിനസ്സ് നടത്തുന്നവരുണ്ട്. ഇതെല്ലാം വ്യതിയാനങ്ങളാണ്. ഫ്യൂഡൽ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്. അന്നത്തെ വീടുകൾ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തിൽ പണിത ഫർണിച്ചറുകൾ ഉള്ളതുമാണ്. ദീർഘകാലം നിലനിൽക്കുന്നത് എന്നത് വലിയ ആശയമായിരുന്നു. കസേരകൾ, മേശകൾ, ജനാലക്കർട്ടനുകൾ, കട്ടിലുകൾ, സോഫകൾ എല്ലാം ദീർഘകാലത്തെ നോട്ടമിട്ടു നിർമ്മിച്ചതായിരുന്നു. ഇന്ന് ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന് മാറാവുന്നതായിതീർന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച് മാറ്റാൻ കഴിയണം. ഫാഷൻ സ്വാതന്ത്ര്യം നൽകും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകൾ ഇല്ലാത്ത ഉപകരണങ്ങൾ വന്നു. മാർക്കറ്റിൽ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാൾ പ്രാധാന്യം കൈവന്നു. മാർക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ് സാംസ്കാരിക ശ്രദ്ധ കിട്ടുന്നത്. മാറുന്ന ശൈലികളിൽ ആളുകൾ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാൻഡുപോലും ഇല്ലാതായി. കൂടുതൽ പരസ്യം ചെയ്യപ്പെടുന്നത്, മേൽത്തരമെന്ന് അവകാശപ്പെടുന്നത് എല്ലാം സ്വന്തമാക്കിയാൽ മതി. അതിന്റെ പേരിൽ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതൽ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകർഷകമായ, ആളുകൾക്കിടയിൽ ശ്രദ്ധകിട്ടുന്ന ഉൽപന്നമായാൽ മതി. മൊബൈൽ ഫോൺ, കാർ എന്നിവയുടെയെല്ലാം വിൽപനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്. പണത്തേക്കാൾ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയാണ് ബ്രാൻഡിംഗിനുള്ള മറ്റ് മേഖലകൾ. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ് പുതിയ രോഗികളെ സൃഷ്ടിക്കുന്നത്. ഉപകരണങ്ങൾ രോഗം ഉണ്ടോയെന്ന് ചെക്ക് ചെയ്യാനുള്ളവയാണ്. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്. ധാരാളം പേർ ഈ രോഗം ബാധിച്ചവരായി എത്തുന്നു. ഇവർ രോഗമില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടി ഇപ്പോൾ ടെസ്റ്റുകൾക്ക് വിധേയരാവുന്നു. രോഗചികിത്സയേക്കാൾ ചെലവ് ടെസ്റ്റുകൾക്കാണ്. യഥാർത്ഥ രോഗികൾക്ക് ഇന്ന് ചികിത്സ നൽകാൻ ഇടമില്ല. പകരം ടെസ്റ്റുകൾ നടത്താൻ കഴിവുള്ളവർക്കേ ചികിത്സയുള്ളു. ഡോക്ടർമാർ ടെസ്റ്റുകൾ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു.
പുതിയ ഉപകരണങ്ങൾ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്. എന്തും രോഗമാണ്. കുഴപ്പമാണ്, അല്ലെങ്കിൽ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോൾ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത് പോകുന്ന കാലമാണിത്.
ചോദ്യം: ബ്രാൻഡുകളിൽ കടിച്ചുതൂങ്ങി ജീവിക്കുന്നത് നിരാസവും നിർമ്മാണവുമാണോ?
= നിരാസവും നിർമ്മാണവും സ്വഭാവ വിശേഷങ്ങളാണ്. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത് മനുഷ്യൻ ജീവിതത്തിന്റെ വർത്തമാനകാലത്തെയാണ് ആഘോഷിക്കുന്നത്; ഭൂതകാലത്തെയല്ല എന്ന് പറയാനാണ് ഞാൻ ശ്രമിച്ചത്. ബ്രാൻഡുകൾക്ക് അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്. ചിലർ, അവർ പിന്തുടരുന്ന ബ്രാൻഡ്, ഉപദേഷ്ടാവ്, സ്ഥാപനം മാത്രമാണ് ശരിയെന്ന് ശഠിക്കും. വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്. മറ്റൊരാൾ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട് തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ് ഇതെല്ലാം ഡിസൈൻ ചെയ്യുന്നത്.
ചോദ്യം: ഇന്നത്തെ മാധ്യമങ്ങൾ മനുഷ്യരെ സ്വതന്ത്രരാക്കുന്നില്ല എന്നാണോ താങ്കൾ പറയുന്നത്.?
= പുതിയ സാങ്കേതികവിദ്യ, പുതിയതരം കേൾവിക്കാരെയും കാഴ്ചക്കാരെയും സൃഷ്ടിച്ചിട്ടുണ്ട്. കാഴ്ചയും കേൾവിയും, എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള ഉത്തരവാദിത്തവും വിധിയുമാണ്. മാധ്യമങ്ങൾ നിർമ്മിക്കുന്നത് അരാഷ്ട്രീയതയാണ്. ഒരു യാഥാർത്ഥ്യത്തിനും വേണ്ടി അവ നിലകൊള്ളുന്നില്ല. അവ സൂപ്പർമാർക്കറ്റാണ്. പലതും അവിടെ ഷോപ്പിംഗ് നടത്താം. വാർത്തകൾപോലും ഇന്ന് ഷോപ്പിംഗിന്റെ ഭാഗമാണ്. ഒരു ചാനലിൽ ഇഷ്ടമുള്ളത് അഞ്ചോ പത്തോ മിനിട്ട് കാണാം. അത് ബോറടിച്ചാൽ അടുത്ത ചാനലിലുള്ളത് ഷോപ്പിംഗ് ചെയ്യാം. വലിയ സമരങ്ങളൊക്കെ, ചാനലുകൾക്ക് വേണ്ടിയാണെന്ന തോന്നൽ ഉണ്ടാകുന്നു. രാഷ്ട്രീയസംഭവങ്ങൾ ചാനലുകൾക്ക് മുമ്പിലിരുന്ന് ആളുകൾ വിനോദപരിപാടിയായാണ് വീക്ഷിക്കുന്നത്. തീർച്ചയായും ഉപകരണങ്ങൾ ഉണ്ടാക്കിയ പുതിയ സംസ്കാരമാണിത്. മാധ്യമങ്ങൾ, വാർത്തയുണ്ടെന്ന് കണ്ടാൽ എത്ര വേണമെങ്കിലും യാഥാസ്ഥിതികമാകും. ചോദ്യം: കാണികളുടെ മനസ്സും ഒരു ഷോപ്പിംഗ്മാൾ ആണോ?
= ഷോപ്പിംഗ് മാൾ ഇന്ന് സാംസ്കാരിക ജീവിതത്തിന്റെ പുതിയ അനുഭവമായി അവതരിപ്പിക്കുന്നു. മേൽത്തരം ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിൽ നിരത്തിയിരിക്കുന്നത് കാണുന്നത്, വിനോദവും വിജ്ഞാനവുമാണ്. കൺസ്യൂമറിസം പുതിയ വിജ്ഞാനമേഖലയുമാണ്. ഫിസിക്സിലോ, മാത്തമാറ്റിക്സിലോ ഉന്നത ബിരുദമുള്ളവർ ഷോപ്പിംഗ് മാളുകളിലെ ബ്രാൻഡഡ് ലേഡീസ് ഷോറൂമുകളിൽ നിരക്ഷരരായിരിക്കും. പുതിയ പുതിയ ഉൽപന്നങ്ങൾ എന്തിനാണെന്ന്പോലും അവർക്കറിയില്ലായിരിക്കും. പെൺകുട്ടികളും ആൺകുട്ടികളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവയെപ്പറ്റി ധാരാളം വിവരങ്ങൾ ശേഖരിക്കാനുണ്ട്. ഇതെല്ലാം പുതിയ വിജ്ഞാനരംഗമാണ്. അതുകൊണ്ട് മാളുകൾ വിജ്ഞാനവേദിയുമാണ്. അവിടെ നൂറുകണക്കിന് പേർക്കിരുന്ന് ഭക്ഷണം കഴിക്കാവുന്ന 'ഫുഡ്കോർട്ടുകൾ' ഉണ്ട്. അലങ്കരിച്ച ആകർഷകമായ ആ ഫുഡ്കോർട്ടുകളിൽ സ്വസ്ഥമായിരുന്ന് എന്തെങ്കിലും വാങ്ങി കഴിക്കുന്നത് പുതിയ സാംസ്കാരികാനുഭവമാണ്. ഭക്ഷണത്തിന്റെ ലോകവും വിപുലമാണ്. പലതരം ഭക്ഷണം കമനീയമായി ഉണ്ടാക്കിവച്ചിട്ടുണ്ടാകും. പലതും ഓർഡർ കൊടുത്താലേ തയ്യാറാക്കൂ. ഓർഡർ കൊടുത്ത് ഉണ്ടാക്കികൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നത്, വീട്ടനുഭവം കൂടിയാണ്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതും അതുവഴി സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും പുതിയ സാംസ്കാരിക പ്രവർത്തനമാണ്. ചിലപ്പോൾ അഞ്ചോ ആറോ പേർ വന്നേക്കാവുന്ന, സായാഹ്നങ്ങളിലെ കഥകളി അവതരണത്തിലോ, കവിയരങ്ങിലോ കിട്ടാത്ത സാംസ്കാരിക പങ്കാളിത്തം ഈ മാളുകളിലെ ഭക്ഷണ വേളയിലും കളികളിലും ലഭിക്കുന്നു, കഥകളിയവതരണത്തിലും കവിയരങ്ങിലും, വെറുതെ കാണിയായി ഇരിക്കാനേ പറ്റൂ. എന്നാൽ ആധുനിക ഫുഡ്കോർട്ടിലോ, മാളിലോ, അമ്യൂസ്‌മന്റ് പാർക്കിലോ ഉപഭോക്താവിന്, കലാസ്വാദകന്, കാണിക്ക് കുറേക്കൂടി പങ്കാളിത്തം ലഭിക്കുന്നു. അയാൾ മറ്റൊരാളുടെ കല ആസ്വദിക്കുന്ന 'കൺസ്യൂമർ' അല്ല ; അതിനെ ശരിക്കും അവനവന്റെ ഭാഗമാക്കി, സ്വാതന്ത്യം രുചിക്കുന്ന ഉപഭോക്താവായി മാറുകയാണ്.
ചോദ്യം: ഇതെല്ലാം താങ്കൾ പറഞ്ഞപോലെ 'തുണ്ടുകളുടെ ജീവിതമല്ലേ?
= അനുഭവങ്ങൾ തുണ്ടുകളാണ്. ബൃഹത്തായ അനുഭവങ്ങൾക്കായി മൂന്നോ നാലോ മണിക്കൂർ അടച്ചിട്ട മുറിയിലിരിക്കുന്ന കാലം കഴിഞ്ഞു. സിനിമയുടെ മരണം ഇങ്ങനെ സംഭവിക്കുന്നു. വൻ സിനിമകൾ കാണാൻ, മറ്റെല്ലാം മാറ്റിവച്ച് മണിക്കൂറുകൾ ചെലവഴിക്കാൻ ഇന്ന് പലർക്കും കഴിയാറില്ല. തിരക്കുള്ള ജീവിതത്തിൽ, മണിക്കൂറുകൾ വെറുതെ ഇരുന്ന് കൊടുക്കാനില്ല. ആ മണിക്കൂറുകളെ നമുക്ക് കൂടി പങ്കാളിത്തമുള്ള സാംസ്കാരിക ജീവിതമാക്കാനാണ് നാം ശ്രമിക്കുക. അതുകൊണ്ട് തുണ്ടുകൾ, അത് റിംഗ്ടോണുകളാകാം, പരസ്യങ്ങളാകാം, ടെലിവിഷൻ ഗാനങ്ങളാകാം, യു ട്യൂബുകളാകാം, എസ്.എം.എസ്സുകളാകാം... നമുക്കുകൂടി പങ്കാളിത്തമുള്ള സാംസ്കാരിക ഉൽപന്നങ്ങൾ കൂടിയാണ്.
ചോദ്യം: സംസ്കാരത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ ഇന്നത്തെ കലാകാരനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്?
= ഇന്നത്തെ കലാകാരൻ കലയുടെ സ്രഷ്ടാവല്ല. അയാൾക്കതിനു കഴിയില്ല. അയാൾ വസ്തുക്കൾ കൂട്ടിഘടിപ്പിക്കുന്ന (assemble)തിലൂടെയാണ് കലയുണ്ടാക്കുന്നത്. ഒന്നിനും ഒറ്റയ്ക്ക് കലയാകാൻ കഴിയില്ല. അത് എവിടെ, എങ്ങനെ സംയോജിക്കുന്നു എന്നതിനാണ് പ്രാധാന്യം. തേനീച്ചക്കൂടിന്റെ നിർമ്മാണത്തിൽ കലയുണ്ട്. പക്ഷേ, അത് കളയാണെന്ന് അവകാശപ്പെടാൻ തേനീച്ചകൾ ശ്രമിക്കുന്നില്ല. കാരണം, ആ നിർമ്മാണം അവയുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രകൃതിയിലെ വസ്തുക്കളിലെല്ലാം വിസ്മയിപ്പിക്കുന്ന തലമുണ്ട്. അത് നമ്മെ സങ്കൽപിക്കാൻ പ്രേരിപ്പിക്കുന്നു. മഴവില്ലിൽ, പുലരിയിൽ എല്ലാം കലയുണ്ട്. പാമ്പ് ഇഴയുന്നതിൽപ്പോലും കലയുണ്ട്. ഈ മൗലിക സ്വഭാവമുള്ള കലാവസ്തുക്കളെ മനുഷ്യൻ എവിടെ പ്രതിഷ്ഠിക്കുന്നു എന്നതിലാണ് കലയുടെ അർത്ഥം തേടേണ്ടത്. പലനിറങ്ങളെ പല അർത്ഥങ്ങൾക്കായി ഉപയോഗിക്കുന്നതുപോലെ, പല സംജ്ഞകളെ, ദൃശ്യങ്ങളെ ചേർത്ത് ഒരിടത്ത് കലയുണ്ടാക്കുന്നു. അതിനു ഒരിടം വേണം. അത് കടലാസാകാം, പ്രകൃതിയാകാം. പഴയ ഫോട്ടോഗ്രാഫുകൾ, പെയിന്റിംഗുകൾ എന്നിവ ഉപയോഗിച്ച് പോസ്റ്ററോ, ഗ്രാഫിക്സോ ഉണ്ടാക്കാം. ഓരോന്നിനും സ്വന്തമായുള്ള അർത്ഥം ഒരിടത്ത് ഒന്നിച്ച് അണിനിരക്കുന്നതോടെ മാറി മറ്റൊരു അർത്ഥമുണ്ടാകുന്നു. ഇതാണ് നിരാസവും നിർമ്മാണവും. പരമ്പരാഗതമായി വാക്കുകൾക്കുള്ള അർത്ഥത്തെ, വിചിത്രമായ സംയോജനങ്ങളിലൂടെ തകർത്ത് പുതിയ അർത്ഥം സൃഷ്ടിക്കാനായാൽ സാഹിത്യമുണ്ടാകും. ഇതിലൂടെ വാക്കുകളിലെ മൗലികമായ അർത്ഥത്തെ തന്നെ നവീകരിക്കാനാകും. എല്ലാ വസ്തുക്കളെയും ഇങ്ങനെ മൗലികതയിൽ നിരസിച്ച്, കലാകാരൻ പുനർനിർമ്മിക്കുമ്പോഴാണ് കലയുണ്ടാകുന്നത്.
ചോദ്യം: സാങ്കേതിക ഉപകരണങ്ങൾ ജീവിതത്തിൽ അമിത പ്രാധാന്യം നേടുമ്പോൾ കലയുടെ ആത്മീയത മരിക്കുകയല്ലേ?
= കലയുടെ അത്മീയത പുസ്തകങ്ങളിൽ നിന്ന് മാത്രം ജനിക്കുന്നതല്ല. ആളുകൾക്ക് പങ്കാളിത്തമുള്ള കലയാണ് ഇന്ന് അവർ തേടുന്നത്. മൂകരായി, വെറും കാഴ്ചക്കാരായി, ഇരകളായി കലാരചനകൾക്ക് മുമ്പിൽ നിൽക്കാൻ ഇന്ന് അധികം പേരും തയ്യാറാവുകയില്ല. മനുഷ്യന്റെ സകലപ്രവൃത്തികളിലേക്കും കലയുടെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കടന്നുചെന്നിരിക്കയാണ്. ഇത് ഇന്നത്തെ കലയുടെ ജനാധിപത്യമാണ്. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഭക്ഷ്യവിഭവങ്ങൾ (കേക്കുകൾ, കറികൾ) എന്നിവയിലെല്ലാം കലയുടെ ടച്ച് ഇന്ന് നിർബന്ധമാണ്. കലയുടെയല്ല, സംസ്കാരത്തിന്റെ സ്പർശമാണ് എവിടെയും. എന്താണ് ഈ സംസ്കാരം? ഇത് ഏതെങ്കിലും ദേശത്തിന്റെയോ, മതത്തിന്റെയോ ചിഹ്നങ്ങളോ, ശൈലികളോ, പൈതൃകമോ ഒന്നുമല്ല. സംസ്കാരത്തെ ഇനിമേൽ കള്ളികളിലാക്കാനും കഴിയില്ല. എല്ലാ ദേശങ്ങളും എല്ലാവരുടേതുമാണ്. മെഡിക്കൽ പരിശോധനകൾക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണപരമായ ഭംഗി ആ വസ്തുക്കളെ പെട്ടെന്ന് സംസ്കാരവൽക്കരിക്കുന്നു. കമ്പ്യൂട്ടർ ടെംപ്ലേറ്റുകൾ എത്ര കലാപരമായാണ് തയ്യാറാക്കുന്നത്! ഏറ്റവും അതിശയിപ്പിക്കുന്നത്, മൊബെയിൽ ഫോണുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുമാണ്. ഇവയെല്ലാം ഉപയോഗപ്രദമായ സാമഗ്രികൾ എന്നപോലെ കലാവസ്തുക്കളുമാണ്. സാങ്കേതികമായ അറിവ്, കലയുടെ ഉപയോഗത്തെപ്പറ്റിയുള്ള ചിന്തയ്ക്കും വികാസം നൽകി. കല ഇന്ന് പ്രത്യേകസിദ്ധിയുള്ളവരുടെ മാത്രം വൈകാരിക പ്രശ്നമല്ല. അത് സന്തോഷിക്കാനും ആലോചിക്കാനും കഴിവുള്ള ആർക്കും കടന്നു ചെല്ലാവുന്ന മേഖലയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കല ഇന്ന് ആളുകളുടെ ഉപഭോക്തൃവസ്തുവാണ്. അവരത് പ്രത്യേകം ചതുരത്തിൽ ഒരുക്കി നിർത്തിയല്ല ഉൾക്കൊള്ളുന്നത്. കലയാണെന്ന് പറഞ്ഞ് ആസ്വദിക്കാനായി തയ്യാറെടുക്കുന്നതിനു മുമ്പുതന്നെ അത് സംസ്കാരമായി അവരുടെയുളളിൽ കടന്നുചെന്നിരിക്കും. ഡിവിഡി പ്ലേയറിലുള്ള പുതിയതരം സ്വിച്ച്ബട്ടനുകൾ രൂപകൽപന ചെയ്യുന്നതിൽ ഡിസൈനിംഗും കലയുമുണ്ട്. വസ്തുക്കളുടെ പുനക്രമീകരണം, വൈകാരികാനുഭൂതി, രൂപഭംഗി എന്നിവയെല്ലാം ഒരു ബട്ടനെ ഇന്ന് പ്രിയങ്കരമാക്കുന്നു. ഇതെല്ലാം ചേർന്നാണ് വസ്തുവിന്റെ ഉപയോഗം സമകാലീനമായ സംസ്കാരവൽക്കരണമായി മാറുന്നത്. കല വസ്തുവിലേക്ക് ചേർക്കുന്ന ഭംഗി ഉപഭോക്താവിനെ സംസ്കാരവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കലയും വാണിജ്യവും ചേർന്നാണ് സംസ്കാരവൽക്കരണത്തിനു ശക്തിവർദ്ധിപ്പിക്കുന്നത്.
ചോദ്യം: വ്യാജയാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന ആധുനിക മാധ്യമങ്ങളെപ്പറ്റി താങ്കൾ എഴുതിയതോർക്കുന്നു. മാധ്യമങ്ങളുടെ വ്യാജയാഥാർത്ഥ്യങ്ങൾ ആളുകൾ വിശ്വസിക്കുമോ?
= ഇക്കാലത്ത് ആർക്കാണ് വിശ്വസിക്കാൻ താത്പര്യം? ഒരു വാണിജ്യ സിനിമയിലെ നായകൻ സകല പ്രതിസന്ധികളെയും തരണം ചെയ്ത്, അനേകം പേരെ വകവരുത്തി മുന്നേറുന്നത് ആളുകൾ തലകുലുക്കി സമ്മതിക്കുന്നു. എന്നാൽ അതിൽ വിശ്വസിക്കുന്നുണ്ടോ? വിശ്വാസം ഇന്നത്തെ സമൂഹത്തിൽ ധൂർത്താണ്. വിശ്വാസത്തിനു മുടക്ക് മുതൽ കൂടുതലുണ്ട്. ദൈവത്തിൽപ്പോലും ആളുകൾ വിശ്വസിക്കുന്നില്ല; വേണമെങ്കിൽ ദൈവം നമ്മളിൽ വിശ്വസിക്കട്ടെ എന്ന നിലപാടു കാണാം. ദൈവം എങ്ങനെ നമ്മളിൽ വിശ്വസിക്കും? ദൈവത്തിനു പ്രിയങ്കരമായേക്കാവുന്ന കാര്യങ്ങൾ യാന്ത്രികമായി ചെയ്യുക. സ്വയം പ്രദർശിപ്പിക്കുകയാണ് ഇന്നത്തെ ഭക്തൻ ചെയ്യുന്നത്. ദൈവം അവനിൽ വിശ്വസിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ മനോഭാവം മാധ്യമങ്ങളും പുലർത്തുന്നു.
മാധ്യമങ്ങൾ ഒരു പ്രശ്നത്തെപ്പറ്റി തന്നെ പലതരം വീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒന്നും അവർ വിശ്വസിക്കുന്നില്ല. നമുക്ക് വേണമെങ്കിൽ വിശ്വസിക്കാം. ആ വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാവശ്യമായ വഴി തെളിച്ചിട്ട ശേഷം അവർ പിന്മാറുന്നു. പിന്നീടത് നമ്മുടെ വിധിയായി മാറുന്നു. ഈ വിധിയുടെ ദുരിതം മനസ്സിലാക്കിയ പ്രേക്ഷകർ (വായനക്കാർ) വാർത്തകളെയും വിശകലനങ്ങളെയും വിശ്വസിക്കുകയല്ല ചെയ്യുന്നത്, സിനിമയിലെന്നപോലെ ആസ്വദിക്കുകയാണ്. അതുകൊണ്ട് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുത വേണ്ട, നാടകീയത മതി. മന്ത്രി കെ.എം.മാണി ഒരു പ്രശ്നത്തെപ്പറ്റി ഡൽഹിയിൽ നടത്തിയ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം കൊച്ചിയിലെത്തി അത് നിഷേധിച്ച ശേഷം കൂടുതൽ വിശദീകരണം നൽകി. അതും പ്രശ്നമായപ്പോൾ തിരുവനന്തപുരത്ത് മുന്നാമതൊരു വ്യാഖ്യാനം കൂടി നൽകി. ഇങ്ങനെ ഒരേ സംഗതിതന്നെ വിഭിന്നമായ രീതിയിൽ, ഒരാൾ തന്നെ വ്യാഖ്യാനിക്കുമ്പോൾ അത് സിനിമാറ്റിക്കാവുന്നു, യാഥാർത്ഥ്യമല്ല. മൂന്ന് വ്യാഖ്യാനങ്ങളും കണ്ട് ആസ്വദിച്ചശേഷം പ്രേക്ഷകൻ തൃപ്തിയോടെ ഉറങ്ങാൻ പോകുന്നു. നേതാവ് കൂടുതൽ ലൈവാകാൻ ഇത് സഹായിക്കും. പണ്ടത്തെപ്പോലെ, നേതാവ് ഇന്ന് നേതൃസ്ഥാനത്ത് മാത്രമല്ല ഉള്ളത്, ലൈവാക്കുക എന്ന ചുമതല അദ്ദേഹത്തിനുണ്ട് . ലൈവാകാൻ പ്രതികരിച്ചുകൊണ്ടിരിക്കണം. ഈ പ്രതികരണങ്ങൾ (അത് പരസ്പരവിരുദ്ധമാണെങ്കിലും) നേതാവിനെ പുതിയ മാധ്യമങ്ങളിലൂടെ സംസ്കാരവൽക്കരിക്കുന്നു.
രാഷ്ട്രീയം ഇന്ന് ടെക്നോളജിയുടെ സഹായത്തോടെയാണ് സംസ്കാരമാകുന്നത്. ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സാങ്കേതിക സഹായമില്ലെങ്കിൽ ഇന്ന് രാഷ്ട്രീയം അനുഭവിക്കാനോക്കുമോ? നേതാക്കളെല്ലാം ഈ മാധ്യമങ്ങളിലൂടെയാണല്ലോ വരുന്നത്.
ചോദ്യം: എന്താണ് നവാദ്വൈതം? അത് ശ്രീശങ്കരന്റെ അദ്വൈതത്തിന്റെ നവീകരണമാണോ?
= നിമിഷത്തിലാണ് ജീവിതമെന്ന് പ്രസ്താവിച്ചല്ലോ. ഓരോ നിമിഷവും പുതുതായി ജനിക്കുകയാണ്, ഇന്നലെ കണ്ട പൂവല്ല ഇന്നത്തേത്. ഓരോ നിമിഷം കഴിയുന്തോറും കാലത്തിന്റെ വളർച്ചയുണ്ടാകുന്നു. ഒരു മുട്ട പൊട്ടുമ്പോഴും, ശലഭം പിറക്കുമ്പോഴും കാലം വികസിക്കുന്നു. പിന്നീട് ആ കാലത്തിനു പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ കഴിയില്ല. നവാദ്വൈതത്തിലും ഈ വളർച്ചയുണ്ട്. നവാദ്വൈതത്തിലും കാലത്തിലൂടെയുള്ള സഞ്ചാരം പ്രധാനമാണ്. ഓരോ നിമിഷത്തിലും കാലം വളരുന്നതുപോലെ നമ്മളും വളരുകയാണ്. പുതുതാകാൻ വിധിക്കപ്പെട്ട നമുക്ക് പഴയ വഴികളിലൂടെ എത്തിച്ചേരാൻ ഒരിടമില്ല. ഇതാണ് ഏകാന്തത. വഴികളിൽ തനിച്ചാകുന്ന അവസ്ഥ. ജലത്തെപ്പോലെ പിന്നോട്ട് ഒഴുക്കില്ല. മുന്നോട്ടുള്ള ഒഴുക്ക് പ്രവചിക്കാനുമാകില്ല. അപ്രവചനീയമായ ഏകാന്തതയാണിത്.
ഏത് വസ്തുവിനും സ്വയം നിരസിക്കാനുള്ള അവകാശമുണ്ട്. മാനസികമായും സൗന്ദര്യാത്മകമായും ചിന്താപരമായും ഇതല്ല, ഇതല്ല എന്ന് പറയാനുള്ള സത്യസന്ധതയും ഉത്തരവാദിത്തവുമുണ്ട്. സ്വന്തം അവസ്ഥയിലേക്ക് വളരെ ജാഗ്രതയോടെ നോക്കുന്നവർക്ക്, പ്രത്യേകിച്ചും സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ടാകും.
കല്ലിനും മരത്തിനുമെല്ലാം ഓരോ കാഴ്ചയിലും നമ്മൾ കൊടുക്കുന്ന അർത്ഥം കൂടിയുണ്ട്. വിവിധ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ച്, മനുഷ്യന് പുതിയ അർത്ഥമേഖലകൾ സൃഷ്ടിക്കാം. വീടുണ്ടാക്കിയാൽ മാത്രം പോരാ, അത് മനസ്സിനിണങ്ങുന്ന തരത്തിലാക്കാൻ മുറ്റത്ത് ചെടികളോ, കല്ലുകളോ വേണം. മുറിയിൽ ചിത്രങ്ങളാകാം. ചുമരിലെ നിറങ്ങൾ പോലും നമ്മുടെ മനസ്സിനെ പ്രതിഫലിപ്പിക്കും. പല വസ്തുക്കളും നിറങ്ങളും കൂട്ടിയോജിപ്പിച്ച് നാമുണ്ടാക്കുന്ന യുക്തിയുടെ പുതിയ മിഥ്യയാണിത്. ഇതിനെ സൗന്ദര്യമെന്നും വിളിക്കാം. ഇത് പുറമേ നിന്ന് വരുന്നവരുടെ സൗന്ദര്യശാസ്ത്രമാകണമെന്നില്ല. നമ്മുടെ തന്നെ ഭാവനയാണ്. നമ്മുടെ തന്നെ സംസ്കാരവൽക്കരണമാണിത്. ഇത് നിരാസവും നിർമ്മാണവുമാണ്.
ജീവിതം ഓരോനിമിഷത്തിലും മറവിയായും ഓർമ്മയായും, ഈ നിരാസവും നിർമ്മാണവും സാക്ഷാത്കരിക്കുന്നു. മറവി നിരാസമാണ്. മറവിയെ മാത്രമാണ് ടിവി ചാനലുകൾ നിർമ്മിക്കുന്നത്. സംസ്കാരം മറവിയുടേതു കൂടിയാണ്. നാം ഓരോ സംസ്കാരത്തെയും ഏത് കാലത്തിന്റെ, പ്രസ്ഥാനത്തിന്റെയെന്ന് നോക്കാതെ യഥേഷ്ടം എടുത്ത് ഉപയോഗിക്കുകയാണ് . ഫൈവ്സ്റ്റാർ ഹോട്ടലുകളിൽപ്പോലും ഓലക്കുടയും കഥകളി രൂപങ്ങളും കാണാം. അതുപോലെ സാധാരണ ഗ്രാമീണ ഹോട്ടലുകൾപോലും ഉയർന്നതരം ടൈലുകളും പൂക്കളും ഉപയോഗിക്കുന്നത് കാണാം. മറവി പുതിയ മറവികൾ നിർമ്മിക്കുന്നു. ഓർക്കുന്നത് മറവിയെയാണ്. ഈ നിരന്തര മാറ്റത്തിന്റെ പ്രവാഹാത്മകതയാണ് നവാദ്വൈതം. പ്രവാഹാത്മകത, നിരാസം, മറവി, നിർമ്മാണം, ഒഴുക്ക്, നവീകരണം അല്ലാതെ മറ്റൊന്നും ഇല്ല. ഇതാണ് പുതിയ അദ്വൈതം.
( 'എഴുത്ത് ഓൺലൈനി'നുവേണ്ടി ശൈലേഷ് തൃക്കളത്തൂരുമായി സംസാരിച്ചത്)
Subscribe to:
Posts (Atom)
AKSHARAJALAKAM
AKSHARAJALAKAM/
-
എം.കെ.ഹരികുമാർ നിശ്ചലമായിരിക്കുക എന്നതാണ് പ്രകൃതിവിരുദ്ധമായിട്ടുള്ളത്. ആശയങ്ങളുടെ തലത്തിൽ നിശ്ചലമായിരിക്കൽ പലർക്കും അവകാശം പോലുമാണ...