Monday, December 23, 2013

AKSHARAJALAKAM, lakkam 7 /page 1/DEC 15-22/2013

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും












ലക്കം ഏഴ്, പേജ് ഒന്ന്







  












We are nihilist thoughts in the brain of god.
Franz Kafka,ജർമ്മൻ എഴുത്തുകാരൻ

















Inside us there is something that has no name, that something is what we are.”
Jose Saramago,  പോർച്ചുഗീസ് എഴുത്തുകാരൻ

കണ്ണുകളുടെ ഭോഗാസക്തിയും കണ്ണുകൾകൊണ്ട് കൊണ്ട് ഉണ്ടാക്കിയ ലോകവും

കണ്ണുകൾ നമ്മുടെ അകം ലോകത്തെക്കൂടി ഉദാഹരിക്കുന്നു.
നമ്മൾ പുറത്തുള്ളവയെ കാണുന്നത് അകത്തു കാണുന്നതിന്റെ അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ്.
ഒന്നും തന്നെ അകത്തു കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തു കാണാനും വിധിക്കപ്പെടുന്നു.
ഒരു ലോകം ഉണ്ടെന്ന് സ്ഥാപിക്കാൻ കണ്ണുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കും.
എന്നാൽ ഒരു ലോകം ഇല്ലെന്ന് സ്ഥിരീകരിക്കാൻ കണ്ണുകൾ ആവേശം കാണിക്കുകയാണെങ്കിലോ?
അതാണ്  ഇന്ന് ഈ ലോകം ആഗ്രഹിക്കുന്നത്.
ഇതു കണ്ണുകൾ കൊണ്ട് ഉണ്ടാക്കിയ ലോകമാണ്.യഥാർത്ഥത്തിൽ ഭാരതം ഉണ്ടാക്കപ്പെട്ടത് ധ്യാനവും ധിഷണയും കൊണ്ടാണ്.പ്രകാശസ്വരൂപനായ പുരുഷനിൽ നിന്ന് അഗ്നിയും ആകാശവും ഇന്ദ്രിയങ്ങളും മറ്റും ഉണ്ടായി എന്ന് ഭാരതം  എത്ര നേരത്തെ കണ്ടുപിടിച്ചിരിക്കുന്നു.

ഇതു ധിഷണയുടെ വിജയമല്ലേ?
നിദിധ്യാസനം  ഇന്ത്യയുടെ സംഭാവനയാണ്.
ആത്മീയമായതിനെയും അനാത്മീയമായതിനെയും വേർതിരിച്ച് മനസ്സിലാക്കുന്നതാണ്  നിദിധ്യാസനം.ലൗകിക കാര്യങ്ങൾ ചെയ്യുമ്പോഴും മനസ്സ് ആത്മാവിൽ കേന്ദ്രീകരിക്കുക ഇതിന്റെ പ്രത്യേകതയാണ്.

എന്നാൽ ഇന്ന് കണ്ണുകളെ ഇതിൽ നിന്നെല്ലാം നാം മോചിപ്പിച്ചിരിക്കുന്നു.
കണ്ണുകൾ വല്ലാതെ സംസാരിക്കുന്ന ലോകമാണിത്.
എല്ലാ നോട്ടങ്ങളിലും ആർത്തിയുടെയോ ഭോഗത്തിന്റെയോ അമിതമായ ത്വര പതിയിരിക്കുന്നു.കണ്ണുകൾ കൊണ്ട് ഭക്ഷിക്കാൻ തക്കം  പാർത്തിരിക്കുന്ന ഒരു ലോകം നമ്മുടെ ത്വക്കിനു പുറത്ത് സദാ ജാഗ്രത്തായിരിക്കുന്നതുപോലെ.കണ്മുൻപിൽ  ഉള്ളതു മാത്രമാണ് നമ്മുടെ യാഥാർത്ഥ്യം. അല്ലാത്തതൊന്നും നിലനിൽക്കുന്നില്ല!
ഇന്നലെകൾ കണ്ണുകളുടെ മുൻപിലില്ല. അതുകൊണ്ട് ഇന്നലെകൾ മരിച്ചു, അല്ല അതു ഒരിടത്തും ജീവിച്ചിരുന്നിട്ടില്ല!കന്മുൻപിൽ എന്താണോ ഉള്ളത് അത് മാത്രമാണ് ലോകത്തെ നിശ്ചയിക്കുന്നത്.അതുകൊണ്ടുതന്നെ  കണ്ണുകളുടെ സമ്മർദ്ദം കൂടുന്നു.കണ്ണുകൾ ആസക്തമാകുന്നു. ഒന്നും തന്നെ കാണാതെപോകരുതെന്ന് ആഗ്രഹിക്കുന്നു.









കാണുന്നതോടുകൂടി അതിനെ കീഴടക്കുകയോ ഉപയോഗിക്കുകയോ  ചെയ്തതായി വിശ്വസിക്കപ്പെടുന്നു.അവസാനമില്ലാത്ത പരതൽ, വാചാലത, ചൂഷണം കണ്ണുകളുടെ പേരിൽ നിർവ്വഹിക്കാനാണ് ശ്രമം.
എല്ലാ കാഴ്ചകളും ബലാൽക്കാരമായി മാറുന്നു.കാണുന്നതോടെ ഉപഭോഗവും  അതുകഴിഞ്ഞ്  വലിച്ചെറിയലുമാണ് സംഭവിക്കുന്നത്.
നോട്ടത്തിലൂടെ ക്രൂരതയും ആസക്തിയുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.പൊതുജീവിതത്തിലെ നോട്ടങ്ങളെല്ലാം അപകടകരമാംവിധം ഭീകരമായിരിക്കുകയാണ്.
ഇതിന്റെ ഫലം എന്താണെന്ന്  ചോദിച്ചാൽ ഉത്തരം ഇത്രയേയുള്ളു: ജ്ഞാനത്തിനു സമ്പൂർണമായ നാശമോ  ഗ്രഹണമോ സംഭവിച്ചിരിക്കുന്നു.
കണ്ണ്   വിളക്കുപോലെയാണ്. നാം കണ്ണുകൾക്ക് ആരാധന ചെയ്യണം. എന്നാൽ ജിവിതത്തിലൊരിക്കൽ പോലും സൂരോദയം കാണാത്ത നമുക്കു കണ്ണുകളുടെ ഉപയോഗം മനസ്സിലാക്കാനാവുന്നില്ല. ധ്യാനരഹിതമായ, സ്നേഹരഹിതമായ കാലത്ത് കണ്ണുകളെ തെറ്റായി ഉപയോഗിച്ച് ഒരു കപട റിപ്പബ്ലിക്കാണ് നാം ഉണ്ടാക്കുന്നത്.
മനസ്സ് ജീവിച്ചതിന്റെ രേഖ
വിക്ടർ ലീനസ്സിന്റെ കഥകളുടെ പ്രത്യേകത മനസ്സിന്റെ സദാജീവിതമായിരുന്നു.

ഒരു മരണരംഗം വിവരിക്കുമ്പോഴും അദ്ദേഹം പാലിക്കുന്ന മനുഷ്യത്വം, മനുഷ്യ സാന്നിദ്ധ്യം ശ്രദ്ധിക്കൂ:
ഞാനത് കുടിക്കാൻ തുടങ്ങുമ്പോൾ അവൾക്ക് വേണമെങ്കിൽ വിലക്കാം.പക്ഷേ അവളത് ചെയ്യുകയുണ്ടാവില്ല.അത്ര ആഗ്രഹമുണ്ടെങ്കിലും എന്റെ വിഷം സ്വീകരിക്കുവാനുള്ള  എന്റെ സന്നദ്ധത ഞാനതു സ്വീകരിക്കുവോളം പരിപൂർണ്ണമായും  തെളിയിക്കപ്പെടില്ലല്ലൊ.പരിപൂർണ്ണമായല്ലാതെ ഒന്നും അവൾ സ്വീകരിക്കില്ല.ഞാനർപ്പിക്കുകയുമില്ല.
എനിക്കെല്ലാം സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്.അതു കുടിച്ചിട്ട് ഞാൻ കട്ടിലിൽ കിടക്കുമ്പോൾ  അവളെന്റെ അരികിലുണ്ടാവും.മരിക്കുന്ന നിമിഷങ്ങളുടെ പിടച്ചിൽ ഞങ്ങളൊപ്പം ശ്രദ്ധിക്കും.അവൾക്ക് മുൻപിൽ നീണ്ടു കിടക്കുന്ന സമയത്തിന്റെ നീണ്ട ക്രൂരതയെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിക്കും.''(മഴമേഘങ്ങളുടെ നിഴലിൽ)
ഫേസ്ബുക്കറുകളുടെ പ്രണയകാലം
ഇന്ന് പ്രണയിക്കാൻ ആളെ നേരിട്ട് കാണണമെന്നില്ല.ചാറ്റ് ചെയ്താലും മതി.

ഒരു പക്ഷേ , ഒരിക്കൽ പോലും നേരിൽ കാണണമെന്നില്ല.
പ്രണയിക്കാൻ നേരിൽ കാണണമെന്നില്ല എന്ന അവസ്ഥ ഇരുപത്തിയഞ്ച് വർഷം മുൻപ് സാധ്യമായിരുന്നില്ല.മനുഷ്യവ്യക്തി ഒരു പ്രധിനിധാനമായി മാറുകയാണ്.അവൻ ആശയമോ , ചിന്തയോ ആദർശമോ അല്ല. ഒരു ഉപഭോഗ വസ്തുവാണ്.അവൻ  സാംസ്കാരിക കേന്ദ്രമല്ല.അവന്റെതന്നെ വിനിമയ വസ്തുവാണ്.ഇത് മനുഷ്യനെ അസ്ത്വിത്വത്തിന്റെ ലഘുത്വത്തിലേക്ക് പരിവർത്തിപ്പിക്കുന്നു.
ഇതാണ് ഉത്തര -ഉത്തരാധുനികതയുടെ സവിശേഷത


അമ്പും വില്ലും
 ഭാരതീയ ഇതിഹാസങ്ങളിൽ  അമ്പും വില്ലുമാണല്ലോ ആയുധം.
മുണ്ഡകോപനിഷത്തിൽ ഇതിനെപ്പറ്റി മനസ്സിലാക്കാം.

''പ്രണവോ  ധനുഃശരോഹ്യാത്മാ
ബ്രഹ്മ തല്ലക്ഷ്യമുച്യതേ
അപ്രമത്തേന വേദ്ധ്യവ്യം
ശരവത്തന്മയോ ഭവേത്''
അതായത് പ്രണവം എന്നാൽ വില്ല്. ബ്രഹ്മമാണ് ലക്ഷ്യം, അമ്പ് എന്നാൽ ജീവാത്മാവാണ്.പ്രണവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്ര വേദാതികളാണ്.അമ്പ് ശരിക്കു തൊടുക്കാൻ കഴിയുന്നവൻ ജ്ഞാനിയാണെന്ന് സാരം.

ബിൽ ബ്രൈസൺ

ശാസ്ത്ര, യാത്ര വിഷയങ്ങളിൽ മികച്ച പുസ്തകങ്ങൾ രചിച്ച ബിൽ ബ്രൈസൺ ഏറ്റവും ലളിതമായി വലിയ വിഷയങ്ങൾ പ്രതിപാദിക്കുന്നതിൽ സമർത്ഥനാണ്.

അദ്ദേഹത്തിന്റെ എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയേർലി എവരിതിംഗ് എന്ന പുസ്തകത്തിലെ ചിന്തിപ്പിക്കുന്ന ആശയം  ഇതാണ്.
നമ്മൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റം കൊണ്ടാണ്.
മരിക്കുന്നതോടെ ഈ ആറ്റം മറ്റ് രൂപങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു.

പ്രപഞ്ചം തന്നെ ആറ്റത്താൽ നിർമ്മിതമാണ്.നമ്മുടെ ശരീരത്തിലെ ആറ്റത്തിനു പ്രപഞ്ച സമയദൈർഘ്യത്തിൽ ഒരിക്കൽ മാത്രമാണ് നമ്മുടെ ശരീരത്തിന്റെ രൂപം കൈവരിക്കാൻ കഴിയുന്നത്.
നമ്മുടെ ശരീരം ഇതിനു മുൻപ് ജീവിച്ചിരുന്ന ഷേക്സ്പിയറുടെയോ ദസ്തയെവ്സ്കിയുടെയോ ആറ്റം കൊണ്ടും നിർമ്മിക്കപ്പെട്ടതാകാം

അവ്യവസ്ഥാ സിദ്ധാന്തം.
ഒരു ചിത്രശലഭം ചിറകടിച്ചാൽ ദൂരെയെവിടെയെങ്കിലും കൊടുങ്കാറ്റ് ഉണ്ടാകുമോ?
ഉണ്ടാകാമെന്നാണ് അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ എഡ്മണ്ട് ലോറൻസ് പറയുന്നത്. അദ്ദേഹം ഇതിനെ 'ബട്ടർഫ്ലൈ ഇഫക്ട് 'എന്നു പറയുന്നു.ഒരു കല്ലു കുന്നിന്റെ നെറുകയിൽ വചാൽ  ഏതു വശത്തേക്ക് ചരിയുമെന്ന് പറയാനാവില്ല. തുടക്കത്തിലുള്ള ഊർജത്തെ ആശ്രയിച്ചിരിക്കും.
ഏതു ചെറിയ ചലനത്തിനും പ്രപഞ്ചത്തിൽ അതിന്റേതായ ഫലം സൃഷ്ടിക്കാൻ കഴിയും.

നമ്മൾ നക്ഷത്രങ്ങളെപ്പോലെയാണ്.

എപ്പോഴും യാത്രയിലാണ് നമ്മൾ. മനസ്സിലെ യാത്രകൾക്ക് അന്ത്യമില്ല. ഓരോ ദിക്കിലേക്ക് നാം പൊയ്ക്കൊണ്ടിരിക്കുന്നു.
എന്നാൽ ഒരിക്കലും നമ്മൾ ഒരു ബിന്ദുവിൽ മുഖാമുഖം വരുന്നില്ല.ചിലപ്പോൾ നക്ഷത്രങ്ങളെപ്പോലെ തമോഗർത്തമായി പരിണമിക്കാം. അല്ലെങ്കിൽ ശൂന്യത അവശേഷിപ്പിക്കാം. അതുമല്ലെങ്കിൽ പ്രകാശം വിതറി പ്രലോഭിപ്പിച്ച് വളരെ ദൂരെ മാറി നിൽക്കാം.

അതൊന അഹതോ(Antoine Artaud)
ഫ്രഞ്ച് നാടകകൃത്ത് അതൊന അഹതോവിന്റെ ഒരു ലേഖനത്തിൽ ഇങ്ങനെ വായിച്ചു:

നാടകവേദി ജീവിത്തിനു തുല്യമായ തലത്തിലേക്ക്  ഉയരണം; അതു വ്യക്തിയുടെ ജീവിതമല്ല.കഥാപാത്രങ്ങൾ വിരാജിക്കുന്ന വ്യക്തിജീവിതത്തിന്റെ  അംശമല്ല,മനുഷ്യ വ്യക്തിത്വത്തെ മറികടക്കുന്ന ഒരു വിധത്തിലുള്ള സ്വതന്ത്രമായ ജീവിതമാണ്.ഇവിടെ മനുഷ്യൻ ഒരു പ്രതിഫലനമാണ്.


ബ്രേക്ക്
എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ.

ഇന്റർനെറ്റ്
പഞ്ച ഭൂതങ്ങളൂടെ ഇന്‍റെര്‍നെറ്റ്‌ ആണ്‌ മനുഷ്യന്‍ ഒരോ നിമിഷവും അഭിമുഖീകരിക്കുന്നത്‌.

ഗണേഷ് പന്നിയത്ത്

സ്ത്രീ -പുരുഷ സംസ്കാരത്തെ താരതമ്യം ചെയ്തു കൊണ്ട് ഗണേഷ് പന്നിയത്ത് എഴുതിയ കുറിപ്പ് പ്രസക്തമായി തോന്നി.
എല്ലാ ആപേക്ഷികമാണെന്ന് അറിയുക. ചിലപ്പോൾ തൊഴിലും വിദ്യാഭ്യാസവും പെരുമാറ്റത്തെ സ്വാധീനിക്കാം.
ഇതാ ഗണേഷിന്റെ വാക്യങ്ങൾ:

പുരുഷന്റെ നഗ്നശരീരം പ്രാകൃതവും പരുക്കനുമാണ് എന്നാല്‍ സ്ത്രിയുടെ നഗ്നശരീരം സുന്ദരവും മൃദുലവും ഒപ്പം തീക്ഷ്ണവുമാണ്.

യാത്രക്കിടയില്‍ ഉറക്കെ സംസാരിച്ചും മൊബൈലില്‍ കൂക്കിവിളിച്ചും പുരുഷന്‍ ചുറ്റുപാടുകളെ മലിനമാക്കുമ്പോള്‍ സ്ത്രികള്‍ ഏറ്റവും മാന്യമായ രീതിയില്‍ യാത്ര തുടരുന്നു.

രണ്ടു കണ്ണുകള്‍ കൊണ്ട് പുരുഷന്‍ സ്ത്രി ശരീരം കൊത്തിപ്പറിക്കുമ്പോള്‍ ആയിരം കണ്ണുകള്‍ കൊണ്ട് സ്ത്രി പുരുഷനെ സൌമ്യതയോടെ ആസ്വദികുന്നു.

നഗരത്തിലൂടെയോ ഗ്രാമത്തിലൂടെയോ പോകുമ്പോള്‍ പുരുഷന്‍ തുപ്പിയും മൂത്രമൊഴിച്ചും പരിസരത്തെ വൃത്തി കേടാക്കുമ്പോള്‍ സ്ത്രി മാന്യതയുടെ യാത്രകാരിയാവുന്നു.

പുരുഷന് സ്വന്തം ശരീരത്തെ കുറിച്ച് ഒരു ബോധവുമില്ല എന്നാല്‍ സ്ത്രി ഓരോ നിമിഷവും ശരീരത്തെ തിരയുന്നു.

എഴുത്തുകാരൻ
ഒരെഴുത്തുകാരന്  എല്ലാവരോടും സഹാനുഭൂതി വേണം; എന്നാലവൻ പ്രകൃത്യാ പുറന്തള്ളപ്പെട്ടവനാക്കണം
ജൂലിയൻ ബാൺസ്

 


ശ്രീജിത്ത് മൂത്തേടത്ത്
ചേർപ്പ് എഴുത്തുകൂട്ടത്തിനു നേതൃത്വം നൽകുന്ന ശ്രീജിത്ത് മൂത്തേടത്ത് പുതിയൊരു വീര്യം തരുകയാണ്.
മലിനീകരണത്തിനെതിരെ ഈ എഴുത്തുകാരൻ സമാന മനസ്കരെ സംഘടിപ്പിച്ച് പൊരുതുന്നു.
അദ്ദേഹത്തിന്റെ 'വിശുദ്ധ പശു' എന്ന കവിത മറ്റൊരു ധീരമായ കാഴ്ചപ്പാടാണ്. തലസ്ഥാന നഗരിയിലെ ദുർഗ്ഗന്ധത്തെക്കുറിച്ച് ശ്രീജിത്ത് എഴുതുന്നു:

രാജകൊട്ടാരക്കുളപ്പുരയിലും
കുളത്തിലെ പായല്‍ വെള്ളത്തിലും,
പാനജലത്തിലും പാന്ധാവിലും പിന്നെ
പട്ടണപ്രാന്തപ്രദേശത്തിലും,
എന്തോ ചീഞ്ഞുനാറുന്നൂ,
നാറ്റത്തിന്‍ ഹേതുവറിയുന്നീലാ!
എല്ലാരും മൂക്കു പൊത്തിനടക്കുന്നു,
വാതുറന്നൊന്നും പറയുന്നീലാ!
മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍
സിംഹാസനത്തില്‍ കണ്ണുള്ളവര്‍,
ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍
ചെഞ്ചേല ചുറ്റി നടക്കുന്നവര്‍,
നാട്ടുപ്രാന്തത്തില്‍ നിവസിപ്പവര്‍ അവര്‍
എന്തു നികൃഷ്ടവും ചെയ്യുന്നവര്‍,
രാജനെത്തട്ടി, കൊട്ടാരം നേടുവാന്‍
നാറ്റക്കഥയവര്‍ പാട്ടാക്കുന്നൂ.
നാറ്റം സര്‍വ്വത്ര നാറ്റം ഹാ.. ഹാ..
രാജപ്രജകള്‍ പരക്കം പാഞ്ഞു.
മൂക്കുകള്‍ മാസ്കിനാല്‍ മൂടിനടന്നൂ
ഓക്കാനത്താല്‍ നഗരം നിറഞ്ഞൂ..

മുംബൈ മലയാളികൾ മലയാളത്തിന്റെ പതാകവാഹകരാവുക.
മുംബൈയിലെ  സാഹിത്യ ക്യാമ്പിനെപ്പറ്റി ഞാൻ എഴുതിയ കമന്റ്  ചിലർ ദുർവ്യാഖ്യാനം  ചെയ്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.മുംബൈയിൽ സാഹിത്യ പ്രവർത്തനം ഇല്ലെന്ന് ആരും പറയുകയില്ല.വൈറ്റ്ലൈൻ എന്ന പ്രസ്ഥാനം തന്നെ നല്ല തുടക്കമാണ്.
ഇതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വി ആർ സുധീഷ് സംഭവവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയത്, മുംബൈയിൽ മാത്രമല്ല കേരളത്തിലും അപകടകരമായ പ്രവണതകൾ കടന്നു കയറി  എന്നാണ്. ഇത് പരിഹരിക്കാൻ എല്ല സഹൃദയരും  പുതിയ ആലോചനകൾക്ക് സാഹചര്യമൊരുക്കണം. അതിനു പ്രാദേശിക വാദമുയർത്തി പ്രശ്നത്തെ വഴി തെറ്റിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
എന്റെ അഭിപ്രായത്തിൽ മുംബൈയിലെ സാഹിത്യ പ്രവർത്തകർക്ക് ഇന്ന് മലയാളഭാഷയുടെ പതാകഎന്താൻ സാധിക്കും.
അതിനു അവർ ചെയ്യേണ്ട കാര്യം ഞാൻ വിശദീകരിക്കാം:
മലയാളത്തിലെ (സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്ക് )മികച്ച കൃതികൾക്ക് അഞ്ച് അവാർഡുകൾ വർഷം തോറും കൊടുക്കുക. തുക ഒരു ലക്ഷത്തിൽ  കുറയരുത്.
എല്ലാ വർഷവും സാഹിത്യ സെമിനാറുകൾ നടത്തുക.
പുസ്തകമേളകൾ നന്നായി നടത്തുക.
നല്ലൊരു സാഹിത്യ പ്രസിദ്ധീകരണം (പ്രിന്റിലും ഓൺലൈനിലും ) ആരംഭിക്കുക.

ജോസ് തെറ്റയിൽ 

കഴിഞ്ഞ ദിവസം അങ്കമാലിയിലെ ടെൽക്ക് എന്ന സ്ഥാപനത്തിൽ( ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്)വാർഷികസമ്മേളനത്തിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നടത്തിയത് ഞാനാണ്. ജോസ് തെറ്റയിൽ എം എൽ എ ആയിരുന്നു അദ്ധ്യക്ഷൻ.
ഒരു മണിക്കൂറോളം നീണ്ട എന്റെ പ്രസംഗം തീരുന്നതുവരെ അദ്ദേഹം അവിടെ ഇരുന്നു.തുടർന്ന് ഉത്തരേന്ത്യക്കാരനായ
മാനേജിംഗ് ഡയറക്ടർ പ്രഭാത്കുമാറിനോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹരികുമാറിന്റെ പ്രസംഗം കേൾക്കാൻ  വേണ്ടിയാണ് തിരക്കുകളുണ്ടായിട്ടും ഞാൻ ഇവിടെ ഇരുന്നത്.ഹരികുമാർ കേരളത്തിലെ പ്രധാനപ്പെട്ട ഒരു എഴുത്തുകാരനാണ്. ഈ പരിപാടിയിൽ ഹരികുമാറിനെ വിളിച്ചതിനു ഞാൻ താങ്കളെ അഭിനന്ദിക്കുന്നു. അതോടൊപ്പം നല്ല ആശയങ്ങൾ അവതരിപ്പിച്ച ഹരികുമാറിനെയും ഞാൻ അനുമോദിക്കുന്നു.
നല്ല കാര്യങ്ങൾ തുറന്നു പറയുന്നതിൽ പിശുക്ക് കാട്ടാത്ത ജോസ് തെറ്റയിലിനു ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
സിനിമയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും നല്ല അവബോധമൂള്ള നേതാവാണ് തെറ്റയിൽ.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനോട് ചേർന്ന് മൾട്ടിപ്ല്ക്സ് തീയറ്റർ ആരംഭിച്ച് (അങ്കമാലി)ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം
എം. എൻ .പാലൂർ

കവി എം.എൻ പാലൂരിന്റെ കഥയില്ലത്തവന്റെ കഥ(ഗ്രീൻ ബുക്സ്) എന്ന ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ചില ചിന്തകളുണർത്തി. ഇവിടെ എഴുതി തുടങ്ങി നാലു വർഷം തികയുന്നതിനകം ഏറ്റവും വലിയ അവാർഡ് വേണമെന്ന് പറഞ്ഞ് പലരുടെയും വീടുകൾ കയറി  ഇറങ്ങുന്നവരുണ്ട്.
ഇവർ വിദഗ്ധമായി പത്രാധിപന്മാരെയും അവാർഡ് കമ്മിറ്റിക്കാരെയും സ്വാധിനിക്കുന്നു.ഈ പ്രവണതയുടെ മുനയൊടിക്കാൻ കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ അവാർഡിന്റെ തിളക്കം.
പാലൂർ ഒരു ഇടത്തും സ്വന്തം പബ്ലിക് റിലേഷൻ ഓഫീസറായി അവതരിക്കുന്നില്ല. ഇങ്ങനെയുള്ളവരെ ഇല്ലാതാക്കാനാണ് പുതിയ തലമുറയിലെ ചിലർ ശ്രമിക്കുന്നത്.
സണ്ണി തായങ്കരി
സണ്ണി തായങ്കരി എന്ന കഥാകൃത്തിനെ ഗൗരവമായി കാണണം.
'ഒരു വിലാപവും ഇവിടെ അവസാനിക്കുന്നില്ല' എന്ന സമാഹാരം (ഹരിതം ബുക്സ്)സാമൂഹ്യ തിന്മകളെ പിന്തുടർന്ന് ചെന്ന് നിശിതമായി വിമർശിക്കുന്നു.

അനീതിക്കെതിരെ യുദ്ധം ചെയ്യുകയാണ് ഈ കഥാകൃത്ത്.
സണ്ണിയുടെ  'തെമ്മാടിക്കുഴിയിൽനൊന്നൊരു വിലാപം' എന്ന കഥ ഇന്നും പ്രസക്തമായ വിഷയമാണ് .ജീവിച്ചിരുന്നപ്പോൾ പോൾ മാത്യു ജോസഫും ലൂസിയും ഒന്നാകാൻ ആഗ്രഹിച്ചു. പള്ളിക്കാർ അതനുവദിച്ചില്ല. കാരണം പോൾ ദരിദ്രനായിരുന്നു.എന്നാൽ മരണശേഷവും അവർ ഒന്നിച്ചില്ല. പോൾ തെമ്മാടിക്കുഴിയിലും ലൂസി സെമിത്തേരിക്കുള്ളിലെ കല്ലറയിലും. മരണത്തിലും ഈ മതിൽക്കെട്ട് മാറുന്നില്ലല്ലോ എന്ന് പോൾ വിലപിക്കുന്നു.
ഈ ലോകത്തെ നോക്കി ആഴമുള്ള പരിഹാസം തൊടുത്തുവിടാൻ കഴിവുള്ള സണ്ണി  തായങ്കരിക്ക് , സൂക്ഷ്മമായ സംവേദനം കൊണ്ട് വായനക്കാരന്റെ വൈകാരിക പ്രപഞ്ചത്തെ വിപുലീകരിക്കാനും സാമർത്ഥ്യമുണ്ട്.

ബി മുരളി
ബി മുരളിയുടെ നൂറ് കഥകളുടെ  സമാഹാരം വായിച്ചു. ആധുനികതയുടെ കാലത്തെ പ്രമേയത്തിന്റെ ഏകാന്തതയെ  റദ്ദ് ചെയ്യുകയാണ് കഥാകൃത്ത്. സ്വതന്ത്രമാകുകയാണ് ഏറ്റവും വലിയ സർഗാത്മക പ്രവർത്തനം. 

ആ സ്വാതന്ത്ര്യം ഒരു ആകുലതയോ കരാറോ ഇല്ലാതെ സംഭവങ്ങൾ വെറുതെ കാണുന്നതിനുള്ളതാണ്.തെരുവുകളോ ,കുടുംബങ്ങളോ ഇന്ന് ഒന്നിന്റെയും പ്രതിനിധാനം ഏറ്റെടുക്കിന്നില്ല.ഇവിടെയാണ്  കഥാകാരന്റെ വൈകാരിക ലോകം വികസിക്കുന്നത്.
ഒന്നിലും ആഴ്ന്നിറങ്ങാത്ത ഈ ജീവിതത്തിന്റെ സഹജമായ ഉദാസീനതയെ  അപനിർമ്മിക്കുന്നതിൽ മുരളി വിജയിച്ചിരിക്കുന്നു.

ഷീബ ഇ.കെ.
 













വൈ ടു കെ, നീലലോഹിതം എന്നീ കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധ നേടിയ ഷീബ ഇ .കെ യുടെ ആദ്യ നോവലാണ് ദുനിയ(ഡി.സി.ബുക്സ്).

 ഈ നോവൽ  ജാതി ,മത വേർതിരിവുകൾക്കിടയിൽ സ്നേഹം നഷ്ടപ്പെടുന്നതറിയുന്ന യുവതയുടെ ശബ്ദമാണ്.ആഗോളവത്കരണത്തിന്റെയും സാമ്പത്തിക ധ്രുവീകരണത്തിന്റെയും ഇടയിൽ നമുക്കൊക്കെ ത്യജിക്കാനുള്ളത് ഈ പ്രണയം തന്നെയാണ്. ലോകം വിജയിക്കട്ടെ. വെറും വ്യക്തികൾക്ക് പിന്മാറാം.
ഒരു ഭാഗം ശ്രദ്ധിക്കുക;
വർഗ്ഗത്തിന്റെ, മതത്തിന്റെ, ,പണത്തിന്റെ, പേരിലാണ് ജീവിതത്തിന്റെ എല്ലാ നന്മകളും നഷ്ടമായത്.ഇപ്പോൾ  അതേ വർഗ്ഗത്തിനു വേണ്ടി , മതത്തിനു വേണ്ടി , പണത്തിനുവേണ്ടി ഞാൻ ഇതുവരെ ജീവിച്ച  വീടിനോട് , രഹാനയോട് , ഇർഫാന്റെയും ബാബയുടെയും സ്മൃതികളോട് , മോഹഭംഗങ്ങളോട്  നിർവ്വികാരതയോടെ യാത്ര ചോദിക്കുന്നു


പേജ് രണ്ട്

AKSHARAJALAKAM/ lakkam 7, page 2/DEC 15-22/2013


ലക്കം ഏഴ്, പേജ് രണ്ട്

















Dreams have only one owner at a time. That's why dreamers are lonely
William Faulkner,അമേരിക്കൻ എഴുത്തുകാരൻ



















Beauty is only of one kind;there are a thousand kinds of ugliness.It is difficult to compare one sublime with another , and we need to take a rest from everything, even from beauty.
Umberto Eco.
ഇറ്റാലിയൻ എഴുത്തുകാരൻ


സോൾ ബെല്ലോയുടെ പട്ടി, റുഷ്ദിയുടെയും.

ഒരു ലേഖനത്തിൽ സൽമാൻ  റുഷ്ദി പറയുന്നത്, താൻ ഒരു വായനക്കാരനെ മനസ്സിൽ കാണുന്നേയില്ലെന്നാണ്.
ആർക്കുവേണ്ടി എഴുതുന്നു?അങ്ങനെയൊരാൾ അദ്ദേഹത്തിന്റെ മനസ്സിൽ ഇല്ല.''ചില ആശയങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, രൂപങ്ങൾ എല്ലാം മനസ്സിലുണ്ട്.

സോൾ ബെല്ലോ
ഈ വസ്തുക്കൾക്ക് വേണ്ടിയാണ്  പ്രാഥമികമായി എഴുതുന്നത്. എഴുതി പൂർത്തിയായി കഴിയുമ്പോൾ  പലർക്കും ഇതിൽ താല്പര്യമുണ്ടാകാം.
ഇക്കാര്യത്തിൽ എനിക്ക് അമേരിക്കൻ  ബ്ലാക് എഴുത്തുകാരനായ റാൽഫ് എല്ലിസന്റെ അഭിപ്രായത്തോട് യോജിപ്പാണ്.ഷാഡോ ആൻഡ് ആക്ട് എന്ന ലേഖനസമാഹാരത്തിൽ അദ്ദേഹം പറയുന്നു:എഴുത്തിലൂടെ  താൻ ആദ്യം നീഗ്രോ സമൂഹത്തിലെ പ്രിയപ്പെട്ടവരെയെല്ലാം കൂട്ടിയോജിപ്പിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്;അതോടൊപ്പം, അതിനപ്പുറത്തുള്ള ഒരു ലോകത്തെയും ഞാൻ ലക്ഷ്യം വയ്ക്കുന്നുണ്ട്."
കല ഒരു തീവ്ര വികാരമാണ്. അതുകൊണ്ട് ഭാവനയ്ക്ക് ഏറ്റവും  നല്ലത് അത് ഏറ്റവും സ്വതന്ത്രമാകുന്നതാണ്- റുഷ്ദി  വിശദീകരിക്കുന്നു.


എഴുത്തുകാരനെന്ന നിലയിൽ സ്വന്തം പാരമ്പര്യത്തെ എല്ലാ ദേശ, വർഗ പരിഗണനകൾക്കും അപ്പുറത്ത് കണ്ടെത്തണമെന്ന്  റുഷ്ദി വീക്ഷിക്കുന്നു.
സോൾ ബെല്ലൊയുടെ 'ദ് ഡീൻസ് ഡിസംബർ' എന്ന നോവലിലെ ഒരു സന്ദർഭം അദ്ദേഹം ഓർക്കുകയാണ്.
ആ നോവലിലെ പ്രധാന കഥാപാത്രമായ ഡീൻ ഒരു പട്ടിയുടെ കുര കേൽക്കുന്നു.
കുറച്ച് അകലെ വന്യമായ ഒരു സ്ഥലത്തു നിന്നാണ് അതു കുരയ്ക്കുന്നത്.
അയാൾ ഇങ്ങനെ ഊഹിച്ചു: ആ പട്ടി അതിന്റെ  പരിമിതികളെ മറികടക്കാൻ ശ്രമിക്കുകയാണ്.പട്ടിയുടെ അനുഭവത്തെ അതിനു അതിലംഘിക്കണം. അതിനു വേണ്ടി അതു കുരയ്ക്കുന്നു.
ദൈവത്തെയോർത്ത്, പട്ടി പറയുന്നു, ഈ ലോകം കുറേക്കൂടി വികസിപ്പിക്കൂ.

എന്നാൽ റുഷ്ദിയുടെ വ്യാഖ്യാനം മറ്റൊന്നാണ്.
സോൾ ബെല്ലോ യഥാർത്ഥത്തിൽ പട്ടികളെക്കുറിച്ചല്ല പറയുന്നത്.പട്ടിയുടെ ദേഷ്യം, ആഗ്രഹം എല്ലാം എന്റേതാണ്,നമ്മുടേതുമാണ്.'ദൈവത്തെയോർത്ത്, ഈ ലോകത്തെ കുറേക്കൂടി വികസിപ്പിക്കു.
കൂടുതൽ സമസ്യകൾക്ക് ഉത്തരം കിട്ടുന്ന തരത്തിൽ ലോകത്തെ സുതാര്യമാക്കാനാണ് എഴുത്തുകാരൻ ആവശ്യപ്പെടുക.
വസ്തുക്കളുടെ അർത്ഥം വ്യക്തമാവാൻ വേണ്ടിയാണല്ലൊ എഴുതുന്നത്. ലോകത്തിന്റെ  ദുർഗ്രഹത പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ഇങ്ങനെ അസ്വസ്ത്ഥരാവുന്നു.ലോകം കുറേക്കുടി തുറന്നു കാണാൻ എഴുത്തുകാരൻ തിടുക്കം കൂട്ടണം


മാധവിക്കുട്ടിയെപ്പറ്റി


 ഗീതാ മുന്നൂർക്കോട്

ഫേസ്ബുക്കിലും ബ്ലോഗിലും എഴുതുന്ന ഗീതാ രവീന്ദ്രൻ  , മാധവിക്കുട്ടിയെപ്പറ്റി എഴുതിയ കവിത ( മലയാള സമീക്ഷ) ഒരു ആദരവിന്റെ പ്രകടനമായി കണ്ട് ഇവിടെ ഉദ്ധരിക്കുന്നു.
മാധവിക്കുട്ടിയോട് എല്ലാ പെണ്ണെഴുത്തുകാരും നന്ദി പറയണം.  കാരണം പെണ്ണിനു എഴുതാൻ വേണ്ടതായ  ചിന്തയുടെ ചാണകം മെഴുകിയ നിലം ഒരുക്കിയത്  അവരാണ്.


''പതിനഞ്ചിൽ സദാചാരം ഗർജ്ജിച്ചു
സമുദായത്തിന് പിഴയൊടുക്കുക    –
ദാമ്പത്യം ചങ്ങല മുറുക്കിയതറിഞ്ഞ്
വലുതായേതോ കുറ്റമേറ്റ്
സ്വയം വിധിച്ച ആഹൂതികൾ
നടപ്പിലാകാതെ …
വിധിയും, ക്ഷയോന്മുഖമായ സ്വരൂപവും,
രോഗവും വ്യസനവുമെല്ലാം
വിരൂപമെന്നറിഞ്ഞ്
അർദ്ധാർത്ഥ പ്രജ്ഞയിൽ
അവളെഴുതി  നേർക്കഥ, “എന്റെ കഥ”

കവിതകളെ വെളിച്ചം കാട്ടാൻ
ലിംഗം മാറ്റി സ്വയം പേരു കുറിച്ചവൾ -
പുനർജ്ജന്മത്തിന്റെ തന്റേടം
കല്ലേറുകളെ തടുത്തു
ബന്ധനങ്ങളെയറുത്ത്
വാക്ശരങ്ങളുമായി
ഒറ്റയാൻ കാടിറങ്ങി.'
 പ്രണയം
ഹൈഡ്രജനും ഓക്സിജനും ചേർന്ന ശുദ്ധ വെള്ളം ഒരിടത്തുമില്ല. അതൊരു തത്വം മാത്രമാണ്. പ്രണയവും നമ്മൾ ഉണ്ടാക്കുന്ന ഒരു മിശ്രിതമാണ്.അതു നമ്മൾ ഇഷ്ടാനുസരണം പാചകം ചെയ്തെടുക്കണം.

 ഫേസ്ബുക്കറുകളുടെ നവസദസ്സുകൾ



സർവ്വീസിൽ നിന്ന് വിരമിച്ച  കവി സി വി പി  നമ്പൂതിരിക്കു ഏറ്റുമാനൂരിൽ നൽകിയ സ്നേഹവിരുന്നിൽ ഞാനും പങ്കുകൊണ്ടു.
എഴുത്തുകാരനും ഫേസ്ബുക്കറുമായ ടി.ജി .വിജയകുമാറാണ് സ്വഭവനത്തിൽ നൂറോളം പേരെ വിളിച്ചുകൂട്ടി സ്വീകരണവും സദ്യയും ഒരുക്കി, നല്ല മനസ്സിനു മരണമില്ലെന്ന് തെളിയിച്ചത്. ഇതൊക്കെ ഫേസ്ബുക്ക് ഒരുക്കിയ അസാധാരണമായ ബന്ധമാണ്.ഏറ്റുമാനൂർ കാവ്യ വേദിയും കമലദളം മാസികയും സഹകരിച്ചത് വലിയ കാര്യമായി.
എന്റെ ഗുരു മാടവന ബാലകൃഷ്ണ പിള്ളയെ കാണാൻ കഴിഞ്ഞതിലുള്ള ആഹ്ലാദം  ഞാൻ മറച്ചു വയ്ക്കുന്നില്ല.

ടി.ജി.വിജയകുമാറിന്റെ വാക്കുകൾ ഉദ്ധരിക്കട്ടെ:
സുഭാഷ് ചന്ദ്രന്‍, ബഷീരലിഅലിക്കള്‍, രാധാ മീരാ എന്നീ സംഘാടകരും കമലദളം പത്രാധിപര്‍ എന്‍ എന്‍ ലാലൂ, പാലക്കാട് നിന്ന് തലേന്ന് തന്നെ എത്തിചേര്‍ന്ന ഗീത രവീന്ദ്രന്‍ ടീച്ചർ, തിരുവനന്തപുരത്തുനിന്നും അനില്‍ കുരിയത്തി, രാജേഷ്‌ ശിവ , തനിയെ ഡ്രൈവ് ചെയ്തു കിളിമാനൂരില്‍ നിന്നും എത്തിയ ഫൈസല്‍ പലകുറി, കണ്ണൂര്‍ നിന്നും തലേന്ന് പുറപ്പെട്ടു എത്തിയ സൈഫു കണ്ണൂർ , കൊല്ലത്ത് നിന്നും സി എന്‍ കുമാർ , ഇഞ്ചക്കാട് ബാലചന്ദ്രന്‍, തുടങ്ങി സുരേഷ് കുറുമുള്ളൂർ , റോയ്കെ ഗോപാൽ , ആര്‍ കെ ഹരിപ്പാട്, മണിപ്പുഴ ആനന്ദ്‌ ജെ, ബെന്നി കൊട്ടാരത്തിൽ , അമരത്വജി, രാജന്‍ ഭവാനി [Tvm] സിന്ധു അര്‍ജുന്‍ ,ഉണ്ണി മാക്സ് , ശ്രീ പാര്‍വതി, മുന്ന ഉമർ, ഷിബു ഇച്ചാമഠം, സതീഷ്‌ കാവ്യധാര, പി പി നാരായണന്‍(ചെയര്‍മാന്‍ ഏറ്റുമാനൂര്‍ കാവ്യവേദി),സി വി പി നമ്പൂതിരി, അദ്ദേഹത്തിന്റെ  സഹധര്‍മിണി, ഷൈജു രവീന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, രാധ മീര, ജോയ് തൊമ്മന്‍ കുത്ത്,ചെല്ലമ്മ അതിരമ്പുഴ,ബാലഗോപാല്‍ പേരൂർ, അയ്യപ്പന്‍ മൂ ളശേരിൽ , കോട്ടയം പദ്മന്‍, അനില്‍ ഐക്കര,സൂരജ് വിജയ്‌, അഖില്‍ വിജയ്‌, നിതിന്‍ കൃഷ്ണ,പ്രേം ഇടുക്കി,അരുണ്‍ എം പി തുടങ്ങി നിരവധി പേര്‍ കവിതകള്‍ അവതരിപ്പിച്ചും തമാശകള്‍ പറഞ്ഞും സംഘാടകരായും അരങ്ങു നിറഞ്ഞു. വിശിഷ്ടാതിഥികളടക്കം മിക്കാവാറും എല്ലാവരും തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ സദസ്സില്‍ തന്നെ ഉണ്ടായിരുന്നൂ എന്നത് മറ്റൊരു പ്രത്യേകതയും. 



സംസ്കാരം
സംസ്കാരം ആരുടെയും കുത്തകയല്ല. അതു വില കൊടുത്ത് വാങ്ങാം.
ഉയർന്ന തരം  റസ്റ്റോറന്റിൽ , വില കൂടിയ ഇരിപ്പിടത്തിൽ ശീതളിമയിൽ ഇരുന്ന് നല്ല ഭക്ഷണം കഴിക്കുമ്പോൾ ഒരു വലിയ സംസ്കാരം കൂടി നാം വാങ്ങുകയാണ്. മേൽത്തരം ജീവിതശൈലിയുടെ സൗഭാഗ്യങ്ങൾ കൂടി നമ്മോടൊപ്പം ചേരുന്നു.പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ എല്ലാ രുചിയും  എല്ലാ സമുദായങ്ങൾക്കും പ്രാപ്തമാകുമായിരുന്നില്ല.
സാങ്കേതികതയുടെ കല , നഗരവത്കരണം എല്ല വിഭാഗീയതയെയും അട്ടിമറിച്ചു.

ചലച്ചിത്രം
 ഇന്നത്തെ  മിക്ക സിനിമകളിലും നായികയെയോ നായകനെയോ ശരിക്കൊന്ന് കാണാൻ അനുവദിക്കില്ല. ദൃശ്യങ്ങളുടെ അമിത വേഗത പ്രേക്ഷകന്റെ മനസ്സിനെ കശക്കുകയാണ്. അവന് എല്ലാം ഊഹിക്കാനേ കഴിയൂ.
പ്രേക്ഷകനു കാണാനല്ലെങ്കിൽ എന്തിനാണ്  ഐശ്വര്യാ റായിയെയും മറ്റും അഭിനയിക്കാൻ വിളിച്ചുകൊണ്ടുവരുന്നത്?

നിശ്ശബ്ദത
ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ്‌ യഥാര്‍ത്ഥ നിശ്ശബ്‌ദത



എഴുത്തിനെപ്പറ്റി വിർജിനിയ വുൾഫ്
എഴുത്ത് സെക്സ് പോലെയാണ്.
ആദ്യം പ്രണയത്തിനുവേണ്ടി, പിന്നെ സുഹൃത്തുക്കൾക്കുവേണ്ടി, അതിനുശേഷം പണത്തിനുവേണ്ടി



  





 അക്ഷരജാലകം
 അക്ഷരജാലകത്തിന്റെ ഓൺലൈൻ പ്രത്യക്ഷത്തെ   ഇന്ത്യയിലെ പ്രമുഖ കവിയും ചിന്തകനുമായ സച്ചിദാനന്ദൻ പ്രശംസിച്ചു.

അദ്ദേഹത്തിനു   ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുകയാണ്.ജാലകത്തിലെ വിഭവങ്ങളെ Eminently readable എന്നാണ്  അദ്ദേഹം വിശേഷിപ്പിച്ചത്.
 

 അക്ഷരജാലകം  വളരെ താല്പര്യപൂർവ്വം വായിക്കുന്ന ധാരാളം പേരുണ്ട്.
ഇതിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ചേർത്ത് കൂടുതൽ പ്രചാരം നേടിതരുന്നവരോട് നന്ദിയുണ്ട്.
ദുബായ്പ്പുഴ, കടലിരമ്പങ്ങൾ എന്നീ കൃതികളിലൂടെ പ്രവാസത്തിന്റെ വേദനയും ഭ്രമാത്മകതയും നമുക്ക് സമ്മാനിച്ച കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ അർത്ഥവത്താണ്.
സജീവമായ ഒരു ഫേസ്ബുക്കർ എന്ന നിലയിൽ സാംസ്കാരികമായി ഇടപെടാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്.മലയാളത്തിലെ പല എഴുത്തുകാരും ഈ മാധ്യമത്തെപ്പറ്റി അജ്ഞരായിരിക്കുമ്പോഴാണ് കൃഷ്ണദാസിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രസക്തമാകുന്നത്.




''ഒരു നോവലിസ്റ്റ് നമ്മെ കാലത്തിലൂടെയും സ്ഥലത്തിലൂടെയും കൊണ്ടുപോകണം.അതുവരെ കാണാതിരുന്ന ഒരു ഭൂവിഭാഗം കണ്ടെത്തിയതുപൊലെ.
നമ്മൾ അനുഭവിക്കുന്ന ലോകം, കാലം, ഐന്ദ്രിയമായ അവബോധം എന്നിവയെ കളിയാക്കുന്ന ഒന്നായിരിക്കണം നോവലിസ്റ്റ് ആവിഷ്കരിക്കുന്ന ലോകം.അങ്ങനെ ജീവിതത്തിനു അത് പുതിയ അർത്ഥം നൽകുകയാണ്....''(അക്ഷരജാലകത്തിൽ നിന്ന്)

 നോവലിസ്റ്റ് പള്ളിക്കുന്നന്റെ പോസ്റ്റ്:


Novelist Pallikkunnan commented on a link you shared.
Novelist wrote: "Aksharajalakam onninonnu mechapettu varunnathil valare santhoshamundu.bhavukangal."

ഫേസ്ബുക്കർ രാജു പാലത്തായിയുടെ കമന്റ്:
അക്ഷര ജാലകം തുറന്നപ്പോൾ എന്റെ മനസ്സിലേക്ക് അറിവിന്റെ രശ്മികൾ കടന്നുവന്നു. സാഹിത്യവും സംസ്ക്കാരവും സമൂഹവുമൊക്കെ നിറവോടെ പുതുമയോടെ അനുഭവിക്കാൻ കഴിഞ്ഞു അഭിവാദ്യങ്ങൾ

 ഇടതുപക്ഷത്തിനു ഇപ്പോഴും
 പ്രസക്തിയുണ്ട്.
ആം ആദ്മി പോലുള്ള കാലികമായ ഇടപെടലുകൾ ഉണ്ടാകാം. എന്നാൽ ഇടതുപക്ഷം ഇപ്പോഴും ഒരു തിരുത്തൽ ശക്തി തന്നെയാണ്.കാരണം, ജാതി, മത , അന്ധവിശ്വാസ ധ്രുവീകരണത്തിലേക്ക് നമ്മുടെ സമൂഹം അമരുകയാണ്. ഒരു വീണ്ടുവിചാരത്തിനു പോലും അവസരമില്ലാതെ വിദ്യാസമ്പന്നർ പോലും വിഭാഗീയതയുടെ ഭാഗമാകുന്നു. ഇതിനു എതിരായിട്ട് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്തെങ്കിലുമൊക്കെ പറയുന്നു. അവർ ചിലതിനോടെല്ലാം പ്രതിഷേധിക്കുന്നു.ഭീരുത്വത്തിനു പകരം നമുക്ക് ഒരു സുന്ദര  ലോകത്തെ സ്വപ്നം കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക.



ഫൈസൽ പകൽക്കുറി 
ഫൈസൽ പകൽക്കുറിയുടെ കണ്ണുനീർ ( എഴുത്ത് ഓൺലൈൻ)എന്ന കവിതയിലെ ഈ വരികൾ ,പ്രണയം ഇന്ന് വ്യക്തികൾക്ക് പകരാൻ കഴിയാത്ത ഒരാശയമായി കഴിഞ്ഞെന്ന് ധ്വനിപ്പിക്കുന്നു.
''വരുമോ -
നീയീ ഇടവഴികൾ
തണ്ടിയെൻ ചാരെ
നെഞ്ചോടു ചേർന്ന്
നിന്നൊന്നു
സാന്ത്വനിപ്പിക്കുവാൻ .
വയ്യ ഈ ഒളിത്താവളങ്ങൾ
മടുത്തു ഞാൻ - വെറും
നടനമീ ബന്ധങ്ങൾ
ഇടയ്ക്കെങ്കിലും ഒന്ന് നീ
മെലിഞ്ഞ വിരലുകളീ
മനസ്സോടു ചേർത്ത്
പറയൂ സഖീ -
പൊറുക്കൂ - എല്ലാം
ത്യജിക്കാം ഞാൻ
നമുക്ക് വിടചൊല്ലി പിരിയാം
ഒരേ കുഴിയിൽ പരസ്പരം
പുണർന്നുറങ്ങി ഉണരാം -
ഒന്നായി - പുനർജനിക്കാം ...!''


പ്രണയം

പ്രണയം കാറ്റ് പോലെയാണ്.അത് കാണാൻ കഴിയില്ല, എന്നാൽ അനുഭവിക്കാനാകും.
നിക്കോളാസ സ്പാർക്സ്, അമേരിക്കൻ നോവലിസ്റ്റ്



പേജ് ഒന്ന്

Saturday, December 14, 2013

AKSHARAJALAKAM /6, page 1/DEC 15-22/2013


അക്ഷരജാലകം എല്ലാ ഞായറാഴ്ചയും











ലക്കം ആറ്, പേജ് ഒന്ന്




The end is the beginning of all things. Suppressed and hidden. Awaiting to be released through the rhythm of pain and pleasure
Jiddu Krishnamurti




















Nobody of any real culture... ever talks nowadays about the beauty of a sunset.Sunsets are quite old fashioned.
Oscar Wilde.


 ജീവിതത്തിലെ രതി; രതിയിലെ ജീവിതം

മനുഷ്യന്റെ രതിയിൽ സകല ജീവിത രതിയുമില്ല.
എന്നാൽ രതിയിൽ മനുഷ്യ ജീവിതം ഒരു തന്മാത്ര മാത്രമാണ്.

ജീവിതത്തിൽ നമ്മളുണ്ട്; എന്നാൽ ജീവിതം എന്നു പറയുന്നത് മനുഷ്യന്റേത് മാത്രമല്ല. 
മനുഷ്യനു ജീവിതത്തെ പ്രതിനിധാനം ചെയ്യാൻ പറ്റുമോ?
കാരണം എത്രയോ മനുഷ്യരുടെ, ജീവികളുടെ ആകെത്തുകയാണ് ഈ ജീവിതം! അതിനു ഒരിക്കലും നമ്മൾ മാത്രമായിരിക്കാൻ കഴിയില്ല.അതുകൊണ്ട് സാഹിത്യം ഒരു വ്യക്തിയുടെ  ജീവിതം മാത്രമല്ല തേടേണ്ടത്; അതിനു വലിയ ഒരു ജീവിതാവസ്ഥയുടെ വീക്ഷണംഅനിവാര്യമാണ്.അതേസമയം,മാനുഷികമെന്ന് 
നാം വിളിക്കുന്ന അവസ്ഥയെ വെല്ലുന്ന ഒരു ബൃഹത് മണ്ഡലം ആവശ്യവുമാണ്.


വ്യക്തിയുടെ ജീവിതത്തെ അന്തിമമായി കാണുന്നത് പരാജയമായിരിക്കും. കാളിദാസന്റെ മേഘസന്ദേശം, ഋതുസംഹാരം തുടങ്ങിയ കൃതികൾ കേവല വ്യക്തിപരിധിക്കപ്പുറത്തുള്ള ജീവിതത്തിന്റെ സ്ഥൂലതയും സൂക്ഷ്മതയും മനുഷ്യേതരത്വവും  കൈവരിക്കുന്നു.
വ്യക്തിയുടെ പരിധിക്കകത്ത് ഒതുങ്ങിപ്പോകാത്തവിധം  വിശാലമായ  ജീവിതഭാവനയാണ് ഉരുത്തിരിയേണ്ടത്.വിമോചിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ വിരാട്  ഊർജ്ജം എഴുത്തുകാരൻ കണ്ടെത്തുകതന്നെ വേണം. അത് ചത്വരം പോലെയുള്ള വ്യക്തിപരതയെ നിർവ്വീര്യമാക്കി കുറേക്കൂടി അകലേക്ക് അതിരു നിശ്ചയിക്കുന്നു.ഇവിടെ നാം പ്രതിനിധാനം ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന മനുഷ്യൻ ഒരു പ്രതിഛായ മാത്രമാണ്.


ഫ്രഞ്ച് ചിന്തകനായ ദറിദ പറഞ്ഞു: കഥകളിൽ ആവിഷകരിക്കപ്പെടുന്ന  ജീവിതത്തിൽ മനുഷ്യനുണ്ട്  ; എന്നാൽ അത് പ്രാഥമികമായി മനുഷ്യന്റെ ജീവിതമല്ല. The life carries man along  with it, but is not primarily the life of man.
രതി എന്നാൽ മനുഷ്യന്റെ കാമം മാത്രമായിപോകരുത്. സാഹിത്യത്തിൽ അതു പല കാലങ്ങളുടെ പല സങ്കടങ്ങളുടെ , അറിവുകളുടെ  കൂടിച്ചേരലാണ്
സൂസൻ സൊണ്ടാഗ് ഫോട്ടോഗ്രാഫി, നോവൽ എന്നിവയെക്കുറിച്ച്
 അമേരിക്കൻ എഴുത്തുകാരിയും നിരൂപകയുമായ സൂസൻ സൊണ്ടാഗിന്റെ അറ്റ് ദ് സെയിം ടൈം എന്ന പുസ്തകത്തിൽ ഫോട്ടോഗ്രഫിയെപ്പറ്റിയും നോവലിനെപ്പറ്റിയും ആഴത്തിൽ ചിന്തിക്കുന്നുണ്ട്.


ഫോട്ടോഗ്രഫി , ഈ കാലത്തെ യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്  അവർ പറയുന്നു.
ഇന്ന് ലോക യാഥാർത്ഥ്യം ശകലങ്ങളായി നിലനിൽക്കുന്നു.അതേസമയം അത് അനന്തവുമാണ്. അനന്തയിൽ നിന്ന് ഒരു കഷണം പിടിച്ചെടുക്കയാണ് ഫോട്ടോ. എന്നിട്ട് അതു യാഥാർത്ഥ്യമാണെന്ന് പ്രഖ്യാപിക്കുന്നു.
എന്താണ് നേര് എന്ന് നിശ്ചയിക്കുന്നത് കാമറയാണ്.നമ്മൾ അനുഭവിക്കാത്ത എല്ലാ യാഥാർത്ഥ്യങ്ങളെയും കാമറ നമുക്കായി തീർപ്പുകൽപ്പിച്ച് അവതരിപ്പിക്കുന്നു.പ്രത്യക്ഷതയാ
ണ് പുതിയ കാലത്തിന്റെ യാഥാർത്ഥ്യത്തിന്റെ അളവുകോൽ.അതാകട്ടെ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് മാറ്റത്തിന്റെ അടയാളമായിത്തീരുന്നത് കാമറയുടെ കണ്ടെത്തലാണ്.
 ഫോട്ടോഗ്രാഫ്  നോക്കാത്തവൻ ആധുനികൻ അല്ലത്രേ!.എല്ലാ തനിമയും നിർമ്മിതിയാണ്. നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം എന്നത് ആളുകൾ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതു തന്നെയാണ്.

സൊണ്ടാഗിന്റെ  അഭിപ്രായത്തിൽ ഒരു അന്തിമ ഫോട്ടോയില്ല.കാരണം കാഴ്ചയും ശകലങ്ങളെ നോക്കികാണലും ഒരിക്കലും പൂർണമാകുന്നില്ല.
ലോകത്തെ വികസിപ്പിക്കുന്നത് ഫോട്ടോഗ്രഫിയാണ്.
നമ്മളെല്ലാം ആയിരക്കണക്കിനു  ഫോട്ടോഗ്രാഫിക് പ്രതിഛായകൾ സൂക്ഷിക്കുന്നു.
അതെല്ലാം ഓർമ്മകളുമാണ്.
ഫോട്ടോ ഒരു വിശദാംശമാണ്. ആധുനികനാകാൻ വേണ്ടി  നമുക്ക് ഈ വിശദാംശത്തെ ഒഴിവാക്കാൻ കഴിയില്ല.To be modern is to live , entranced , by the savage autonomy of the detail.

 സാഹിത്യം കുറെ ചോദ്യങ്ങൾ ഉന്നയിക്കണം.എതിർപ്രസ്താവനകൾ വേണം.
നിലവിലുള്ളതിനു എതിരായി ചിന്തിച്ച് പുതിയ ലോകം കണ്ടുപിടിക്കണം.സാഹിത്യം സംവാദമാണ്. ജീവിക്കുന്നതിനോടുള്ള പ്രതികരണാത്മകതയാണത്.

എഴുത്തുകാരൻ സംശയാലുവാണ്. സ്വയം സംശയിക്കുകയും ചെയ്യും.
മിത്തുകൾ ഉണ്ടാക്കണം.
അതു പ്രചരിപ്പിക്കുന്നതല്ല അവന്റെ ജോലി.പൊതു വിശ്വാസത്തെ അപകടപ്പെടുത്തുന്ന അനുഭവങ്ങളെ അവൻ വെളിച്ചത്തുകൊണ്ടുവരണം.
ലോകം  എന്താണെന്ന് പറഞ്ഞുകൊടുക്കാൻ എഴുത്തിനു കഴിയണം.
അഗാധമായ  അറിവുകൾ  ഭാഷയിൽ അലൗകികമയി സന്നിവേശിപ്പിക്കാൻ സാഹിത്യകാരന് സിദ്ധി വേണം.
ഒരു നോവലിസ്റ്റ് നമ്മെ കാലത്തിലൂടെയും സ്ഥലത്തിലൂടെയും കൊണ്ടുപോകണം.അതുവരെ കാണാതിരുന്ന ഒരു ഭൂവിഭാഗം കണ്ടെത്തിയതുപൊലെ.

നമ്മൾ അനുഭവിക്കുന്ന ലോകം, കാലം, ഐന്ദ്രിയമായ അവബോധം എന്നിവയെ കളിയാക്കുന്ന ഒന്നായിരിക്കണം നോവലിസ്റ്റ് ആവിഷ്കരിക്കുന്ന  ലോകം.അങ്ങനെ ജീവിതത്തിനു അത് പുതിയ അർത്ഥം നൽകുകയാണ്.യഥാർത്ഥ ജീവിതത്തിനു തരാൻ കഴിയാത്ത എന്തോ അതു നൽകുന്നു.
But it does what lives (the lives that are lives) cannot offer , except after they are over . it confers -and withdraws- meaning or sense upon a life.)

നോവലിസ്റ്റ് സൃഷ്ടിക്കുന്ന ലോകത്തിന് സ്വന്തമായി ഒരു ചരിത്രവും ഭൂമിശാസ്ത്രവും വേണം.
 എം. മുകുന്ദൻ

എം. മുകുന്ദൻ എഴുതിയ 'കാക്കേ കാക്കേ കൂടെവിടെ' ( മനോരമ വാർഷികപ്പതിപ്പ്,2013  )എന്ന ഹൃദ്യമായ ഓർമ്മക്കുറിപ്പ് വായിക്കണം.
ഇപ്പോൾ തന്റെ നാട്ടിൽ കാക്കകൾ ഇല്ലാതായിരിക്കുന്നു എന്ന് അദ്ദേഹം  പരിതപിക്കുന്നു.
വാസ്തവത്തിൽ അനുദിനം പെരുകുന്ന ആഗ്രഹങ്ങളുടെ ഹിംസാത്മകതയിൽ  ആകാശം പോലും മനുഷ്യൻ കവർന്നെടുത്തിരിക്കുന്നു .
അലസമായി, എന്തെങ്കിലുമൊക്കെ പിറുപിറുത്ത് വാഴക്കയ്യിൽ വന്നിരിക്കാറുള്ള കാക്കകൾക്ക് പോലും നാട്  നഷ്ടപ്പെട്ടിരിക്കുന്നു. അവറ്റകൾക് ഇപ്പോൾ ഭാഷ പോലും  ഇല്ല; അവ എവിടെ പോയിട്ടുണ്ടാകും.?

മുകുന്ദൻ എഴുതുന്നു: അന്നും ഇന്നും ,കാക്കയെ പ്രണയിച്ചവൻ എന്ന് ആരെങ്കിലും എന്നെ വിളിച്ചാൽ എന്റെ പക്ഷത്ത് നിന്ന് ഒട്ടും പരാതിയുണ്ടാകില്ല."
മുകുന്ദന്റെ ഓർമ്മക്കുറിപ്പ് നല്ലൊരു കഥപോലെ വായിക്കാം. വളരെ വികാരപരമായി എഴുതിയിരിക്കുന്നു.
നാലു  പതിറ്റാണ്ടുകൾക്ക് ശേഷം മയ്യഴിയിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു നാട് എങ്ങനെ പരിണമിച്ചു എന്നു വക്തമാക്കുന്നു:മുപ്പത്തിനാല് ബാറുകളിൽ നിന്നും കല്യാണസൽക്കാരം കഴിഞ്ഞ വീടുകളിൽ നിന്നുമെല്ലം തിന്നും കുടിച്ചും കൂത്താടിയതിന്റെ അവശിഷ്ടങ്ങൾ പുഴയുടെ നെഞ്ചിലൂടെ ഒഴുകുന്നത് ആരുടെയും മനസ്സ് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു.ക്രമേണ കാക്കകളുടെ തിരോധാനവും എന്റെ ശ്രദ്ധയിപ്പെട്ടു.ഇപ്പോൾ രാവിലെ കാക്കകളുടെ കലപില ശബ്ദമല്ല,പുലർകാല തീവണ്ടികളിൽ സ്റ്റേഷനിൽ വന്നിറുങ്ങുന്ന യാത്രക്കാരെയും കൊണ്ട്  അലറിപ്പോകുന്ന ഓട്ടോറിക്ഷകളാണ് എന്നെ ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തുന്നത്.''
മൊബൈൽ ടവർ വന്നതോടെ കാക്കകൾ  കൂട്ടത്തോടെ നാടുവിടുകയായിരുന്നത്രേ!
കേരളത്തെ ഇത്ര സൗമ്യമായി, ആഴത്തിൽ ഓർമ്മിപ്പിച്ച അധികം കുറിപ്പുകൾ വേറെയുണ്ടെന്ന് തോന്നുന്നില്ല.

 കെ.ജി ശങ്കരപ്പിള്ള
കെ.ജി ശങ്കരപ്പിള്ളയുടെ ഈ വരികൾ( ഭാരംപര്യം, മാധ്യമം വാർഷികപ്പതിപ്പ്, 2013)
മനുഷ്യശരീരത്തിലൂടെ നേടുന്ന അറിവുകളുടെ പരമ വിശ്രാന്തി എവിടെയാണെന്ന് തിരിച്ചറിയുന്നു.
''കരുത്തായ്
ധ്യാനം.
ചാരെയായ്
ദൂരം
കേൾക്കായ് നാദദേഹങ്ങൾ ത-
ന്നുന്മത്ത സമുദ്രങ്ങൾ-
ക്കപ്പുറമുദിക്കുന്ന
പൊരുളിൻ ഗൂഢസ്വരം;
ഒഴിവായി
ഭാരം

ഇരിപ്പായ് ഞാൻ
ആൽച്ചുവട്ടിൽ.

ഭാരമില്ലായ്മയ്ക്കണേറ്റം
ഭാരമെന്നറിവായി.
മനുഷ്യൻ ഇവിടെ എത്തിയാൽ മതി; മതമാൽസര്യങ്ങൾ പോകും. നമ്മൾ ഇന്ത്യാക്കാരാണെന്ന് പറയും ,പക്ഷേ ആത്മ വിമലീകരണത്തിനു സാധ്യതയില്ല.കാരണം നമ്മൾ സ്നേഹം എന്ന ചരടിൽ  കോർക്കപ്പെടുന്നില്ല. യുക്തിയും ദർശനവും തടസ്സം.പാരമാർത്ഥികലോകത്തിന്റെ പ്രലോഭനത്തിൽ എല്ലാവരും അകപ്പെട്ടുപോകുന്നു.ആശ്വസിപ്പിക്കുന്ന കവിതയാണിത്.
ശങ്കരപ്പിള്ളയുടെ കാവ്യജീവിതത്തിന്റെ പരിപാകമായ ഒരു ചിന്തയുടെ ഫലശ്രുതി ഇതിൽ കാണാം.












സസ്യഭുക്ക്
യേറ്റ്സിന്റെ കവിതകൾ വായിച്ചതോടെ ഞാൻ ഒരു സസ്യഭുക്കാകാൻ തീരുമനിച്ചു.
ബെർനാഡ് ഷാ

സ്വവർഗ്ഗാനുരാഗം
സ്വർഗ്ഗാനുരാഗത്തെപ്പറ്റിയുള്ള കോടതി വിധി വരുന്നതുവരെ മാധ്യമങ്ങൾ അതു ചർച്ച ചെയ്തില്ല. മാത്രമല്ല വിധി വന്ന ശേഷവും മാധ്യമങ്ങൾ സ്വന്തം അഭിപ്രായം പറയുന്നില്ല. ഇപ്പോഴും നമ്മുടെ മാധ്യമങ്ങൾ ഫ്യൂഡൽ  കാലഘട്ടത്തിൽ തന്നെയാണുള്ളത്.
ലൂയി ബുനുവൽ

ഒരു ചാനലും അതു ചർച്ച ചെയ്തില്ലല്ലോ. അവർ നേതാക്കളുടെ നിസ്സാര വർത്തമാനങ്ങൾക്ക് തീർപ്പു കൽപ്പിക്കാൻ വെറുതെ സമയം പാഴാക്കുന്നു.
 ന്യൂസ് അവറുകൾ ആരും കാണാൻ ഇഷ്ടപ്പെടുന്നില്ല. എന്താണ് അതിൽ നിന്ന് കിട്ടുന്നത്?
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭരായ നലൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്രകാരന്മാരും സ്വർഗാനുരാഗികളായിരുന്നു.
ഓസ്കാർ വൈൽഡ്, ലൂയി ബുനുവൽ, സാൽവദോർ ദാലി, ഡി.എച്ച് .ലോറൻസ്, ടെന്നസി വില്യംസ്, വാൾട്ട് വിറ്റ്മാൻ,ഡ്ബ്ല്യൂ എച്ച്. ഓഡൻ തുടങ്ങി ആ നിര നീളുകയാണ്.
ഇവരെയൊക്കെ ക്രിമനലുകൾ എന്ന് വിളിക്കാൻ ശ്രമിക്കരുത്.

പ്രമുഖ  ജർമ്മൻ ചിന്തകനും പെർഫോമാറ്റിസത്തിന്റെ വക്താവും ചിന്തകനുമായ റയോൾ  ഇഷെൽമാനുമായി ഞാൻ നടത്തിയ ഒരു ഇ മെയിൽ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത്, സ്വന്തം ശരീരത്തിന്റെ ലൈംഗികതയെ കണ്ടെത്തുന്നതും നിശ്ചയിക്കുന്നതും സ്വന്തം ശരീരത്തിന്റെ ആവശ്യമെന്നനിലയിൽ നോക്കികാണണമെന്നാണ്.

മനസ്സ്
മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം.
മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.


സുഭാഷ് ചന്ദ്രൻ
വിഹിതം എന്ന കഥ , വേണമെങ്കിൽ ഒരു ലൈംഗിക , അപസർപ്പക കഥയായി കുഴലൂതി വിജൃംഭിതമായിത്തീരുമായിരുന്നു.

ലോകത്തോടുള്ള ഭീതിയും വെറുപ്പും ഇതിൽ പതഞ്ഞുപൊങ്ങുന്നുമുണ്ട്. എന്നാൽ ആ സാധ്യതകളെല്ലാം തട്ടിമാറ്റിക്കൊണ്ട് കഥാകൃത്ത്  തന്നെ വായനക്കാരുടെ രക്ഷയ്ക്കെത്തുന്നു.
ഇവിടെ മൂന്ന് ആഖ്യാനമുണ്ട്, അല്ലെങ്കിൽ ആഖ്യാതാക്കളുണ്ട്.
 ഒന്നു , സുഹൃത്ത് മാധവന്റെ കഥ കേൾക്കാനിരിക്കുന്ന ആഖ്യാതാവ്.  രണ്ട്, സുഹൃത്ത് മാധവൻ ,ഫൽഗുനി എന്ന വീട്ടമ്മയെ രഹസ്യമായി സന്ധിക്കുന്നതിനു അവളുടെ വസതിയിൽ പോകുന്നതും അവിടെവച്ച് അവർ ഇരുവരും അവരുടെ സാമൂഹികവും കുടുംബപരവുമായ ഓർമ്മകളിലേക്ക് തിരിച്ചുപോയി പരസ്പരമുള്ള സൗഹൃദം വീണ്ടെടുക്കുന്നതും മാധവന്റെ ഭാഷയിൽ വിവരിക്കുന്നു. വായനക്കാരൻ സ്വാഭാവികമായി പ്രതീക്ഷിക്കുന്നത് അവരുടെ ലൈംഗികബന്ധത്തിലെ ഫാന്റസിയും പ്രാദേശിക സംസാരത്തിലെ പുതുമകളുമായിരിക്കും.

ഇവിടെ, പക്ഷേ , ഈ രണ്ട് ആഖ്യാനങ്ങളെയും റദ്ദാക്കിയശേഷം കഥാകൃത്ത് മൂന്നമത്തെ ആഖ്യാനം പുറത്തെടുക്കുന്നു. അത് ഒരു പൊതുബോധത്തിന്റെയോ , സാമൂഹികമായ അവബോധത്തിന്റെയോ , ധനാത്മകമായ മനോനിലയുടെയോ ഉന്നതിയിൽ നിന്നുകൊണ്ടുള്ള വ്യാഖ്യാനമാണ്. ഈ മൂന്നു തലങ്ങളും കഥയിൽ നന്നായി ഒട്ടിച്ച് ചേർത്തിരിക്കുന്നു.
ഈ കഥ എനിക്ക് പ്രിയപ്പെട്ടതാകാൻ കാരണം ഇതാണ്.
ആധുനികതയുടെ കാലത്തായിരുന്നെങ്കിൽ ഇതൊരു അന്യജീവിത ബന്ധത്തിന്റെ ധീരതയും സ്വാതന്ത്ര്യവുമായി നിങ്ങി എഴുത്തുകാരന്റെ ഏകപക്ഷീയതയായി അവതരിക്കുമായിരുന്നു.

എന്നാൽ ഇപ്പോൾ കഥാകൃത്ത്  തന്റെയുള്ളിലെ  ആഖ്യാതാവിനെ പലരായി പിളർത്തി , പ്രമേയത്തെപോലും വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നു.
ഒരു എഴുത്തുകാരന് ഒരു ആഖ്യാതാവായി തുടരാൻ കഴിയില്ല എന്നതാണ് ഇന്നത്തെ ജീവിതത്തിൽ നിന്ന് എഴുത്തുകാരൻ  പഠിക്കുന്ന പാഠം.
അതിന്റെ പ്രത്യക്ഷത 'വിഹിത'ത്തിൽ കാണാം.
കഥ പറയുന്ന വേളയിൽ അതിന്റെ രചയിതാവ് എന്ന ഒരു അഖണ്ഡ വ്യക്തിത്വം ഇല്ല. അതുകൊണ്ടുതന്നെ പ്രമേയത്തെ പരിചരിച്ച് പ്രണയിച്ച് ആദർശം പറയേണ്ട ചുമതല കഥകൃത്തിനില്ലാതാവുന്നു.
ചില പ്രയോഗങ്ങൾ ഇതു സാധൂകരിക്കുന്നുമുണ്ട്:കറിപ്പാത്രത്തിൽ ഊരിക്കിടന്ന തക്കാളിയുടെ കോണ്ടം, പിങ്ക് പാന്റിയിൽ ഒരു ഭഗവതി ,പണിയാനുള്ള മീനാരത്തിന്റെ നക്കലുമായി എത്തുക, കടൽ ചത്തുകിടക്കുന്നതുപോലെ അവൾക്ക് തോന്നി, അടിവസ്ത്രം പോലെ തുരിശിന്റെ നിറമുള്ള കടൽ...

 കല
കലയിലും രണ്ടാമത് ഒരു  കാര്യം കണ്ടുപിടിക്കുന്നത് ഒരു നിലവാരമല്ല.
ഐൻസ്റ്റീന്റെ സിദ്ധാന്തം കൊച്ചിയിൽ ഒരാൾ ഇനി കണ്ടുപിടിച്ചാൽ അതു മൂല്യമാകുകയില്ല.അതുപോലെ  നദീൻ ഗോർഡിമർ, മാർകേസ്  തുടങ്ങിയവർ കൊണ്ടുവന്ന വിപ്ലവം അതുപോലെ ആവർത്തിക്കുന്നത് മൗഢ്യമാണ്.

കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ അഷ്ടമുടിക്കായൽ എന്ന കവിത ചൊല്ലുന്നത് കേൾക്കണം. ആ കവിതയിൽ ആശാനും തിരുനെല്ലൂരും, കാലവും മണ്ണും മഴയും വെള്ളവും എല്ലാം നിറയുന്നു. ആ അലാപനത്തിൽ ഒരു തീയാട്ടത്തിന്റെ വീര്യമുണ്ട്.

സാഹിത്യം
ഈ കാലം സാഹിത്യത്തിനു പറ്റിയതല്ലെന്നാണ്  തോന്നുന്നത്.
എഴുത്തുകാർ എൽ ഡി എഫും യു  ഡി എഫുമായി ചേരിതിരിഞ്ഞ് നിന്ന ഇതുപോലൊരു കാലത്ത് ഗൗരവമുള്ള ആലോചനയ്ക്ക് പ്രസക്തി കിട്ടുകയില്ല. ഉള്ളടക്കം ആരും ശ്രദ്ധിക്കുകയില്ല. കാരണം സ്ഥാനവും  പ്രശസ്തിയും മാത്രമായിരിക്കും പ്രാമുഖ്യം നേടുക.
ഒരു പ്രമേയത്തെ വികസിപ്പിച്ച് അതിനു വേണ്ടതായ പ്രോട്ടഗോണിസ്റ്റിനെ സൃഷ്ടിക്കാൻ ആർക്കും സാധിക്കില്ല. അങ്ങനെ ചെയ്താൽ പല നഷ്ടങ്ങളും ഉണ്ടാകുമെന്ന്  ഭയപ്പെടുന്നു. എഴുത്ത് ഇന്ന് ഒരു ഉള്ളടക്കമല്ല; ഒരു അവാർഡോ, കമനീയമായ ഒരു പുസ്തകമോപ്രകാശനമോ ആണ്

അജു കെ  നാരായണൻ, അജയ് ശേഖർ
പല കാലങ്ങളായി കണ്ടെടുക്കപ്പെടുന്ന ബുദ്ധശില്പങ്ങളെയും ശില്പാവശിഷ്ടങ്ങളെയും ചിലർ നാടുകടത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെന്നും , ഇതുവരെ കിട്ടിയ ശിലാവശിഷ്ടങ്ങൾ സർക്കാരിന്റെ  പുരാവസ്തുവകുപ്പിൽ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡോ .അജു കെ നാരായണൻ, ഡോ. അജയ് ശേഖർ(ചിതറിക്കപ്പെടുന്ന പത്മാസനങ്ങൾ, ഓറ മാസിക, നവംബർ)) എന്നിവർ ആവശ്യപ്പെടുന്നു.അവർ എഴുതുന്നു: മതഹിംസയിലൂടെ മറവു ചെയ്ത കേരളത്തിലെ യഥാർത്ഥ ജനകീയ സംസ്കാരപാരമ്പര്യത്തെ സംഘടിതമായി വീണ്ടെടുത്ത് ചരിത്രമായി  പുനരധിവസിപ്പിക്കണം

പ്രസന്നരാജൻ

വിദേശ സാഹിത്യത്തിൽ നിന്ന് ഊർജ്ജം ലഭിച്ചില്ലെങ്കിൽ ഉൾക്കാഴ്ചയില്ലാതെ മലയാള സാഹിത്യം വറ്റിപ്പോകുമെന്ന്  പ്രസന്നരാജൻ(വിവർത്തനത്തിന്റെ കാറ്റ് വീശുമ്പോൾ, ആശ്രയ മാതൃനാട്, ഡിസംബർ)എഴുതുന്നു.തർജമകൾ നമ്മെ മാറ്റി മറിച്ചതായി അദ്ദേഹം  നിരീക്ഷിക്കുന്നു.കരമസോവ് സഹോദരന്മാർ, യയാതി, ആരോഗ്യനികേതനം, പാവങ്ങൾ, യുദ്ധവും സമാധാനവും, എന്നി നോവലുകൾ മലയാളഭാഷയിൽ വന്നത് ഈ നാട്ടുകാരെ വിസ്മയകരമാംവിധം നവീകരിച്ചിട്ടുണ്ട്.

ആകാശം
ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌.

അട്ടകൾ

വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയില്‍
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകള്‍ക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത ,അവയ്ക്ക്‌ സ്വന്തം
ആകാരത്തിലും ഉടലിലും പറ്റിച്ചേര്‍ന്ന്‌
കിടക്കുകയും ,ആവശ്യപ്പെടുമ്പോള്‍
മറ്റൊരു ഉരഗമായി ചലിച്ചു
തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്‌.


സൃഷ്ടി  
നിങ്ങൾക്ക്  എഴുതി എന്തും സൃഷ്ടിക്കാം
സി.എസ് .ലിവിസ്

ലൂയിസ് പീറ്റർ
ലൂയിസ് പീറ്ററുടെ അഹം എന്ന കവിത (വാക്ക്, ഫേസ്ബുക്ക്) മനുഷ്യൻ എത്ര ഗാഢമായി മനുഷ്യൻ ഈ പകലുകളെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. തീവ്രമായ സ്നേഹം ഒരു ഘട്ടം കഴിയുന്നതോടെ വിഷാദവും വിരഹവും മരണവുമായി കുഴയുന്നു. വികാരമുള്ളവന്റെ ഏത് നിഴലിനും ജീവൻ വയ്ക്കുകയാണ്. ഇതാ വരികൾ:

നിള പോലെയാണിന്നു ഞാൻ
ഒഴുകാനാവുന്നില്ല
ആരോ എന്നെ കോരിയെടുക്കുന്നു
നിശ പോലെയാണിന്നു ഞാൻ
ഉറങ്ങാനാവുന്നില്ല
ഒരു നിലാവ്‌ എന്റെ മിഴികളിൽ
അണയാതെ നിൽക്കുന്നു
ചതിയനാണിന്നെന്റെ ദൈവം
അതിരാവിലെ
ഒരു കഠിന വേദന കരളിൽ തന്നു
മൊത്തിക്കുടിക്കേണ്ട
തൊട്ടുകൂട്ടാൻപോലും അല്പം
വിഷം തന്നില്ലയൊപ്പം
ഹേ, ബാംസുരി
നിന്റെ ഇടറിയ ജപശ്രുതി
ഇനിയുമെന്റെ കാതിൽ പകരരുത്‌

എന്തെഴുതണം?
രാത്രിയിലെ ഏറ്റവും നിശ്ശബ്ദമായ നിമിഷത്തിൽ നിങ്ങൾ സ്വയം ചോദിക്കുക: ഞാൻ എഴുതണോ?
റിൽക്കേ


രണ്ടുതരം വായനക്കാർ?
മാധ്യമങ്ങൾ അവർ പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനത്തിന്റെയും മറ്റും വാർത്തകൾ ചിത്രം സഹിതം പൊലിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ മറ്റുള്ളവരുടെകാര്യമോ?
വരിക്കാരായിട്ടുള്ള എഴുത്തുകാർ അന്യരാണോ?
സാഹിത്യകാരന്മാരിലും കവികളിലും നിരൂപകരിലും രണ്ടുതരം പൗരന്മാരെ  സൃഷ്ടിക്കാൻ മാധ്യമങ്ങൾ തന്നെ മുകൈയ്യെടുക്കുന്നത് ശരിയാണോ?
മാധ്യമത്തിനു ഒരു പക്ഷപാതം മാത്രമേ ആകാവു: അതു വായനക്കാരോട്, വരിക്കാരോട് മാത്രമായിരിക്കണം. 














സ്ത്രീ
 എനിക്ക് സ്ത്രീകളുമായി ഇടപഴകുന്നതാണ് സുഖം
മാർകേസ്
*
പേജ് രണ്ട്

AKSHARAJALAKAM

AKSHARAJALAKAM/