Showing posts with label harikumar. Show all posts
Showing posts with label harikumar. Show all posts

Sunday, January 12, 2014

AKSHARAJALAKAM ,LAKKAM 10, PAGE 1/JAN 5 -JAN 12 /2014


അക്ഷരജാലകം എല്ലാ ഞായറാഴ്ചയിലും
അക്ഷരജാലകം പംക്തി വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക







ലക്കം പത്ത് ,പേജ് ഒന്ന്






















Each friend represents a world in us, a world possibly not born until they arrive, and it is only by this meeting that a new world is born.
Anais Nin,അമേരിക്കൻ എഴുത്തുകാരി



















A child can teach an adult three things: to be happy for no reason, to always be busy with something, and to know how to demand with all his might that which he desires.

 Paulo Coelho,ബ്രസീലിയൻ എഴുത്തുകാരൻ


 സാഹിത്യത്തിനു വേണ്ടത് ലോക പൈതൃകമാണ്. 

ഇന്നത്തെ  സാംസ്കാരിക  വീക്ഷണം വളരെ ഇടുങ്ങി വരുന്നതിൽ ദുഃഖിക്കാതെ നിവൃത്തിയില്ല.നമ്മൾ പാശ്ചാത്യം പൗരസ്ത്യം ,ഭാരതീയം വിദേശം തുടങ്ങിയ ആവർത്തന വിരസമായ വിഭാഗീയതകളിൽ സ്വയം നഷ്ടപ്പെടുത്തിയിരിക്കയാണ്.
സാഹിത്യം ഒരു ലോക പൈതൃകത്തിൽ നിന്ന് ഊർജം ശേഖരിച്ചാണ് വളരുന്നത്. അങ്ങനെയാണ് വളരേണ്ടത്. അത് ഒരിക്കലും ഏറ്റവും പ്രാചീനകാലത്തെ ശീലങ്ങളെ അന്ധമായി അനുകരിക്കാൻ പാടില്ല.എന്തിനു അനുകരിക്കണം? അതിന്റെ ജീവനവീര്യം എന്നത് ഈ ലോകത്തിലെ സൂക്ഷ്മത്തിലും സ്ഥൂലത്തിലുമുള്ള എല്ലാ വസ്തുക്കളെയും ഉൾക്കൊണ്ടാണ് നിർണയിക്കപ്പെടുന്നത്. മോപ്പസാങ്ങ്  പറഞ്ഞു, എല്ലാ വസ്തുക്കളെയും സാഹിത്യവൽക്കരിക്കണമെന്ന്. ഞാൻ അൽപ്പം കൂടി ഗാഢമാക്കുകയാണ്, എല്ലാം സാഹിത്യമാണ്.അപ്പോൾ എന്തിനാണ് ഒരു ഉപദേശീയതയും  പ്രാദേശികതയും?

ലോക പൈതൃകത്തിന്റെ ഭാഗമായിട്ട് നിന്നുകൊണ്ടാണ് മികച്ച രചനകളുണ്ടായിട്ടുള്ളത്.
ഇബ്സൻ

 ഇബ്സന്റെ, ഷേക്സ്പിയറുടെ, മിൽട്ടന്റെ , ദാന്റേയുടെ എല്ലാം കൃതികളിൽ ഭാരതീയമായ ആദ്ധ്യാത്മികതയുണ്ട്.ജർമ്മൻ ചിന്തകനും നാടകാരനുമായ ഗൊയ്ഥെ  കാളിദാസന്റെ വായനക്കാരനായിരുന്നു.ഫ്രഞ്ച് ചിന്തകരായ സൊസ്യൂർ, ബാർത്ത് തുടങ്ങിയവരൊക്കെ വായിച്ചത് ഭർത്തൃഹരി, ആനന്ദവർദ്ധനൻ,തുടങ്ങിയവരെയാണ്.
ഭാഷാശാസ്ത്രത്തിന്റെ നൂതന ധാരകളിൽ ധ്വന്യാലോകത്തിന്റെ ധ്വനികൾ കാണാൻ കഴിയും.ഭാഷയെ അപനിർമ്മിക്കണമെന്ന് പറയുന്ന ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനായ ദറിദ ഊന്നുന്നത് ഭാരതീയമായ ധ്വനിയിലാണ്. 
 
പുരാതന ചൈനീസ് ശില്പം

വാക്കിന്റെ അർത്ഥവും അതിന്റെ കാരണമായ വസ്തുവും തമ്മിൽ ഭിന്നതയുണ്ടെന്ന് ഭാരതത്തിലെ ചിന്തകർ എന്നേ മനസ്സിലാക്കിയിരുന്നു. 'ഓം 'എന്ന് പറയുന്നതിൽ പ്രപഞ്ചം മുഴുവൻ നിഴലിക്കുന്നു എന്ന് വ്യക്തമാക്കുന്നതിലൂടെ  ഭാഷയുടെ പ്രത്യക്ഷമായ ശബ്ദത്തിനപ്പുറമുള്ള ഒരു ധ്വനി അവശേഷിക്കുന്നുണ്ടെന്നാണ് ഭാരതീയ ചിന്തകർ മനസ്സിലാക്കിയത്.
ദാന്റേ

എന്നാൽ നമ്മൾ എല്ലാറ്റിലും ഈ പൈതൃകത്തെ ദേശാതിർത്തിക്കുള്ളിൽ കെട്ടിയിട്ടു.യൂറോപ്പിലുള്ളവർ ഈ പൈതൃകം ഉപയോഗിച്ച് പുതിയ ആശയങ്ങളുടെ സമന്വയവും സാധ്യതകളും വിചിന്തനങ്ങളും അപഗ്രഥനവും ആവിഷ്കരിച്ചു.
നമ്മൾ അതിനു മുതിർന്നിട്ടില്ല.
ഒരു ലോക പൈതൃകത്തെ പാരമ്പര്യത്തിനപ്പുറത്തേക്ക് കൊണ്ടുപോയി സർഗ്ഗാത്മകമാക്കാനുള്ള നവീന  ചിന്തരീതി വേണം. ഒരു നിമിഷത്തെപ്പോലും ശൈലീവത്കരിക്കാനുള്ള മനോനില അനിവാര്യമാണ്.ഇന്ത്യയിലെ സാഹിത്യ നിരൂപകരും എഴുത്തുകാരും ചിന്തകരും കഴിഞ്ഞ ഇരുനൂറു വർഷത്തിനിടയിൽ ഭാരതീയ പൈതൃകം എന്ന ആത്മീയ പദ്ധതിയിലൂടെ പുതുതായൊന്നും ആരാഞ്ഞില്ല. നമ്മൾ ഇപ്പോഴും ആരാധനയിൽ നിന്നു മുക്തി നേടാനാവാതെ, വളരെ പുരാതനമായ ആശയാപഗ്രഥനരീതികൾ അതേപടി പിന്തുടരുകയാണ്.പ്രാചീനതയെ അതിന്റെ ശുദ്ധതയിൽ തന്നെ നിലനിർത്തുന്നതാണ് ശരി എന്ന കാഴ്ചപ്പാടിൽ തളച്ചിടപ്പെടുകയാണുണ്ടായത്.
അതേസമയം ഇരുനൂറു വർഷം കൊണ്ട് പടിഞ്ഞാറൻ  ലോകം കലയിലും  സാഹിത്യത്തിലും തത്വചിന്തയിലും എത്രയോ പരീക്ഷണങ്ങൾ നടത്തി.!

കീർക്കഗോർ മുതൽ ദറിദവരെയുള്ളവർ ആ ശ്രേണിയിൽ വരുന്നു.
നമ്മളാകട്ടെ നിശ്ചലതയുടെ പുരോഹിതന്മാരാകുകയാണ് ചെയ്തത്.
ചിന്തയുടെ തലത്തിൽ ലോകത്തിനു ഒരു പൊതു പൈതൃകമാണുള്ളത്. അതിൽ നിന്ന് ശക്തി നേടി മറ്റൊരിടത്ത് എത്തിച്ചേരുക എന്നതാണ്  പ്രധാനം.
നമ്മൾ ദസ്തയെവ്സ്കി,തോമസ്മൻ, കസൻദ്സാക്കിസ് തുടങ്ങിയവരെ അന്യപാരമ്പര്യത്തിൽപ്പെട്ടവരായി കാണരുത്.എല്ലാം ഒരു പാരമ്പര്യത്തിന്റെ വിവിധ സർഗാത്മക സാംസ്കാരിക മുഹൂർത്തങ്ങളാണ്.

ശബ്ദം
സ്നേഹസ്വാദൂറുന്ന പവിത്രശബ്ദങ്ങളുടെ മഹാപ്രപഞ്ചം രാത്രിയിൽ ചെവിയോർത്താൽ ഒഴുകിവരും

നബോക്കോവിന്റെ തുറന്നു പറച്ചിൽ  

റഷ്യൻ നോവലിസ്റ്റ് വ്ലാദിമിർ നബോക്കോവ് സാഹിത്യത്തിലെ കലാപകാരിയായി അറിയപ്പെടുന്നു.

സഹജമായ ബുദ്ധി വൈഭവം കൊണ്ട് അദ്ദേഹം സമകാലീനരായ എഴുത്തു സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ആദ്യത്തെ ഒൻപത് നോവലുകൾ റഷ്യൻ ഭാഷയിലാണ് എഴുതിയത്. ആദ്യനോവൽ മേരി(1926)യാണ്. ഇത് ഇംഗ്ഗീഷിലേക്ക് തർജമ ചെയ്തത് 1970ലും.
1941 ലാണ് ആദ്യത്തെ ഇംഗ്ലീഷ് നോവലെഴുതിയത്- ദ് റിയൽ ലൈഫ് ഓഫ് സെബാസ്റ്റ്യൻ നൈറ്റ്. എന്നാൽ ലോലിത എന്ന നോവൽ (1955) പുറത്തു വന്നതോടെ നബോക്കോവിന്റെ പ്രശസ്തിയുടെ ഗ്രാഫ് കുത്തനെ ഉയർന്നു.മറ്റൊരു പ്രധാന കൃതി ട്രാൻസ്പേരന്റ് തിംഗ്സ് ആണ്.ആകെ ഒൻപത് നോവലുകൾ ഇംഗ്ലീഷിൽ എഴുതി. പന്ത്രണ്ട് കഥാസമാഹാരങ്ങളും. നബോക്കോവിന്റെ കുടുംബം ജർമ്മനിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെ  റഷ്യൻ ഭരണാധികാരി വധിക്കുകയും ചെയ്തു. അതിനു ശേഷമാണ് നബോക്കോവ് അമേരിക്കയിലെത്തുന്നത്.
നബോക്കോവുമായി വിവിധ പത്രങ്ങളും ലേഖകരും നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് 'സ്ടോംഗ് ഒപ്പീനിയൻസ്'.

ഇക്കാര്യത്തിൽ കുറെ കാര്യങ്ങൾ വിശദീകരിക്കാനുണ്ട്. അപാരമായ  ആത്മവിസ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരിക്കൽപ്പോലും മുന്നൊരുക്കമില്ലാതെ  അഭിമുഖങ്ങൾ അച്ചടിക്കാൻ അനുവദിച്ചിരുന്നില്ല.ചോദ്യങ്ങൾ നേരത്തെ എഴുതി കൊടുക്കണം. നബോക്കോവ് ഉത്തരങ്ങൾ എഴുതി നൽകും.പ്രസിദ്ധീകരിക്കുന്നതിനു മുൻപ് സ്ക്രിപ്റ്റ് കാണിച്ചിരിക്കണം.
പ്രഭാഷണങ്ങൾ നേരത്തെ തന്നെ എഴുതി തയ്യാറാക്കിയിരിക്കും. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതിയ ആദ്യ വാക്യം  അരും ശ്രദ്ധിക്കും, ചിന്തിക്കുകയും ചെയ്യും.

I think like a genius, I write like a distinguished author, and I speak like a child.
ബ്രഹ്ത്

എൺപത്തിയേഴാം പേജിൽ,   അമേരിക്കൻ നോവലിസ്റ്റ്  ഹെർബർട്ട് ഗോൾഡി( Herbert Gold)ന്റെ  ചില ചോദ്യങ്ങളും  അതിനു നബോക്കോവ് നൽകുന്ന ഉത്തരങ്ങളും
 ഇവിടെ ചേർക്കുകയാണ്.


നിങ്ങൾ മതിപ്പോടെ പിതുടരുന്ന സമകാലീനരായ എഴുത്തുകാർ ആരൊക്കെയാണ്?
*ധാരാളം എഴുത്തുകാരുണ്ട്.പക്ഷേ, ഞാൻ അവരുടെ പേരുകൾ പറയില്ല.എന്റെ സ്വന്തം സന്തോഷം മറ്റാർക്കും ദോഷം ചെയ്യില്ലല്ലൊ.
ഫോക്നർ

കഷ്ടപ്പാട് സഹിച്ച് ആരെയെങ്കിലും വായിക്കുന്നുണ്ടോ?
*ഇല്ല.പല പ്രശസ്ത എഴുത്തുകാരും ജീവിച്ചിരിക്കുന്നതായിപ്പോലും ഞാൻ കരുതുന്നില്ല.ശൂന്യമായ കല്ലറകളിലാണ് അവരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നത്.അ
അവരുടെ പുസ്തകങ്ങൾ വ്യാജപതിപ്പുകളാണ്.എന്റെ വായനയുടെ അഭിരുചി വച്ച് പറയുകയാണെങ്കിൽ അവർക്ക് ഒരു പ്രസക്തിയുമില്ല.അവർ നിലനിൽക്കുന്നില്ല.ബ്രഹ്ത്, കമ്യു, ഫോക്നർ, അതുപോലെ പലരും ,എനിക്കൊന്നും തന്നെ വിനിമയം ചെയ്യുന്നില്ല (Breht , Faulkner, Camus,many others , mean absolutely nothing to me). ചില നിരൂപകരും  സഹ എഴുത്തുകാരും ചേർന്ന് ഇവരുടെയെല്ലാം രചനകൾ  മഹാസാഹിത്യം എന്ന് വാഴ്ത്തുന്നതു കാണുമ്പോൾ, ലേഡി ചാറ്റർലിയുടെ ഇണചേരലോ, എസ്രാപൗണ്ടിന്റെ അസംബന്ധമോ, എന്റെ തലച്ചോറിൽ തന്നെ നടക്കുന്ന ഗൂഢാലോചനയോട്  എനിക്കു പൊരുതേണ്ടി  വരുന്നു.
ജോയ്സിൽ നിന്ന് എന്തെങ്കിലും പഠിച്ചോ?
*ഇല്ല.എന്നെ അദ്ദേഹം സ്വാധീനിച്ചിട്ടില്ല.

ജോയ്സിനെക്കുറിച്ച് പുസ്തകം എഴുതാൻ ശ്രമിച്ചിരുന്നോ?
*ഇല്ല. അത് ജോയ്സിനെക്കുറിച്ച് ആയിരുന്നില്ല. ജോയ്സിന്റെ ഉല്ലിസസ്, ഫ്ലോബേറിന്റെ മദാം ബോവറി, കാഫ്കയുടെ മെറ്റാമോർഫോസിസ്, ഡോൺ  ക്വിക്സ്സോട്ട്,തുടങ്ങിയ കൃതികളെക്കുറിച്ച് ഇരുപത് പേജ് വീതമുള്ള ലേഖനങ്ങൾ അടങ്ങിയ പുസ്തകം ചെയ്യാൻ ആലോചിച്ചു. അതെല്ലം പ്രഭാഷണത്തിനു വേണ്ടി എഴുതിയതായിരുന്നു.
അറുന്നൂറ് വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് ഞാൻ ഡോൺ ക്വിക്സോട്ട് വലിച്ച് കീറിയെറിഞ്ഞത് ഓർക്കുന്നു. അതൊരു ക്രൂരമായ , കിരാത കൃതിയാണ്.
എന്താണ് ഭൂതകാലം?


*അത് വർത്തമാനത്തിന്റെ ഭാഗമാണ്. എന്നാൽ അത് നമ്മുടെ മുമ്പിലില്ല. അത് പ്രതിബിംബങ്ങളുടെ സമാഹാരമാണ്.എന്നാൽ പൂർണമായി ഉൾക്കൊള്ളാവുന്നവിധം  നമ്മുടെ തലച്ചോറിനു ശേഷിയില്ല. ഇവിടെ വേണ്ടത് തിരഞ്ഞെടുപ്പാണ്.ഇത് ഒരു കലയാണ്. കലാപരമായ ചേരുവകളുടെ കൂടിച്ചേരൽ സംഭവിക്കണം.യഥാർത്ഥ സംഭവങ്ങളെ കലാപരമായി പുനക്രമീകരിക്കണം.ചീത്ത ഓർമ്മയെഴുത്തുകാരൻ ഭൂതകാലത്തെ വീണ്ടും സ്പർശിക്കുകമാത്രം  ചെയ്യുന്നു. ഫലമോ?
അസമർത്ഥനായ ഒരു ഫോട്ടോഗ്രാഫർ എടുത്ത , മങ്ങിയ നീലയോ പിങ്കോ കലർന്ന ഒരു ചിത്രമായിരിക്കുമത്. മാത്രമല്ല വികാരപരമായ വേർപാടിനെ സമാധാനിപ്പിക്കാനായിരിക്കും അത് എടുത്തിട്ടുണ്ടാകുക.എന്നാൽ ശരിയായ ഓർമ്മയെഴുത്തുകാരൻ ഒരു സംഭവത്തിന്റെ സകലമാന വിശദാംശവും ശേഖരിക്കുന്നു. ശരിയായ നിറം തന്റെ കാൻവാസിൽ എവിടെ തേയ്ക്കണമെന്ന് അയാൾക്കറിയാം

ബാലാമണിയമ്മയെക്കുറിച്ച് ജി ശങ്കരക്കുറിപ്പ്

ബാലാമണിയമ്മയുടെ കവിതയെപ്പറ്റി ജി ശങ്കരക്കുറുപ്പ് എഴുതുന്നു:
ഉൽക്കൃഷ്ടവികാരങ്ങളുടെ ഉമിനീർ ഉദ്ഗമിപ്പിക്കുന്നതിനും സ്വയം അതിലലിഞ്ഞുചേരുന്നതിനും സഹജശക്തിയുള്ള ഒരു മാനസികാഹാരമാണ് ബാലാമണിയമ്മയുടെ കവിത-ആത്മീയമായ ചൈതന്യത്തെയും ലാവണ്യത്തെയും വർദ്ധിപ്പിക്കുന്ന മാനസികാഹാരം.

ബാലാമണിയമ്മയുടെ എന്റെ   പ്രേമം എന്ന കവിതയിലെ ചില വരികൾ:
നിത്യതയെ മറയ്ക്കും യവനിക
നിൻപിറകിലായൊട്ടുട്ടുലയുമ്പോൾ
മഞ്ജുളപ്പുലർത്തണ്ടാരിതളിലെ
മഞ്ഞുതുള്ളി നീയെന്നു ഞാൻ തേറുമ്പോൾ,
നിന്നെ മാറിൽച്ചേർത്തെന്നേയ്ക്കുമായ് നിർത്താ-
നൂന്നുകയാണു പാവമാമെൻപ്രേമം.

'ജീവിതം' എന്ന കവിതയിൽ നിന്ന്:

ജീവിതം വളരുന്ന വേദനയൊന്നാ;ണേവ-
മാവർത്തിക്കുന്നൂ പാടേ വ്രണിതം ഹൃദയം മേ.
ഊന്നിനോക്കുമ്പോൾ മാഞ്ഞുമാഞ്ഞുപോകുന്നൂ ജഗ-
ത്തൂതിവീർപ്പിച്ചാൽ നേർത്തുപൊട്ടുന്നൂ മനുഷ്യത്വം

നിഷ്ഫല പഠനംതാൻ, ജീവിതം പാഴ്വേലതാൻ
നിശ്ചയം:ഘോഷിക്കുന്നൂ തോറ്റടങ്ങിയ  ബുദ്ധി.
എന്നുടെ നേട്ടം, മുന്തും നേട്ടംതാനിജ്ജീവിത-
മെന്നു പാടുന്നൂ പ്രീതി പൂണ്ട, താസ്വദിക്കും ഞാൻ

ഖസാക്ക് ശില്പങ്ങൾ
'ഖസാക്കിന്റെ ഇതിഹാസ'ത്തെ ശിൽപ്പങ്ങളിൽ ആവാഹിച്ച ഒരുകൂട്ടം ശില്പികളെപ്പറ്റി വി ആർ സന്തോഷ് എഴുതിയ ലേഖനം(ഭാഷാപോഷിണി,ജനുവരി) ഒരു നോവലിന്റെ സൗന്ദര്യാത്മകമായ യുദ്ധങ്ങളെ അനുധാവനം ചെയ്യുന്നു.

ഖസാക്കിനെ കേരള സാഹിത്യ അക്കാദമിയോ, കേന്ദ്ര അക്കാദമിയോ ഇതുവരെയും അംഗീകരിച്ചിട്ടില്ല. കേരള അക്കാദമി മുട്ടത്തുവർക്കിയെപ്പറ്റി ഒരു സ്പെഷ്യൽ പതിപ്പിറക്കി. അവരൊക്കെ ഒരു പക്ഷേ അവിടെവരെയേ എത്തിയിട്ടുണ്ടാകൂ.ഒരു മുട്ടത്തു വർക്കി പതിപ്പിനു വേണ്ടി മലയാളം ശരിക്കും ദാഹിച്ച സമയമായിരുന്നു ഇത്!. എന്നാൽ വിജയന്റെ ഈ നോവലിനെക്കുറിച്ച് നാളിതുവരെ അവർ ഒന്നും മിണ്ടിയിട്ടില്ല. മിണ്ടാൻ ധൈര്യമില്ല.അവിടെയാണ്  ഭാഷാപോഷിണിയെ സർഗ്ഗധനനായഎഡിറ്റർ  കെ.സി. നാരായണൻ ഉന്നതമായ ഒരു വിതാനത്തിലേക്ക് നയിച്ചത്. ഭാഷയുടെയും ജീവിതാവസ്ഥയുടെയും വിപണിവാക്യങ്ങളിൽ ഉഴറാതെ ഏകാന്തതയുടെ പരിവ്രാജകത്വത്തെ  സാക്ഷാത്കരിച്ച ഖസാക്കിനു ഈ അർച്ചന എത്രയോ വലിയ ബഹുമതിയാണ്. ഭാഷാപോഷിണി ആ ശില്പങ്ങളുടെ ഒന്നാന്തരം പടങ്ങൾ ഉചിതമായി പ്രസിദ്ധീകരിച്ചു.

ഇവിടെ, പത്രാധിപരുടെ കുറിപ്പിലെ ഈ വാക്യങ്ങൾ അന്വർത്ഥമാണ്:ഖസാക്കിലെ പ്രകൃതിയുടെ പ്രതിഫലനമല്ല ഈ ശില്പങ്ങൾ.അതിന്റെ വിശകലനവുമല്ല.ഖസാക്കിലെ പ്രകൃതി കല്ലിൽ വഴങ്ങിയ വിധമാണ്.അതു നോവലിന്റെ പരമ്പരാഗത പഠനങ്ങളോട് ചേർന്നു പോകണമെന്നില്ല.കല്ലാണ്.ഖസാക്ക് പൂർണമായി വഴങ്ങുന്നില്ല എന്ന് കൊത്തിയവരും പറയുന്നു.കവിത വിരമിക്കുന്നതിനേക്കാൾ, ചിത്രം എഴുതുന്നതിനേക്കാൾ ശാരീരികമാണ് കൽക്കൊത്ത്.

അട്ടകൾ
ഭയത്തെ  ഭയമില്ലാതെ , അട്ടകൾ എർപ്പെടുന്ന മൈഥുനം ജീവിതമെന്ന അദൃശ്യതയുടെ ഒരു ഭാഷ്യമാണ്.

ആംബ്രോസ് ബിയേർസ്  

അമേരിക്കൻ പത്രപ്രവർത്തകനായ ആംബ്രോസ് ബിയേർസിന്റെ 'ദ് ഡെവിൾസ് ഡിക്ഷണറി' എന്ന പുസ്തകത്തിൽ ജീവിതത്തിലെ അനേകം സംഭവങ്ങളെയും ആശയങ്ങളെയും മറ്റൊരു കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്നതു കാണാം.അദ്ദേഹത്തിന്റെ ചില നിർവ്വചനങ്ങൾ ചുവടെ ചേർക്കുന്നു.

വായ്:ആണിനു ആത്മാവിലേക്കുള്ള കവാടം;പെണ്ണിനു ഹൃദയത്തിന്റെ വിൽപ്പനശാല.
അയൽക്കാരൻ: നമ്മെപ്പോലെതന്നെ സ്നേഹിക്കാൻ നിർബന്ധിക്കുന്നവൻ; അതേസമയം അറിയാവുന്ന എല്ലാ മാർഗവുമുപയോഗിച്ച് നമ്മെ അനുസരണകെട്ടവരാക്കി മാറ്റുന്നവൻ
സൗന്ദര്യം: ഒരു പെണ്ണ് തന്റെ കാമുകനെ ആകർഷിക്കാനും ഭർത്താവിനെ ഭയപ്പെടുത്താനും കൊണ്ടുനടക്കുന്ന അധികാരം.
പ്രണയം: ഒരു താത്കാലിക മനോരോഗം; വിവാഹം കൊണ്ട് നേരെയായികൊള്ളും.
പെയിന്റിങ്ങ്: പരന്ന പ്രതലങ്ങളെ കാലാവസ്ഥാദോഷങ്ങളിൽ നിന്ന് രക്ഷിച്ച് നിരൂപകർക്കു വിട്ടുകൊടുക്കുന്ന കല.
ജീവിതം: ശരീരം ജീർണിക്കാതിരിക്കാനുള്ള ഒരു ആത്മീയമായ അച്ചാർ

സമദാനി

ആം ആദ്മി പാർട്ടിയുടെ വരവോടെ വി ഐ പി രാഷ്ട്രീയം അസ്തമിക്കുകയാണ്. ചുമ്മാ തിരക്കുണ്ടാക്കി അമിതവേഗതയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുന്ന നേതാക്കളെ മനോരോഗ കേസുകളാക്കി ജനം തള്ളിക്കളയും.അബ്ദു സമദ്
സമദാനി 'ആം ആദ്മിയുടെ ആഗമന മധ്യേ' എന്ന ലേഖനത്തിൽ ( മാതൃഭൂമി , ജനു.9)ഇങ്ങനെ എഴുതുന്നു:യഥാർത്ഥ രാഷ്ട്രീയത്തിൽ ശത്രുവോപ്രതിയോഗിയോ ഇല്ല., പ്രതിപക്ഷമേയുള്ളു.അല്ലാത്തപക്ഷം  രവീന്ദ്രനാഥടാഗോർ പറഞ്ഞത് സംഭവിക്കും.''നമ്മുടെ ഭരണാധികാരികളുടെ അടിസ്ഥാനപരമായ പിശക് ഇതാണ്.നമ്മെ അറിയില്ലെന്ന് അവർക്ക് നന്നായറിയാം.എന്നിട്ടും നമ്മെ അറിയാൻ അവർ ശ്രമിക്കുന്നേയില്ല''.

പി പി രാമചന്ദ്രൻ
   കവി പി രാമൻ അത്രയൊന്നും പരിചിതമല്ലാത്ത ചില കവിതകൾ ചൊല്ലിക്കേട്ടതിന്റെ ആവേശത്തിൽ പി പി രാമചന്ദ്രൻ എഴുതിയ കുറിപ്പ് രാമായനം(ഹരിതകം ഡോട്ട് കോം)എന്നെ ആകർഷിച്ചു.
പലപ്പോഴും ചില ഗ്രൂപ്പുകളിയുടെ ഭാഗമായി ശ്രദ്ധ നേടുന്നവരുണ്ട്.എന്നാൽ ഒരു നല്ല കവിതയെങ്കിലുമെഴിതിയവരുമുണ്ട്. ധാരാളം നല്ല രചനകൾ സമ്മാനിച്ചിട്ട് മറഞ്ഞു പോയവരുമുണ്ട്.സി.പി.വൽസനെ ഓർക്കുന്നില്ലേ??
കെ.ജി അമർനാഥ് എവിടെപ്പോയി?അഗസ്റ്റിൻ ജോസഫ്?
പി രാമൻ

പി പി രാമചന്ദ്രന്റെ ലേഖനത്തിൽ നിന്ന്:
പൂര്‍വ്വകവികളുടെ അപ്രശസ്തവും അപരിചിതവുമായ രചനകളിലൂടെയുള്ള  പി. രാമന്റെ ഏകാന്തസഞ്ചാരത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വായനയില്‍ തുടക്കംമുതലേ രാമന്‍ വേറിട്ട വഴികളിലൂടെ നടന്നു. എല്ലാവരും വായിക്കുന്നത് രാമന്‍ വായിച്ചില്ല. രാമന്‍ വായിച്ചതിലാകട്ടെ എല്ലാവരും പുതുമ കണ്ടെത്തി. ചിരപരിചയംകൊണ്ട് ശ്രദ്ധയില്‍പ്പെടാതിരുന്ന ഈരടികള്‍ രാമന്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നപോലെ ആഹ്ലാദമുണ്ടാക്കി. അങ്ങനെ കാലം കല്ലാക്കിമാറ്റിയ ചില രചനകളെങ്കിലും രാമസ്പര്‍ശത്താല്‍ അഹല്യകളായി പുനര്‍ജ്ജനിച്ചിട്ടുണ്ട്. ഈയ്യിടെ രാമന്‍ അതിനെക്കുറിച്ചെല്ലാം എഴുതിവരുന്നുണ്ട്.  സി.എ.ജോസഫ്, എ.പി. ഇന്ദിരാദേവി, ടി.ആര്‍.ശ്രീനിവാസ്, വി.വി.കെ. വാലത്ത്, പുലാക്കാട്ട് രവീന്ദ്രന്‍ , സുധാകരന്‍ തേലക്കാട്, ഏറ്റുമാനൂര്‍ സോമദാസന്‍ തുടങ്ങിയവരുടെ അനന്യതയെക്കുറിച്ച്. കാവ്യചരിത്രത്തില്‍ അവരെ അടയാളപ്പെടുത്തേണ്ട അക്ഷാംശബിന്ദുവിനെക്കുറിച്ച്.
.......
 ഇത്തരം വീണ്ടുവായനകളെ ഒരു മാനുഷികപ്രവര്‍ത്തനമായാണ്  താന്‍ കാണുന്നതെന്ന് രാമന്‍ പറയുന്നു. "എത്ര അപ്രസിദ്ധരാണെങ്കിലും അവര്‍ക്കു ചിലതു പറയാനുണ്ട്. അതിനു കാതോര്‍ക്കുക എന്നത് മാനുഷികമായ ധര്‍മ്മമാണ്. അവരുടെ കാലം അതു ചെയ്തില്ലെങ്കില്‍ നമുക്ക് ഇന്നതു കഴിയും."

മാനുഷികമെന്നതിനേക്കാള്‍  രാമന്റെ വീണ്ടുവായനയ്ക്ക് തീര്‍ച്ചയായും ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.  ഓരങ്ങളിലേക്കു മാറ്റിയൊതുക്കപ്പെട്ട ജനതയെ പരിഗണിക്കുന്നതുപോലെ അതു സാഹിത്യത്തിലെ അവഗണിക്കപ്പെട്ട പ്രകാശനങ്ങളെ  വിസ്മൃതിയില്‍നിന്നു വീണ്ടെടുക്കുന്നു.  

എൻ പി ഹാഫിസ് മുഹമ്മദ്

എൻ പി ഹാഫീസ് മുഹമ്മദിന്റെ 'കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ വർത്തമാനകാലം' എന്ന പുസ്തകം(ഒലിവ് ബുക്സ്) ധീരമായ ഒരു ചുവരെഴുത്തായി കാണണം. മുസ്ലിം  സ്ത്രീകളുടെ അവസ്ഥ നല്ലപോലെ  മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. എങ്ങനെയെല്ലാം അവർ ഒറ്റപ്പെടുന്നു എന്ന് ലേഖകൻ അന്വേഷിക്കുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യം മാറുമോ?
സമഗ്രാവബോധമാണ്  ഈ പുസ്തകം തരുന്നത്. തൊഴിൽ, ബഹുഭാര്യാത്വം, ആചാരം, ആരാധന,  മാതൃദായക്രമം, വിവാഹം, ഭക്ഷണം, , വായന, വ്രതനാളുകൾ തുടങ്ങി ഹാഫിസ് മുഹമ്മദിന്റെ ശ്രദ്ധ ചെല്ലാത്ത ഇടമില്ല.
അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം ശ്രദ്ധിക്കൂ:
ഭാര്യയും ഭർത്താവും അവിവാഹിതരായ കുട്ടികളും മാത്രമുള്ള അണുകുടുംബത്തിൽപ്പോലും വീട്ടുജോലി സ്ത്രീയുടെ കടമ മാത്രമായി കരുതപ്പെടുന്ന സാമൂഹിക ചുറ്റുവട്ടമാണ് മുസ്ലിം കുടുംബങ്ങളിൽ നിലകൊള്ളുന്നത്.പുറംജോലിക്കു പോയാൽ സ്ത്രീ വഴിതെറ്റുമെന്ന് പല പുരുഷന്മാരും കരുതുന്നുണ്ട്.

നീലപത്മനാഭൻ

മലയാളത്തിനു നല്ല സർഗ്ഗാത്മക രചനകൾ സംഭാവന ചെയ്ത നീല പത്മനാഭനു എന്തുകൊണ്ടോ  ഇവിടെ കാര്യമായ അംഗീകാരങ്ങൾ ലഭിക്കുന്നില്ല.
ഇപ്പോൾ എന്റെ മുന്നിൽ അദ്ദേഹത്തിന്റെ 'സമർ അനുഭവങ്ങൾ യാത്ര'(പ്രിയത ബുക്സ്) എന്ന പുസ്തകമുണ്ട്. ഇത് നോവല്ലകളുടെ സമാഹാരമാണ്.പതിനെട്ട് നോവലുകളും എട്ട് കഥാസമാഹരങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കവിതകളും വിവർത്തനങ്ങളും വേറെ.ഇത് സ്വാതി എച്ച് പത്മനാഭൻ വിവർത്തനം ചെയ്ത കൃതിയാണ്.
മനുഷ്യജീവിതത്തെ ഒരു പ്രത്യശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ , സഹജമായ അറിവുകളോടെ പിന്തുടരുന്ന രീതിയാണ്ഇവിടെയുള്ളത്.
യാത്ര എന്ന നോവല്ലയിലെ ഈ ഭാഗം നോക്കൂ:
എക്ടോപ്ലാസം ചലനാവസ്ഥയിലുള്ള വളരെ സൂക്ഷ്മ വസ്തുക്കൾ അടങ്ങിയ ഒരു വിശേഷവസ്തുവാണെന്ന് നീ പറഞ്ഞു.ഈ വസ്തു ആത്മാവിന്റെ ഉൾവസ്ത്രവും ശരീരം പുറംചട്ടയുമായതുകൊണ്ട് നമുക്കു സ്തൂലം, സൂക്ഷ്മം, എന്നു രണ്ടു ശരീരങ്ങളുണ്ട്.എന്നാൽ സൂക്ഷ്മശരീരം ഉണ്ടെന്ന ബോധം നമുക്കില്ല.കാരണമെന്തെന്നാൽ , പുറമേ, നോക്കിയിരിക്കുന്ന നമ്മുടെ യന്ത്രങ്ങൾ , അവയവങ്ങളൊക്കെത്തന്നെ സ്ഥൂലങ്ങളായ ഭൗതിക വസ്തുക്കളിലാണ്‌ വ്യാപിച്ചിരിക്കുന്നത്.നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തന പരിധിക്കകത്തു വരുന്നതു വരെ സമയം അതിനെ കാണാനോ കേൾക്കാനോ സാധിക്കുന്നില്ല

സി.എം. രാജൻ

ഒരു സമുദ്രം നീന്തിക്കടന്ന എഴുത്തുകാരനാണ് സി.എം.രാജൻ. എഴുതാൻ ഒരു ചവിട്ടു പടി വേണം; അതു കഷ്ടപ്പെട്ട് സ്വയം ഉണ്ടാക്കിയ വ്യക്തി. അതറിയണമെങ്കിൽ 'അസംബന്ധ പ്രബന്ധങ്ങൾ'(ഇൻസൈറ്റ് പബ്ലിക്ക) എന്ന പുസ്തകം വായിക്കണം.അദ്ദേഹം, മതം, മനുഷ്യൻ, ചിന്ത, മനസ്സ് എന്നിവയെപ്പറ്റിയെല്ലാം ഒരുപാട് ആലോചിച്ചു. ഒരു കവിത എഴുതാൻ ഒരു വൈകാരിക തത്വം വേണമെന്ന നിലപാടാണ് രാജനുള്ളത്.രാജന്റെ ചിതറിയ അനുഭവങ്ങൾ , ഉള്ളിൽ വലിയൊരു കടൽക്ഷോഭം കൊണ്ടുനടക്കുന്നവന്റെ ഒഴിവാക്കാനാവാത്ത അവസ്ഥകൂടിയാണ്. രാജന്റെ പുസ്തകത്തിനു ഞാൻ അവതാരിക എഴുതിയത് ഇതു ബോധ്യപ്പെട്ടതുകൊണ്ടാണ്.
ഈ വാക്കുകൾ അതിനു തെളിവു നൽകുന്നു:
എന്റെ മൂലകോശത്തിൽ എനിക്കു മുമ്പു നിലവിലുണ്ടായിരുന്ന എല്ലാ ജീവികളുടെയും പൈതൃകമുണ്ട്.മൃഗങ്ങളുടെയും മരങ്ങളുടെയുമെല്ലാം.എന്നെപ്പോലെതന്നെ സങ്കീർണമാണ് എന്റെ മൂലകോശവും.ജീവരാശികളുടെയെല്ലാം സ്മൃതിമുഴിവനും അതിൽ ആലേഖിതമായിട്ടുണ്ട്.ബ്രഹ്മാണ്ഡത്തിന്റെ ചരിത്രം മുഴുവൻ ഈ കോശത്തിലുണ്ടെന്നു  പറഞ്ഞാലും തെറ്റില്ല.

സാഹിത്യത്തെപ്പറ്റി അമേരിക്കൻ എഴുത്തുകാരി കസാന്ദ്രാ ക്ലയർ

സാഹിത്യത്തിന്റെയും കവിതയുടെയും സ്വാധീനത്തിൽ നിന്നു അകലാൻ ശ്രമിക്കുന്നവർ ദുർബ്ബലമനസ്കരായിരിക്കും.





Monday, January 6, 2014

AKSHARAJALAKAM/LAKKAM 9, PAGE 1/ DEC 29-JAN 5/ 2014

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും






ലക്കം 9,പേജ് ഒന്ന്




















The writer’s job is to write with rigor, with commitment, to defend what they believe with all the talent they have. I think that’s part of the moral obligation of a writer, which cannot be only purely artistic

 Mario Vargas Llosa  പെറൂവിയൻ -സ്പാനീഷ് എഴുത്തുകാരൻ



















The future's already here but it's unevenly distributed
William Gibson  അമേരിക്കൻ -കനേഡിയൻ എഴുത്തുകാരൻ


ഫേസ്ബുക്കർമാർ, ഭാവുകത്വത്തിന്റെ മരണം,യോഗാത്മകത, ഉത്തര-ഉത്തരാധുനികത

 







പുതിയൊരു പരിവർത്തനം സംഭവിച്ചിരിക്കുകയാണ്.ഫേസ്ബുക്ക് അതിന്റെ പ്രത്യക്ഷതയും പ്രായോഗികമായ വിജയവുമായി നിൽക്കുന്നു.
ഫേസ്ബുക്കർക്ക് ഒരു പ്രത്യേക ഭാവുകത്വമില്ല. അങ്ങനെ സംഭവിച്ചാൽ അയാൾ പഴയ ബുക്കിഷ്, ക്ലാസിക് ഭാവുകത്വത്തിന്റെ തടവറയിലായിപ്പോകും.ഒരു പുസ്തകം ഇപ്പോഴും ക്ലാസിക് അനുഭവകേന്ദ്രീകരണത്തെയും ആദിമദ്ധ്യാന്തത്തെയുമാണ്  സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.അതിനു ഒരു തുടർച്ചയും കേന്ദ്രവും ഉണ്ടായിരിക്കും. അത് വ്യക്തി ,സംസ്കാരം എന്നീ കേന്ദ്രങ്ങളെയാണ് എപ്പോഴും വലയം ചെയ്യുന്നത്.അതുകൊണ്ട് ഈ കേന്ദ്രങ്ങളെ അപനിർമ്മിക്കുക എന്നത് ഇന്നത്തെ ഭാവുകത്വരഹിതമായ ലോകത്ത് അനിവാര്യമായിത്തീരുകയാണ്.



 ഭാവുകത്വം വ്യക്തിയുടെ വികാരവും സ്വകാര്യമായ അവബോധവുമാണ്.കവിതയിലുടെ കവി ശ്രമിക്കുന്നത് തനിക്ക് സ്വന്തം വൈകാരിക അനുഭൂതിയും അറിവും ഉണ്ടെന്ന് സ്ഥാപിക്കുന്നതിനാണ്.ഫേസ്ബുക്ക് ഈ സവിശേഷതകളുടെ ആധിപത്യത്തെ പ്രതിരോധിച്ചുകൊണ്ട് ഏതൊരാൾക്കും ഒന്നിന്റെയും അടിമയാകാതെ , ഒന്നിലും തങ്ങി നിൽക്കാതെ, എപ്പോഴും നവീകരിച്ച് സ്വാതന്ത്ര്യം നേടാനുള്ള അവസരമൊരുക്കുന്നു.ഇത് ഒരു കാലഘട്ടത്തിലെ ഭാവുകത്വത്തെ , അതിന്റെ മേധാവിത്വത്തെ നിരാകരിച്ചുകൊണ്ട് അനേകം ആൾകൂട്ട വികാരങ്ങൾക്ക് ഒരിടത്ത്, ഒരേസമയം മുഖാമുഖം നിൽക്കാനും വലിപ്പച്ചെറുപ്പഭേദമില്ലാതെ സംവാദത്തിൽ ഇടപെടാനും സാധ്യത തെളിക്കുന്നു.







ഇന്ന് ഒരു സാഹിത്യകൃതിക്ക് അതിന്റെ ഭാവുകത്വത്തിന്റെ അധീശത്വം ഉറപ്പിക്കാൻ പ്രയാസമാണ്. കാരണം അത് ഒരു ഭാവുകത്വം എന്ന നിലയിൽ സ്വയം അവതരിപ്പിക്കുമ്പോൾ തന്നെ ക്ലാസിക് അനുഭവത്തിന്റെ അവിഭാജ്യതയിലേക്കും ഏക കേന്ദ്രം എന്ന സാങ്കൽപ്പിക കലാതത്വത്തിലേക്കും വീണു കഴിഞ്ഞിരിക്കും.
കാരണം പുസ്തകം  ഒരു അനുഭവസഞ്ചയം എന്ന നിലയിൽ സമ്പൂർണതയെ പ്രതിനിധീകരിക്കുന്നു.
സത്യജിത് റായ്

ഇതിനു നേരെ വിപരീതമാണ് ഭാവുകത്വരഹിതമായ ഫേസ്ബുക്ക്.
ഇവിടെ ഒരു കേന്ദ്രമില്ല.ഒരു മേൽത്തട്ടോ കീഴ്ത്തട്ടോ ഇല്ല. ജാതിയുടെയോ മതത്തിന്റെയോ തനിമകൾക്ക് ഇവിടെ പ്രസക്തിയുമില്ല. പകരം വ്യക്തിപരമായ ശുദ്ധീകരണത്തിനും ,തുറന്നു പറയലിനും ,സമുഹത്തിന്റെ ഒരു പൊതു സ്ഥലത്തും കിട്ടാത്ത സ്നേഹപ്രകാശനത്തിനും ചിറകുവിരിച്ച് പറക്കാനുള്ള തുറന്ന ആകാശം ലഭിക്കുന്നു.ആരുടെയും വൈകാരികത ഒരു കാലഘട്ടത്തെ സൃഷ്ടിക്കുന്നില്ല. മഹാശ്വേതാദേവിക്കോ(സാഹിത്യം) എ ആർ റഹ് മാനോ (സംഗീതം) ഗണേഷ് പൈനോ (ചിത്രകല) ശ്യാം ബനഗലിനോ(സിനിമ) ഇന്ന് ഒരു ജനതയുടെ ലാവണ്യാനുഭവത്തിന്മേലും ആധിപത്യമില്ല. കാരണം ഏത് കുട്ടിക്കും ഇന്നു അവന്റെ സ്വന്തം കലാവിഷ്കാരത്തിനും ഭ്രാന്തമായ ഇടപെടലിനും അവസരമുണ്ട്.
മഹാശ്വേതാ ദേവി

മുപ്പതു വർഷങ്ങൾക്ക് മുൻപ് സത്യജിത് റായ് ഇന്ത്യൻ സിനിമയിലെ നവതരംഗത്തെ മുഴുവനായും സ്വാധീനിച്ച സാഹചര്യം ഇനി ഒരു ഘട്ടത്തിലും എവിടെയും പ്രതീക്ഷിക്കരുത്.അതേസമയം എല്ലാവർക്കും കലയുടെ മേഖലയിൽ ഒരു പ്രവേശനം ലഭിക്കുന്നു.ഒരാളുടെ കവിത ഫേസ്ബുക്കിൽ വരുന്നത് ആ വ്യക്തിയുടെ സാന്നിധ്യമായി തിരിച്ചറിയാം. കാരണം ആ കവിതയെപ്പറ്റിയുള്ള ഏത് പ്രതികരണവും ശ്രദ്ധിച്ചുകൊണ്ട് കവി അപ്പുറത്ത് ഇരിപ്പുണ്ട്.വേണമെങ്കിൽ വായനക്കരുടെ ചർച്ചക്കിടയിൽ  അദ്ദേഹം ഇടപെടും.


എവിടെയാണ് ഇങ്ങനെയൊരു തൽസമയ പങ്കാളിത്തം വേറെ ഉള്ളത്? അച്ചടി മാധ്യമത്തിൽ കവികൾക്കും മറ്റും ഒരു പെരുമാറ്റച്ചട്ടം അവർതന്നെ ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നു.
കാരണം അവരുടെ രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങളോട് അവർ പ്രതികരിക്കാറില്ല. അവരെ നേരിൽ കാണാൻ കഴിയില്ല. അവരുടെ ഫോട്ടോ പോലും എങ്ങും ലഭ്യമല്ല. വാരികകൾ കവികളുടെ ചിത്രങ്ങൾ അച്ചടിക്കാത്തത് വളരെ പഴയ ഈ കേന്ദ്രീകൃത, ഭാവുകത്വപരമായ  യാഥാസ്ഥിതിക സമീപനത്തിനു ഉദാഹരണമാണ്.
ഫേസ്ബുക്ക് പേജ് ,ലൈക്ക്,കമന്റ് എന്നിവയൊക്കെ ഇന്ന് വ്യക്തിയുടെ അഭിമാനത്തിന്റെ പ്രശ്നമാകുകയാണ്.
ഒരാൾക്ക് സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും ആവിഷ്കാരത്തിന്റെയും പ്രതികരണക്ഷമതയുടെയും മൂർത്തിമദ്ഭാവമാകാൻ ഈ പേജ് അതുല്യമെന്ന രീതിയിൽ സഹായകമാണ്.എന്നാൽ സൗഹൃദത്തെ മാനിക്കാത്തവരെ, മൽസരിക്കാൻ വരുന്നവരെ, ചീത്ത ചിന്തകൾ പ്രചരിപ്പിക്കുന്നവരെ ഒഴിവാക്കാനുള്ള  സ്വാതന്ത്ര്യവും  ഇവിടെയുണ്ട്.എത്രയോ നല്ല സുഹൃത്തുക്കളെ കിട്ടുന്നു!ഇതില്ലായിരുന്നെങ്കിൽ ഈ മനസ്സുകളെ കാണാൻ പോലും സാധിക്കില്ല.

 യാഥാർത്ഥ്യത്തെ  ഇൻഫർമേഷൻ ഗ്രാഫിക്സ്  എന്ന നിലയിൽ ഫേസ്ബുക്ക് പുനരവതരിപ്പിക്കുകയാണ്.മനസ്സിനുള്ള യോഗയാണ് ഫേസ്ബുക്ക് .മനസ്സിന്റെ മുഷിഞ്ഞ പരിസരത്തു നിന്ന് നമ്മെ അത് വഴിതിരിച്ചു വിടുന്നു. കൂടുതൽ ഉൽസാഹം തരുന്ന , ഊർജ്ജത്തെ ധനാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന ഒരു സൗന്ദര്യശാസ്ത്രമാണിത്.വികേന്ദ്രീകൃതവും  ആദിമധ്യാന്തങ്ങളില്ലാത്തതും വൈരുദ്ധത്തെ അനുവദിക്കുന്നതും   തുടർച്ചയ്ക്ക് പകരം സംവാദത്തെയും സ്വച്ഛന്ദമായ വിടവാങ്ങലിനെയും സഹായിക്കുന്നതും ആയ ഒരു ഇൻഫർമേഷൻ മാർക്കറ്റാണിത്. 


ഒരാൾ ഒരു വീഡിയോ കണ്ട് ഞെട്ടിയുണരുമ്പോഴേക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സുഹൃത്തിന്റെ മകൾ പാടിയ പാട്ടോ , അകലെയുള്ള കൂട്ടുകാരിയുടെ വീട്ടിലെ പൂച്ചക്കുട്ടിയോ നമ്മുടെ മുൻപിലേക്ക് വന്നു കഴിഞ്ഞിരിക്കും.ലോകം നമ്മുടെ മുൻപിലാണ് . ആധുനികതയുടെ കാലത്തേപ്പോലെ  നിലവിലുള്ള നിയമങ്ങളെ ധിക്കരിച്ചുകൊണ്ട് നമുക്ക് ഒരു റിപ്പബ്ലിക്ക് ഉണ്ടാക്കാൻ കഴിയില്ല.ഉത്തരാധുനികരെപ്പോലെ പ്രാദേശിക ഐഡന്റിറ്റിയെ സൂക്ഷ്മായി അനുധാവനം ചെയ്തതുകൊണ്ട് നമ്മുടെ തൊട്ടു മുൻപിലുള്ള ഈ സജീവത ലഭിക്കില്ല. ഇത് ഒട്ടും ബുക്കിഷ് അല്ല. വ്യക്തിക്ക് അവന്റെ  ഇഷ്ടത്തിനൊത്ത് സംസ്കാരവൽക്കരിക്കാൻ  കഴിയുന്ന ഈ പ്രതിഭാസമാണ് ഉത്തര-ഉത്തരാധുനികത.
പലർ ചേർന്ന് എഴുതി ഉണ്ടാക്കുന്ന ഒരു മൾട്ടി മീഡിഅ പുസ്തകത്തിൽ എങ്ങനെയാണ് ഒരു ഭാവുകത്വത്തിനു സ്ഥാനം ഉണ്ടാകുന്നത്?

ചവിട്ടടി
ഓരോ ചവിട്ടടിയിലും ഞെരുക്കാൻ , മറയാൻ ഒതുങ്ങാൻ എത്രയെത്ര ജീവിതങ്ങൾ!.

സി എൻ കരുണാകരൻ

സി എൻ കരുണാകരൻ ഒരു ശൈലി സൃഷ്ടിച്ച കലാകാരനാണെന്ന് പറഞ്ഞാൽ ആരും തന്നെ വിയോജിക്കുമെന്ന് തോന്നുന്നില്ല. ഭാരതീയമായ ചുവർചിത്രകലയെയും കൃഷ്ണൻ-രാധ പ്രണയത്തിലെ ഗീതാത്മകതയെയും ഉപയോഗിച്ചാണ് കരുണാകരൻ തന്റെ ശൈലി രൂപീകരിച്ചത്.
പലപ്പോഴും ഇ ഗീതാത്മകതയും സ്ത്രൈണതയും രചനകളിലുടനീളം അദ്ദേഹം നിലനിർത്തുകയായിരുന്നു.
ശൈലിയിൽ ആഴത്തിൽ നങ്കൂരമിട്ടതുകൊണ്ട് മറ്റൊരു കാഴ്ചപ്പാടിൽ  ലോകത്തെ നോക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന വസ്തുതയും ബാക്കി നിൽക്കുകയാണ്.കരുണാകരൻ തന്റെ വസതിയിൽ വച്ച് എനിക്ക് വരച്ചുതന്ന പല ചിത്രങ്ങളിൽ ഒന്ന് ഇവിടെ പ്രദർശിപ്പിക്കുന്നു. 

 ഡി. ബാബുപോൾ

മലയാളി സമൂഹത്തിൽ ഒരു സാംസ്കാരിക നായകനെന്ന നിലയിൽ ഡി ബാബുപോളിന്റെ ഇടപെടലുകൾ സാർത്ഥകമായിത്തീരുകയാണ്. അദ്ദേഹം ഒരു മതനിരപേക്ഷ ചിന്തകനും ചരിത്രകാരനും സാമൂഹ്യ നിരീക്ഷകനുമാണ്.ഇന്നത്തെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന രോഗങ്ങൾ എന്തൊകെയാണെന്ന് അദേഹത്തിനറിയാം. ബാബുപോളിന്റെ ലോകം വിശാലമാണ്.ക്രൈസ്തവ ദർശനവും കസൻ ദ്സാക്കിസും മുതൽ ആം ആദ്മിയും കെ.പി അപ്പനും വരെ അത് വ്യാപിച്ച് കിടക്കുന്നു.നിരന്തരമായ ആലോചനയും ഉത്തരവാദിത്വവുമാണ് അദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
വൈശാഖൻ

കഴിഞ്ഞ ദിവസം ശിവഗിരിയിലെ സാഹിത്യസമ്മേളനത്തിൽ   കഥാകൃത്ത് വൈശാഖനെ കണ്ടു. അദ്ദേഹം രോഗത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും  സംസാരിച്ചു. ഇപ്പോൾ എഴുതാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:എഴുത്തിന്റെ ഒരു തലത്തിനപ്പുറം കടക്കുന്ന ചില സമയങ്ങളുണ്ട്.അപ്പോൾ മനസ്സ് മൗനത്തിലകപ്പെടുകയാണ് ചെയ്യുന്നത്. ഒന്നും വിശദീകരിക്കാനാവാത്ത അവസ്ഥ.മറ്റൊന്ന്, നമ്മെ വെല്ലുവിളിക്കുന്ന പ്രമേയങ്ങൾ വരുന്നില്ല.  സൈലൻസർ എന്ന കഥ എനിക്ക് ഒരു വെല്ലുവിളി ഉയർത്തി. അതുകൊണ്ട് എഴുതാൻ ഉത്സാഹം തോന്നി.

സുന്ദരം ധനുവച്ചപുരം

ടാഗോറിന്റെ 
വിശ്രുതകൃതികൾ(ഉദ്യാനപാലകൻ, ഗീതാഞ്ജലി, അഗ്നിശലഭങ്ങൾ, പറന്നകലുന്ന പക്ഷികൾ, കർണനും കുന്തിയും മറ്റുകവിതകളും, ഗാന്ധാരി പറയുന്നു) മലയാളത്തിലേക്ക്  മൊഴിമാറ്റിയ സുന്ദരം ധനുവച്ചപുരം സൂക്ഷ്മഗ്രാഹിയായ കവിയുമാണ്.അദ്ദേഹത്തിന്റെ ട്വിൻസ്(പ്രിയദർശിനി പബ്ലിക്കേഷൻസ്)എന്ന സമാഹാരം എന്റെ മുന്നിലുണ്ട്.
എന്റെ 'അക്ഷരജാലകം' വായിച്ച് പലപ്പോഴും അഭിനന്ദിച്ചിട്ടുള്ള കവിയുടെ പുസ്തകം ഇറങ്ങിയിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. ഇതിനെപ്പറ്റി എന്തെങ്കിലും എഴുതാൻ അവസരം ലഭിച്ചത് ഇപ്പോൾ മാത്രമാണെന്നതാണ് സത്യം. ഈ പുസ്തകത്തിന്റെ ആദ്യപേജിൽ കവി സ്വന്തം കൈയ്യക്ഷരത്തിൽ എനിക്കായി കുറിച്ചിട്ടിരിക്കുന്ന കവിത ഇങ്ങനെയാണ്:
അക്ഷരജാലകപ്പക്ഷീ!ഇവി-
ടെത്രപേരെത്രപേരെന്നോ,
വിസ്മയം പോലെ വന്നെത്തും-നിന്റെ
ശബ്ദവും കാത്തിരിക്കുന്നു!

ഇത് അദ്ദേഹത്തിന്റെ സന്മനസ്സ്. ഒരു കരടും വീഴാത്ത   ആത്മാവിൽ നിന്നുമാത്രമേ ഇത്ര ശുദ്ധമായ വാക്കുകൾ ഉത്ഭവിക്കുകയുള്ളു.

 ഈ സമാഹാരത്തിൽ ഇരുപത് കവിതകളുണ്ട്.അസ്തിത്വത്തിന്റെ രഹസ്യം തേടുന്ന കവിതകൾ എന്ന് പൊതുവിൽ  വിളിക്കാം.
മിഴിച്ചു മൗനമായി എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കൂ:
അടച്ചിട്ടുനേരേ
പുറത്തിറങ്ങുമ്പോൾ
അടച്ചിടാത്തപോ-
ലകത്തായീടുന്നു..!
തുറന്നിട്ടു നേരേ
യകത്തു കേറുമ്പോൾ
തുറക്കാത്തപോലെ
പുറത്തായിടുന്നു...!

വാൽഡൻ

ഞാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും  വായിക്കുന്ന ഒരു പുസ്തകമുണ്ട്.
രാവിലെ ജോലി തുടങ്ങുന്നതിനുമുൻപോ , വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപോ അതിലെ ഒരു വാചകം വായിച്ചിരിക്കും.
അതുപോലെ , രാത്രി ഉറങ്ങാൻ തീരുമാനിക്കുന്ന സമയം ഒരു വാചകം സേവിക്കും. അതു ഹെൻറി ഡേവിഡ് തോറോയുടെ 'വാൽഡൻ' എന്ന കൃതിയാണ്. ഇതു മലയാളത്തിലേക്ക് മൊഴിമാറ്റിയത് എം. കമറുദ്ദീനാണ്.(കറന്റ് ബുക്സ് , തൃശ്ശുർ)


ജയവിജയ



ദിവസവും രാവിലെ ഉണരുമ്പോൾ   ഉടനെയും, ഉറങ്ങുന്നതിനു തൊട്ടു മുൻപും ഞാൻ കേൾക്കുന്നത് ജയവിജയ പാടിയ 'പാദാരവിന്ദ  ഭക്തലോക' എന്ന സ്തുതിയാണ്. എന്റെ മൊബൈലിൽ അത് ഭദ്രമായുണ്ട്. അത് ഇവിടെ കേൾക്കാം

കവി, കവിത

ഐറിഷ് കവി ലൂയി മക്നീസി(Louis MacNeice)ന്റെ ഐ ആം നോട്ട് യെറ്റ് ബോൺ(I am Not Yet Born )എന്ന കവിത കവിയാകാൻ ആഗ്രഹിക്കുന്നവർ എല്ലാം വായിക്കണം. ഒരു കവിയുടെ ആരാലും അപകീർത്തിപ്പെടുത്താത്ത, ആന്തരികസത്ത ഇതിൽ വിവരിക്കുന്നു. എന്റെ പേരിൽ ലോകം പാപം ചെയ്യുമ്പോൾ  ഞാൻ എങ്ങനെ ജനിക്കും?ഈ കവിത നിത്യവും പാരായണം ചെയ്യേണ്ടതാണ്.
ചില വരികൾ വായിക്കൂ:
I  am not yet born; forgive me
For the sins that in me the world shall commit, my words
     when they speak me, my thoughts when they think me,
        my treason engendered by traitors beyond me,
           my life when they murder by means of my
              hands, my death when they live me.

I am not yet born; rehearse me
In the parts I must play and the cues I must take when
     old men lecture me, bureaucrats hector me, mountains
        frown at me, lovers laugh at me, the white
            waves call me to folly and the desert calls
              me to doom and the beggar refuses
                 my gift and my children curse me.
:

ഡോ. അജയ്ശേഖർ

സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ ഡോ.എസ് അജയ്ശേഖറുടെ ' സംസ്കാരം പ്രതിനിധാനം പ്രതിരോധം 'എന്ന കൃതി(ഫേബിയൻ ബുക്സ്, മാവേലിക്കര) ഈ രംഗത്ത്  ആദ്യ ചുവടു വയ്പ് എന്ന നിലയിൽ പ്രസക്തമാവുകയാണ്. സംസ്കാരത്തിനു ഒരു രാഷ്ട്രീയമുണ്ട്. പലതരത്തിലുള്ള പോരാട്ടങ്ങളിലൂടെയാണ് ചരിത്രത്തിൽ ചെറിയ സമൂഹങ്ങൾ ഇടം നേടുന്നത്.അതാകട്ടെ ശരിയായ രീതിയിൽ വിലയിരുത്തപ്പെടുന്നില്ല.
ഇതിനെപ്പറ്റി അജയ്ശേഖർ  പറയുന്നത് ഇതാണ്:സംസ്കാര പഠനം എന്നാൽ സംസ്കാര രാഷ്ട്രീയം തന്നെയാണ്.വിവിധ സംസ്കാരങ്ങൾക്കിടിയിലുള്ള സംഘർഷങ്ങളും സമരങ്ങളും അസ്പൃശ്യവും അദൃശ്യവുമായി തുടരുന്നത്, അക്കാദമികമായ സമതുലതാവസ്ഥ പാലിക്കാൻ വേണ്ടി ബോധപൂർവ്വം ശ്രമിക്കുന്നതു കൊണ്ടാണ്.പുറന്തള്ളലിന്റെയും ജനാധിപത്യത്തിന്റെയും ചോദ്യങ്ങൾ ഇപ്പോഴും  നമ്മുടെ സാഹിത്യത്തിനു പുറത്താണുള്ളത്.

അജയ്ശേഖർ സംസ്കൃത യൂനിവേഴ്സിറ്റിയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ഇംഗ്ലീഷ് അധ്യാപകനാണ്.
ഓ വി വിജയനും തലമുറകളും


ഞാൻ ഒ.വി.വിജയനുമായി  ഒടുവിൽ സംസാരിച്ചത് അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു.സംസാരം എന്നാൽ ചോദ്യങ്ങൾ മാത്രമേ ഉണ്ടാവൂ.  അദ്ദേഹം ഉത്തരം എഴുതിക്കാണിക്കും.
 'തലമുറകൾ' എന്ന നോവലിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം സുരക്ഷിതനല്ലാത്തവിധം അസ്വസ്ഥനായി.

 അദ്ദേഹം പറഞ്ഞത് , താൻ ആ നോവൽ വേണ്ടത്ര തിരുത്തൽ വരുത്താതെ അച്ചടിക്കാൻ കൊടുത്തു എന്നാണ്.ഖസാക്കിന്റെ ഇതിഹാസം  പൂർത്തിയാക്കിയശേഷം  അതു തിരുത്താൻ ധാരാളം സമയം കിട്ടിയിരുന്നതായും സൂചിപ്പിച്ചു.തലമുറകൾ അച്ചടിച്ച് കണ്ടതിനുശേഷവും തിരുത്താനുള്ള ഊർജ്ജം ലഭിക്കുന്നില്ലത്രേ.അതിനുള്ള ഉൽസാഹം ഇല്ല.

വിജയൻ എഴുതിക്കാണിച്ച കടലാസ് ഈയിടെ എന്റെ പേപ്പർകെട്ടുകൾക്കിടയിൽ നിന്ന് ലഭിച്ചു. അത് ഇതിനോടൊപ്പം ചേർക്കുന്നു.







  

പോൾ മണലിൽ എഴുതിയ
 മലയാളസാഹിത്യചരിത്രം

'മലയാളസാഹിത്യചരിത്രം എഴുതപ്പെടാത്ത ഏടുകൾ' എന്ന കൃതിയിലുടെ പോൾ മണലിൽ ധിക്കാരിയായ ചരിത്രകാരനാവുകയാണ്. എന്നാൽ ഈ ധിക്കാരം സൗന്ദര്യാത്മകമാണ്.അദ്ദേഹം പ്രാമാണികമായ പല ധാരണകളെയും തിരുത്തുന്നു.
മലയാളത്തിലെ ആദ്യത്തെ നാടകം കല്ലൂർ ഉമ്മൻ ഫിലിപ്പോസ് എഴുതിയ 'ആൾമാറാട്ട'മാണെന്ന് പോൾ കണ്ടെത്തുന്നത് അവതാരികയിൽ സുകുമാർ അഴീക്കോട് ശരിവച്ചിരിക്കുകയാണ്.ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിൽ ഈ കൃതിയെ നോവൽ ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്.പിന്നീട് പല ചരിത്ര ഗ്രന്ഥങ്ങളിലും ഈ തെറ്റ് ആവർത്തിക്കുകയും ചെയ്തു.
പോളിന്റെ ചില കണ്ടെത്തലുകൾ ഇങ്ങനെയാണ്:
ആദ്യത്തെ ബൈബിൾ വിവർത്തനം:കായംകുളം ഫിലിപ്പോസ് റമ്പാന്റെ 'റമ്പാൻ ബൈബിൾ'
ആദ്യത്തെ ആത്മകഥ:യാക്കോബ് രാമവർമ്മൻ എഴുതിയ 'ആത്മകഥ'.

ആദ്യത്തെ യാത്രാവിവരണം: പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം'
താളിയോലയിൽ എഴുതപ്പെട്ട ആദ്യത്തെ കേരള ചരിത്രം:ആറാം മാർത്തോമ്മായുടെ 'നിരണം ഗ്രന്ധാവലി'
ആദ്യത്തെ പുരാണ നിഘണ്ഡു: പൈലോപോളിന്റെ 'പുരാണകഥാ നിഘണ്ഡു'
ആദ്യത്തെ ഗദ്യകാവ്യം:ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസിന്റെ 'ചെങ്കോലും മുരളിയും'
കത്തുകളുടെ ആദ്യത്തെ സമാഹാരം:സി ബി കുമാറിന്റെ 'ലണ്ടൻ കത്തുകൾ'
ആദ്യത്തെ ഡിറ്റക്ടീവ് നോവൽ:
ഒ എം ചെറിയാന്റെ 'മിസ്റ്റർ കെയ്ലി'
ആദ്യത്തെ വിലാപകാവ്യം: അർണ്ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം'

ബലിഷ് ഭാസകറിന്റെ
പ്രണാമം
ബലിഷ് ഭാസകർ എഴുതിയ സമർപ്പണം എന്ന കവിതയുടെ പ്രമേയം കവി അയ്യപ്പനാണ്.
അദ്ദേഹത്തിനു വീടില്ലായിരുന്നു. കുടുംബമില്ലായിരുന്നു. ഒരർത്ഥത്തിൽ ഇന്നത്തെ സകല എസ്റ്റാബ്ലിഷ്മെന്റുകളെയും  അയ്യപ്പൻ നിരാകരിക്കുകയായിരുന്നു. കവിതയാണ്  പ്രാണവായു എന്ന് കരുതിയ അയ്യപ്പനു താമസിക്കാനും ആ വരികൾ തന്നെ അഭയം. ആ വരികളുടെ , ആ വരികൾ ഉണ്ടായി വരുന്നതിന്റെ ലഹരിയിൽ അയ്യപ്പൻ എല്ലാം മറന്നു.

ബലിഷിന്റെ വരികൾ:
വെള്ളം
വെള്ളത്തിന്റെ പ്രാണൻ അനേകം വാസസ്ഥലങ്ങളിലായി വീതിക്കപ്പെട്ടിരിക്കുന്നു
മാളം ഇല്ലാത്ത പാമ്പിന്
ഭൂമി മുഴുവന്‍ മാളം ഉണ്ടെന്നു പറഞ്ഞവന്‍-
വാറു പൊട്ടിയ പാദരക്ഷകള്‍ എന്‍റെ-
വാടക മുറിയില്‍ ഉപേഷിച്ചു പോയീ നീ.
നഗ്നപാതനായ് നടന്നു പോകുമ്പോഴും-
മുള്ളുകൊണ്ടു നൊന്തത്‌ ഞാനല്ലേ-
എന്നു പാടിയ ആത്മ മിത്രം .
സ്നേഹത്തിന്‍റെ ഏറ്റവും തീവ്രമായ ഭാഷ
പച്ചത്തെറികള്‍ ആണെന്നു പറഞ്ഞ സ്നേഹിതന്‍

മദ്യവും വിയര്‍പ്പും മണക്കുന്ന .
വിറക്കുന്ന ശരീരത്തോടു എല്ലാവരെയും
ചേര്‍ത്തു നിര്‍ത്തിയ മനുഷ്യന്‍.!

ഋഷി അല്ലാത്തവന്‍ കവി അല്ലെന്നാണ് ചൊല്ല്.
കവികള്‍ സ്വയം പറഞ്ഞു നടന്ന കള്ളകഥ.
ദൈവത്തെ പോലെ ഞെളിഞ്ഞു നടക്കുവാന്‍-
സൃഷ്ടിച്ച തട്ടിപ്പ്
തെരുവു തെണ്ടിയല്ലാത്തവന്‍ .
കവിയല്ലെന്നു തിരുത്തിയ കവി

ഓരോ വരിയും ഓരോ കവിതയാക്കിയ കവി
ഓരോ കവിതയും പല കവിതകളാക്കിയ കവി
വാക്കുകള്‍ കവിതയുടെ ഓരോ തുള്ളി.
ഒടുവില്‍ സമുദ്ര പ്രവാഹം ആകുന്ന കവിത

ഒരേ സമയം വൃത്താനുസാരിയും-
വൃത്ത ലംഘകനുമായ കവി.
മുന്‍ഗാമികള്‍ ഇല്ലാത്ത എഴുത്തുകാരന്‍.!

വ്യവസ്ഥിതികളോടു കലഹിച്ച-
കവിതയും ജീവിതവും കൈമുതലക്കിയവന്‍.!
അമ്പേറ്റു പിടയുന്ന പറവയെ പോലെ-
വേദനയുടെയും ,ദുരന്തത്തിന്‍റെയും .
പ്രവാചകനായവന്‍
സ്വയം വെട്ടയാടപെടുന്നവനായീ ഭൂമി -
മുഴുവന്‍ ഓടി നന്നാവന്‍

ദേശത്തുടി

പത്തനംതിട്ട ജില്ലയിലെ മുഴുവൻ കവികളെയും ഒരു സമാഹാരത്തിൽ അവതരിപ്പിക്കുകയാണ് 'ദേശത്തുടി 'എന്ന സമാഹാരത്തിലൂടെ അടൂർ ലെൻസ് ബുക്സ്.സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്.നൂറ്റി എൺപത്തിനാല് കവികളെ ഇതിൽ അണിനിരത്തിയിരിക്കുന്നു.എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ശക്തിഭദ്രനിൽ തുടക്കം.പുത്തങ്കാവ് മാത്തൻ തരകൻ, മൂലൂർ, സുഗതകുമാരി, വിഷ്ണുനാരായണൻ    നമ്പൂതിരി  തുടങ്ങി യുവകവികൾ വരെ ഇതിൽ അണിനിരക്കുന്നു.

രമേശൻ നായരും ചായയും
 

പത്തനംതിട്ടയിൽ ശ്രീകൃഷ്ണദാസ് മാത്തൂരിന്റെ 'ഫ്ലവർവേസ് എന്ന കവിതാ സമാഹാരത്തിന്റെ(മെലിൻഡാ ബുക്സ് , തിരുവനന്തപുരം) പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എന്നെയാണ്  ഏല്പിച്ചത്. ആ പുസ്തകത്തിനു അവതാരിക എഴുതിയതും ഞാൻ തന്നെ. പുസ്തകം പ്രകാശനം ചെയ്തത് കവി എസ് രമേശൻ നായരും.
ഞാനും രമേശൻ നായരും ഒരുമിച്ച് കാറിൽ എറണാകുളത്തേക്ക്  പോരുകയായിരുന്നു.
ഇടയ്ക്ക് ഞങ്ങൾ പെരുന്നയിൽ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി.അപ്പോഴാണ് അദ്ദേഹം ചായയുടെ രഹസ്യം വെളിപ്പെടുത്തിയത്.
''ഞാൻ ചായ ധാരാളം കുടിക്കും.ചായ കുടിച്ചാൽ പിത്തം ,വാതം കഫം എന്നീ ശല്യങ്ങൾ ഒഴിവായിക്കിട്ടുമെന്ന് അഷ്ടാംഗഹൃദയത്തിൽ നിന്നാണ് മനസ്സിലാക്കിയത്.'' -
അദ്ദേഹം പറഞ്ഞു.
തുടർന്ന് അദ്ദേഹം രണ്ടു ചായ വരുത്തി കഴിക്കുകയും ചെയ്തു.

AKSHARAJALAKAM

AKSHARAJALAKAM/