Monday, July 14, 2014

സാങ്കേതികയുഗത്തിലെ സംസ്കാര നിർമിതി


എം.കെ.ഹരികുമാർ


? യൂറോപ്പിന്റെ ജീവിതത്തെ മാത്രം ആശ്രയിച്ചാണ്‌ ആധുനിക ജീവിത കാഴ്ചപ്പാടുകളെയും ഉത്തരാധുനിക ജീവിത കാഴ്ചപ്പാടുകളെയും നാം മനസ്സിലാക്കാറുള്ളത്‌. എന്നാലിന്ന്‌ ആഗോളജീവിതത്തെ മുഴുവൻ  ഒരുപോലെ ബാധിക്കുന്ന സംസ്കാര വ്യതിയാനങ്ങളാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെ ഈ ഡിജിറ്റൽ സാംസ്കാരിക പരിസരത്തിൽ ഈ വ്യതിയാനത്തെ എങ്ങനെ മനസ്സിലാക്കുന്നു.
    പണ്ടുണ്ടായിരുന്ന തരത്തിൽ ഒരു സാംസ്കാരിക ധ്രൂവീകരണം ഇന്നില്ല. സാംസ്കാരിക ധ്രൂവീകരണം എന്നു പറഞ്ഞാൽ ഏതെങ്കിലും സാംസ്കാരിക നേതൃത്വത്തിനുള്ള ഒരു പ്രത്യേക കേന്ദ്രം ഇന്നില്ല. അങ്ങനെയുള്ള ഒരു കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആഗോള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇന്നു കാണാൻ പറ്റില്ല. ഇത്തരത്തിലുള്ള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇല്ലാതാകുകയും പകരം അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌ ഒരു വ്യക്തിക്കു തന്റെ സൗഹൃദവലയത്തിൽ നിർത്താൻ കഴിയുന്നത്‌ അവന്റെ നാട്ടിലുള്ളവരെ മാത്രമല്ല, ബന്ധുക്കളെ മാത്രമല്ല അവന്റെ പ്രദേശത്തുപെട്ടവരെ മാത്രമല്ല ;അന്യ ഭൂഖണ്ഡങ്ങളിലുള്ളവരുമായിട്ടും അവന്‌ അടുത്ത ബന്ധം പുലർത്താൻ വളരെ പെട്ടെന്നു സാധിക്കും.
    വിജ്ഞാനത്തിന്റെ മേഖലയിൽ ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ വന്നിരിക്കുന്നു. പുതിയ അറിവുകൾ ഉണ്ടാകുമ്പോൾത്തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത്‌ പ്രസരിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളുണ്ട്‌. അതു മനസ്സിലാക്കികൊടുക്കുന്നതിനുള്ള വഴികൾ വേറെയുമുണ്ട്‌. ഒന്നിന്റെയും മേധാവിത്വം ഇന്നില്ല എന്നു വന്നിരിക്കുന്നു. അറിവിന്റെ പരമാധികാരം ഇന്ന്‌ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പ്രസ്ഥാനത്തിനോ നിലനിർത്താൻ കഴിയുന്നില്ല. ഒരാൾ പുതിയ ഒരു വിജ്ഞാനത്തെ നിർമ്മിക്കുമ്പോൾത്തന്നെ പെട്ടെന്ന്‌ അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ പ്രത്യക്ഷപ്പെടുന്നു. ഒരുപാട്‌ ഒരാൾ നിർമ്മിച്ചാൽ അതിന്റെ ആയിരത്തിലധികം ഡ്യൂപ്ലിക്കേറ്റുകൾ ഉടൻ തന്നെ ഉണ്ടാവുകയാണ്‌. ഒരു സെന്റർ ഓഫ്‌ കൾച്ചർ, ഒരു സെന്റർ ഓഫ്‌ ആർട്ട്‌, സെന്റർ ഓഫ്‌ ലിറ്ററേച്ചർ ഇന്ന്‌ ഇല്ല.സാർത്ര്, ആൽബർട്ട്‌ കമ്യു, ഫ്രാൻസ്‌ കഫ്ക തുടങ്ങിയവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ, 1960-കളിൽ ഫ്രാൻസായിരുന്നു ലോകത്തിലെ സാംസ്കാരികജീവിതത്തിലെ തലസ്ഥാനം. അതിനു ശേഷം പിന്നീടു ലാറ്റിൻ അമേരിക്കയാണു സാഹിത്യജീവിതത്തിന്റെ തലസ്ഥാനം എന്നു പറഞ്ഞു തുടങ്ങി. അതു പൂർണ്ണമായി ശരിയായിരുന്നില്ല. ആ സമയത്തു തന്നെ ഏഷ്യൻ രാജ്യങ്ങളിലും മറ്റും ഈ സാംസ്കാരികവിപ്ളവം  ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട്‌ ഒരു സാംസ്കാരിക ധ്രൂവീകരണം ഇല്ലാതായതാണ്‌ വ്യത്യസ്ത സംസ്കാര നിർമ്മിതികൾ ഒരേ സമയം ആവിർഭവിക്കാൻ കാരണം.
? ഒരു വ്യക്തിയുടെ മാനസിക നിലയിൽ ഊന്നിക്കൊണ്ടുമാത്രം ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനാവില്ല എന്നു പറയുന്നതെന്തുകൊണ്ടാണ്‌?
    ഒരു വ്യക്തിക്ക്‌ ഇന്നു സ്വന്തം നീതിശാസ്ത്രവും സ്വന്തം അതിജീവനവും മാത്രമേ പ്രധാനപ്പെട്ടതായുള്ളൂ. മനഃശാസ്ത്രം എന്നു പറയുന്നതുതന്നെ ഇന്നു പ്രാവർത്തികമാകുന്നില്ല. മനഃശാസ്ത്രം മരിച്ചു എന്നു പറയാം. കാരണം, ഒരു വ്യക്തിയെ നമുക്കിന്നു പൂർണ്ണമായി നിർവചിക്കാൻ സാധിക്കില്ല. ഒരാൾ ക്രിമിനലാകുമോ അല്ലയോ എന്ന്‌ അയാളുടെ സ്വഭാവം നോക്കി പറയാൻ പറ്റില്ല. നല്ല മാതാപിതാക്കളിൽ ജനിച്ചു എന്നതുകൊണ്ടു നല്ല കുട്ടിയാവണമെന്നില്ല. ഒരു നല്ല കുട്ടിയായി വളർന്നതുകൊണ്ട്‌ അവൻ ഒരു നല്ല പൗരനാകണമെന്നില്ല. ഒരു നല്ല പൗരനായി എന്നതുകൊണ്ട്‌ അവൻ സമൂഹത്തിനു ഗുണം ചെയ്യണമെന്നില്ല.


    മനുഷ്യമനസ്സിന്റെ യുക്തീകരണവും ധ്രൂവീകരണവും നശീകരണവും ഒരേസമയത്തു നടക്കുകയാണ്‌. സ്വയം നിർമിക്കലും നിരസിക്കലും ഒരേ സമയം നടക്കുന്നു. അഥവാ സ്വയം നിർമിക്കുന്നു. നശിപ്പിക്കുകയും ചെയ്യുന്നു. അവിടെ സ്ഥായിയായ ഒരു മനസ്സില്ല. ചില മനുഷ്യർ, അവർക്കുപോലും പിടികിട്ടാത്തവിധം നിർമിക്കപ്പെട്ടിരിക്കുകയാണ്‌. അവരുടെ നിർമാണത്തിന്റെ ഘടകങ്ങളെ അറിയാനുള്ള താക്കോൽ ആരുടെയും കയ്യിലില്ലാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യർ നാനാവിധമായ തൊഴിലുകളിൽ ഏർപ്പെടുന്നു. നാനാവിധ സംഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പലവിധ സാമ്പത്തിക ശ്രേണികളിൽ അകപ്പെടുന്നു. ഇതെല്ലാം പലവിധത്തിലുള്ള ഐഡന്റിറ്റികളാണ്‌. വ്യക്തിജീവിതത്തിൽ ഇതിന്റെയെല്ലാം സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഏതെല്ലാം ഐഡന്റിറ്റികളിലൂടെയാണോ കടന്നുവരുന്നത്‌ അതിനെയെല്ലാം നശിപ്പിച്ചുകൊണ്ടു മാത്രമേ അയാൾക്ക്‌ ഒരു വിമോചനം സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ എന്തു സംഭവിക്കുന്നു? പ്രിയപ്പെട്ട മകനെപ്പോലും അച്ഛൻ കൊല്ലുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നിർമ്മാണവും നിരാസവും ഒരാളിൽത്തന്നെ കുടിയിരിക്കുന്നു. ഒരു വലിച്ചെറിയലും സ്ഫോടനവുമാണത്‌. അതുകൊണ്ടു മനഃശാസ്ത്രപരമായ സമീപനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തിയെ അളക്കാനും മനസ്സിലാക്കാനും പറ്റാതെ വന്നിരിക്കുന്നു.


? സുഖം ജനാധിപത്യവത്കരിച്ചതിന്റെ ദൃഷ്ടാന്തമാണ്‌ നാം ചുറ്റും കാണുന്നത്‌. പണ്ട്‌ ആളുകൾക്ക്‌ മനഃസുഖം നൽകിയിരുന്നത്‌ മതങ്ങളായിരുന്നെങ്കിൽ, ഇന്ന്‌, വളരെ വ്യാപകമായി മദ്യ വിൽപന ശാലകളും ബാറുകളും സിനിമാ തിയറ്ററുകളും മാളുകളും ട്രാവൽ സർവ്വീസുകാരുമൊക്കെ ആ ജോലി ഏറ്റെടുക്കുന്നു. എന്തുകൊണ്ടാണ്‌ ഈ വ്യത്യാസം?
    പണ്ടു ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും വൈകുന്നേരം വളരെയധികം ആളുകൾ ഉണ്ടായിരുന്നു. ഇന്ന്‌ ആ ആളുകളൊക്കെ മാളുകളിലേയ്ക്കു പോവുകയാണ്‌. കാരണം ക്ഷേത്രത്തിൽ പോയാൽ പ്രത്യേകിച്ച്‌ ഒരു ഐഡന്റിറ്റി അവിടെനിന്നു കിട്ടാനില്ല. മറിച്ച്‌ അവൻ ഒരു മാളിൽ ചെല്ലുകയാണെങ്കിൽ, വിലയേറിയ ഭക്ഷണശാലയിൽ  അവനെ വിലയേറിയവനായി ആളുകൾ തിരിച്ചറിയുന്നു. അങ്ങനെ ഒരു സാംസ്കാരികമൂല്യം വിലകൊടുത്തു വാങ്ങാൻ പറ്റുന്നിടത്തേയ്ക്കാണ്‌ ആളുകൾ പോകുന്നത്‌. ആളുകൾക്കു വേണ്ടത്‌ ഈ കാലഘട്ടത്തിലെ ഏറ്റവും വിലയേറിയ വസ്തുവിന്റെ ഉടമസ്ഥാവകാശമാണ്‌ എന്നതാണ്‌ ഏറ്റവും വലിയ വ്യത്യാസം. അതുകൊണ്ടു വിലയേറിയ കാറുകൾ, വീടുകൾ, വസ്തുക്കൾ എന്നിവയുടെ ഉടമസ്ഥാവകാശത്തിലൂടെ അവനൊരു സാംസ്കാരിക ജീവിയാകാൻ ശ്രമിക്കുകയാണ്‌. സംസ്കാരം എന്നത്‌ ഉപഭോഗവസ്തുവാണ്‌. ഏതൊരു കൺസ്യൂമർ പ്രോഡക്ടും ഒരു സംസ്കാരമാണ്‌. ഉദാഹരണത്തിന്‌ ആപ്പിളിന്റെ ഒരു വലിയ ഫോൺ വാങ്ങുകയാണ്‌. ഗ്രാമത്തിൽ അയാൾക്കു മാത്രമേ ഈ ഫോൺ ഉള്ളൂ. അപ്പോൾ ആ ഗ്രാമത്തിൽ അയാൾ ഒരു ഐഡന്റിറ്റി ഉള്ളവനായി മാറുന്നു. ഇങ്ങനെയുള്ള വസ്തുക്കൾകൊണ്ടു സംസ്കാരം ഉണ്ടാവുകയാണ്‌. വസ്തുക്കൾ ഒരുവനെ സംസ്കാരികമായി രേഖപ്പെടുത്തുന്നു;  പ്രത്യേക പദവിയുള്ളവനാക്കുന്നു. അയാൾക്കൊരുപക്ഷേ, പൈതൃകവുമായോ പാരമ്പര്യവുമായോ കലയുമായോ നീതിശാസ്ത്രവുമായോ ബന്ധമൊന്നുമില്ല. ഇന്നു നീതിശാസ്ത്രത്തോടോ  ദൈവികമായ മതങ്ങളോടോ പൈതൃകത്തോടോ പുതിയ തലമുറ പ്രതിബദ്ധത പുലർത്തുന്നില്ല. എന്നു പറഞ്ഞാൽ പഴയകാല ജീവിതത്തിന്റെ നൈതികബോധത്തിന്റെ കീഴ്മേൽ മറിച്ചിൽ സംഭവിച്ചിരിക്കുന്നു.



? നമ്മുടെ നാട്ടിൽ കുടുംബത്തിന്റെ കെട്ടുറപ്പ്‌ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ബന്ധങ്ങൾ വളരെ ദൃഢമായിരുന്നു. കുടുംബം എന്നതു തന്നെ ഒരു വലിയ മൂല്യമായിരുന്നു. ഇന്ന്‌ വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു. മക്കൾ മാതാപിതാക്കൾ ശിഥിലമാവുന്നു. വിവാഹ ജീവിതാന്തസ്സിന്റെ ലക്ഷ്യങ്ങളിൽ വ്യത്യാസം വരുന്നു. സിനിമകളിൽ പോലും വിവാഹം ഒരു കാപ്പിറ്റൽ പണീഷ്‌മന്റ്‌ ആയി അവതരിപ്പിക്കപ്പെടുന്നു. വിവാഹിതരാകാൻ യുവാക്കൾ മടിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌?
    വിവാഹജീവിതത്തിൽ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പരിശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? ഇന്നും നമ്മെ ഭരിക്കുന്ന മൂല്യങ്ങൾ ഫ്യൂഡൽ കാലഘട്ടത്തിന്റേതുതന്നെയാണ്‌ എന്നതു യാഥാർത്ഥ്യമാണ്‌. നമ്മുടെ ഇഷ്ടത്തിനകത്തു മറ്റുള്ളവർ നിൽക്കണം എന്നതുതന്നെ ഒരു നാടുവാഴിത്ത മനോഭാവമാണ്‌. ഭർത്താവു ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ചു നിൽക്കണം എന്നു പറയുന്നതും ഭാര്യ ഭർത്താവിന്റെ ഇഷ്ടത്തിനു നിൽക്കണം എന്നു പറയുന്നതും ഒരു ശാസനയുടെ രൂപത്തിൽ വരുമ്പോൾ, നിയമത്തിന്റെ രൂപത്തിൽ നിലനിൽക്കുമ്പോൾ അതു ഫ്യൂഡൽ വ്യവസ്ഥയെ ഓർമ്മിപ്പിക്കും. ആ അധികാരശ്രേണിക്കു പുറത്തു പോയാൽ ആ വ്യക്തിക്ക്‌ അവിടെ ഒരിക്കലും പിന്നെ സ്ഥാനം കിട്ടുകയില്ല. ഒരു അയിത്തം അവിടെ രൂപപ്പെടും.
    ഇന്നത്തെ ഹൈടെക്‌ വ്യവസ്ഥയിൽ കുടുംബമൂല്യങ്ങൾ നാടുവാഴിത്തഘടനയിൽ വരുന്നു. അതുകൊണ്ടാണു വിവാഹമോചനങ്ങൾ വരുന്നത്‌. വിവാഹത്തിൽ നിന്നു മോചനം നേടാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ അധീനതയിൽ നിൽക്കാനാകില്ല  എന്ന അസഹിഷ്ണുതയാണതിന്റെ പിന്നിലുള്ളത്‌. നമ്മെപ്പോലെ മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ടെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും നിലനിൽപിനും വേണ്ടി നാം ഒരുപാടു വിട്ടുവീഴ്ചയും സേവനവും ചെയ്യേണ്ടവരാണ്‌ എന്നും ഉള്ള   ചിന്ത വരികയാണെങ്കിൽ വളരെ സ്വതന്ത്രമായ ഒരു ചിന്താപദ്ധതി   എന്നു  നിലയിൽ വിവാഹജീവിതാവസ്ഥയ്ക്കു നിലനിൽപുണ്ടാകും. വിവാഹത്തോടെ ഉണ്ടാകുന്ന കുട്ടികളെ സംബന്ധിച്ചും ഈയൊരു സ്വാതന്ത്ര്യബോധം അവരിൽ ഉണ്ടാക്കാൻ ശ്രമിക്കണം. നമ്മെ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതു വിദഗ്ദ്ധമായ രീതിയിൽ എങ്ങനെ അടിമയാകാം എന്നതാണ്‌. ഭൂതകാലത്തിന്റെ മഹിമ നിരാകരിക്കണമെന്ന്‌ ആരും പറയുന്നില്ല. പക്ഷേ, ഭൂതകാലത്തിന്റെ മഹിമകൊണ്ടു മാത്രം നമുക്ക്‌ എല്ലാ കാലഘട്ടത്തിലും ജീവിക്കാൻ കഴിയില്ല. നാം പുതിയ പുസ്തകങ്ങൾ, പുതിയ ചിന്തകൾ, പുതിയ ശാസ്ത്രങ്ങൾ, പുതിയ ലോകങ്ങൾ എല്ലാം ഉൾക്കൊള്ളേണ്ടതായും മനസ്സിലാക്കേണ്ടതായും ആലോചിക്കേണ്ടതായും വരും. ഇവിടെ നമുക്കു തടസ്സമാകുന്നതു ഫ്യൂഡലിസത്തിന്റെയോ അതിന്റെ തടവറയിൽ നാം കിടക്കുന്നതുകൊണ്ടാണ്‌ ഈ കുടുംബങ്ങൾ ഇന്നത്തെ അവസ്ഥയിൽ വരുന്നത്‌ എന്നാണെനിക്കു തോന്നുന്നത്‌.
? കേരളീയ സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും നാം ഏറെ മുന്നിലാണ്‌. എന്നാൽ അതോടൊപ്പം തന്നെ മദ്യ ഉപഭോഗം, ആത്മഹത്യ, പീഡനങ്ങൾ, ജീവിതത്തിന്റെ പിരിമുറുക്കങ്ങൾ, രോഗങ്ങൾ എന്നിവയുടെ കാര്യത്തിലും നാം തന്നെയാണ്‌ മുന്നിൽ, ഈ വൈരുദ്ധ്യാത്മകത എങ്ങനെ സംഭവിക്കുന്നു. കുടുംബബന്ധങ്ങൾക്ക്‌ ഇതിൽ പങ്കുണ്ടോ?
    ഇതു ബന്ധങ്ങളുടെ പ്രശ്നമല്ല. മലയാളിയുടെ പൊതുസ്വഭാവമായി മാറിയ കാര്യങ്ങളാണിതെല്ലാം. മലയാളിയെ സംബന്ധിച്ച്‌ അവൻ അതിജീവനത്തിനു പ്രാധാന്യം കൊടുക്കുന്നു. അതിജീവനം അവനു പ്രധാനമാണ്‌. അതിനുവേണ്ടി എന്തു സാഹസത്തിനും മുതിരുന്നു. വിദ്യാഭ്യാസം നേടുന്നു, സാഹസികമായി ജീവിക്കുന്നു. പക്ഷേ അവനു ദൃഢമായ ബന്ധങ്ങൾ സൂക്ഷിക്കാൻ പറ്റുന്നില്ല. അമിതമായ മോഹങ്ങളും വേഗതയും മാനസികസംഘർഷം ഉണ്ടാക്കുന്നു. ഈ മാനസികസംഘർഷത്തെ ലഘൂകരിക്കുന്നതിനുള്ള സൗകര്യങ്ങൾ അവനു കിട്ടുന്നില്ല. ഈ സംഘർഷങ്ങളെല്ലാം അവൻ പുറത്തേയ്ക്കു തള്ളുന്നത്‌ ഒരുപക്ഷേ, മദ്യപാനത്തിലേക്കോ ലഹരി ഉപയോഗത്തിലേക്കോ പോയിട്ടായിരിക്കും. അതുകൊണ്ട്‌ അവനൊരു ക്യാരക്ടർ ഇല്ലാതാകുന്നു. ഭൂതകാലത്തെ ഉപേക്ഷിച്ചു കൊണ്ടു ,സൗഹൃദത്തെ നഷ്ടപ്പെടുത്തിക്കൊണ്ട്‌ എവിടേക്കെങ്കിലും ഓടിപ്പോകാൻ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


    ഇതൊരു പുതിയ മനഃശാസ്ത്രമായി മാറുകയാണ്‌. അതുകൊണ്ടു മലയാളിയുടെ മുമ്പിൽ അവന്റെ ചരിത്രമോ പൈതൃകമോ ഇല്ല. അവന്റെ ആഘോഷങ്ങൾ എന്നു പറയുന്നതുതന്നെ വളരെ നൈമിഷികമാണ്‌. അതിന്‌ ഒരു ഭാഷയുടെയോ നാടിന്റെയോ ഗൃഹാതുരമായി യാതൊരുതര ബന്ധവുമില്ല. അങ്ങനെ ഒരു ചഞ്ചലിതമായ ഒരു സംസ്കാരത്തിലേക്കാണു മലയാളി പൊയ്ക്കൊണ്ടിരിക്കുന്നത്‌. പത്തോ ഇരുപത്തിഞ്ചോ വർഷം കഴിയുമ്പോൾ നമ്മൾ ഇന്നു പറയുന്നതുപോലുള്ള മലയാളസംസ്കാരം വളരെ കുറച്ചു മാത്രമായിരിക്കും. മലയാളികൾ മറ്റു സ്ഥലങ്ങളിലേക്കും താമസിച്ചുകൊണ്ടുള്ള ചിതറലായിരിക്കും മലയാളിയെ സംബന്ധിച്ച്‌ ഉണ്ടാകാൻ പോകുന്നത്‌ എന്നെനിക്കു തോന്നുന്നു.
? ടെക്നോളജി നമ്മുടെ കുടുംബങ്ങളെ, ബന്ധങ്ങളെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നത്‌?
    ടെക്നോളജിയിൽ ,പുതിയ ഉപകരണങ്ങൾ വരുന്നതോടുകൂടി നമ്മുടെ ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറും. ഉദ: പണ്ടു നമ്മൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം എത്ര വർഷം നീണ്ടുനിൽക്കും എന്നതിന്റെ അടിസ്ഥാനത്തിലൊക്കെയായിരുന്നു  ഉണ്ടാക്കിയിരുന്നത്‌. തടികൊണ്ടുള്ള ഒരു വസ്തു അന്നു 100,150 വർഷംവരെ കുഴപ്പമില്ലാതെ കിടക്കും. പക്ഷേ, ഇന്നത്തെ ഫർണീച്ചറുകൾക്ക്‌ അത്തരം ദീർഘായുസ്സ്‌ ഉണ്ടാകുന്നതുതന്നെ ഒരു ന്യൂനതയാണ്‌. അങ്ങനെ ഒരു ദീർഘായുസ്സ്‌ ഒരു നിർമ്മാണത്തിനും ആവശ്യമില്ല എന്നതാണ്‌. കാരണം പുതിയ നിർമിതികൾ നമ്മെ കാത്തുനിൽക്കുന്നു. ഒരു കസേര ഉണ്ടാക്കാൻ ഒരു മാസം എടുത്തിരുന്നുവെങ്കിൽ ഇന്ന്‌ ഒരു ദിവസംകൊണ്ട്‌ ഉണ്ടാക്കാം. നിർമാണം അനായാസമായി. നിർമാണത്തിനുള്ള സാമഗ്രികളുടെ ലഭ്യത വളരെ സാധാരണമായി. അതുകൊണ്ട്‌ ഉണ്ടാക്കപ്പെടുന്ന സാധനങ്ങളുടെ കാലികത പ്രധാനമല്ലാതായി. ഏറ്റവും പുതിയതിനുവേണ്ടിയുള്ള ശ്രമമാണ്‌. പഴയ ഫർണീച്ചറുകൾകൊണ്ടു മാത്രം നമ്മുടെ വീടുകൾ നിറയുകയാണെങ്കിൽ നാം ഒരു എടുക്കാത്ത നാണയമായി ഇന്നത്തെ സമൂഹത്തിൽ മാറുമോ എന്ന്‌ ഒരു ഉപഭോക്താവ്‌ എന്ന നിലയിൽ ഓരോ മലയാളിയും ചിന്തിക്കുന്നുണ്ട്‌. ഇതു മലയാളിയുടെ മാത്രം എന്നല്ല, ഒരു പൊതുസ്വഭാവമാണത്‌. ദിവസവും പുതിയതു വാങ്ങുക എന്നുള്ളതാണ്‌. ഇത്തരത്തിൽ പുതുമ ഇല്ലെങ്കിൽ സംസ്കാരമില്ല എന്നു വരുന്നു. ഈ രീതിയിൽ മൂല്യത്തെക്കുറിച്ചുള്ള ചിന്ത തകിടം മറിഞ്ഞിരിക്കുകയാണ്‌. അത്‌ ഉപഭോക്തൃലോകത്തിന്റെ ഒരു സമ്മർദ്ദമാണ്‌. ഉത്പാദനത്തിന്‌ അധിഷ്ഠിതമായ ഒരു ലോകത്തിന്റെ, സാങ്കേതികതയിൽ നിറഞ്ഞുതുളുമ്പിയ ഒരു ലോകത്തിന്റെ നിയമമാണത്‌. ആ നിയമത്തിനകത്തു മനുഷ്യർക്കു വേറൊന്നും ചെയ്യാനില്ല.
? ഇന്നു സ്നേഹിക്കപ്പെടുന്നതുപോലെ പ്രധാനമാണ്‌ വേർപിരിയുന്നത്‌. വസ്തുക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ തന്നെയാണ്‌ വ്യക്തികളുടെ കാര്യത്തിലും ഉള്ളത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌?
    വേഗത എന്നു പറയുന്നത്‌ ഇന്നു കാമുകിമാരെയും കാമുകന്മാരെയും വല്ലാതെ വിഷമിപ്പിക്കുന്നു. കാരണം, പ്രണയത്തെ സാക്ഷാത്കരിക്കുന്നതു വേഗതയാണ്‌. മാർക്കറ്റിൽ നിന്നു വാങ്ങുന്ന വസ്തുക്കളുടെ ഉപയോഗം ആറുമാസം എന്നത്‌ ആറു ദിവസമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. കാരണം, പുതിയ മോഡൽ വന്നുകഴിഞ്ഞു. ഉപഭോഗവസ്തുക്കളിന്മേൽ നമുക്കുള്ള ബന്ധംതന്നെ വ്യക്തികളിലേക്കും വ്യാപിക്കും. നമുക്ക്‌ ഒരു മൊബെയിലിനോടോ ഫർണീച്ചറിനോടോ ഉള്ള ബന്ധം എങ്ങനെയാണോ അതായിരിക്കും നമുക്കു ചുറ്റിലുമുള്ള വ്യക്തികളിലും ഉണ്ടായിരിക്കുക. അതുകൊണ്ട്‌ ആ ബന്ധം വളരെ ഹ്രസ്വമായിരിക്കും. പ്രണയത്തിന്‌ എത്രമാത്രം വേഗത്തിൽ ഒരുമിക്കാൻ സാധിക്കും എന്നതുപോലെതന്നെ വേർപിരിയലും വേഗത്തിൽ നടക്കുന്നു. വേർപിരിയൽ എന്നത്‌ ഒരു വ്യക്തിയുടെ കള്ളത്തരമാണ്‌ എന്നു പറയാൻ സാധിക്കില്ല. അത്‌ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണത്തിന്റെയും സൂക്ഷ്മമായ ജീവിതത്തിന്റെയും നിദർശനമാണ്‌.
    പച്ചയായ ജീവിതത്തിന്റെ പല പ്രലോഭനങ്ങളിൽപ്പെട്ടാണു നമ്മുടെ തലമുറയിലെ കുട്ടികൾ ജീവിക്കുന്നത്‌. വൈകാരികമായി ഒരിടത്തു കെട്ടിയിടാൻ പറ്റിയ അവസ്ഥയിലല്ല അവരുടെ ജീവിതം. ഒരറിവ്‌, ഒരു ചിന്ത, ഒരു മതം, ഒരു തത്ത്വശാസ്ത്രം, ഒരു മീംമാസ, ഒരു ഭരണകൂടം, ഒരു ദർശനം ഇവയൊന്നുംതന്നെ നമ്മുടെ കുട്ടികളെ ബാധിക്കുന്നില്ല. ജീവിതം, മരണം തുടങ്ങിയ ശാശ്വതമായ സമസ്യകളെയല്ല അവർ അഭിമുഖീകരിക്കുന്നത്‌. സ്ഥിരമായ മൂല്യങ്ങൾ അവർക്കില്ലാത്തതുകൊണ്ടുതന്നെ സ്ഥിരമായ ബന്ധങ്ങളിലും അവർക്കു താൽപര്യമില്ലാതെ വരുന്നു. പ്രണയവും വേർപിരിയലും വേഗത്തിൽ നടക്കുന്നു.
? സിനിമ, ടെലിവിഷൻ ഷോകൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സൈറ്റുകൾ, വീഡിയോ ഗെയിമുകൾ, ആൽബങ്ങൾ, യു ട്യൂബ്  തുടങ്ങിയവ സൃഷ്ടിക്കുന്ന പുതിയ മൂല്യ സങ്കൽപങ്ങൾ എപ്രകാരമുള്ളതാണ്‌?


    പഴയ കാലഘട്ടത്തിൽ വലിയ മൂല്യമായി നമ്മൾ കരുതിയിരുന്നത്‌ 'ഓർമ'യാണ്‌. പഴയ കാര്യങ്ങളെക്കുറിച്ചു നമുക്കെല്ലാം ആദരവാണ്‌. ആ ആദരവ്‌ ഓരോന്നോരോന്നായി ഇല്ലാതാവുകയാണ്‌. നമ്മുടെ മൂല്യങ്ങളെല്ലാം ഇന്ന്‌ ഓർമകളിൽ മാത്രം അവസാനിക്കുകയാണ്‌. നന്മകളെയും മൂല്യങ്ങളെയും സമ്മാനിച്ച എത്രയോ ചിന്തകരും എഴുത്തുകാരുമുണ്ട്‌. അവരെയെല്ലാം നാം തുടച്ചുമാറ്റി നമ്മുടെ വ്യാവസായിക ജീവിതത്തിൽ അവരുടെ കാൽപ്പെരുമാറ്റം കേൾക്കാത്തവിധത്തിൽ അവരെയെല്ലാം ആട്ടിയോടിച്ചശേഷം നമ്മൾ വളരെ ലാഘവത്തോടുകൂടി ഫുട്കോർട്ടിലേക്കു പോയി ഭക്ഷണം കഴിച്ചു സിനിമയും കണ്ടു പോകുകയാണ്‌. ഓർമ എന്നു പറയുന്ന ഒന്നില്ല. ഒന്നിനെക്കുറിച്ചും ഓർക്കുന്നില്ല. നാം ആകെ ഓർക്കുന്നതു നമ്മുടെതന്നെ ഡിജിറ്റൽ ഫോർമാറ്റുകൾ മാത്രമായിരിക്കും. ഡിജിറ്റൽ നമ്പറുകൾ മാത്രമായിരിക്കും. ഫോൺ, എ.ടി.എം നമ്പറുകൾ മാത്രം. നമ്മുടെ ഓർമ എന്നു പറയുന്നതു മരിച്ചുപോയി. ഇന്ന്‌  എല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ്‌. ഏതെല്ലാം മരുന്നുകൾ കഴിച്ചാൽ കൂടുതൽ മറക്കാം എന്നാണു ചിന്തിക്കുന്നത്‌. അതുകൊണ്ടു സിനിമകൾ കാണുന്നു, കണ്ട സിനിമതന്നെ അഞ്ചു പ്രാവശ്യമല്ല, പത്തല്ല, നൂറ്റിഅറുപതുതവണ കാണാനും തയ്യാറാണ്‌. കണ്ട സിനിമയാണെന്നതു നാം മറന്നുപോയി. ഈ പ്രതിഭാസം ഇന്നു വളരെയധികമുണ്ട്‌. അതുകൊണ്ടു ചാനലുകളും മാധ്യമങ്ങളും ഈ മറവിയെയാണു വിൽപനച്ചരക്കാക്കുന്നത്‌. അവർ ഇന്നലേകളെ മറന്നുകളഞ്ഞു. എല്ലാ ചാനലുകളും ഇന്നത്തെ ദിവസത്തെ കാര്യം മാത്രമാണു പറയുന്നത്‌. ഏതെങ്കിലും ഒരു ചാനലിൽ ഏതെങ്കിലും നല്ല പുസ്തകത്തെക്കുറിച്ചു വാർത്ത വരുന്നുണ്ടോ? ഇന്നലത്തെ എഴുത്തുകാരനെക്കുറിച്ച്‌ അവർ എന്തെങ്കിലും അനുസ്മരണം നടത്താറുണ്ടോ? ഇന്നലെകളിൽ   ജീവിച്ച ഏതെങ്കിലും പ്രതിഭയെക്കുറിച്ചു പറയാറുണ്ടോ? വല്ലപ്പോഴും വല്ലതും അബദ്ധവശാൽ വന്നെങ്കിലായി. അവർ ഇന്നത്തെ സിനിമകളെയും ഇന്നിന്റെ സാധ്യതകളെയും ആഘോഷിക്കുകയാണ്‌. ടി.വി.യിൽ ഏതെങ്കിലും വിഷയത്തിൽ ചർച്ചയ്ക്കു വരുന്നവരുടെ കാര്യമോർത്താൽ ചിരിവരും. ആ വിഷയത്തിന്റെ ചരിത്രപരമായ വശങ്ങളെക്കുറിച്ച്‌ ഒന്നും അറിയാത്തവരാണവർ. ആ വിഷയത്തിന്റെ ഓർമകളെ, ഇന്നലെകളെ അറിയുന്നവർ ആ ചർച്ചയ്ക്ക്‌ അധികപ്പറ്റാണ്‌. ആ ചർച്ചയ്ക്കു വേണ്ടത്‌ ഒന്നും ഓർമിക്കാൻ കഴിവില്ലാത്ത മറവിയുള്ളവരെയാണ്‌. അങ്ങനെയാണ്‌ ചാനൽ ചർച്ചകൾ ഒരു വിനോദ പരിപാടിയാകുന്നത്‌.
? എങ്ങനെ നമുക്ക്‌ സനാതന മൂല്യങ്ങളെ കൈമോശം വരാതെ സൂക്ഷിക്കാം?
    ഇതു വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും എന്നു പറയാനാവില്ല. കാരണം, ഇതു പെട്ടെന്നു പരിഹരിക്കാൻ പറ്റുന്ന ഉപകരണങ്ങൾ ആരുടെ പക്കലും ഇല്ല. എനിക്കു തോന്നുന്നത്‌, സ്നേഹവും കാരുണ്യവും സഹാനുഭൂതിയും സാഹോദര്യവുമൊക്കെ വർത്തമാനത്തിലല്ലാതെ പ്രവൃത്തിയിൽ കാണിച്ചാൽ ആളുകൾ കുറച്ചുകൂടി നന്നാകും എന്നാണ്‌. ആരും  ആരെയും പരിഗണിക്കുന്നില്ല. തിരുവനന്തപുരത്തു വണ്ടിയിടിച്ചു റോഡിൽ കിടന്ന ആളുടെ വാർത്ത നാം വായിച്ചു. ആരും തിരിഞ്ഞു നോക്കിയില്ല. ആരും കെയർ  ചെയ്യുന്നില്ല. നാം നമ്മുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ തയ്യാറാകുക എന്നതാണു മൂല്യങ്ങളെ നിലനിർത്താനുള്ള മാർഗം. പ്രതിജ്ഞാബദ്ധതയോടും കൂടി ജീവിക്കുക.


    പരപ്രേരണയില്ലാതെ നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന മനുഷ്യരായി നാം മാറണം. ഒരാളോടുള്ള സ്നേഹം കൊണ്ടല്ല നാം നമ്മുടെ ജോലി ചെയ്യേണ്ടത്‌. നമ്മൾ ചെയ്യേണ്ട ജോലി എന്താണെന്നു തിരിച്ചറിയണം. തിരിച്ചറിഞ്ഞു നാം സ്വയം ചെയ്യണം. നമ്മുടെ കടമ തിരിച്ചറിഞ്ഞു പ്രവർത്തിക്കണം. അങ്ങനെ ഓരോരുത്തരും ചെയ്യുകയാണെങ്കിൽ സമൂഹം വളരെ മെച്ചപ്പെടും; ലോകം നന്നാകും. അധ്യാപകൻ ശമ്പളം കിട്ടാൻ വേണ്ടി പഠിപ്പിച്ചാൽ പോരാ; ശമ്പളം കിട്ടിയില്ലെങ്കിലും ഞാൻ പഠിപ്പിക്കും, എന്റെ ജോലി ചെയ്യും എന്നു തീരുമാനിക്കണം. കയ്യിൽ നിന്നു കാശു മുടക്കിയാലും ചില കാര്യങ്ങൾ ചെയ്യാൻ തയ്യാറായി മുന്നോട്ടുവരണം.

Sunday, July 13, 2014

ജലഛായ: മലയാളത്തിൽ നിന്ന്‌ ഒരു ലോകക്ലാസിക്‌


സന്തോഷ്‌ പാലാ യു.എസ്‌.എ

    ഒരു നോവലിസ്റ്റിന്‌ സ്വന്തമായ ഒരു മാനിഫെസ്റ്റോ ഉണ്ടാകുമോ? അതായത്‌, അയാൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ, ജീവിതാദർശത്തിന്റെ പ്രത്യേകതകൾ, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം എന്നിവ തന്റെ നോവലിൽ സന്നിവേശിപ്പിച്ചുകൊണ്ട്‌ ഒരു നോവലിസ്റ്റ്‌ ഈ ലോകത്തോട്‌ വിളിച്ചു പറയുന്നതെന്താണ്‌? അയാൾ ഒരു ജീവിത മാതൃക കാണിക്കാൻ മുതിരുകയില്ല. ഒരു ആദർശവാനെ ചൂണ്ടിക്കാണിച്ചുതരാൻ വിവരമുള്ള ഒരു നോവലിസ്റ്റും മുതിരുകയില്ല. നോവലിലെ കഥാപാത്രങ്ങൾ, എഴുത്തുകാരന്റെ ആഗ്രഹമാകാം; അല്ലെങ്കിൽ ഉള്ളിൽ അമർന്നുപോയ ജീവിതമാകാം, ചിലപ്പോൾ എല്ലാം തോന്നലുകളായിരിക്കാം. ഇങ്ങനെയൊക്കെ ജീവിച്ചാൽ എല്ലാത്തിനും അർത്ഥമുണ്ടാകുമെന്ന്‌ ചിന്തിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്രത്തെ സമീപലോക നോവൽ സാഹിത്യത്തിലെ ഒരതികായനും സൃഷ്ടിച്ചിട്ടില്ല; അങ്ങനെ ചെയ്യുന്നവന്‌ കാര്യവിവരമില്ലെന്നേ പറയാനാകൂ.
    'ജലഛായ'യിലും, അതുപോലെ, ഒരാദർശകഥാപാത്രമില്ല. ആദർശമുള്ള മനുഷ്യർ എവിടെയുമില്ല. അതുകൊണ്ട്‌ നോവലിനും അതുവേണ്ട. നോവൽ ഒരു ജീവിതസന്ദേശമല്ല; മറിച്ച്‌ ജീവിതത്തെപ്പറ്റിയുള്ള പല വിചിന്തനങ്ങളും ആകുലതകളുമാണ്‌ പങ്കുവയ്ക്കുന്നത്‌.
    'ജലഛായ'യുടെ പ്രധാനകഥാപാത്രമായ ലൂക്ക്‌ ജോർജ്‌ ഒരു വിശ്വാസിയല്ല; എന്നാൽ ഇയാൾ  ബൈബിൾ ഇഷ്ടപ്പെടുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നു. ദൈവത്തെപ്പറ്റി ചിന്തിക്കുന്നു. ജീവിക്കാൻ വേണ്ടിയെങ്കിലും, അയാൾ ക്രിസ്തുവിനെപ്പറ്റി തെരുവുകളിൽ പ്രസംഗിച്ചു. അയാൾ ഒരേസമയം യഥാർത്ഥവും അയഥാർത്ഥവുമായ ജീവിതത്തിലൂടെ കടന്നുപോകുന്നു. അയാൾ ചെയ്യാത്ത കുറ്റത്തിനു പലപ്പോഴും ശിക്ഷിക്കപ്പെടുന്നു. ആശുപത്രിയിലെ രോഗിക്ക്‌ വെള്ളം കൊടുത്തതിന്‌, ലേഖനമെഴുതിയതിന്‌, കഥയെഴുതിയതിന്‌ എല്ലാം അയാൾ ശിക്ഷിക്കപ്പെട്ടു. അതിനു ഉത്തരമില്ല. ഒന്നും നേരെയാക്കാൻ അയാൾക്കാവില്ല. മറ്റുള്ളവരുടെ ജീവിതത്തെ നന്നാക്കാൻ വേണ്ടി അയാൾ കടൽതീരത്ത്‌ ഒരു പട്ടിയെപ്പോലെ  അലഞ്ഞു നടന്നു. പക്ഷേ, ആ കമിതാക്കൾ പരസ്പരം അകലുകയാണ്‌ ചെയ്തത്‌. റോബർട്ട്‌ ബ്രൗണിംഗ്  ഒരു കവിതയിൽ സൂചിപ്പിച്ചതുപോലെ, ലൂക്ക്‌ ഒരു അന്ധവിശ്വാസിയായ നിരീശ്വരവാദിയാണോ? സത്യസന്ധനായ കള്ളനോ?
    ലൂക്ക്‌ ജോർജിനെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന ജോർദ്ദാനാണ്‌ ഈ നോവൽ എഴുതുന്നതെന്ന്‌ പറയാം. കാരണം, ജോർദ്ദാൻ നടത്തുന്ന അഭിമുഖമാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. ആ അഭിമുഖത്തിന്‌ കാലാനുസൃതമായ തുടർച്ചയോ, ക്രമമോ ഒന്നുമില്ല. പക്ഷേ, അതിൽ വലിയ സമസ്യകളും അവയെചൊല്ലിയുള്ള സങ്കടങ്ങളുമുണ്ട്‌. മനുഷ്യന്റെ ജീവിതം മാത്രമല്ല, ജീവിനുള്ളവയുടെയെല്ലാം മഹാ അസ്തിത്വ രഹസ്യങ്ങൾക്ക്‌ നേർക്ക്‌ നിഷ്കാമിയായി നിസ്സഹായമായി കടന്നു ചെല്ലുന്ന ഒരു പ്രപഞ്ചാവബോധമുണ്ട്‌. ജോർദ്ദാൻ ഒരു നോവലെഴുമായിരിക്കും. എന്നാൽ അവരുടെ അഭിമുഖം തന്നെ ഒരു നോവലായി പരിണമിക്കുകയാണ്‌.
    ജലഛായ ഏകമുഖമായ ഒരു ദർശനത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന് തോന്നുന്നില്ല. അത്‌ ദർശനങ്ങളുടെയെല്ലാം ചരിത്രത്തിന്റെ കോട്ടവാതിലിനു മുന്നിൽ നിന്ന്‌ മറ്റൊരു ശബ്ദം കേൾക്കാൻ ശ്രമിക്കുകയാണ്‌. നോവലിസ്റ്റിന്റെ നവാദ്വൈതം എന്ന ദർശനത്തിന്റെ നാനാതരത്തിലുള്ള വീചികൾ ഇവിടെ അലയടിക്കുന്നുണ്ട്‌. നവാദ്വൈതം പഴയ അദ്വൈതമല്ലെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. അത്‌ വസ്തുക്കളുടെയുള്ളിലെ, മനസ്സിനുള്ളിലെ, വാക്കുകൾക്കുള്ളിലെ നിരന്തരമായ സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും ഒരേയൊരു ഭാവമാണ്‌ അവതരിപ്പിക്കുന്നത്‌. അത്‌ പുതിയ ഒരു അദ്വൈതമാണ്‌; അതായത്‌ പുതിയ ഒരേയൊരു ഒഴുക്ക്‌. ഒരു ലക്ഷ്യമില്ല, എങ്ങും എത്തിച്ചേരാനില്ല. എന്നാൽ എങ്ങും നിശ്ചലമായിരിക്കാനും കഴിയില്ല.ഏകാന്തതയിൽ നിന്ന്   വാക്കുകൾ സ്വയം രക്ഷപ്പെടാനായി മറ്റ്‌ വാക്കുകളുമായി കൂട്ടുപിടിക്കുകയാണെന്ന്‌ ഹരികുമാർ എഴുതിയിട്ടുണ്ട്‌. നവാദ്വൈതത്തിലേക്ക്‌ എത്തണമെങ്കിൽ, ഉപനിഷത്ത്‌, വേദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, സൗന്ദര്യചിന്തകൾ, ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയൊക്കെ പഠിക്കണമെന്ന്‌ പറയുമ്പോൾ അതും ഒരു ഭാരമായിത്തോന്നാം. എന്നാൽ ജ്ഞാനകുതുകിക്ക്‌, കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഇതാവശ്യമാണ്‌. തത്ത്വചിന്തയും കലയും തമ്മിലുള്ള ഒരു കൂടിച്ചേരൽ, അതിന്റെ വിവിധതലങ്ങളിലുള്ള സംഗീതാത്മകത-ജലഛായയ്ക്ക്‌ ഒരു ആഗോള പ്രസക്തി നൽകുന്നുണ്ട്‌. കാരണം, മലയാളത്തിൽ ഇതുപോലുള്ള വലിയ നോവലുകൾ ഉണ്ടായിട്ടില്ലല്ലോ. പിക്കാസോ ചിത്രം വരയ്ക്കുമ്പോൾ, സ്ഥൂലമായി ഒന്നും തന്നെ കാണില്ല. വളരെ സൂക്ഷ്മവും ധ്വന്യാത്മകവുമായി വരയ്ക്കുകയാണ്‌. നോവലിനും ആ സാധ്യതയുണ്ട്‌ എന്ന്‌ ജലഛായ വ്യക്തമാക്കുന്നു. പലതും നോവലിസ്റ്റ്‌ വളരെ ചെറിയ വാക്കുകളിൽ സൂചിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നോവലിസ്റ്റ്‌ തന്നെ പറയുന്നതുപോലെ, ഇതൊരു വ്യാജലോകമാണ്‌. ആ അർത്ഥത്തിൽ ജലഛായ ലോക നോവലിൽ 'വ്യാജയാഥാർത്ഥ്യം' അഥവാ 'സ്യൂഡോ റിയാലിറ്റി' എന്ന ഷാങ്ങർ (genre) സൃഷ്ടിച്ചിരിക്കുകയാണ്‌. ഒരു പുതിയ നോവൽ ശാഖയാണിത്‌. എന്താണ്‌ ഈ വ്യാജ യാഥാർത്ഥ്യം?


    ഇത്‌ ജീവിതത്തിന്റെ നവാദ്വൈതപരമായ ഒരു മൗനമാണ്‌. ഒരു യാഥാർത്ഥ്യത്തെ വിവരിക്കുന്നതിനിടയിൽ, അതിനെ എഴുതപ്പെട്ട ഒരു രേഖയാക്കാൻ നോവലിസ്റ്റ്‌ ചിലപ്പോഴൊക്കെ ശ്രമിക്കുന്നു. ഉറുമ്പുകളുടെ ജീവിതം പറയുമ്പോൾ, 'ഉറുമ്പുകളുടെ വേദപുസ്തകം' , 'ഉറുമ്പുകളുടെ യാത്ര ' തുടങ്ങിയ വ്യാജ പുസ്തകങ്ങളിൽ നിന്ന്‌ ഉദ്ധരിക്കുന്നു. നോവലിസ്റ്റ്‌ ഏത്‌ വാസ്തവത്തെയും ഭാവനയെയും എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കമാക്കി മാറ്റുന്നു. അതുപോലെ എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കവും ശകലങ്ങളും തന്റെ യാഥാർത്ഥ്യത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.  ഉദാഹരണത്തിന്‌ ഹ്വാൻ റുൾഫോ, സരമാഗോ തുടങ്ങിയവരുടെ കൃതികളിൽ നിന്നുള്ള ചില ഭാഗങ്ങൾ ലൂക്ക്‌ ജോർജ്ജിന്റെ അവസ്ഥയെപ്പറ്റിയുള്ള ആഖ്യാനമാക്കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സർപ്പങ്ങളുടെ കഥകളി അവതരിപ്പിക്കുമ്പോൾ, അതിനെ എമ്മാനുവൽ ഭക്തയുടെ പുസ്തകവുമായി ബന്ധിപ്പിക്കുന്നു. പുസ്തകമേത്‌, ജീവിതമേത്‌, യാഥാർത്ഥ്യമേത്‌ എന്ന സമസ്യയാണ്‌ നോവലിസ്റ്റ്‌ തൊടുത്തുവിടുന്നത്‌.
    സർപ്പങ്ങളുടെ കഥകളി നമ്മുടെ സംസ്കാരത്തിന്‌ ഈ നോവലിസ്റ്റ്‌ നൽകുന്ന ഒരു പുതിയ കലാരൂപമാണ്‌. ഇതിനു മുമ്പ്‌ ഇങ്ങനെയൊരു കളിയെപ്പറ്റി കേട്ടിട്ടില്ല. നോവലിൽ ആ കളിയുടെ മുഴുവൻ ചിട്ടകളും വിവരിക്കുന്നുണ്ട്‌. അതുമാത്രമല്ല, സർപ്പകഥകളിക്കാരുടെ പരമ്പരാഗതമായ ആചാരങ്ങളും ജീവിതരീതിയും വിശ്വാസങ്ങളും നിരത്തുന്നു.
    ഈ നോവലിലെ ഏതൊരു അഓരോ അദ്ദ്യായവും എന്നെ വിസ്മയിപ്പിച്ചു
.  . കാരണം, അത്‌ ഹരികുമാർ, ഒരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ യാഥാർത്ഥ്യത്തെ റദ്ദ്‌ ചെയ്യുന്നു; പുതിയ അസ്തിത്വകണങ്ങൾ കണ്ടെടുക്കുന്നു. ഓരോ അധ്യായവും മനുഷ്യാസ്തിത്വത്തിന്റെ ഓരോ വൻകരയാണ്‌. ആത്മാവിന്റെ അന്തർലോകങ്ങളെ ജപിച്ചുവരുത്തുകയാണ്‌. കാഫ്കയുടെ അപ്രകാശിത കഥ, സർപ്പങ്ങളുടെ കളി എന്നിവ ,  എന്റെ വായനയുടെ പരിമിതിവച്ചു കൊണ്ടുതന്നെ പറയുകയാണ്‌, ലോക നോവലിൽ തന്നെ അത്ഭുതമായിരിക്കും. കാഫ്ക എഴുതിയ ഒരു കഥ വർഷങ്ങൾക്ക്‌ ശേഷം കണ്ടെത്തുന്നുവെന്ന് സങ്കൽപിക്കുക. സാഹിത്യലോകത്ത്‌ വലിയൊരു അത്ഭുതമായിരിക്കില്ലേ അത്‌? ആ അത്ഭുതം തന്റെ അസാധാരണമായ സർഗാത്മക സിദ്ധികൾകൊണ്ട്‌ ഹരികുമാർ ഇവിടെ സാധ്യമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാൽ, കാഫ്കയുടെ ഏത്‌ കഥയോടും കിടിപിടിക്കുന്ന ഒരു രചനയാണിത്‌. ചിലപ്പോൾ കാഫ്കയെപ്പോലും പിന്നിലാക്കുകയും ചെയ്യുന്നു. എന്താണ്‌ ഈ കഥ സംവേദനം ചെയ്യുന്നത്‌? ഞാൻ ഈ ഭാഗം ഏഴ്‌ തവണയെങ്കിലും വായിച്ചു. വ്യക്തിപരമായ അപര്യാപ്തതകളെപ്പറ്റി ബോധം നേടിയ ഇമ്മാനുവൽ എന്ന വ്യക്തി മറ്റാരും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്നു. അത്‌ ഈ ഭൂമിയിലേക്ക്‌ പിറക്കാൻ കാത്തു നിൽക്കുന്ന മനുഷ്യശിശുക്കളുടെ ശബ്ദമാണ്‌. ആ ശിശുക്കൾ ഉന്നയിക്കുന്ന വിഷയങ്ങൾ ആർക്കും പരിഹരിക്കാവുന്നതല്ല. ഇത്‌ മനുഷ്യവ്യക്തിയുടെ ഉള്ളിലെ നിത്യമായ ആകാംക്ഷയുടെയും, ഉള്ളിലെ പെരുക്കുന്ന ചിന്തകളുടെയും ലോകമാണെന്ന്‌ തോന്നുന്നു. ഓരോ വ്യക്തിയിലും പിറക്കാത്ത അനേകം വ്യക്തികളുണ്ടായിരിക്കാം. അവർ എവിടേക്ക്‌ പോകുന്നു? അവർ ഏതോ ഗ്രഹത്തിൽ നിന്ന്‌ വരുന്നതാകാം. അവരെയെല്ലാം ജീവിക്കുന്ന മനുഷ്യൻ, ഉടലിന്റെ ഉടമയായ മനുഷ്യൻ കൊന്നൊടുക്കുന്നു. ചിലപ്പോൾ, അവരിൽ ആരെയെങ്കിലും തന്നിലേക്കാവാഹിച്ച്‌ വേറൊരു വ്യക്തിയായി രൂപാന്തരപ്പെടാം. അല്ലെങ്കിൽ ഇങ്ങനെയും കാണാം: നമ്മളിൽ മരണം പ്രാപിക്കുന്ന നിരവധി ആഗ്രഹങ്ങൾ , ആശകൾ, തൃഷ്ണകൾ ഒക്കെയുണ്ടല്ലൊ? അവയ്ക്ക് ഹരികുമാർ എന്ന നോവലിസ്റ്റ് ഒരാവിഷ്കാരം നൽകി എന്നു പറഞ്ഞാലും അധികമാവില്ല.മനഃശ്ശാസ്ത്രത്തിനോ, തത്ത്വചിന്തയ്ക്കോ, മതത്തിനോ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ലോകമാണ്‌ ഇവിടെ നോവലിസ്റ്റ്‌ എഴുതുന്നത്‌. ഇതല്ലേ എഴുത്തുകാരന്റെ ധർമ്മം? അയാൾ നമുക്ക്‌ പുതിയ ലോകങ്ങളെക്കുറിച്ച്‌ അറിവുതരുന്ന പ്രവാചകനാകണം.
    ഭൂതകാലത്തെ വീണ്ടും കണ്ടെത്തേണ്ടതാണെന്ന്‌ ഹരികുമാർ എഴുതിയത്‌ അടുത്തിടെ ഇന്റർനെറ്റിൽ വായിച്ചു. നമ്മൾ ചുമക്കുന്ന ഭൂതകാലം നമ്മുടേതാണോ എന്ന ആലോചന എത്ര അർത്ഥപൂർണ്ണമാണ്‌! ഒരു വിലയിരുത്തൽ മാത്രം കൊണ്ട്‌ നാം തൃപ്തരാകാൻ പാടില്ല, ഭൂതകാലത്തിന്റെ കാര്യത്തിൽ, പലതരത്തിൽ കൂട്ടിയും കുറച്ചും നോക്കേണ്ടതുണ്ട്‌. വീണ്ടും വീണ്ടും ആലോചിച്ചാൽ, നേരത്തെ കണ്ടെത്തിയത്‌ പലതും തെറ്റാണെന്ന്‌ മനസ്സിലാകും. അതുകൊണ്ട്‌ നമ്മെക്കുറിച്ചു തന്നെ ജാഗ്രതയോടെയിരിക്കാൻ പ്രേരണയുണ്ടാകുന്നു. മലയാള സിനിമാ ചരിത്രത്തിലെ രണ്ടു വലിയ താരങ്ങളാണല്ലോ നസീറും ഷീലയും. എന്നാൽ നോവലിസ്റ്റ്‌ നസീർ, ഷീല എന്നിവരെയും അവരുടെ ബന്ധത്തെയും അപനിർമ്മിച്ച്‌ പുതിയൊരു ആത്മീയമാർഗം തിരയുന്നു. ഏതിൽ നിന്നും അനുകൂലമായ തരത്തിൽ വളം വലിച്ചെടുക്കാൻ മനുഷ്യനു കഴിയണം. എവിടെ നട്ടാലും ചരിത്രം മുളയ്ക്കുമെന്ന്‌ അദ്ദേഹം എഴുതുന്നതുപോലെ തോന്നി. മുലയുത്സവം, കുരുമുളകു മരണങ്ങൾ എന്നിവയും ചരിത്രം എന്ന ഭൂഗോളത്തിൽ പുതിയ വൻകരകൾ കണ്ടെടുക്കുന്നപോലെ അനുഭവപ്പെട്ടു. പരിചിതമായത്‌ അപരിചിതമാവുകയാണ്‌; തിരിച്ചും.
    മറ്റൊരു പ്രധാന സംഗതി, 'ജലഛായ'പരോക്ഷമായി സൃഷ്ടിക്കുന്ന വിവാദമേഖലകളാണ്‌. കവി കുമാരനാശാൻ എന്ന്‌ പറയുന്നില്ലെങ്കിലും കുമാരൻ എന്ന കവിയെ ചിലർ ബോട്ടപകടത്തിൽ കരുതിക്കൂട്ടി കൊല്ലുകയായിരുന്നുവെന്ന് എഴുതിവച്ചിട്ടുണ്ട്‌. അതുപോലെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയിരുന്ന അഴീക്കോടിനെ (സുകുമാർ അഴീക്കോട്‌?) ചിലർ ഗൂഢപദ്ധതിപ്രകാരം ചായയിൽ വിഷം കലർത്തി വധിക്കുകയായിരുന്നെന്നും എഴുതിയത്‌ ഫിക്ഷന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചാണെന്ന്‌,വേണമെങ്കിൽ വാദിക്കാം. എന്നാൽ ബുദ്ധൻ ജനിച്ചിട്ടേയില്ലെന്നും രാമായണം എഴുതിയത്‌ വാത്മീകിയല്ലെന്നും, വാത്മീകി എന്നത്‌ ഒരു ഉപരിവർഗ സന്യാസി സംഘത്തിന്റെ പേരാണെന്നും ഫിക്ഷന്റെ ലീലയായി വ്യാഖ്യാനിക്കാവുന്നതാണ്‌. എഴുത്തുകാരൻ ചരിത്രത്തിന്റെയോ വ്യക്തിയുടെയോ പക്ഷത്തായിരിക്കണമെന്നില്ല, എപ്പോഴും. അയാൾ സൗന്ദര്യം നിർമ്മിക്കാൻ എല്ലാവഴിയും നോക്കി എന്നിരിക്കും. സൗന്ദര്യമാണ്‌ അയാളുടെ പ്രാണവായു. കസന്ദ് സാക്കീസ്‌, ക്രിസ്തുവിൽ നിന്ന്‌ സൗന്ദര്യമാണല്ലോ തേടിയത്‌. ദസ്തയെവ്സ്കി, ക്രിസ്തുവിനെ വിചാരണ ചെയ്യുന്നുണ്ടല്ലോ. ജോർജ്‌ ഓർവൽ സമകാലീന രാഷ്ട്രീയത്തെ ഏതെല്ലാം വിധത്തിൽ അപഹസിച്ചു!
    ഈ നോവലിന്റെ ഭാഷയാണ്‌ മറ്റൊരു വലിയ ഈടുവയ്പ്‌. മലയാള നോവൽ ഇന്നുവരെ ആലോചിക്കാത്ത വഴികളിലൂടെ 'ജലഛായ' കടന്നുപോകുന്നു. സ്ഥലകാലങ്ങളെയും കാറ്റിനെയും ശലഭങ്ങളെയും പുതിയ കലയുടെ നിർമ്മിതിയിൽ പങ്കുകൊള്ളിക്കുന്നു. ശലഭങ്ങൾ, ഇതുപോലെ നവചാരുതയോടെ ആത്മീയ പ്രഭാവമാകുന്നത്‌ ഒരിടത്തും വായിച്ചിട്ടില്ല. ഭാഷയുടെ ഗാന്ധർവ്വമാണിവിടെ കാണാവുന്നത്‌. നമ്മുടെ ഗദ്യത്തിന്റെ ഏകവും മനോഹരവുമായ  മുഖം ഇവിടെ ആവിർഭവിക്കുകയാണ്‌. ചില വാക്യങ്ങൾ ഉദ്ധരിക്കാം: അനാത്മീയമായ ഒരാകാശത്തിന്റെ കോണിലേക്ക്‌ (പേജ്‌-39), മരണത്തിന്‌ പ്രാചീനമായ ചാണകമെഴുതിയ നിലത്തിന്റെ തീരശ്ചീനതയാണെന്നുള്ളത്‌, (പേജ്‌-44​‍) മൺതരികളിൽ, നഷ്ടപ്പെട്ട പ്രാണന്റെ അവശിഷ്ടങ്ങൾ തിളങ്ങുന്നു (പേജ്‌-65), പകലിനുള്ളിലെ ഇരുട്ടുകറ്റകൾ (പേജ്‌-71), ആ ഫണം വിഭിന്നമായ ജൈവ ആലക്തിക ഭംഗിയാണ്‌. അത്‌ അസ്തിത്വത്തിന്റെ സുവിശേഷമാകുകയാണ്‌ (പേജ്‌-132), ഫണം ഒരു പുഷ്പമാണ്‌ (പേജ്‌-133), രൂക്ഷഗന്ധമുള്ള വനപുഷ്പത്തിന്റെ ഇതളുകൾ ശിരസ്സിലേന്തി, ആകാശശരീരത്തിന്റെ വെണ്മകളിൽ നിറഞ്ഞ്‌ അയാൾ മറ്റൊരു ശിശുവായി (പേജ്‌-186), കാവ്യ ബോധത്തിന്റെ പരിധിയിലെങ്ങും വരാതെ, അവ വിരക്തിയുടെ ഏറ്റവും അദൃശ്യമായ ജീവിതത്തെ സിദ്ധാന്തവത്ക്കരിച്ചു (പേജ്‌-205), മഴയുടെ പുരോഹിതർ, ജലാത്മകമായ ഒരു യജ്ഞം (പേജ്‌-213), തൃഷ്ണകൾ നിറഞ്ഞ ചുണ്ടുകളുടെ ചമൽക്കാരം (പേജ്‌-223), ആത്മീയ നിരാഹാര വ്രതത്തോടെ ശലഭങ്ങൾ (പേജ്‌-229), അപാരതയുടെ പുംബീജം, നിഷ്കളങ്കതയുടെ പുനരുക്തി (പേജ്‌-236).

*******

സന്തോഷ് പാലാ  യു എസ് എ:  'കമ്മ്യൂണിസ്റ്റ് പച്ച' എന്ന കവിതാസമാഹാരം(ലിപി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ന്യുയോർക്കിൽ താമസം.

ജലഛായ വായിക്കുമ്പോൾ




എസ് ഭാസുരചന്ദ്രൻ 

മലയാള നോവലിൽ ഏറ്റവും പുതുതായി സംഭവിച്ച സമഗ്രമായ അട്ടിമറിയെന്ന് ശ്രീ എം.കെ.ഹരികുമാറിന്റെ 'ജലഛായ'യെ വിശേഷിപ്പിക്കാം. നോവലായി നിന്നുകൊണ്ട് അത് നോവൽ എന്ന കലാരൂപത്തെയും,  ജീവിതത്തിൽ നിന്ന് മെറ്റീരിയൽ സ്വീകരിച്ചുകൊണ്ട്  ജീവിതത്തെയും കാലുവാരിയിരിക്കയാണ്. 

പരമ്പരാഗതമല്ലാത്ത ഉറവിടങ്ങളിൽ എണ്ണഖനനം നടത്തുന്ന മുങ്ങിക്കപ്പലിനെ ഓർമ്മിപ്പിക്കുന്ന നോവലാണിത്.അമേരിക്കൻ കവി വാൾട്ട് വിറ്റ്മാൻ ആഴക്കടലിലേക്ക് പറഞ്ഞുവിട്ട കവിയെപ്പോലെ ഓരോ അദ്ധ്യായത്തിനൊടുവിലും ചോരച്ച കണ്ണുകളുമായി നോവലിസ്റ്റ് മാത്രമല്ല വായനക്കാരനും പുറത്തുവരുന്നു.അവരെ സ്വീകരിക്കാൻ ഓരോ അദ്ധ്യായാന്ത്യത്തിലും ശലഭങ്ങളുടെ ഒരു കളിസ്ഥലം ഒരുക്കിയിരിക്കുന്നു.കഠിനവും പരതന്ത്രവുമായ ചരിത്രത്തെ കാലത്തിന്റെ അപരിമേയ വിശാലതയിലേക്ക് തുറന്നുവിടുന്ന അനുഭവമാണ് ഈ ശലഭസ്പർശം നമുക്ക് നൽകുന്നത്.


ജലഛായ  എന്ന ശീർഷകം പേറുന്ന ഈ നോവലിൽ ജലച്ചായവും ഉണ്ട്.നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ ലൂക്ക് ജോർജ് എന്ന നോവലിസ്റ്റിനെ , അയാളെപ്പറ്റി നോവലെഴുതാൻ ഉദ്ദേശിക്കുന്ന ജോർദ്ദാൻ എന്ന പെൺകുട്ടി ഇന്റർവ്യു ചെയ്യുകയാണ്.ഇത്രയുമായപ്പോൾ തന്നെ
ഹരികുമാറിനെ ചേർത്ത് നോവലിസ്റ്റുകളുടെ എണ്ണം മൂന്നായി. സുവിശേഷപ്രസംഗം നടത്തിക്കഴിഞ്ഞിരുന്ന  ലൂക്ക് ജോർജ് - അയാൾക്കാണെങ്കിൽ തെരുവോരങ്ങളിൽ നിന്ന് താൻ അവതരിപ്പിക്കുന്ന ദൈവത്തിൽ വിശ്വാസമില്ല;കാര്യങ്ങൾ തകിടം മറിയുന്നത് നോക്കുക.നാളത്തെ നോവലിസ്റ്റും ഇന്നത്തെ നോവലിസ്റ്റും തമ്മിലുള്ള അഭിമുഖങ്ങളാണ് ഓരോ അദ്ധ്യായവും ;എന്നുവച്ച് സാഹിത്യപരവും കഥാപരവും കഥാപാത്രപരവുമായ കാര്യങ്ങൾ മാത്രം സംസാരിച്ച് അദ്ധ്യായങ്ങളെ സമാധാനദ്വീപുകളാക്കുകയല്ല ഹരികുമാർ.

കീഴാളർ എന്ന് വിളിച്ച് മാധ്യമങ്ങൾ നിരന്തരം കൂട്ടബലാൽസംഗം ചെയ്യുന്ന പെണ്ണാളുകളുടെയും പരസ്യ ചാട്ടവാറടി നൽകുന്ന ആൺപിറന്നവരുടെയും ഗതകാല തലമുറകൾ  രക്തവും മാംസവും മുതലിറക്കി ജീവിച്ച ജീവിതത്തിലാണ്  ജലഛായ  മുങ്ങാങ്കുഴിയിടുന്നത്.

കുരുമുളകു മരണങ്ങൾ എന്ന  അദ്ധ്യായം ചരിത്രത്തിൽ സൂചികുത്താൻ ഇടം കിട്ടാത്തതിനാൽ നോവലിലേക്ക് ഓടിക്കയറിയിരിക്കുന്ന അഭയാർത്ഥികളുടെ കൂടാരമാണ്.നിങ്ങളുടെ കഥാകൗതുകങ്ങളെയല്ല ഈ നോവൽ അഭിസംബോധനചെയ്യുന്നത്. എന്നിട്ട് എന്ത് സംഭവിച്ചു എന്ന മൂന്നാംകിട ഉത്കണ്ഠയെ മറികടന്നശേഷമാണ്  ഈ നോവൽ അജയ്യമായ അതിന്റെ അക്ഷരയാത്ര നടത്തിയിരിക്കുന്നത്.

ശില്പസൗകുമാര്യം ഫ്യൂഡലിസമാണെന്നും ഏറ്റവും മികച്ച അവസ്ഥയിൽ അത് സ്റ്റാലിനെയും ഹിറ്റ്ലറെയും ഞെട്ടിക്കുന്ന ഫാസിസ്റ്റാണെന്നും ജലഛായയുടെ ശകലിതമായ വൃന്ദവാദ്യം(Fragmented Orchestra)  )   തെളിയിച്ചിരിക്കുന്നു.
ഒരൊറ്റക്കാഴ്ചകൊണ്ട് വായനക്കാരനു വിശപ്പടക്കാൻ കഴിയാത്ത നോവലാണിത്.അത് വായനയുടെ ഒരു ബഹുനയനത്വം (Compound Eye ) ആവശ്യപ്പെടുന്നു.മലയാള നോവലിന്റെ ഏറ്റവും വലിയ പ്രശ്നം , നമ്മുടെ ചെല്ലപ്പെട്ട നോവലിസ്റ്റുകളിൽ  മിക്കവരും
വെറും വൈകാരികത കൊണ്ടാണ്  നോവൽ എഴുതുന്നത് എന്നതാണ്.  ആ സാധനങ്ങളിൽ പലതിനെയും തുടർക്കഥ എന്നാണ്  വിളിക്കേണ്ടത്.നോവൽ അതിന്റെ ഏറ്റവും ഉത്തുംഗമായ അവസ്ഥയിൽ ബുദ്ധിരാക്ഷസന്റെ കലയാണ്. ഇക്കാര്യം വ്യക്തമാവാൻ 'കാരമസോവ് സഹോദരന്മാർ'   മാത്രം ഓർത്താൽ മതി.'ഖസാക്കിന്റെ ഇതിഹാസം' അതിനു തൊട്ടുമുൻപുള്ള കേളിപ്പെട്ട നോവലുകളിൽ മിക്കതിനെയും പഴഞ്ചരക്കാക്കിയതുപോലെ , 'ജലഛായ' ഇതിഹാസശേഷം വന്ന ഒട്ടേറെ  മലയാള നോവലുകളുടെ വാതിലുകൾ നരിച്ചീറുകൾക്കായി തുറന്നിടുന്നു.ഇനിയും പഴയതായി തുടരണമോ പുതുതായി പരിണമിക്കണമോ  എന്ന് ജലഛായയുടെ മുന്നിൽ നിന്ന് മലയാള നോവലിനു അടിയന്തരമായി തീരുമാനമെടുക്കേണ്ടിവരും.

Sunday, February 2, 2014

aksharajalakam

AKSHARAJALAKAM ,LAKKAM 13/ PAGE 1- feb 2-feb 9 /2014



അക്ഷരജാലകം  click here

















The world is neither meaningful, nor absurd. it quite simply is, and that, in any case, is what is so remarkable about it.
 Alain Robbe-Grillet, ഫ്രഞ്ച് നോവലിസ്റ്റ്


















Literature takes a habit of mind that has disappeared. It requires silence, some form of isolation, and sustained concentration in the presence of an enigmatic thing.

Philip Roth, എഴുത്തുകാരൻ അമേരിക്കൻ

 കിം കി ഡുക്കിന്റെ സിനിമാതത്വവിചാരങ്ങൾ

ഇതിനിടെ  സൗത്ത് കൊറിയൻ സംവിധായകനായ കിം കി ഡുക്കിനെപ്പറ്റി ധാരാളം കുറിപ്പുകൾ   ഞാൻ മലയാളത്തിൽ വായിച്ചു. എനിക്കൊന്നും തൃപ്തിയായില്ല. എന്താണ് ഡുക്ക് തന്റെ ചിത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് മാത്രം ആ ലേഖനങ്ങിൽ നിന്ന് കിട്ടിയില്ല.

കിം കി ഡുക്ക് എന്ന പേരിൽ 67 സിനിമകൾ ചെയ്ത മറ്റൊരു സംവിധായകൻ സൗത്ത് കൊറിയയിലുണ്ട്.അദ്ദേഹം ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല, ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴിൽ വിരമിച്ചു.
സറിയലിസത്തിന്റെയും ഭീതിയുടെയും കവിതയുടെയും തലത്തിൽ നിന്നുകൊണ്ട് മനുഷ്യന്റെ ജന്മവാസനകളിലേക്കും ചരിത്രത്തിലേക്കും സഞ്ചരിക്കുകയാണ് ഈ പുതിയ ഡുക്ക് . ഒന്നും നാം പുറമേ കാണുന്നതുപോലെയല്ല, അല്ലെങ്കിൽ നാം കാണുന്നതു തന്നെ മറ്റൊരവസരത്തിൽ  സൂക്ഷ്മമായി വീണ്ടും കാണേണ്ടതുണ്ട്.


റിയൽ ഫിക് ഷൻ,
ക്രൊക്കഡൈൽ,
ബാഡ് ഗൈ,
 ദ് ഐസിൽ,
അഡ്രസ്സ് അൺനോൺ ,
ഡ്രീം, പീത്ത,
മോബിയസ്,
തുടങ്ങിയവയാണ് ഡുക്കിന്റെ പ്രധാന ചിത്രങ്ങൾ

കിം കി ഡുക്കിന്റെ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)എന്റെ സിനിമകൾ ആരംഭിക്കുന്നതു തന്നെ ഈ ലോകത്തോടുള്ള വെറുപ്പിൽ നിന്നാണ്.ഇതു പക്ഷേ, ഏതെങ്കിലും വ്യക്തിയോടല്ല, എന്റെ ജീവിതം എനിക്കു തന്ന വികാരമാണിത്.
2)ചില കാര്യങ്ങൾ എനിക്കു മനസ്സിലാകുന്നില്ല, അതുകൊണ്ട് ഞാൻ അതിനെപ്പറ്റി സിനിമയെടുക്കുന്നു.

3)നമ്മൾ എല്ലാവരും മനുഷ്യരായി ജനിച്ചു; എന്നാൽ മുതിർന്നതോടെ നാം പല തട്ടുകളിൽ ഒതുങ്ങിപ്പോകുന്നു, നമുക്കു ഒരുമിച്ച് നീങ്ങുക എന്നത് അസാധ്യമായിരിക്കുന്നു. ഇത് എന്നെ ആധിപിടിപ്പിക്കുന്നു.
4)മനുഷ്യർ പരസ്പരം ബഹുമാനിക്കണം; പണമോ ,സൗന്ദര്യമോ, വർഗ്ഗമോ തടസ്സമാകരുത്.
 5)എന്റെ സിനിമകളിലെ ചില കഥാപാത്രങ്ങൾ നിശ്ശബ്ദരാകുന്നത് അവർക്കൊന്നും തന്നെ വിനിമയം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്.അവർ മനസ്സിൽ അഗാഥമായി മുറിവേറ്റവരാണ്.അവരെ പലരും പറഞ്ഞ് ചതിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ എന്തു സംസാരിക്കും? അക്രമം എന്നത് ഒരു ശാരീരിക പ്രതികരണമായാണ് ഞാൻ കാണുന്നത്.
6)ഒന്നും ചെയ്യാൻ സാധിക്കാതെ വെറുതെ കാഴ്ചക്കാരായി നിന്ന് മുറിവുകൾ ഏറ്റുവാങ്ങുകയാണ് പുതിയ തലമുറ.മറ്റുള്ളവർ ഉണ്ടാക്കിയ വ്രണപ്പാടുകളാണ് അവരുടെ ശരീരം നിറയെ.
7)സൈന്യത്തിൽ സേവനം അനുഷ്ടിച്ചപ്പോൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നെ വെറുതെ മർദ്ദിച്ചിട്ടുണ്ട്.ഒന്നും മിണ്ടാതെ എല്ലാം സഹിക്കാനേ കഴിയൂ. ഒരു സംവിധായകനായപ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ്.


8)ആൺ പെൺ ബന്ധങ്ങളിൽ പെണ്ണിനു ഒരു മേൽക്കൈ ഉണ്ടെന്നാണ് എന്റെ മതം. ആണിനെ പ്രലോഭിപ്പിക്കുന്ന ചിലത് പെണ്ണിന്റെ കൈയ്യിലുണ്ട്.അതിനു വേണ്ടി ആണുങ്ങൾ പണം മുടക്കാനും തയ്യാറാവും. പണം കൈമാറുന്നില്ലെങ്കിൽ പോലും ആൺ - പെൺ ബന്ധത്തിൽ വ്യഭിചാരത്തിന്റെ ഘടകമുണ്ട്.
9) യൂറോപ്യൻ സമൂഹങ്ങളിൽ ആൺ പെൺ കലഹങ്ങൾ കുറഞ്ഞു വരുകയാണ്. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴും  കുടുംബങ്ങൾ തകർക്കുന്ന വഴക്കുണ്ട്. അത് അവിടെയുള്ള സിനിമകളിലും പ്രതിഫലിക്കും.
10)എന്റെ 'ബാഡ് ഗൈ' എന്ന ചിത്രം കണ്ട് കുറെ ഫെമിനിസ്റ്റുകൾ വിമർശിച്ചു. എന്നാൽ ആ ചിത്രം കണ്ട തൊണ്ണൂറു ശതമാനം പേരും സ്ത്രീകളായിരുന്നു.ആ സിനിമയിലെ പ്രശ്നം കിം കി ഡുക്ക് ഉണ്ടാക്കിയതല്ല; അതു നമ്മുടെ സമൂഹത്തിലെ ജീവിക്കുന്ന പ്രശ്നമാണ് എന്നു മനസ്സിലാക്കിയാൽ ചിത്രം ആസ്വദിക്കാനാവും.

ഏകാത്മകലോകത്തിൽ നിന്ന് അവനവന്റെ സ്വച്ഛന്ദലോകത്തിലേക്ക്

മുമ്പ് നമ്മുടെ ആദർശം ലോകത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുക എന്നതായിരുന്നു.ഒരു കുയിൽ പാടിയാൽ പോലും അത് അനശ്വരതയുടെ അടയാളമായി കാണുമായിരുന്നു.
ഒരു വസ്തുവിനെയും സ്വതന്ത്രമായി വിടാതിരിക്കുക എന്നതാണ് നമ്മുടെ ഏകാത്മകതയുടെ ലക്ഷ്യം. എല്ലാറ്റിനെയും നാം ഒരിടത്ത് തളയ്ക്കുന്നു. അതിനായി എല്ലാറ്റിന്റെയും സ്വഭാവം നശിപ്പിക്കുന്നു. ഒന്നിനും അതിന്റെ ലോകം അനുവദിക്കില്ല. അല്ലെങ്കിൽ ഓരോന്നിന്റെയും ശബ്ദം നമ്മുടെ നിയന്ത്രിതവും ലക്ഷ്യവേധിയുമായ ജീവിതത്തിനുള്ളിൽ വന്ന് സമാധിയടയുന്നു. വ്യക്തിനിഷ്ടതയോ വസ്തുനിഷ്ടതയോ ഇല്ല; പകരം ഒരു കേന്ദ്രം എന്ന തത്ത്വംമാത്രമാണ് ശേഷിക്കുന്നത്.


എല്ലാറ്റിന്റെയും കേന്ദ്രം ഒന്നാണെങ്കിൽ വ്യതിരിക്തത ഉണ്ടാകില്ല.ഏകകേന്ദ്രം എന്ന ആശയത്തിൽ നിന്ന് ഏകസത്യം എന്ന അന്തിമബിന്ദുവിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്.ഏകാത്മകതയുടെ ലോകത്ത് ജീവികൾക്ക് സുവിശേഷമില്ല. ഒരു കേന്ദ്രം മാത്രമുള്ള ലോകം മാത്രമാണ് സംസാരിക്കുന്നത്.
ഏകാത്മകതയിൽ സംസ്കാരത്തിനു ഒരു കേന്ദ്രവും ഒരർത്ഥവുമാണുണ്ടാവുക.വിഭിന്നതയോ തർക്കമോ ഇല്ല. സംവാദമില്ലെങ്കിൽ മനുഷ്യനുണ്ടോ?.

ആദിമധ്യാന്തവും സോദ്ദേശ്യതയും ഒരു ശാപമായി മാറുകയാണ്. ഏതൊരു ശബ്ദത്തിനും ഒരു പദ്ധതിയുണ്ടാകണമെന്ന് ഏകാത്മകദർശനം അനുശാസിക്കുന്നു.വിപരീതങ്ങളെ അതു കാണുന്നേയില്ല. അതുകൊണ്ടുതന്നെ സംഭാഷണങ്ങൾക്കെല്ലാം ഒരേയൊരു അർത്ഥമേ കാണൂ.അനുഭവങ്ങൾ വ്യക്തിയുടെ സ്വന്തമാണെന്നും അത് വ്യക്തിയുടെ ധനമാണെന്നും വ്യാഖ്യാനിക്കുന്നു.

എന്നാൽ ഇന്നു ഏകാത്മകമായ ഒരു ലോകം കാണാനേയില്ല.ലോകത്തിന്റെ ഏതുകോണിലുള്ളവനും വിചാരിക്കുന്നു, തന്റെ കണ്മുന്നിലുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്യമെന്ന്.ഒരോന്നിനും ലോകത്തേക്കാൾ വലിയ പ്രതിച്ഛായ ലഭിക്കുന്നു.മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവനേക്കാൾ വിലയാണ്. ഓർമ്മകൾക്ക് നല്ല വിലയുണ്ട്. ഓർമ്മകളെ ഏകപക്ഷീയമായി വിശദീകരിച്ചാൽ വായിക്കാൻ ധാരാളം പേരുണ്ടാവും.സ്വപ്നങ്ങൾ ജീവിക്കാൻ മാത്രമുള്ളതല്ല; അതു മറ്റുള്ളവർക്ക് വായിക്കാനും ആസ്വദിക്കാനുമുള്ളതാണ്.

 സ്വന്തം അഭിലാഷങ്ങൾ യാഥാർത്ഥ്യമാകാൻ തടസ്സം നിൽക്കുന്നത് താൻ തന്നെയാണെങ്കിൽ അത് ഒരാത്മഹത്യയിലാകും കലാശിക്കുക.അപരനാണെങ്കിൽ ചിലപ്പോൾ ഒരു കൊലപാതകമുണ്ടാകാം.എല്ലാം പ്രതിച്ഛായകളായി രൂപാന്തരം പ്രാപിക്കുന്നു.ഒരിടത്തും ജീവിതമില്ല.തറയിലേക്ക് മഞ്ചാടിക്കുരുവിന്റെ പാത്രം മൂടി തുറന്ന് വീണതുപോലെ ഒന്നിനും ഒരു യുക്തിയുമില്ലാതായിരിക്കുന്നു.

വ്യക്തി ,സ്ഥാപനങ്ങൾ എല്ലാം പ്രതീതിയും പ്രതിച്ഛായയുമാണ്.യഥാർത്ഥത്തിൽ അവ നിലനിൽക്കുന്നുണ്ടോ?നിലനിൽക്കുന്നത് സ്വന്തം പ്രതിച്ഛായയുടെ അതിജീവനത്തിനു വേണ്ടിയാണ്.ഒരു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ മാതാപിതാക്കളെ മറന്ന് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്ന ഒരു കുട്ടിക്ക് പ്രതിച്ഛായ അല്ലാതെ മറ്റെന്താണുള്ളത്?

ആകാശത്തിന്റെ ഒരു നിമിഷം










പ്രസംഗം
പ്രസംവേദികളിൽ സാഹിത്യകാരന്റെ ശബ്ദം നേർത്ത് ദുർബ്ബലമായിരിക്കുന്നു.സൗജന്യമായി ഒരു പൊള്ളയായ പ്രസംഗം നൽകാൻ നേതാക്കൾ റെഡി.
എഴുത്തുകാരൻ
ഒരു പുസ്തകവും വായിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കഥാകൃത്ത് തന്നെ വേദിയിൽ വന്ന് വിളംബരം ചെയ്യുന്നു!
പുസ്തകം.
എഴുത്തുകാരനു സ്വന്തം പുസ്തകത്തിന്റെ പരസ്യജോലി കൂടി ഏറ്റെടുക്കേണ്ടിവരുന്നു.
കൂത്താട്ടുകുളം മേരിജോൺ
കൂത്താട്ടുകുളം മേരിജോണിന്റെ അനുസ്മരണ ചടങ്ങിൽ മേരിജോണിനെക്കുറിച്ച് ഒന്നും തന്നെ പറയരുത്!

സി.ജെ.തോമസ്
കൂത്താട്ടുകുളത്ത് സി.ജെ.തോമസിന്റെ പേരിലുള്ള സ്മാരകപ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പൗര പ്രമുഖൻ അവിടെ വന്ന് ഹാളിനു മുന്നിലുണ്ടായിരുന്നവരോട്  ചോദിച്ചു: സി. ജെ. വന്നില്ലേ?

ഒന്നാംകിട
ഏതു സാഹിത്യത്തെയും ഒന്നാംകിടയാക്കാൻ ചിലർക്ക് സ്വന്തം പാരിതോഷികങ്ങളുണ്ട്.
പത്രങ്ങൾ
പത്രങ്ങൾ യാഥാർത്ഥ്യത്തെ എങ്ങനെ കാണുന്നുവോ അതു മതി ഒരു കഥ എഴുതാനും എന്ന് ചിന്തിക്കുന്നവർ ഏറിയിരിക്കുന്നു.
കവി
കവിയുടെ കയ്യിൽ പരമ്പര്യമേയുള്ളു;അത് മനസ്സിലാക്കി വായനക്കാരൻ സഹായിച്ചുകൊള്ളും.
വ്യാഖ്യാനം
പാരമ്പര്യത്തെ വെറുക്കുന്ന കവിയെ വ്യാഖ്യാതാക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും!

എഴുത്തുകാരൻ
പാവം, ഒരു നേതാവില്ലാതെ വലയുകയായിരുന്നു, പ്രവർത്തിക്കാൻ പാർട്ടിയില്ലാതെ നട്ടം തിരിയുകയായിരുന്നു.

അവാർഡ്
'എനിക്കൊരു അവാർഡ് തന്നാൽ നിനക്ക് ഞാനൊരു അവാർഡുതരാം' എന്ന് സാഹിത്യരംഗത്തെ മിക്ക  നല്ലവരും  നിഷ്കളങ്കമായിതന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

കാഫ്ക എന്ന ലോകത്തിന്റെ വിവർത്തനം ഏറ്റെടുത്തവർ


ഫ്രാൻസ് കാഫ്കയുടെ വിവർത്തകന്മാർ എങ്ങനെ നമ്മുടെ കാഫ്കാവായനയെ സ്വാധീനിച്ചു എന്ന അനേഷണമാണ്   മിഷെൽ വുഡ്സിന്റെ കാഫ്ക ട്രാൻസ്ലേറ്റഡ്. ജർമ്മൻ ഭാഷാ വിദ്ഗ്ദ്ധയായ വുഡ്സ് നേരത്തെ മിലാൻ കുന്ദേരയുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.

നമുക്കറിയാവുന്നതുപോലെ കാഫ്കയുടെ ജീവിതത്തിന്റെ വലിപ്പം അദ്ദേഹം മരിച്ചതിനുശേഷമാണ് ലോകം അറിഞ്ഞത്.ജീവിച്ചിരുന്നപ്പോൾ സ്വന്തം കൃതികൾ പ്രസിദ്ധികരിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു.ആകെ  മൂന്നു രചനകൾ മാത്രമാണ് അന്ന് വെളിച്ചം കണ്ടിരുന്നത്. ക്ഷയരോഗബാധിതനായി കിടക്കുമ്പോൾ തന്റെ സുഹൃത്ത് മാക്സ് ബ്രോഡിനോട് അദ്ദേഹം പറഞ്ഞത് , എഴുതി പൂർത്തിയാക്കി വച്ചിരിക്കുന്നതും അപൂർണമായതുമെല്ലാം കത്തിച്ചു കളയണമെന്നാണ്.കാഫ്കയുടെ മരണശേഷം ബ്രോഡ് ആ രചനകളെല്ലാം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതു വാർത്താ പ്രാധാന്യം നേടി.പിന്നീട് നാം കാണുന്നത്, ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും വ്യത്യസ്തമായി സാഹിത്യം എഴുതിയത് കാഫ്കയാണെന്ന് മികച്ച വായനക്കാരും എഴുത്തുകാരുമെല്ലാം അംഗീകരിക്കുന്ന കാഴ്ചയാണ്.ഇന്ന് ഏറ്റവും ഗൗരവത്തൊടെ സാഹിത്യ രചന നടത്തുന്നവരെല്ലാം കാഫ്കയ്ക്കുള്ള 'കപ്പം'കൊടുക്കാൻ ഉൽസാഹം കാണിക്കുകയാണ്.
മാക്സ് ബ്രോഡ്

മിഷേൽ വുഡ്സ് , കാഫ്ക വിവർത്തനങ്ങളിലെ നാൾവഴികളെയും പ്രമുഖ വ്യക്തികളെയും ഇവിടെ ഓർക്കുന്നു.വില്ലാ മ്യൂർ(Willa Muir), മാർക്ക് ഹാർമാൻ(Mark Harman),മിലേനാ ജെസങ്കി(Milena Jesenki), തുടങ്ങിയവരുടെ സംഭാവന എടുത്തു പറയുന്നു. കൂറ്റ്സെ(J M Coetzee ) തുടങ്ങിയ എഴുത്തുകാർ ബ്രോഡിനെയും ചില വിവർത്തകരെയും വിമർശിക്കുന്നതും സൂചിപ്പിക്കുന്നുണ്ട്. കാഫ്കയുടെ കൃതികൾ എഡിറ്റ് ചെയ്തതാണ് ബ്രോഡിനെതിരായ കുറ്റം.
 
ആബിദ് സൂർത്തി വെള്ളം പാഴാക്കാതിരിക്കാൻ ഓടിനടക്കുന്നു.

ദേശീയ അവാർഡ് നേടിയ ഗുജറാത്തി,ഹിന്ദി എഴുത്തുകാരനായ ആബിദ് സൂർത്തിയെപ്പറ്റി വി.കെ.ഷറഫുദ്ദീൻ എഴുതിയ ലേഖനം വിശകലനം മാസിക(ജനുവരി)യിൽ വായിച്ചു. ആക്ടിവിസത്തിനു പുതിയൊരു  വാതിൽ അദ്ദേഹം തുറന്നിടുന്നു.
മലയാള എഴുത്തുകാർക്ക് ഒരു പാർട്ടിയിൽ ചേർന്നാലേ രാഷ്ട്രീയം വരൂ.

എന്നാൽ സൂർത്തിയെ നോക്കൂ.
'' ആബിദ് സൂർത്തി എട്ടു വർഷമായി മുംബൈയിലെ വിവിധ ഗല്ലികളിലെ വീടുകളിൽ കയറിയിറങ്ങി കുടിവെള്ളം പാഴായിപ്പോകുന്ന ടാപ്പുകൾ ഉറപ്പിച്ചുകൊടുക്കുന്നു.ഫ്ലാറ്റുകളിലും മറ്റു പാർപ്പിടങ്ങളിലും താമസക്കാർ പകൽസമയത്തുണ്ടാവുക, ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണല്ലോ.സർഗ്ഗസപര്യപോലെ  പ്രധാനമാണ് സാമൂഹിക സേവനവും.പ്രതിബദ്ധതയും മനുഷ്യസ്നേഹവും അവധി ദിവസങ്ങളിൽ ഉച്ചഭാഷിണിക്കുമുന്നിൽ ഉരുക്കഴിക്കാൻ മാത്രമുള്ളവയല്ല.ഓരോ ഞായറാഴ്ചയും ഓരോ തെരുവിലൂടെ നടന്ന് ടാപ്പ് ഉറപ്പിക്കാനുണ്ടോ എന്ന് സാഹിത്യകാരൻ വിളിച്ചു ചോദിക്കും.അറിയപ്പെടുന്ന ചിത്രകാരൻ കൂടിയായ ആബിദ് ഏൺപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.'' ഷറഫുദ്ദീൻ എഴുതുന്നു.

സൂഫി, ബ്ലാക് ബുക്ക് എന്നിവയാണ് സൂർത്തിയുടെ പ്രശസ്ത രചനകൾ.
പറവൂർ ഗോപാലകൃഷ്ണൻ
ഭിലായിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സമഷ്ടി' മാസികയിൽ(ജനുവരി) പറവൂർ ഗോപാലകൃഷ്ണൻ , നെൽസൻ മണ്ഡേലയെക്കുറിച്ച് എഴുതിയ കവിത(മണ്ഡേലയ്ക്കൊരു ഗാനം, )ഇങ്ങനെ വായിക്കാം:
നരച്ച നത്തുകൾ ഹുങ്കാരവുമായ്
ഭരിച്ചൊരിരുളിൻ പൊത്തുകളിൽ
കരുത്തിനിരയായി മോചനദാഹികൾ
മരിച്ചുവീണൊരു തെരുവുകളിൽ
ഉതിർന്നു  വീണൊരു തീരത്തിൽ നി-
ന്നുയർന്നു വന്നൊരു സന്ദേശം
ഉറക്കെ മോചനഗീതികളാക്കി
പറന്നു പാടീ പൈങ്കിളികൾ

കവിത എന്ന നിലയിൽ ഗോപാലകൃഷ്ണൻ നന്നായി ഫലം തരുന്നു.
പക്ഷേ , ഈ പദാവലിയും ഒഴുക്കും അനായാസതയും മണ്ഡേലയുടെ ജീവിതത്തിനോ സമരത്തിനോ ഇല്ലായിരുന്നു.
കവിതയുടെ പദബോധവും ജീവിതാഭിമുഖ്യവും മണ്ഡേലയിൽ നിന്ന് വേർപെട്ടു നിൽക്കുന്നു.

കവിത അതിന്റെ വഴിക്കും കറുത്തവരുടെ നേതാവ് മറ്റൊരു വഴിക്കും എന്ന നിശിതമായ സത്യം അവശേഷിക്കുന്നു.
മണ്ഡേലയ്ക്ക് ഇങ്ങനെ ഒഴുകിയിറങ്ങുന്ന ജീവിതത്തിനുള്ളിൽ ഒളിപ്പിക്കാവുന്ന ഒന്നല്ല തന്റെ സന്ദേശവും പോരാട്ടവും. ഈ കാലഘട്ടത്തിലെ കവികൾ നേരിടുന്ന ഒരു പൊതു പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിച്ചു എന്നു മാത്രം.
കേരളയുവതിയിൽ തോമസ് മാത്യൂ
വൈ എം സി എ യുടെ മുഖപത്രമായ 'കേരളയുവത'യിൽ ചീഫ് എഡിറ്റർ പ്രൊഫ. തോമസ്  മാത്യൂ എഴുതുന്ന എഡിറ്റോറിയൽ കുറിപ്പുകളിൽ നിശിതമായ സാമൂഹ്യ വിമർശനവും നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ആദർശത്തെക്കുറിച്ചുള്ള വിഷാദവും പ്രസരിക്കുന്നുണ്ട്.


ഒരു ഭാഗം നോക്കൂ:എന്തിനു ഈ മറവും ഒളിവും എന്ന് കരുതി തങ്ങൾക്കു വേണമെന്നു തോന്നുന്നതെല്ലാം കരുത്തുകൊണ്ട് നേടിക്കളയാം എന്നു നിനച്ചവരുടെ വീരചരിതങ്ങൾ പാടി നിറയ്ക്കുകയാണ് മാധ്യമധർമ്മം എന്ന് ഇപ്പോൾ സമർത്ഥിക്കപ്പെട്ടിരിക്കുന്നു.
തലങ്ങും വിലങ്ങും പീഡനകഥകൾ  വർണ്ണങ്ങൾ ചാർത്തി ഒരുക്കിയിറക്കുന്നതിൽ ഓരോന്നും മൽസരിച്ചുകൊണ്ടിരിക്കുന്നു.എല്ലാ മറകളും ഉപേക്ഷിക്കാം, ധീരന്മാരായി ജീവിക്കാം എന്ന ആദർശത്തിലേക്കാണ് പുരോഗതി.അധികാരങ്ങളും പദവികളും ഇരകളെ കുടുക്കാനുള്ള സംവിധാനങ്ങളായി മാറുന്നു.

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.

അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.
ഒഴുകുമ്പോൾ ഗൃഹാതുരത്വമില്ല.
ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്?
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്റെ
ജീവനെന്ത്‌ കാര്യം?

AKSHARAJALAKAM , LAKKAM 13, PAGHE 2- അജയ്ശേഖർFEB 2-FEB 9/2014

അക്ഷരജാലകം click here

















Language fits over experience like a straight jacket.

William Golding,ഇംഗ്ലീഷ് നോവലിസ്റ്റ്




















The solitude of writing is also quite frightening. It's quite close to madness, one just disappears for a day and loses touch.”

Nadine Gordimer, ദക്ഷിണാഫിക്കൻ എഴുത്തുകാരി


സാഹിത്യത്തിന്റെ പ്രമാണികത്വത്തിനു എന്തു സംഭവിച്ചു?

ഡോഗ്മ, സ്പൂരിയസ്, എക്സോദസ് എന്നി നോവലുകൾ എഴുതിയ ഇംഗ്ലിഷ് തത്ത്വചിന്തകനും  അദ്ധ്യാപകനുമായ ലർസ് അയർ(Lars Iyer) സമീപകാലത്ത് സാഹിത്യത്തിന്റെ വീക്ഷണത്തെ അതിരുകൾ ഭേദിച്ച് പുറത്തുചാടിച്ച പ്രതിഭാശാലിയാണ്.
ലാർസിന്റെ ചില ആലോചനകൾ ഇവിടെ അവതരിപ്പിക്കുന്നു.


1)സാഹിത്യരചനയുടെ പരിചിതമായ ഒരു ഭാഗം ,പാരമ്പര്യം അവസാനിച്ചു.
2)ഇതിന്റെ സൂചനയായി  പുതിയ എഴുത്ത് ആരംഭിക്കുകയാണ്.
3)സാഹിത്യത്തിന്റെ പലശാഖകളും മരിച്ചു.
4)സാഹിത്യത്തിനു ഈ മരണം എപ്പോഴും നേരിടേണ്ടി വരുന്നുണ്ട്.
ഈ 'അവസാനിക്കൽ' എന്നും ഉണ്ടാകും.
5)ഒരു വിപ്ലവ പ്രസ്ഥാനം സാഹിത്യത്തിൽ വരുമ്പോൾ അത് പരമ്പരാഗതമായി നിലനിന്ന സ്ഥാനക്രമങ്ങൾ പുനരേകീകരിക്കുന്നു.
എന്നാൽ സാഹിത്യത്തിലെ ഒരു പോലീസിനെയും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവർ, അതേസമയം പുതിയൊരു പോലിസിനെ സൃഷ്ടിക്കുന്നു.
6)പോലീസുകാർ ഇല്ലാതാവുമ്പോൾ, അതിർത്തിയിൽ ആരും ഇല്ലാതാവുമ്പോൾ ഒരു മരവിപ്പ് പ്രകടമാവും, അരാജകത്വം സംഭവിക്കും.

7)അതിർത്തി മറികടക്കുന്നതിനു കൃത്യമായ നിയമം ഇല്ലാത്തതുകൊണ്ട്, ഒരു നിയമലംഘനപ്രസ്ഥാനത്തിനു പ്രസക്തി കിട്ടുകയില്ല.
8)എന്നാൽ പുറംലോകത്തെ തടയാൻ കഴിയുന്ന, സ്വയം സമ്പൂർണമായ സാഹിത്യം എവിടെയുമില്ല.
9)സാഹിത്യത്തിന്റെ പ്രാമാണികത്വം  ഇല്ലാതായി.
10)സാഹിത്യത്തിന്റെ ഭവനത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നു.
11)എന്തൊക്കെയോ സാഹിത്യത്തെ ആധിപിടിപ്പിക്കുന്നു.
12)പ്രാമാണികത്വം ഇല്ലാതായതിനോടുള്ള പ്രതികരണമായിരുന്നു ആധുനികത.ഇന്ന് ഒരു മാതൃകയില്ല.ഇന്നു ആരെയും അനുകരിക്കാൻ കഴിയില്ല.
13)ഇന്നത്തെ എഴുത്ത് അനാഥമാണെന്ന് പറയാനാവില്ല.പുതിയ എഴുത്തുകാരനു സാഹിത്യം അതിന്റെ അധികാര കേന്ദ്രങ്ങൾ തിരിച്ചുതരുന്നുവെന്ന് ഞാൻ വിചാരിക്കുന്നു.
14)എന്നാൽ പൊതുവിൽ അങ്ങനെയൊരു അധികാരകേന്ദ്രം കാണാനുമില്ല. ഈ  കാലത്ത് സാഹിത്യം അപ്രത്യക്ഷമാകുകയാണ്. അതാരും കാണുന്നില്ലെന്നു മാത്രം.മിലാൻ കുന്ദേര ചൂണ്ടിക്കാണിച്ചതുപോലെ സാഹിത്യത്തിന്റെ ഈ അവസാനം ആരും പ്രവചിക്കേണ്ട കാര്യമൊന്നുമില്ല; അതിന്റെ അവസാനം പോലെ   നിശ്ശബ്ദമായ മറ്റൊന്നും തന്നെ കാണില്ല.
15)ഇന്നത്തെ സാഹിത്യം ഈ അപ്രത്യക്ഷതയെതന്നെ കരുവാക്കണം.ഭൂതകാലത്തിന്റെ അലട്ടലുകൾ ഉണ്ടായിരിക്കണം; ഭാവിയുടെ നഷ്ടപ്പെടലും.എഴുത്തിൽ അതിന്റെ കാലഹരണപ്പെടലും , പാർശ്വവൽക്കരണവും തന്നെ പ്രധാന അടയാളങ്ങളാവുകയാണ്.

സെക്സിനെപ്പറ്റി അവർ പറയുന്നു:

1)പ്രണയമില്ലാത്ത സെക്സ് ശൂന്യമാണ്;സെക്സില്ലാത്ത പ്രണയമാകട്ടെ വിഡ്ഡിത്തവും.
ഹണ്ടർ എസ് തൊമ്പ്സൊൻ
2)വീട്ടിലെ തറ തുടച്ചതുകൊണ്ട് ഒരു പെണ്ണിനും ലൈംഗികമൂർച്ഛ ഉണ്ടാകില്ല.
ബെറ്റി ഫ്രീഡ്മാൻ
സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇതാണ്: സെക്സ് എല്ലാ ടെൻഷനും മാറ്റിത്തരും; എന്നാൽ പ്രണയം ടെൻഷനുണ്ടാക്കും.
വൂഡി അല്ലൻ
3)നന്നായി പ്രണയിക്കുന്നതിനു പകരം പൂർണതയുള്ള പ്രണയപങ്കാളിയെത്തേടി നാം സമയം പാഴാക്കുകയാണ്.
ടോം റൊബിൻസ്
4)പ്രണയിക്കാൻ കഴിയാതാവുന്ന അവസരങ്ങളിൽ  സെക്സ് നല്ലൊരു ആശ്വാസമാണ്.
ഗബ്രിയേൽ ഗാർസിയ മാർകേസ്
5)പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും സുന്ദരമായ വസ്തുവാണ് സെക്സ്.
സ്റ്റീവ് മാർട്ടിൻ
6)ഒരുവനു തന്റെ പെണ്ണിൽ നിന്ന്  സമ്പൂർണമായ ലൈംഗികസുഖവും അവകാശവും ലഭിക്കുന്നുണ്ടെങ്കിൽ , അവൻ ഒരിക്കലും അവളെ ഒരു കാര്യത്തിലും തടയില്ല, അവളുടെ ചിന്താരീതിയെയോ, അവളുടെ സുഹൃത്തുക്കളെയോ ഇഷ്ടപ്പെടാതിരിക്കില്ല; അവൾക്ക് വേറെ കാമുകന്മാരുണ്ടെങ്കിൽ പോലും അയാൾ സഹിക്കും.
ടോണി ബെന്റ്ലി

 7)നല്ല സെക്സ് പല അസുഖങ്ങളും മാറ്റും.
ചക്ക് പവുനിക്ക്
8)ലോകം പ്രണയലീലകളാൽ നിറഞ്ഞിരിക്കുന്നു;മൃഗരതി മുതൽ ഉദാത്തമായ കാരുണ്യം വരെ അത് വ്യാപിച്ചിരിക്കുന്നു.
അലൻ വിൽസൺ വാറ്റ്സ്
9)നമ്മളെക്കാൾ കുഴപ്പം പിടിച്ച പ്രശ്നങ്ങളുള്ളവരുമായി ശയിക്കരുത്.
നെൽസൺ അൽഗ്രൻ
10)പുനർജന്മത്തിനുള്ള ഒൻപതു കാരണങ്ങളിലൊന്ന് സെക്സാണ്; എന്നാൽ ബാക്കി എട്ടും അപ്രധാനമാണ്.
ഹെൻറി മില്ലർ

  മുഖ്യധാരയുടെ ടൂറിസ്റ്റുബസ്സുകൾക്ക് ഒരു ബദൽ

വാർഷികപതിപ്പുകളിൽ കവിതയും ലേഖവവും പൊതുവേ കാണാറില്ല. ടി അനീഷ്, വി പി പ്രിൻസൺ, സി ദേവദാസ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാതൃകാന്വേഷി(mathrukanveshi@gmail.com) ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു. അവരുടെ നൂറാം  ലക്കംപുറത്തുവന്നു..
ഈ പതിപ്പിൽ കവിതകളും ലേഖനങ്ങളും വേണ്ടുവോളമുണ്ട്.സച്ചിദാനന്ദൻ മുതൽ ഇ സന്ധ്യവരെ ഒരു നീണ്ട നിര തന്നെയുണ്ട്.
സച്ചിദാനന്ദന്റെ 'നിശ്ചലം' എന്ന കവിത, തമിഴ് എഴുത്തുകാരൻ മേലാണ്മൈ പൊന്നുച്ചാമിയുടെ കഥയുടെ വിവർത്തനം, സിവിക് ചന്ദ്രന്റെ മാവോയിസ്റ്റുകൾക്ക് തുറന്ന കത്ത്, കെ ഇ എന്നിന്റെ ലേഖനം സൗഹൃദം, പി .എസ് .ജോസഫിന്റെ ഇംഗ്ലീഷ് കവിതകളുടെ വിവർത്തനം, എന്നിവ ശ്രദ്ധേയമായി തോന്നി.
മറ്റൊരു ഇനം കേരളത്തിലെ ലിറ്റിൽ മാഗസിനുകളുടെ അവസ്ഥയെപ്പറ്റിയുള്ളതാണ്. അജിത, എം. എ. റഹ് മാൻ, കെ. എൻ ഷാജി, എസ് എസ്ശ്രീകുമാർ, റഹ് മാൻ കിടങ്ങയം  തുടങ്ങി ഈ ലേഖകൻ വരെ   ചർച്ചയിൽ പങ്കെടുത്തിരിക്കുന്നു.

ലിറ്റിൽ മാഗസിനുകളെ കുറിച്ച് എപ്പോഴും ചർച്ച ചെയ്യണം.
കാരണം സഹിത്യം ഈ മാഗസിനുകളിലൂടെയേ നിലനിൽക്കൂ.
സൈബർ ഇടം  ലിറ്റിൽ മാഗസിനുകളുടെ പഴയ വിശുദ്ധി നഷ്ടപ്പെടുത്തുമെങ്കിലും ബുദ്ധിയുള്ളവർക്ക് ഏതും പ്രയോജനപ്പെടുത്താം. മുഖ്യധാര എന്ന ഒരു ധാര ഇപ്പോഴില്ല.കാരണം അവിടെ സാഹിത്യം ചർച്ച ചെയ്യപ്പെടാറില്ല. മിക്കപ്പോഴും ജുഗുപ്സാവഹമായ ഇഷ്ടാനിഷ്ടങ്ങൾ അവിടെ വാഴുന്നു. പലർക്കും അവർ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷിയില്ല. ഈ ലോകം അവരെ ബാധിക്കുന്നേയില്ല. ഒരു അടഞ്ഞ കന്യാസ്ത്രീ ലോകമാണത്.അവിടെ പുറംലോകത്തിന്റെ യാതൊന്നുമില്ല.ഒരേ വിഷയം തന്നെ പലർ ചർച്ച ചെയ്തു കാലം കഴിക്കുന്നു. ഏതാനും ചില എഴുത്തുകാർ മാത്രം ആവർത്തിക്കുന്നു. ഒരു കറക്കം കറങ്ങി വന്നു ബസ്സിൽ കയറിയവരെ തന്നെ വീണ്ടും കയറ്റുന്നു.ഉദാഹരണത്തിനു, കണ്ണുരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സണെങ്കിൽ, ഇടയ്ക്ക് ഓരോ സ്റ്റോപ്പിലും ആളെ ഇറക്കുമല്ലോ. തിരിച്ച് ആ ബസ്സ് കണ്ണൂരിലേക്ക്  പോകുമ്പോൾ , നേരത്തെ ഇറക്കിയവരെ മാത്രമാണ് പിന്നെയും കയറ്റുന്നത്. അതായത്, ആ ബസ്സ് പുറപ്പെട്ടപ്പോൾ ആരൊക്കെയാണോ അതിൽ ഉണ്ടായിരുന്നത്  അവർ മാത്രം സഞ്ചരിച്ചാൽ മതി.ഇങ്ങനെയുള്ള ബസ്സുകൾ പാസ്സഞ്ചർ ട്രിപ്പല്ല, ടൂറിസ്റ്റ് ട്രിപ്പാണ് നടത്തുന്നത്.



സച്ചിദാനന്ദന്റെ കവിതയിലെ (നിശ്ചലം, കല്ലുകൾ) ചില വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.
കല്ലുകൾ പാടിപ്പാടി
ഗന്ധർവ്വരാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ,
നിന്ന നില്പിൽ നൃത്തം ചെയ്ത്
അപ്സസരസുകളാകുന്നതോ?
..................
ആനകൾ, ഘനീഭവിച്ച രാത്രികൾ,
തുമ്പിക്കൈയ്യുയർത്തി ചന്ദ്രനെ
അഭിവാദ്യം ചെയ്യുന്നത്?
ഒരിക്കൽകൂടി ഞാൻ ഇവിടെ
മഹാഭാരതം വായിക്കുന്നു:
ഓരോ ശിലയും ഓരോ പർവ്വം.
യുദ്ധം ജയിച്ചത് കാലത്തിന്നു
കടിഞ്ഞാണിട്ട ഈ ശില്പി മാത്രം. 

ഗ്രന്ഥാലോകം ഈ ലക്കം(ജനുവരി)
 ജനകീയ നാടകവേദി പതിപ്പ്.
ജനകീയ നാടകവേദിക്ക് സംഭവിച്ചതെന്ത് എന്ന ചോദ്യമുയർത്തുകയാണ്  പുതിയ ലക്കത്തിലെ ലേഖകർ    .പി എസ് രാധാകൃഷ്ണൻ, കരിവെള്ളൂർ മുരളി, സി ഗോപൻ, ഡോ. അജി സി പണിക്കർ, ഹരീഷ്കുമാർ പി,സഹീർ അലി,എന്നിവരാണ് സംഘസംവാദത്തിൽ പങ്കെടുക്കുന്നത്.

ജോൺ ഫെർണാണ്ടസിന്റെ 'മത്തായിയുടെ മരണം' എന്ന നാടകവും ചേർത്തിട്ടുണ്ട്.
ഡോ സി ജി രാജേന്ദ്രബാബു എഴുതിയ എ.ആർ.രാജരാജവർമ്മയുടെ നാടകവിവർത്തനങ്ങൾ എന്ന ലേഖനം സവിശേഷ പ്രാധാന്യം നേടുന്നു.
ശാകുന്തളം, മാളവികാഗ്നിമിത്രം,ചാരുദത്തൻ, സ്വപ്നവാസവദത്തം,  തുടങ്ങിയ നാടകങ്ങൾ  മലയാളത്തിലേക്ക് മൊഴിമാറ്റിയ എ ആറിന്റെ സാമർത്ഥ്യത്തെക്കുറിച്ച് ലേഖകൻ ഇങ്ങനെ എഴുതുന്നു: പണ്ഡിതനും പാമരനുമടങ്ങുന്ന ഒരു പ്രേക്ഷകസമൂഹത്തെയാണ് എ ആർ ലക്ഷ്യമാക്കിയത്.നാടകത്തിലെ ഭാഷ സുതാര്യമാകണം, സുന്ദരമാകണം.എങ്കിലേ പ്രേക്ഷകനു  ശ്രമം കൂടാതെ നാടകസന്ധികളിലേക്ക് പ്രവേശിക്കാൻ കഴിയൂ.അർത്ഥശങ്കയുടെ നേരിയ സ്പർശം പോലും ഉണ്ടാകരുത് എന്ന് എ ആറിനു നിർബന്ധമായിരുന്നു.മറിച്ചായാൽ പ്രേക്ഷകർ നാടകത്തിൽ നിന്നകന്നു പോകുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്.

ബാറാക്കിനെപ്പറ്റി അജയ്ശേഖർ

അമേരിക്കയിലെ 'കറുത്ത'എഴുത്തുകാരനായ അമീറി ബറാക്കയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ , ഡോ അജയ് ശേഖർ എഴുതിയ ലേഖനം ഉത്തരകാലം വെബ് മാഗസിനിൽ വായിച്ചു.ദീർഘകാലം അമേരിക്കൻ വരേണ്യ മുഖ്യധാരയെ കവിതകളിലൂടെയും മറ്റു കലാപ്രവർത്തനങ്ങളിലൂടെയും വിമർശിച്ച് പുതിയൊരു ചരിത്രത്തിന്റെ കീഴ് ഘടകങ്ങളെ ചലനാത്മകമാക്കുകയാണ് ബറാക്ക ചെയ്തത്.ഇനി അജയ്ശേഖറുടെ വാക്കുകളിലേക്ക് :

അരനൂറ്റാണ്ടിലധികമുള്ള അമിരിയുടെ എതിരെഴുത്തുകള്‍ കറുത്ത കീഴാള ബഹുജനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും ലാവണ്യാത്മകവുമായ മോചന വെളുത്ത വരേണ്യ വംശീയതയെയും  ഗാഢമായി സംബോധന ചെയ്യുന്നതാണ്. ഇന്ന് അമേരിക്കന്‍ സമൂഹത്തിലെ സാഹിത്യത്തെയും സംഗീതത്തെയും നാടകത്തെയും കുറിച്ചുള്ള വിമര്‍ശവീര്യവും വിമോചന വിധ്വംസകശേഷിയുമുള്ള എഴുത്തുകളില്‍ മുഖ്യം ബറാക്കയുടേതാണ്. വിമര്‍ശ കാനോനയേയും പാഠ്യപദ്ധതികളേയും പെഡഗോജിയേയും ബറാക്ക മാറ്റിയെഴുതി. 
അജയ്ശേഖർ

ജാസ് ആന്‍ ബ്ലൂസ്, ന്യൂ മ്യൂസിക്, ന്യൂ പോയട്രി തുടങ്ങിയ രചനകള്‍ ഇവിടെ ഓര്‍ക്കാം. പോള്‍ ഗില്‍റോയി ബ്രിട്ടീഷ് സംസ്‌കാര രാഷ്ട്രീയത്തിലും കോര്‍ണല്‍ വെസ്റ്റ് അമേരിക്കന്‍ കറുത്ത ക്രൈസ്തവീയതയിലും കീഴാള ആത്മീയ തത്വചിന്താരംഗങ്ങളിലും നടത്തിയ വിധ്വംസക ഇടപെടലുകള്‍ക്കു സമാനമാണ് ബറാക്ക അമേരിക്കന്‍ സംസ്‌കാര, സാഹിത്യ ലോകത്തു നടത്തിയ സ്‌ഫോടനാത്മകമായ മാറ്റങ്ങൾ. കറുത്തവരുടെ സാംസ്‌കാരിക ഉയിര്‍പ്പിന്റെ സവിശേഷ ഇടമായ ഹാര്‍ലം നവോത്ഥാനവും ലാങ്‌സ്റ്റണ്‍ ഹ്യൂസിന്റെ ‘മാറ്റിവയ്ക്കപ്പെട്ട സ്വപ്‌നം’ എന്ന കവിതയും നാം വീണ്ടും വായിച്ചു പോകുന്ന സന്ദര്‍ഭമാണിത്.

അഷിത

കഥാകാരി  അഷിതയുടെ ഒരു വാക്യം നീതു മെറിൻ ജോസ് എഴുതിയ 'ആത്മകഥനത്തിന്റെ എഴുത്തകങ്ങൾ' എന്ന ലേഖനത്തിൽ (ഉള്ളെഴുത്ത്, ജനുവരി)ഉദ്ധരിക്കുന്നുണ്ട്.''എഴുത്ത് നിർത്തണമെന്ന് കലശലായി ഞാനും മോഹിച്ചിട്ടുണ്ട്.ഒരു സ്ത്രീയായതിനാലാവാം അല്ലെങ്കിൽ സ്ത്രീത്വത്തിനു കൽപ്പിച്ചിട്ടുള്ള പർദ്ദയ്ക്കുള്ളിൽ ഇരിക്കാനുള്ള ആശകൊണ്ടാവാം കഥയെ മുറിച്ചുകളഞ്ഞാലത് എളുപ്പമാവുമെന്ന് തോന്നീട്ടുണ്ട്.അതിനു കിണഞ്ഞ് പരിശ്രമിച്ചിട്ടുമുണ്ട്.അങ്ങനെയാണ് ഞാനറഞ്ഞത് , അത് എന്നെയാണ്‌ ,ഞാൻ അതിനെയല്ല വഹിക്കുന്നതെന്ന്.''

എനിക്കു തോന്നുന്നത് എഴുത്തുകാർക്ക് ബോധപൂർവ്വം എഴുത്ത് നിർത്താൻ പ്രയാസമായിരിക്കും എന്നാണ്. അങ്ങനെ ചെയ്താൽ അത് ശാരീരികമായ പല രോഗങ്ങളിലേക്കും നയിക്കാം. കാരണം നമ്മുടെ ആന്തരാവയവങ്ങൾ പോലും  എഴുത്തിൽ പങ്കുകൊള്ളുന്നു. അപ്പോൾ അതെങ്ങനെ നിഷേധിക്കാനാകും?


ശരീരത്തിന്റെ വർത്തമാനം

  കെ വി സുമിത്രയുടെ 'ശരീരം ഒരു സ്മാരകശില' (തർജനി)മനുഷ്യന്റെ ഉള്ളിൽ ആരുമറിയാതെ സംഭവിക്കുന്ന നിശ്ശബ്ദ മരണങ്ങളെ ഓർമ്മിപ്പിക്കുന്നു.ശരീരം ഒരു സ്മാരകശിലയാണെന്ന് ഈ കവി പറയുന്നു.


''സ്നിഗ്ദ്ധമാണ്
ചേലകൾ. ചേലകള്‍ക്കുള്ളില്‍
മയില്‍പ്പീലിയാടുന്ന
ശരീരങ്ങൾ, ശരീരസ്ഫുരണങ്ങള്‍
അഹത്തിലും അമൃതേത്തിലും.

അകത്ത്
മരിച്ചതോ ജനിച്ചതോയെന്നില്ല
പുളകങ്ങളോ പൂമ്പൊടികളോയില്ല
കാഴ്ചകളൊഴിഞ്ഞ കാലത്തില്‍
മറവ് ചെയ്ത്,
ഒരാറ്റംബോംബിന്റെ കാലക്കെടുതിയായ്
ചരിത്രസ്മാരകങ്ങളാകേണ്ടവ.

ഒരുതുള്ളി കണ്ണീര്‍പോലും
തിരികെ പിടിക്കാതെ, പിടികൊടുക്കാതെ
എപ്പോഴും താഴേക്ക് മാത്രം
താഴ്ന്നചില്ലയില്‍ മാത്രം
കൊരുത്തമരേണ്ടവ.

ശരീരമങ്ങനെ
നടന്നു മറയുന്ന
സ്മാരകശിലകള്‍
ശിലാജീവികൾ.''


ബഷീർ മേച്ചേരി

ബഷീർ മേച്ചേരിയുടെ 'മാൻപേട'( തണൽ ഓൺലൈൻ) എന്ന രചന , നമ്മളിലെ പുരാതന വനസ്മൃതികൾക്ക് പുതുജിവനേകും.അല്ലെങ്കിൽ , നാം ഇപ്പോഴും ഒരു മാൻപേടയായി നഗരങ്ങളിൽ കാലം തെറ്റി എത്തിച്ചേർന്നിരിക്കയല്ലേ?

''കാട്ടിലേക്ക്
തിരിച്ചുപോയില്ല
വേടനോടൊപ്പം
കടല്‍ തീരത്തും
പാര്‍ക്കിലും
കറങ്ങിനടന്നു
നഖംകൊണ്ട
മുറിപ്പാടുകള്‍
ചായംതേച്ചു
മായ്ച്ചിരുന്നു
കണ്ണില്‍ തളംകെട്ടിയ

ജലം
കാറ്റ് ഒപ്പിയെടുത്തിരുന്നു
തൊണ്ടയിലടഞ്ഞുപോയ
വിലാപം
മധുരഗാനത്താല്‍
മൂടിയിരുന്നു
കീറിപ്പറിഞ്ഞ
നഗ്നദേഹം
പട്ടുവസ്ത്രം
പുതപ്പിച്ചിരുന്നു
കാലടികളും
നിഴലുമില്ലാത്ത
ഉടല്‍രൂപം
കാഴ്ചകളുടെ
പറുദീസയായി
കല്ലേറ് കൊണ്ട്
കണ്ണുപോയ
സ്വപ്‌നങ്ങള്‍
വേടന്റെ വിരലുകളില്‍
മോതിരക്കല്ലുകളായി.........''

AKSHARAJALAKAM

AKSHARAJALAKAM/